Friday, March 15, 2019

കെ എ എസ് സന്പൂര്‍ണ സംവരണം: മുന്നാക്കക്കാര്‍ക്ക് വേണ്ടിയുള്ള മുന്‍കരുതല്‍

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ സമ്പൂര്‍ണ സംവരണം ഏര്‍പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്.  കെ എ എസിനെ മൂന്ന് ധാരയായി തിരിക്കാനും അതില്‍ രണ്ടെണ്ണത്തിലും സംവരണം ഒഴിവാക്കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ പിന്നാക്ക സമൂഹങ്ങള്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടിട്ടും മാധ്യമങ്ങള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചിട്ടും എസ് സി എസ് ടി കമ്മീഷന്‍ അടക്കമുള്ള അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ ഉത്തരവിട്ടിട്ടും സ്വന്തം പാര്‍ട്ടിയിലെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗം നേതാക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത സര്‍ക്കാറാണ് പെട്ടെന്ന് സംവരണ പ്രഖ്യാപനവുമായി രംഗപ്രവേശം ചെയ്തത്. സര്‍ക്കാറിനെ നയിക്കുന്ന സി പി എമ്മിന് സാമൂഹിക സംവരണത്തോടുള്ള കടുത്ത എതിര്‍പും സാമ്പത്തിക സംവരണത്തോടുള്ള അതിതാല്‍പര്യവും പരസ്യമാണെന്നതിനാല്‍ ഈ പ്രഖ്യാപനം കേരളത്തെ ശരിക്കും ഞെട്ടിച്ചു. പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല. 

സംവരണ അട്ടിമറി എന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. കേരളത്തിന്റെ സകല മേഖലകളിലും അധികാരം കൈയ്യാളുന്നത് സംവരണത്തെ ഏതുവിധേനയും തകര്‍ത്തുകളയണമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ്. അതിനായി ഒളിഞ്ഞും തെളിഞ്ഞും അധ്വാനിക്കുന്നവരാണ്. സംവരണത്തിന് തുരങ്കംവക്കാന്‍ ലഭിക്കുന്ന ഏത് അവസരവും വിദഗ്ധമായി ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കേരള സര്‍വകലാശാല അതീവ രഹസ്യമായി ഒരു നിയമഭേദഗതി കൊണ്ടുവന്നു. ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു തസ്തിക മാത്രം വരുന്ന റീഡര്‍, പ്രൊഫസര്‍ പോലുള്ളവയെയും ഒരു ഒഴിവിലേക്ക് മാത്രം വിജ്ഞാപനം ചെയ്യുന്നവയെയും സിംഗിള്‍ പോസ്റ്റായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. സെനറ്റ് അജണ്ടയിലെ മറ്റ് കാര്യങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പെടുത്തി കൊണ്ടുവന്ന തിരുത്ത് ആരാലും ചോദ്യം ചെയ്യപ്പെടാതെ പാസാകുകയും ചെയ്തു. ഒരു വകുപ്പിലെ അല്ലെങ്കില്‍ സ്ഥാപനത്തിലെ ഡയറക്ടര്‍ പോലെ ഭരണച്ചുമതലയുള്ള ഏറ്റവും പ്രധാന തസ്തികയാണ് സര്‍വീസ് നിയമങ്ങള്‍ പ്രകാരം സാധാരണ സിംഗിള്‍ പോസ്റ്റ് എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരുന്നത്. ഈ തസ്തികയിലെ നിയമനത്തിന് സംവരണം ബാധകമല്ല. ഈ പഴുത് ഉപയോഗപ്പെടുത്തി നിയമന അട്ടിമറി നടത്താനാണ് കേരള സര്‍വകലാശാല നിയമ ഭേദഗതി കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ അന്നത്തെ സര്‍ക്കാറിന് അത് തിരുത്താന്‍ നിര്‍ദേശം കൊടുക്കേണ്ടിവന്നു. സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 

