Thursday, July 1, 2021

സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും ഇടയിലെ വൻമതിൽ


 കേരളത്തിലെ പ്രസിദ്ധ അധ്യാപകനും പ്രഭാഷകനുമായിരുന്ന ഡോ സുകുമാർ അഴീക്കോട് വിദ്യാഭ്യാസ രീതിയെക്കുറിച്ച് മുന്നോട്ടുവക്കുന്ന നിരീക്ഷണമുണ്ട്:  'അധ്യാപകനും വിദ്യാർഥിയും ഹൃദയംകൊണ്ട് അടുത്തുവരുമ്പോള്‍ അവിടെ വിദ്യാഭ്യാസം എന്ന പ്രകാശം ഉണ്ടാകുന്നു.  എത്രയടുക്കാമോ അത്രയും ആകണം. വിദ്യാര്‍ത്ഥി അദ്ധ്യാപകന്റെയടുത്ത് ഇരിക്കുന്നു. അകല്‍ച്ചയില്ല. അപ്പോള്‍ അവര്‍ ഒരു കുടുംബമാണ്. ഈ അടുപ്പം കുടുംബത്തില്‍പ്പോലുമില്ലാത്ത അടുപ്പമാണ്. ഗുരുനാഥന്‍ അല്‍പ്പം ഉയര്‍ന്നിരിക്കും. നമ്മുടെ വിദ്യാഭ്യാസത്തിന്റെ മൗലികമായ ആദര്‍ശം അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ഈ ആത്യന്തിക സാമീപ്യമാണ്. താദാദ്മ്യം എന്ന് പറയാം. വിദ്യാഭ്യാസം അവിടെയേ നടക്കൂ. അതുകൊണ്ട് പതുക്കെയേ പറയേണ്ടതുള്ളൂ. ഇന്ന് ഇവിടെ മുന്നൂറുപേരെയിരുത്തി ഒരാള്‍ ഒരറ്റത്തുനിന്ന് അട്ടഹസിക്കുകയാണ്, അട്ടഹാസം തലയ്ക്കുമേലെ പോകുന്നു. അപ്പോള്‍ തല കാലിയായി, കുട്ടി മയങ്ങുന്നു. നമ്മുടെ വിദ്യാഭ്യാസത്തെ അസംബന്ധമാക്കുന്നതും ഈ അന്യസാല്‍ക്കരണം( alienation)  ആണ്. കുട്ടി അടുത്താണിരിക്കുന്നതെങ്കില്‍ പതുക്കെ പറഞ്ഞാല്‍ മതി. പതുക്കെ പറയുന്നതിന്റെ പേരാണ് മന്ത്രം. പതുക്കെപ്പറയുക എന്നതും വിദ്യാഭ്യാസത്തിന്റെ ഒരു വലിയ തത്വമാണ്. അധ്യാപകന്‍ ഒരിക്കലും വന്‍ശബ്ദം ഉണ്ടാക്കരുത്. മാനസികമായ ശൂന്യതയുടെ പടഹം അടിക്കരുത്. അവസാനമിരിക്കുന്ന കുട്ടി ബുദ്ധിമുട്ടിയാല്‍ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലേ സംസാരിക്കാവൂ. ഋഷികളുടെ ശബ്ദം മന്ത്രത്തിന്റെ ശബ്ദമാണ്. മന്ത്രം എന്നുള്ളതിന്റെ മറ്റൊരര്‍ത്ഥം, അത് മനനം ചെയ്തുണ്ടാകുന്നതാണ് എന്നതാണ്. മനനത്തിന് ശബ്ദമില്ല. വചനത്തിനേ ശബ്ദമുള്ളൂ. മനനത്തിനോടേറ്റവും അടുത്ത വചനത്തിലേ അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് സംസാരിക്കാന്‍ പാടുള്ളൂ' (ഭാരതീയത - പേജ് 109-110). ഈ സാമീപ്യ സങ്കൽപത്തിനെല്ലാം വിരുദ്ധമായ ഓൺലൈൻ വിദ്യാഭ്യാസ പ്രകൃയയിലൂടെയാണ് ഇന്നത്തെ തലമുറ കടന്നുപോകുന്നത്. 

അടുത്തിരുന്ന് പഠിപ്പിച്ച അധ്യാപകർ മാത്രമല്ല, വിദ്യാർഥികളും അഴീക്കോട് പറഞ്ഞതുപോലുള്ള അനുഭവ ലോകത്തിലൂടെ കടന്നുപോയവരാണ്. 'എസ് എൻ കോളജിൽ വിദ്യാർഥിയായിരിക്കെ അന്നത്തെ മലയാളം അധ്യാപകനായിരുന്ന കെ പി അപ്പൻ മാഷ് ടോൾസ്റ്റോയിയുടെ മരണവും ജീവിതവും തമ്മിലെ ബന്ധം വിശദീകരിച്ചത് ഇന്നും എനിക്കോർമയുണ്ട്. മാഷുടെ ശരീര ഭാവങ്ങളും കൈകൾകൊണ്ട് സൃഷ്ടിച്ച മാന്ത്രിക ചലനങ്ങളും കഥയുടെ ആശയത്തേക്കാൾ ആകർഷകമായിരുന്നു. ആ അവതരണം കണ്ട് വീട്ടിൽ പോയി അഭിനയിച്ച് പഠിക്കുകയും അതിലൂടെ അഭിനയം തന്നെ പരിചയിക്കുകയും ചെയ്തു.' ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് കൊല്ലം എസ് എൻ കോളജ് ഡിബേറ്റ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിൽ സംസാരിച്ച തിരുവനന്തപുരം മന്നാനിയ്യ കോളജ് മലയാളം വിഭാഗം മേധാവി ഡോ. എം എസ് നൗഫൽ പങ്കുവച്ചതാണ് ഈ അനുഭവം.  എന്നാൽ ഇതേ പരിപാടിയിൽ പങ്കെടുത്ത് അവസാനം സംസാരിച്ച വിദ്യാർഥി  പറഞ്ഞുതുടങ്ങിയതുതന്നെ 'ഇന്നത്തെ ഡാറ്റ ഏറെക്കുറെ തീർന്നു. മൊബൈൽ ചാർജും തീരാറായി. വീട്ടിൽ കറന്റുമില്ല. എത്രനേരം ഇനി തുടരാനാകുമെന്ന് അറിയില്ല' എന്ന സങ്കടം പങ്കുവച്ചാണ്.  

