Wednesday, June 29, 2011

നൂലിഴ ബലത്തിലെ മൂന്നാം ബെല്ല്

ഒരിറ്റുപാലും തൂവിപ്പോകാതെ റബര്‍വെട്ടി കുപ്പിയിലാക്കാനുള്ള കോട്ടയം അച്ചായന്റെ പ്രാഗത്ഭ്യമാണ് പി.സി ജോര്‍ജനെ ചീഫ് വിപ്പാക്കിയതെന്ന് ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നു. പറഞ്ഞതാരായാലും, നൂലിഴ ബലത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ നേരിട്ട ആദ്യ വോട്ടെടുപ്പില്‍ റബര്‍ വെട്ടിന്റെ മെച്ചം യു.ഡി.എഫ് അറിഞ്ഞു. ആളെ പിടിക്കാന്‍ സഭാമന്ദിരമാകെ നെട്ടോട്ടം. മൂത്രമൊഴിക്കാന്‍ പോകുന്നവരുടെ മേല്‍ ഇരട്ടക്കണ്ണ്. വരാന്‍ വൈകുന്നവരെ തേടി ഫോണ്‍ വിളികള്‍. പിടിച്ചുകൊണ്ടുവന്നവരുടെ വോട്ടുറപ്പാക്കാന്‍ ഓരോരുത്തരുടെയും സീറ്റിനടുത്തുചെന്ന് സോദഹരണ സ്റ്റഡീ ക്ലാസ്. നന്ദി പ്രമേയത്തില്‍ മൂന്നരയോടെ നടന്ന വോട്ടെടുപ്പിന് വേണ്ടി രണ്ട് മണിക്കേ ജോര്‍ജ് പണി തുടങ്ങിയിരുന്നു. പാലോട് രവിയും ടി.എന്‍ പ്രതാപനും ഇടക്ക് സഹായത്തിനെത്തി. വോട്ടെടുപ്പിന് സമയമടുത്തിട്ടും രണ്ട് പേര്‍ എത്താതായത് ഭരണ നിരയില്‍ നെഞ്ചിടിപ്പായി. അത് എ.പി അബ്ദുല്ലക്കുട്ടിയും കെ. മുരളീധരനുമായതിനാല്‍ ബേജാറ് ഇരട്ടിച്ചു. ഒടുവിലവര്‍ ഓടിക്കിതച്ചെത്തി വിപ്പിന് വരവുവച്ചു.
തെരഞ്ഞെടുപ്പ് കഠിനപരീക്ഷണമാകുമെന്ന് ഭരണപക്ഷത്തിനറിയാം. അതിന്റെ വേവലാതിയും ആശയക്കുഴപ്പവും സഭയാകെ കണ്ടു. അംഗങ്ങളെ സീറ്റിലെത്തിച്ച ചീഫ് വിപ്പിന് ആശ്വാസമായി മോക് പോള്‍ നടത്താമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. അത് വേണ്ടെന്ന് പ്രതിപക്ഷവും. തെറ്റിയാല്‍ തിരുത്താന്‍ അവസരം കൊടുത്താല്‍ മതിയെന്ന ഉമ്മന്‍ചാണ്ടി നിര്‍ദേശം അംഗീകരിച്ചിട്ടും ആശയക്കുഴപ്പം തീര്‍ന്നില്ല. ഒരിക്കല്‍ ബെല്ലടിച്ച് നിര്‍ദേശം കൊടുത്ത സ്പീക്കര്‍ വീണ്ടും പറഞ്ഞു: റിംഗ് ദി ബെല്‍. മണിമുഴങ്ങിയപ്പോള്‍ വീണ്ടും സശയം. അതോടെ സ്പീക്കറും കുഴങ്ങി. വീണ്ടും വിശദീകരണം. അതുകഴിഞ്ഞ് പിന്നെയും ബെല്ലടി. മുന്നാമത്തെ മണിമുഴങ്ങിയപ്പോള്‍ തീരുമാനമായി. ഫലം: 71^59. പ്രതിപക്ഷം ചെയ്ത അഞ്ച് വോട്ട് കണക്കില്‍ലില്ല. ഭരണപക്ഷത്ത് ഒന്നും. പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ സ്ക്രീനില്‍ വരാത്തത് എണ്ണിക്കൂട്ടി പ്രശ്നം തീര്‍ത്തു.
സ്വാശ്രയവും അതിവേഗവുമായി ഭരണപക്ഷവും ഗവര്‍ണര്‍ വിമര്‍ശവും മുന്‍സര്‍ക്കാറിന്റെ ഭരണ മികവുമായി പ്രതിപക്ഷവും മൂന്നാംദിവസവും മുഖാമുഖം നിന്ന സഭയില്‍ ആവര്‍ത്തന വിരസത കലശലായിരുന്നു. സര്‍ക്കാര്‍ ഉരുണ്ടുതുടങ്ങിയെന്ന് ബോധ്യപ്പെടാത്തതായിരുന്നു എ.കെ ബാലന്റെ പ്രശ്നം. വേഗം കൂടിയാല്‍ വിചാരിക്കുന്നതിലും മുമ്പ് അങ്ങെത്തുമെന്ന് മുന്നറിയിപ്പും. അതിവേഗം താഴെ വീഴുന്നതിനാല്‍ ബഹുദൂരം വെട്ടിപ്പിടിക്കുകയാണെന്ന് മാത്യു ടി തോമസ്. അന്താരാഷ്ട്രാ കണ്ടുപിടുത്തവുമായാണ് ജോസഫ് വാഴക്കന്‍ വന്നത്: 'സ്റ്റോക്ഹോം കണ്‍വന്‍ഷന് പി.