സംവരണ അട്ടിമറി നിയമം തിരുത്തിയിട്ടും പ്രയോഗത്തില്‍ അത് അംഗീകരിക്കാന്‍ ഇപ്പോഴും കേരള സര്‍വകലാശാലക്ക് മനസ്സ് വന്നിട്ടില്ല. പുതിയ നിയമപ്രകാരം, അസിസ്റ്റന്റ് പ്രൊഫസര്, അസോസിയേറ്റ് പ്രൊഫസര്‍ തസ്തകികളിേലേക്ക് നിയമനം നടത്താന്‍ വിഞ്ജാപനം ഇറക്കിയപ്പോഴും സംവരണം ഒവിവാക്കി അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത വൈസ് ചാന്‍സിലര്‍ ഡോ. പി കെ രാധാകൃഷ്ണന്റെ നീതിബോധത്തിന് മുന്നില്‍ ഒടുവില്‍ സര്‍വകലാശാലക്ക് കീഴടങ്ങേണ്ടിവന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളായി സര്‍വകലാശലാ ഭരണസമിതിയുലുള്ളവര്‍ ഒറ്റക്കെട്ടായി വി സി ക്കെതിരെ രംഗത്ത് വന്നു. സംവരണത്തില്‍ തോറ്റതിന് അവര്‍ പകവീട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു നിയമന കേസിലേക്ക് വിസിയെ വലിച്ചിഴച്ച് തേജോവധം ചെയ്തു. വൈസ് ചാന്‍സലര്‍ എന്ന ഏറ്റവും പ്രധാന തസ്തികയിലിരുന്നയാളുടെ നിലപാടായതിനാല്‍ മാത്രമാണ് അവിടെ അട്ടിമറി തടയാനായത്. വി സി വിരമിച്ചതോടെ ഈ നിയമനങ്ങളും നിലച്ചു. ഇത് കേരള സര്‍വകലാശാലയുടെ മാത്രം പ്രശ്‌നമല്ല. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന സമാനമായ സംവരണ അട്ടിമറി നീക്കം കടുത്ത മാധ്യമ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചത് രണ്ടാഴ്ച മുമ്പാണ്. മലയാളം സര്‍വകലാശാല രൂപീകരണ സമയത്ത് അതിന്‌റെ നിയമാവലിയില്‍ തന്നെ സംവരണരഹിതമായ നിയമനത്തിന് അതിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തിയ നീക്കവും പിടിക്കപ്പെട്ടിരുന്നു. ഇങ്ങിനെ അടിമുടി സംവരണ വിരുദ്ധമായ ഭരണ-നിര്‍വഹണ ഘടന നിലനില്‍ക്കുന്ന സംസ്ഥാനത്താണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയമായി സാമൂഹിക സംവരണത്തെ എതിര്‍ക്കുന്ന സി പി എം നിയന്ത്രിത സര്‍ക്കാറായതിനാല്‍ അതിന്‌റെ ഉദ്ദേശശുദ്ധി സംശയിക്കപ്പടുന്നുണ്ട്. മുന്നാക്ക സംവരണത്തിന് തൂക്കമൊപ്പിക്കാന്‍ നടത്തിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

