Monday, February 19, 2018

അസന്തുലിത വളര്‍ച്ച, അവസാനിക്കാത്ത പോരാട്ടം


ശ്രീമൂലം പ്രജാസഭയുടെ അയ്യന്‍ കാളി പങ്കെടുത്ത ആദ്യ അഷ്ടമയോഗം നടന്നത് 1912 ല്‍. ആ യോഗത്തിന്റെ ഏഴാം ദിവസം മാര്‍ച്ച് 4 ന് നടത്തിയ പ്രസംഗത്തില്‍ അയ്യങ്കാളി പറഞ്ഞു:  'വെങ്ങാനൂര്‍ എലിമെന്ററി പള്ളിക്കൂടത്തില്‍ പുലയ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന കാര്യത്തില്‍ എന്റെ വര്‍ഗക്കാരോട് ദയവായി ചെയ്തിട്ടുള്ള സഹായത്തിനായി അധഃസ്ഥിതരുടെ പ്രതിനിധിയായി ഗവണ്മെന്റിനോടുള്ള കൃതജ്ഞതയെ ഞാന്‍ ബോധിപ്പിച്ചുകൊള്ളുന്നു. തെക്കന്‍ തിരുവിതാംകോട്ടില്‍ 7 പള്ളിക്കൂടങ്ങളില്‍ മാത്രമേ ഇപ്പോള്‍ പുലയര്‍ക്ക് പ്രവേശനം നല്‍കുന്നുള്ളൂ. സംസ്ഥാനത്തെ എല്ലാ പള്ളിക്കൂടങ്ങളിലും അവര്‍ക്കു പ്രവേശനം കൊടുക്കുന്നത് അഭിലഷണീയമാണെന്ന് ഞാന്‍ ബോധിപ്പിക്കുന്നു. പുലയ വിദ്യാര്‍ഥികള്‍ക്ക് (ചേരമര്‍ക്ക്) പ്രത്യേകിച്ച് ഫീസില്‍ ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടതാകുന്നു. ഞങ്ങളെക്കാള്‍ തുലോം മുന്നിട്ടുനില്‍ക്കുന്ന മുഹമ്മദന്മാര്‍ക്കു കൊടുത്തിട്ടുള്ള ഫീസിലെ ആനുകൂല്യങ്ങള്‍പോലും തങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്നീ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരായി പുലയരെ നിയമിക്കാവുന്നതാവുന്നു. വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള ആളുകളുണ്ട്. പഠിപ്പിക്കുവാന്‍ ശേഷിയുള്ള പുലയര്‍ ഉണ്ട്.' (അവലംബം: ഇടനേരം വെബ്)


ഈ പ്രസംഗത്തിലേക്ക് അയ്യന്‍കാളി എത്തുന്നത് ദീര്‍ഘമായ അവകാശപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ്. വിദ്യാഭ്യാസം നിഷേധിച്ച മാടന്പിമാരുടെ അന്നം മുടക്കിയ ഐതിഹാസികമായ കര്‍ഷകത്തൊഴിലാളി പണിമുടക്കാണ് അയ്യങ്കാളിയെ രൂപപ്പെടുത്തിയത്: 'തന്റെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിക്കുന്നില്ലെങ്കില്‍ മേലാളന്‍മാരായ നായന്മാര്‍ ഭക്ഷണം കഴിക്കേണ്ടെന്ന തീരുമാനത്തോടെയാണ് നെല്‍പ്പാടങ്ങളില്‍ നെല്‍കൃഷിക്ക് പകരം മുട്ടിപ്പുല്ല് കിളിര്‍പിക്കുമെന്ന് ധീരനായ അയ്യങ്കാളി പ്രഖ്യാപിച്ചത്. 1904 സെപ്തംബറില്‍ അയിത്ത ജാതിക്കാരോട് കൃഷിപ്പണികള്‍ മുഴുവന്‍ നിര്‍ത്തിവക്കാന്‍ അയ്യങാകിള ആവശ്യപ്പെട്ടതോടെ പണികള്‍ ഒന്നാകെ സ്തംഭിച്ചു. കര്‍ഷകര്‍ ഒന്നൊഴിയാതെ മടങ്ങിപ്പോയി. നെല്‍പ്പാടങ്ങള്‍ ശൂന്യമായി. ഇതോടെ തെക്കന്‍തിരുവിതാംകൂറിലെങ്ങും ജന്മിമാരും അവരുടെ മാടന്പി സംഘവും ചേര്‍ന്ന് കര്‍ഷകര്‍ക്കെതിരെ മര്‍ദനമുറകള്‍ അഴിച്ചുവിട്ടു. മര്‍ദനത്തിന് മര്‍ദനം അതായിരുന്നു അയ്യങ്കാളിയുടെ തത്വം. വിദ്യാലയ പ്രവേശം ഉറപ്പുവരുത്താതെ സമര രംഗത്തുനിന്ന്  നിഷ്ക്രമിക്കരുതെന്ന അയ്യാങ്കാളിയുടെ നിര്‍ദേശം പട്ടിണിയിലാണ്ട കര്‍ഷകത്തൊഴിലാളികള്‍ ഹൃദയംകൊണ്ട് തന്നെ സ്വീകരിച്ചു. പട്ടിണിയും രോഗവും കാര്‍ന്നുതിന്നെങ്കിലും അവര്‍ വ്യതിചലിച്ചില്ല. ആയിരക്കണക്കിന് ഏക്കര്‍ തരിശായി കിടന്നു. കൂടുതല്‍ കൂടുതല്‍ പാടങ്ങളില്‍ മുട്ടിപ്പുല്ല് കിളിര്‍ത്തു തുടങ്ങി. 1906ല്‍ പുലയര്‍ക്ക് വേണമെങ്കില്‍ ഒരു സ്കൂള്‍ സ്ഥാപിച്ച് നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു.' (മഹാത്മ അയ്യങ്കാളി -കുന്നുകുഴി എസ് മണി, പി എസ് അനിരുദ്ധന്‍).

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം സ്വാതന്ത്ര്യത്തിന് മുന്പും ശേഷവുമെല്ലാം ഇതുതന്നെയാണ്.  അധീശ ന്യൂനപക്ഷാധിപത്യത്തിനും അപരവത്കരണത്തിനും വിവേചനങ്ങള്‍ക്കുമെതിരായ പോരാട്ടം. പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ അടിക്കടി സ്ഥാപിക്കപ്പെടുന്നതിനൊപ്പം, അതേ അളവിലും വേഗത്തിലും ദുര്‍ബല-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ വിവേചനവും പീഡനവും വളര്‍ന്നുകൊണ്ടിരുന്നു. ഇതിനെതിരായ ദുര്‍ബല ഭൂരിപക്ഷത്തിന്റെ അതിജീവന സമരങ്ങളാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ രൂപപ്പെടുത്തിയത്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പൊതുവിദ്യാഭ്യാസമെന്ന സങ്കല്‍പം കേരളത്തില്‍ സാര്‍വത്രികമാക്കിയെങ്കിലും വിവേചനങ്ങളും അദൃശ്യമായ ജാതീയതയും അതിന്റെ അന്തര്‍ധാരയായി നിലനിന്നു.  തൊട്ടുകൂടായ്മക്ക് വിധേയരായ ദലിത് വിഭാഗങ്ങള്‍ മാത്രമല്ല, ഈ വിവേചനത്തിന് ഇരയായത്.

സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ കീഴാള വിദ്യാഭ്യാസ പരീക്ഷണങ്ങളിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങള്‍ ജനാധിപത്യ കേരളത്തില്‍ മറ്റൊരു രൂപത്തില്‍ നിലിനിന്നു. കേരളത്തില്‍ സ്ഥാപിതമായ അടിമോദ്ധാരണ മിഷനും അടിമസ്കൂളുകളും ഈ സ്ഥിതിവിശേഷത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണ്: 'മദ്രാസിലെ ആംഗ്ലിക്കന്‍ ബിഷപ്പിന്റെ ചാപ്ലേന്‍ ആയിരുന്ന റവ. ടി ജി റാഗ്ലണ്ട് തിരുവിതാംകൂറിലെ മിഷണറി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ മല്ലപ്പള്ളിയിലെ പള്ളിമേടയില്‍ താമസിക്കുന്പോള്‍ യാദൃശ്ചികമായി കേള്‍ക്കാനിടയായ അടിമകളുടെ കൃഷിപ്പാട്ടായിരുന്നു അതിലേക്ക് അദ്ദേഹത്തെ നയിച്ചത്. പാടത്തേക്ക് ചെന്നപ്പോള്‍ അദ്ദേഹം അടിമകളെ കണ്ടു. അല്‍പവസ്ത്ര ധാരികളായ ഒരുപറ്റം പ്രാകൃത മനുഷ്യര്‍. അദ്ദേഹം തിരുവല്ലയിലെ റവ. ജോണ്‍ ഹോക്സ് വര്‍ത്തിനെ തന്റെ പ്രവര്‍ത്തന പരിപാടി ബോധ്യപ്പെടുത്തി. അങ്ങിനെയാണ് ഹോക്സവര്‍ത്തും റാഗ്ലണ്ടും ജോര്‍ജ് മാത്തനും കൂടി 1950ല്‍ അടിമോദ്ധാരണ മിഷനും ആദ്യത്തെ അടിമ സ്കൂളും സ്ഥാപിച്ചത്. സ്കൂള്‍ സ്ഥാപിച്ചെങ്കിലും അതില്‍ പഠിക്കാനുള്ള വിദ്യാര്‍ഥികളായ അടിമകള്‍ യജമാനന്മാരുടെ സ്വകാര്യ സ്വത്തായിരുന്നു. അവര്‍ പറയുന്നത് വിട്ട് ഒരിഞ്ച് നീങ്ങാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. പഠിപ്പ് ഒരു ആവശ്യമായി അവര്‍ കരുതിയിരുന്നുമില്ല' (പൊയ്കയില്‍ അപ്പച്ചന്‍ - കീഴാളരുടെ വിമോചകന്‍, കെ എം ലെനിന്‍). ഐക്യ കേരളം യാഥാര്‍ഥ്യമാകുന്നതിന്റെ തൊട്ടുമുന്പായിരുന്നു ഈ സ്ഥിതിവിശേഷമെന്നത് ശ്രദ്ധാര്‍ഹമാണ്.

കീഴാളരുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും 1875ൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയുംസാക്ഷരതാനിരക്ക്, അന്നത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്നതായിരുന്നു. 1896ല്‍ തിരുവിതാംകൂറും 1901ല്‍ കൊച്ചിയിലും പ്രൈമറി ക്ലാസുകളിലെ പെൺകുട്ടികൾക്ക് ഫീസ് ഒഴിവാക്കിയത് ഈ മേഖലയിലെ പെണ്‍ വിദ്യാഭ്യാസത്തെ സന്പന്നമാക്കി. താഴ്ന്ന ജാതികളില്‍നിന്ന് ക്രിസ്തുമതത്തിലേക്കുള്ളപരിവര്‍ത്തനം വ്യാപകമായതോടെ ജാതീയ വിവേചനങ്ങള്‍ക്കെതിരെ മിഷണറിമാരുടെ ഇടപെടലുകളുമുണ്ടായി. ഇതും കീഴാള വിദ്യാഭ്യാസത്തിന് സഹായകമായി. 19ം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ദിവാന്‍ സർ ടി. മാധവറാവു, സർക്കാർ സേവനത്തിനു വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമാക്കി. ചാന്നാന്മാർക്കും മറ്റു താഴ്ന്ന ജാതിക്കാർക്കും സ്‌കൂളുകൾ വേണമെന്ന് 1865ൽ ദിവാൻ മാധവറാവു നിര്‍ദേശം നല്‍കി . 1895-96 കാലഘട്ടത്തിൽ സർക്കാർ പിന്നാക്കക്കാർക്കായി 15 സ്‌കൂളുകൾ സ്ഥാപിച്ചു.  ഇതിൽ 4 എണ്ണം മുസ്‍ലിംകൾക്കും 7 എണ്ണം ഈഴവർക്കും രണ്ടെണ്ണം പുലയർക്കും ഓരോന്നുവീതം മുക്കുവർ, കാണിക്കാർ എന്നീ വിഭാഗങ്ങള്‍ക്കും ആയിരുന്നുവെന്ന് രേഖകള്‍ പറയുന്നു. പിന്നീട് പിന്നാക്ക വിഭാഗങ്ങളുടെ  പ്രാഥമിക വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കാന്‍ തീരുമാനിച്ചു.

1900 ന്റെ ആദ്യ കാലത്ത് എസ്.എൻ.ഡി.പിയും, എൻ.എസ്.എസും മറ്റ് ചില ജാതി സംഘടനകളും തിരുവിതാംകൂറിൽ നിലവില്‍ വന്നു. എല്ലാവരും അതത് സമുദായങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് ഊന്നിയത്. നായര്‍, ഈഴവ സമുദായങ്ങള്‍ ഈ രംഗത്ത് മുന്നോട്ടുപോയി. ഒരു സമുദായമെന്ന നിലയില്‍ സ്വത്വ രൂപീകരണം സാധ്യമാക്കിയതോടെ രണ്ട് വിഭാഗങ്ങളും വിദ്യാഭ്യാസ മേഖലയില്‍ പുതിയ സ്ഥാപനങ്ങളടക്കം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ക്രയശേഷിയും സാമൂഹിക പദവിയും അവരുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി. വിദ്യാഭ്യാസത്തെ എല്ലാ സമുദായങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കുകയും ഇതിനായി ഓരോ വിഭാഗവും രാഷ്ട്രീയ പ്രകൃയയിൽ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതാണ് സ്വാതന്ത്യ സമരത്തിന്റെ അസവാന കാലത്തെ കാഴ്ച.  ഭൂ അധികാരമില്ലാത്ത, ക്രയശേഷി താരതമ്യേന തീരെ കുറഞ്ഞ ദലിത് വിഭാഗങ്ങള്‍ ഈ മത്സരത്തില്‍ പുറന്തള്ളപ്പെട്ടുപോയി. ആ പിന്നാക്കാവസ്ഥ ഇനിയും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടുമില്ല. ചരിത്രപരമായ കാരണങ്ങള്‍ക്കൊപ്പം, ജനാധിപത്യ കേരളത്തില്‍ അതിരൂക്ഷമായ പരോക്ഷ ജാതീയത അവര്‍ക്ക് വലിയ വിലങ്ങാകുകയും ചെയ്തു. ഈഴവരിൽ താഴെയുള്ള സമുദായങ്ങളിൽ സംഘടിതമുന്നേറ്റം വിദ്യാഭ്യാസ മേഖലയില്‍ പ്രത്യക്ഷമായ ഗുണഫലങ്ങള്‍ സൃഷ്ടിച്ചില്ല. പ്രബല സമുദായങ്ങൾ രാഷ്ട്രീയ-സാന്പത്തിക ശക്തിയായി വളര്‍ന്നപ്പോള്‍ ദലിതര്‍ക്ക് കാര്യമായ പുരോഗതി കൈവരിക്കാനുമായില്ല. സ്വാതന്ത്ര്യാനന്തര കേരളത്തില്‍, പൊതു വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങിയതോടെ ഒരു സമുദായമെന്ന നിലക്ക് ഈ മേഖലയില്‍ സ്വത്വ ശാക്തീകരണം നടത്താനുള്ള ദലിത് ശ്രമങ്ങളും ദുര്‍ബലമായി.

എന്നാല്‍ അക്കാലത്തെ മലബാറില്‍ ഇത്രതന്നെ വിപുലമായിരുന്നില്ല വിദ്യാഭ്യാസാവസ്ഥ. 1881 ലെ സെന്‍സസ് പ്രകാരം മലബാറില്‍ വിദ്യാര്‍ഥികളും അക്ഷരാഭ്യാസമുള്ളവരുമായി ആകെ 2.35 ലക്ഷം പേരെയുണ്ടായിരുന്നുള്ളുവെന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പറയുന്നു.  'അജ്ഞതയുടെ ഈ അന്ധകാരത്തെ നേരിടാന്‍ കഴിഞ്ഞ 25 വര്‍ഷമായി സ്കൂളുകള്‍ക്കും വിദ്യാഭ്യാസത്തിനുമായി കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്' എന്നാണ് മലബാര്‍ മാന്വല്‍ രേഖ: 'ഹിന്ദുക്കളുടെ പാരന്പര്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഗുരുകുലം. പെണ്‍കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. നിലത്തെഴുത്തില്‍നിന്നാണ് തുടക്കം. അടുത്തഘട്ടത്തില്‍ പനയോലയില്‍ എഴുത്താണികൊണ്ട് എഴുതിക്കും. ദൈവ സ്തുതികളും വന്ദന ശ്ലോകങ്ങളും ഹൃദിസ്തമാക്കി കഴിഞ്ഞാല്‍ കൂടുതല്‍ ഗഹനമായ വിഷയങ്ങള്‍ ഇതേരീതിയില്‍ പഠിപ്പിക്കും. തദ്ദേശ ബ്രാഹ്മണര്‍ക്കായി മൂന്ന് സംസ്കൃത കോളജുകള്‍ (മലബാറില്‍) പ്രവര്‍ത്തിക്കുന്നുണ്ട്. വിഞ്ജാന സന്പാദനം ബ്രാഹ്മണരുടെ കുത്തകയായിരുന്നുവെന്നും അവര്‍ മേധാശക്തിയായിത്തീര്‍ന്നത് അങ്ങനെയാണെന്നും കരുതേണ്ടിയിരിക്കുന്നു' (മലബാര്‍ മാന്വല്‍). തിരുവിതാംകൂറിലെപ്പോലെ, മലബാറിലും ജാതീയത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘടകമായിരുന്നുവെന്ന് ലോഗന്റെ വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

മലബാറിലെ മുസ്‍ലിംകള്‍ വിദ്യാഭ്യാസത്തില്‍ ഏറെ തത്പരരായിരുന്നുവെന്നാണ് ലോഗന്‍ രേഖ. 1880 കളാണ് ലോഗന്റെ രചനാ കാലം: (അതിനും) '600 വര്‍ഷം മുന്പ് സൈനുദ്ദീന്‍ എന്ന അറബി പൊന്നാനിയില്‍ മുഹമ്മദന്‍ കോളജ് സ്ഥാപിച്ചിരുന്നു. ശരിക്കുള്ള അറബി പരന്പരയില്‍പെട്ട കുടുംബങ്ങള്‍ തങ്ങളുടെ സ്വന്തം ശാസ്ത്ര-ചരിത്ര ഗ്രന്ഥങ്ങളെക്കുറിച്ച് അഗാധമായ അറിവുള്ളവരാണ്. അന്യമതസ്തരായ വിശിഷ്ട സന്ദര്‍ശകരകുമായി കുടുംബനാഥന്‍ വിജ്ഞാനപ്രദമായ സംവാദത്തില്‍ ഏര്‍പെടുന്നതും അപൂര്‍വമല്ല. അക്കാര്യത്തില്‍ മലബാറിലെ മറ്റേതൊരു വിഭാഗത്തേക്കാളും അവര്‍ക്ക് കൂടുതല്‍ അടുപ്പം ഇംഗ്ലീഷുകാരായ അതിഥികളോടാണെന്ന് പറയാം' (മലബാര്‍ മാന്വല്‍).

ഈ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് തുടങ്ങുകയും വിവിധ മത-ജാതി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്നിരുന്ന ആശാന്‍ കളരികള്‍, ഓത്തുപള്ളികള്‍, സംസ്കൃത കളരികള്‍, ക്രിസ്തീയ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍, പള്ളി ദര്‍സുകള്‍, അടിമ വിദ്യാലയങ്ങള്‍, സ്വാതന്ത്ര്യാനന്തര കേരളത്തില്‍ മാറിമാറി വന്ന ഭരണകൂടങ്ങളുടെ വിവിധ പദ്ധതികളും പരിഷ്കാരങ്ങളും‍, സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ സംരംഭങ്ങള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം ചേര്‍ന്ന് വികസിപ്പിക്കുകയും ചെയ്തതാണ് കേരളത്തിന്റെ 60 വര്‍ഷത്തെ വിദ്യാഭ്യാസ ചരിത്രം. മലബാറില്‍ നേരിട്ടും തിരു-കൊച്ചിയില്‍ പരോക്ഷമായും നടപ്പിലായ ബ്രിട്ടീഷ് ഭരണം അക്കാലത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ നിര്‍ണായകമായി. ജാതീയവും വംശീയവുമായ ആധിപത്യത്തിന് ആദ്യമായി അധികാര കേന്ദ്രത്തില്‍നിന്ന് ആഘാതമേറ്റത് ബ്രിട്ടീഷ് സാന്നിധ്യത്തോടെയാണ്. താഴെക്കിടയിൽ നിന്ന് സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സാമൂഹ്യസമ്മർദങ്ങള്‍ക്ക് ഇത് ആക്കംകൂട്ടി. വിദ്യാഭ്യാസ മേഖലയിലും ഇതിന്റെ ചലനങ്ങള്‍ ദൃശ്യമായി. ഈ ചരിത്ര പശ്ചാത്തലത്തിലാണ് ഐക്യ കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പദ്ധതികളും രൂപംകൊള്ളുന്നത്. തിരുകൊച്ചിയിലായാലും മലബാറിലായാലും ചില വിഭാഗങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ നേരിട്ട തിരസ്കാരവും ചില വിഭാഗങ്ങളുടെ അധീശത്വവും  വിദ്യാഭ്യാസ മേഖലയില്‍ എക്കാലവും നിലനിന്നിരുന്നുവെന്ന് കാണാം. അതുകൊണ്ട് തന്നെ സര്‍വതല സ്പര്‍ശിയായ വിദ്യാഭ്യാസ വികസനം ഇതുവരെ കേരളത്തില്‍ സാധ്യമായിട്ടില്ല.