നേരിട്ട് പഠിപ്പിക്കുന്ന അധ്യാപകർ പകർന്നുകൊടുക്കുന്ന  പാഠ്യേതരമായ അനുഭവങ്ങളും അവർ പ്രസരിപ്പിക്കുന്ന ഊർജവും വിദ്യാർഥികൾ സ്വാംശീകരിച്ചത് എങ്ങിനെയെന്നാണ് കെ പി അപ്പന്റെ ഓർമകളിലൂടെ അധ്യാപകൻ പറഞ്ഞുവക്കുന്നത്. ആ തലമുറയിൽ നിന്ന് ഓൺലൈൻ പഠന കാലമായപ്പോൾ, ഏതുനിമിഷവും അറ്റുപോയേക്കാവുന്ന സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച ആകുലതകൾക്കും അതുറപ്പാക്കുന്നതിനെക്കുറിച്ച  ആശങ്കകൾക്കും മുന്നിൽ നിസ്സഹരായിപ്പോകുന്ന കുഞ്ഞുങ്ങളുടെ വൈകാരിക സംഘർഷങ്ങൾ നിറഞ്ഞ സൈബർ ലോകത്താണ് വിദ്യാർഥികൾ എത്തിച്ചേർന്നിരിക്കുന്നത്. ഒരാണ്ടുപിന്നിട്ട് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലും സാംസ്കാരിക വളർച്ചയിലും സൃഷ്ടിക്കുന്ന ആഘാതമെത്രയായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് ഈ അനുഭവം. ഓൺലൈൻ പഠനത്തിലെ അടിസ്ഥാന സൗകര്യക്കുറവുകൾ ഏറെ ചർച്ച ചെയ്ത കേരളത്തിന് പക്ഷെ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് അത്രമേൽ ആശങ്കയുണ്ടായിട്ടില്ല. 

വിവര കൈമാറ്റ പദ്ധതി

സാമീപ്യം എന്നത് ക്ലാസ് റും പഠനത്തിലെ കേവല സാങ്കേതിക സങ്കൽപമല്ല. അധ്യാപകനെയും വിദ്യാർഥിയെയും പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യ ചരടാണത്. ഈ കാണാച്ചരടാണ് കൈമാറ്റം ചെയ്യുന്ന വിവരത്തെ  ജൈവികമാക്കി വിവർത്തനം ചെയ്യുന്നത്. വെറും വിവരം ആർജിക്കുന്നതിന് പകരം സംസ്കാരവും സാമൂഹ്യ ബോധവും വിദ്യാർഥിയിൽ സന്നിവേശിപ്പിക്കുന്നതും ഈ ബന്ധമാണ്. ക്ലാസ് മുറിയിൽ നിന്ന് സൈബർ മതിലിലെ പഠനത്തിലേക്ക് കുട്ടികളെത്തിയപ്പോൾ ഈ ചരടറ്റുപോയിയെന്നാണ് പോയകൊല്ലത്തെ അനുഭവം. വ്യക്തിയുടെ വൈകാരികതകൾ, സ്വാതന്ത്ര്യ ബോധം, സമത്വ ചിന്ത തുടങ്ങി സ്നേഹവും സന്തോഷവും വരെയുള്ള പലതരംമനുഷ്യാവസ്ഥകളെ തൊട്ടുണർത്തുകയും വികസിപ്പിക്കുകയും യുക്തിപൂർവം ക്രമീകരിക്കുകയും ചെയ്യുന്ന ബൃഹദ് ജ്ഞാനമണ്ഡലമാണ് അധ്യാപകനും വിദ്യാർഥിയും അടങ്ങുന്ന ക്ലാസ് മുറി. അവിടെ വിനിമയം ചെയ്യപ്പെടേണ്ടത് വെറും വിവരങ്ങളല്ല, ഒരു കുട്ടിയെ രാഷ്ട്രനിർമാണത്തിന് പ്രാപ്തനാക്കുന്ന സാമൂഹിക വൈജ്ഞാനിക ലോകം കൂടിയാണ്. എന്നാൽ ഈ അനുഭവം ഓൺലൈൻ പഠനത്തിൽ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുകയാണ്. 


പുസ്തകത്തിലെ വിവരങ്ങൾക്കും അത് നിഷ്കർഷിക്കുന്ന സിലബസിനുമപ്പുറം മറ്റൊന്നും കൈമാറ്റം ചെയ്യാൻ അധ്യാപകർക്ക് കഴിയാതായി. യാന്ത്രികമായ അധ്യാപനമാണ് ഓൺലൈൻ സ്പേസിൽ പൊതുവെ നടക്കുന്നത് എന്ന് അത് പ