സംവരണത്തെയും സംവരണ വിഭാഗങ്ങളുടെ അവകാശങ്ങളെയും മാനിക്കുന്ന സര്‍ക്കാറുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇ എം എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള സവര്‍ണ മുഖ്യമന്ത്രിമാരുടെ കാലത്തായാലും ആര്‍ ശങ്കര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഈഴവ മുഖ്യമന്ത്രിമാരുടെ കാലത്തായാലും സംവരണ വിരുദ്ധ ചേരി പ്രബലമാണ്. സംവരണ നടപടികളിലെ പോരായ്മകള്‍ ഇല്ലാതാക്കാനോ പതിറ്റാണ്ടുകളായി അവര്‍ നേരിടുന്ന നീതി നിഷേധം പരിഹരിക്കാനോ ഇതുവരെ ഒരു സര്‍ക്കാറും ശ്രമിച്ചിട്ടില്ല. കേരളസര്‍വകലാശലയിലും മറ്റുമുണ്ടായതുപോലുള്ള അട്ടിമറി നീക്കങ്ങല്‍ മാത്രമല്ല, സംവരണ വിഭാഗങ്ങള്‍ക്ക് ന്യായമായി നല്‍കേണ്ട മിനിമം നീതി ഉറപ്പാക്കണമെങ്കില്‍ പോലും സവര്‍ണ ജാതി വിഭാഗങ്ങളുടെ പ്രകിലോമകരമായ താത്പര്യങ്ങള്‍ വരെ സംരക്ഷിക്കേണ്ടി വരുന്നു എന്നതാണ് കേരളത്തിന്റെ അനുഭവം. നരേന്ദ്രന്‍ പാക്കേജ് അതിന്റെ മികച്ച ഉദാഹരണമാണ്. 

സര്‍ക്കാര്‍ സര്‍വീസ് മുതല്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ളവയിലെ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടും വന്‍തോതില്‍ പ്രാതിനിധ്യക്കുറവുണ്ടായി എന്നാണ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ അത് നികത്താനുള്ള വഴികള്‍ ശിപാര്‍ശ ചെയ്യാതിരുന്ന കമ്മീഷന്‍ ആ തീരുമാനം സര്‍ക്കാറിന് വിട്ടു. കുറവ് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വേണമെന്ന ആവശ്യം സംവരണ വിഭാഗങ്ങള്‍ മുന്നോട്ടുവച്ചു. ഇതിനിടെയാണ് നരേന്ദ്രന്‍ പാക്കേജ് എന്ന പേരില്‍ പുതിയൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സംവരണ തസ്തികയില്‍ യോഗ്യരായ ആളില്ലാതെ വന്നാല്‍, പിന്നാക്ക വിഭാഗങ്ങള്‍ തമ്മില്‍ കടംകൊടുക്കുന്ന രീതി ഒഴിവാക്കുന്നതായിരുന്നു അതിലെ പ്രധാന വ്യവസ്ഥ. നിശ്ചിത സമുദായത്തില്‍നിന്നുള്ള ആളെ കിട്ടുംവരെ വിജ്ഞാപനം ഇറക്കുക എന്ന രീതിയാണ് പകരം കൊണ്ടുവന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായോഗികമായി വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ രീതി. അവര്‍ക്കതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചുമില്ല. മൊത്തം സംവരണ വിഭാഗങ്ങള്‍ക്ക് ഗുണകരമായിരുന്ന വ്യവസ്ഥയാണ് മാറ്റിയത്.

സംവരണ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു രീതി പരിഷ്‌കരിക്കുന്നതിന്റെ പേരില്‍, ആ ഇടപാടില്‍ കക്ഷിയേ അല്ലാത്ത മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനമം വിദ്യാഭ്യാസ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യഥാര്‍ഥത്തില്‍ നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പ്രാതിനിധ്യക്കുറവ് തിരുത്താനായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നത്. അതിന് സര്‍ക്കാര്‍ തയാറായില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ നടപ്പാക്കുന്നതാണ് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എന്നുവരെ അക്കാലത്തെ മന്ത്രിമാര്‍ പറഞ്ഞുനടന്നു. അവിടെയും നിര്‍ത്തിയില്ല. ഒരു പ്രബല സവര്‍ണ ഹിന്ദു ജാതി സംഘടനക്ക്, ഈ നിയമ ഭേഗദതിയുടെ പേരില്‍ സര്‍ക്കാര്‍ കോടികളുടെ ഭൂ സ്വത്താണ് ഇഷ്ടദാനമായി നല്‍കിയത്. 

