Thursday, October 29, 2020

സവര്‍ണ സംവരണത്തിന്റെ മറവിലെ സീറ്റുകൊള്ള



സാന്പത്തിക സംവരണം എന്ന പേരില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണ ജാതി സംവരണം നടപ്പാക്കിയിട്ട് ഒരു കൊല്ലം പിന്നിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ നടപ്പാക്കും മുന്പ് തന്നെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ സവര്‍ണ സംവരണത്തിന് തുടക്കമിട്ടുകഴിഞ്ഞിരുന്നു. സംവരേണതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ നടപ്പാക്കിയ സംവരണം ഫലത്തില്‍ മുന്നാക്ക വഭാഗങ്ങള്‍ക്കുള്ള 'ജാതി സംവരണമായി' മാറി. സാന്പത്തികമായി പിന്നാക്കമായവര്‍ എന്ന പരിഗണനയില്‍ സംവരണം ലഭിക്കാന്‍ അര്‍ഹരായവരുടെ മാനദണ്ഡം നിശ്ചയിച്ചപ്പോള്‍ തന്നെ കേരളത്തിലെ മുന്നാക്ക സംവരണം സന്പന്നര്‍ക്ക് വേണ്ടിയുള്ളതായി മാറിക്കഴിഞ്ഞിരുന്നു. വരുമാന പരിധി 4 ലക്ഷത്തില്‍ പരിമിതപ്പെടുത്തിയെങ്കിലും കോടികളുടെ മറ്റ് ആസ്തിയുള്ളവരും - പ്രത്യേകിച്ച് ഭൂമി - സാന്പത്തികമായി പിന്നാക്കമെന്ന വിഭാഗത്തില്‍ ഉള്‍പെടുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥകള്‍ നിശ്ചയിച്ചത്. കൊച്ചി നഗരത്തില്‍  50 സെന്റ് സ്ഥലമുള്ള മുന്നാക്ക ജാതിയില്‍പെട്ടയാളെ ദരിദ്രനായാണ് കേരളം കണക്കാക്കുക. പഞ്ചായത്തിലും നഗരസഭാ പ്രദേശത്തും കോര്‍പറേഷന്‍ പരിധിയിലും ഭൂമിയുണ്ടെങ്കില്‍ എല്ലാം ചേര്‍ത്ത് 2.5 ഏക്കര്‍ കവിയാതിരുന്നാലും പാവപ്പെട്ടവന്‍ തന്നെ! ജസ്റ്റിസ് ശശിധരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആധാരമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പിന്നാക്ക മാനദണ്ഡങ്ങള്‍ കേരളത്തില്‍ ബാധകമാക്കരുതെന്നും അങ്ങിനെവന്നാല്‍ സാന്പത്തിക സംവരണത്തിന് കേരളത്തില്‍ അര്‍ഹരായവര്‍ വളരെ പരിമിതരാകുമെന്നും തുറന്നുപറഞ്ഞാണ് കോടികളുടെ സ്വത്തുള്ളവരെപ്പോലും സംവരണത്തിന്റെ പരിധിയിലെത്തിച്ചത്. എന്നിട്ടും കേരളത്തില്‍ മതിയായ അപേക്ഷകര്‍ പോലുമില്ലെന്ന് പ്ലസ് വണ്‍ പ്രവേശനാനുഭവം തെളിയിക്കുന്നു. രണ്ടര ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാമായിരുന്നിട്ടും  വേണ്ടത്ര വിദ്യാര്‍ഥികളില്ലാതെ സംവരണ സീറ്റ് ഒഴിഞ്ഞുകിടന്നുവെന്നത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെത്തന്നെ ആദ്യാനുഭവമാണ്.


വ്യവസ്ഥകള്‍ അത്യന്തം ഉദാരമാക്കിയ ജസ്റ്റിസ് ശശിധരന്‍ നായരുടെ പ്രതീക്ഷകളെപ്പോലും അസ്ഥാനത്താക്കിയാണ് ഇത്തവണത്തെ പ്ലസ് പ്രവേശനം. മുന്നാക്ക വിഭാഗത്തിന് നീക്കി വച്ചത് 16,711 സീറ്റ്. എന്നാല്‍ പ്രധാന അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ പ്രവേശനത്തിന് ആകെയുണ്ടായത് 6025 കുട്ടികള്‍ മാത്രം.  അനുവദിക്കപ്പെട്ടതിന്റെ വെറും 36 ശതമാനം. അര്‍ഹരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സീറ്റില്ലാതെ സ്വാശ്രയ സ്കൂളില്‍പോലും സീറ്റ് കിട്ടാതെ അലയുന്ന കേരളത്തിലാണ് മുന്നാക്ക സംവരണ സീറ്റുകളില്‍ ആളില്ലാതായത്. മുന്നാക്ക വിഭാഗങ്ങളിലെ ആവശ്യക്കാര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കിയ 'പുരോഗമന കേരള'  മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. ആ പുരോഗമനത്തിന്റെ ഒരു സാന്പിള്‍ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഗവ.സ്കൂളില്‍നിന്നെടുക്കാം. അവിടെ പ്രവേശനം നേടിയ അവസാന പട്ടിക ജാതി വിദ്യാര്‍ഥിയുടെ റാങ്ക് - 1638. മുസ്‍ലിം വിദ്യാര്‍ഥിയുടെ റാങ്ക് -733. ഈഴവ -758. പിന്നാക്ക ഹിന്ദു - 954. എന്നാല്‍ മുന്നാക്ക വിഭാഗത്തിലെ അവസാന റാങ്ക് - 2175! രാജ്യത്തെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക ജാതിയില്‍പെട്ടവരുടെ അവസരം 1638-ാം റാങ്കുകാരനില്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ മുന്നാക്കക്കാരില്‍ 2175-ാമനും പ്രവേശനം കിട്ടി!!  തീര്‍ന്നില്ല, ജില്ലയില്‍ മുന്നാക്കക്കാര്‍ക്ക് വേണ്ടി നീക്കിവച്ച 484 സീറ്റിലേക്ക് അപേക്ഷകരേ ഉണ്ടായുമില്ല!!! സവര്‍ണ കേരളത്തിന് വേണ്ടി പിണറായി യാഥാര്‍ഥ്യമാക്കിയത് അത്ര ചെറിയ വിപ്ലവമല്ലെന്നര്‍ഥം. 

ആളൊഴിഞ്ഞ സംവരണ ക്വാട്ടക്ക് കാരണം ആസ്തിയുടെ ആശങ്ക മാത്രമല്ല. സവര്‍ണ സംവരണത്തിന്റെ മറവില്‍ നടന്ന അത്യന്തം സാമൂഹിക വിരുദ്ധമായ സീറ്റ് കൊള്ളയുംകൂടിയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ നിയമ പ്രകാരം പരമാവധി 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന്റെ തോത്. എന്നാല്‍ കേരളത്തില്‍ നടപ്പാക്കിയ പല മേഖലകളിലും ഈ നിയമ വ്യവസ്ഥപോലും അട്ടിമറിക്കപ്പെട്ടു. ഹയര്‍സെക്കന്ററി അതിന്റെ ഒരുദാരണമാണ്. ആകെ 1,62,815 സര്‍ക്കാര്‍ സീറ്റുള്ള കേരളത്തില്‍ ഇത്തവണ ആദ്യ അലോട്ട്മെന്റില്‍ 16,711 സീറ്റാണ് മുന്നാക്കക്കാര്‍ക്ക് വേണ്ടി നീക്കി വച്ചത്. അര്‍ഹമായ 10 ശതമാനത്തിനേക്കാള്‍ 430 സീറ്റ് കൂടുതല്‍. അഥവ 11 ശതമാനം. ഈഴവ (ലഭിച്ചത് 13,002 സീറ്റ്, മുസ്‍ലിം (ലഭിച്ചത് 11,313 സീറ്റ്) തുടങ്ങിയ പിന്നാക്ക സമുദായങ്ങള്‍ക്കൊന്നും ഇങ്ങനെ അധിക സീറ്റ് ലഭിച്ചിട്ടില്ല. മുന്നാക്ക വിഭാഗത്തിന് അധിക സീറ്റ് കൊടുത്തിന് ഒരു നിയമവും വ്യവസ്ഥയും ചട്ടവും സാങ്കേതികമായിപ്പോലും പറയാനുമില്ല. സാന്പത്തിക സംവരണം നടപ്പാക്കാന്‍ അധിക സീറ്റ് അനുവദിക്കുമെന്ന വാദ്ഗാനവും ഹയര്‍സെക്കന്ററിയില്‍ നടപ്പായില്ല. ഇങ്ങിനെ സീറ്റ് കവര്‍ന്ന് സ്വന്തക്കാര്‍ക്കായി മാറ്റിവച്ചിട്ടും പഠിക്കാന്‍ കുട്ടികളെത്തിയില്ല. 10,686 സീറ്റാണ് അവസാനം ജനറല്‍ വിഭാഗത്തിലേക്ക് മാറ്റേണ്ടി വന്നത്. 