അടിസ്ഥാന സൌകര്യ വികസനം

'ഭിന്ന രീതിയില്‍ വളര്‍ന്നുവന്ന മൂന്ന് രാഷ്ട്രീയ ഘടകങ്ങള്‍ (തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍) ഒപ്പം ചേര്‍ത്താണ് 1956 നവംബറില്‍ കേരള സംസ്ഥാനം രൂപംകൊണ്ടത്. ഭരണപരമായ പാരന്പര്യവും വിദ്യാഭ്യാസ കാര്യത്തില്‍ ഭരണ നേതൃത്വം കാണിച്ച താല്‍പര്യവും ഭിന്നമായിരുന്നു. എന്നിരുന്നാലും തിരുവിതാംകൂറിനും കൊച്ചിക്കും മലബാറിനും വിദ്യാഭ്യാസ കാര്യത്തില്‍ ഒരു ഐക്യ രൂപം ഉണ്ടായിരുന്നുവെന്നതാണ് ഇതില്‍ ശ്രദ്ധേയമായ വസ്തുത. കൊച്ചിയും തിരുവിതാംകൂറും ഇതര നാട്ടുരാജ്യങ്ങളുമായി മാത്രമല്ല ബ്രിട്ടീഷ് ഇന്ത്യയിലെ വളര്‍ച്ച പ്രാപിച്ച സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാലും വിദ്യാഭ്യാസ കാര്യത്തില്‍ മുന്നോട്ടുപോയിരുന്നു. മദ്രാസ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ നിലവാരം കൊച്ചിയെയും തിരുവിതാംകൂറിനെയും അപേക്ഷിച്ച് പിന്നിലായിരുന്നു. എന്നാല് മലബാറിന്റെ കാര്യത്തില്‍ അതായിരുന്നില്ല സ്ഥിതി' (തായാട്ട് ശങ്കരന്‍, ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ). ഇവിടെനിന്നാണ് ഐക്യ കേരളത്തിലെ വിദ്യാഭ്യാസ വികസനം ആരംഭിക്കുന്നത്.

തിരു-കൊച്ചി ലയനം നടക്കുന്പോള്‍ രണ്ടിടത്തും രണ്ട് തരം പാഠ്യപദ്ധതികളായിരുന്നു നിലനിന്നിരുന്നത്. 1950ല്‍ ഇവ രണ്ടും ഏകീകരിച്ചു. ഇതോടെ തിരുവിതാംകൂറിലെ ഇ എസ് എസ് എല്‍ സി തിരുകൊച്ചിയിലൊന്നാകെ എസ് എസ്‍ എല്‍ സിയായി മാറി. ഐക്യകേരള രൂപീകരണത്തിന് മുന്പ് തന്നെ ഇവിടെ മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം സൌജന്യമാക്കിയിരുന്നു. ഒന്നാം ക്ലാസ് പ്രവേശ പ്രായം 5 വയസ്സാക്കുകയും 'ഫോറം' എന്നതിന് പകരം ഇന്നുകാണുന്ന 'സ്റ്റാന്റേഡ്' രീതി നിലവില്‍ വരികയും ചെയ്തു. ഇതൊക്കയാണെങ്കിലും അങ്ങേയറ്റത്തെ അരാചകത്വവും കുത്തഴിഞ്ഞ സംവിധാനവുമായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ മേഖല. ദീര്‍ഘകാലം അധ്യാപകനായിരുന്ന ഫാദര്‍ വടക്കന്റെ അക്കാലത്തെ അനുഭവം ഇതിന് സാക്ഷ്യം പറയും: 'അങ്ങിനെയിരിക്കുന്പോഴാണ് ഇടവക പള്ളിക്കൂടത്തില്‍ എനിക്ക് ജോലി കിട്ടിയത്.14 വയസ്സുപ്രായം. 5 രൂപ ശന്പളം. മദ്രാസ് സംസ്ഥാനത്തിലെ എയിഡഡ് സ്കൂളായിരുന്നു അത്. 9 രൂപ ഗവണ്‍മെന്റ് മാനേജ്മെന്റിന് കൊടുക്കും. മാനേജര്‍ 5 രൂപ മാത്രം തന്ന് 9 രൂപക്ക് എന്റെ ഒപ്പ് സന്പാദിക്കും. 4 രൂപ പള്ളി വികാരിയും മാനേജരുംകൂടി പോക്കറ്റിലാക്കും. ഇതായിരുന്നു  അന്നത്തെ സന്പ്രദായം. അധ്യാപകര്‍ക്ക് യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. യാതൊരു കാരണവും കാണിക്കാതെ അന്നക്കന്ന് അധ്യാപകരെ പിരിച്ചുവിടല്‍ അവരുടെ ക്രൂര വിനോദമായിരുന്നു. പന്ത്രണ്ട് കൊല്ലത്തെ അധ്യാപക സേവനത്തിനിടയില്‍ രണ്ട് പ്രാവശ്യം എന്നെ പിരിച്ചുവിടുകയുണ്ടായി....'

ഇത്രമേല്‍ കുത്തഴിഞ്ഞ സാമൂഹികാന്തരീക്ഷത്തിലാണ് ഐക്യ കേരളത്തില്‍ ആദ്യ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്. സ്വാഭാവികമായും സര്‍ക്കാറിന്റെ സുപ്രധാന ചുവടുവപ്പും വിദ്യാഭ്യാസ മേഖലയില്‍ തന്നെയുണ്ടായി. വിദ്യാഭ്യാസ ബില്‍. 'സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനവും മെച്ചപ്പെട്ട സംഘാടനവു'മാണ്, 39 വകുപ്പുകളും 3 ഭാഗങ്ങളമുണ്ടായിരുന്ന ബില്ലിന്റെ ഉദ്ദേശ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും, മാനേജര്‍മാര്‍ പണം സര്‍ക്കാറിന് നല്‍കണം, ശന്പളം സര്‍ക്കാര്‍ നല്‍കും. ആവശ്യമെങ്കില്‍ സ്കൂളുകള്‍ സര്‍ക്കാറിന് ഏറ്റെടുക്കാം തുടങ്ങിയ വ്യവസ്ഥകളുണ്ടായിരുന്ന ബില്‍, വിദ്യാഭ്യാസത്തെ സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കി മാറ്റുകയും ചെയ്തു. കേരളത്തിന് പുത്തനുണര്‍വും അധ്യാപര്‍ക്ക് ആത്മവിശ്വാസവും പകര്‍ന്ന ബില്‍ നേരത്തെ തന്നെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിലിവിലുണ്ടായിരുന്നു: 'വളരെയൊന്നും വിപ്ലവകരമായിരുന്നില്ല ഈ നിബന്ധനകള്‍. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലും രാജസ്ഥാനിലും യുപിയിലും ഏതാണ്ട് ഇതേ വ്യവസ്ഥകളോടുകൂടിയ നിയമം നിലവിലുണ്ടായിരുന്നു. കേരള വിദ്യാഭ്യാസ ബില്ലിലെ പല വകുപ്പുകളും ആന്ധ്രപ്രദേശ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആക്ടില്‍നിന്ന് കടംകൊണ്ടവ പോലുമായിരുന്നു' (കെ രാജേശ്വരി, കമ്യൂണിസ്റ്റ് ഭരണവും വിമോനചന സമരവും).

എന്നാല്‍ കേരളത്തെ സംബന്ധിച്ചേടത്തോളം എല്ലാ കുറവുകളും നിലനില്‍ക്കെ തന്നെ  അത് അങ്ങേയറ്റം വിപ്ലവകരമായിരുന്നു. ഒട്ടേറെ കോടതി വ്യവഹാരങ്ങള്‍ക്കും ഒരു സര്‍ക്കാറിന്റെ പതനത്തിനും വരെ വഴിവച്ചെങ്കിലും, വിദ്യാഭ്യാസ മേഖലയില്‍ ഭരണകൂടത്തിന്റെ നിയന്ത്രണം സാധ്യമാണ് എന്ന മുന്നറിയിപ്പ് നല്‍കാന്‍ ആ നിയമത്തിനായി. വിദ്യാര്‍ഥികള്‍ക്കും വരുംതലമുറക്കും മാത്രമായിരുന്നില്ല അതിന്റെ നേട്ടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ആത്മകഥയില്‍ അതിങ്ങിനെ രേഖപ്പെടുത്തുന്നു: 'ബില്‍ നടപ്പായി ഒന്നാമത്തെ മാസം. വര്‍ധിപ്പിച്ച തോതില്‍ അധ്യാപകരും മറ്റ് സ്കൂള്‍ ജീവനക്കാരും ഹെഡ്മാസ്റ്റര്‍മാരില്‍ നിന്ന് ശന്പളം വാങ്ങിയതിന്റെ പിറ്റേന്ന് രാവിലെ അന്പതിലേറെ വയസ്സായ ഒരാള്‍ എന്റെ വീട്ടില്‍ വന്നു. അയാള്‍ക്കെന്നെ നേരിട്ട് കാണണമെന്ന് നിര്‍ബന്ധമായി. എന്നെ കണ്ടയുടനെ കുടുകുടെ കണ്ണീരൊഴുക്കിക്കൊണ്ടാ മനുഷ്യന്‍ എന്റെ കാല്‍ക്കല്‍ വീണു. ഞാനന്ധാളിച്ചുപോയി. വളരെ പണിപ്പെട്ടേ അയാളെ എന്റെ കാല്‍ക്കല്‍നിന്നെണീപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞുള്ളൂ. കുത്തിക്കുത്തിച്ചോദിച്ചപ്പോള്‍ ആ പാവം ഇപ്രകാരം പറഞ്ഞു - ഒന്നുമില്ല ഏമാന്നേ. നേരിട്ടൊന്ന് കാണണംന്നേ ഉള്ളൂ. അടിയന്‍ ഇവിടെത്തന്നെ സ്കൂളിലെ ശിപായിയാണ്. പത്തുമുപ്പതുകൊല്ലത്തെ സര്‍വീസുണ്ട്. ഇന്നലെ മാത്രമേ ശന്പളവും അലവന്‍സും തികച്ചെന്റെ കൈയ്യില്‍ കിട്ടിയുള്ളൂ. ഏമാന്നേ അടിയനും കുഞ്ഞുങ്ങളും മറക്കില്ല' (കൊഴിഞ്ഞ ഇലകള്‍).

അവിടെനിന്നിങ്ങോട്ട്  വിസ്മയകരമായ വളര്‍ച്ചയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായത്. സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയം/അണ്‍എയിഡഡ്, സ്വകാര്യ ഡീംഡ് സര്‍വകലാശാല, സ്വയംഭരണം (സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും), എന്നിങ്ങനെ പല മേഖലകളിലായി അത് വികസിച്ചു. ഓരോ വിഭാഗവും രൂപപ്പെടുകയും വികസിക്കുകയും ചെയ്തതിന് പിന്നില്‍ അതത് കാലത്തെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് മുതല്‍ സാക്ഷരതാ നിരക്ക് വരെ കാരണമായിട്ടുണ്ട്. 1975കള്‍ക്ക് ശേഷം വലിയ മാറ്റമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൌകര്യങ്ങളിലുണ്ടായത്. കൂടുതല്‍ സ്കൂളുകളുണ്ടായി. 1985-86 ലെ കണക്കനുസരിച്ച് 12,103 സ്കൂളുകളാണ് കേരളത്തിലുണ്ടായിരുന്നത്. പിന്നീട് സ്കൂളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. 2015ലെ കണക്കനുസരിച്ച് 12,615 സ്കൂളുകളാണ് കേരളത്തിലുള്ളത്. ഈ കാലയളവില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ എണ്ണം 5 ല്‍ നിന്ന് 15 ആയി ഉയര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. ഇതില്‍തന്നെ പലതും സ്പെഷലിസ്റ്റ് സര്‍വകലാശാലകളാണ്. കല മുതല്‍ നിയമം വരെ പഠിപ്പിക്കുന്ന സര്‍വകലാശാലകള്‍. ഇതിന് പുറമെ, സ്പേസ് ടെക്നോളജി, ശാസ്ത്ര ഗവേഷണ കേന്ദ്രം, എന്‍ ഐടി തുടങ്ങിയ സ്ഥാപനങ്ങളും കേരളത്തിലെത്തി. സര്‍ക്കാര്‍ മേഖലയില്‍ തന്നെ സ്വയംഭരണ കോളജുകളുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലകളില്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ വളര്‍ച്ച ഇക്കാലയളവില്‍ കേരളത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ കുതിപ്പിന് വഴിയൊരുക്കി. ഉന്നത വിജയം നേടുന്നവര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക് കേരളത്തിലെ ശരാശരി വിദ്യാര്‍ഥികള്‍ക്ക് വരെ കടന്നുചെല്ലാന്‍ അവസരമൊരുക്കി (അതിന്റെ പ്രത്യാഘാതംകൂടി കേരളം അവുഭവിക്കന്നുണ്ടെങ്കിലും). 30 കൊല്ലം മുന്പ് 5 മെഡിക്കല്‍ കോളജുകളും 5 എന്‍ജിനീയറിങ് കോളജുകളുമുണ്ടായിരുന്ന കേരളത്തില്‍ 180 എന്‍ജിനീയറിങ് കോളജുകളും 35 മെഡിക്കല്‍ കോളജുകളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ആഗോളവത്കരിക്കപ്പെട്ട തൊഴില്‍വിപണിക്ക് ഇണങ്ങുന്ന ഉദ്യോഗാര്‍ഥികളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള എല്ലാ വിദ്യാഭ്യാസ ശാഖകളും ഇന്ന് കേരളത്തിലെത്തിയിട്ടുണ്ട്. അതിനനുസരിച്ച സ്ഥാപനങ്ങളും അക്കാദമിക് സംവിധാനങ്ങളും ഉണ്ടായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ നയപരമായി നയിക്കുന്ന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍, അക്കാദമിക് ഗവേഷണങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട എസ് സി ഇ ആര്‍ ടി, തുടങ്ങി വിക്ടേഴ്സ് ചാനല്‍  വരെയുള്ള വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങള്‍ അനുബന്ധമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇങ്ങിനെ ഭൌതിക സാഹചര്യങ്ങളില്‍ പ്രകടമായ വളര്‍ച്ച തന്നെ രേഖപ്പെടുത്താനാകും.



വിവാദങ്ങള്‍ക്കൊപ്പം വളര്‍ന്ന വിദ്യാഭ്യാസം

എന്നാല്‍ അത്രതന്നെ ലളിതമോ അനായാസമോ ആയിരുന്നില്ല ഈ വളര്‍ച്ചയും വികാസവും. ഐക്യ കേരളത്തിന്റെ ആദ്യ സര്‍ക്കാര്‍ മുതല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇന്നുവരെ കൊണ്ടുവന്ന ഓരോ പരിഷ്കാരവും വിവാദങ്ങളുടെയും വന്‍ പ്രക്ഷോഭങ്ങളുടെയും അകന്പടിയോടെയാണ് നടപ്പായത്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാക്കിയ  മുണ്ടശ്ശേരിയുടെ ബില്‍, ആ സര്‍ക്കാറിന്റെ പതനത്തിന് തന്നെ വഴിവച്ചു. സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ ആധിപത്യം നേടിയിരുന്ന മത ജാതി ശക്തികള്‍ തന്നെയാണ് ആദ്യ നിയമനിര്‍മാണത്തിനെതിരെയും പടനയിച്ചത്. ഈ പാരന്പര്യം പിന്നീടുള്ള 60 വര്‍ഷവും തുടര്‍ന്നു. ഇന്നും വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സമ്മര്‍ദ ശക്തിയായി നിലനില്‍ക്കുന്നതും മത-ജാതി സംഘടനകളും അവയോട് ആഭിമുഖ്യമുള്ള വിദ്യാഭ്യാസ ഏജന്‍സികളുമാണ്. ക്രൈസ്തവ സഭകള്‍, എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ ജാതി-മത സംഘടനകളും എം ഇ എസ് പോലുള്ള സാമുദായിക വിദ്യാഭ്യാസ ഏജന്‍സികളും ഈ രംഗത്ത് പ്രത്യക്ഷമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

വിമോചന ബില്‍

എല്ലാതരം സമ്മര്‍ദ ശക്തികള്‍ക്കുമെതിരായ നിയമനിര്‍മാണങ്ങളാണ് ഭരണകൂടങ്ങള്‍ നടത്തുന്നത് എന്ന പ്രതീതി ആദ്യ സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചിരുന്നു. അത്തരമൊരു നിലപാട് ബോധപൂര്‍വം സ്വീകരിക്കേണ്ടത് അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യവും അന്നുണ്ടായിരുന്നു. ആദ്യ സര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രിയുടെ അനുഭവം അതിന് അടിവരയിടുന്നതാണ്: 'താരതമ്യേന ദരിദ്രനായിരുന്ന ഞാന്‍ രണ്ടുംകല്‍പിച്ച് എട്ടാം ക്ലാസില്‍ ചേര്‍ന്നത് എന്റെ കുടുംബത്തെ സംബന്ധിച്ചേടത്തോളം അല്പം അധികപ്പറ്റായിരുന്നു. എന്നിരുന്നാലും അന്നത്തെ കണ്ടശ്ശാംകടവിലെ പൊതുജീവിതത്തില്‍ എന്റെ ആ പ്രവൃത്തി അവിവേകമോ അനീതിയോ ആയിപ്പോകുമെന്ന് ഞാന്‍ കരുതിയില്ല. ഒരുദിവസം ചങ്ങാതിമാരുമൊന്നിച്ച് സ്കൂളിലേക്ക് പോകുംവഴി അങ്ങാടിയില്‍ എന്റെ തറവാട്ടുകാരന്‍ തന്നെയായ ഒരു പ്രമാണി തന്റെ മാളികയുടെ വരാന്തയിലിരുന്നുകൊണ്ട് ഈ ചെക്കനും മറ്റും ഹൈസ്കൂളില്‍ പഠിക്കാന്‍ എന്തുകാര്യം എന്നുറക്കെ പറയുന്നതായി കേട്ടു. ഞാന്‍ പിന്നാക്കം തിരിഞ്ഞുനോക്കി. ആ മനുഷ്യന്‍ അവിടെയുണ്ട്. വീണ്ടും പറഞ്ഞു അയാള്‍ - അതേ നിന്നെപ്പറ്റിത്തന്ന്യാ പറഞ്ഞത്. എന്റെ അസ്ഥിബന്ധങ്ങള്‍പോലുമിളകി. ആ സംഭവം എനിക്കൊരു ഇടിവെട്ടായിരുന്നു. അന്നുഞാന്‍ പ്രതിജ്ഞ ചെയ്തു, ഉയര്‍ന്നുപഠിച്ചേയിരിക്കൂ എന്ന്. എന്ന് മാത്രമല്ല, ബുദ്ധിയുണ്ടായാല്‍ ആര്‍ക്കും എവിടെക്കയറിയും പഠിച്ച് പാസാകാന്‍ ഒക്കണം എന്നുള്ള ഒരുപുതിയ നീതിക്കുവേണ്ടി ഭാവിയില്‍ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നൊരു വാശി താനേ ഉളവാകുകയും ചെയ്തു. അതിന് ശേഷം പണത്തിന്റെ പേരില്‍ മാത്രം വലിയവന്‍മാരാകാന്‍ നോറ്റിട്ടുള്ളവരെ ധിക്കാരികളാക്കുന്ന സാമൂഹ്യ നീതിയോട് എനിക്കൊരു അസഹിഷ്ണുത വളര്‍ന്നുവശായി' (ജോസഫ് മുണ്ടശ്ശേരി, കൊഴിഞ്ഞ ഇലകള്‍). മുണ്ടശ്ശേരിയുടെ ഈ വാശിയും സാമൂഹിക ബോധവും ആ നിയമത്തിലൂടനീളം പ്രകടമായി.

എന്നാല്‍ അത്രതന്നെ സാമൂഹികബോധത്തോടെയല്ല പൊതുജനം ഈ നിയമത്തെ സ്വീകരിച്ചത്. മുണ്ടശ്ശേരി ലക്ഷ്യമിട്ടവരും അല്ലാത്തവരുമെല്ലാം ആ നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ചണിനിരന്നു. പൊടുന്നനെ തന്നെ അതൊരുബഹുജന പ്രക്ഷോഭമായി വളര്‍ന്നു. വിമനോചന സമരമെന്ന്  ചരിത്രം രേഖപ്പെടുത്തിയ ആ സമരത്തെ ആളിക്കത്തിച്ചത് വിദ്യാഭ്യാസം തന്നെയായിരുന്നു. 1957 ജൂലായ് 13-ാം തിയതി വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി സഭയില്‍ ബില്‍ അവതരിപ്പിച്ചു. അതിന് മുന്പേ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു. കത്തോലിക്ക സഭയാണ് ആദ്യം രംഗത്തിറങ്ങിയത്. പിന്നീട് സമരം ആളിക്കത്തിച്ചതും മുന്നോട്ടുനയിച്ചതും സഭ തന്നെയായിരുന്നു:  'ജൂലൈ 14ന് എറണാകുളത്തും കൊല്ലത്തും പ്രതിഷേധ റാലികള്‍ ഇരന്പി. അന്നുതന്നെ തിരുവനന്തപുരത്ത് കൂടിയ കെ പി സി സി എക്സിക്യൂട്ടിവ് ബില്ലില്‍ പ്രതിഷേധിച്ചു. ജൂലൈ21ന് കത്തോലിക്കര്‍ പ്രാര്‍ഥനാ ദിനം ആചരിച്ചു. ജൂലൈ 22ന് കോട്ടയത്തും 29ന് ആലപ്പുഴയിലും പ്രകടനം നടന്നു. ആഗസ്ത് 27ന് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. ആയിരത്തോളം ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. മിക്കവാറും തള്ളപ്പെടുകയും ചെയ്തു. സെപ്തംബര്‍ 2ന് ബില്‍ പാസായി' (കെ രാജേശ്വരി, കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും). നിയമം സ്വാഭാവികമായും കോടതി കയറി. നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ വന്ന വിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു.

