Saturday, June 29, 2013

രൂപയുടെ ഇടിവ്; വിലകുറഞ്ഞിട്ടും ഒമാന്‍ സ്വര്‍ണ വിപണിയില്‍ അനക്കമില്ല

മസ്കത്ത്: സ്വര്‍ണ വിലയില്‍ വലിയ കുറവുണ്ടായിട്ടും ഒമാന്‍ വിപണിയില്‍ കാര്യമായ ചലനമില്ല. ഇന്ത്യന്‍ രൂപയുടെ വിലയിടിവാണ് സ്വര്‍ണ വിപണിക്ക് തിരിച്ചടിയായത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒമാന്‍ വിപണിയിലെ പ്രധാന സ്വര്‍ണ ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യശോഷണം മുതലടുത്ത് ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കാനാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. 
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോള്‍ സ്വര്‍ണത്തിനുണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് മുതലാക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്ന പ്രവണതക്ക് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നു. രൂപയുടെ വിനിമയ നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അത് ഒരു റിയാലിന് 150 രൂപക്ക് മുകളില്‍ ഉണ്ട്. ഇത് 157 വരെ എത്തുകയും ചെയ്തു. 154.23 രൂപയാണ് വെളിയാഴ്ചയിലെ നിരക്ക്. ഇത്രയേറെ വിലയിടിഞ്ഞതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. സ്വര്‍ണ വില കുറഞ്ഞാല്‍ സാധാരണ വ്യാപാരം വലിയ തോതില്‍ നടക്കുക പതിവാണ്. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വലിയ കുറവ് അനുഭവപ്പെട്ടിട്ടും സ്വര്‍ണ വിപണിയില്‍ അതിന്‍െറ പ്രതിഫലനം ഉണ്ടാകുന്നില്ല. 
കഴിഞ്ഞ മേയ് മാസം മുതലാണ് സ്വര്‍ണത്തിന് വിലയിടിയാന്‍ തുടങ്ങിയത്. ഉയര്‍ന്ന വിലയിലായിരുന്ന സമയത്തുണ്ടായ ഈ വിലക്കുറവ് വിപണിയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. സ്വര്‍ണ വ്യാപാരത്തില്‍ ഇത് വലിയ മുന്നേറ്റമുണ്ടാക്കി. പിന്നീട് വിലയിടിവ് പ്രവണതയായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇതോടെ വന്‍തോതിലുള്ള കച്ചവടത്തിന് മാറ്റം വന്നെങ്കിലും വിലക്കുറവ് സൃഷ്ടിച്ച കച്ചവടം ഏറെക്കുറെ മന്നോട്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റിയിരുന്നവര്‍ നാട്ടിലേക്ക് പണം അയക്കാന്‍ തുടങ്ങി. കുറഞ്ഞ മൂല്യം കാരണം വന്‍ തുകയുടെ അപ്രതീക്ഷിത നേട്ടമാണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് രൂപ വിനിമയത്തിലൂടെ ലഭിക്കുന്നത്. രൂപയുടെ മൂല്യശേഷാണം പണ്ടെങ്ങുമില്ലാത്ത വിധം രൂക്ഷമായത് തിരിച്ചടിയയതാകട്ടെ ഒമാനിലെ സ്വര്‍ണ വിപണിക്കും. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയിലത്തെിയിട്ടും അതിന്‍െറ നേട്ടം അവര്‍ക്ക് കിട്ടുന്നില്ളെന്നാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനേക്കാള്‍ വിലയുണ്ടായിരുന്ന മേയ് മാസത്തെ വ്യാപാരത്തിന്‍െറ അടുത്തുപോലും ഇപ്പോള്‍ കച്ചവടം നടക്കുന്നില്ളെന്ന് ഒമാനിലെ പ്രമുഖ സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. 
അതേസമയം കച്ചവടത്തിലെ കുറവ് രൂപയുടെ വിലയിടിവിനാല്‍ മാത്രമല്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവധിക്കാലം, ഈ സമയത്തെ ടിക്കറ്റ് നിരക്ക് വര്‍ധന, മേയ് മാസത്തിലുണ്ടായ വന്‍ കച്ചവടം, ഇനിയും വില കുറഞ്ഞേക്കാമെന്ന പ്രതീക്ഷ, എന്നിവയും ഇതില്‍ ഘടകങ്ങളാണെന്ന് ഡമാസ് ജ്വല്ലറി കണ്‍ട്രി മാനേജര്‍ രാജേഷ് പറഞ്ഞു. രൂപയുടെ മൂല്യ ശോഷണം കച്ചവടത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അതിനാല്‍ മാത്രം വന്‍ തോതിലുള്ള കുറവ് സംഭവിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. 
അതേമസയം രൂപയുടെ വിലയിടിവുണ്ടായിട്ടും ഇന്ത്യയിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനയുണ്ടായിട്ടില്ല. എന്നാല്‍ അയക്കുന്ന തുകയില്‍ വന്‍ വര്‍ധനയുണ്ടായി. മാസാവസാനം ആയതിനാലാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ അസവരം മുതലെടുത്ത് പലിശക്ക് പണമെടുത്ത് ഇന്ത്യയിലേക്ക് അയക്കുന്നവരുമുണ്ട്. ഈ മാസാദ്യം വിനിമയത്തില്‍ വര്‍ധനയുണ്ടായിരുന്നു. മാസം പകുതി വരെ ഈ പ്രവണത നിലനിന്നു. അതിന് ശേഷം അല്‍പം കുറവുണ്ടായി. ആ സമയത്താണ് മൂല്യത്തകര്‍ച്ച രൂക്ഷമായത്. ശമ്പളത്തീയതികളത്തെുന്നതോടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