അന്യായമായ ഈ കൈയ്യേറ്റം പ്ലസ് വണ്‍ സീറ്റില്‍ ഒതുങ്ങുന്നില്ല. സംസ്ഥാനത്ത് ഏറ്റവും ആവശ്യക്കാരുള്ള, പ്രവേശനത്തില്‍ കടുത്ത മത്സരവും നടക്കുന്ന എം ബി ബി എസ് സീറ്റില്‍ 12.35 ശതമാനം മുന്നാക്ക സംവരണമാണ് നടപ്പാക്കിയത്. സംവരണം ഏര്‍പെടുത്തിയ ഭരണാഘടനാ ഭേദഗതിയില്‍ തന്നെ പരമാവധി 10 ശതമാനമം വരെ നല്‍കാമെന്നാണ് വ്യവസ്ഥ. പക്ഷെ 'പുരോഗമന വോത്ഥാന കേരള'ത്തില്‍ എം ബി ബി എസിന് അത് 12.35 ശതമാനമായി മാറി. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷാ പ്രോസ്പെക്ടസില്‍ 130 സീറ്റ് സവര്‍ണ സംവരണത്തിനായി മാറ്റിവച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സീറ്റിന്റെ 10 ശതമാനമാണ് ഈ 130 എന്ന ചോദ്യത്തിന് പക്ഷെ സര്‍ക്കാറിന് ഉത്തരമില്ല. 1400 സീറ്റാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ആകെ സീറ്റ്. ഇതില്‍നിന്ന് വിവിധ  കേന്ദ്ര ക്വാട്ടകള്‍ കഴിച്ചാല്‍ ബാക്കി 1052 സീറ്റ്, ഇതിന്റെ 9 ശതമാനമാണ് ഈഴവര്‍ക്ക് ലഭിക്കുന്നത് - 94 സീറ്റ്. 8 ശതമാനം മുസ്‍ലിംകള്‍ക്ക് - 84 സീറ്റ്. ലത്തീന്‍ അടക്കമുള്ള മറ്റ് പിന്നാക്കക്കാര്‍ക്ക് ഇതേ തോതിലാണ് സംവരണം അനുവദിച്ചിരിക്കുന്നത്.  സാന്പത്തിക സംവരണത്തിന് ഇതനുസരുച്ച് മാറ്റിവക്കേണ്ടത് 105 സീറ്റാണ്. അതിന് പകരം നല്‍കിയത് 130 സീറ്റ്. അഥവ 25 സീറ്റ് അധികം. 12 ശതമാനത്തില്‍ കൂടുതല്‍. മുന്നാക്ക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 155 സീറ്റ് കേരളത്തിന് അനുവദിച്ചിരുന്നു. ഇതില്‍നിന്ന് ഓള്‍ ഇന്ത്യ ക്വാട്ട കഴിച്ച് ബാക്കിയെല്ലാം മുന്നാക്കക്കാര്‍ക്കായി പതിച്ചുകൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത മുട്ടുന്യായമാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അധികം കിട്ടിയ സീറ്റുകള്‍ കേരളത്തില്‍ സീറ്റ് കുറവുള്ള മെഡിക്കല്‍ കോളജുകള്‍ക്ക് വീതിച്ചുനല്‍കി. ഇതില്‍ 42 സീറ്റ് ലഭിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിനാണ്. ആ 42 സീറ്റും മുന്നാക്കക്കാര്‍ക്ക് തന്നെ നല്‍കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കൊണ്ടുവന്നു! ഇതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജിലെ ആകെയുള്ള 250 സീറ്റില്‍ 42 സീറ്റും മുന്നാക്ക സമുദായത്തിന് മാത്രമായി മാറി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലാണ് കൂടുതല്‍ സീറ്റ് മാറ്റിവച്ചത്. 21 വീതം. അതായത്  കേരളത്തിലെ മികച്ച മെഡിക്കല്‍ കോളജുകള്‍ തെരഞ്ഞെടുത്ത് അവിടെയെല്ലാം മുന്നാക്ക വിഭാഗത്തിലെ കൂടുതല്‍ കുട്ടികള്‍ക്ക് സീറ്റ് ഉറപ്പാക്കി. അതിന് സാങ്കേതിക നൂലാമാലകളുടെ മുടന്തന്‍ വാദങ്ങളാണ് നിരത്തുന്നത്. സംവരണ സീറ്റ് എല്ലാ കോളജുകളിലും തുല്യമായി വിതരണം ചെയ്യണമെന്ന സാമൂഹിക നീതിയുടെ ഏറ്റവും പ്രാഥമിക തത്വം പോലും ബലികഴിച്ചാണ് ഇടതുസര്‍ക്കാറിന്റെ ഈ സവര്‍ണ സേവ. മികച്ച കോളജുകളിലെ ജനറല്‍ വിഭാഗത്തില്‍ പ്രവേശനം ലഭിക്കേണ്ട പിന്നാക്ക വിദ്യാര്‍ഥികളുടെ അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്.  

മെഡിക്കല്‍ പി ജി സീറ്റില്‍ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സീറ്റ് കൊള്ളയാണ് നടന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും വിലപിടിപ്പുള്ള പി ജി സീറ്റില്‍ അന്യായമായ സംവരണത്തോതാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ അനുവദിച്ചിരിക്കുന്നത് 9 ശതമാനം സംവരണമാണ്. ഈഴവര്‍ക്ക് 3 ശതമാനം, മുസ്‍ലിംകള്‍ക്ക് 2 ശതമാനം എന്നിങ്ങനെ അത് വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവിടെയും മുന്നാക്കക്കാര്‍ക്ക് ഒരു കുറവുമില്ല.  10 ശതമാനം തികച്ച് ലഭിക്കും. സീറ്റെണ്ണം ഇങ്ങനെ: ഈഴവ - 13 സീറ്റ്. മുസ്‍ലിം - 9 സീറ്റ്. മുന്നാക്ക വിഭാഗം - 30 സീറ്റ്. മറ്റ് സംവരണ സീറ്റുകള്‍ എല്ലാം ഒഴിവാക്കി സംവരണം ഇല്ലാത്ത 297 സീറ്റിന്റെ 10 ശതമാനം ആയാണ് ഇവിടെ 30 സീറ്റ് കണക്കാക്കിയിരിക്കുന്നത്. പിന്നാക്കക്കാരെ ബാധിക്കാത്ത വിധം ജനറല്‍ ക്വാട്ടയില്‍നിന്നാകും മുന്നാക്ക സംവരണത്തിന് സീറ്റ് കണ്ടെത്തുക എന്ന സര്‍ക്കാര്‍ വാഗ്ദാനം ആകെ നടപ്പായത് ഇവിടെ മാത്രമാണ്. പക്ഷെ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പോലും ക്വാട്ട കുറച്ചുവച്ച  മേഖലയിലാണ് സവര്‍ണ സംവരണം സന്പൂര്‍ണമായി നടപ്പാക്കിയത് എന്നതാണ് വിചിത്രം. സ്വാകാര്യ മെഡിക്കല്‍ കോളജുകളില്‍ ദശലക്ഷങ്ങള്‍ ഫീസ് നല്‍കേണ്ട മെഡിക്കല്‍ പിജി സീറ്റുകളാണ് മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ തളികയില്‍വച്ചുനീട്ടുന്നത്. 

പ്ലസ് ടു, എം ബി ബി എസ്, മെഡിക്കല്‍ പി ജി എന്നീ മൂന്ന് മേഖലകളില്‍ സവര്‍ണ സംവരണം നടപ്പാക്കിയത് മൂന്ന് തരത്തിലാണ്. സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എം ബി ബി എസില്‍ ലഭിച്ച അധിക സീറ്റ്  മുഴുവന്‍ മുന്നാക്കക്കാരുടേതാക്കി മാറ്റുകയാണ് മെഡിക്കല്‍ കോളജില്‍ ചെയ്തത്. ഹയര്‍ സെക്കന്ററിയിലാകട്ടെ നിലവിലുള്ള സീറ്റില്‍നിന്ന് തന്നെ സംവരണത്തിന് മാറ്റിവച്ചു. എം ബി ബി എസിലും പ്ലസ് വണിലും ഭരണാഘടനാ വ്യവസ്ഥ പോലും അട്ടിമറിച്ച് സംവരണത്തോത് ഉയര്‍ത്തി.  മെഡിക്കല്‍ പിജിയില്‍, ജനറല്‍ ക്വാട്ടയുടെ 30 ശതമാനം എന്ന പ്രഖ്യാപിത നയം നടപ്പാക്കി. എന്നാല്‍ ഈ തത്വം എം ബി ബി എസിലും പ്ലസ് വണിലും അട്ടിമറിച്ചു. എന്നാല്‍ അവിടെ ഈഴവരുടെ സംവരണ ക്വാട്ടയുടെ മൂന്നിരട്ടിയിലേറെ ശതമാനാണ് മുന്നാക്കക്കാര്‍ക്ക് വേണ്ടി മാറ്റിവച്ചത്. മുസ്‍ലിംകളേക്കാള്‍ അഞ്ച് ഇരട്ടിയും. ഓരോ മേഖലയിലും മുന്നാക്കക്കാര്‍ക്ക് പരമാവധി അധിക സീറ്റ് കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഓരോ സ്ഥലത്തെയും വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.  കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നാക്ക സംവരണത്തിന് ഏകീകകൃത നയവും രീതിയുമില്ല. അത് ഏകീകരിച്ച് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യേണ്ടത് മുന്നാക്ക സംവരണം നടപ്പായതോടെ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനസംഖ്യയില്‍ 65 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിന് ആകെ 9 ശതമാനവും 20 ശതമാനമുള്ള മുന്നാക്കക്കാര്‍ക്ക് 10 ശതമാനവും സംവരണം എന്ന മെഡിക്കല്‍ പിജിയിലെപ്പോലുള്ള അന്യായം പരഹരിക്കാന്‍ അത് അനിവാര്യമാണ്. കേരളത്തില്‍ നന്നേചുരുങ്ങിയത് പി എസ് സിയിലെ സംവരണത്തോതെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ ഏകീകൃതമായി നടപ്പാക്കണം. 