ന്യൂനപക്ഷ അവകാശങ്ങളായിരുന്നു വിദ്യാഭ്യാസ ബില്ലിനെതിരായ എതിര്‍പിന് ക്രൈസ്തവ സഭകളും മറ്റും ആയുധമാക്കിയത്. കോടതി വിധികള്‍ ആ പരാതികളില്‍ ന്യായമുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ക്രിസ്ത്യാനികളും ഏഴിലൊന്ന് വരുന്ന മുസ്ലിംകളും കേരളത്തില്‍ ന്യൂനപക്ഷമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ചില സ്ഥലങ്ങളില്‍ അവര്‍ ഭൂരിപക്ഷമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ പക്ഷെ കോടതി തള്ളിക്കളഞ്ഞു. നാല് പതിറ്റാണ്ടിന് ശേഷം എം എ ബേബി കൊണ്ടുവന്ന സ്വാശ്രയ ബില്ലിലും സമാനമായ സ്വയംകൃത വ്യാഖ്യാനങ്ങളിലൂടെ (ഭരണഘടനാ വിരുദ്ധമെന്ന് വരെ വിമര്‍ശമുണ്ടായ) ന്യൂനപക്ഷത്തെ നിര്‍വചിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തി.

ബേബിയുടെ മുണ്ടശ്ശേരി മോഡല്‍

'സംസ്ഥാനത്തെ ഒരു ഘടകമായെടുത്തുകൊണ്ട് കോളജ് ഏത് ന്യൂനപക്ഷ സമുദായത്തിന്റേതാണോ ആ ന്യൂനപകഷ സമുദായവും ന്യൂനപക്ഷമല്ലാത്ത സമുദായവും തമ്മിലുള്ള ജനസംഖ്യാപരമായ സന്തുലനാവസ്ഥ താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണെങ്കില്‍ മാത്രമേ ഏതെങ്കിലും ഭാഷാപരമോ മതപരമോ ആയ ന്യൂനപക്ഷം സ്ഥാപിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്ന ധനസഹായം ലഭിക്കാത്ത ഏതെങ്കിലും ന്യൂനപക്ഷ പ്രൊഫഷനല്‍ കോളജോ സ്ഥാപനമോ എന്ന അംഗീകാരം നല്‍കുവാനും പദവി അനുവദിക്കാനും പാടുള്ളൂ......' എന്നാണ് 2006ലെ നിയമത്തില്‍ ന്യൂനപക്ഷം എന്നതിന്റെ  നിര്‍വചനത്തിന് നല്‍കിയിരിക്കുന്ന ആമുഖം. ഇതിനെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി വ്യാഖ്യാനിച്ചു: 'ന്യൂനപക്ഷ പദവി ലഭിച്ചുകഴിഞ്ഞാല്‍ ഈ രാജ്യത്തിലുള്ള നിയമങ്ങളൊന്നും ആ സ്ഥാപനത്തിന് ബാധകമല്ല എന്ന ഒരു സ്ഥിതി വിശേഷമാണുള്ളത്. ഇതാണോ യഥാര്‍ഥ ന്യൂനപക്ഷ സംരക്ഷണം? സംവരണ തത്വങ്ങള്‍ പാലിക്കപ്പെടുന്നത് വഴി ന്യൂനപക്ഷങ്ങളുടെ എന്ത് അവകാശങ്ങള്‍ക്കാണ് ഹാനി സംഭവിക്കുക? കച്ചവട താത്പര്യമല്ലാത്ത മറ്റെന്താണ് ഈ ന്യൂനപക്ഷ ഹാലിളക്കത്തിന് പിന്നിലുള്ളത്? ഇവിടെയാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച് ചില മാനദണ്ഡങ്ങള്‍ ഉണ്ടായേ പറ്റൂവെന്ന അവസ്ഥ സംജാതമാകുന്നത്.' (ആഗോളീകരണ കാലത്തെ വിദ്യാഭ്യാസം - ഒരു ഇടതുപക്ഷ സമീപനം, എം എ ബേബി). ഇത്രയും വലിയ വ്യാഖ്യാനങ്ങള്‍ പക്ഷെ കോടതിക്ക് ബോധ്യപ്പെട്ടില്ല. സ്വാശ്രയ മാനേജ്മെന്റുകളുടെ ഹരജി പരിഗണിച്ച ഹൈക്കോടതി നിയമത്തിലെ പ്രധാന വകുപ്പുകളെല്ലാം റദ്ദാക്കി. പ്രവേശനമാനദണ്ഡം നിശ്ചയിക്കുന്ന മൂന്നാം വകുപ്പ്‌, ഫീസ്‌ നിര്‍ണ്ണയം സംബന്ധിച്ച ഏഴാം വകുപ്പ്‌, ന്യൂന പക്ഷപദവി പരാമര്‍ശിക്കുന്ന എട്ടാം വകുപ്പ്‌, പ്രവേശന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പത്താം വകുപ്പ്‌ എന്നിവയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. ഭരണഘടനാവിരുദ്ധമായ വകുപ്പുകളാണിവയെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.

കേരളം ഒന്നാകെ ആഗ്രഹിച്ച സ്വാശ്രയ നിയമത്തെ അനായാസം തകര്‍ത്തുകളയാന്‍, അതിന്റെ എതിരാളികള്‍ക്കുള്ള സര്‍ക്കാര്‍ സഹായമായി ന്യൂനപക്ഷത്തോടുള്ള ഈ സങ്കുചിത രാഷ്ട്രീയ വീക്ഷണം മാറി.  ബില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിന് താത്പര്യമില്ലാത്തതിനാലാണ് ഭരണഘടനാ വിരുദ്ധമായ വകുപ്പുകള്‍ ചേര്‍ത്തെതെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ വരെ അതിശക്തമായി ഉന്നയിക്കപ്പെട്ട ഈ വിയോജിപ്പുകളോട് ഇടതുസര്‍ക്കാര്‍ സ്വീകരിച്ച സമീപനം,  ആ വിമര്‍ശത്തെ ശരിവക്കുന്ന തരത്തിലുമായിരുന്നു. ഇത് വലിയ നിരാശയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകരിലുണ്ടാക്കിയത്. കാരണം അത്രമേല്‍ സങ്കീര്‍ണവും ദുരൂഹവുമായ വിവാദമായി ഇതിനകം സ്വാശ്രയം മാറിക്കഴിഞ്ഞിരുന്നു.

ഇ എം എസ് തുടങ്ങിവച്ച സ്വാശ്രയം

1967ലെ ഇ എം എസ് സര്‍ക്കാറാണ് കേരളത്തില്‍ ആദ്യമായി സ്വാശ്രയ കോളജ് അനുവദിക്കുന്നത്. തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളജ്. 11.43 ഏക്കര്‍ സ്ഥലം സൌജന്യമായി നല്‍കിയായിരുന്നു കോളജിന്റെ തുടക്കം. പിന്നീട് ഡയറക്ട് പേമെന്റ് സിസ്റ്റവും എയിഡഡ് സംവിധാനവുമൊക്കെ നിലവില്‍ വന്നിട്ടും ലോ അക്കാദമി സ്വാശ്രയമായി തന്നെ നിലനിന്നു. ഒരു സ്വാശ്രയ കോളജ് ഏതൊക്കെ തരത്തില്‍ പ്രതിലോമകരമാകുമെന്നാണോ കേരളം ആശങ്കപ്പെടുന്നത്, അവയെല്ലാം വേണ്ട അളവില്‍ സമ്മേളിച്ച സ്ഥലമായിരുന്നു ലോ അക്കാദമി. എല്ലാ സര്‍ക്കാറുകളുടെയും നിര്‍ലോഭമായ പിന്തുണ അക്കാദമിക്ക് രഹസ്യമായും പരസ്യമായും ലഭിക്കുകയും ചെയ്തു. അതേസമയം കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ക്കെതിരെ അതിശക്തമായ വിദ്യാര്‍ഥി-ഇടത് സമരം നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്നു. അവയൊന്നും പക്ഷെ 2017വരെ ലോ അക്കാദമിയെ സ്പര്‍ശിച്ചുമില്ല.

ലോ അക്കാദമി സ്ഥാപിതമയി പിന്നെയും 25 വര്‍ഷം കഴിഞ്ഞ്,  പരിയാരത്ത് സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള എം വി രാഘവന്റെ തീരുമാനമാണ് കേരളത്തില്‍ സ്വാശ്രയ വിരുദ്ധ സമരത്തിന് തിരികൊളുത്തിയത്. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കിയതിന്റെ ചരിത്രം എം വി രാഘവന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്: '1992 ജനുവരി 2. വടക്കന്‍ മലബാറിന്റെ ഒരു ചിരകാല സ്വപ്നം സാക്ഷാത്കൃതമായ ദിനം. വിദഗ്ധ ചികിത്സക്ക് മംഗലാപുരത്തെയോ മണിപ്പാലിനെയോ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു വടക്കന്‍ മലബാറുകാര്‍ക്ക്. ആ ഗതികേടിന് അറുതിവന്നത് പരിയാരം മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായപ്പോഴായിരുന്നു.' (ഒരുജന്മം: എംവിആറിന്റെ ആത്മകഥ). സിപിഎമ്മിനെ വെല്ലുവിളിച്ച് പാര്‍ട്ടിവിട്ട്, മുന്നണി മാറി മത്സരിച്ച് മന്ത്രിയായ എം വി രാഘവനോടുള്ള സിപിഎമ്മിന്റെ അടങ്ങാത്ത വിദ്വേഷമായിരുന്നു പരിയാരം സമരത്തിന് എണ്ണപകര്‍ന്നത്: 'മുഖ്യമന്ത്രി കെ കരുണാകരന്‍ ചെയര്‍മാനും ഞാന്‍ വൈസ് ചെയര്‍മാനുമായ ട്രസ്റ്റിന്റെ ഭരണസമിതി മെഡിക്കല്‍ കോളജിനെ സ്വകാര്യ സ്വത്താക്കുന്നു എന്ന കുപ്രചാരണമാണ് സി പി എം ആദ്യം മുതല്‍ അഴിച്ചുവിട്ടത്. ആടിനെ പട്ടിയാക്കാന്‍ ഇവര്‍ക്കുള്ള മിടുക്ക് ഒന്നുവേറെ തന്നെ. മെഡിക്കല്‍ കോളജ് പദ്ധതിയെ ആദ്യം എതിര്‍ത്തത് ഇ എം എസ് തന്നെയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജുള്ളപ്പോള്‍, കണ്ണൂരില്‍ ഒന്നിന്റെ ആവശ്യമെന്തെന്ന് എന്നായിരുന്നു ഇ എം എസ് ചോദിച്ചത്. എതിര്‍പുകളെയും പ്രതിബന്ധങ്ങളെയും തെരുവുകളില്‍ രക്തമൊഴുക്കിയ സമരങ്ങളെയും തരണം ചെയ്ത് ലക്ഷ്യവുമായി മുന്നോട്ടുപോയി. സ്വപ്നസാക്ഷാത്കാരത്തിന്റെ സായൂജ്യത്തില്‍ ജനങ്ങള്‍ അമരുന്പോള്‍ സിപിഎമ്മിനാകട്ടെ കലിതുള്ളല്‍. ദേശസ്നേഹത്തേക്കാള്‍ അവരെ നയിച്ചത് എന്നോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ വികാരമായിരുന്നു. ഉദ്ഘാടനം നടത്തിക്കില്ല എന്നുവരെ അവര്‍ പ്രഖ്യാപിച്ചു. അതിനുള്ള കോപ്പുകളും കൂട്ടി. സിപിഎം പ്രതിഷേധത്തിന്റെ എല്ലാ കുന്തമുനകളും എടുത്തുപയറ്റിയെങ്കിലും മലബാറിന്റെ ശാപമോക്ഷം തന്നെയായി മാറി പരിയാരത്തിന്റെ ഉദ്ഘാടനം. സിഎംപിക്കും എനിക്കും എതിരെയുള്ള അക്രമസമരങ്ങള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതെവന്നപ്പോള്‍ എന്നെ ശാരീരികമായി വകവരുത്താനായി അവരുടെ നീക്കം' (ഒരുജന്മം: എംവിആറിന്റെ ആത്മകഥ). രാഘവനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ച സിപിഎം അത് വിജയിപ്പിക്കാന്‍ വേണ്ട വീറും വാശിയും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നുകൊടുത്തിരുന്നു. ആ പ്രക്ഷോഭമാണ് 1994ല്‍ കൂത്തുപറന്പില്‍ അഞ്ചുപേര്‍ മരിച്ച വെടിവപ്പില്‍ കലാശിച്ചത്.

'സി പി എം ഗൂഡാലോചനയുടെ ഫലമായിരുന്നു കൂത്തുപറന്പ് സംഭവം.
കൂത്തുപറന്പ് സഹകരണ ബാങ്കിന്റെ സായാഹന ശാഖയുടെ ഉദ്ഘാടനത്തിനെത്തുന്ന എന്നെ അവിടെ ശാരീരികമായി ഉന്മൂലനം ചെയ്യാനായിരുന്നു പരിപാടി. ഈ ഗൂഡോലോചനകളെപ്പറ്റി എനിക്കോ ഗവണ്‍മെന്റിനോ വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചക്ക് 12 മണിക്കായിരുന്നു ഉദ്ഘാടനം. ടൌണ്‍ഹാളിന് 30 മീറ്റര്‍ അകലെയെത്തിയപ്പോള്‍ വാഹനവ്യൂഹത്തിന്റെ യാത്ര നിലച്ചു. ആയിരക്കണക്കിന് പേര്‍ വഴിതടഞ്ഞിരിക്കുന്നു. നാലുഭാഗത്തുനിന്നും ഏറുവന്നു. പൊലീസ് സംഘം എന്റെ കാര്‍ വളഞ്ഞ് സുരക്ഷാവലയം സൃഷ്ടിച്ചു. ലാത്തിവീശി വഴിയുണ്ടാക്കി എന്നെ ടൌണ്‍ഹാളിലേക്ക് നയിച്ചു. ടൌണ്‍ഹാളും നിറഞ്ഞുകവിഞ്ഞിരുന്നു. കൊലവിളി നടത്തുന്ന സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍. ബഹളത്തിനിടയില്‍ ഞാന്‍ പ്രസംഗിച്ചു. പെട്ടെന്ന് പുറകില്‍നിന്ന് കസേരകൊണ്ട് അടിവന്നു. ഗണ്‍മാന്‍ അത് തടഞ്ഞു. ഏറുതുടരുന്നതിനിടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊലീസ് വലയത്തിനുള്ളില്‍ എന്നെ പുറത്തേക്കുകൊണ്ടുപോയി. കാറില്‍ കയറ്റി, പുറത്തും ശക്തമായ കല്ലേറ്. ലാത്തിവീശി അക്രമികളെ പായിച്ച് എന്റെ വാഹനം മുന്നോട്ടുനയിച്ചു. കണ്ണൂര്‍ ഗസ്റ്റഹൌസിലെത്തി. കുറേകഴിഞ്ഞ് കൂത്തുപറന്പില്‍ പൊലീസ് വെടിവച്ചതായും മുന്നുപേര്‍ മരിച്ചതായുമുള്ള വിവരം ലഭിച്ചു. ഏറെ വൈകാതെ മരണസംഖ്യ അഞ്ചാണെന്നും അറിഞ്ഞു' (ഒരുജന്മം: എംവിആറിന്റെ ആത്മകഥ).

രാഘവന്‍ വിരുദ്ധതക്കുള്ള സൈദ്ധാന്തിക ന്യായമായിരുന്നു അന്നത്തെ സ്വാശ്രയ വിരോധമെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചെങ്കിലും ആ സമരം സ്വാശ്രയ സംവിധാനത്തിലെ അപായസൂചനകളിലേക്ക് കേരളീയ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചു. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ
കൂത്തുപറന്പ്  വെടിവപ്പിന് ശേഷം പിന്നിട്ട കാല്‍നൂറ്റാണ്ടിനിടെ സിപിഎം തന്നെ സ്വാശ്രയ കോളജുകളുടെ സ്ഥാപകരും നടത്തിപ്പുകാരുമായി മാറി. കഴിഞ്ഞ 23 വര്‍ഷത്തിനിടെ കേരളത്തിലെ സ്വാശ്രയ രംഗം ഏതളവില്‍ വികസിച്ചുവെന്ന് പരിശോധിച്ചാല്‍ തന്നെ കൂത്തുപറന്പ് സമരം കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എത്രമേല്‍ ദുര്‍ബലമായ സ്വാധീനമാണ് സൃഷ്ടിച്ചതെന്ന് വ്യക്തമാകും. സമരം നയിച്ചവരെപ്പൊലും അത് ഗുണപരമായി സ്വാധീനിച്ചില്ല. സമരത്തിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇടത് സര‍്‍ക്കാര്‍ തന്നെ സ്വാശ്രയ കോളജുകള്‍ അനുവദിച്ചു. പരിയാരം കോളജ് സ്വാശ്രയമായിത്തന്നെ നിലനില്‍ക്കുകയും അത് സിപിഎം ഭരിക്കുകയും ചെയ്തു. എങ്കിലും ഈ സമരം ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഭിമാന സമരമാണ്.  സമരം നയിച്ച ഡി വൈ എഫ് ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി എം വി ജയരാജന്‍ സമരത്തെക്കുറിച്ച് പിന്നീടെഴുതി: 'കേരളത്തിന്റെ രാഷ്ട്രീയ പോരാട്ട ചരിത്രത്തിലെ ചോരകിനിയുന്ന ഒരേടാണ് കൂത്തുപറന്പ്. ഒരുനാളും വിസ്മൃതിയിലാകാത്ത ഓര്‍മയുടെ സജീവ സാന്നിധ്യം. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനും സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്കുമെതിരെ രണപൌരുഷങ്ങള്‍ നെഞ്ചുവിരിച്ച് നടത്തിയ പോരാട്ടമാണത്. പോരാളികളുടെ മനസ്സില്‍ ആവേശത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ വിതറുന്ന ധീരതയുടെ സൂത്രവാക്യം. അതാണ് കൂത്തുപറന്പ്. 1994 നവംബര്‍ 25ന്റെ കൂത്തുപറന്പ്. പാവപ്പെട്ടവന്റെ മക്കളുടെ പാഠശാലാ സ്വപ്നങ്ങളെ തല്ലിക്കെടുത്താനും പൊതുഖജനാവിനെ കൊള്ളചെയ്യാനുമുള്ള ഭരണവര്‍ഗ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ കനല്‍ക്കാറ്റുയര്‍ത്തിയ യുവജനപ്പോരാളികള്‍ക്ക് അന്ന് നേരിടേണ്ടി വന്നത് തീയുണ്ടകള്‍, കൊടിയ മര്‍ദനങ്ങള്‍. തികച്ചും സമാധാനപരമായി നടന്ന സമരത്തെ കാക്കിയുടെ ക്രൌര്യം വേട്ടയാടിയപ്പോള്‍ രക്തസാക്ഷിത്വം വരിച്ചത് ഉശിരന്‍മാരായ അഞ്ചുപേര്‍. ഒരുകറുത്ത തൂവാല മാത്രം കൈയ്യിലെടുത്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയവരാണ് അന്നത്തെ സമരസഖാക്കള്‍. പ്രതിഷേധ മുദ്രാവാക്യവുമായി വന്നവരില്‍ ഇരുനൂറോളം പേര്‍ ചോരയില്‍ കുളിച്ച് ആശുപത്രി കിടക്കയിലേക്ക് വലിച്ചെറിയപ്പെട്ടു. കൂത്തുപറന്പില്‍ അഞ്ചുമക്കളുടെ രക്തസാക്ഷിത്വം രോഷമാര്‍ന്ന യുവത്വത്തിന്റെ സമരവീഥികളില്‍ കരുത്തിന്റെ സര്‍ഗ സാന്നിധ്യമായി മാറുന്നു' (കൂത്തുപറന്പ് രക്തസാക്ഷി സ്മരണിക, പ്രസിദ്ധീകരണം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി, കണ്ണൂര്‍, 2002). വലിയ രാഷ്ട്രീയ മാറ്റത്തിനാണ് ആ പ്രക്ഷോഭം വഴിവച്ചത്: 'യു ഡി എഫ് ഭരണത്തിന്‍ കീഴില്‍ അരക്ഷിതാവസ്ഥയും ആശങ്കയും സമൂഹത്തെ ഗ്രസിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണത്തിനെതിരായ സമരവേദിയിലാണ് കൂത്തുപറന്പില്‍ അഞ്ച് യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചത്. പിടിപ്പുകേടും ധൂര്‍ത്തും ജനവിരുദ്ധതയും കൈമുതലാക്കിയ ഭരണാധികാരികള്‍ അന്ന് കേരളത്തെ അസ്വസ്ഥ ഭൂമിയാക്കുകയായിരുന്നു. കൂത്തുപറന്പിലുള്‍പെടെ കേരളത്തിലാകെ ഉയര്‍ന്ന പ്രതിഷേധവും രോഷവും ആ ഗവണ്‍മെന്റിന്റെ ഒറ്റപ്പെടലിലേക്കും പിന്നീട് തോല്‍വിയിലേക്കും നയിച്ചു' (പിണറായി വിജയന്, കൂത്തുപറന്പ് രക്തസാക്ഷി സ്മരണിക, പ്രസിദ്ധീകരണം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി, കണ്ണൂര്‍, 2002‍).

ഈ ആവേശമൊന്നും പക്ഷെ കേരളീയ പൊതുസമൂഹത്തെയോ ഇടതുപക്ഷത്തെ തന്നെയൊ ഒട്ടും സ്വാധീനിച്ചില്ല. എന്നല്ല, ഒട്ടുമൊരു അലോസരവുമില്ലാതെ കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസം പടര്‍ന്ന് വികസിക്കുകയും ചെയ്തു. സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പില്‍ക്കാലത്ത് വലിയ കുതിച്ചുചാട്ടമാണ് കേരളത്തിലുണ്ടായത്. നാടെങ്ങും മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകള്‍ സ്ഥാപിക്കപ്പെട്ടു. അതിന്റെ നേട്ടങ്ങളൊടൊപ്പം ദുരന്തവും പലരീതിയില്‍ കേരളം ഇന്നനുഭവിക്കുന്നുണ്ടെങ്കിലും നിഷേധിക്കാനാകാത്ത സാന്നിധ്യമായി അത് മാറിക്കഴിഞ്ഞു. ഓരോ അധ്യയനവര്‍ഷാരംഭത്തിലും സ്വാശ്രയം കേരളീയരുടെ രാഷ്ട്രീയ വിവാദങ്ങളെ സന്പന്നമാക്കുന്ന സ്ഥിരം ചേരുവയായി മാറുകയും ചെയ്തു.