കെ ശ്രീമതി അയച്ച ഡോക്ടര്‍ സമ്മേളന ഹാളില്‍ കയറാതെ ഫോണ്‍ വിളിച്ച് നടക്കുകയായിരുന്നു.' വാഴക്കന്‍ പിന്നാലെ പോയി കണ്ടെത്തിയതാണോ എന്ന് വ്യക്തമാക്കിയില്ലെങ്കിലും തൊട്ടുടനെ സര്‍ക്കാറിന് നല്‍കിയ ഉപദേശത്തിലുണ്ടായിരുന്നു ആ വിവരം വന്ന വഴി: 'പഠനം നടത്താതെ കീടനാശിനികള്‍ നിരോധിക്കരുത്.'
കമ്യൂണിസം തകര്‍ന്നെന്നും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ പൊളിഞ്ഞെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞിട്ട് മൂന്ന് ദിവസമായി. അന്നുതുടങ്ങിയതാണ് സി.പി.ഐക്കാരുടെ കലി. മൂന്നാറില്‍ പൊളിഞ്ഞതിന് അവരിത്ര ബഹളംവച്ചിട്ടില്ല. ഇന്നലെ സഭാനേതാവ് സി. ദിവാകരന്‍ തന്നെ രംഗത്തിറങ്ങി: 'ആദ്യാക്ഷരം പഠിപ്പിച്ച് വെള്ളിത്തളികയലാക്കി ലീഗിന് കൊടുത്തതാണ് ഖാദറിനെ. അതുകൊണ്ട് ആരൊക്കെ പറഞ്ഞാലും ഖാദറിത് പറയരുത്.' യൂത്ത്ലീഗ് നേതാവ് കെ.എം ഷാജിക്ക് പ്രശ്നം പരിസ്ഥിതിയും തീവ്രവാദവുമായിരുന്നു. ഓസോണ്‍ പാളി മുതല്‍ എസ്.ഡി.പി.ഐ വരെ ഷാജി പറഞ്ഞപ്പോള്‍ 'ഈ പഹയന്‍ എന്നെയാണോ ഉദ്ദേശിക്കുന്നത്' എന്ന മട്ടില്‍ പി.കെ കുഞ്ഞാലിക്കുട്ടി പുസ്തകം വായിച്ച് സമയം കളഞ്ഞു. തീവ്രവാദികളുടെ വോട്ട് വാങ്ങില്ലെന്ന് ഷാജി പറഞ്ഞിട്ടെന്ത്, വോട്ട് ചോദിച്ച് കൂടെ നടന്നവര്‍ തന്നെ അത്തരക്കാരാണെന്ന് പി.ടിഎ റഹീം സ്ഥാപിച്ചു ^തെളിവ് മാറാട് കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട്. ലീഗുകാര്‍ പിന്നെ വോട്ട് ചെയ്യുവോളം സീറ്റില്‍ നിന്നനങ്ങിയില്ല. സ്വാശ്രയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച ഗീത ഗോപിക്ക് ഷാഫി പറമ്പലിന്റെ മറുപടിയിങ്ങനെ: 'രക്തസാക്ഷികളെ എന്‍.ആര്‍.ഐ ക്വാട്ടയില്‍ വില്‍ക്കുന്ന സഖാക്കള്‍ ജീവിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷിയില്‍നിന്ന് കെട്ടിവക്കാന്‍ വാങ്ങിയ കാശ് തിരിച്ചുകൊടുക്കണം.' സി. മോയിന്‍കുട്ടി, തോമസ് ഉണ്ണിയാടന്‍, പി.ഉബൈദുല്ല, എം.വി ശ്രേയാംസ്കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സമൂഹത്തിന്റെ ക്രോസ് സെക്ഷനായതിനാല്‍ കോണ്‍ഗ്രസിന് ജാതിയും മതവും പറയാതെ പറ്റില്ലെന്ന് സിദ്ധാന്തിച്ച ജോസഫ് വാഴക്കന്‍ സി.പി.ഐയുടെ ജാതി തെരഞ്ഞെത് ബഹളത്തിനിടയാക്കി. കഴിഞ്ഞ തവണ സി.പി.ഐ സെക്രട്ടറി സ്വന്തം ജാതിക്കാരെ മാത്രമാണത്രെ മന്ത്രിയാക്കിയത്. തര്‍ക്കത്തിനൊടുവില്‍ സ്പീക്കര്‍ ചരിത്രപരമായൊരു റൂളിംഗ് നല്‍കി: 'സഭയുടെ അന്തസ്സിന് നിരക്കാത്ത തരത്തില്‍ പച്ചയായി സമുദായവും ജാതിയും പറയരുത്. രണ്ട് വിഭാഗവും അത് ഒഴിവാക്കണം.' എല്ലാ അംഗങ്ങളും റൂളിംഗ് പാലിച്ചാല്‍ ക്രോസ് സെക്ഷന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല രക്ഷപ്പെട്ടു.

