Monday, June 27, 2011

തുടങ്ങി, തുടക്കം തൊട്ട്

പ്രതിപക്ഷ പ്രവര്‍ത്തനം എങ്ങനെ തുടങ്ങണമെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ല. പ്രതിഷേധമാണ് പ്രവര്‍ത്തനമെങ്കില്‍ അത് പഠിപ്പിക്കാന്‍ പറ്റിയ വേറെ പാര്‍ട്ടിയുമില്ല. ബഹളമുണ്ടാക്കാന്‍ കാര്യം വേണമെന്നൊരു നിര്‍ബന്ധം അവര്‍ക്കില്ല. ശൂന്യവേളയാണ് ചട്ട പ്രകാരം പ്രതിപക്ഷ പ്രകടനത്തിനുള്ള സമയം.എത്ര വലിയ പ്രശ്നമുണ്ടെങ്കിലും സഭാ നടപടികള്‍ തുടങ്ങുന്ന ചോദ്യോത്തര സെഷനില്‍ ആരും ബഹളമുണ്ടാക്കാറില്ല. പക്ഷെ വിപ്ലവ പാര്‍ട്ടിക്ക് കീഴ്വഴക്കം പാലിക്കുക എന്നത് തന്നെ കീഴടങ്ങലാണ്. അതിനാല്‍ ചോദ്യോത്തര സമയത്തുതന്നെ ബഹളം തുടങ്ങി. ഒരുമണിക്കൂര്‍ മുഴുവന്‍ മുദ്രാവാക്യം വിളിച്ച് തീര്‍ത്തു. എം.എ ബേബിക്കും എം. ഹംസക്കും കിട്ടിയ ചോദ്യാവസരം മാറ്റിയെന്നതായിരുന്നു സമര കാരണം. കോടിയേരി ബാലകൃഷ്ണന്റെ ക്രമപ്രശ്ന പ്രകാരം ഈ മാറ്റല്‍ മഹാപരാധമായിരുന്നു. സ്പീക്കറുടെ മറുപടിയനുസരിച്ച് അതൊരു സ്ഥിരം പരിപാടിയും. കഴിഞ്ഞ ആറുമാസം മാത്രം എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇങ്ങനെ മാറ്റിയത് 20ഓളം ചോദ്യമെന്ന രേഖയും ജി. കാര്‍ത്തികേയന്‍ പുറത്തുവിട്ടു. കണക്കില്‍ ചര്‍ച്ചയില്ലാത്തതിനാലാകണം പ്രതിപക്ഷത്തിന്റെ ആദ്യാവേശം അവിടെ തീര്‍ന്നു. തുടക്കം തൊട്ട് കലക്കിത്തുടങ്ങിയതിന്റ ആവേശം പക്ഷെ അടിയന്തിര പ്രമേയത്തില്‍ കണ്ടില്ല.
തുടക്കം എങ്ങനെയാകണമെന്നതുപോലെ തന്നെ പ്രധാനമാണ്, ആരില്‍ നിന്ന് എന്നതും. ഒറ്റതിരിച്ച് വെട്ടിനിരത്തുന്നതില്‍ സി.പി.എമ്മിന് അതി വൈദഗ്ദ്യവുമുണ്ട്. ആക്രമം മുഴുവന്‍ സ്പീക്കര്‍ക്കെതിരെയാക്കി, ആ മികവും പ്രതിപക്ഷം തെളിയിച്ചു. സ്പീക്കറേക്കാള്‍ മുമ്പ് സഭയിലെത്തിയത് താനാണെന്ന് എ.കെ ബാലന്‍ ഒരിക്കല്‍ തര്‍ക്കിച്ചു. ഒച്ചയെടുത്ത് പേടിപ്പിക്കേണ്ടെന്ന് കാര്‍ത്തികേയന്‍ അപ്പോള്‍ ക്ഷുഭിതനുമായി. വൈകീട്ട് ഒരിക്കല്‍ കൂടി ഇരുവരും കൊമ്പുകോര്‍ത്തു. പ്രസംഗം സമയത്തിന് നിറുത്താതെയും കീഴ്വഴക്കം ലംഘിച്ച് ചര്‍ച്ചകളില്‍ ഇടപെട്ടും ബഹളമുണ്ടാക്കിയും മറ്റംഗങ്ങള്‍ ബാലന് പിന്തുണ നല്‍കി. വിചാരിച്ചതൊക്കെ പറഞ്ഞേ അവസാനിപ്പിക്കൂ എന്ന് അരമണിക്കൂര്‍ പ്രസംഗിച്ച് ഇ.പി ജയരാജന്‍ സ്ഥാപിച്ചു. മൊത്തത്തില്‍, തങ്ങളെ നിയന്ത്രിക്കാന്‍ മുതിരേണ്ടെന്ന് സഭാ തലവന് മുന്നറിയിപ്പ്. ഇത് മനസ്സിലാക്കിയത് രണ്ട് പേരാണ്: അഞ്ചുവര്‍ഷത്തേക്കുള്ള സാമ്പിള്‍ വെടിക്കെട്ടാണിതെന്ന് കണ്ടെത്തിയ സി.പി മുഹമ്മദും സ്പീക്കറെ വിരട്ടാന്‍ നോക്കുന്നുവെന്ന് തിരിച്ചറിഞ്ഞ കെ. ശിവദാസന്‍ നായരും.