(gulf madhyamam)

Friday, June 28, 2013

ഇപ്പോള്‍ ധൈര്യമായി പറയാം: ഒമാനില്‍ സിനിമാകാലമായി -ലൈല ഹബീബ്മസ്‌കത്ത്: ഒമാനില്‍ സിനിമയുടെ കാലമായി എന്ന് ഇപ്പോള്‍ ധൈര്യപൂര്‍വം പറയാന്‍ കഴിയുമെന്ന് പ്രമുഖ വനിത സംവിധായിക ലൈല ഹബീബ് അല്‍ ഹംദൂന്‍. മറ്റ് അറബ് സിനിമകളില്‍നിന്നും വിദേശ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി, ഒമാനിയന്‍ സംസ്‌കാരവും ആചാരവും പ്രതിഫലിപ്പിക്കുന്ന കുടുതല്‍ സിനമകള്‍ നിര്‍മിക്കുകയാണ് തന്റെ ലക്ഷ്യം. എന്നാല്‍ നിര്‍മാണച്ചിലവും പണക്കുറവുമാണ് അതില്‍ നേരിടുന്ന വലിയ വെല്ലുവിളികളെന്നും അവര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഏറെ താല്‍പര്യപൂര്‍വം കടന്നുചെന്ന മേഖലയാണെങ്കിലും സിനിമാ രംഗത്ത് നിലനില്‍ക്കുക എന്നത് അത്രയെളുപ്പമല്ല. ചില പ്രതിസന്ധികളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇവിടെ സിനമയുടെ കാലമായിരിക്കുന്നു. ചെറു സിനമികളും നീളന്‍ ചലച്ചിത്രങ്ങളും ഇവിടെ എത്തിക്കഴിഞ്ഞു. ഇത് ഒമാനിയന്‍ സിനിമയുടെ തുടക്കമാണെന്ന് സധൈര്യം പറയാം. എന്നാല്‍ ഒമാനിനയന്‍ സാംസ്‌കാരികതയിലൂന്നിയ ചിത്രങ്ങളുടൈ നിര്‍മാണമാണ് ഇവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകരുടെ ആത്യന്തിക ലക്ഷ്യം. മറ്റ് അറബ് സിനമകളില്‍ നിന്നും വിദേശ സിനമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാകണമത്. നിര്‍മാണച്ചിലവ് താങ്ങാവുന്നതിലപ്പുറമാണ്. ചുരുങ്ങിയ ചിലവിലുള്ള ചെറു സിനിമകള്‍ കൂടതല്‍ വരട്ടെ. ഒമാന്‍ ചലചിത്ര മേഖലയുടെ വളര്‍ച്ചക്കായി എല്ലാവരും ഒന്നിച്ചുനില്‍ക്കണം.