(30...06...11)

ഇറങ്ങിപ്പോകാനുള്ള വഴി

സഭയില്‍നിന്ന് പുറത്തിറങ്ങാന്‍ നാലുപാടും വാതിലുകളുണ്ടെങ്കിലും പ്രതിപക്ഷത്തിന് പ്രതിഷേധിച്ചിറങ്ങിപ്പോകാന്‍ ദിവസവും വഴി വേറെ വെട്ടണമെന്നതാണ് കീഴ്വഴക്കം. ആരുഭരിച്ചാലും മറുഭാഗത്തുള്ളവര്‍ ശൂന്യവേള തുടങ്ങുമ്പോള്‍ തന്നെ ആ വഴിയൊരുക്കുകയും ചെയ്യും. പ്രതിപക്ഷത്തിന് വേണ്ടി ഇന്നലെ ആ പണി ഏറ്റെടുത്തത് സ്വാശ്രയ വിദഗ്ദന്‍ എം.എ ബേബി. ബേബിയുടെ കാര്യശേഷിപ്രകാരം നിസ്സാരമായ പണി. ബേബി പണിത വഴിയില്‍ പക്ഷെ ഉമ്മന്‍ചാണ്ടി വിലങ്ങനെ കയറിക്കിടന്നു. പലതവണ ആഞ്ഞുവെട്ടിയെങ്കിലും അഞ്ചുകൊല്ലം കൊണ്ടുനടന്ന് സ്വയം വക്കുപൊട്ടിച്ച വാളായിരുന്നു കൈയ്യിലെന്ന് ബേബി അറിഞ്ഞില്ല. അക്കാര്യം മനസ്സിലാകുമ്പോഴേക്കും പാര്‍ട്ടിയില്‍ രണ്ട് വഴിക്ക് നടന്നുപോകുന്നവര്‍ ഒരേവഴിയില്‍ വന്നുനിന്ന് ഉന്തും തള്ളും തുടങ്ങിയിരുന്നു. അതോടെ സ്വാശ്രയവഴി അടഞ്ഞു. അപ്പോള്‍ പോലിസ് മര്‍ദനത്തിന്റെ വഴി തുറന്ന് പ്രതിപക്ഷ നേതാവിറങ്ങി.
ബേബിയുടെ വാക്വൈഭവത്തെ പൊളിച്ചത് ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസമാണ്. പലതവണ ബഹളം ആവര്‍ത്തിച്ച സ്വാശ്രയ തര്‍ക്കത്തില്‍ പരിയാരം സഹകരണ കോളജ് വന്നതോടെ പ്രതിപക്ഷം വെട്ടിലായി. 'പരിയാരത്ത് ആരെങ്കിലും തുട്ട് വാങ്ങിയാല്‍ അവരീ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെ'ന്ന വി.എസ് അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് കൈയ്യടി വന്നത് ഭരണ പക്ഷത്തുനിന്ന്. അതുവരെ ദുര്‍ബലയായിരുന്ന പ്രതിപക്ഷം അതോടെ പൊടുന്നനെ ഗര്‍ഭിണിയുമായി. ഒടുവില്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി മാനം രക്ഷിച്ചു.
പാര്‍ട്ടിയിലെ രണ്ടുവഴിയിലും ഉറച്ചുനില്‍ക്കാത്തതിനാലാകണം ജി. സുധാകരനെ ഈ തിരിച്ചടി ഒട്ടും ബാധിച്ചിരുന്നില്ല. മക്ബത്തില്‍നിന്ന് തുടങ്ങിയ ജി. സുധാകരന്‍ തകര്‍ത്തടിച്ചാണ് പിന്‍വാങ്ങിയത്. മുന്നില്‍ വന്നവരെയെല്ലാം വെട്ടിനിരത്തി. പാര്‍ട്ടിപോലും പരിഗണിക്കാത്ത വെട്ട്. പി.സി വിഷ്ണുനാഥും സി.പി മുഹമ്മദും മാത്രമ്മല്ല, എം.എ ബേബി വരെ അതില്‍ കഴുത്തറ്റ് വീണു. ചരമക്രിയ ചെയ്യുന്ന വൈദികന്‍, പപ്പുപിള്ള തുടങ്ങി ഗവര്‍ണര്‍ക്ക് ഒരുപിടി ഉപമകള്‍. അതിവേഗം ബഹുദൂരം മുദ്രാവാക്യത്തിന് പാസ് മാര്‍ക്ക്. 'പൃഷ്ടാപൃഷ്ടനെപ്പോലെ നടക്കുന്ന സന്യാസി'മാര്‍ക്ക് ചൂരലിനടി. അകമ്പടിയായി ആ നടത്തത്തിന്റെ മാതൃകയും. ഒടുവില്‍ യു.ഡി.എഫിന്റേത് 'എന്തൊരു മഹത്തായ പതന'മെന്ന് ഉപസംഹാരം. സുധാകരന് പറ്റിയ പകരക്കാരനെ മുസ്ലിം ലീഗും കളത്തിലിറക്കിയിട്ടുണ്ട്. സീതിഹാജിയുടെ മകന്‍ പി.