 രിശോധിച്ചാൽ വ്യക്തമാകും. വിദ്യാർഥി-അധ്യാപക സംവാദങ്ങളിലൂടെ വികസിക്കുന്ന ക്ലാസ് മുറിക്ക് പകരം ഏകപക്ഷീയമായ മൻകീ ബാത്തായി പലപ്പോഴും അത് പരിമിതപ്പെടുന്നു. കുട്ടികളുടെ പ്രതികരണങ്ങളെടുത്തും അവരെക്കൂടി പങ്കാളികളാക്കിയും അധ്യാപനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കുപോലും അതിന് കഴിയാത്ത വിധത്തിൽ സൈബർ മറയും മതിലും കുട്ടികൾക്കും അധ്യാപകർക്കുമിടയിൽ ഉയർന്നുനിൽക്കുകയാണ്. മുൻകൂട്ടി തയാറാക്കി വരുന്ന പഠന പദ്ധതികൾ, ക്ലാസിലെ കുട്ടികളുടെ  പ്രതികരണ രീതിയും അവരുടെ ആസ്വാദനശേഷിയും പരിഗണിച്ച് തത്ക്ഷണം പരിഷ്കരിച്ചും നവീകരിച്ചുമാണ് ഒട്ടുമിക്ക അധ്യാപകരും പഠിപ്പിക്കുക. എന്നാൽ ഇത്തരം പ്രതികരണങ്ങളോ നവീകരണങ്ങളോ ഇപ്പോൾ നടക്കുന്നില്ല. അത് അധ്യാപനത്തെ യാന്ത്രികമാക്കുകയും അതിന്റെ നൈസർഗീകതയും സർഗാത്മകതയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അധ്യാപകന്റെ ശരീര ഭാഷ, പഠന പ്രകൃയയിലെ സുപ്രധാന ഘടകമാണ്. വാക്കുകൾക്കപ്പുറം നോക്കുകൊണ്ടും ശരീരം കൊണ്ടും മുഖഭാവം കൊണ്ടും അവർ വിനിമയം ചെയ്യുന്ന വിവരങ്ങൾ കുട്ടിക്ക് മുന്നിൽ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മറ്റൊരു വിജ്ഞാനലോകമാണ് തുറന്നുവക്കുക. ഇവയുടെയെല്ലാം അഭാവമാണ് ഓണലൈൻ പഠനത്തിന്റെ പ്രധാന സവിശേഷത. അധ്യാപക സാമീപ്യമില്ലാത്ത ഓൺലൈൻ പഠനങ്ങൾ ഈയർഥത്തിൽ ഭാവി തലമുറയുടെ സാംസ്കാരിക വികാസത്തെയും സാമൂഹികാവബോധത്തെയും പുതിയ രൂപഭാവങ്ങളിലേക്ക് മാറ്റി പ്രതിഷ്ടിക്കുന്നുണ്ട്.  അഴീക്കോട് പറഞ്ഞതുപോലെ പതുക്കെപ്പറയേണ്ടിടത്ത് അട്ടഹസിക്കേണ്ടി വരുന്നുണ്ട്. അതിൽ വിവരം മാത്രം കൈമാറ്റം ചെയ്യപ്പെടുകയും സാമൂഹിക വിജ്ഞാനം ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. അത് കുട്ടിയുടെ തല കാലിയാക്കുന്നുണ്ട്. കുട്ടിയെ അന്യവത്കരിക്കുന്നുണ്ട്. 

മുന്നിലിരിക്കുന്ന അജ്ഞാതർ

അധ്യാപികർ അവരുടെ വിദ്യാർഥിയെ വെറും പാഠങ്ങൾ മാത്രമല്ല പഠിപ്പിക്കുന്നത്. പുസ്തകത്തിനപ്പുറം അവരെ ജീവിതം പഠിപ്പിക്കുന്നത് ആ കുട്ടികളെ സസൂക്ഷ്മം പഠിക്കുന്നതിലൂടെയാണ്. അവരുടെ മേന്മകൾ, വൈകല്യങ്ങൾ, ജീവിത പശ്ചാത്തലം, സാമൂഹിക സ്ഥാനം തുടങ്ങിയ സൂക്ഷ്മ വിവരങ്ങൾ അധ്യാപകൻ തിരിച്ചറിയും. അധ്യയന വർഷം ആരംഭിച്ച് ഒന്നോ രണ്ടോ മാസത്തിനകം തന്നെ ഇത്തരം തിരിച്ചറിവുകൾ അധ്യാപകർ അവരുടെ കുട്ടികളെക്കുറിച്ച് ആർജിച്ചിരിക്കും. ഇത്തരം വിവരങ്ങൾ മനസ്സിലാക്കുന്നതിലൂടെ വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും വേണ്ടിടത്ത് നൽകാനും അവരെ കൈപിടിച്ചുനടത്താനും അധ്യാപകർക്ക് കഴിയും. കുട്ടികളെ നേരിട്ട് കാണുന്നതിലൂടെ മാത്രമാണ് ഇത്തരം പ്രകൃയകൾ സ്കൂളിനകത്ത് സംഭവിക്കുന്നത്. പഠനത്തിൽ മികവ് കാട്ടുന്ന ഒരാൾ ചിലപ്പോൾ വലിയ സ്വഭാവ വൈകല്യമുള്ളയാളായിരിക്കും. പഠനത്തിൽ മോശമായൊരാൾ പാഠ്യേതര മേഖലയിൽ പ്രതിഭാശാലിയായിരിക്കാം. ഇങ്ങനെ ഓരോ കുട്ടിയുടെയും സവിശേഷതകൾ തിരിച്ചറിഞ്ഞാണ് അധ്യാപകർ ക്ലാസിൽ അവരുടെ അധ്യാപന പദ്ധതി തന്നെ രൂപപ്പെടുത്തുന്നത്.  ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞതോടെ മുന്നിലിരിക്കുന്ന കുട്ടികളക്കുറിച്ച ഇത്തരം ഉൾക്കാഴ്ചകൾ അധ്യാപകർക്ക് ഇല്ലാതായി.  ഒരു കുട്ടിയെ അവന്റെ വർത്തമാനത്തിൽ നിന്ന് കൂടുതൽ മികവാർന്ന ഭാവിയിലേക്ക് ഉയർത്തിയെടുക്കുന്ന പ്രകൃയ ഓൺലൈൻ പഠനകാലത്ത് സംഭവിക്കുന്നില്ല. അധ്യാപകർക്ക് അവരുടെ മുന്നിലുള്ള കുട്ടിയെക്കുറിച്ച് കാര്യമായ ധാരണകളില്ല. 