എഴുത്ത് എല്ലാ സ്ത്രീകളിലേക്കുമെത്തുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ആണ് കുടുതല്‍ പേരിലേക്ക് എത്തുന്ന പുതിയൊരു ആശയ വിനിമയ മാധ്യമമായി സിനിമയെ സമീപിച്ചത്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് സര്‍ഗാത്മക രംഗത്തേക്ക് വന്നത്. സമൂഹത്തിലെ എറ്റവും ദുര്‍ബല വിഭാഗമായ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനായാണ് ഈ തീരുമാനമെടുത്തത്. എഴുത്തില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്ത് നിരവധി സ്ത്രീ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി. സ്ത്രീകള്‍ക്ക് സഹായകരമായ നിയമങ്ങള്‍ പരിചയപ്പെടുത്തി. പല സ്ത്രീകള്‍ക്കും ഇത്തരം കാര്യങ്ങളെ പറ്റി അറിയില്ല. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും പുരുഷന്‍മാരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥവുമില്ലെനനും അവര്‍ പറഞ്ഞു.
ഒമാനി സിനിമ അസോസിയേഷനില്‍ അംഗമാകുന്നതോടെയാണ് ലൈല ചലച്ചിത്ര പ്രവര്‍ത്ത ന രംഗത്തേക്ക് എത്തുന്നത്. നേരേത്ത സര്‍ക്കാര്‍ സര്‍വീസിലും പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തകയായും പ്രവര്‍ത്തിച്ച ശേഷമായിരുന്നു ഇത്. ഒരു മുന്നറിയിപ്പുമില്ലതെ വിവാഹ മോചിതയാക്കപ്പെട്ട സ്ത്രീയുടെ ആന്തരിക വൈകാരികതകള്‍ പത്ത് മിനിട്ടുകൊണ്ട് പറഞ്ഞുതീര്‍ത്ത 'ദി ക്വസ്റ്റിയന്‍' എന്ന ചിത്രവുമായാണ് അവര്‍ സമവിധായികയാകുന്നത്. 2009ലായിരുന്നു ഇത്. ചെറു ചിത്രമാണെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിലകപ്പെടുന്ന സ്ത്രീകള്‍ക്കെങ്ങിനെ ആമഭിമാനത്തോടെ ജീവിക്കാനാകുമെന്ന ചോദ്യമായിരുന്നു ഇതിന്റെ പ്രമേയം. പിന്നീട് 'ഡള്‍ ഓഫ് ലൈഫ്' എന്ന സിനിമ നിര്‍മിച്ചു. മസ്‌കറ്റ് ചലച്ചിത്രോല്‍സവത്തില്‍ സില്‍വര്‍ പുരസ്‌കാരം നേടി. 2011ല്‍ 'ലാഡര്‍ ആന്റ് സ്റ്റാറ്റസ്' നിര്‍മിച്ചു. കഴിഞ്ഞ വര്‍ഷം സ്വന്തം നോവല്‍ 'ദി ആക്‌സിഡന്റ്' ടെലി ചിത്രമാക്കി. 


(gulf madhyamam)