കെ ബഷീര്‍. വെട്ട് സുധാകരന്‍ മോഡല്‍ തന്നെ. കന്നിപ്രസംഗത്തില്‍ തന്നെ അത് കിട്ടിയവരില്‍ ടി.എന്‍ പ്രതാപന്‍ മുതല്‍ ഇ.പി ജയരാജന്‍ വരെ. കാട്ടില്‍ വീണുകിടക്കുന്ന മരം വെട്ടി പണമുണ്ടാക്കാമെന്ന് കണ്ടെത്തിയ തോമസ് ഐസകിന് സര്‍ട്ടിഫിക്കറ്റ്. ഉപമയും ഉല്‍പ്രേക്ഷയും വേണ്ടത്ര. സുധാകരന്റെ പോലെ കവിതയെഴുതുന്ന അസുഖമുണ്ടോ എന്നേ ഇനിയറിയാനുള്ളൂ. ബാക്കിയെല്ലാമുണ്ട്. ബഷീറിനെ പക്ഷെ ഒരുകാര്യം വേട്ടയാടുന്നു: 'കടലില്‍ മഴ പെയ്യുന്നതെങ്ങനെയെന്ന വാപ്പയുടെ പഴയ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.' ഒഴിവുനേരത്ത് സുധാകരനോട് ചോദിച്ചാല്‍ കിട്ടുമായിരിക്കും.
ഇമ്മാതിരി കാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്ത രണ്ട് പേരുണ്ട് സഭയില്‍ ടി.എ അഹമ്മദ് കബീറും എസ്. ശര്‍മയും. നന്ദിപ്രമേയത്തിന്റെ അതേ ഗൌരവത്തിലായിരുന്നു ഇരുവരുടെയും പ്രസംഗം. ഒരാള്‍ പിന്തുണച്ചു. രണ്ടാമന്‍ എതിര്‍ത്തു. എന്നാലും രണ്ടിലും കാര്യം മാത്രമേയുണ്ടായിരുന്നുള്ളൂ. ഗൌരവത്തിന്റെ കാര്യത്തില്‍ ഇവരുടെ ശബ്ദ വിന്യാസത്തിനും അംഗ വിക്ഷേപങ്ങള്‍ക്കും വരെയുണ്ട് സമാനതകള്‍. മൂലമ്പിള്ളി പാക്കേജ് രണ്ട് പേര്‍ക്ക് മാത്രമാണെന്ന് ശര്‍മ സ്ഥാപിച്ചു. അതൊരു മഹത്തായ സംഭവമാണെന്ന് ബന്നി ബഹനാന്‍ വാദിച്ചെങ്കിലും ആര്‍ക്കും ബോധ്യമായില്ല. ശൂന്യവേളയിലെ സ്വാശ്രയ തര്‍ക്കം സഭതീരും വരെ തീര്‍ന്നില്ല. രാവിലത്തെ ആവേശത്തില്‍ ചര്‍ച്ച തുടങ്ങിയ സണ്ണിജോസഫ് തന്നെ അതില്‍ പിടിച്ചു. സ്വാശ്രയ കോളജില്‍ മക്കളെ പഠിപ്പിക്കില്ലെന്ന് തീരുമാനിക്കാന്‍ കെ.ടി ജലീല്‍ അംഗങ്ങളെ ആഹ്വാനം ചെയ്തു. എം.പി വിന്‍സെന്റ് 50:50യും ഹൈബി ഈഡന്‍ എസ്.എഫ്.ഐയും ഓര്‍മിപ്പിച്ചു. എന്നാല്‍ ജമീല പ്രകാശത്തിന്റെ ഉന്നം രമേശ് ചെന്നിത്തലയായിരുന്നു. സുരേഷ്കുറുപ്പും ഇ. ചന്ദ്രശേഖരനും തുടക്കം മോശമാക്കിയില്ല. വിരസമായ ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉച്ചയുറക്കത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിക്ക് മൈക്ക് കിട്ടിയത്. അതോടെ സഭയില്‍ കൊണ്ടോട്ടി നേര്‍ച്ചയുടെ ആവേശം. സേവി മനോമാത്യു, സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങി ജയരാജനെ ഇളക്കാന്‍ പറ്റിയതൊക്കെ രണ്ടത്താണി വിളിച്ചുപറഞ്ഞു. വി.എസ് ഫാക്ടര്‍ ഇല്ലെന്ന് കണ്ടെത്തി. തീര്‍ന്നില്ല, കുഞ്ഞാലിക്കുട്ടി ഫാക്ടര്‍ ഉണ്ടായിരുന്നെന്ന് സ്ഥാപിക്കുകയും ചെയ്തു! കണ്ടെത്തല്‍ നേരേത്തയായിരുന്നെങ്കില്‍ പഞ്ചായത്ത് വകുപ്പിലെ മലബാര്‍ മേഖല കൈയ്യിലിരുന്നേനെ.