പിന്നാക്കക്കാരുടെ മാത്രം വിഷയമായിരുന്ന നരേന്ദ്രന്‍ പാക്കേജ് നടപ്പാക്കുന്നതിന്റെ മറവില്‍ കേരളത്തിലെ സവര്‍ണ വിഭാഗങ്ങള്‍ക്ക് വന്‍ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതുവഴി സര്‍ക്കാര്‍ കോളജുകളില്‍ ഏര്‍പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഉത്തരവിലും വലിയൊരു കളി നടന്നു. എല്ലാ ഡ്രാഫ്റ്റുകളിലും സര്‍ക്കാര്‍ കോളജുകള്‍ എന്നുണ്ടായിരുന്നത് മാറ്റി, അന്തിമ ഉത്തരവില്‍ സര്‍ക്കാര്‍ എന്ന വാക്കൊഴിവാക്കി, കോളജുകളില്‍ എന്ന് മാത്രമാക്കി. ഇതോടെ ന്യൂനപക്ഷങ്ങള്‍ അടക്കം നടത്തുന്ന സ്വകാര്യ കോളജുകളിലും മുന്നാക്ക സംവരണം ബാധകമായി. പിന്നീട് സംഭവം വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തിയിറക്കി. മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി 2015ല്‍ കൊണ്ടുവന്നപ്പോഴം അതിന്റെ നിയമിര്‍മാണത്തിന് നിയമസഭയില്‍ സമര്‍പിച്ച ബില്‍ തുടങ്ങിയിരുന്നത്, സംവരണ വിഭാഗങ്ങള്‍ സംവരണം വഴി മറ്റുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന മുഖവരയോടെയാണ്. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പെടുത്തിയത് നിലവിലെ ഇടതുസര്‍ക്കാറാണ്. ദേവസ്വം ബോര്‍ഡിലും ബോര്‍ഡിന്റെ ഇതര സ്ഥാപനങ്ങളിലും ഇപ്പോള്‍തന്നെ ദലത് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് ഏറ്റവും മിനിമം അവകാശം മാത്രമാണ്. സംവരണമില്ലാത്ത എയിഡഡ് കോളജുകല്‍ പോലുല്‌ള സ്ഥാപനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് അപ്രഖ്യാപിത അയിത്തവുമുണ്ട്. ഇതിനിടെയാണ് മുന്നാക്കക്കാര്‍ക്ക് തന്നെ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 