ഓൺലൈൻ ക്ലാസിൽ 'ശല്യക്കാരനായ' തന്റെയൊരു വിദ്യാർഥിയുടെ ജീവിത പശ്ചാത്തലംപോലും തിരിച്ചറിയാൻതന്നെ മാസങ്ങളെടുത്തുവെന്നും അവനോട് നേരിൽ സംസാരിക്കാൻ തീരുമാനിച്ചെങ്കിലും ലോക്ഡൗൺ കാരണം ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നുമുള്ള വേദന കഥാകൃത്തും അധ്യാപകനുമായ വി ദിലീപ് പങ്കുവച്ചിരുന്നു. നേരിൽ കണ്ടാൽ നേരാകുന്നൊരു കുട്ടിയെ കൈ പിടിച്ച് നടത്താൻ കഴിയാത്ത ഒരധ്യാപകന്റെ നിസ്സാഹയതകൂടിയാണത്. ഓൺലൈൻ പഠനം വിദ്യാർഥിക്കും അധ്യാപകനുമിടയിൽ ഡിജിറ്റൽ മറ സൃഷ്ടിച്ചുകഴിഞ്ഞുവെന്നതിന്റെ അടയാളമായാണ് വി ദലീപ് സ്വാനുഭവം പങ്കുവക്കുന്നത്. 

സോഷ്യൽ മീഡിയയിൽ വന്നുകണ്ടുപോകുന്ന  വെർച്വൽ കൂട്ടായ്മകളിലെ സുഹൃത്തുക്കൾക്കിടയിൽ നിലനിൽക്കുന്നതുപോലുള്ള  അടുപ്പവും അകൽച്ചയും ഇഴചേർന്ന ഒരുവിചിത്ര സംഘത്തെയാണ് അധ്യാപകർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഒരർഥത്തിൽ ഒരുതരം അജ്ഞാതസംഘം! കൺമുന്നിലുണ്ടെങ്കിലും ആ കുട്ടികളുടെ ജീവിതം അധ്യാപകനെ സംബന്ധിച്ച് കാണാമറയത്താണ്. അവരവിടെയെങ്ങിനെ പെരുമാറുന്നുവെന്ന വിവരംപോലും അധ്യാപകനില്ല. കഴിഞ്ഞവർഷം പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളുടെ കാര്യത്തിൽ ഇത് അതിഗുരുതരമായ സ്ഥിതിയാണ്. പഠിക്കുന്ന സ്കൂൾ  ഇതുവരെ കാണാത്ത, അധ്യാപകരുടെ ശബ്ദം മാത്രം കേട്ടുപരിചയമുള്ള ഒരുബാച്ചാണത്. പലസ്ഥലങ്ങളിൽനിന്ന് സിംഗിൾവിൻഡോ വഴി പ്രവേശനം നേടിയവർ. മഹാ ഭൂരിഭാഗവും  മുന്പ് പരസ്പരം കണ്ടിട്ടില്ലാത്തവർ. അവരാകട്ടെ ഒരുപക്ഷെ ഒരിക്കലും കാണുകപോലും ചെയ്യാതെ രണ്ടാംകൊല്ലവും പൂർത്തിയാക്കി പിരിയേണ്ടി വന്നേക്കാം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ആ കുട്ടികൾ അവർക്കാവശ്യമായ മാർഗദർശനം ലഭിക്കാതെ വഴിനടന്നുപോകുകയാണ്. 

ഏകാകികളുടെ തുരുത്ത്

വിദ്യാലയമെന്നത് കുട്ടികളുടെ കൂട്ടുജീവിതത്തിന്റെ പരിശീലനക്കളരിയാണ്. സഹവർത്തിത്വം, പരസ്പര ആശ്രയം, കൂട്ടുജീവിതം, സമപ്രായക്കാരോടുള്ള വിനിമയം, സംഘ പ്രവർത്തനം, പരസ്പര സഹായം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികൾ ആർജിക്കുന്നതും അത് പ്രായോഗികമായി പരിശീലിക്കുന്നതും വിദ്യാലയങ്ങളിൽ വച്ചാണ്. ഇത്തരം എല്ലാ അവബോധ നിർമിതകളും ഇപ്പോൾ കുട്ടികൾക്ക് വിലക്കപ്പെട്ടിരിക്കുന്നു. അവരുടെ ജീവിതം അവരവരുടെ വീടിനുള്ളിലേക്ക് ചുരുങ്ങുകയും ഒറ്റതിരിഞ്ഞവരുടെ സ്വഭാവ രീതികളിലേക്ക് വഴി മാറുകയും ചെയ്യുന്നു. പഠന രീതി മുതൽ പരസ്പര സഹകരണം വരെയുള്ള ഇത്തരം ശീലങ്ങളിൽ നിന്ന് കുട്ടികൾ അകന്നുപോകുന്നുണ്ടെന്ന് അധ്യാപക സംഘടനാ നേതാവായ എൻ ശ്രീകുമാർ പറയുന്നു. ചെറുപ്രായമായതിനാൽ ഒരുകൊല്ലംകൊണ്ട് വഴിമാറിയ ശീലങ്ങളെപ്പോലും ഇനി മറ്റൊരു രീതിയിലേക്ക് തിരിച്ചുകൊണ്ടുവരിക പ്രയാസകരമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 