മെഡിക്കല്‍ പിജിയിലെ പിന്നാക്ക സംവരണം അര്‍ഹമായ തോതില്‍ ലഭിക്കുന്നില്ല എന്ന പരാതി പതിറ്റാണ്ടുകളായി കേരളത്തിലെ പിന്നാക്ക വിഭാഗക്കാര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനോട് എല്ലാതരത്തിലും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനവും മുന്നാക്ക വിഭാഗത്തിന് ഞൊടിയിടയില്‍ സന്പൂര്‍ണ സംവരണം അനുവദിച്ചതില്‍നിന്ന് തന്നെ ഭരണ സംവിധാനത്തിന്റെ ജാതി മനോഭാവം വ്യക്തമാകുന്നുണ്ട്. ഇത് ആദ്യത്തെ അനുഭവവുമല്ല. നരേന്ദ്രന്‍ പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ കോളജുകളില്‍ സാന്പത്തിക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴും സമാന സംഭവമുണ്ടായി. അന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 'സര്‍ക്കാര്‍ കോളജ്' എന്ന വാക്ക് ഒഴിവാക്കി പകരം 'കോളജ്' എന്ന് മാത്രമാക്കി. ഇതോടെ സംസ്ഥാനത്തെ എല്ലാ എയിഡഡ് കോളജുകളിലും മുന്നാക്ക സംവരണം ബാധകമായി.  പിന്നാക്ക വിഭാഗക്കാര്‍ക്കുപോലും സംവരണമില്ലാത്ത എയിഡഡ് കോളജുകളില്‍ സവര്‍ണ സംവരണം നടപ്പാക്കുന്നത് വിവാദമായതോടെ ഉത്തരവ് തിരുത്തി. ഇതിന്റെ കുറച്ചുകൂടി വിപുലവും ക്രൂരവുമായ അന്യായങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക സംവരണത്തിലെ ഏത് ആവശ്യത്തോടും അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് കേരളത്തിന്റെ ഭരണ-ഉദ്യോഗസ്ഥ സംവിധാനം കാലാകാലങ്ങളായി വച്ചുപുലര്‍ത്തുന്നത്. അതിന്റെ തുടര്‍ച്ചയാണ് മുന്നാക്ക സംവരണത്തിന്റെ കാര്യത്തില്‍ പ്രകടമായ അസാധാരണ വേഗം. സാങ്കേതിക നൂലാമാലകളും  സങ്കീര്‍ണതകളും സൃഷ്ടിച്ച്  അനര്‍ഹമായ തരത്തില്‍ സീറ്റ് തരപ്പെടുത്തുന്നതും ഇതേ ജാതി മനോഭാവം തന്നെ. ഈ ഉദ്യോഗ്സഥരുടെ തോളിലിരുന്ന് സവര്‍ണ സംവരണം നടപ്പാക്കിയ ശേഷം, ഇതുപോലെ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ആര്‍ എസ് എസിനെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ നേതൃത്വമാണ് ഇപ്പോള്‍ കേരള ഭരണം നിയന്ത്രിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുത്താല്‍  കോടിയേരി-പിണറായി മുന്നണിക്ക് മുന്നില്‍ മോഹന്‍ ഭാഗവത്-മോദി സഖ്യം നിര്‍ദയം തോറ്റന്പിപ്പോകുമെന്നുറപ്പാണ്. 

(മാധ്യമം- ഒക്ടോബര്‍ 20 - 2020)



Tuesday, September 15, 2020

വിദ്യാര്‍ഥികളെ പുറന്തള്ളുന്ന വിദ്യാഭ്യാസം

 


കേരളത്തിലെ സ്വാശ്രയ ചരിത്രത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇ എം എസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന 1967ല്‍ അനുവദിച്ച ലോ അക്കാദമി ലോ കോളജാണ് കേരളത്തിലെ ആദ്യ സ്വാശ്രയകോളജ്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത മറികടക്കാന്‍ വേണ്ടി, സര്‍ക്കാര്‍ തന്നെ സ്ഥലവും വിഭവവങ്ങളും സൌജന്യമായി നല്‍കിയാണ് ആ കോളജ് സ്ഥാപിച്ചത്. അതിന്റെ സ്ഥാപകരുടെ ഭരണ-രാഷ്ട്രീയ സ്വാധീനം ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നുവെങ്കിലും അക്കാലത്ത് അത്തരമൊരു കോളജ് കേരളത്തിന്‌റെ അനിവാര്യതകൂടിയായിരുന്നു. സമാനമായ രീതിയില്‍ സാമൂഹികമായ അനിവാര്യത എന്ന നിലയില്‍ സ്ഥാപിതമായ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധി കേരളത്തിലുണ്ട്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. ഐക്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും വളര്‍ച്ചയിലും സംഭവിച്ച ഭൂമിശാസ്ത്രപരമായ അസന്തുലിതത്വങ്ങളും വിവേചനങ്ങളും മറികടക്കാന്‍ പ്രാദേശികമായോ സാമുദായികമായോ സംഘടിച്ചവര്‍ കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അവ ഇപ്പോഴും ആ പ്രദേശങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നുമുണ്ട്. പില്‍ക്കാലത്ത് സ്വാശ്രയ മേഖല അങ്ങേയറ്റം കച്ചവടവത്കരിക്കപ്പെട്ടുവെങ്കിലും ഒരു ജനതയടെ പ്രതിരോധവും പരിഹാരവും എന്ന നിലയില്‍ സ്ഥാപിതമായ സ്ഥാപനങ്ങള്‍ പ്രതിലോമകരമായ അത്തരം പ്രവണതകളെ ഒരുപരിധി വരെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. സമ്പന്നരുടെയും ഉന്നത ശ്രേണിയിലുള്ളവരുടെയും മാത്രം കുത്തകയായിരുന്ന ഉന്നത വിദ്യാഭ്യാസത്തെയും പലയിടത്തും ലഭ്യമല്ലാതിരുന്ന പ്രാഥമിക വിദ്യാഭ്യാസത്തെയും സാധാരണക്കാരായ ജനങ്ങള്‌ലേക്കെത്തിക്കാന്‍ സ്വാശ്രയ മേഖലക്ക് കഴിഞ്ഞു. ഒരര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണവും ഒറ്റപ്പെട്ട മേഖലകളിലേക്ക് വരെ എത്തിച്ചേര്‍ന്ന അതിന്‌റെ വിന്യാസവും സാധാരണക്കാരായ ജനങ്ങള്‍ക്കുപോലും പ്രാപ്യവും വിദൂര ഗ്രാമങ്ങളുടെ വരെ സമീപസ്തവുമായ സംവിധാനമായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായത് സ്വാശ്രയ മേഖലയുടെ വികാസത്തിലൂടെ ആയിരുന്നു. 

1990കളില്‍ സ്വാശ്രയ വിദ്യാഭ്യാസം കേരളത്തില്‍ സാര്‍വത്രികമായി. നാടെങ്ങും സ്വാശ്രയ സ്ഥാപനങ്ങള്‍ മുളപൊട്ടി. കാലിത്തൊഴുത്ത് മുതല്‍ കശുവണ്ടി ഫാക്ടറി വരെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറി. അതിരുവിട്ട വിദ്യാഭ്യാസ കച്ചവടമയി സ്വാശ്രയം മാരുന്നതും ഇതേ കാലയളവിലാണ്. പ്രൈമറി സ്‌കൂളുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ വ്യാപമകായി സ്ഥാപിക്കപ്പെട്ടു. ഒരുസാമൂഹിക ദൗത്യം എന്ന നിലയില്‍ സ്ഥാപിതമായ സ്ഥാപനങ്ങള്‍ പോലും ലാഭാധിഷ്ടിത വ്യവസായമെന്ന നിലയിലേക്ക് ചുവടുമാറ്റി. ലോ അക്കാദമി പോലുള്ള കോളജുകള്‍ പോലും ഏകാധിപതികളായ മുതലാളിമാര്‍ വാഴുന്ന കഴുത്തറപ്പന്‍ കച്ചവട കേന്ദ്രങ്ങളായി മാറി. അത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, സാമൂഹിക വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരായി മാറി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചതോടെ സ്വാശ്രയമെന്നാല്‍ വെറും കച്ചവടമാണെന്ന പൊതുധാരണ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. സ്വാശ്രയം വ്യാപകമായി കേരളം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍, ആ മേഖലയുടെ മേല്‍വിലാസം തന്നെ ഇതായി മാറിക്കഴിഞ്ഞിരിക്കുന്നു. 