(28...06...11)

Monday, June 27, 2011

തുടങ്ങി, തുടക്കം തൊട്ട്

പ്രതിപക്ഷ പ്രവര്‍ത്തനം എങ്ങനെ തുടങ്ങണമെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ല. പ്രതിഷേധമാണ് പ്രവര്‍ത്തനമെങ്കില്‍ അത് പഠിപ്പിക്കാന്‍ പറ്റിയ വേറെ പാര്‍ട്ടിയുമില്ല. ബഹളമുണ്ടാക്കാന്‍ കാര്യം വേണമെന്നൊരു നിര്‍ബന്ധം അവര്‍ക്കില്ല. ശൂന്യവേളയാണ് ചട്ട പ്രകാരം പ്രതിപക്ഷ പ്രകടനത്തിനുള്ള സമയം.എത്ര വലിയ പ്രശ്നമുണ്ടെങ്കിലും സഭാ നടപടികള്‍ തുടങ്ങുന്ന ചോദ്യോത്തര സെഷനില്‍ ആരും ബഹളമുണ്ടാക്കാറില്ല. പക്ഷെ വിപ്ലവ പാര്‍ട്ടിക്ക് കീഴ്വഴക്കം പാലിക്കുക എന്നത് തന്നെ കീഴടങ്ങലാണ്. അതിനാല്‍ ചോദ്യോത്തര സമയത്തുതന്നെ ബഹളം തുടങ്ങി. ഒരുമണിക്കൂര്‍ മുഴുവന്‍ മുദ്രാവാക്യം വിളിച്ച് തീര്‍ത്തു. എം.എ ബേബിക്കും എം. ഹംസക്കും കിട്ടിയ ചോദ്യാവസരം മാറ്റിയെന്നതായിരുന്നു സമര കാരണം. കോടിയേരി ബാലകൃഷ്ണന്റെ ക്രമപ്രശ്ന പ്രകാരം ഈ മാറ്റല്‍ മഹാപരാധമായിരുന്നു. സ്പീക്കറുടെ മറുപടിയനുസരിച്ച് അതൊരു സ്ഥിരം പരിപാടിയും. കഴിഞ്ഞ ആറുമാസം മാത്രം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇങ്ങനെ മാറ്റിയത് 20ഓളം ചോദ്യമെന്ന രേഖയും ജി. കാര്‍ത്തികേയന്‍ പുറത്തുവിട്ടു. കണക്കില്‍ ചര്‍ച്ചയില്ലാത്തതിനാലാകണം പ്രതിപക്ഷത്തിന്റെ ആദ്യാവേശം അവിടെ തീര്‍ന്നു. തുടക്കം തൊട്ട് കലക്കിത്തുടങ്ങിയതിന്റ ആവേശം പക്ഷെ അടിയന്തിര പ്രമേയത്തില്‍ കണ്ടില്ല.
തുടക്കം എങ്ങനെയാകണമെന്നതുപോലെ തന്നെ പ്രധാനമാണ്, ആരില്‍ നിന്ന് എന്നതും. ഒറ്റതിരിച്ച് വെട്ടിനിരത്തുന്നതില്‍ സി.പി.എമ്മിന് അതി വൈദഗ്ദ്യവുമുണ്ട്. ആക്രമം മുഴുവന്‍ സ്പീക്കര്‍ക്കെതിരെയാക്കി, ആ മികവും പ്രതിപക്ഷം തെളിയിച്ചു. സ്പീക്കറേക്കാള്‍ മുമ്പ് സഭയിലെത്തിയത് താനാണെന്ന് എ.കെ ബാലന്‍ ഒരിക്കല്‍ തര്‍ക്കിച്ചു. ഒച്ചയെടുത്ത് പേടിപ്പിക്കേണ്ടെന്ന് കാര്‍ത്തികേയന്‍ അപ്പോള്‍ ക്ഷുഭിതനുമായി. വൈകീട്ട് ഒരിക്കല്‍ കൂടി ഇരുവരും കൊമ്പുകോര്‍ത്തു. പ്രസംഗം സമയത്തിന് നിറുത്താതെയും കീഴ്വഴക്കം ലംഘിച്ച് ചര്‍ച്ചകളില്‍ ഇടപെട്ടും ബഹളമുണ്ടാക്കിയും മറ്റംഗങ്ങള്‍ ബാലന് പിന്തുണ നല്‍കി. വിചാരിച്ചതൊക്കെ പറഞ്ഞേ അവസാനിപ്പിക്കൂ എന്ന് അരമണിക്കൂര്‍ പ്രസംഗിച്ച് ഇ.പി ജയരാജന്‍ സ്ഥാപിച്ചു. മൊത്തത്തില്‍, തങ്ങളെ നിയന്ത്രിക്കാന്‍ മുതിരേണ്ടെന്ന് സഭാ തലവന് മുന്നറിയിപ്പ്. ഇത് മനസ്സിലാക്കിയത് രണ്ട് പേരാണ്: അഞ്ചുവര്‍ഷത്തേക്കുള്ള സാമ്പിള്‍ വെടിക്കെട്ടാണിതെന്ന് കണ്ടെത്തിയ സി.പി മുഹമ്മദും സ്പീക്കറെ വിരട്ടാന്‍ നോക്കുന്നുവെന്ന് തിരിച്ചറിഞ്ഞ കെ. ശിവദാസന്‍ നായരും.