സ്വാശ്രയ സമരം രണ്ടാം ഭാഗം

സ്വാശ്രയ വിവാദം കേരളീയരുടെ നിത്യജീവിതത്തിലേക്ക് കടന്നുവന്നത് എ കെ ആന്റണിയുടെ ഭരണത്തോടെയാണ്. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു ആന്റണിയുടെ സിദ്ധാന്തം. എന്നാല്‍ സ്വാശ്രയം യാഥാര്‍ഥ്യമായപ്പോള്‍ ഈ തത്വം പാലിക്കപ്പെട്ടില്ല. കത്തോലിക്ക സഭ അവരുടെ വഴിക്കും മറ്റുള്ളവര്‍ മറ്റൊരു വഴിക്കുമായി. മാനേജ്മെന്റുകള്‍, തന്നെ വഞ്ചിച്ചെന്ന് പിന്നീട് ആന്റണി വിലപിച്ചു. ഫീസ്, കരാര്‍, പ്രവേശം, സീറ്റ് വിഭജനം ഇവയാണ് ഓരോകൊല്ലവും ആവര്‍ത്തിച്ചുയരുന്ന വിവാദം. എന്നാല്‍ 2004ല്‍ ഐ എച്ച് ആര്‍ ഡി കോളജ് വിദ്യാര്‍ഥിനി രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്തത് സ്വാശ്രയ വിരുദ്ധ പ്രക്ഷോഭത്തെ വീണ്ടും ആളിക്കത്തിച്ചു. കൂത്തുപറന്പ് സമര കാലത്തെ അനുസ്മരിപ്പിക്കുംവിധം ഇടത് വിദ്യാര്‍ഥി യുവജനങ്ങള്‍ തെരുവില്‍ സമരപരന്പരകള്‍ സൃഷ്ടിച്ചു. രജനിയുടെ മരണം കഴിഞ്ഞയുടന്‍ എ ഐ എസ് എഫ് മുന്‍ പ്രസിഡഡന്റ് എഴുതി: 'കൌമാര ജീവിതത്തിന്റെ ഉയരങ്ങളില്‍നിന്ന് സ്വയംഹത്യയുടെ ആഴങ്ങളിലേക്ക് പറന്നിറങ്ങിയ രജനി ഒരു സമൂഹത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സത്യത്തിന്റെ വികൃത മുഖം കാണാതിരിക്കുകയും യാഥാര്‍ഥ്യത്തിന്റെ ബീഭത്സത അറിയാതിരിക്കുകയും ചെയ്യുന്നവരുടെ കണ്ണും കാതും തുറന്നുവക്കാന്‍ സ്വന്തം ജീവന്‍ ബലികഴിച്ചുകൊണ്ട് പ്രഹരം നല്‍കിയ ആപെണ്‍കിടാവ് സ്വാശ്രയ വിദ്യാഭ്യാസ വാണിഭത്തിന്റെ രക്തസാക്ഷിയാണ്. രജനി ഒരടയാളമാണ്. കേരളീയ വിദ്യാഭ്യാസ മണ്ഡലത്തില്‍ ഭരണകൂടവും വിദ്യാഭ്യാസ വ്യാപാരികളും ചേര്‍ന്ന് നട്ടുനനച്ച് വളര്‍ത്തി ഇന്ന് രക്തരക്ഷസിനെപ്പോലെ അലറിയാര്‍ത്ത് നില്‍ക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖല സൃഷ്ടിക്കാന്‍ പോകുന്ന ബലിയാടുകളുടെ ആദ്യസ്ഥാനക്കാരിയാണിവള്‍. മികവും പ്രതിഭയും തൃണസമാനമാകുകയും ലക്ഷങ്ങള്‍ മാത്രം മാനദണ്ഡമാകുകയും ചെയ്യുന്ന വിദ്യാഭ്യാസ കച്ചവടത്തിന് സഹകരണ-അര്‍ധ സര്‍ക്കാര്‍- സ്വകാര്യ ഭേദമില്ലെന്നുകൂടി ഐ എച്ച് ആര്‍ ഡി വിദ്യാര്‍ഥിനിയായ രജനി ഓര്‍മപ്പെടുത്തുന്നു. ബാങ്ക് വായ്പയുടെ മാത്രം പ്രശ്നമായി രജനിയുടെ ജീവത്യാഗത്തെ ലഘൂകരിച്ചുകൂടാ. ലക്ഷങ്ങള്‍ വിദ്യാഭ്യാസ വായ്പ വാങ്ങി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക്  കൂടിയുള്ള മുഖവുര രജനി കുറിച്ചിട്ടുണ്ട്. കനലെരിയുന്ന ജീവിതത്തില്‍നിന്ന് ഇല്ലായ്മകളെ പൊരുതിത്തോല്‍പിച്ച് സ്വന്തം പ്രതിഭകൊണ്ട് മാത്രം മുന്നേറിയവളാണ് രജനി. പക്ഷെ സ്വാശ്രയം എന്ന ഭീകര ജീവിയുടെ മുന്പില്‍ അവള്‍ക്ക് ജീവിച്ചുകൊണ്ട് പൊരുതാനായില്ല. അവള്‍ മരണത്തിലൂടെ സ്വാശ്രയം എന്ന ഭീകരതയെ വെല്ലുവിളിക്കുകയാണ്. ഭരണകൂടത്തെ ലജ്ജിപ്പിക്കുകയാണ്. പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രത്തിലേക്ക് നിണച്ചാലൊഴുക്കി ഒറ്റയാള്‍പോരാട്ടം ഭരണകൂടത്തിന്റെ നെറികെട്ട വിദ്യാഭ്യാസ നയത്തിനെതിരാണ്. വരാനിരിക്കുന്ന ദുരന്തപരന്പരകളുടെ ശ്രദ്ധക്ഷണിക്കല്‍ നടത്തിയ രജനി നല്‍കിയ പാഠം നമുക്ക് പഠിക്കാന്‍ കഴിയണം' (രജനി: വരാനിരിക്കുന്ന ദുരന്തപരന്പരകളുടെ ആമുഖം, വി പി ഉണ്ണികൃഷ്ണന്‍, മാധ്യമം, 2004 ജൂലൈ 27). ആരുമൊന്നും പക്ഷെ പഠിച്ചില്ല.

ഫീസടക്കാനില്ലാത്ത ദാരിദ്ര്യം മാത്രമായിരുന്നു ഇടത് സമരത്തിന്റെ കാതല്‍ എന്നതായിരുന്നു ആ പ്രക്ഷോഭങ്ങളുടെ പരിമിതി.  അതിലപ്പുറം, ആ മരണത്തിലെ സാമൂഹികവും ജാതീയവുമായ ഘടകങ്ങളെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. എന്നാല്‍ കടുത്ത ജാതി പീഢനവും വിവേചനവും രജനിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് അന്നുതന്നെ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് ദലിത് സ്വത്വവാദമാണെന്ന വര്‍ഗ സിദ്ധാന്ത ദുശ്ശാഠ്യങ്ങള്‍ക്ക് മുന്നില്‍ ആ വാദങ്ങളെല്ലാം നിഷ്പ്രഭമായി. രജനി സംഭവം അന്വേഷിച്ച ഖാലിദ് കമ്മീഷന് മുന്നിലും ദലിത് സ്റ്റുഡന്‍സ് മൂവ്മെന്റ് ഈ വാദം ഉന്നയിച്ചെങ്കിലും കാര്യമായി പരിഗണിക്കപ്പെട്ടില്ല. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യക്ക് പിന്നാലെ രാജ്യത്താകമാനം ഉയര്‍ന്നുവന്ന ദലിത് -പിന്നാക്ക ബഹുജന പ്രതിരോധമാണ് കാന്പസുകളില്‍ ഈ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ നേരിടുന്ന ഇന്‍സ്റ്റിറ്റ്യൂഷനല്‍ വിവേചനങ്ങളെ പുറത്തെത്തിച്ചത്. എന്നാല്‍ അതിനും 12 വര്‍ഷം മുന്പ് കേരളത്തില്‍ സമാനമായ മരണം സംഭവിച്ചിട്ടും അത് തിരിച്ചറിയാനോ അതിന്റെ സാമൂഹിക കാരണങ്ങള്‍ അന്വേഷിക്കാനോ കേരളത്തിന് കഴിഞ്ഞില്ല. അധീശ ന്യൂനപക്ഷത്തിന്റെ ആധിപത്യം അത്രമേല്‍ ശക്തമായാണ് കേരളീയ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത്. ഇപ്പോഴും ഈ വിവേചനം തുടരുന്നുമുണ്ട്. അന്നത്തെ ദലിത് വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒ പി രവീന്ദ്രന്‍ എഴുതുന്നു: 'രജനി. എസ് ആനന്ദ്, അടൂർ എഞ്ചിനിയറിംഗ് കോളജിൽ നിന്ന് ജാതിവിവേചനങ്ങളുൾപ്പെടെയുള്ള പീഡനങ്ങളേറ്റ്, പഠനം മറ്റൊരു കോളജിലേക്ക് മാറ്റാൻ വേണ്ടിയാണല്ലോ എൻട്രൻസ് കമ്മീഷനറെ സമീപിച്ചത്. ടി സി കിട്ടില്ലെന്നും, മറ്റൊരു കോളജിലേക്ക് മാറാൻ കഴിയില്ലെന്നും തന്റെ പഠനം അവസാനിച്ചെന്നും തിരിച്ചറിഞ്ഞ ആ നിമിഷം തന്നെയാണ് അവൾ മൂന്നാം നിലയിൽ നിന്ന് തന്റെ ജീവനെടുത്ത് വലിച്ചെറിഞ്ഞത്.തുടർന്ന് ദിവസങ്ങളോളം തിരുവനന്തപുരം നഗരം വിറപ്പിച്ച വല്യേട്ടൻമാർ ( SFI) യു.ഡി.എഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും (സ്വാശ്രയ വിദ്യാഭ്യാസത്തിന് പച്ചക്കൊടി കാട്ടിയ ഇടത് സർക്കാറിന്റെ നയങ്ങളെ വിദഗ്ധമായി മറച്ചു പിടിച്ചു കൊണ്ട്), അനിയൻമാർ (KSU) ബാങ്കുകൾക്കെതിരേയും സമരമഴിച്ച് വിട്ടു. പ്രതിഷേധങ്ങളറിയിച്ചു. ഇതിനിടയിൽ രജനി.എസ് ആനന്ദിന്റെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, സ്വാശ്രയ സ്ഥാപനങ്ങളിൽ നടക്കുന്ന ജാതിവിവേചനങ്ങളും പീഡനങ്ങളും അന്വേഷിക്കണമെന്നും, രജനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ദളിത് സ്റ്റുഡന്റ്സ് മൂവ് മെൻറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഒരു മാസക്കാലം നീണ്ട ഒരു സമരം നടന്നിരുന്നു. ഇതിൽ ആദ്യത്തെ ഒൻപത് ദിവസം നിരാഹാരം കിടന്നത് ഈയുള്ളവനായിരുന്നു. പിന്നീട് എം.ബി.മനോജും മോഹന കൃഷണനും, വാസുവും, മുരുക രാജും.. ( ലിസ്റ്റ് അപൂർണം) സർക്കാർ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഖാലിദ് കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും കുടുംബത്തിന് ഒരഞ്ച് പൈസ പോലും നഷ്ടപരിഹാരം അനുവദിച്ചില്ല. ഖാലിദ് കമ്മീഷനിൽ ഹാജരായി (ഒരു വർഷത്തോളം) രജനി എസ് ആനന്ദ് അനുഭവിച്ച ജാതിവിവേചനങ്ങളും അനീതികളും അക്കമിട്ട് നിരത്തി. ഒടുവിൽ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കപ്പെട്ടു. അതിന് മുകളിലൂടെ ഇടതും വലതും സർക്കാറുകൾ പലകുറി കൊടി വെച്ച് പറന്നു. പൊടിപിടിച്ചു കിടക്കുന്ന റിപ്പോർട്ട്, വെള്ളറടയിലെ ഒറ്റമുറി വീടിന്റെ മുറ്റത്ത് നീതി കിട്ടാതെ മണ്ണടിഞ്ഞ രജനിയുടെ അനാഥമായ ഓർമകൾ പോലെ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഇരുണ്ട മൂലകളിൽ ഇന്നും ഉണ്ടാകണം..!?' (ഫേസ്ബുക്ക് പോസ്റ്റ്, 2017 ജനുവരി 11).  12 വര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ലെന്നര്‍ഥം. ഇക്കൊല്ലം തൃശൂരില്‍ ആത്മഹത്യചെയ്ത വിദ്യാര്‍ഥിക്ക് ഞൊടിയിടയില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും അത് കൈമാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഒ പി രവീന്ദ്രന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ബോര്‍ഡ് വേണ്ട, പ്ലസ് ടു വേണം

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ച മറ്റൊരു പരിഷ്കാരമായിരുന്നു 1982ലെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ പ്രീഡിഗ്രി ബോര്‍ഡ് രൂപീകരണം. കോളജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി, 12+3 എന്ന പാറ്റേണിലേക്ക് മാറ്റാനുള്ള നീക്കമായിരുന്നു അത്. കേന്ദ്ര സര്‍ക്കാറ്‍ മുന്നോട്ടുവച്ച നിര്‍ദേശം കൂടിയായിരുന്നു അത്. എന്നാല്‍ അതിരൂക്ഷമായ ഇടത് വിദ്യാര്‍ഥി സമരത്തിനാണ് ഇതോടെ കേരളത്തില്‍ അരങ്ങുണര്‍ന്നത്. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന സമരം അക്രമാസക്തമായ സമരപന്പരകള്‍ തന്നെ സൃഷ്ടിച്ചു. തകര്‍ക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കണക്കില്ല. പരീക്ഷാപേപ്പറുകള്‍ ചുട്ടെരിക്കപ്പെട്ടു. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പരീക്ഷാഫലം പോലും പുറത്തുവരാത്ത അവസ്ഥ സംജാതമായി. പ്രീഡിഗ്രി നിര്‍ത്തലാക്കുന്നത് കോളജ് വിദ്യാഭ്യാസത്തെ വലിയ ദുരന്തത്തില്‍ എത്തിക്കുമെന്ന ഇടത് പ്രചാരണത്തിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ് നാടുനീളെ നടന്ന് മറപുടി പറഞ്ഞിട്ടും ഫലമുണ്ടായില്ല.
നിയമസഭയില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു. പ്രതിപക്ഷത്തെ ഒട്ടുമിക്ക അംഗങ്ങളും ആവര്‍ത്തിച്ചുന്നയിച്ച ചോദ്യങ്ങള്‍ക്ക് സുദീര്‍ഘമായ മറുപടികള്‍ ടി എം ജേക്കബ് നല്‍കിയെങ്കിലും പ്രതിപക്ഷത്തെ അതൊന്നും തൃപ്തിപ്പെടുത്തിയില്ല. ഏത് പേരിട്ട് വിളിച്ചാലും പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നായിരുന്നു ജേക്കബിന്റെ വാദം: 'ഇപ്പോള്‍ ഗവണ്‍മെന്റ് എടുത്തിരിക്കുന്ന തീരുമാനം യൂണിവേഴ്സിറ്റികളില്‍ നിലനില്‍ക്കുന്ന പ്രീ ഡിഗ്രി വിദ്യാഭ്യാസം യൂണിവേഴ്സിറ്റികളില്‍നിന്ന് ഡി ലിങ്ക് ചെയ്ത് പ്രത്യേക സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരാനും അത് ഇപ്പോള്‍ നടന്നുവരുന്ന കോളജുകളില്‍ നിലനിര്‍ത്താനുമാണ്. ഇന്ത്യയില്‍ പല സ്റ്റേറ്റുകളിലും ആരംഭ കാലഘട്ടത്തില്‍ തന്നെ ഇങ്ങിനെയൊരു സംവിധാനം സ്വീകരിച്ചിട്ടുണ്ട്......അക്കാദമിക്കായിട്ട് ഏറ്റവും നല്ല കോണ്‍സെപ്റ്റാണെന്നുള്ളത് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. 1964ല്‍ പത്താം ക്ലാസിന് ശേഷമുള്ള രണ്ട് വര്‍ഷക്കാലം പഠിക്കുന്നതിന് വേണ്ടി ജൂനിയര്‍ കോളജസ് കേരളത്തില്‍ ആരംഭിച്ചു. അന്ന് കേരളത്തില്‍ ഒരു യൂണിവേഴ്സിറ്റി മാത്രമേയുള്ളൂ. ഇതിന് നേതൃത്വം കൊടുത്ത പ്രൊഫ. സാമുവല്‍ മത്തായി തന്നെ പറഞ്ഞത് അന്ന് ആരംഭിച്ച മൂന്ന് ജൂനിയര്‍ കോളജുകളും അങ്ങിനെത്തന്നെ നിലനില്‍ക്കട്ടെയെന്നാണ്. പ്ലസ് ടു കോഴ്സിനെ പ്രത്യേകമായി ഒരു സംവിധാനത്തിന്‍ കീഴിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് അത് ചെയതത്. 10+2+3 എന്ന പാറ്റേണ്‍ 64 മുതല്‍ കേരളത്തില്‍ അഡോപ്റ്റ് ചെയ്തിട്ടുണ്ട്. കോത്താരി കമ്മീഷനും അതുപോലുള്ള മറ്റ് കമ്മീഷനുകളും പറഞ്ഞിരിക്കുന്നത് പ്ലസ് ടു എന്നത് യൂണിവേഴ്സിറ്റിയുടെ ഭാഗം അല്ലെന്ന് തന്നെയാണ്. ഇത് പ്രത്യേക സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗം തന്നെയാണ്. നാഷണല്‍ പോളിസിയില്‍ പ്ലസ് ടു കോഴ്സ് യൂണിവേഴ്സിറ്റിയുടെ ഭാഗമല്ലെന്നും അത് ഒരു പ്രത്യേക സ്റ്റാറ്റ്യൂട്ടറി ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരണമെന്നും കാറ്റഗോറിക്കലായിട്ട് പറഞ്ഞിട്ടുണ്ട്. പ്രീഡിഗ്രി ബോര്‍ഡ് എന്ന വാക്ക് നാഷണല്‍ പോളിസിയില്‍ പറഞ്ഞിട്ടില്ല.  10+2+3 എന്ന പാറ്റേണില്‍ പ്ലസ് ടു എന്ന് പറയുന്നതിന് കേരളത്തില്‍ കൊടുത്തിട്ടുള്ള പേര് പ്രീഡിഗ്രി എന്നാണ്. ചില സ്ഥലങ്ങളില്‍ ഹയര്‍സെക്കന്ററി എന്ന പേര് കൊടുത്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പ്ലസ് ടു ബോര്‍ഡ് എന്ന പേര് കൊടുത്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ സെക്കന്ററി കൌണ്‍സില്‍ എന്ന പേരു കൊടുത്തിട്ടുണ്ട്. കേരള സംസ്ഥാനത്ത് പ്രീഡിഗ്രി ബോര്‍ഡ് എന്ന പേര് കൊടുക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചു. പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ.' (നിയമസഭാ രേഖ, 1985 ജൂണ്‍ 24).

ഒരു വിശദീകരണത്തിനും ഒരു ഫലവുമുണ്ടായില്ല. സമരം ആളിക്കത്തി. പിന്നെ സര്‍ക്കാര്‍ മാറി. 1987ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ സര്‍ക്കാര്‍ പ്രീ ഡിഗ്രി വേര്‍പെടുത്താനുള്ള മുന്‍സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിച്ചു. 1987 ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു: '15-5-1986ന് മുന്‍ഗവണ്‍മെന്റ് പ്രീഡിഗ്രി ബോര്‍ഡിന്റെ രൂപീകരണത്തിന് വേണ്ടി ഒരു കരട് ബില്‍ ഉണ്ടാക്കാനായി എടുത്ത തീരുമാനം മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പ്രീഡിഗ്രി കോഴ്സിനെ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ തുടരും.' (നിയമസഭാ രേഖ-1987). എന്നാല്‍ 1996ല്‍ വന്ന ഇ കെ നായനാരുടെ തന്നെ ഇടതുമുന്നണി സര്‍ക്കാര്‍  ഹയര്‍സെക്കന്ററി എന്ന പേരില്‍ പ്രീഡിഗ്രി മാറ്റം നടപ്പാക്കി. കേരളത്തിലെ ഒരുതലമുറക്ക് പുതിയ വിദ്യാഭ്യാസ പദ്ധതി നഷ്ടമായത് മാത്രമായിരുന്നു മിച്ചം. ഇത്തരം നിരവധി സമരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയം മുതല്‍ വ്യക്തിപരമായ വിദ്വേഷം വരെ വലിയ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുമുണ്ട്.