ആഗോളീകരണാനന്തരകാലത്തെ സാന്പത്തിക നയങ്ങളും സിദ്ധാന്തങ്ങളും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ മാറിമാറി അധികാരത്തിലെത്തിയ ഭരണകൂടങ്ങളെല്ലാം പ്രയോഗത്തില്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ ഒരു കാരണം രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ തന്നെയായിരുന്നു. ലോകബാങ്ക് പോലുള്ള ആഗോള ധനകാര്യ ഏജന്‍സികള്‍ കേരളത്തിലെ വിദ്യാഭ്യാസത്തെ ഈ രീതിയില്‍ പുനക്രമീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ ചിലവ് സ്റ്റേറ്റ് വഹിക്കേണ്ടതില്ലെന്നും അത് വിദ്യാര്‍ഥികളില്‍നിന്ന് തന്നെ ഈടാക്കണമെന്നുമാണ് ഇവരുടെ പ്രഖ്യാപിത നിലപാട്. 1992-93 കാലത്ത് ഇന്ത്യിയലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് പഠിച്ച ജസ്റ്റിസ് കെ കെ പുന്നയ്യ കമ്മിറ്റിയാണ് ഇതില്‍ ആദ്യ ശിപാര്‍ശ മുന്നോട്ടുവച്ചത്. പഠന ചെലവിന്‌റെ പരമാവധി 20 ശതമാനം വരെ കുട്ടികള്‍ തന്നെ വഹിക്കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് ഇക്കാര്യത്തില്‍ പഠനം നടത്തിയ നോളജ് കമ്മീഷന്‍,  ചുരുങ്ങിയത് 20 ശതമാനം ചിലവ് വിദ്യാര്‍ഥികള്‍ വഹിക്കണമെന്നാക്കി. 1999ലെ എന്‍ ഡി എ ഗവണ്‍മെന്‌റ് നിയോഗിച്ച കമ്മിറ്റി സമര്‍പിച്ച 'എ പോളിസി ഫ്രെയിംവര്‍ക് ഫോര്‍ റിഫോംസ് ഇന്‍ എജുക്കേഷന്‍' എന്ന റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത് പൂര്‍ണ ചെലവും കുട്ടികള്‍ വഹിക്കണമെന്നായിരന്നു. പുര്‍ണ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കണമെന്ന് ആവശപ്പെട്ട കമ്മിറ്റി,  പാവങ്ങള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ വായ്പയും നിര്‍ദേശിച്ചു. മുകേഷ് അംബാനി കണ്‍വീനറും കുമരംമഗലം ബിര്‍ള അംഗവുമായ കമ്മിറ്റി, വരുംകാല വികസനത്തിന്റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമായിരിക്കുമെന്ന് വിലയിരുത്തിയാണ് ഈ ശിപാര്‍ശകള്‍ മുന്നോട്ടുവക്കുന്നത്. കച്ചവടത്തിലും വ്യവസായത്തിലും അഗ്രഗണ്യരായ ആളുകളെ കുത്തിനിറച്ച ഇത്തരം നയരൂപീകരണ സമിതികളിലൂടെ രാജ്യത്ത് നടപ്പാക്കപ്പെട്ട സ്വാശ്രയ വിദ്യാഭ്യാസ പദ്ധതി, കേരളത്തിലും കച്ചവട കേന്ദ്രിതമായി തന്നെയാണ് വികസിച്ചത്. സാമൂഹ്യക്ഷേമ സങ്കല്‍പവും സാര്‍വത്രിക വിദ്യാഭ്യാസമെന്ന തത്വവും സ്വാശ്രയത്തിന് വഴിമാറുന്നതായിരുന്നു പിന്നീട് കണ്ട കാഴ്ച.

വൈറ്റ് കോളര്‍ മോഹവും അവിശ്വാസവും 

ഈ മാറ്റത്തിന് കേരളത്തില്‍ അസാധാരണമായ സ്വീകാര്യതയാണ് ലഭിച്ചത്. വിദ്യാഭ്യാസത്തോടുള്ള മലയാളികളുടെ സമീപനവും അതേക്കറിച്ചുള്ള വീക്ഷണവും ആ സ്വീകാര്യതക്ക് കാരണമായി. വിദ്യാഭ്യാസമെന്നത് മലയാളിയെ സംബന്ധിച്ച് തൊഴില്‍ വിപണിയില്‍ പ്രാമുഖ്യം നേടാനുള്ള ഉപാധിമാത്രമാണ്. വിദ്യാഭ്യാസത്തിന്‌റെ ആകെ ലക്ഷ്യം തൊഴില്‍ നേടുകയെന്നതും അതുതന്നെ, പഠിക്കാനായി ചിലവാക്കിയ പണം എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്ന ജോലി ആയിരിക്കണമെന്നതുമാണ് അവരുടെ മിനിമം നിലപാട്. മലയാളികളുടെ മനോനിലയില്‍ പാരമ്പര്യമായി ഈ അവബോധം നിലനില്‍ക്കുന്നുണ്ട് എന്നുവേണം കരുതാന്‍. ജാതി വിഭജനത്തിന്‌റെ അടിസ്ഥാന തത്വങ്ങളില്‍ തൊഴിലും ഒരു ഘടകമയിരുന്നുവല്ലോ? അതിനനുസൃതമായ വിദ്യാഭ്യാസം നേടിക്കൊണ്ടിരുന്നതും ഇതേ വിഭജനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഫ്യൂഡല്‍ മൂല്യബോധത്തിലധിഷ്ടിതമായ ആ 'വൈറ്റ് കോളര്‍ തൊഴില്‍' മോഹങ്ങളുടെ സ്വാധീനം കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വികാസ രീതികളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് സ്വാശ്രയ കോളജുകള്‍ക്ക് ലഭിച്ച സ്വീകാര്യത. ഒരുതൊഴില്‍ പരിശീലന കേന്ദ്രമെന്ന സങ്കല്‍പത്തെ അടിസ്ഥാനമാക്കിയാണ് സ്വാശ്രയ കോളജുകള് കേരളത്തില്‍ രൂപംകൊണ്ടത്. അതുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയവത്കരണം, എളുപ്പത്തില്‍ ജോലി കിട്ടുന്നതും ഉയര്‍ന്ന വേതന സാധ്യതയുള്ളതും സാമൂഹികാംഗീകാരമുള്ള തൊഴിലുകളില്‍  ഉന്നതവുമായ പഠന ശാഖകളില്‍ കേന്ദ്രീകരിച്ചത്. ഉയര്‍ന്ന സാമൂഹിക പദവി ലഭിക്കുന്ന തൊഴില്‍ മേഖലയിലെത്തിപ്പെടാന്‍ എത്ര പണം മുടക്കിയും പഠിക്കാന്‍ സന്നദ്ധമായ കുട്ടികളുടെയും അതേവീക്ഷണത്തില്‍ അവരെ പൂര്‍ണമായി പിന്തുണക്കുന്ന രക്ഷിതാക്കളുടെയും മുന്നിലാണ് സ്വാശ്രയം നിലവില്‍ വരുന്നത്. 

പൊതുവിദ്യാഭ്യാസത്തില്‍ ഭൂരിപക്ഷ മലയാളികള്‍ക്കുള്ള അവിശ്വാസം സ്വാശ്രയത്തിന്‌റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാകുക സ്വന്തം പണം മുടക്കി പഠിക്കുന്നതാണെന്ന ധാരണ ഇവിടെ സാര്‍വത്രികമാണ്. ആഗോളീകരണാനന്തര കാലത്തെ തലമുറയുടെ വര്‍ധിച്ച വിദ്യാഭ്യാസ ആവശ്യത്തോടും ആഗ്രഹങ്ങളോടും സക്രിയമായി പ്രതികരിക്കുന്നതില്‍ അതത് കാലത്തെ സര്‍ക്കാറുകള്‍ പരാജയപ്പെട്ടതും ഇതിന് വളമായി. ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിന് വലിയ തുക നിക്ഷേപിക്കേണ്ടി വന്നപ്പോള്‍, സംസ്ഥാന സര്‍ക്കാറുകള്‍ ആ രംഗത്തുനിന്ന് പിന്‍മാറുകയാണ് ചെയ്തത്. പകരം പണം മുടക്കാന്‍ കഴിവുള്ളവര്‍ക്ക് വിദ്യാഭ്യാസ മേഖലയെ വിട്ടുകൊടുക്കുകയും ചെയ്തു. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയെ. രാജ്യം സ്വീകരിച്ച ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി. 