യുവജന സാന്നിധ്യത്താല്‍ സമൃദ്ധമായ സഭയില്‍ യുവത്വത്തിന്റെ വികസന വിലാപങ്ങളായിരുന്നു ഇന്നലത്തെ മറ്റൊരിനം. വികസനം വന്നേ പറ്റൂവെന്ന് വി.ടി ബലറാമും എന്‍. ഷംസുദ്ദീനും. രാഹുല്‍ ബ്രിഗേഡല്ല, മണ്ണിന്റെ ഗന്ധവും ജീവിതവുമുള്ള രാഷ്ട്രീയം വേണമെന്ന് പി. ശ്രീരാമകൃഷ്ണനും വി.എസ് സുനില്‍കുമാറും. മുതിര്‍ന്ന നേതാക്കള്‍ക്ക് പക്ഷെ പഥ്യം രാഷ്ട്രീയം തന്നെ. കാശിക്കുപോയ എസ്.എഫ്.ഐ തൊട്ട് രാംദേവ് വരെ പരമാര്‍ശിച്ച മുഴുനീള കവല പ്രസംഗവുമായി രമേശ് ചെന്നിത്തലയാണ് നന്ദിപ്രമേയ ചര്‍ച്ച തുടങ്ങിയത്. കോടിയേരി ബാലകൃഷ്ണന്‍ അതേരീതിയില്‍ മറുപടിയും പറഞ്ഞു.കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒരു വികസനവുമുണ്ടാകുന്നില്ലെന്നും ക്യൂബയിലും വിയറ്റ്നാമിലും സഖാക്കള്‍ പിരിവിന് പോലും പോകുന്നില്ലെന്നും കെ.എന്‍.എ ഖാദറിന്റെ ആക്ഷേപം. ദേശാഭിമാനിയും മണിചെയിന്‍ കമ്പനിയും തമ്മിലെ പണമിടപാടായിരുന്നു പി.സി ജോര്‍ജിന്റെ വിഷയം. ചീഫ് വിപ്പാണെങ്കിലും താമസം എം.എല്‍.എ ഹോസ്റ്റലില്‍ ആയിരിക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചതാണ് പ്രതിപക്ഷത്തെക്കൊണ്ട് കേരളത്തിന് ഇതുവരെ കിട്ടിയ ഏക നേട്ടം.
'സക്രിയവും സചേതന'വുമായ വാക് പ്രയോഗത്തിലൂടെ എം.എ ബേബിക്ക് ഭീഷണിയാകുമെന്ന് തെളിയിച്ച് അരങ്ങേറ്റംകുറിച്ച അബ്ദുസ്സമദ് സമദാനി കന്നി പ്രസംഗത്തില്‍ സഭയുടെ കൈയ്യടി നേടി. വാക് മാത്രമല്ല, ബഹുഭാഷാ പാണ്ഡിത്യവും തെളിയിച്ചതിനാല്‍ ബേബി സഭയില്‍ വട്ടംതിരിയും. കവിതയും ഗദ്യവും ശ്ലോകവുമെല്ലാം പലഭാഷകളില്‍ ഇടക്കിടെ പ്രവഹിച്ച പ്രഭാഷണത്തില്‍ പക്ഷെ, ഈണവും താളവുമല്ലാതെ കാര്യം വല്ലതുമുണ്ടാകുമെന്ന ഒരുപ്രതീക്ഷയും സമദാനിയിന്നലെ തന്നില്ല. സമദാനിയുടെ ഈണത്തിന് പ്രതിപക്ഷത്ത് അതേനാണയത്തില്‍ മുല്ലക്കര രത്നാകരന്റെ മറുപടിയുമുണ്ടായി.
പഴയൊരു പോരളിയുടെ പുനരവതാരവും ഇന്നലെ സഭയില്‍ കണ്ടു: ഇ.പി ജയരാജന്‍. ചീറ്റിപ്പോയ ചോദ്യബഹളത്തില്‍ നിറംകെട്ടുനിന്ന പ്രതിപക്ഷത്തിന് ഒടുവില്‍ ആശ്വാസം പകര്‍ന്നായിരുന്നു അവതാരമെടുത്തത്. അനുവദിച്ചതിന്റെ രണ്ടിരട്ടി സമയം പ്രസംഗിച്ചു. തടയാന്‍ വന്നവരെ വിരട്ടിയോടിച്ചു. സ്പീക്കറെ സമ്പൂര്‍ണമായി അവഗണിച്ചു. എതിര്‍ത്തവരെ ചീത്തവിളിച്ചൊതുക്കി. അണ്‍പാര്‍ലമെന്റേറിയന്‍ ഡിക്ഷണിറയിലേക്ക് പുതിയ വാക്ക് സംഭാവന ചെയ്തു. ഒടുവില്‍ അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടവും പ്രഖ്യാപിച്ചു. അങ്ങനെ രണ്ടാം വരവ് സഖാവ് തകര്‍ത്തു. തീര്‍ത്തും സമാധാനപരമായി നടന്ന ജയരാജന്റെ നയ പ്രഖ്യാപനം ഇങ്ങനെ സംഗ്രഹിക്കാം: 'ശിവദാസന്‍ നായര്‍ പറഞ്ഞത് അഹന്തയാണ്. ആരും അഹങ്കാരം പറയരുത്. കെ.എന്‍.എ ഖാദര്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ പറഞ്ഞത് വര്‍ഗീയതയാണ്. അത് നല്ലതല്ല. പിണറായി വിജയനെ അഴിമതിക്കൊപ്പം പറഞ്ഞത് അസംബന്ധമാണ്. അംഗങ്ങള്‍ മാന്യമായി പെരുമാറണം. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. അഹന്തപാടില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ അങ്ങോട്ടും കിട്ടും.' പാവം മാന്യന്‍.