പരസ്പരം അറിയുകയും പെരുമാറുകയും ചെയ്യുമ്പോഴാണ്  കുട്ടികളുടെ പെരുമാറ്റ രീതികൾ പരിഷ്കരിക്കപ്പെടുന്നത്. ഓൺലൈൻ ക്ലാസുകൾ ഇതിനുള്ള വഴികളടച്ചുകളയുന്നു. സ്വയം വളർച്ചയാർജിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ നഷ്ടമാകുന്നത്. സമപ്രായക്കാരുമായുള്ള സഹവർതിത്വം കുട്ടികളുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ്. കുട്ടിയെ തിരിച്ചറിഞ്ഞ് പഠിപ്പിക്കുക എന്നതുപോലെത്തന്നെ പ്രധാനമാണ് അവരുടെ കൂട്ടായ്മകളെ പരിപോഷിപ്പിക്കുക എന്നതും. അച്ചടക്കം ശീലിക്കുന്നതും അത് പരിശീലിക്കുന്നതും ക്ലാസ് മുറികളിൽനിന്നാണ്. പരീക്ഷക്ക് പരസഹായമില്ലാതെ അധ്യാപകർക്ക് മുന്നിലിരുന്ന് ഉത്തരമെഴുതണമെന്ന കാർക്കശ്യം ഒരു കുട്ടിക്ക് പരിചയപ്പെടുത്തുന്ന സ്വഭാവ ഗുണങ്ങൾ പലതാണ്. അധ്യാപകരുടെ കൺവെട്ടത്തിരുന്ന് പരീക്ഷണം നേരിടുന്നതിലൂടെ അവർ നേടിയെടുക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. ഇതിനെല്ലാം മാറ്റം വന്നു. രക്ഷിതാക്കൾ മുതൽ ഗൂഗിളിന്റെ വരെ സഹായത്തോടെ ഉത്തരമെഴുതാമെന്ന പ്രായോഗികതയിലേക്ക് കുട്ടികൾ മാറുകയാണ്. പരീക്ഷാമാർക്കെന്ന പ്രശ്നത്തെ ഇതിലൂടെ മറികടക്കാമെങ്കിലും കുട്ടിയുടെ ആത്മധൈര്യം, മത്സരക്ഷമത തുടങ്ങി സത്യസന്ധതയടക്കമുള്ള  മൂല്യബോധത്തിൽ അത് വിള്ളൽ വീഴ്ത്തുന്നു. ഒന്നിച്ചിരുന്ന് മത്സരിച്ച് വിജയിക്കുന്നതിന് പകരം, ഒറ്റക്കിരുന്ന് കുറുക്കുവഴികളിലൂടെ വിജയത്തിലെത്താമെന്ന് കുട്ടികൾ പഠിക്കുന്നു. 

സവിശേഷ ശ്രദ്ധ വേണ്ട സ്പെഷൽ സ്കൂളുകളിലെ കുട്ടികൾ ഈയർഥത്തിൽ നേരിടുന്നത് അതികഠിനമായ ദുരിതങ്ങളാണ്. അവരുടെ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന ഒരു സമൂഹത്തിനുള്ളിൽ ജീവിക്കാൻ കഴിയുക എന്നത് ഇത്തരം വിദ്യാർഥികൾക്ക് വലിയ ആശ്വാസമായിരുന്നു. രക്ഷിതാക്കളോട് പോലും ആശയവിനമയം നടത്താൻ കഴിയാത്ത ചില കുട്ടികൾക്ക് അവരുടെ അധ്യാപകരോടും സഹപാഠികളോടും അനായാസം അതിന് കഴിയും. പരസ്പരം കാണാനാകാത്ത, വൈകാരികതകൾ പങ്കുവക്കാനാകാത്ത ഇത്തരം കുട്ടികൾക്ക് ഓൺലൈൻ പഠനം അമിതഭാരമായി മാറുകയാണ് ചെയ്യുന്നത്. അവർക്ക് പഠനത്തേക്കാൾ വേണ്ടത് സാമൂഹിക ജീവിതമാണ്. ഓൺലൈൻ പഠനം മുഖ്യമായും കേന്ദ്രീകരിക്കുന്നത് ശബ്ദത്തിലാണ്. ആംഗ്യഭാഷയിൽ പഠനം നടത്തുന്ന കുട്ടികൾക്കാണെങ്കിൽ  ഇതുതന്നെ പീഢനമായിരിക്കും. അവരുടെ ആശയവിനിമയത്തിന് സംസാരിക്കുന്നവരുടെ മുഖഭാവവും ചുണ്ടനക്കങ്ങളും അംഗവിക്ഷേപങ്ങളുമെല്ലാം പരമപ്രധാനമാണ്. നമ്മുടെ ഓൺലൈൻ പഠന സംവിധാനത്തിന് ഇതെത്രത്തോളം ഉറപ്പുവരുത്താനാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവർക്കാകട്ടെ കഴിഞ്ഞവർഷം ഓൺലൈൻ ക്സാസുപോലും ഉണ്ടായിരുന്നില്ല. അധ്യാപകരുടെ മുഖഭാവവും ശരീര ഭാഷയുമെല്ലാം കാണുക എന്നത് തീരെ ചെറിയ ക്ലാസിലെ കുട്ടികളുടെ ആശയവിനമയത്തിൽ സുപ്രധാനമാണ്.  പലപ്പോഴും ശബ്ദം വഴി മാത്രമായി മാറുന്ന ഓൺലൈൻ പഠനം കുട്ടികളുടെ ആശയവിനിമയ ശേഷിയെയും ബാധിക്കും.  