കളിച്ചുപഠിക്കുന്ന പദ്ധതികള്‍

ലോകബാങ്ക് സഹായത്തോടെ 1994ല്‍ കേരളത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കരണമായിരുന്നു ഡി പി ഇ പി അഥവ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി. സമീപകാലത്ത്, പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ സമൂലമായ മാറ്റം. ലോകബാങ്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അത് കേരളത്തിന് കിട്ടുമായിരുന്നില്ല.  പക്ഷെ ആ മാനദണ്ഡങ്ങല്‍ക്കിണങ്ങുംവിധമാണ് കേരളത്തിന്റെ അവസ്ഥയെന്ന റിപ്പോര്‍ട്ടുണ്ടാക്കിയാണ് അത് നേടിയെടുത്തതെന്ന്, അതിന് വഴിയൊരുക്കിയ വിദ്യാഭ്യാസ ചിന്തകനായ ഡോ സോമന്‍ ഒരു അധ്യാപകന്റെ ഓര്‍മക്കുറിപ്പുകളില്‍ എഴുതുന്നുണ്ട്. എന്നാല്‍ അതുവരെ പിന്തുടര്‍ന്നിരുന്ന പാഠ്യപദ്ധതി ഉപേക്ഷിച്ച്, ലോകബാങ്ക് പിന്തുണക്കുന്ന രൂപകല്‍പനയോടെയുള്ള പാഠ്യപദ്ധതി  സ്വീകരിക്കാന്‍ ആ വായ്പ കേരളത്തെ നിര്‍ബന്ധിതമാക്കി. കേരളത്തിന് ഇണങ്ങാത്ത, എന്നാല്‍ പ്രത്യക്ഷത്തില്‍ വിപ്ലവകരമെന്ന് തോന്നുന്ന പാഠ്യപദ്ധതി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും വഴിവച്ചു. 'കുറെ കഴിഞ്ഞപ്പോള്‍ സാമൂഹിക നിര്‍മിതി വാദമെന്നും വിമര്‍ശനാത്മക ബോധനശാസ്ത്രമെന്നുമൊക്കയുള്ള സാങ്കേതിക സംജ്ഞകള്‍ പ്രയോഗിച്ചിട്ടും കാര്യങ്ങള്‍ നേരെയാക്കാന്‍ കഴിഞ്ഞില്ല. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്തു' (ശ്രീജിത്ത് ഇ, കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം). കാല്‍നൂറ്റാണ്ടിന് ശേഷം രണ്ടുതരം പാഠ്യപദ്ധതികളിലൂടെ കടന്നുവന്ന തലമുറകളെ താരതമ്യം ചെയ്യുന്പോള്‍, ഡിപിഇപി പ്രതിലോമകരമായ ഫലമാണ് കേരളത്തില്‍ സൃഷ്ടിച്ചതെന്നാണ് കാണാനാവുക. അക്ഷരാഭ്യാസം മുതല്‍ രാഷ്ട്രീയ ബോധം വരെ താരതമ്യേന പിന്നാക്കം പോയി. ഇപ്പോള്‍ കേരളം അനുഭവിക്കുന്ന, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ചക്ക് വഴിയൊരുക്കിയത് തന്നെ, പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ഉള്ളടക്കത്തില്‍ വന്ന ഈ മാറ്റമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്രമേല്‍ പ്രത്യാഘാതം സൃഷ്ടിച്ച പാഠ്യപദ്ധതി പരിഷ്കരണം അങ്ങേയറ്റത്തെ ലാഘവബുദ്ധിയോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. സമീപകാലത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ ഒട്ടുമിക്ക പരിഷ്കരണങ്ങളും ഈ രീതിയില്‍ തന്നെയാണ് നടപ്പാക്കിയത്.

തീ പിടിപ്പിക്കുന്ന പുസ്തകങ്ങള്‍

പാഠപുസ്തക പരിഷ്കരണം, ഫീസ് പുനര്‍നിര്‍ണയം തുടങ്ങിയ പരിഷ്കാരങ്ങളും കേരളത്തില്‍ വലിയ സമരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം സമരങ്ങള്‍ ഇന്നും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സര്വ‍സാധാരണമായി തുടരുന്നുമുണ്ട്. പാഠപുസ്തക പരിഷ്കരണങ്ങള്‍ക്കെതിരായ സമരം കേരള ചരിത്രത്തില്‍ എക്കാലത്തും സവിശേഷ ശ്രദ്ധ നേടിയിട്ടുണ്ട്. 1957ലെ സര്‍ക്കാറിന്റെ പരിഷ്കരണ നീക്കങ്ങള്‍ക്കെതിരായ സമരമായിരുന്നു കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യുവിന് മേല്‍വിലാസമുണ്ടാക്കി കൊടുത്തത്. അക്കാലത്തെ ചെറിയാന്‍ ഫിലിപ് രേഖപ്പെടുത്തുന്നതിങ്ങനെയാണ്: 'കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ പാഠപുസ്തകങ്ങള്‍ ചുവക്കാന്‍ തുടങ്ങി. ഹൈസ്‌കൂള്‍ ക്ലാസുകളിലെ സാമൂഹ്യപാഠപുസ്തകങ്ങളിലാണ് ചുവപ്പാക്രമണം. ടെക്സ്റ്റ് ബുക് കമ്മിറ്റികളില്‍ നുഴഞ്ഞുകയറിയ കമ്യൂണിസ്റ്റുകാരുടെ കരവിരുതാണിത്. റഷ്യയെയും ചൈനയെയും സ്തുതിച്ചപ്പോള്‍ ഇന്ത്യയെക്കുറിച്ചുള്ള പേജുകള്‍ വെട്ടിച്ചുരുക്കി. പതിനൊന്നാം സ്റ്റാന്റേഡ് പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ച് ഒരു അധ്യായം മാത്രമേ ഉണ്ടായിരുന്നുള്ളു. ചൈനയെക്കുറിച്ച് മൂന്ന് അധ്യായങ്ങളും. മാവോയുടെ ചൈന എന്ന അധ്യായത്തില്‍ നെഹ്‌റുവിന്റെ ഇന്ത്യയുമായുള്ള താരതമ്യപ്പെടുത്തല്‍ അവഹേളനപരമായിരുന്നു.... റഷ്യയെയും ചൈനയെയും സോഷ്യലിസ്റ്റ് പറുദീസകളായിട്ടാണ് സാമൂഹ്യപാഠങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. റഷ്യയിലെ അണക്കെട്ടുകളെക്കുറിച്ചുള്ള വര്‍ണനകുളം പാഠപുസ്തകത്തിലുണ്ടായിരുന്നു. നെഹ്‌റു ഇന്ത്യയുടെ കര്‍മക്ഷേത്രങ്ങളെന്ന് വിശേഷിപ്പിച്ച ഭക്രാനംഗല്‍, ദാമോദര്‍വാലി, ഹിരാക്കുഡ് എന്നീ അണക്കെട്ടുകള്‍ പുസ്തകമെഴുത്തുകാര്‍ക്ക് അജ്ഞാതമായിരുന്നു. .....ഭാരതത്തിന്റെ നേട്ടങ്ങള്‍ ശരിയായി വിലയിരുത്താത്ത പാഠഭാഗങ്ങള്‍ മാറ്റിയെഴുതണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചു. കലോത്സവങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കമ്യൂണിസ്റ്റ് നേതാക്കന്‍മാരുടെയും മേളകളായെന്ന് പ്രമുഖ സാഹിത്യനായകന്‍മാര്‍ ആക്ഷേപമുന്നയിച്ചു. സുകുമാര്‍ അഴീക്കോട് ചോദിച്ചു - ഈ സര്‍ക്കാറുദ്യോഗസ്ഥന്‍മാര്‍ വിടരുന്ന കലാകാരന്‍മാരാണോ?' (കാല്‍നൂറ്റാണ്ട്). 1962ല്‍  മുസ്‍ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സമയത്തും പാഠപുസ്തക സമരവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 2008ല്‍ ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരത്തിനിടെ അവതരിപ്പിച്ച 'മതമില്ലാത്ത ജീവന്‍' എന്ന അധ്യായവും കേരളത്തില്‍ വലിയ സമരങ്ങള്‍ക്ക് കാരണമായി. പാഠപുസ്തകത്തിലൂടെ മതനിരാസം പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം സമരത്തിന്റെ രൂപവും ഭാവവും മാറ്റി. ആ അധ്യായം പിന്നീട് പിന്‍വലിച്ചു.

'അലസിപ്പോയ വിമോചന സമരം'

ഫീസേകീകരണമായിരുന്നു പ്രമാദമായ മറ്റൊരു സമരം. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശന്പളം കൊടുക്കുക എന്ന ആവശ്യത്തിലൂന്നി 1971 ല്‍ കോളജ് അധ്യാപകരാണ് സമരം തുടങ്ങിയത്. ഫീസേകീകരണം അജണ്ടയാക്കി വിദ്യാര്‍ഥി സംഘടനകളും അതിനെ പിന്തുണച്ചു. ശന്പളം കൊടുക്കുകയാണെങ്കില്‍ കോളജുകളുടെ മേല്‍ നിയന്ത്രണാധികാരം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. 53 ദിവസം നീണ്ട സമരം സര്‍ക്കാറിന്റ ഉറപ്പ് മാത്രം വാങ്ങി പിന്‍വലിക്കേണ്ടിവന്നു. 1972 മേയില്‍ ഫീസ് ഏകീകരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍-സ്വകാര്യ കോളജുകളിലെ ഫീസ് തുല്യമാക്കുന്നതിനെതിരെ ക്രൈസ്തവ മാനേജ്മെന്റുകള്‍ തന്നെയാണ് പതിവുപോലെ ആദ്യം രംഗത്തിറങ്ങിയത്. കോളജുകള്‍ അടച്ചിട്ടു. ബിഷപ്പുമാര്‍ ജാഥ നയിച്ച് തെരുവിലിറങ്ങിയപ്പോള്‍ കേരളത്തില്‍ രണ്ടാം വിമോചന സമരത്തിന്റെ പ്രതീതിയായി. ചെറിയാന്‍ ഫിലിപ് എഴുതുന്നു:  ''എ കെ ആന്റണി ദൃഡസ്വരത്തില്‍ പറഞ്ഞു - 'പണ്ടത്തെപ്പോലെ സമുദായ നേതാക്കളും സന്പന്ന വര്‍ഗവും പടയൊരുക്കം നടത്തിയാല്‍ ഭയപ്പെടാത്തൊരു തലമുറ ഇന്ന് കേരളത്തില്‍ ശക്തി പ്രാപിച്ചിരിക്കുന്നു. സന്പന്ന വര്‍ഗത്തിനും സമുദായ പ്രമാണിമാര്‍ക്കും മേധാവിത്തമുള്ള ഇന്നത്തെ വ്യവസ്ഥിതി പൊളിച്ചെഴുതാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള പുതിയ ശക്തികളോട് പടയ്ക്കിറങ്ങുന്നത് സൂക്ഷിച്ച് വേണം.' വിദ്യാഭ്യാസ സമരത്തില്‍ സജീവമായി ഇടപെട്ടിരുന്നില്ലെങ്കിലും ഒരു പുതിയ വിദ്യാഭ്യാസ ചിന്ത അവതരിപ്പിക്കാന്‍ സി ഭാസ്കരന്‍ പ്രസിഡന്റായ എസ് എഫ് ഐ ശ്രമിച്ചിരുന്നു. എന്നാല്‍ കെ എസ് യുവിന്റെ വിദ്യാഭ്യാസ നയങ്ങള്‍ ഉപരിപ്ലവമാണെന്നും എസ് എഫ് ഐ ആക്ഷേപിച്ചിരുന്നു......  ആഗസ്റ്റ് 17നാണ് കോളജ് സമരം അവസാനിച്ചത്. അടുത്ത ദിവസം എ കെ ആന്റണി അലസിപ്പോയ വിമോചന സമരം എന്ന ശീര്‍ഷകത്തില്‍ ലേഖനമെഴുതി: 'പണ്ടൊക്കെയാണെങ്കില്‍ പള്ളിയും എന്‍ എസ് എസും ചേര്‍ന്ന് എതിര്‍ത്താല്‍പിന്നെ കോണ്‍ഗ്രസിന്റെ പൊടി കാണുകയില്ല. തിരുമേനിമാരുടെ മുഖം ചുവന്നാല്‍ മുന്പൊക്കെ കോണ്‍ഗ്രസുകാര്‍ അവരുടെ കാല്‍ക്കല്‍ അഭയംതേടുമായിരുന്നു. രണ്ടുമാസമായി മതത്തിന്റെ എല്ലാ സ്വാധീനങ്ങളും സമ്മര്‍ദങ്ങളും പ്രയോഗിച്ചിട്ടും കോണ്‍ഗ്രസിന്റെ ശരീരത്തില്‍ ഒരു പോറലെങ്കിലും ഏല്‍പിക്കാന്‍ ഇത്തവണ ഈ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒരു വിപ്ലവ ശക്തിയായി കോണ്‍ഗ്രസ് രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാന്‍ അവസരം തന്ന സമരക്കാരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.' എന്നാല്‍ സര്‍ക്കാര്‍ കീഴടങ്ങി എന്നാണ് മാര്‍ക്സിസ്റ്റ പാര്‍ട്ടി ആക്ഷേപിച്ചത്. മാനേജര്‍മാര്‍ക്ക് ഇതുവരെയുണ്ടായിരുന്ന ഒരു അവകാശവും നഷ്ടപ്പെട്ടിട്ടില്ലെന്നും സാന്പത്തികമായി വന്‍ നേട്ടമാണെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു' (ചെറിയാന്‍ ഫിലിപ്, കാല്‍നൂറ്റാണ്ട്). കോണ്‍ഗ്രസ് അവകാശപ്പെട്ടയത്ര നേട്ടമുണ്ടായില്ലെങ്കിലും സര്‍ സിപിയെയും പനന്പിള്ളിയെയും ഇ എം എസിനെയും മുണ്ടശ്ശേരിയെയും തകിടംമറിച്ച എന്‍ എസ് എസ്-ക്രൈസ്തവ സഭാധിപത്യത്തെ വെല്ലുവിളിക്കാനും (ഒരുപരിധിവരെ) കീഴടക്കാനും അന്നത്തെ കോണ്‍ഗ്രസിന് കഴിഞ്ഞു.



ഡയറക്ട് പേമെന്റ് സിസ്റ്റം

കോളജ് അധ്യാപക സമരം ഒത്തുതീര്‍ക്കാനുള്ള ഫോര്‍മുലയായിരുന്നു ഡയറക്ട് പേമെന്റ് സിസ്റ്റം. ഗവണ്‍മെന്റും സ്വകാര്യ കോളജ് മാനേജ്മെന്റും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന കരാറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കോളജ് അധ്യാപകര്‍ക്ക് ശന്പളവും വാര്‍ഷിക ഗ്രാന്റും സര്‍ക്കാര്‍ നല്‍കും,  നിയമനാധികാരം മാനേജ്മെന്റുകള്‍ക്കായിരിക്കും, കോളജുകള്‍ക്ക് സ്പെഷല്‍ ഫീസ് പിരിക്കാനും ചിവഴിക്കാനും അധികാരമുണ്ടായിരിക്കും. നിയമനാധികാരം ലഭിച്ചതോടെ മാനേജ്മെന്റുകള്‍ വലിയ സമ്മര്‍ദ-അധികാര കേന്ദ്രമായി മാറി. എയിഡഡ് മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഭാഗികമായി മാറുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഇതിനകം വലിയ സമ്മര്‍ദ ശക്തിയായി മാറിക്കഴിഞ്ഞ അധീശ വിഭാഗങ്ങളുടെ അധികാരം കൂടുതല്‍ പ്രത്യക്ഷമാകുകയും ദലിത് പിന്നാക്ക വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്തു. സ്വന്തമായി എയിഡഡ് സ്ഥാപനങ്ങളുണ്ടാക്കാന്‍ ശ്രമിച്ച മുസ്‍ലിം സമുദായത്തിന് ഈ സാഹചര്യത്തെ ആ രീതിയില്‍ ഒരുപരിധി വരെ അതിജീവിക്കാന്‍ കഴിഞ്ഞു.

വിദ്യാര്‍ഥി പ്രവേശനത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ സംവരണം ഉറപ്പാക്കിയെങ്കിലും നിയമനത്തില്‍ അത് ബാധകമാക്കിയില്ല. ഇതോടെ ദലിത് ആദിവാസി വിഭാഗങ്ങള്‍ പൂര്‍ണമായി ഈ മേഖലയില്‍നിന്ന് പുറത്തായി.  ദേവസ്വം ബോര്‍ഡ് നടത്തുന്ന കോളജുകളില്‍വരെ ഈ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക് ഇടംകിട്ടിയില്ല. കേരളത്തിലെ 150 എയിഡഡ് കോളജുകളിലെ 7199 അധ്യാപകരില്‍ 11 പേര്‍ മാത്രമാണ് എസ് സി- എസ് ടി വിഭാഗത്തില്‍നിന്നുള്ളത്. 39 സര്ക്കാര്‍ കോളജുകളിലെ 2335 അധ്യാപകരില്‍ 298 പേര്‍ ഈ വിഭാഗത്തില്‍നിന്നുള്ളവരാണ് എന്ന കണക്കിനോട് താരതമ്യം ചെയ്യുന്പോള്‍ അവസര നഷ്ടത്തിന്റെ ആഴം വ്യക്തമാകും. 1429 ഹൈസ്കൂളുകളിലെ 35,584 അധ്യാപകരില്‍ വെറും 86 പേര്‍ മാത്രാണ് എസ് സി - എസ് ടി വിഭാഗത്തില്‍നിന്നുള്ളവര്. 33,057 യുപി സ്കൂള്‍ അധ്യാപകരില്‍ ഈ വിഭാഗത്തില്‍നിന്നുള്ളവര്‍ 123 പേര്‍ മാത്രം. 36,287 പേരുള്ള എല്‍പിയില്‍ 238 പേരും. ആകെ 447 പേര്‍. ഹയര്‍സെക്കന്ററിയിലെ ജാതി തിരിച്ച കണക്ക് സര്‍ക്കാറിനും അറിയില്ല. (കണക്കുകള്‍ക്ക് അവലംബം: എയിഡഡ് വിദ്യാഭ്യാസ മേഖലയും ദലിതരും - ഒരു വസ്തുതാ പഠനം, 2010). അറുപതാണ്ട് പിന്നിട്ട സ്വതന്ത്ര കേരളത്തില്‍ വിദ്യാഭ്യാസ മേഖലയിലെ അര്‍ഹമായ പ്രാതിനിധ്യത്തിന് വേണ്ടി അയ്യങ്കാളിയുടെ പിന്മുറക്കാര്‍ ഇപ്പോഴും തെരുവില്‍ പോരാടുകയാണ്.