Thursday, June 27, 2013

മൂല്യരഹിത വിദ്യാഭ്യാസത്തിന്റെ ആദ്യ ഇര സ്ത്രീകള്‍ -കിരണ്‍ ബേദി

മസ്കത്ത്: മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഇല്ലാതായാല്‍ അതിന്റെ ദുരന്തങ്ങള്‍ക്ക് ആദ്യം ഇരയാകുന്നത് സ്ത്രീകളായിരിക്കുമെന്ന് പ്രമുഖ സ്ത്രീപക്ഷ പ്രവര്‍ത്തക കിരണ്‍ബേദി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിലും സ്ത്രീകളോടുള്ള സമീപനം നിര്‍ണയിക്കുന്നതിലും വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും 'ഗള്‍ഫ് മാധ്യമ'ത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. 'എക്സ്ട്ര ഓഡിനറി വിമണ്‍കോണ്‍ഫറന്‍സി'ന് ഒമാനിലെത്തിയതായിരുന്നു ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസര്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏതെങ്കിലും പ്രത്യേക മേഖലയെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്നതല്ല. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ക്ക് അതില്‍ തുല്ല്യ പങ്കുണ്ട്. പൊതുസമൂഹം, അവിടെ നിലനില്‍ക്കുന്ന തത്വങ്ങള്‍, രക്ഷിതാക്കള്‍, പോലിസ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജയില്‍, മാധ്യമങ്ങള്‍ തുടങ്ങിയവയെല്ലാം സ്ത്രീ പദവി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീ വിഷയങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് സുപ്രധാനമാണ്. സെന്‍സേഷണലൈസ് ചെയ്യുന്നത് അപകടകരമാണ്. അതേസമയം വലിയ തോതില്‍ ബോധവത്കരണം നടത്താനും മാധ്യമങ്ങള്‍ക്ക് കഴിയും. രാഷ്ട്രീയ പ്രവര്‍ത്തകരും അത്രതന്നെ പ്രധാനമാണ്. വരും തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് പ്രധാനമാണ്. അവരിലൂടെയാണ് ഒരു കുട്ടിയുടെ സംസ്കാരം രൂപപ്പെടുന്നത്. ഇക്കാര്യത്തില്‍ അമ്മമാരാണ് കൂടതല്‍ ജാഗ്രത കാണിക്കേണ്ടത്. ആണ്‍കുട്ടികളെ മാറ്റിനിര്‍ത്തുക എന്നതല്ല ഇതിനര്‍ഥം. പെണ്‍കുട്ടികളെ പിന്നില്‍ നിര്‍ത്താനും പാടില്ല. രണ്ട് കൂട്ടരെയും ഒരേ രീതിയില്‍ പഠിപ്പിക്കണം. ആണിനും പെണിനും അവരുടേതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കാനുണ്ട്. ഏതെങ്കിലും ഒന്നുമാത്രമുള്ള അവസ്ഥയല്ല വേണ്ടത്. രണ്ട് കൂട്ടരുടെയും സമതുലിതമായ സാന്നിധ്യമുണ്ടാകണം. കുടുംബമാണ് കുട്ടികള്‍ക്ക് സംസ്കാരം പകര്‍ന്നുകൊടുന്നത്. ഇവിടെയെല്ലാം പുതുതലമുറയിലേക്ക് വിനിമയം ചെയ്യുന്ന വിവരങ്ങളുടെയും വിദ്യാഭ്യാസങ്ങളുടെയും മൂല്യവും ഉള്ളടക്കവും ഗുണപരമായിരിക്കേണ്ടത് അനിവാര്യമാണ്. ഏത് അവസ്ഥയെയും സ്വാംശീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. ചിലത് ആണ്‍കുട്ടികള്‍ക്കും ചിലത് പെണ്‍കുട്ടികള്‍ക്കുമായി മാറ്റിവക്കേണ്ടതില്ല. ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണ്. അതിന് പലകാരണങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യകാല സ്ത്രീ ചിത്രങ്ങളെല്ലാം സ്ത്രീകളുടെ മാതൃത്വം, വീട്ടുകാര്യം, വിനോദം തുടങ്ങിയവയിലൂന്നിയാണുണ്ടായതെന്ന് കാണാം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനം ഇതില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതല്‍ ആക്രമിക്കപ്പെടുന്നതിന് ഇത്തരം ഘടകങ്ങള്‍ കാരണമാണ്. എന്നാല്‍ അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കാം. സംസ്കാര സമ്പന്നമായ നാടുകളാണിത്. ഇവിടുത്തെ പുരുഷന്‍മാരുടെ പെരുമാറ്റം ആ സംസ്കാരത്തിന്റെ ഭാഗമാണ്. അത് ഇന്ത്യന്‍ സാഹചര്യവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഞായറാഴ്ച രാത്രി മസ്കത്തിലെത്തിയ കിരണ്‍ബേദി, ഇന്നലെ രാവിലെ ഒമാനിലെ വനിതാ പ്രവര്‍ത്തകരുമായി സംവദിച്ചു. രാത്രി ദല്‍ഹിക്ക് മടങ്ങി.

(Gulf Madhyamam, 25/06/13)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...