പിന്നാക്ക വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ക്കെതിരെ വരെ അതി നിഗൂഡമായ നീക്കങ്ങള്‍ നടന്നതിന് കേരളത്തില്‍ എത്രയോ ചരിത്രമുണ്ട്. അത്തരത്തിലൊന്നാണ് 2014ലെ എസ് ഐ റാങ്ക് ലിസ്റ്റ്. എസ് ഐ തസ്തികയിലേക്ക് നടന്ന പരീക്ഷ തന്നെ അട്ടിമറിച്ച് റാങ്ക് ലിസറ്റ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സുപ്രിംകോടതി വരെ പോയാണ് ഉദ്യോഗാര്‍ഥികള്‍ തടഞ്ഞത്. പി എസ് സിക്ക് പുറമെ സര്‍ക്കാര്‍ തന്നെ പ്രത്യേക താത്പര്യമെടുത്ത് സുപ്രിംകോടതി വരെ കേസ് നടത്തി. 170 സംവരണ തസ്തിക നികത്തപ്പെടുമായിരുന്ന പട്ടികയില്‍, ഇടംപടിച്ചവരില്‍ ഭൂരിഭാഗവും സംവരണ സമുദായാംഗങ്ങളായിരുന്നുവെന്നതാണ് ഈ ലിസ്റ്റിനെ നിയമക്കുരക്കിലാക്കിയതിന്റെ യഥാര്‍ഥ കാരണം.  2014 ജനുവരിയില്‍ നിലവില്‍ വന്ന ഡപ്യൂട്ടി കലക്ടര്‍ റാങ്ക് ലിസ്റ്റില്‍ പി എസ് സി തന്നെയാണ് വന്‍ അട്ടിമറി നടത്തി്. ഇതും പിന്നാക്കക്കാര്‍ വലിയ മുന്നേറ്റമുണ്ടാക്കിയ പട്ടികയായിരുന്നു. രണ്ട് എഴുത്തുപരീക്ഷയും അഭിമുഖവുമായിരുന്നു റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ നിശ്ചയിച്ചിരുന്ന്. രണ്ട് പരീക്ഷ കഴിഞ്ഞപ്പോള്‍ മുന്നില്‍ വന്നവരില്‍ 11 പേര്‍ സംവരണ സമുദായാംഗങ്ങള്‍ (4 ഈഴവ, 7 മുസ്#ലിം). അഭിമുഖത്തിന് മുമ്പ് സംവരണ വിഭാഗക്കാരുടെ പേരില്‍ ചെറിയൊരു മാറ്റം പി എസ് സി വരുത്തിയപ്പോള്‍ മുന്നിലെത്തിയ 11 പിന്നാക്കക്കാര്‍ സപ്ലിമെന്ററി ലിസ്റ്റിലേക്ക് തെറിച്ചു. മെയിന്‍ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയയാളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ 19 പേര്‍  സപ്ലിമെന്ററി പട്ടികയിലായി. രണ്ട് പരീക്ഷകള്‍ നടത്തുന്ന മറ്റ് തസ്തികകളില്‍നിന്ന് വ്യത്യസ്തമായി ഇതിന് മാത്രം പ്രത്യേക മാനദണ്ഡം കൊണ്ടുവരികയാണ് പി എസ് സി ചെയ്തത്. രണ്ട് പരീക്ഷയുള്ള ചില തസ്തികയില്‍ സമാന രീതിയില്‍ അട്ടിമറി നടന്നപ്പാള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയും സംവരണ സമുദായാംഗങ്ങള്‍ അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നിട്ടും ഡപ്യൂട്ടി കലക്ടര്‍ പട്ടിക അട്ടിമറിക്കപ്പെട്ടു. ഡപ്യൂട്ടി കലക്ടര്‍ എന്നാല്‍ അടുത്ത പ്രൊമോഷനോടെ ഐ എ എസുകരായി മാറുന്ന തസ്തികയാണ് എന്നതുകൂടി ശ്രദ്ധിക്കണം. 