അറുപതാമാണ്ടിലെ അനുഭവങ്ങള്‍

ഇത്തരം പോരാട്ടങ്ങള്‍ക്ക് പൊതു സമൂഹത്തിലും മാധ്യമങ്ങളിലും കൂടുതല്‍ ദൃശ്യത ലഭിക്കുന്നുവെന്നതാണ് 60 കൊല്ലത്തെ കേരള യാത്രയിലുണ്ടായ സുപ്രധാന മാറ്റം. വിവേചനങ്ങളുണ്ടെന്ന്  വിളിച്ചുപറയുന്നവരുടെ എണ്ണവും വര്ധിച്ചിരിക്കുന്നു. കേരളത്തില്‍ ആധിപത്യം ചെലുത്തുന്ന രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ  നിര്‍വചനങ്ങള്‍ക്ക് പുറത്തായിരുന്നു ഇവരുടെ യഥാര്‍ഥ ജീവിതമെന്നത് ഇവരെ അദൃശ്യരാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായകമായി. 2007നും 2017നും ഇടയിലെ 10 വര്‍ഷത്തിനിടെ കേരളത്തിലെ കാന്പസുകളില്‍ ദലിത്-ഇടത്, മുസ്‍ലിം-ഇടത് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന് പിന്നിലും ഈ ദൃശ്യത കാരണമായിട്ടുണ്ട്. ജാതീയത അതിന്റെ ഏറ്റവും ഭീതിതമായ രീതിയില്‍ തന്നെ കേരളത്തിലെ കാന്പസുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്ന അനുഭവസാക്ഷ്യങ്ങള്‍ സമീപകാലത്ത് ഒരുപാടു പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് രജിസ്റ്ററില്‍ ഇപ്പോഴും പേരുള്ള ആതിര എന്ന വിദ്യാര്‍ഥിനിയുടെ അനുഭവം കൊടിയ ജാതീയതയുടെയും കടുത്ത വിവേചനത്തിന്റെയും തെളിവാണ്. ഇടുക്കി വണ്ടിപ്പെരിയാര്‍ വഞ്ചിവയലില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാളാണ് ആതിര. ദുരിതപൂര്‍ണമായ ജീവിതാവസ്ഥകള്‍ക്കിടയിലും മകളെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച മാതാപിതാക്കളുടെയും മിടുക്കിയായ ഒരുപെണ്‍കുട്ടിയുടെയും ജീവിതം തകര്‍ത്തത് ഇപ്പോഴും പരോക്ഷമായും പലപ്പോഴും പ്രത്യക്ഷമായും  അനുഭവപ്പെടുന്ന ജാതീയതയാണ്.  ആതിര തന്നെ സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു:  '2014 ല്‍ ആണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ചേരുന്നത്. റിസര്‍വേഷന്‍ ഉള്ളതുകൊണ്ടു തന്നെയാണു പ്രവേശനം കിട്ടിയത്. അതുപക്ഷേ ആരുടെയെങ്കിലും ഔദാര്യം ആണെന്നു ഞാന്‍ കരുതിയില്ല. പിറകില്‍ നിന്നാണു വരുന്നതെങ്കിലും അവിടെ നിന്നും മുന്നേറണമെന്നതു തന്നെയായിരുന്നു വാശി. എന്നാല്‍ റിസര്‍വേഷന്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴും കഴിവിന്റെ മാനദണ്ഡത്തില്‍ വിലയിരുത്താന്‍ അധ്യാപകരെ സഹപാഠികളോ പോലും തയ്യാറാകില്ല. അര്‍ഹതിയില്ലാത്തിടത്ത് കയറിക്കൂടി വന്നവരായി ഞങ്ങളെ കാണുന്നു.
ഓരോ ബാച്ചിനും ഒരു സ്റ്റാഫ്  അഡ്വൈസര്‍ ഉണ്ടാകും. ഞങ്ങളുടെ സ്റ്റാഫ് അഡ്വൈസറുടെ ആദ്യ ഉപദേശം ക്ലാസിലെ റിസര്‍വേഷന്‍ വിദ്യാര്‍ത്ഥികളോടായിരുന്നു. ഇങ്ങനെ വരുന്ന കുട്ടികള്‍ പരാജയപ്പെടാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ നന്നായി പഠിക്കണമെന്നുമുള്ള ആ ഉപദേശത്തിനു പിന്നിലെ വികാരം എന്തായിരുന്നുവെന്നു അധികമൊന്നും ആലോചിക്കേണ്ടതില്ലായിരുന്നു. മുന്‍സീറ്റില്‍ ഇരുന്ന എന്നെയും മറ്റൊരു കുട്ടിയേയും (അവളും റിസര്‍വേഷന്‍ കാറ്റഗറിയില്‍ പെട്ട കുട്ടി) അവിടെ നിന്ന് മാറ്റിയിരുത്തിയതിലൂടെ തന്നെ ഞങ്ങളോടുള്ള വിവേചനം വ്യക്തമായിരുന്നു. ഒരു വിദ്യാര്‍ത്ഥിയെ മാനസികമായി തകര്‍ക്കാന്‍ ഇതിലും മികച്ച ഉപായം വേറെയില്ലല്ലോ. ഞങ്ങളുടെ സ്ഥാനം എവിടെയാണെന്നു ബോധ്യപ്പെടുത്തുന്നതുപോലെ.
ഇന്റേണല്‍ മാര്‍ക്കിന്റെ ഇരയാകേണ്ടി വന്നവരില്‍ ഒരാളാണു ഞാനും. ഇന്റേണല്‍ മാര്‍ക്ക് മിനിമം 35 ആണെങ്കിലും എനിക്ക് തന്നത് 28. ആദ്യം ഇട്ടത് അതിലും കുറച്ചായിരുന്നു. എനിക്കൊപ്പമുള്ള കുട്ടിക്ക് കൃത്യം 35 കൊടുത്തെങ്കിലും എനിക്കുമാത്രം ആവശ്യം വേണ്ട മാര്‍ക്ക് തരാന്‍ സ്റ്റാഫ് അഡ്വൈസര്‍ തയ്യാറായില്ല. ഞാന്‍ പക്ഷേ അതേക്കുറിച്ച് ചോദിക്കാനൊന്നും പോയില്ല. ഇന്റേണല്‍ കുറവാണെങ്കിലും പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിയാല്‍ വിജയിക്കാന്‍ പറ്റുമല്ലോ എന്ന വാശിയായിരുന്നു. വിജയിക്കുമെന്നു തന്നെയായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ ഇന്റേണല്‍ മാര്‍ക്കിന്റെ അഭാവം കൊണ്ട് എഴു സബ്ജക്ടുകള്‍ എനിക്ക് സപ്ലി വന്നു. ഞാന്‍ റിവാല്യൂവേഷനു കൊടുത്തു. മൂന്നു സബ്ജക്റ്റുകള്‍ മാത്രമെ റീവാല്യുഷേനു നല്‍കാന്‍ കഴിയൂ എന്ന തെറ്റിദ്ധാരണകൊണ്ടാണു ഞാന്‍ ഏഴും കൊടുക്കാതിരുന്നത്. പക്ഷേ റിവാല്യൂവേഷനു കൊടുത്ത സബ്ജക്ടുകളില്‍ എല്ലാം ഞാന്‍ വിജയിച്ചു. ബാക്കിയുള്ളവയില്‍ രണ്ടെണ്ണം സപ്ലിയെഴുതി ജയിച്ചു.
എന്റെ പരാജയങ്ങള്‍ക്ക് ഞാനല്ല ഉത്തരവാദിയെന്നു തോന്നി. മറ്റരുടെയൊക്കെയോ ബോധപൂര്‍വമുള്ള ഇടപെടല്‍ പോലെ. അങ്ങനെയൊരു തോന്നല്‍ ഉണ്ടായതാണു Cetiasn എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ (സിഇടിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെ ആ ഗ്രൂപ്പില്‍ ഉണ്ട്) ഒരു പോസ്റ്റ് ഇടാന്‍ പ്രേരണയായത്. What is your opinion about reservation for students in CET? എന്നായിരുന്നു ആ പോസ്റ്റ്.  പക്ഷേ അതുവളരെ വലിയൊരു അപരാധമായി പോയി എന്നതുപോലെയായിരുന്നു പിന്നീടു നടന്ന സംഭവങ്ങള്‍.
എന്റെ പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ എല്ലാം വിയോജിച്ചുകൊണ്ടുള്ളതായിരുന്നു. ചിലര്‍ ഉപദേശിച്ചു, ചിലര്‍ വഴക്കിട്ടു. എല്ലാവരുടെയും കണ്ണില്‍ ഞാന്‍ അക്ഷന്തവ്യമായ ഏതോ അപരാധം ചെയ്തതെന്നപോലെ. അധ്യാപകരില്‍ പലരും എന്റെ പ്രവര്‍ത്തി ധിക്കാരപരമായി കണ്ടു. എന്നാല്‍ ഇതൊന്നും വീട്ടില്‍ അറിയിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. കാരണം, അവര്‍ പേടിക്കും. എന്നാല്‍ ഭയന്നതാണു നടന്നത്. വാര്‍ഡന്‍ തന്നെ വീട്ടുകാരെ വിളിച്ചു. എനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണു വാര്‍ഡന്‍ വീട്ടുകാരെ അറിയിച്ചത്. പിറ്റേദിവസം ഇടുക്കിയില്‍ നിന്നും വണ്ടിയും വിളിച്ചു അച്ഛനും അമ്മയും എത്തി. അവര്‍ വാര്‍ഡനെ കണ്ടു സംസാരിച്ചു. പിന്നെ സ്റ്റാഫ് അഡ്വൈസറുടെ അടുക്കലേക്കു പോയി. സംസാരം കഴിഞ്ഞു പുറത്തിറങ്ങിയ അമ്മയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അമ്മ കരഞ്ഞിട്ടുണ്ടെന്നു മനസിലായി. പുസ്തകങ്ങളും തുണികളുമെല്ലാം എടുത്തു കൂടെപ്പോന്നാളാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്.
അവര്‍ എന്നെ അവിടെയുള്ള ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തുകൊണ്ടുപോയി. സ്റ്റാഫ് അഡ്വൈസറും വാര്‍ഡനുമൊക്കെ എന്നെ കുറിച്ച് ഏതുതരത്തിലുള്ള ചിത്രമാണ് അച്ഛനും അമ്മയ്ക്കും കൊടുത്തിരിക്കുന്നതെന്ന് അപ്പോളെനിക്കു മനസിലായി. പരിശോധിച്ച ഡോക്ടറോടു എനിക്കു സംസാരിക്കാന്‍ കഴിഞ്ഞു. എന്നെ മനസിലായിട്ടോ എന്തോ അദ്ദേഹം മരുന്നുകളൊന്നും കുറിച്ചു തരാതെയാണ് അച്ഛനമ്മമാര്‍ക്കൊപ്പം എന്നെ യാത്രയാക്കിയത്. പക്ഷേ ഞാന്‍ വീണ്ടും മറ്റൊരു ഡോക്ടറുടെ മുന്നില്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം എനിക്കെന്തോ അസുഖം കണ്ടുപിടിച്ചു.
പഠനം മുടക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. വീട്ടുകാരുടെ മുന്നില്‍ നിര്‍ബന്ധം പിടിച്ചതോടെ അവര്‍ വീണ്ടും കോളേജില്‍ കൊണ്ടുവന്നു വിട്ടു. 2015 ഒടുവിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. 2016 ജനുവരി ആദ്യം മൂന്നാം സെമസ്റ്ററിന്റെ റഗുലര്‍ പരീക്ഷയ്ക്കുള്ള ഫീസടച്ചു. വീണ്ടും കോളേജില്‍ എത്തിയപ്പോഴും നേരത്തെ എന്നോട് എങ്ങനെയായിരുന്നോ ഇവിടെ നിന്നുള്ള പെരുമാറ്റം അതുതന്നെയായിരുന്നു തുടര്‍ന്നും ഉണ്ടായത്. പിന്നീടുണ്ടായ ഒറ്റപ്പെടുത്തല്‍ തങ്ങാവുന്നതിനും അപ്പുറമായിരുന്നു.
സ്റ്റാഫ് അഡ്വൈസര്‍  വീട്ടില്‍ പറഞ്ഞത് ഞാന്‍ മുന്‍വര്‍ഷങ്ങളിലെ പല പരീക്ഷകള്‍ക്കും പരാജയപ്പെട്ടതാണെന്നും ഇനി എഴുതാന്‍ പോകുന്ന പരീക്ഷകളില്‍ എല്ലാം തന്നെ പരാജയപ്പെടുമെന്നും ആയിരുന്നു. അതുകൊണ്ട് ഇനിയും തുടര്‍ന്നു പഠിക്കുന്നതില്‍ കാര്യമില്ലെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചു. പക്ഷേ അവരുടെ വാക്കുകള്‍ പൂര്‍ണമായി ഫലിച്ചില്ല. എന്നാല്‍ ടീച്ചര്‍മാരുടെ വാക്കുകളില്‍ വിശ്വസിച്ച മാതാപിതാക്കള്‍ എന്നെ വീണ്ടും വീട്ടിലേക്കു കൊണ്ടുപോയി. സിഇടിയില്‍ തുടര്‍ന്നു പഠിക്കേണ്ട നിലപാടായിരുന്നൂ വീട്ടില്‍. ഡിഗ്രിക്കു പോയാല്‍ മതിയെന്നായിരുന്നു തീരുമാനം. ഈ സമയത്താണ് നാലാം സെമസ്റ്ററിലെ ഞങ്ങളുടെയൊരു അധ്യാപിക എന്നെ ഫോണ്‍ ചെയ്യുന്നത്. പഠനം നിര്‍ത്തരുതെന്നും വെല്ലുവിളികള്‍ നേരിടണമെന്നും കിട്ടിയ അവസരം കളഞ്ഞിട്ടുപോകരുതെന്നും ടീച്ചര്‍ ഉപദേശിച്ചു. ടീച്ചര്‍ സംസാരിച്ചതോടെ വീട്ടുകാരും അയഞ്ഞു. കാര്യവട്ടത്തു ചേരുന്നതാണെന്നും മിസ് ഓര്‍മിപ്പിച്ചു. പക്ഷേ മൂന്നുമാസത്തോളമായി ട്രാന്‍സ്ഫര്‍ ഓഡറിനായി ഞാന്‍ അലയുന്നു. വിദ്യാഭ്യാസമന്ത്രിയുടെ പി എ യെതൊട്ട് പലരെയും കണ്ടു. പക്ഷേ ഫയലുകള്‍ ഒച്ചിഴയുന്ന വേഗതയിലാണു നീങ്ങുന്നത്.
സിഇടിയിലെ ഹോസ്റ്റലിലേക്ക് ഞാന്‍ തിരിച്ചു പോയപ്പോള്‍ ഡിപ്രഷന്‍ ആയ പിള്ളേര്‍ക്ക് ഇവിടെ നില്‍ക്കാന്‍ പറ്റില്ലാ എന്നു വാര്‍ഡന്‍ പറഞ്ഞു ഇറക്കി വിട്ടു. ഞാന്‍ ഇപ്പോഴും ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്തിട്ടില്ല, ഹോസ്റ്റലിലെ അന്തേവാസി ആണ്. എന്നാല്‍ എനിക്ക് അവിടെ നില്‍ക്കാനും പറ്റില്ല. ഞാന്‍ ഇപ്പോള്‍ പുറത്തെ ഒരു പ്രൈവറ്റ് ഹോസ്റ്റലില്‍ ആണ് നില്‍ക്കുന്നത്. പക്ഷേ ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മരണം കൊണ്ടു തോല്‍ക്കാന്‍ വയ്യാ, ജീവിതം കൊണ്ട് ജയിക്കണം…' (ആതിരയുടെ സംസാരം രേഖപ്പെടുത്തിയത് രാകേഷ് സനല്‍‍, അഴിമുഖം വെബ് ഫെബ്രുവരി-7-2017). രജനി എസ് ആനന്ദിന്റെ മരണം സംഭവിച്ച് 12 കൊല്ലം കഴിഞ്ഞിട്ടും കേരളത്തിലെ കാന്പസുകളില്‍നിന്ന് ഇത്തരം കൂടുതല്‍ കൂടുതല്‍ കഥകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്നത് നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ പരിമിതികള്‍ക്കൊപ്പം വിദ്യാഭ്യാസത്തിന്റെ പരാജയം കൂടിയാണ് വ്യക്തമാക്കുന്നത്. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് സമാനസ്വഭാവത്തിലുള്ള സംഭവങ്ങളും പരാതികളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

മലബാര്‍ വിവേചനത്തിന്റെ കേരള മോഡല്‍

'1901ല്‍ മലബാറിന്റെ വിദ്യാഭ്യാസ നിലവാരം കൊച്ചിയിലെയും തിരുവിതാംകൂറിലെയും വിദ്യാഭ്യാസ നിലവാരത്തിന് അടുത്ത് നിന്നിരുന്നു. പിന്നീടാണ് അന്തരം വര്‍ധിച്ചത്. വിവിധ ജില്ലകളുടെ സാക്ഷരതെയക്കുറിച്ച താരതമ്യ പഠനം അത് വ്യക്തമാക്കും. മദ്രാസ് ഡിസ്ട്രിക്ട് ഗസറ്റിയറില്‍ ഇന്നസ് നടത്തിയ ഒരുപരാമര്‍ശം (1931) ഇവിടെ എടുത്തുപറയത്തക്കതാണ്. മദ്രാസ് സംസ്ഥാനത്തിലെ ഇതര ജില്ലകളെ അപേക്ഷിച്ച് മലബാര്‍ വിദ്യാഭ്യാസ നിലവാരത്തില്‍ തുടര്‍ച്ചയായി ഉന്നതനിലവാരം പുലര്‍ത്തിപ്പോന്നിട്ടുണ്ടെന്നും മറ്റുജില്ലകളെ അപേക്ഷിച്ച് ഗ്രാമീണ ജനത കൂടുതല്‍ ആണെന്നിരുന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു' (ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ, തായാട്ട് ശങ്കരന്‍).

മലബാറിന്റെ ഈ വിദ്യാഭ്യാസ വളര്‍ച്ചക്ക് പിന്നില്‍ അക്കാലത്തെ പാരന്പര്യ വിദ്യാഭ്യാസ രീതികള്‍ക്കും മലബാറില്‍ പ്രാമുഖ്യമുണ്ടായിരുന്ന മുസ്‍ലിംകളുടെ പാഠ്യപദ്ധതികള്‍ക്കും വലിയ പങ്കുണ്ട്: 'മലബാറില്‍ പ്രവര്‍ത്തിച്ചിരുന്ന ചില മദ്രസകളില്‍ ഖുര്‍ആന്‍, നബിചര്യകള്‍, അറബി ഭാഷ എന്നിവ പഠിക്കുന്നതിനോടൊപ്പംതന്നെ ഭൂമിശാസ്ത്രം, ചരിത്രം, ഗോളശാസ്ത്രം, ഗണിതം, തര്‍ക്കശാസ്ത്രം, തത്വചിന്ത, വൈദ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ വിദ്യാര്‍ഥികളെ അഭ്യസിപ്പിച്ചിരുന്നു. ഈ വിഷയങ്ങളില്‍ അറബി ഭാഷയിലെഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനങ്ങള്‍ നടത്തിയിരുന്നത്. അവരെ പഠിപ്പിച്ച ചില പ്രധാന അറബി ഗ്രന്ഥങ്ങള്‍ ഇവയാണ് - ജ്യോമട്രിയിലെ യൂക്ലിഡിന്റെ ക്ഷേത്ര ഗണിതം, ഗോളശാസ്ത്രത്തിലെ തഷ്ഹീറുല്‍ അഫ്ലാക്, ഗണിതശാസ്ത്രത്തിലെ ഖുലാസത്തുല്‍ ഹിസാബ് വൈദ്യശാസ്ത്രത്തിലെ അര്‍റഹ്മത്... മധ്യകാല കേരളത്തില്‍, കേരള ചരിത്രം രചിച്ച പൊന്നാനിക്കാരനായ ഷേഖ്സൈനുദ്ദീന്‍ എന്ന വിഖ്യാത ചരിത്രകാരന്‍ മലബാറിലെ മദ്രസകളിലൂടെയാണ് വിദ്യാഭ്യാസം നേടിയത്. എന്നാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തോടെ ഈ മഹത്തായ പാരന്പര്യം ക്ഷയോന്മുഖമാകുകയും കേവലം മതപരമായ പഠനങ്ങളിലേക്ക് മാത്രം മദ്രസാ വിദ്യാഭ്യാസം പരിമിതപ്പെടുത്തുകയും ചെയ്തു. ഈ പരിണാമം ബ്രിട്ടീഷ് ഭരണാധികാരികളുടെ നിഷ്ഠൂരമായ സമീപനത്തിന്റെ ഫലമായുണ്ടായതാണ്' (സ്വദേശാഭിമാനി വക്കം മൌലവി, ഡോ. ടി ജമാല്‍ മുഹമ്മദ്). പിന്നീട്, സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദ്യാഭ്യാസം ബഹിഷ്കരിച്ചതും ഈ മേഖലയിലെ പിന്നോട്ടടിക്ക് കാരണമായി.

എന്നാല്‍ ചരിത്രപരമായ ഈ കാരണങ്ങള്‍ക്കപ്പുറം, ഐക്യ കേരളത്തിലെ വിദ്യാഭ്യാസ വികസനത്തില്‍ സംഭവിച്ച അസന്തുലിതത്വവും മലബാറിനോട് കാണിച്ച വിവേചനവും അവഗണനയും പിന്നോട്ടടിക്ക് കാരണമായിട്ടുണ്ട്. സ്വതന്ത്ര കേരളത്തില്‍ മാറമാറി വന്ന സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കടുത്ത വിവേചനമായാണ് മാറിയത്. മലബാറിന് അനുകൂലമായി ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തയാറായ സന്ദര്‍ഭത്തില്‍ പലപ്പോഴും ഉദ്യോഗസ്ഥ സംവിധാനം ഇക്കാര്യത്തില്‍ നിഷേധാത്മത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ രണ്ടാമത്തെ ര്‍വകലാശാലയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതില്‍ നേരിട്ട തടസ്സങ്ങളെക്കുറിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ജീവചരിത്രം പറയുന്നുണ്ട്: 'അറുപതുകളുടെ തുടക്കത്തില്‍ കേരളത്തില്‍ പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചില ശബ്ദങ്ങളൊക്കെ ഉണ്ടായി. പലര്‍ക്കും ഈ ആവശ്യം സ്വീകാര്യമായില്ല. സാര്‍വത്രികമായ അംഗീകാരവും അതിനുണ്ടായില്ല. കേരള സര്‍വകലാശലയും പ്രവര്‍ത്തന പരിധി കുറക്കുന്നതില്‍ ഭരണ വ‍ൃത്തങ്ങള്‍ക്കിടയില്‍ വലിയ വൈമനസ്യം ഉണ്ടായിരുന്നു. യാഥാസ്തികരെല്ലാം സംസ്ഥാനത്തിന് ഒട്ടാകെ ഒരു സര്‍വകലാശാല എന്ന മനോഭാവക്കാരായിരുന്നു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ ഐക്യരൂപം പുലര്‍ത്താന്‍ ഇതൊന്നുകൊണ്ട് മാത്രമേ കഴിയൂവെന്ന് അവര്‍ വിശ്വസിച്ചു. പുതിയ സര്‍വകലാശാല എന്ന ചിന്താഗതിക്കെതിരെ തുറന്ന ഒരു പ്രതിഷേധമുണ്ടായില്ലെങ്കില്‍ത്തന്നെയും ആ നീക്കത്തിന്നെതിരായി ശക്തമായ ഒരു അടിയൊഴുക്ക്, വിശേഷിച്ചും തലസ്ഥാനത്ത് ഭരണതലത്തിലും ബുദ്ധിജീവികള്‍ക്കിടയിലും ഉണ്ടായി' (സി എച്ച് മുഹമ്മദ് കോയ, കെ എ ജലീല്‍).

ഈ അടിയൊഴുക്ക്, വിശേഷിച്ചും തലസ്ഥാനത്തെ ഭരണതലത്തിലും ആ പ്രദേശത്തെ ബുദ്ധിജീവികള്‍ക്കിടയിലുമുള്ള അടിയൊഴുക്ക്, ഭരണത്തെ നിയന്ത്രിക്കുന്നവര്‍ക്കും അതില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കുമിടയിലെ അടിയൊഴുക്ക് ഇന്നും മലബാറിന് ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. ഐക്യ കേരളത്തിന് ശേഷം മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിന്റെ കണക്കെടുത്താല്‍ ഈ അടിയൊഴുക്കിന്റെ ഗതിയും ഗതിവേഗവും വ്യക്തമാകും. കേരളത്തിലെ ജനസംഖ്യയുടെ സിംഹഭാഗവും മലബാര്‍ ജില്ലകളിലാണെങ്കിലും അതിനനുസൃതമായ അടിസ്ഥാന സൌകര്യം ഈ പ്രദേശത്തിന് ലഭിച്ചില്ല. പ്രൈമറി വിദ്യാഭ്യാസ സൌകര്യങ്ങളില്‍ തിരു-കൊച്ചിയെ അപേക്ഷിച്ച് മലബാറില്‍ അന്തരം കുറവാണ്. എന്നാല്‍ ഇത് ഐക്യകേരളത്തിന്റെ സംഭാവനയായിരുന്നില്ല. '1961ല്‍ മലബാറില്‍ 4,289 പ്രൈമറി സ്കൂളുകളുണ്ടായിരുന്നത് 2001ല്‍ 4765 ആയി വര്‍ധിച്ചു. അതേസമയം തിരുകൊച്ചിയില്‍ ഇത് 4349ല്‍നിന്ന് 4,950ലേക്ക് ഉയര്‍ന്നു. അതായത് മലബാറില്‍ വര്‍ധന 10 ശതമാനമുണ്ടായപ്പോള്‍ തിരുകൊച്ചിയില്‍ ഇത് 14 ശതമാനമായി. മലബാറില്‍ 1961ല്‍ 261 കുട്ടികള്‍ക്ക് ഒരു സ്കൂള്‍ എന്ന നില ഉണ്ടായിരുന്നപ്പോള്‍ 2001ല്‍ അത് 367 പേര്‍ക്ക് ഒരു സ്കൂള്‍ എന്ന നിലയില്‍ പുറകോട്ട് പോയി. തിരുകൊച്ചിയില്‍ ഇത് 465 കുട്ടികള്‍ക്ക് ഒരു സ്കൂള്‍ എന്നനിലയില്‍ നിന്ന് 386 പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ മുന്നോട്ടുപോയി' (മലബാര്‍ - വിവേചനത്തിന്റെ കണക്കുപുസ്തകം, എഡിറ്റര്‍ സമദ് കുന്നക്കാവ്).