(27...06...11)

Saturday, June 18, 2011

സ്വാശ്രയ മെഡി.: മെറിറ്റ് സീറ്റ് ഇല്ലാതാകും


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മെറിറ്റ് സീറ്റ് ഇല്ലാതാകും. നിലവില്‍ സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് പകുതി സീറ്റില്‍ അവസരംനല്‍കുന്ന സംവിധാനം നടപ്പാക്കാനാകില്ല. രണ്ട് സ്വാശ്രയം സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന തത്വവുമായി സംസ്ഥാനത്ത് തുടക്കമിട്ട സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ ഇതോടെ പൂര്‍ണമായി മെറിറ്റ് രഹിത സംവിധാനമായി മാറും. സര്‍ക്കാറുമായി ധാരണക്കില്ലെന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളജുകളുടെ തീരുമാനമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. ഇതിനെതുടര്‍ന്ന്, എല്ലാ വിഭാഗം മെഡിക്കല്‍ കോളജുകള്‍ക്കും ഒരേതത്വം ബാധകമാക്കിയില്ലെങ്കില്‍ മെറിറ്റ് പ്രവേശത്തിന് സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് ഇതുവരെ സര്‍ക്കാറുമായി സഹകരിച്ചിരുന്ന പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, ഇനി അസോസിയേഷന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയാലും മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നത് പോലെ മെറിറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി.

അസോസിയേഷന്‍ കോളജുകളില്‍ നിന്നായി 650 മെറിറ്റ് സീറ്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാറിന് കിട്ടിയിരുന്നു. ഈ തത്വം പാലിച്ചാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ 200 സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കണം. എന്നാല്‍ ഏകീകൃത ഫീസ് വേണം, ന്യൂനപക്ഷ പദവിയുണ്ട് എന്നീ കാരണങ്ങള്‍ ഉന്നയിച്ച് അവര്‍ വിട്ടുനിന്നു. ഇവര്‍ക്കുകൂടി ബാധകമായ പ്രവേശനരീതി നടപ്പാക്കിയാല്‍ മാത്രമേ ഇക്കൊല്ലം തങ്ങള്‍ സഹകരിക്കൂ എന്ന് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ കൗണ്‍സിലുമായി ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വഴങ്ങിയില്ല. പൊതുപ്രവേശ രീതിയിലേക്ക് അവരെ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞുമില്ല. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ പഴയരീതി തുടരുമെന്ന് ഇവര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ അത് അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, തങ്ങളും മുഴുവന്‍ സീറ്റിലും സ്വന്തം പ്രവേശം നടത്തുമെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ മെഡിക്കല്‍ പഠനത്തിന് പഠന മികവനുസരിച്ച് യോഗ്യരായ 850 കുട്ടികളുടെ അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അംഗീകരിക്കുന്ന മാനദണ്ഡം അംഗീകരിക്കാമെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാറിന് ഫലപ്രദമായി ഇടപെടാനായില്ല. കുറഞ്ഞ ഫീസില്‍ പ്രവേശം നടത്താന്‍ സീറ്റ് വിട്ടുകൊടുക്കാന്‍ കൗണ്‍സില്‍ തയാറുമല്ല. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റും മാനേജ്‌മെന്റുകളുടേതായി മാറും. 50:50 തത്വവും ഇതോടെ ഇല്ലാതാകും.