ക്ഷയിക്കുന്ന ആരോഗ്യം

സ്വഭാവ രൂപീകരണത്തിലും പഠന രീതികളിലും മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തിലും ഓൺലൈൻ പഠന സംവിധാനം കാര്യമായ പരിക്കേൽപിക്കുന്നുണ്ട്. കഴിഞ്ഞ ഒരുവർഷം കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. സാമൂഹിക ജീവിതം തീരെ കുറയുന്നതോടെ ഇവരിൽ ക്രിയേറ്റിവ് എനർജി കുറയുകയും അലസത വർധിക്കുകയും ചെയ്യുന്നു. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലെ വിമുഖത, ഏകാഗ്രതയും ഓർമ ശക്തിയും കുറയൽ, തീരുമാനങ്ങളെടുക്കാൻ കഴിയാതാകൽ തുടങ്ങി ഗാർഹിക പീഢനത്തിനിരയാകുന്നതിൽ വരെ വർധനയുണ്ടായിട്ടുണ്ട്.  ആത്മവിശ്വാസം നഷ്ടപ്പെട്ട്, കടുത്ത മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവിക്കുന്നവരായി കുട്ടികൾ മാറുകയാണ്. ക്ലാസുകൾ ഉറപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്നം മുതൽ സദാ പഠനത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന രക്ഷിതാക്കളുടെ മുഴുവൻ സമയ സാന്നിധ്യം വരെ കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വീട്ടിനകത്ത് ലിംഗസമത്വവും പരിഗണനയും ഇല്ലാതാകുന്നത് പലതരത്തിൽ വർധിക്കുന്നു. ആൺകുട്ടിയും പെൺകുട്ടിയും പഠിക്കാൻ പോകുന്ന വീട്ടിൽ ഒരു ഇലക്ട്രോണിക് ഡിവൈസ് മാത്രമായാൽ അതിൽ ആൺകുട്ടിക്ക് മുൻഗണന നൽകുന്ന പ്രവണത പലയിടത്തുമുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത് പെൺകുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ ചെറുതല്ല. 

കളിയും പുറംകാഴ്ചകളും നിഷേധിക്കപ്പെട്ട ലോക്ക്ഡൗൺ ജീവിതത്തിനിടെയാണ് ഈ രീതിയിൽ മാനസിക സംഘർഷങ്ങളും അവരനുഭവിക്കേണ്ടി വരുന്നത്. കുട്ടികൾക്ക് ആഹ്ലാദം പകരുന്ന പാഠ്യേതര പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും സമ്മർദം സൃഷ്ടിക്കുന്ന പഠനത്തിനും പരീക്ഷക്കും മാത്രമായി ബദൽ സംവിധാനങ്ങളുണ്ടാകുകയുമാണ് ചെയ്തത്.   പഠനത്തിൽനിന്ന് തന്നെ കുട്ടികളുടെ ശ്രദ്ധ തിരിഞ്ഞുപോകാൻ ഇത് കാരണമാകുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ചില സ്കൂളുകൾ ഓൺലൈനിൽ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരുന്നു. ഇടുക്കി പണിക്കൻകുടി ഗവ.എച്ച് എസ് എസ് സ്കൂൾ വിദ്യാർഥികൾ സംവിധാനം ചെയ്ത് യൂ ട്യൂബിൽ പ്രകാശനം ചെയ്ത സംഗീത ആൽബം അത്തരത്തിലൊന്നാണ്. വിദ്യാർഥികളെ ഏതെങ്കിലും വിധത്തിൽ എൻഗേജ് ചെയ്യിച്ച് പഠനത്തിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചതെന്ന് പ്രിൻസിപ്പൽ ജോർജ് ഇഗ്നേഷ്യസ് പറയുന്നു. 

വിദ്യാലയമാകാത്ത വീട്ടകം

പലതരം സാമൂഹിക പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരേ പ്രായക്കാരാണ് സ്കൂളിൽ ഒരേ സമയം ഒന്നിച്ച് പഠിക്കുന്നത്. അവരുടെ ജീവിത ചുറ്റുപാട് സാമൂഹ്യ ശ്രേണിയിൽ പലതട്ടിൽ നിൽക്കുന്നതായിരിക്കും. അവരുടെ കുടുംബ പരിസരം പലമട്ടിൽ സവിശേഷമായിരിക്കും. ഇതെല്ലാം സ്കൂൾ അല്ലെങ്കിൽ ക്ലാസ് മുറി എന്ന പൊതു പ്രതലത്തിലാണ് വന്നുചേരുന്നത്. അവരവിടെ അനുഭവിക്കുന്ന തുല്യതാബോധവും സമഭാവനയും അവരുടെ ജീവിത വീക്ഷണത്തെ നിർണയിക്കുന്നതിൽ പ്രധാനമാണ്. അതിനേക്കാൾ പ്രധാനമാണ് സമാധാനപൂർണമായ പഠനവും മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് വേവലാതിപ്പെടേണ്ടതില്ലാത്ത പകൽ സമയവും ഉറപ്പാക്കുന്ന സ്കൂൾ അന്തരീക്ഷം. എന്നാൽ ഓണലൈൻ പഠനകാലത്ത് അവരവരുടെ വീട് തന്നെ സ്കൂളായി മാറുകയാണ്. ഓരോരുത്തരും അവരവരുടെ ജീവിത  പരിസരം തന്നെ ക്ലാസ് മുറിയായി പരിവർത്തിപ്പിക്കേണ്ടിവരുന്നു. എന്നാൽ ഓരോ വീടും എത്രത്തോളം ക്ലാസ് മുറിയായി മാറുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വീട്ടകത്തെ ആർഭാടങ്ങൾ മുതൽ അസ്വാരസ്യങ്ങൾ വരെ അവരുടെ പഠനത്തെയും പഠന സമയത്തെയും ബാധിക്കുന്നുണ്ട്. ക്ലാസ് മുറിയായി മാറാൻ വീട്ടകം പാകപ്പെടുന്നില്ല. സ്വന്തം ജീവിത പശ്ചാത്തലത്തിൽ നിന്ന് മാറി, പുതിയ ചുറ്റുപാടുകളെയും പുതിയ മനുഷ്യരെയും പരിചയപ്പെടുന്നതിലൂടെ കുട്ടികൾ അവരവരുടെ ജീവിതത്തെ അറിഞ്ഞും അറിയാതെയും നവീകരിക്കുന്നുണ്ട്. സ്കൂളിലേക്കുള്ള യാത്രപോലും അവർക്ക് പുതിയ പാഠങ്ങൾ പകർന്നുനൽകും. ഇതെല്ലാം നിഷേധിക്കപ്പെട്ട്, അവരവരുടെ ജീവിത പരിസരം മാത്രം കണ്ടും അതിന്റെ മാത്രം ഗുണദോഷങ്ങൾ അനുഭവിച്ചും ആ അസമത്വങ്ങളിലൂടെ മാത്രം സഞ്ചരിച്ചും അവർക്ക് മുതിർന്നവരാകേണ്ടി വരുന്നു. 