ഹൈസ്കൂള്‍ മേഖലയില്‍ തെക്ക്-വടക്ക് അന്തരം ഇതിലേറെ രൂക്ഷമാണ്. '1961ല്‍ മലബാറില്‍ 234ഉം തിരുകൊച്ചിയില്‍ 650ഉം ഹൈസ്കൂള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ യഥാക്രമം 761ഉം 1606ഉം ആയി. മലബാറിലുണ്ടായതിന്റെ ഇരട്ടി വര്‍ധനയാണ് തെക്കന്‍ കേരളത്തിലുണ്ടായത്. 'രണ്ടിടത്തും വര്‍ധിച്ചു. പക്ഷെ ജില്ലാ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്പോഴാണ് അന്തരത്തിന്റെ ആഴം വ്യക്തമാകുക. ഉദാഹരണമായി മലപ്പുറം ജില്ലയില്‍ ഒരു ഹൈസ്കൂളില്‍ ശരാശരി 1927 കുട്ടികള്‍ പഠിക്കേണ്ടി വരുന്പോള്‍ പത്തനംതിട്ട ജില്ലയില്‍ ഇത് കേവലം 620 മാത്രമാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിളും ശരാശരി ആയിരത്തിന് താഴെയാകുന്പോള്‍ മലബാറില്‍ എല്ലാ ജില്ലകളിലും ഇത് ആയിരത്തിന് മുകളിലാണ്' (മലബാര്‍ - വിവേചനത്തിന്റെ കണക്കുപുസ്തകം, എഡിറ്റര്‍ സമദ് കുന്നക്കാവ്).

1980ന് ശേഷം ഈ അന്തരം വര്‍ധിക്കുകയാണെ ചെയ്തത്. ഓരോ അധ്യയന വര്‍ഷവും തുടങ്ങുന്പോള്‍ ഉയര്‍ന്നുവരുന്ന ആദ്യ ചര്‍ച്ചകളിലൊന്ന് മലബാറില്‍ ഹയര്‍സെക്കന്ററി പഠനത്തിന് അവസരം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ ആധിക്യത്തെക്കുറിച്ചായിരിക്കും. കഴിഞ്ഞ 5-8 വര്‍ഷത്തിനിടെ ഇക്കാര്യം പരിഹരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും ശാശ്വത പരിഹാരമായിട്ടില്ല. എന്നിട്ടും പുതുതായി അനുവദിക്കുന്ന സ്കൂളുകളുടെ എണ്ണത്തില്‍ ഇപ്പോഴും മലബാറിന് തുല്യ വിഹിതം നല്‍കാന്‍പോലും സര്‍ക്കാറുകള്‍ തയാറാകുന്നില്ല. ആട്സ് ആന്റ് സയന്‍സ് കോളജുകളും മറ്റും തെക്കന്‍ കേരളത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെയുള്ള 188 കോളജുകളില്‍ 59 എണ്ണം മാത്രമാണ് മലബാറിലുള്ളത്. തിരുകൊച്ചിയില്‍ ആട്സ് ആന്റ് സയന്‍സ് കോളജുകളില്‍ 43,170 ബിരുദ സീറ്റുകള്‍ ലഭ്യമാകുന്പോള്‍ മലബാറില്‍ ഇത് വെറും 16,787 മാത്രം (അവലംബം: മലബാര്‍ - വിവേചനത്തിന്റെ കണക്കുപുസ്തകം, എഡിറ്റര്‍ സമദ് കുന്നക്കാവ്).


ലഭ്യമായ സ്കൂളുകളിലെത്തന്നെ കെട്ടിടങ്ങളുടെയും മറ്റ് അനുബന്ധ സൌകര്യങ്ങളുടെയും കണക്കെടുത്താല്‍ അതിദയനീയമാണ് സ്ഥിതി. തെക്കന്‍ കേരളത്തിലെ രാജകീയ പ്രൌഢിയുള്ള കെട്ടിടങ്ങള്‍ക്ക് പകരം, മലബാറില്‍ പെട്ടിക്കടക്ക് സമാനമായ കെട്ടിടങ്ങളിലാണ് അധ്യയനം നടക്കുന്നത്. വിദ്യാഭ്യാസ ജില്ലകളുടെയും ഉപജില്ലകളുടെയും കാര്യത്തിലും ഈ പിന്നാക്കാവസ്ഥ പ്രകടമാണ്. സ്വാശ്രയ കോളജുകളും അണ്‍എയിഡഡ് സ്കൂളുകളും സ്ഥാപിച്ചാണ് മലബാറുകാര്‍ ഈ പിന്നാക്കാവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നത്. തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സൌജന്യമായ പൊതുവിദ്യാഭ്യാസ സംവിധാനം ലഭിക്കുന്പോള്‍, മലബാറുകാര്‍ അവരുടെ അധ്വാനത്തിന്റെ വലിയ വിഹിതം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുടക്കേണ്ടിവരുന്നു. ഈ യാഥാര്‍ഥ്യം പരിഗണിക്കാതെയുള്ള സ്വാശ്രയ വിരുദ്ധ സമരം, മലബാറിന്റെ ആത്മവിശ്വാസത്തിനേല്‍പിക്കുന്ന ആഘാതവും ചെറുതല്ല.

തിരിച്ചുവരുന്ന 'വടക്കന്‍-അയ്യങ്കാളി‍' കാലം

വിദ്യാഭ്യാസ കേരളത്തിന്റെ അറുപതാമാണ്ട് പിന്നിടുന്നത് കേരളത്തിലെ ആദ്യ സ്വാശ്രയ കോളജായ തിരുവനന്തപുരം ലോ അക്കാദമി ലോ കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയ 29 ദിവസം നീണ്ട സമരം വിജയകരമായ പരിസമാപ്തിയിലെത്തുന്നത് കണ്ടാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല അയ്യങ്കാളിയുടെയും ഫാദര്‍ വടക്കന്റെയുമൊക്കെ കാലത്തുനിന്ന് ഒട്ടും മുന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ലോ അക്കാദമി സമരത്തിന് ആധാരമായ വിഷയങ്ങള്‍. ഒന്ന് മാനേജമെന്റിന്റെയും പ്രിന്‍സിപ്പലിന്റെയും കടുത്ത ജാതീയതയും അതിന്റെ പേരിലുള്ള വിദ്യാര്‍തി പീഢനങ്ങളുമാണ്. രണ്ടാമത്തേത് സ്വാശ്രയ മാനേജ്മെന്റിന്റെ തന്നിഷ്ടങ്ങളും വിവിധ സര്‍ക്കാറുകളും അക്കാദമി മാനേജ്മെന്റും ചേര്‍ന്ന് നടത്തിയ ഭൂമിതട്ടിപ്പുകളും.  'നായരായ നിങ്ങളുടെ മോള്‍ക്ക് പ്രേമിക്കാന്‍ ചോവച്ചെക്കനെ മാത്രമേ കിട്ടിയുള്ളോ' എന്ന് ഒരു രക്ഷിതാവിനെ വിളിച്ചുചോദിച്ച ലക്ഷ്മി നായരാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍. ഇത്തരം പാഠ്യേതരമായ അധിക്ഷേപങ്ങളിലൊതുങ്ങുന്നതല്ല അവിടെ നടക്കുന്ന ജാതി വിവേചനങ്ങളും പീഢനങ്ങളും. കോളജ് മാനേജ്മെന്റിന്റെ കടുത്ത പീഢനത്തിനിരയായ ദലിത് വിദ്യാര്‍ഥി വിവേക് വിജയ്ഗിരിയുടെ അനുഭവം അതിന്റെ ചെറുചിത്രമാണ്: 'സാധാരണ സ്‌കൂളില്‍ പഠിച്ച് 89 ശതമാനം മാര്‍ക്കോടുകൂടി പ്ലസ് ടു പരീക്ഷ പാസായതാണ്. അഡ്മിഷന്‍ സമയത്തു തന്നെ എസ് സി എസ് ടി ക്കു ഗ്രാന്‍ഡ് കിട്ടില്ലെന്ന് പറഞ്ഞു ലക്ഷ്മി നായര്‍ നിരുത്സാഹപ്പെടുത്തുകയും വേറെ കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്ന ഞാന്‍ എല്‍.എല്‍.ബിയ്ക്ക് അഡ്മിഷന്‍ കിട്ടിയതുകൊണ്ട് ആര്‍ട്‌സ് കോളേജില്‍ നിന്ന് ടി സി വാങ്ങിയിരുന്നു. ഇവിടെ തുടരുക അല്ലാതെ മറ്റു മാര്‍ഗ്ഗമുണ്ടായിരുന്നില്ല. എസ് സി എസ് ടി ഗ്രാന്‍ഡില്ല എന്ന വാദം തന്നെ ഈ വിഭാഗത്തില്‍ പെട്ട കുട്ടികളെ ഇവിടെ അഡ്മിറ്റ് ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണ്. ഗ്രാന്‍ഡില്ല എന്ന് അറിയുന്നതോടു കൂടി എസ് സി എസ് ടി വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ ഇവിടെ അഡ്മിഷന്‍ എടുക്കാതെ മടങ്ങി പോകുകയാണ് പതിവ്.
എസ് സി എസ് ടി വിദ്യാര്‍ത്ഥികളെ കാണുന്നതേ ലക്ഷ്മി നായര്‍ക്ക് ഇഷ്ടമായിരുന്നില്ല. അത് കൊണ്ടാണ് ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അക്കാഡമിയില്‍ ഇപ്പോള്‍ എസ് സി എസ് ടി വിദ്യാര്‍ത്ഥികളുടെ എണ്ണം അഞ്ചിലും ആറിലും ഒതുങ്ങുന്നത്. ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് വെള്ളയമ്പലത്തുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലും അഡ്മിഷന്‍ കിട്ടിയില്ല. ഈ സമയത്താണ് എന്റെ അച്ഛന്‍ മരണപ്പെടുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു കൂടി . ഗ്രാന്‍ഡ് ചോദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. കൂലിപ്പണിക്ക് പോയി വണ്ടിക്കൂലിക്കു കാശു സമ്പാദിക്കേണ്ട അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തി. ഈ വിഷയത്തില്‍ ഞാന്‍ എസ് സി എസ് ടി കമ്മിഷനെ സമീപിച്ചു. എ ഐ എസ് എഫിന്റെ യൂണിറ്റ് സമ്മേളനം ഇതേകുറിച്ച് പ്രമേയം പാസ്സാക്കി.
ഇതിന്റെ വാര്‍ത്ത കണ്ടിട്ട് നാരായണന്‍ നായര്‍സാറും ലക്ഷ്മി നായരും എന്നെ വിളിപ്പിച്ചു. നിങ്ങള്‍ക്ക് തോന്നിവാസം കാണിക്കാനല്ല യൂണിറ്റ് സമ്മേളനത്തിന് ക്ലാസ് തന്നതെന്ന് ലക്ഷ്മി നായര്‍ ശകാരിച്ചു. പത്രത്തില്‍ വാര്‍ത്ത വന്നതായിരുന്നു അവരെ ചൊടിപ്പിച്ചത്. എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ കോളേജിനെ തകര്‍ക്കാനായി വാര്‍ത്ത കൊടുത്തു എന്ന തരത്തില്‍ മറ്റു വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചാരണം നടത്തി. കോളേജില്‍ അധ്യാപകരുള്‍പ്പെടെ എല്ലാവരും ഞങ്ങളെ പരിഹാസത്തോടെ നോക്കാന്‍ തുടങ്ങി. എസ്.സി എസ്.ടി വിഭാഗത്തില്‍ പെടുന്ന ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ത്ഥിയെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിരട്ടി. അടുത്ത ദിവസം അവരുടെ ലെറ്റര്‍ പാഡില്‍ വാര്‍ത്ത വസ്തുതാവിരുദ്ധം എന്ന തലക്കെട്ടോടെ ഒരു പത്രക്കുറിപ്പ് തന്നു. ഇത് പത്രങ്ങളില്‍ കൊണ്ട് പോയി തിരുത്തി പ്രസിദ്ധീകരിപ്പിച്ചു.
ഒരിക്കല്‍ എന്റെ മുന്‍പിലൂടെ കടന്നു പോയ ഒരു എസ് സി എസ് ടി വിദ്യാര്‍ത്ഥിയെ ചൂണ്ടി ' നീ മാത്രമല്ല ഇവിടെ പുലയനായി ഉള്ളത്. അവനും പുലയനാണ്. പക്ഷെ അവന്‍ ഇത് വരെ ഇവിടെ ഗ്രാന്‍ഡ് ചോദിച്ചു വന്നിട്ടില്ല. നിനക്ക് മാത്രമാണല്ലോ പ്രശനം ?' എന്ന് ആക്ഷേപിച്ചു. ഇതെല്ലാം സഹിച്ചത് നിവൃത്തികേട് കൊണ്ടും അകാരണമായി ഇന്റേണല്‍ മാര്‍ക്കു വെട്ടി കുറക്കാതിരിക്കാന്‍ വേണ്ടിയുമായിരുന്നു.
എസ്. സി എസ്. ടി കമ്മീഷനിന്റെ സിറ്റിങിന് കൊട്ടാരക്കരയില്‍ പോയി. ഞങ്ങളുടെ പരാതി കേട്ട  കമ്മീഷന്‍ അംഗം വിജയ കുമാര്‍ പറഞ്ഞു. ' നിങ്ങള്‍ എതിരിടാന്‍ പോകുന്നത് ലക്ഷ്മി നായര്‍ എന്ന സൂപ്പര്‍ പവറിനോടാണ്. നാരായണന്‍ നായര്‍ സാറിനു പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഒരുപാടു സ്വാധീനം ഉണ്ട്.' ഇത് പറഞ്ഞതിന് ശേഷം ഞങ്ങളെ ശകാരിച്ചു. ' നിങ്ങളെ തല്ലിയോ? തല്ലിയാല്‍ മാത്രമേ പീഡനത്തില്‍ വരികയുള്ളു. ക്യാബിന് ഉള്ളില്‍ വെച്ചാണ് ജാതി പേര് വിളിച്ചെതെങ്കില്‍ ഞാന്‍ കേസെടുക്കുകയില്ല. പൊതു സ്ഥലത്തു വെച്ച് വിളിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കുകയുള്ളു.'  കേരള പോലീസിന്റെ ഭാഗത്തു നിന്നും ഞങ്ങള്‍ക്ക് അവഹേളനമാണു കിട്ടിയത്' (വിവേക് വിജയ്ഗിരി, leftclicknews.com, 06-02-2017)
മാനേജ്മെന്റിന്റെ ഹോട്ടലില്‍ എച്ചില്‍ പെറുക്കാന്‍ വരെ ഇവിടത്തെ ദലിത് വിദ്യാര്‍ഥികളെ നിയോഗിക്കുന്നുണ്ട്. മറ്റൊരു വിദ്യാര്‍ഥിയുടെ അനുഭവമിതാണ്: 'കോളേജില്‍ പഠനവുമായി ബന്ധപ്പെട്ടതെന്ന് പറഞ്ഞ് കുറെ കമ്മിറ്റികളില്‍ എന്നെ ഉപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തനം നടത്താതിരിക്കാനും അടിമപ്പണി ചെയ്യിക്കാനുമുള്ളതാണ് ഈ കമ്മിറ്റികള്‍. മൂട്ട് കോര്‍ട്ട് കോമ്പറ്റിഷന്റെയും ക്‌ളയിന്റ് കണ്‍സള്‍ട്ടിങ് കോംപെറ്റീഷന്റെയും ഭാഗമായി അതില്‍ പങ്കെടുക്കുന്ന പുറത്തു നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെ പെട്ടി ചുമപ്പിക്കുക വരെ ചെയ്യിച്ചിട്ടുണ്ട്. ഇത് പറ്റില്ലെന്ന് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കും . എത്ര അസൈന്‍മെന്റ് കൃത്യമായി ചെയ്താലും സെമിനാര്‍ കൊടുത്താലും ഈ അടിമപ്പണി ചെയ്താലേ ഇന്റേണല്‍ മാര്‍ക്ക് കിട്ടുകയുള്ളു. എന്റെ രണ്ടാമത്തെ വര്‍ഷം പ്രിന്‍സിപ്പല്‍ ഒരു ഹോട്ടല്‍ തുടങ്ങി. പ്രിന്‍സിപ്പലിന്റെ മകന്റെ കാമുകി, നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി ക്ലാസില്‍ കയറി വന്നു അവര്‍ക്ക് ഇഷ്ട്‌പെടാത്ത അഞ്ചു വിദ്യാര്‍ത്ഥികളെ വിളിച്ചു കൊണ്ട് ഹോട്ടലിലേക്ക് പോയി. അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ ഒരാഴ്ച്ച ജോലി ചെയ്യണം എന്ന് പറഞ്ഞു. ഈ ഹോട്ടല്‍ അവിടെയുള്ള ബീവറേജ്‌സ് ഔട്‍ലെറ്റിന്റെ എതിര്‍ വശത്തായാണ്. ഇവിടുത്തെ ബ്രോഷര്‍ ബീവറേജ്‌സില്‍ വിതരണം ചെയ്യാനും ഞങ്ങളെ ഏല്പിച്ചു. ബീവറേജ്‌സിലെ ആള്‍ക്കാരെ അവരുടെ ടച്ചിങ്‌സിന് വേണ്ടി ഇങ്ങോട്ടു ആകര്‍ഷിപ്പിക്കുക എന്നതായിരുന്നു ഞങ്ങള്‍ക്കുള്ള ജോലി. പെണ്‍കുട്ടികള്‍ക്ക് ഇതിലും ദയനീയമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. ദളിത് വിഭാഗത്തിലെ ഒരു കുട്ടിക്ക് ഒരാഴ്ച ജോലി ചെയ്യിപ്പിച്ചിട്ടു ശമ്പളം പോലും നല്‍കിയില്ല. ആ കുട്ടിക്ക് ഇത് പുറത്തു പറയാന്‍ പേടിയാണ് എന്നത് കൊണ്ട് അത് പുറത്തു വന്നില്ല' (സെല്‍വന്‍, leftclicknews.com, 06-02-2017).

1968ല്‍ ഇ എം എസ് സര്‍ക്കാര്‍ സൌജന്യമായി കൊടുത്ത പന്ത്രണ്ടോളം ഏക്കര്‍ ഭൂമി പിന്നീട് അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് അക്കാദമി സ്വന്തമാക്കി. അവിടെ ഹോട്ടലടക്കമുള്ളവ സ്ഥാപിച്ചതായും ഈ സമരത്തോടെ വ്യക്തമായി. എന്നാല്‍ അന്നത്തെ സര്‍ക്കാറിനെപ്പോലെ, ഇന്നത്തെ പിണറായി സര്‍ക്കാറും എല്ലാ ജനകീയ പ്രതിഷേധങ്ങളെയും അവഗണിച്ച് മാനേജ്മെന്റിന് ഒപ്പം നില്‍ക്കുകയാണ് ചെയ്തത്. സ്വാശ്രയകോളജ് മാനേജ്മെന്റുകളുടെ ഭരണ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു ഈ അനുഭവം. സ്വാശ്രയ കോളജുകളോട് ഒത്തുതീര്‍പില്ലാത്ത വിയോജിപ്പുണ്ടെന്ന് അവകാശപ്പെടുന്ന സിപിഎം നിയന്ത്രിക്കുന്ന സര്‍ക്കാറാണ് ഈ രീതിയില്‍ ഒത്താശ ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ലോ അക്കാദമിയില്‍ മാത്രമല്ല ഇത്തരം പ്രശ്നങ്ങളുള്ളത്. കേരളത്തിലെ ഏത് സ്വാശ്രയ കോളജെടുത്താലും അധ്യാപകര്‍ക്കും കുട്ടുകള്‍ക്കും സമാന രീതിയിലുള്ള പീഢനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. മാനേജ്മെന്റുകളുടെ ഇടിമുറുകളിലെ മര്‍ദനം മുതല്‍ മുതലാളിയുടെ വീട്ടുപണി വരെ സഹിക്കേണ്ട അവസ്ഥ. ഫാദര്‍ വടക്കന്‍ വിവരിച്ച അനുഭവം ഇന്നും സ്വാശ്രയ കോളജുകളില്‍ നിലനില്‍ക്കുന്നുണ്ട്. ഒപ്പിട്ടുവാങ്ങുന്ന തുകയുടെ കാര്യത്തിലേ വ്യത്യാസമുള്ളൂ. മാനേജമെന്റുകളുടെ തോന്ന്യാസങ്ങളും പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളോടുള്ള വിവേചനവും തന്നെയാണ് ഇന്നും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത്. അയ്യങ്കാളിയുടെ കാലത്തുനിന്ന് വലിയ ദൂരമൊന്നും കേരളം മുന്നോട്ടുപോയിട്ടില്ല.