സംവരണ തസ്തിക നിയമനത്തിലെ അപാകതകള്‍ കേരളത്തില്‍ എത്രയോ കാലമായി പിന്നാക്ക സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയമാണ്. ആദ്യ നിയമനങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ സംവരണ സമുദയാംഗങ്ങളെ പൂര്‍ണമായിസംവരണ ക്വാട്ടയിലേക്ക് മാറ്റുന്ന തരത്തിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. സുപ്രീംകോടതി വരെ നീണ്ട കേസുകള്‍ ഇതേപ്പറ്റിയുണ്ടായി. എന്നിട്ടും പി എസ് സിക്ക് അതിലെ അപാകത തിരുത്തണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. സംവരണ സമുദായങ്ങള്‍ക്ക് തസ്തിക നഷ്ടം വരുത്തുന്ന റൊട്ടേഷന്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന പരിമിതമായ ആവശ്യം പോലംു പരിഗണിക്കപ്പെട്ടിട്ടില്ല. നിലിവില്‍ 20 പോസ്റ്റ് ഒരു യൂണിറ്റായി കണക്കാക്കുന്നതിന് പകരം 100 പോസ്റ്റുകളുടെ യൂണിറ്റാക്കണമന്നാണ് ആവശ്യം. ഇതുപോലും തസ്തിക നഷ്ടം തടയാന്‍ പര്യാപ്തമല്ല. എങ്കിലും സംവരണ വിഭാഗക്കാ്#ക്ക് ഇപ്പോഴുണ്ടാകുന്ന തസ്തിക നഷ്ടത്തിന്റെ തോത് കുറക്കാന്‍ ഇത് സഹകരമാകും.1999ല്‍ പ്രൊ കെ എം ബഹാവുദ്ദീന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പി എസ് സിയുടെ ചട്ടമനുസരിച്ചാണ് നിയമനം നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി കേസ് തീര്‍പാക്കിയത്. ആ ചട്ടത്തിലെ അപാകതയാണ് ഉന്നയിക്കുന്നത് എന്നത് കോടതി പരിഗണിച്ചില്ല. 2006ല്‍ വീണ്ടും സമാനമായ കേസുണ്ടായി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍. ആ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ഥിയെ പോലും സംവരണ ക്വാട്ടയിലേക്ക് മാറ്റി. ഒരുനിയമത്തിനും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയാത്തവിധമുള്ള നഗ്നമായ അട്ടിമറി. ഹരജിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടായി. ജനറല്‍ വിഭാഗത്തില്‍ നിയമിക്കപ്പെടാന്‍ യോഗ്യനായ ഉദ്യോഗാര്‍ഥിയെ സംവരണ ക്വാട്ടയിലേക്ക് മാറ്റുന്നത് വഴി അയാളുടെ സമുദായത്തിന് അര്‍ഹമായ ഒരു തസ്തിക നഷ്ടമാകുന്നുവെന്ന് കോടതി കണ്ടെത്തി. ഇത് തിരുത്തണമെന്ന് കോടതി വിധിച്ചിട്ടും നടപ്പായില്ല. വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത് എന്‍ എസ് എസും സംസ്ഥാന സര്‍ക്കാറും. സുപ്രിംകോടതിയില്‍ അവസാനം ഒരു ഭാഗത്ത് പി എസ് സിയും മറുഭാഗത്ത് സര്‍ക്കാറും തമ്മില്‍ കേസ് നടത്തിയ വിചിത്രമായ സംഭവമായി അത് മാറി. 

ഇങ്ങിനെ കിട്ടാവുന്ന ഏത് അവസരത്തിലും സംവരണ നിഷേധത്തിന് പഴുത് നോക്കി നടക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് പൊടുന്നനെ കെ എ എസില്‍ മൂന്ന് ധാരയിലും സംവരണം പ്രഖ്യാപിക്കുന്നത്. നിയമസെക്രട്ടറി അടക്കം അതി ശക്തമായ രീതിയില്‍ നല്‍കിയ നിയമോപദേശവും പട്ടിക ജാതി കമ്മീഷന്‍ അട്ക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയ ഉത്തരവുകളും നിയമപരമായ താക്കീതുകളും പലതവണ ആവര്‍ത്തിച്ചിട്ടും അനങ്ങാത്ത സര്‍ക്കാരാണ് അപ്രതീക്ഷിത സമയത്ത് ഈ തീരുമാനമെടുത്തത്. പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക വിവേചനം പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് കരുതാന്‍ ന്യായമില്ല. ജാതി സംവരണം സാമൂഹിക നീതികൊണ്ടുവരില്ലെന്നും അതിന് സാമ്പത്തിക സംവരണം തന്നെ വേണമെന്നും സൈദ്ധാന്തികമായി വിശ്വസിക്കുകയും രാഷ്ട്രീയമായി നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം എന്നതുതന്നെ ഒന്നാമത്തെ കാരണം. ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിലനില്‍ക്കുന്ന സവര്‍ണാധിപത്യവും സംവരണ വിരുദ്ധതയുമാണ് മറ്റൊരു കാരണം. ഇവ പഴയപടി നിലനില്‍ക്കെ തന്നെ ഇത്തരമൊരു തീരുമാനമുണ്ടാകുമ്പോള്‍, സ്വാഭാവികമായും സവര്‍ണ വിഭാഗങ്ങള്‍ക്ക് തത്തുല്യമായ നേട്ടം വാഗ്ദാനംചെയ്യുന്ന ഭരണ നടപടി ഉണ്ടായിരക്കുമെന്ന് ഉറപ്പ്. ഇത്തവണ് ഇത് സാമ്പത്തിക സംവരണമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം കെ എ എസില്‍ കൂടി നടപ്പാക്കാനുള്ള തിടുക്കമാണ് ഈ തീരുമാനത്തിന് പിന്നില്‍. കെ എ എസിന്റെ മൂന്ന് ധാരകളിലും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച് ഇതിനകം ഭരണതലത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പിന്നാക്ക സംവരണത്തിന് തടസ്സമായി സര്‍ക്കാറും ഉദ്യോഗസ്ഥരും പറഞ്ഞിരുന്ന ബൈ ട്രാന്‍സ്ഫര്‍, ഇരട്ട സംവരണം തുടങ്ങിയ സാങ്കേതിക തടസ്സങ്ങളൊന്നും എവിടെനിന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. ഇത്തരം തടസ്സവാദങ്ങളില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെങ്കില്‍ ഇതുവരെ നിഷേധിച്ച പിന്നാക്കക്കാരുടെ അവകാശം വകവച്ചുകൊടുക്കേണ്ടിവരുമെന്ന് സര്‍ക്കാരിനറിയാം. ഇടതുസര്‍ക്കാറിന് വിശേഷിച്ചും. ഈ ഉപായമാണ് കെ എ എസില്‍ പൂര്‍ണ സംവരണം നടപ്പാക്കാന്‍  സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. പിന്നാക്കക്കാരുടെ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അതിശക്തമായ സമരങ്ങള്‍ സര്‍ക്കാറിന് ഒരുനിമിത്തമാകുകയും ചെയ്തു. 