യുവജന സാന്നിധ്യത്താല്‍ സമൃദ്ധമായ സഭയില്‍ യുവത്വത്തിന്റെ വികസന വിലാപങ്ങളായിരുന്നു ഇന്നലത്തെ മറ്റൊരിനം. വികസനം വന്നേ പറ്റൂവെന്ന് വി.ടി ബലറാമും എന്‍. ഷംസുദ്ദീനും. രാഹുല്‍ ബ്രിഗേഡല്ല, മണ്ണിന്റെ ഗന്ധവും ജീവിതവുമുള്ള രാഷ്ട്രീയം വേണമെന്ന് പി. ശ്രീരാമകൃഷ്ണനും വി.എസ് സുനില്‍കുമാറും. മുതിര്‍ന്ന നേതാക്കള്‍ക്ക് പക്ഷെ പഥ്യം രാഷ്ട്രീയം തന്നെ. കാശിക്കുപോയ എസ്.എഫ്.ഐ തൊട്ട് രാംദേവ് വരെ പരമാര്‍ശിച്ച മുഴുനീള കവല പ്രസംഗവുമായി രമേശ് ചെന്നിത്തലയാണ് നന്ദിപ്രമേയ ചര്‍ച്ച തുടങ്ങിയത്. കോടിയേരി ബാലകൃഷ്ണന്‍ അതേരീതിയില്‍ മറുപടിയും പറഞ്ഞു.കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒരു വികസനവുമുണ്ടാകുന്നില്ലെന്നും ക്യൂബയിലും വിയറ്റ്നാമിലും സഖാക്കള്‍ പിരിവിന് പോലും പോകുന്നില്ലെന്നും കെ.എന്‍.എ ഖാദറിന്റെ ആക്ഷേപം. ദേശാഭിമാനിയും മണിചെയിന്‍ കമ്പനിയും തമ്മിലെ പണമിടപാടായിരുന്നു പി.സി ജോര്‍ജിന്റെ വിഷയം. ചീഫ് വിപ്പാണെങ്കിലും താമസം എം.എല്‍.എ ഹോസ്റ്റലില്‍ ആയിരിക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചതാണ് പ്രതിപക്ഷത്തെക്കൊണ്ട് കേരളത്തിന് ഇതുവരെ കിട്ടിയ ഏക നേട്ടം.
'സക്രിയവും സചേതന'വുമായ വാക് പ്രയോഗത്തിലൂടെ എം.എ ബേബിക്ക് ഭീഷണിയാകുമെന്ന് തെളിയിച്ച് അരങ്ങേറ്റംകുറിച്ച അബ്ദുസ്സമദ് സമദാനി കന്നി പ്രസംഗത്തില്‍ സഭയുടെ കൈയ്യടി നേടി. വാക് മാത്രമല്ല, ബഹുഭാഷാ പാണ്ഡിത്യവും തെളിയിച്ചതിനാല്‍ ബേബി സഭയില്‍ വട്ടംതിരിയും. കവിതയും ഗദ്യവും ശ്ലോകവുമെല്ലാം പലഭാഷകളില്‍ ഇടക്കിടെ പ്രവഹിച്ച പ്രഭാഷണത്തില്‍ പക്ഷെ, ഈണവും താളവുമല്ലാതെ കാര്യം വല്ലതുമുണ്ടാകുമെന്ന ഒരുപ്രതീക്ഷയും സമദാനിയിന്നലെ തന്നില്ല. സമദാനിയുടെ ഈണത്തിന് പ്രതിപക്ഷത്ത് അതേനാണയത്തില്‍ മുല്ലക്കര രത്നാകരന്റെ മറുപടിയുമുണ്ടായി.
പഴയൊരു പോരളിയുടെ പുനരവതാരവും ഇന്നലെ സഭയില്‍ കണ്ടു: ഇ.പി ജയരാജന്‍. ചീറ്റിപ്പോയ ചോദ്യബഹളത്തില്‍ നിറംകെട്ടുനിന്ന പ്രതിപക്ഷത്തിന് ഒടുവില്‍ ആശ്വാസം പകര്‍ന്നായിരുന്നു അവതാരമെടുത്തത്. അനുവദിച്ചതിന്റെ രണ്ടിരട്ടി സമയം പ്രസംഗിച്ചു. തടയാന്‍ വന്നവരെ വിരട്ടിയോടിച്ചു. സ്പീക്കറെ സമ്പൂര്‍ണമായി അവഗണിച്ചു. എതിര്‍ത്തവരെ ചീത്തവിളിച്ചൊതുക്കി. അണ്‍പാര്‍ലമെന്റേറിയന്‍ ഡിക്ഷണിറയിലേക്ക് പുതിയ വാക്ക് സംഭാവന ചെയ്തു. ഒടുവില്‍ അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടവും പ്രഖ്യാപിച്ചു. അങ്ങനെ രണ്ടാം വരവ് സഖാവ് തകര്‍ത്തു. തീര്‍ത്തും സമാധാനപരമായി നടന്ന ജയരാജന്റെ നയ പ്രഖ്യാപനം ഇങ്ങനെ സംഗ്രഹിക്കാം: 'ശിവദാസന്‍ നായര്‍ പറഞ്ഞത് അഹന്തയാണ്. ആരും അഹങ്കാരം പറയരുത്. കെ.എന്‍.എ ഖാദര്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ പറഞ്ഞത് വര്‍ഗീയതയാണ്. അത് നല്ലതല്ല. പിണറായി വിജയനെ അഴിമതിക്കൊപ്പം പറഞ്ഞത് അസംബന്ധമാണ്. അംഗങ്ങള്‍ മാന്യമായി പെരുമാറണം. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. അഹന്തപാടില്ല. ഇങ്ങോട്ട് പറഞ്ഞാല്‍ അങ്ങോട്ടും കിട്ടും.' പാവം മാന്യന്‍.

(27...06...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...