മുസ്‍ലിം വിദ്യാര്‍ഥികളും സമാനമായ രീതിയലുള്ള അപരവത്കരണത്തിനും വിവേചനത്തിനും കേരളത്തിലെ കാന്പസുകളില്‍ ഇരയാകുന്നുണ്ട്. മുസ്‍ലിം ദലിത് വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താന്‍ തുടങ്ങിയതോടെ ഇത്തരം വിവേചനം കൂടുതല്‍ പ്രത്യക്ഷമായി. സ്വാശ്രയ കോളജുകളില്‍ മാത്രമല്ല, സര്‍ക്കാര്‍-എയിഡഡ് കോളജുകളിലും ഇത്തരം വിവേചനവും വംശീയ അധിക്ഷേപവും നേരിടേണ്ടിവരുന്നുവെന്നതിന് തെളിവാണ് കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജ് വിദ്യാര്‍ഥിനി ഖദീജ നിശാന്റെ അനുഭവം: 'ഓഡിറ്റോറിയത്തില്‍ അസംബ്ലി ഉണ്ടെന്ന അറിയിപ്പ് കേട്ടാണ് കാമ്പസിന്റെ ഗേറ്റ് കടന്നത്. വെപ്രാളത്തില്‍ പര്‍ദ്ദ ഊരിവെക്കാതെ ഓടി ഓഡിറ്റോറിയത്തില്‍ എത്തി. പുറകിലെ സീറ്റിലാണ് ഇരുന്നിരുന്നത്. അസംബ്ലി അവസാനിച്ചപ്പോള്‍ പുറകില്‍ ബഹളംവെച്ച കുട്ടികള്‍ മുന്നിലേക്ക് വരണമെന്ന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു. ബഹളം വെച്ചിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ മുന്നിലേക്ക് പോയില്ല. ഞങ്ങളുടെ അടുത്തേക്ക്(പിന്നിലേക്ക്) വന്ന പ്രിന്‍സിപ്പാള്‍ മൂന്ന് കുട്ടികളെ എഴുന്നേല്‍പിച്ച് നിര്‍ത്തി.പെട്ടെന്നാണ് ഞാന്‍ പര്‍ദ്ദ ധരിച്ചത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. 'നീയെന്താ ഈ വേഷത്തില്‍' എന്നുപറഞ്ഞ് എന്നെയും എഴുന്നേല്‍പിച്ച് നിര്‍ത്തി. പര്‍ദ്ദ മാറി വരാന്‍ ആവശ്യപ്പെട്ടു. പര്‍ദ്ദ മാറ്റി ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ എന്നോട് പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് വരാന്‍ പറഞ്ഞു.
'എവിടെ നിന്നാണ് വരുന്നത്? ഈ വേഷം അഴിച്ചുവെക്കാന്‍ സമയമില്ലായിരുന്നോ?' എന്ന് ചോദിച്ചാണ് പ്രിന്‍സിപ്പാള്‍ സംസാരം ആരംഭിച്ചത്. പര്‍ദ്ദ ഇവിടെ പറ്റില്ല എന്നവര്‍ തീര്‍ത്തുപറഞ്ഞു. ഓഡിറ്റോറിയത്തിലേക്ക് ഓടിവന്നപ്പോള്‍ അഴിച്ചുവെക്കാന്‍ മറന്നതാണെന്ന് ഞാന്‍ പറഞ്ഞു. 'ഇവിടെ ഒരു ട്രഡീഷന്‍ ഉണ്ട് അത് കളഞ്ഞുകുളിക്കാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്? ഈ ഇന്‍സ്റ്റിറ്റിയൂഷന്‍ ഉണ്ടാക്കാന്‍ കുറേ ആളുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്, അവരുടെ ശാപമൊക്കെ നിനക്കുണ്ടാകും'. 'ഡിഗ്രി പഠിക്കാന്‍ പറ്റിയതിന്റെ അഹങ്കാരമാണോ?' എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ ദീര്‍ഘനേരം ശകാരിച്ചു. മുന്‍പ് എവിടെയാണ് പഠിച്ചത് എന്നവര്‍ ചോദിച്ചു. ജെ.ഡി.റ്റി ഇസ്‌ലാം സ്‌കൂള്‍ എന്ന് പറഞ്ഞപ്പോള്‍ ജെഡിറ്റിയിലെ കുട്ടികള്‍ക്ക് സംസ്‌കാരമില്ലെന്നും,അടുത്തവര്‍ഷം മുതല്‍ ജെ.ഡി.റ്റിയിലെ കുട്ടികളെ ഇവിടെ എടുക്കില്ല എന്നും അവര്‍ പറഞ്ഞു. 'ജെ.ഡി.റ്റിയില്‍ തന്നെ പഠിച്ചാല്‍ പോരായിരുന്നോ? എന്തിനാണ് ഇങ്ങോട്ട് വന്നത്?' എന്ന ചോദ്യത്തിന് മെറിറ്റ് സീറ്റിലാണ് ഞാന്‍ അഡ്മ്ിഷന്‍ നേടിയത് എന്ന് മറുപടി പറഞ്ഞു.പിന്നീട് ഉപ്പാക്കെന്താണ് ജോലി എന്ന ചോദ്യത്തിന് ബിസിനസ് എന്ന് മറുപടി പറഞ്ഞപ്പോള്‍ 'ഉപ്പാക്ക് മകളെ വളര്‍ത്താന്‍ അറിയില്ലേ?' എന്നായിരുന്നു അവരുടെ ചോദ്യം. 'പതിനെട്ട് വയസായില്ലേ, കല്ല്യാണം കഴിച്ച് പൊയ്ക്കൂടെ, ടി.സി വേണേല്‍ നാളെ രക്ഷിതാക്കളെ കൂട്ടി വന്നോളൂ', എന്നുകൂടി കേട്ടപ്പോള്‍ സഹിക്കാനാവാതെ ടി.സി വേണമെന്നുപറഞ്ഞ് തളര്‍ന്ന മനസുമായി അവിടെനിന്നിറങ്ങിയ ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. പ്രിന്‍സിപ്പാള്‍ വളരെ മോശമായി പെരുമാറിയതിനാല്‍ ഇവിടെ തുടരാന്‍ കഴിയില്ല എന്ന് ഞാന്‍ പറഞ്ഞു. വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ ദേഷ്യം വന്ന ഉപ്പ പത്രത്തിലേക്ക് വിളിച്ചുപറഞ്ഞു. തിങ്കളാഴ്ച രക്ഷിതാക്കളുടെ കൂടെ കോളേജില്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ നിലപാട് മാറ്റി, താന്‍ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ല, ഈ കുട്ടിതന്നെയാണോ പര്‍ദ്ദയിട്ടത് എന്നോര്‍മയില്ല, എന്നവര്‍ പറഞ്ഞതോടെ തിരിച്ചൊന്നും പറയാനാകാതെ നിസ്സഹയായി ഞാനവിടെനിന്നിറങ്ങി. ഞാന്‍ മാനസികമായി വല്ലാതെ തളര്‍ന്നു. പത്രവാര്‍ത്തയിലൂടെ സംഭവമറിഞ്ഞ കുട്ടികളെല്ലാം തന്നെ പിന്തുണയറിയിക്കുകയും കൂടെയുണ്ടാകുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പ്രന്‍സിപ്പാള്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും എന്നെ പിന്തുണക്കരുതെന്നും അധ്യാപകര്‍ ഓരോ ക്ലാസിലും ചെന്ന് പറഞ്ഞു. ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു. ഇത്രയും മോശമായ ഭാഷയില്‍ സംസാരിക്കുകയും എന്നിട്ട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും, ഞാന്‍ കളവ് പറഞ്ഞ് വാര്‍ത്തയുണ്ടാക്കിയതാണെന്നുമുള്ള പ്രചരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
പ്രത്യേകിച്ച് വസ്ത്ര നിയന്ത്രണമോ യൂണിഫോമോ ഇല്ലാത്ത പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ പര്‍ദ്ദ മാത്രം ധരിക്കാന്‍ പറ്റാത്ത് എന്തു കൊണ്ടാണെന്ന് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. സ്ഥിരമായി പര്‍ദ്ദ ധരിക്കുന്ന ഞാന്‍ എല്ലാദിവസവും കാമ്പസിലെത്തി പര്‍ദ്ദ ഊരിവെക്കുന്നതിന്റെ മാനസിക പ്രയാസം പറഞ്ഞറിയിക്കാനാവാത്തണ്. ഒരു ദിവസം പര്‍ദ്ദ ഊരിവെക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് ഇത്രയും ദുരനുഭവം എനിക്കുണ്ടായത്. എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുന്ന കാമ്പസില്‍ എനിക്കേറ്റവും ഇഷ്ടമുള്ള വസ്ത്രം ധരിച്ചുകൂടെ? ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളായ കുട്ടികള്‍ എന്റെ ക്ലാസിലടക്കം കാമ്പസില്‍ പഠിക്കുന്നുണ്ട്, അവരെ കാണുമ്പോള്‍ എനിക്കവരോട്  ബഹുമാനമാണ് തോന്നാറ്. അതിന് അനുവാദമുള്ള ഒരു കോളേജില്‍ പര്‍ദ്ദ മാത്രം എന്തുകൊണ്ട് വിലക്കപ്പെടുന്നു? ഓഡിറ്റോറിയത്തില്‍ നിന്ന് എന്നെ മാത്രം എന്തു കൊണ്ട് പ്രിന്‍സിപ്പാള്‍ പ്രത്യേകമായി വിളിച്ചുവരുത്തി? എന്നോടല്ല, പര്‍ദ്ദയോടും ഞാന്‍ മുമ്പ് പഠിച്ച സ്‌കൂളിനോടുമെല്ലാമാണ് അവര്‍ അരിശം കാണിച്ചത് . പതിനെട്ടു വയസായില്ലേ കല്യാണം കഴിച്ചു പൊയ്ക്കൂടേ എന്നത് കോളേജില്‍ പഠിക്കാനെത്തുന്ന മുഴുവന്‍ മുസ്‌ലിം പെണ്‍കുട്ടികളോടുമുള്ള അവഹേളനമായാണ് ഞാന്‍ മനസിലാക്കുന്നത്' (ഖദീജ നിശാന്‍, മിഡിയവണ്‍ വെബ്, 2016 ജനുവരി 26).

പെണ്‍ വിവേചനത്തിന്റെ സര്‍വകലാശാല

വനിതാ വിദ്യാഭ്യാസത്തില്‍ ഏറെ മുന്നേറിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം സര്‍ക്കാര്‍ നിയോഗിച്ച ഔദ്യോഗിക സമിതി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ കേരളത്തിലെ കാന്പസുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു സര്‍വകലാശാല തന്നെയാണ്. കാന്പസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ഡോക്ടര്‍ മീനാക്ഷി ഗോപിനാഥ് അധ്യക്ഷയായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്. കേരളത്തിലെ കാന്പസുകളിലെ സ്ത്രീവിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നതാണ് സമിതിയിടെ കണ്ടെത്തലുകള്‍.

ഗൈഡുമാരില്‍ നിന്ന് വനിതാ ഗവേഷകര്‍ ലൈംഗിക പീഡനം അടക്കം നേരിടേണ്ടി വരുന്നു,  പെണ്‍കുട്ടികളുടെ മുറിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് അത് കണ്ട് ആസ്വദിക്കുന്നു, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കുണ്ടെങ്കിലും സ്വന്തമായി അഭിപ്രായം പറയുന്ന പെണ്‍കുട്ടികളെ ഇന്‍േറണല്‍ മാര്‍ക്ക് കൊണ്ട് വേട്ടയാടുന്നു... എന്നിങ്ങനെ പോകുന്നു സമിതിയുടെ കണ്ടെത്തലുകള്‍. ‘‘ഇരട്ട വിവേചനമാണ് പെണ്‍കുട്ടികള്‍ക്ക് കാമ്പസുകളില്‍ നേരിടേണ്ടി വരുന്നത്. ഗൈഡിനെ പ്രീതിപ്പെടുത്തി നിന്നില്ലെങ്കില്‍ പണി കിട്ടുന്ന അവസ്ഥ. കാമ്പസിലെ ആണ്‍കുട്ടികളും അധ്യാപകരും സദാചാര പൊലീസ് ചമയുന്നു. ഇതിനു പുറമെയാണ് കാന്പസുകളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാവര്‍ക്കും ഒരേ പോലെ കുതിര കയാന്‍ കിട്ടുന്നവരാണ് പെണ്‍കുട്ടികള്‍. മാത്രമല്ല, പെണ്‍കുട്ടികളെ പോലെ തന്നെ അധ്യാപകരെയും ഭയപ്പെടുത്തുന്ന കാര്യമാണ് ഇന്‍റേണല്‍ മാര്‍ക്ക്. ഒരു നല്ല വിദ്യാര്‍ഥിക്ക് ന്യായമായ മാര്‍ക്കിടാന്‍ അധ്യാപകര്‍ക്കും പേടിയാണ്. അത് മറ്റു പലരെയും തൃപ്തിപ്പെടുത്തിയിട്ടും അവരുടെ താല്‍പര്യത്തിനും വിധേയമായിരിക്കണം' (സമിതി അംഗം അസി.പ്രൊഫസര്‍ വി.യു അമീറ, ഉദ്ദരണി മാധ്യമം വെബ്, 18/11/2015). പെണ്‍കുട്ടികളോടുള്ള കാന്പസിന്റെ പെരുമാറ്റം, ഒരളവുകോലായെടുത്താല്‍ കേരളത്തിലെ വിദ്യാഭ്യാസം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായ സ്വാഭാവങ്ങളാണ് ആര്‍ജിച്ചതെന്ന് നിസ്സംശയം പറയാം.

പെണ്‍കുട്ടികള്‍ക്ക് പ്രത്യേക മുറി. അല്ലെങ്കില്‍ ക്ലാസ് മുറി. പൊതു ഇടങ്ങള്‍ ആണ്‍കുട്ടികള്‍ക്കുള്ളതാണ്. ഒന്നിച്ച് നടക്കാനും ഇരിക്കാനും സംസാരിക്കാനും പോലും അനുവാദമില്ലാത്ത കാന്പസുകളാണ് ഇന്ന് കേരളത്തില്‍ പലയിടത്തുമുള്ളത്. കേരളത്തിലെ ഇടത് വിദ്യാര്‍ഥി സംഘടനയുടെ കോട്ടയെന്ന് അവര്‍ തന്നെ സ്വയം വിശേഷിപ്പിക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പെണ്‍കുട്ടിക്കൊപ്പം വന്നതിന് ഒരാണ്‍ സുഹൃത്തിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചവശനാക്കിയതാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച. ഓരോസംഘടനയും അവരവരുടെ കോട്ടകളാക്കി വച്ചിരിക്കുന്ന കാന്പസുകളിലെല്ലാം സമാനമായ നിയമങ്ങള്‍ തന്നെയാണ് എല്ലാവരും നടപ്പാക്കുന്നത്. സദാചാര പൊലീസിങ്ങിന് ഇറങ്ങിപ്പുറപ്പെടുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്ക് ആധിപത്യമുള്ളതാണ് കേരളത്തിലെ കോളജ് കാന്പസുകള്‍. ഇടതക്കമുല്ള വിഷയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ വച്ചുപുലര്‍ത്തുന്ന ജനാധിപത്യവിരുദ്ധതയും ഇക്കാലയളവിലെ കേരള വിദ്യാഭ്യാസത്തിന്റെ സംഭാവനയാണ്. രാഷ്ട്ര നിര്‍മാണത്തില്‍ ഏറെ ഗുണകരമായി മാറേണ്ടിയിരുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തോട് കേരളീയ പൊതുസമൂഹത്തില്‍ നിഷേധാത്മക നിലപാട് സൃഷ്ടിക്കപ്പെട്ടതിന് മുഖ്യ കാരണവും വിദ്യാര്‍ഥി സംഘടനകളുടെ ഈ ജനാധിപത്യ വിരുദ്ധതയാണ്. അറുപത് വര്‍ഷം കൊണ്ട് അതും ദലിത്, മുസ്‍ലിം, സ്ത്രീ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭൂമികയയായി മാറിക്കഴിഞ്ഞു.



ആകെത്തുക അസന്തുലിതത്വം

അറുപത് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ നിയമനിര്‍മാണങ്ങളും ഭരണ പരിഷ്കാരങ്ങളുമെല്ലാം പിന്നാക്ക-ദലിത് വിഭാഗങ്ങളെ കൂടുതല്‍ അരികുവത്കരിക്കുന്നതായിരുന്നു. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപ്പാക്കിയ സംവരണത്തില്‍, ഭരണഘടനാ വിരുദ്ധമായ സാന്പത്തിക സംവരണം കൂടി കേരലം ഏര്‍പെടുത്തി. ഡി പി ഇ പി തൊട്ട് സര്‍ക്കാര്‍ അനാസ്ഥ വരെയുള്ള കാരണങ്ങളാലുണ്ടായ പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ച, സ്വാശ്രയം, സര്‍ക്കാര്‍ കോളജുകലിടലക്കം നടപ്പാക്കിയ സ്വയംഭരണം, ഡയറക്ട് പേ മെന്റ് സംവിധാനം തുടങ്ങി വിദ്യാഭ്യാസ മേഖലയെ നിര്‍ണായകമായി സ്വാധീനിച്ച ഭരണകൂട പദ്ധതികളുടെയല്ലാം പ്രത്യാഘാതം, പ്രത്യക്ഷമായോ പരോക്ഷമായോ ഏറ്റുവാങ്ങേണ്ടിവന്നതും പിന്നാക്ക വിഭാഗങ്ങള്‍ തന്നെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമം അയല്‍പക്ക സ്കൂളുകള്‍ നിര്‍ബന്ധമാക്കി. അതിന് ദൂരപരിധിയും നിശ്ചയിച്ചു. എന്നാല്‍, കേരളത്തിലെ ആദിവാസി മേഖലകള്‍ക്കോ വിദൂര ഗ്രാമങ്ങള്‍ക്കോ ഇതിന്റെ നേട്ടം ഇതുവരെ ലഭിച്ചിട്ടില്ല. അവിടെ പുതുതായി പദ്ധതികള്‍ വേണ്ടെന്നും തീരുമാനിച്ചു. കേരളം ഇപ്പോള്‍ തന്നെ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ഈ തീരുമാനം. ഈ മേഖലകളില്‍ താമസിക്കുന്നവരെ, 'കേരളത്തിലുള്ള മലയാളികളായി' ഭരണകൂടം പോലും ഇനിയും പരിഗണിച്ച് തുടങ്ങിയിട്ടില്ല.

എന്നാല്‍ പ്രത്യക്ഷത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായതായി കാണാം. എല്ലാ തരത്തിലും തലത്തിലുമുള്ള സ്ഥാപനങ്ങള്‍, പ്രാഥമിക വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും താരതമ്യേന മെച്ചപ്പെട്ട സൌകര്യങ്ങള്‍, ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ഒന്നാം ക്ലാസില്‍ പഠിക്കാനെത്തുന്നവരുടെ എണ്ണത്തിലെ ഉയര്‍ന്ന അനുപാതം, ആണ്‍കുട്ടികള്‍ക്കൊപ്പമോ അതില്‍കൂടുതലോ എത്തിയ പെണ്‍കുട്ടികളുടെ സാന്നിധ്യം, സ്വാകാര്യ-സ്വാശ്രയ മേഖലയുടെ പങ്കാളിത്തം, ഭരണകൂടത്തിന്റെ സജീവമായ ഇടപെടലുകള്‍ ഇവയെല്ലാം ഈ പുറംകാഴ്ചയെ വര്‍ണാഭമാക്കുന്നു. ഇതെല്ലാം പക്ഷെ കേരളത്തിലെ ഇടത്തരക്കാരന്റെ ആശങ്കകളെയും ആവശ്യങ്ങളെയും മാത്രം മുന്നില്‍കണ്ടാണ് വികസിച്ചത്. വികാസ പദ്ധതികളുടെ ആസൂത്രണത്തില്‍ അതിനും താഴെയുള്ളവര്‍ തീരെ പരിഗണിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ, കേരളത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടയാളമായി മാറിയ അതേ ഘടകങ്ങള്‍ തന്നെ അതിന്റെ സൂക്ഷ്മ തലങ്ങളില്‍ പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളെ അപരവത്കരിക്കുകയും വിവേചനവും അസന്തുലിതത്വവും സൃഷ്ടിക്കുകയും ചെയ്യുന്നവയായി മാറി.  വിവേചനങ്ങളുടെയും സ്ഥാപനവത്കൃത ഹിംസയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനമെന്നോ സ്വാകാര്യ സ്ഥാപനമെന്നോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമെന്നോ സ്വാശ്രയ സ്ഥാപനമെന്നോ വ്യത്യാസമില്ല.

സകല മേഖലകളിലും അസന്തുലിതത്വം. രൂക്ഷാകുന്ന സാമൂഹിക വിവേചനം. ഇനിയും അവസാനിച്ചിട്ടില്ലാത്ത ജാതീയത. ദലിത്-മുസ‍്‍ലിം വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ വംശീയത. സാന്പത്തിക അസമത്വം. ഉള്ളടക്കം മുതല്‍ അടിസ്ഥാന സൌകര്യങ്ങളില്‍ വരെ നിലനില്‍ക്കുന്ന അസന്തുലിതത്വം, പ്രാദേശിക അസമത്വം, സ്ത്രീ വിവേചനം, ജനാധിപത്യ വിരുദ്ധത.... ഇത്രയുമാണ് അറുപത് വര്‍ഷത്തെ ആകെത്തുക. അയ്യങ്കാളിയുടെ കാലത്ത് അനുഭവിച്ചത് തന്നെയാണ് വിവേകിന്റെയും ഖദീജ നിശാന്റെയുമൊക്കെ തലമുറക്ക് ഇന്ന് അനുഭവിക്കേണ്ടിവരുന്നത്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ മേഖലയെന്ന് സ്വയം മേനിനടിക്കുകയും ആ മനോഭാവത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുകയുമാണ് കേരളം അതിന്റെ തുടക്ക കാലം മുതല്‍ ചെയ്യുന്നത്. കെട്ടിടങ്ങളും കോഴ്സുകളും പഠിക്കാനെത്തുന്നവരുടെ എണ്ണവും മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ജയപരാജയം നിര്‍ണയിക്കുന്നത് എന്നും സാമൂഹിക വളര്‍ച്ചയും സാംസ്കാരികമായ മുന്നേറ്റങ്ങളും ദുര്‍ബലരുടെ ശാക്തീകരണവും സാധ്യമാക്കാത്ത വിദ്യാഭ്യാസം പരാജയമാണെന്നുമുള്ള തിരിച്ചറിവിന്, കേരളത്തിലെ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഇനിയും മുഖ്യ സ്ഥാനമുണ്ടായിട്ടില്ല. സംഘടിതരായ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി വിഭാഗങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുമേല്‍ അതിന് ചെന്നെത്താനുമാകുന്നില്ല. എല്ലാ തരം ആളുകള്‍ക്കും ഒരുപോലെ പ്രാപ്യവും സ്വീകാര്യവും സമതുലിതവുമായ സാര്‍വത്രിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതില്‍  ഐക്യ കേരളം പരാജയപ്പെട്ടതും അതുകൊണ്ടാണ്.

(മാധ്യമം മുദ്ര, 2018, ജനുവരി)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...