പുറത്താകല്‍, നിര്‍ബന്ധിതം

വലിയ സാമൂഹ്യ പദവിയും സാന്പത്തിക ശേഷിയും ക്രയശേഷിയുമുള്ളവര്‍ മാത്രമാണ് ഇത്തരം കോളജുകളില്‍ എത്തിപ്പെട്ടത്. പരോക്ഷമായ ഒരുതരം പുറന്തള്ളല്‍ ഇവിടെ സംഭവിച്ചു. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാകട്ടെ വലിയ തോതില്‍ തന്നെ സംഭവിക്കുന്നുമുണ്ട്. നേരത്തെ പറഞ്ഞ, ജാതീയതയുടെ മറ്റൊരു രൂപം ഇവിടെ പ്രകടമാണ്. ചിലയാളുകള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ വൈമുഖ്യമുള്ളവരുടെ സ്വാഭാവിക അഭയ സ്ഥാനമായി ഇവ മാറുകയും ചെയ്തു. ഒരുവിഭാഗം പുറന്തള്ളപ്പെടുകയും അത്തരമാളുകളോട് സഹവാസം വേണ്ടെന്ന് തീരുമാനിച്ചവര്‍ കൂടുതലായി എത്തിപ്പെടുകയും ചെയ്യുന്ന ഇടങ്ങളായി സ്വാശ്രയ സ്ഥാപനങ്ങള്‍ മാറി. പ്രൊഫഷണല്‍ വിദ്യാഭ്യാസം തങ്ങള്‍ക്ക് അപ്രാപ്യമാണ് എന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം ഇന്ന് കേരളത്തിലുണ്ട്. ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ ഇക്കാര്യം മനസാ അംഗീകരിച്ച് കഴിഞ്ഞു. അവരുടെ ഉപരി പഠന പദ്ധതികളില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ എന്ന സങ്കല്‍പമേയില്ല. അത്തരം കോളജുകളും അതുനല്‍കുന്ന ഏറ്റവുമേറെ സാമൂഹ്യാംഗീകാരവുമുള്ള ജോലിയും വേണ്ടെന്ന് തീരുമാനിക്കാന്‍ അവര്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. 



ഏറ്റവും താഴ്ന്ന സാമ്പത്തിക വിഭാഗത്തില്‍ പെട്ട വെറും 4.9 ശതമാനം ആളുകള്‍ മാത്രമാണ് മക്കളെ സ്വാശ്രയ കോളേജില്‍ അയക്കാന്‍ താത്പര്യപ്പെടുകയെങ്കിലും ചെയ്യുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതേ സമയം സാന്പത്തിക ശേഷിയുള്ളവരിലെ 72 ശതമാനം ആളുകളും മക്കളെ പ്രഫഷണല്‍ വിദ്യാഭ്യാസം ചെയ്യിക്കാനാഗ്രഹിക്കുന്നവരാണ്.  അതില്‍ തന്നെ 36 ശതമാനം മക്കളെ സ്വാശ്രയ കോളജില്‍ അയക്കാന്‍ തീരുമാനിച്ചവരുമാണ്. മെറിറ്റില്‍ സീറ്റ് കിട്ടില്ല എന്നതിനാലാണ് ഇവര്‍ സ്വാശ്രയ കോളേജ് തെരഞ്ഞെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉയര്‍ന്ന സാന്പത്തിക ശേഷിയുള്ളവര്‍ ആകെ 9 ശതമാനം മാത്രമാണെന്നതുകൂടി ഇവിടെ പ്രസക്തമാണ്. ദരിദ്രനെ കൂടുതല്‍ ദരിദ്രനും പണക്കാരനെ കൂടുതല്‍ പണക്കാരനുമാക്കുന്നു എന്ന സ്വകാര്യവത്കരണത്തിന്റെ ദുരന്തഫലം, വിദ്യാഭ്യാസ മേഖലയിലേക്ക് സ്വാശ്രയം എത്തിച്ചുവെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൊതസമൂഹത്തിന് മൊത്തത്തില്‍ സ്വീകാര്യമായ തരത്തിലോ എല്ലാവരെയും ഉള്‍കൊള്ളുന്ന തരത്തിലോ അല്ല സ്വാശ്രയ മേഖല വികസിച്ചതെന്ന് ചുരുക്കം. ഇതാകട്ടെ ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും പ്രകടമായി അനുഭവപ്പെട്ടത്. ഒരുതരം പുറന്തള്ളല്‍ (exclusion) ആണ് ഇവിടെ സംഭവിക്കുന്നത്. 

കുട്ടികള്‍ക്ക് മുന്നിലെ വന്‍മതിലുകള്‍

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഘടന തന്നെയാണ് ഇത്തരം പുറന്തള്ളലുകള്‍ക്ക് പ്രധാന കാരണം. ഒരു വിദ്യാഭ്യാസ സ്ഥാപനം എല്ലാതരം വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമായിരിക്കണം (accessible). യോഗ്യതയില്‍ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് മറ്റ് പരിഗണനകളൊന്നുമില്ലാതെ അവരാഗ്രഹിക്കുന്നിടത്ത് തുടര്‍ പഠനം നടത്താന്‍ കഴിയുന്നതുമാകണം വിദ്യാഭ്യാസ രംഗം. എന്നാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, പ്രത്യേകിച്ച് സ്വാശ്രയ കോളജുകള്‍ ഏറ്റവുമേറെയുള്ളമെഡിക്കല്‍, എഞ്ചിനീയറിങ് മേഖല വിദ്യാര്‍ഥികളെ സ്ംബന്ധിച്ചേടത്തോളം അത്രമേല്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമല്ല. വലിയ പണം മുടക്കി, പരിശീലനം നേടുന്നവര്‍ എപ്പോഴും മുന്നിലെത്തുന്ന പ്രവേശന പരീക്ഷയാണ് അവരെ തടയുന്ന ആദ്യ കടന്പ. പ്രവേശന പരീക്ഷയെക്കുറിച്ച് നടന്ന പഠനങ്ങളെല്ലാം പറയുന്നത്, പരിശീലന കേന്ദ്രങ്ങളില്‍ പണംമുടക്കുന്നവര്‍ മാത്രമാണ് അതില്‍ മുന്‍പന്തിയിലെത്തുന്നത് എന്നാണ്. നമ്മുടെ മുന്നിലുള്ള അനുഭവങ്ങളും അതുതന്നെ. പ്രവേശന പരീക്ഷാ പരിശീലനം നേടാന്‍ കഴിയാത്ത  ഒരുസാധാരണ വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം സ്വാശ്രയ പ്രൊഫഷണല്‍ മേഖല സ്വപ്‌നം കാണാന്‍പോലും പറ്റാത്ത സ്ഥലമാണ്. 

ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാശ്രയം അപ്രാപ്യമാക്കുന്നതിലെ മുഖ്യ തടസ്സം പ്രവേശന പരീക്ഷയാണെന്ന് കണ്ടെത്തിയ ഒന്നിലേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സി ഡി എസ് നടത്തിയ ഒരു പഠനം പറയുന്നു: 'വിദ്യാ സന്പന്നരായ മാതാപിതാക്കളുടെ മക്കളാണ് പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവരെല്ലാം. ഈ പരീക്ഷയില്‍ മുന്നിലെത്തി പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്നവരുടെ രക്ഷിതാക്കള്‍, ഇതേ പരീക്ഷയില്‍ പിന്നിലായി പ്രവേശനത്തിന് അനര്‍ഹരാകുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയവരാണ്. പരീക്ഷക്ക് ഹാജരാകുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ 80 ശതമാനവും അവര്‍ക്കിടയിലെ മധ്യവര്‍ഗം/ഉപരിവര്‍ഗം വിഭാഗത്തില്‍പെട്ടവരാണ്. പരീക്ഷക്ക് ഹാജരാകുന്ന ഒ.ബി.സി, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉയര്‍ന്ന ജാതിക്കാരേക്കാള്‍ ദരിദ്രരാണ്. സാന്പത്തികമായും സാമൂഹികമായും ഉയര്‍ന്നുനില്‍ക്കുന്ന അഞ്ച് ശതമാനത്തില്‍ പെടുന്ന വിദ്യാര്‍ഥികളാണ് പ്രഫഷണല്‍ കോഴ്സുകളിലെ സീറ്റുകളില്‍ 82 ശതമാനം കൈയ്യടക്കുന്നത്.' (Opportunities for Higher Education: An Enquiry into Entry Barriers, എ. അബ്ദുസ്സലാം).

കോളജുകളിലെ ഫീസാണ് രണ്ടാമത്തെ പ്രശ്‌നം. പ്രവേശന പരീക്ഷയിലൂടെ സീറ്റ് നേടാന്‍ അര്‍ഹരായാലും ലക്ഷങ്ങള്‍ മുടക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ ഇത്തരം കോളജുകളില്‍ പഠിക്കാന്‍ കഴിയൂവെന്നതാണ് യാഥാര്‍ഥ്യം. സ്വാശ്രയ കോളജുകളുടെ ഫീസ് ഘടനയും അപ്രകാരമാണ്. വന്‍തുകയാണ് ഓരോവര്‍ഷവും ഏര്‍പെടുത്തുന്നത്. ഇതാകട്ടെ, പ്രതിവര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അഥവ, ഓരോവര്‍ഷവും ഉയര്‍ന്നുകൊണ്ടോയിരിക്കുന്ന ഫീസ്, കൂടുതല്‍ കൂടുതല്‍ കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്. 

പ്രൊഫഷണല്‍ കോഴ്സുകളിലും സ്വാശ്രയ കോളജുകളിലും പ്രവേശം നേടുന്നവര്‍ ഉയര്‍ന്ന സാന്പത്തിക നിലയിലുള്ളവരാണെന്നും വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നവരില്‍ ബി.പി.എല്‍ വിഭാഗം 6.1 ശതമാനം മാത്രമാണ്. മധ്യവര്‍ഗം 7.4 ശതമാനവും. കേരള ജനസംഖ്യയില്‍ വെറും 9 ശതമാനം വരുന്ന ഉന്നത സാമ്പത്തിക വിഭാഗത്തിലുള്ളവരാണ്  എം.ബി.ബി.എസ്സിന്റെ 87 ശതമാനം സീറ്റുകളിലും എത്തുന്നത്. എം ബി ബി എസിന് പഠിക്കുന്നവരില്‍ 52 ശതമാനം നഗരവാസികളാണ്. ഇതില്‍ തന്നെ 32 പേര്‍ ശതമാനം കേര്‍പറേഷനുകളിലെ താമസക്കാരാണ്. ശരാശരി 2 ലക്ഷത്തോളമാണ് എം ബി ബി എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ  വാര്‍ഷിക വരുമാനം. ബി ഡി എസ് വിദ്യാര്‍ഥികലുടെ രക്ഷിതാക്കള്‍ 1.80 ലക്ഷം വരുമാനമുള്ളവര്‍. 