അതേസമയം അസോസിയേഷന്‍ കോളജുകള്‍ ഇനി സര്‍ക്കാറുമായി ധാരണക്ക് തയാറായാല്‍ പോലും മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസ് എന്ന തത്വം നടപ്പാകില്ലെന്നാണ് സൂചന. മുഴുവന്‍ സീറ്റിലും 3.5 ലക്ഷം ഫീസ് ഈടാക്കാമെന്ന കോടതി വിധി മാനേജ്‌മെന്റുകള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ നിന്ന് ഇനി പിന്നാക്കം പോകാനാകില്ലെന്നാണ് അവരുടെ നിലപാട്. ഫീസ് കൂട്ടാന്‍ കോടതി അനുമതി വേണം. അതിനാല്‍ മെറിറ്റ് സീറ്റില്‍ ഫീസ് കുറച്ചാലും മറുഭാഗത്ത് കോടതി അനുമതിയില്ലാതെ കൂട്ടാന്‍ കഴിയില്ല. പിന്നീട് സര്‍ക്കാറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും അതില്‍ സീറ്റിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങിയേക്കും. ഉയര്‍ന്ന ഫീസ് നല്‍കി മെറിറ്റ് സീറ്റില്‍ പഠിക്കേണ്ട അവസ്ഥയാണ് ഇതോടെ സൃഷ്ടിക്കപ്പെടുക. ഏതാനും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മാനേജ്‌മെന്റുകള്‍ മുന്നോട്ടുവെച്ചതും ഈ സാഹചര്യത്തിലാണ്. കത്തോലിക്ക സഭ സഹകരിക്കാത്ത സാഹചര്യത്തില്‍ സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന് എം.ഇ.എസ്, സി.എസ്.ഐ സഭയും തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ പദവിയുള്ള മറ്റ് കോളജുകളും ഇതേ നിലപാടിലാണ്. അതിനാല്‍ ഒത്തുതീര്‍പ്പുണ്ടായാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ മെറിറ്റില്‍ കിട്ടിയ സീറ്റുകള്‍ ഇക്കൊല്ലം ഉണ്ടാകില്ല.

സഹകരണ കോളജുകളടക്കം 13 കോളജുകളുടെ പ്രാതിനിധ്യമുള്ള അസോസിയേഷനും കത്തോലിക സഭയുടെ നാല് കോളജുകളുള്ള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും ഏതാനും വര്‍ഷങ്ങളായി രണ്ട് തരത്തിലാണ് സീറ്റ് വിഭജനം, ഫീസ് നിശ്ചയിക്കല്‍, പ്രവേശം എന്നിവ നടത്തുന്നത്. സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശം നല്‍കാന്‍ പകുതി സീറ്റ് മെറിറ്റ് ക്വോട്ടയായി അസോസിയേഷന്‍ വിട്ടുകൊടുക്കും. പകുതി സീറ്റ് മാനേജ്‌മെന്റ് ക്വോട്ടയായി സ്വന്തംനിലയില്‍ നികത്തും. സര്‍ക്കാര്‍-മാനേജ്‌മെന്റ് ധാരണയിലാണ് ഈ സീറ്റുകളില്‍ ഫീസ് നിശ്ചയിച്ചിരുന്നത്. മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസും മാനേജ്‌മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസുമെന്ന തത്വമാണ് ഇതില്‍ പാലിച്ചിരുന്നത്. എന്നാല്‍ മുഴുവന്‍ സീറ്റിലും സ്വന്തംനിലയില്‍ പ്രവേശം നടത്തുകയും സ്വയം ഫീസ് നിര്‍ണയിക്കുകയും ചെയ്യുകയായിരുന്നു ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ രീതി. ഇതില്‍ മെറിറ്റ് ക്വോട്ട ഇല്ല. ഡീംഡ് സര്‍വകലാശാല പദവിയുണ്ടെന്ന വാദം ഉന്നയിച്ച് ഈ ചര്‍ച്ചകളില്‍ പങ്കാളിയാകാന്‍പോലും തയാറാകാതെ വിട്ടുനില്‍ക്കുകയാണ് അമൃത മെഡിക്കല്‍ കോളജ്. അമൃതയുടെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെയും നിലപാടുകള്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാതെ സര്‍ക്കാറിന് ഈ പ്രശ്‌നം പരിഹരിക്കുക പ്രയാസമാകും.

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...