സര്‍ക്കാറിന് ഇക്കാര്യത്തില്‍ അതിതാല്‍പര്യമുണ്ടെന്ന് തെളിയിക്കുന്ന നടപടികള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുമുണ്ട്. സംവരണം ഉണ്ടായ കാലം തൊട്ട് പിന്നാക്ക സംഘടനകള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആവശ്യമാണ് റൊട്ടേഷന്‍ വ്യവസ്ഥയിലെ അപാകതമൂലമുണ്ടാകുന്ന സംവരണ നഷ്ടം. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പോലുള്ള വന്‍നഷ്ടങ്ങളിലേക്ക് പിന്നാക്ക വിഭാഗങ്ങളെ എത്തിച്ചതില്‍ ഈ റൊട്ടേഷന്‍ രീതിക്ക് വലിയപങ്കുണ്ട്. ഇതുനെതിരെ ഉയര്‍ന്ന മുറവിളികളെല്ലാം കോടതമുറികളില്‍പോലും നിശ്ശബ്ദമാക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍, മുന്നാക്ക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭരണകൂടത്തിന് ഇക്കാര്യത്തിലും വിവേകമുണ്ടായി്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടാകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് ജനുവരി 19ന് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന മാര്‍ഗരേഖക്ക് അനബന്ധമായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പിന്നാക്കക്കാര്‍ പതിറ്റാണ്ടുകളായി നേരിടുന്ന പ്രശ്നം മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്‍ സംഭവിക്കാതിരിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ വരെ ഭരണസംവിധാനം ജാഗ്രത്താണ്. ഇക്കാര്യത്തില്‍ കേന്ദ്ര-കേരള വ്യത്യാസമൊന്നുമില്ല.  ഈ ജാഗ്രത തന്നെയാണ് കേരളത്തില്‍ കെ എ എസില്‍ സമ്പൂര്‍ണ പിന്നാക്ക സംവരണം നടപ്പാക്കാന്‍ കാരണമായതും. 

(ജനപക്ഷം, ഫെബ്രുവരി 2019)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...