എം ബി ബി എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ 60 ശതമാനത്തിലേറെയും പ്രതിമാസ ശന്പളമുള്ള ജോലി ചെയ്യുന്നവരാണ്. ബിസിനസുകാര്‍ 4.6 ശതമാനം മാത്രം. രക്ഷിതാക്കളില്‍ 60 ശതമാനവും സര്‍ക്കാര്‍-റിട്ട,സര്‍ക്കാര്‍-പൊതുമേഖല ജോലിക്കാരാണ്. സ്വകാര്യ മേഖലയിലെ പ്രതിമാസ ശന്പളക്കാരെക്കൂടി കൂട്ടിയാല്‍ ഇത് 76.4 ശതമാനമാകും. 22.8 ശതമാനം എം ബി ബി എസ് വിദ്യാര്‍ഥികളുടെ അച്ഛനും അമ്മയും ജോലിയുള്ളവരാണ്. ബി ഡി എസില്‍ ഇത് 36.8 ശതമാനമാണ്.  കാര്‍ഷിക വൃത്തിയിലെ വരുമാനം കൊണ്ട് മക്കളെ എം ബി ബി എസ് പഠിപ്പിക്കുന്നവര്‍ വെറും 4.9 ശതമാനം മാത്രമാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസവും വരുമാനവും അവരുടെ തൊഴിലും മക്കളുടെ പ്രൊഫഷണല്‍ പഠന സാധ്യതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എം ബി ബി എസ് പഠിക്കുന്നവരുടെ അച്ഛന്‍മാരില്‍ 72.4 ശതമാനവും ബിരുദമോ അതില്‍കൂടുതലോ യോഗ്യതയുള്ളവരാണ്. അമ്മമാരുടെ അനുപാതം 62 ശതമാനവും. എസ് എസ് എല്‍ സിയില്‍ താഴെ യോഗ്യതയുള്ള രക്ഷിതാക്കള്‍ 5.5 ശതമാനം മാത്രം. ഈ രീതിയില്‍ ജോലിയും വരുമാനവുമുള്ളവര്‍ക്ക് മാത്രമാണ് സ്വാശ്രയ മേഖലയില്‍ പ്രവേശനം നേടാന്‍ കഴിയുന്നത്. അതുതന്നെ, ഓരോവര്‍ഷവും സ്വാശ്രയ കോഴ്സ് ഫീസില്‍ വന്‍ വര്‍ധനയാണ് സംഭവിക്കുന്നത്. ഇത് പുറന്തള്ളപ്പെടുന്നവരുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. (കണക്കുകള്‍ക്ക് അവലംബം -കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിലെ പ്രതിബന്ധങ്ങള്‍, എന്‍ അജിത്, സി ഡി എസ്)

കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട സര്‍ക്കാറില്‍നിന്നാകട്ടെ, പരോക്ഷമായ പുറന്തള്ളലിന് സഹായകരമായ തീരുമാനങ്ങളാണ് എപ്പോഴുമുണ്ടാകുന്നത്. സ്കോളര്‍ഷിപ് അതിനൊരു ഉദാഹരണമാണ്. പലതരം വിവാദങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ ചില സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിങ് കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് കിട്ടുമോ എന്ന വിവരം അറിയണമെങ്കില്‍ പോലും മുഴുവന്‍ ഫീസും അടച്ച് പ്രവേശം നേടണം. ഒരുസാധാരണക്കാരന്, അസാധ്യമായ ഈ വ്യവസ്ഥ സര്‍ക്കാര്‍ തന്നെയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. സ്വാശ്ര കോളജുകളില്‍ എല്ലാവിഭാഗം കുട്ടികളെയും എത്തിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍, അതിനുപകരിക്കുമായിരുന്ന സ്കോളര്‍ഷിപ് നല്‍കുന്നതില്‍ പോലും  വിദ്യാര്‍ഥികള്‍ക്ക് സഹായകരമല്ലാത്ത മാനദണ്ഡങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. 

സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്ക് വേണ്ടി ഓരോവര്‍ഷം ഉണ്ടാക്കുന്ന കരാറുകളും ഇതുപോലെത്തന്നെയാണ്. വിദ്യാര്‍ഥികളുടെ താത്പര്യത്തേക്കാള്‍ മാനേജ്‌മെന്‌റിന്‌റെ ലാഭനഷ്ടക്കണക്കുകളെ ആസ്പദമാക്കിയാണ് എല്ലാ സ്വാശ്രയ കരാറുകളും രൂപപ്പെടുത്തുന്നത്. അക്കാദമികമായ ഗുണമേന്മയോ ഉള്ളടക്കപരമായ മികവുകളോ ഒരുകാലത്തും ഇതില്‍ ചര്‍ച്ചാകേന്ദ്രമായിട്ടില്ല. സര്‍ക്കാര്‍ തീരുമാനങ്ങളും നടപടികളും ഫലത്തില്‍ വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്. 2017ല്‍ ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മെഡിക്കല്‍ പി ജി സീറ്റുകളിലെ ഫീസാണ്. മുന്‍വര്‍ഷത്തേക്കാള്‍ 8 ലക്ഷം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏകീകൃത പ്രവേശന പരീക്ഷ നടപ്പാക്കുന്നു എന്നപേരിലാണ് ഈ വര്‍ധന. ഇത്രയും ഫീസില്ലെങ്കില്‍ കോളജ് നടത്തിക്കൊണ്ടുപോകാനാകില്ല എന്നാണ് കത്തോലിക്ക സഭയുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകളുടെ കൂട്ടായ്മയുടെ നേതാവായ ജോര്‍ജ് പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. തങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ വകവച്ചുകൊടുത്തു എന്ന് മാനേജ്മെന്റുകള്‍ തന്നെ സമ്മതിക്കുന്നു. ഏകീകൃത പരീക്ഷ കാരണം തലവരി വാങ്ങാനുള്ള സാധ്യത ഇല്ലാതായ സന്ദര്‍ഭത്തിലാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയം.

ഇത്തരം വിവേചനങ്ങള്‍ കാരണം ഒരുവിഭാഗം കുട്ടികള്‍ ഈ കോളജുകളില്‍ എത്താതാകുന്നു എന്നത് മാത്രമല്ല പ്രശ്‌നം. ഏതെങ്കിലും തരത്തില്‍ സ്വാശ്രയ കോളജുകളില്‍ ഇടംനേടുന്ന സാധാരണക്കാരായ കുട്ടികള്‍ കടുത്ത സാമൂഹിക വിവേചനങ്ങള്‍ക്കും വംശീയ അതിക്രമങ്ങള്‍ക്കും ഉള്‍വലിയല്‍ പോലെ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധികള്‍ക്കും ഇരയാകുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളുടെ സാമൂഹിക പശ്ചാത്തലം ഏറെക്കുറെ ഒരുപോലെയാണ്. കേരളത്തലെ ആദ്യ സ്വാശ്രയ കോളജായ ലോ അക്കാദമി ലോ കോളജ് സമരമാണ് അവസാനമായി കേരളത്തില്‍ നടന്ന വലിയ വിദ്യാഭ്യാസ സമരം. ഇതിന് ആധാരമായ മുഖ്യ കാരണങ്ങളിലൊന്ന് അവിടത്തെ ദലിത്-പിന്നാക്ക വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതീയവും വംശീയവുമായ ആക്രമണങ്ങളായിരുന്നു. വ്യത്യസ്ത ജാതികളില്‍പെട്ട വിദ്യാര്‍ഥികള്‍ തമ്മിലെ പ്രണയത്തെപ്പോലും അടിച്ചൊതുക്കുന്ന തരത്തില്‍ സവര്‍ണരായ കോളജ് മാനേജ്‌മെന്‌റുകളും അവരോടൊപ്പം (ഒരുപരിധിവരെ ജാതീയമായിത്തന്നെ) നില്‍ക്കുന്ന വിദ്യാര്‍ഥികളും സദാചാര ഗുണ്ടായിസമാണ് നടത്തുന്നതെന്ന് അതിനരായായവര്‍ തന്നെ തുറന്നുപറഞ്ഞു. കോളജ് ഉടമകളുടെ ഹോട്ടലില്‍ ക്ലീനിങ് ജോലി ചെയ്യാന്‍ ദലിത് വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു. ഇതിവിടെ മാത്രമല്ല. കേരളത്തിലെ ഒട്ടനവധി കോളജുകളില്‍ സമാനമായ സംഭവങ്ങളണ്ടായിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ഥിനികള്‍ മതപരമായ വേഷം ധരിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പെടുത്തിയ നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. സാന്പത്തിക മേന്മ മാത്രം പരിഗണിച്ചും മറ്റ് സാമൂഹിക ഘടകങ്ങളെല്ലാം അവഗണിച്ചും തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൂല്യബോധം, സാധാരണക്കാരെ ഉള്‍കൊള്ളാനാകാത്തവിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായി മാറുക സ്വാഭാവികം. ഇത്തരം കോളജുകളില്‍ പ്രവേശം നേടിയ സാധാരണക്കാര്‍, ആ സാമൂഹിക സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ കടുത്ത വിവേചനങ്ങള്‍ നേരിട്ട് ആത്മാഭിമാനം നഷ്ടപ്പെട്ട് പുറത്തുപൊകാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. 