വഴിതെറ്റുന്ന പാഠ്യപദ്ധതി 

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം  ജനകീയ പങ്കാളിത്തത്തോടെ നിർവഹിക്കപ്പെടുന്നതാണ്. എന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാറിനുമാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ - വിശേഷിച്ച് സ്കൂൾ വിദ്യാഭ്യാസത്തെ - വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഈ പൊതുജന പങ്കാളിത്തംകൂടിയാണ്. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ഈ പൊതുസമീപനത്തിൽ മാറ്റം വരുത്തി. വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് സർക്കാർ ബാധ്യതയാണ്. സ്കൂളും കെട്ടിടങ്ങളും അധ്യാപകരും സിലബസുമെല്ലാം ഇതിനായി സർക്കാർ തയാറാക്കുന്നുണ്ട്. എന്നാൽ ഓൺലൈൻ പഠന രീതി വന്നതോടെ സ്കൂൾ അപ്രസക്തമായി. പകരം ഇലക്ട്രോണിക് ഡിവൈസ്, ഡാറ്റ, കണക്ടിവിറ്റി എന്നിവ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സംവിധാനമായി മാറി. അതോടെ ഈ അടിസ്ഥാന സൗകര്യമരുക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും രക്ഷിതാക്കളിലോ വിദ്യാർഥികളിലോ വന്നുചേർന്നു. ഓരോകുട്ടിക്കും അവരവരുടെ വീട്ടിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക എന്നത് സർക്കാറിനെ സംബന്ധിച്ച് എളുപ്പം നടപ്പാക്കാവുന്ന പദ്ധതിയല്ല. ഫലത്തിൽ അത് വ്യക്തികളുടെ ഉത്തരവാദിത്തമായി മാറി. അടിസ്ഥാന സൗകര്യം മാത്രമല്ല, ഭൂരിപക്ഷം കുട്ടികളെ  മുന്നിൽ കണ്ട് പരിപാടികൾ ആവിഷ്കരിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത്.  ചില വിഷയങ്ങൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഇല്ലാതായതും സ്പെഷൽ സ്കൂളുകൾ പോലുള്ളവക്ക് ബദൽ സംവിധാനം ഏർപെടുത്താതിരുന്നതും ഉദാഹരണം. സ്പെഷൽ സ്കൂളുകൾക്ക് അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിൽ ചില ക്ലാസുകൾ തട്ടിക്കൂട്ടിയെങ്കിലും അതുപോലും മുഴുവൻ വിഷയങ്ങളിലും ഉണ്ടായുമില്ല. എല്ലാവിഭാഗം വിദ്യാർഥികളെയും ഉൾകൊള്ളുന്ന ഒരു സമഗ്ര സമീപനം ഓൺലൈൻ സന്പ്രദായത്തിൽ കഴിഞ്ഞകൊല്ലം ഉണ്ടായില്ല. പാഠ്യമേഖലയിൽ തന്നെ അസമത്വം സൃഷ്ടിക്കുന്നതായി ഇത് മാറുകയാണ്. 

കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതിയാകട്ടെ മനപ്പാഠം പഠിക്കുക എന്നതിനപ്പുറം പ്രവർത്തനാധിഷ്ടിതമായി വികസിപ്പിച്ച സമ്പ്രദായമാണ്. പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ ചിന്താപ്രകൃയയെ ഉണർത്തുന്ന പാഠ്യപദ്ധതിയും അതിനനുസരിച്ച സംവിധാനങ്ങളുമാണ് കേരളത്തിലെ നിലവിലെ കരിക്കുലം. സ്കൂളുകളുടെ അഭാവത്തിൽ സ്വന്തം വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികളെ ഈ വ്യവസ്ഥാപിത പാഠ്യക്രമത്തിലേക്ക്  ഉൾകൊള്ളിക്കുന്നതിലെ പിരമിതികൾ ഇതിനകം വ്യക്തമായിട്ടുണ്ട്. സ്കൂൾ പാഠ്യപദ്ധതിയുടെ സ്വഭാവ സവിശേഷതകൾ മുന്നിൽവച്ച് പരിശോധിച്ചാൽ ഓൺലൈൻ/ഡിജിറ്റൽ വിദ്യാഭ്യാസം അങ്ങേയറ്റം പരിമിതമായാണ് പ്രവർത്തിച്ചത് എന്ന് കാണാം. നിലവിലെ പാഠ്യപദ്ധതി മുന്നോട്ടുവക്കുന്ന ആശയദൃഢതയും ജൈവികതയും ഡിജിറ്റൽ ക്ലാസ് മുറികൾ ഇല്ലാതാക്കുകയാണ്. 