സാന്പത്തിക വിഷമവൃത്തം

സാന്പത്തിക കാരണങ്ങളാല്‍ പുറന്തള്ളപ്പെടുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാറും മാനേജ്‌മെന്‌റും വക്കുന്ന പരിഹാരമാര്‍ഗം വായ്പ എടുത്ത് പഠിക്കുക എന്നതാണ്. കേരളത്തിലെ ഒരുതലമുറയെയാകെ വലിയ കടക്കെണിയിലേക്ക് തള്ളിയിട്ടുഎന്നതാണ് ഈ പദ്ധതിയുടെ അനന്തര ഫലം. 20 വര്‍ഷത്തെ സ്വാശ്രയ വിദ്യാഭ്യാസ അനുഭവം വിലയിരുത്തുമ്പോള്‍, വലിയ വായ്പാ കെണിയില്‍ കുടുങ്ങി ജീവിതം തന്നെ ദുസ്സഹമായ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് മുന്നിലെത്തുന്നത്. ബാങ്കുള്‍ക്ക് കിട്ടാക്കടമായി മാറുന്ന വായ്പയുടെ സിംഹഭാഗവും വിദ്യാഭ്യാസ ലോണുകളാണെന്ന് അവരുടെ വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ഥാപനങ്ങളും യോഗ്യത നേടുന്നവരും വന്‍തോതില്‍ വര്‍ധിച്ചതോടെ തൊഴില്‍ സാധ്യതകളില്‍ സംഭവിച്ച ഇടിവ്, വന്‍തുക വായ്പയെടുത്ത് പഠിച്ചിറങ്ങിയവരെയാണ് ആദ്യം ബാധിച്ചത്. വായ്പ തിരിച്ചടക്കാന്‍ കഴിയും വിധം വരുമാനമുള്ള ജോലി കണ്ടെത്താനാകാതെ അവര്‍ കുഴങ്ങി. തുച്ഛമായ വേതനത്തിന് ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ജീവിക്കാന്‍ ആവശ്യമായ സാമ്പത്തിക ഭദ്രത മറ്റേതെങ്കിലും തരത്തില്‍ കൈവരിച്ചവര്‍ക്ക് സാമൂഹിക പദവി നിലനിര്‍ത്താനുള്ള ഉപാധിയെന്ന നിലയില്‍ മാത്രമാണ് വിദ്യാഭ്യാസ യോഗ്യത ഉപകരിച്ചത്. ഈ തരത്തില്‍ അക്കാദമികമായം പ്രൊഫഷണലായും ഉപകാരപ്പെടാതിരിക്കുകയും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നായിമാറി സ്വാശ്രയ വിദ്യാഭ്യാസം. 

സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ 2016 സെപ്തംബറിലെ കണക്ക് അനുസരിച്ച് 3.7 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വായ്പക്കാരാണ്. മൊത്തം 10,131.6 കോടി രൂപയാണ് ഈയിനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 27,823 പേര്‍ 7.5 ലക്ഷം രൂപയില്‍ കൂടുതല്‍ കടമെടുത്തവരാണ്. 51,754 പേര്‍ 4 ലക്ഷം രൂപയില്‍ കൂടുതലും. 2.9 ലക്ഷം വിദ്യാര്‍ഥികള്‍ 4 ലക്ഷം രൂപ വരെ വായ്പ എടുത്തവരും. ഇവരുടെ എണ്ണം ഓരോവര്‍ഷവും കുത്തനെ കൂടുകയും ചെയ്യുന്നു. വിദ്യാഭ്യാസ വായ്പയില്‍ കിട്ടാക്കടത്തിന്റെ തോതും ഓരോവര്‍ഷവും കുത്തനെയാണുയരുന്നത്. 2015 ഡിസംബറിലെ കണക്ക് പ്രകാരം 1062.33 കോടിയായിരുന്നു കിട്ടാക്കടം. എന്നാല്‍ 9 മാസം കൊണ്ട്, കിട്ടാക്കടം 25 ശതമാനം വര്‍ധിച്ചു. 2016 സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 1325.55 കോടി. ആകെ വിദ്യാഭ്യാസ വായ്പയുടെ  13 ശതമാനം കിട്ടാക്കടമാണിപ്പോള്‍. അതാകട്ടെ ദിനംപ്രതി കൂടുകയും ചെയ്യുന്നു. സ്റ്റേറ്റ് ബാങ്കുകളില്‍നിന്നോ ദേശസാത്കൃത ബാങ്കുകളില്‍നിന്നോ മാത്രമല്ല, സ്വകാര്യ ബാങ്കുകളില്‍നിന്നും സഹകരണ ബാങ്കുകളില്‍നിന്നും വന്‍തോതില്‍ കുട്ടികള്‍ വായ്പയെടുക്കുന്നുണ്ട്. താരതമ്യേന സാധാരണക്കാരായ ആളുകള്‍ വായ്പയെടുക്കുന്ന സഹകരണ ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ തോത് കൂടുതലാണ്. ദേശസാത്കൃത ബാങ്കുകള്‍ ആകെ നല്‍കിയ വാ്പയുടെ 58 ശതമാനം ഇപ്പോള്‍ കിട്ടാക്കടമാണ്. സ്റ്റേറ്റ് ബാങ്കില്‍ ഇത് 22 ശതമാനമാണ്. സ്വകാര്യ ബാങ്കുകളുടെയും ഗ്രാമീണ-സഹകരണ ബാങ്കുകളുടെയും 10 ശതമാനം വീതവും കിട്ടാക്കടമായി മാറിക്കഴിഞ്ഞു. സാധാരണക്കാരുടെ തിരിച്ചടക്കല്‍ ശേഷിയും അവരകടപ്പെടുന്ന കടക്കെണിയുടെ ആഴവും ഈ കണക്കുകളില്‍ ല്‍നിന്ന് വ്യക്തമാണ്. എളുപ്പത്തില്‍ കരകയറാന്‍ സാധിക്കാത്ത ഈ ദുര്‍വൃത്തത്തിനുള്ളില്‍ ഒരുതലമുറയെ കുരുക്കിയിട്ടു എന്നതാണ് സ്വാശ്രയ വിദ്യാഭ്യാസം സൃഷ്ടിച്ച ഏറ്റവും വലിയ സാന്പത്തിക ദുരന്തം.

ആശ്രയിക്കാനാകാത്ത ഉള്ളടക്കവും ഘടനയും

കേരളത്തിന്റെ അക്കാദമിക മേഖലയില്‍ വലിയ പ്രത്യാഘാതമാണ് സ്വാശ്രയ കോളജുകള്‍ സൃഷ്ടിച്ചത്. സ്വാശ്രയ കോളജുകള്‍ വ്യാപമാകയോതോടെ, അത്തരം കോഴ്‌സുകള്‍ പഠിക്കാന്‍ വേണ്ട അഭിരുചിയില്ലാത്തവരെപ്പോലും ആ മേഖലയിലേക്ക് എത്തിച്ചു. ഒരുപരിധിവരെ അവിടെ പഠിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. കോളജുകളുടെ പഠനനിലവാരത്തെയും അതുവഴി അവിടെനിന്നിറങ്ങുന്ന കട്ടികളുടെ വൈജ്ഞാനിക നിലവാരത്തെയും അത് വലിയതോതില്‍ ബാധിച്ചു. ഒരുപരിധിവരെ മെഡിക്കല്‍ വിദ്യാഭ്യാസം മാത്രമാണ് ഇപ്പോള്‍ അതിന് അപവാദമായി നില്‍ക്കുന്നത്. അതും എത്രകാലമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. മറ്റെല്ലാ കോഴ്‌സുകളിലും ഏറെക്കുറെ ഈ നിലവാരത്തകര്‍ച്ച പ്രകടമാണ്. കേരളത്തില്‍ ഏറ്റവും കുടുതല്‍ സ്വാശ്രയ സ്ഥാപനങ്ങളുള്ള എഞ്ചിനീയറിങ് മേഖലയില്‍ നടന്ന പഠനങ്ങള്‍ ഇതിന് അടിവരയിടുന്നു. 