പുതുക്കേണ്ട പാഠങ്ങൾ

മഹാമാരി പടർന്നുപിടിച്ച ഒരു അനിവാര്യ സന്ദർഭത്തിലാണ് ക്ലാസ് മുറികളിലെ പഠനം ഉപേക്ഷിക്കാനും സാധ്യമായ ബദൽ എന്ന രീതിയിൽ ഓൺലൈൻ പഠനത്തിലേക്ക് മാറാനും തീരുമാനിക്കുന്നത്. ഈ സമ്പ്രദായം സൃഷ്ടിക്കുന്ന പോരായ്മകൾ മറികടക്കാനുതകുന്ന പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവപൂർവം ആലോചിക്കണം. നിലവിലെ പാഠ്യപദ്ധതിയുടെ അടിസ്ഥാന തത്വങ്ങൾ ചോർന്നുപോകാത്ത വിധം അത് പുനക്രമീകരിക്കണം. അല്ലെങ്കിൽ ഓൺലൈൻ പഠനത്തിനനുസൃതമായ തരത്തിൽ കരിക്കുലം താത്കാലികമായെങ്കിലും നവീകരിക്കണം.  ഒരു അധ്യയനവർഷം കൂടി ഇതേ രീതിയിൽ മുന്നോട്ടുപോകേണ്ടിവന്നേക്കാമെന്നാണ് ഇപ്പോഴും ആരോഗ്യ വിദഗ്ധർ നൽകുന്ന സൂചന. അതിനാൽ ഒരുവർഷം മുന്നിൽകണ്ട് പ്രത്യേക കരിക്കുലം തയാറാക്കണം. ടീച്ചിങ് മാന്വൽ തന്നെ താത്കാലികമായി മാറ്റിയെഴുതേണ്ടിവരും. പഴയ പാഠങ്ങൾ പുതിയ വഴികളിലൂടെ പ്രയോഗിക്കുക എന്നതിലൊതുങ്ങിയാൽ അത് ഒരുതലമുറയുടെ തലവരതന്നെ മാറ്റിയെഴുതിയേക്കും.

ഓൺലൈൻ പഠനം ആകർഷകമാക്കാനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സർക്കാറിന് സമർപിച്ചിരുന്നു. ക്ലാസ് അവതരണത്തിൽ ദൃശ്യപ്രധാനമായ ഉള്ളടക്കം വർധിപ്പിക്കുക പോലുള്ള ശിപാർശകളാണ് അവർ നൽകുന്നത്. എന്നാൽ കുട്ടികളുടെ സാമൂഹിക വളർച്ച ഉറപ്പാക്കുന്ന നടപടികൾ കൂടി ഇതിനൊപ്പം ഉണ്ടാകേണ്ടതുണ്ട്. ലോക്ഡൗൺ കാലത്തും നടപ്പാക്കാൻ കഴിയുന്ന അയൽപക്ക സ്കൂളുകൾ പോലുള്ളവ ഇതിന് പരീക്ഷിക്കാം. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനം വിയിരുത്താൻ പല സ്കൂളുകളും കഴിഞ്ഞ വർഷം ശ്രമിച്ചിരുന്നു. എന്നാൽ ഇതിന്റെ ഭാരിച്ച സാന്പത്തിക ബാധ്യത ഒട്ടുമിക്ക സ്കൂളുകൾക്കും താങ്ങാവുന്നതല്ല. ഇത്തരം ചില പരീക്ഷണങ്ങൾക്ക് പണം നീക്കിവക്കുന്നത് സർക്കാർ ആലോചിക്കണം. 

ഓൺലൈൻ പഠനം അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് തിരിച്ചുവരുമ്പോൾ കുട്ടികൾക്ക് ആ മാറ്റം അനായാസകരവും ആഹ്ലാദകരവുമാക്കി മാറ്റാൻ കഴിയുന്ന പദ്ധതികളും ആവിഷ്കരിക്കണം. ഓൺലൈൻ ക്ലാസുകളായതിനാൽ രണ്ട് വർഷം അവർക്ക് നഷ്ടമായ സാമൂഹികവളർച്ചയും സാംസ്കാരികോന്നതിയും വ്യക്തിത്വ  വികാസവും  അവർക്ക് ഉറപ്പാക്കണം. സാധാരണനിലയിലേക്കുള്ള തിരിച്ചുവരവ് വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതുപോലെ  ആയാസരഹിതമായിരിക്കില്ല. രണ്ടു വർഷത്തെ ശീലങ്ങളിൽനിന്ന് അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂർവമായ ഇടപെടലുകൾ ഉണ്ടാകണം. 'ഗുരുവിനും ശിഷ്യനുമിടയിൽ പുസ്തകം ഗുരുതരമായ ഒരു തടസ്സമല്ലോ' എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയിട്ടുണ്ട്. ഇപ്പോൾ ഗുരുവിനും ശിഷ്യനുമിടയിൽ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് പുസ്തകങ്ങൾ മാത്രമാണ്. ക്ലാസ് റൂം കാലത്തേക്ക് തിരിച്ചുപോയാലും ഇല്ലെങ്കിലും , അധ്യാപകനും വിദ്യാർഥിക്കുമിടയിൽ പുസ്കതമല്ലാത്തതെല്ലാം തടസ്സമില്ലാതെ പ്രവർത്തിക്കുന്ന പാഠ്യപദ്ധതി തയാറാക്കുക എന്നതാണ് ഇനി ഏറ്റവുമാദ്യം കേരളത്തിൽ നടക്കേണ്ടത്. 

(മാധ്യമം ആഴ്ചപ്പതിപ്പ് - 14 ജൂൺ 2021)



പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...