എഞ്ചിനീയറിങ് പഠനത്തിന് വേണ്ട ഗണിതശാസ്ത്ര വിഷയങ്ങളിലെ അടിസ്ഥാന ധാരണപോലും ഇല്ലാത്തവര്‍ വരെ ബിടെക് വിദ്യാര്‍ഥികളായി മാറുകയാണിപ്പോള്‍. സീറ്റുകളുടെ ആധിക്യം കാരണം,  പ്ലസ്ടുവിന് എത്ര കുറഞ്ഞ മാര്‍ക്ക് നേടിയാലും ബിടെകിന് പഠിക്കാമെന്നതാണ് സ്ഥിതി.  എന്നാല്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിപക്ഷവും തൊഴില്‍ നൈപുണിയില്ലാത്തവരും എഞ്ചിനീയറിങ് അഭിരുചിയില്ലാത്തവരുമാണ് എന്നതാണ് അനുഭവം. എഞ്ചിനീയറിങ് പഠിക്കാനുള്ള അഭിരുചിയില്ലാത്ത വിദ്യാര്‍ഥികള്‍ വര്‍ധിച്ചതോടെ കോളജുകളുടെ വിജയനിലവാരവും കുത്തനെ ഇടിഞ്ഞു. കോളജുകളില്‍ കൂട്ടത്തോല്‍വി പതിവായി. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ എഞ്ചിനീയറിങ് കോളജുകളിലെ തോല്‍വി 60 മുതല് 90 ശതമാനം വരെയാണെന്നാണ് മൂന്ന് വര്‍ഷം മുന്പ് വിവരാവകാശ പ്രപകാരം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച മറുപടി. കേരള സര്‍വകലാശാലയില്‍ അന്ന് പരാജയ തോത് 56-80 ശതമാനമായിരുന്നു. വിജയശതമാനം ഓരോ വര്‍ഷവും കുത്തനെ കുറയുകയുമാണ്. കേരളത്തിലെ ഏത് സര്‍വകലാശാലയിലാണെങ്കിലും പണം മുടക്കി ബിടെക് പഠിക്കാനെത്തുന്നവരില്‍ മഹാ ഭൂരിഭാഗവും പരാജയപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിരുദം നേടുന്ന 30 ശതമാനത്തില്‍ പകുതിയോളം ജോലി ചെയ്യാന്‍ ശേഷിയില്ലാത്തവരുമാണ്. ഫലത്തില്‍ ഒരു ബാച്ചില്‍ പഠിക്കാനിറങ്ങുന്ന 85 ശതമാനം കുട്ടികളും വഴിയാധാരമാകുന്നുവെന്നര്‍ഥം. ഒരുകുട്ടിപോലും വിജയിക്കാത്ത കോളജുകള്‍ കേരളത്തിലുണ്ട്. മതിയായ നിലവാരവും അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ അഞ്ച് കോളജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല ഈ വര്‍ഷം അഫിലിയേഷന്‍ നിഷേധിച്ചു. എന്നാല്‍ ഇതില്‍ രണ്ട് കോളജുകള്‍ ഹൈക്കോടതി വിധി സന്പാദിച്ച് ഇത്തവണയും പ്രവേശം നടത്തി. ഇതില്‍ ഒരു കോളജില്‍ ആകെ 26 വിദ്യാര്‍ഥികളാണ് എത്തിയത്. കുറഞ്ഞ റാങ്ക് വാങ്ങിയിട്ടും പ്രവേശം ലഭിച്ചവരാണ് എഞ്ചിനീയറിങ് കോളജുകളില്‍ തോല്‍ക്കുന്നവരില്‍ ഭൂരിഭാഗവുമെന്ന് പാലക്കാട് ഐ ആര്‍ ടി സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പഠന നിലവാരവും അടിസ്ഥാന സൌകര്യങ്ങളുമില്ലാതായതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അതിരൂക്ഷമായി. ഒരുബാച്ചില്‍ മൂന്ന് കുട്ടികളെങ്കിലും കൊഴിഞ്ഞുപോകുക സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 10 കുട്ടികള്‍ വരെയാകുന്നുണ്ട്. 

കേരളത്തില്‍ ഇപ്പോള്‍ വിവിധ ബ്രാഞ്ചുകളിലായി ആകെ 58,000ല്‍ അധികം ബിടെക് സീറ്റുകളുണ്ട്. ഇതില്‍ 5000 സീറ്റ് മാത്രമാണ് സര്‍ക്കാര്‍ എയിഡഡ് മേഖലയിലുള്ളത്. ബാക്കിയെല്ലാം സ്വകാര്യ സ്വാശ്രയ കോളജുകളില്‍ തന്നെ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പകുതിയോളം സീറ്റില്‍ കുട്ടികളെ കിട്ടാത്ത അവസ്ഥയിലാണ് ഈ കോളജുകള്‍; വിശേഷിച്ചും സ്വകാര്യ സ്വാശ്രയ കോളജുകള്‍. 2016-17ലെ പ്രവേശം പൂര്‍ത്തിയായപ്പോള്‍ 19,834 സീറ്റാണ് ഒഴിഞ്ഞുകിടന്നത്. അഥവ ആകെയുള്ള സീറ്റിന്‌റെ 35 ശതമാനം. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു ഒഴിവ്. ഓരോവര്‍ഷവും ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 23 കോളജുകളില്‍ 30 ശതമാനത്തിന് താഴെയാണ് വിദ്യാര്‍ഥി പ്രവേശം. 300 സീറ്റുണ്ടായിട്ടും വെറും 16 പേര്‍ മാത്രം പ്രവേശം നേടിയ  കോളജുകളുണ്ട്. ഇതില്‍ തന്നെ പല കോളജുകളിലും ചില ബ്രാഞ്ചുകളില്‍ വട്ടപ്പൂജ്യമാണ് വിദ്യാര്‍ഥി പ്രാതിനിധ്യം. സംസ്ഥാനത്തെ അഞ്ച് കോളജുകളില്‍ ഇലക്ട്രിക്കല്‍ ആന്‌റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഒരൊറ്റ കുട്ടിപോലും ഈ വര്‍ഷം എത്തിയിട്ടില്ല. ഈ ബ്രാഞ്ചില്‍ 10 കോളജുകളിലായി 510 സീറ്റിലേക്ക് ആകെ വന്നത് 14 കുട്ടികള്‍ മാത്രം. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി ആകെ എത്തിയത് 35 പേര്‍. ഇങ്ങിനെ നിരവധി ബ്രാഞ്ചുകളുണ്ട്. മുഴുവന്‍ സീറ്റിലും കുട്ടികളെത്തിയത് ആകെ 19 സ്വാശ്രയ കോളജുകളില്‍ മാത്രം. വലിയ അളവില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സൃഷ്ടിച്ച സ്വാശ്രയ വിദ്യാഭ്യാസം, കേരളത്തില്‍നിന്ന് ലോക തൊഴില്‍വിപണിയിലേക്കുള്ള മനുഷ്യവിഭവ ശേഷിയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ അത്, കേരളത്തിലെ തൊഴില്‍ മേഖലയില്‍ വലിയ അരാചകത്വമാണ് സൃഷ്ടിച്ചത്. യോഗ്യരായ ആളകളുടെ ബാഹുല്യം ആഭ്യന്തര തൊഴില്‍ വിപണിയിലെ അവരുടെ വിലപേശല്‍ ശേഷിയെ പരിതാപകരമാംവിധം തകര്‍ത്തുകളഞ്ഞു. ബിടെക് ബിരുദ ധാരികളായ എഞ്ചിനീയര്‍മാര്‍, ബി എഡ് നേടിയ ശേഷം അധ്യാപകാരകുന്നവര്‍, നഴ്‌സിങ് കഴിഞ്ഞ് ആശുപത്രികളിലെത്തുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം കേരളത്തില്‍ ലഭിക്കുന്ന വേതന നിരക്ക് പരിശോധിച്ചാല്‍ ഈ പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകും. 



വിദ്യാഭ്യാസത്തിന്‌റെ ഉള്ളടക്കത്തെയും അതിന്‌റെ അടിസ്ഥാന സൗകര്യങ്ങളുടെ ഘടനയെയും സ്വാശ്രയം അപ്പാടെ മാറ്റിമറിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസ മേഖലയിലേക്കും അതിന്‌റെ സ്വാധീനമെത്തി. പ്രൊഫഷണല്‍ മേഖലയില്‍ പൊതുവിദ്യാഭ്യാസമെന്ന സങ്കല്‍പം തന്നെ ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നു. സ്വകാര്യ മേഖലയുടെ ആധിപത്യം അത്രമേല്‍ പ്രകടവുമാണ്. സ്വകാര്യ വിദ്യാഭ്യാസം കുറ്റകരമായ ഒന്നല്ല. എന്നാല്‍ എല്ലാവര്‍ക്കും തുല്യ അവസരവും തുല്യ സാധ്യതയും ഉറപ്പാക്കാത്ത വിദ്യാഭ്യാസ രീതിക്കാണ് മേല്‍ക്കൈ കിട്ടുന്നത് എന്നത് അത്രമേല്‍ നിസ്സാരമല്ല. ഇതിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയും സ്വാശ്രയവത്കരിക്കപ്പെട്ടു. ഈ സ്വാശ്രയവത്കരണത്തിന്റെ തുടര്‍ച്ചയായാണ് സാന്പത്തികവും അക്കാദമികവുമായ പൂര്‍ണാധികാരമുള്ള സ്വയംഭരണ കോളജുകള്‍ കേരളത്തില്‍ വന്നുതുടങ്ങിയത്. സ്വാശ്രയത്തിന് ലഭിച്ച സ്വീകാര്യത മുതലെടുത്താണ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ പരോക്ഷമായി സ്വാശ്രയമായി മാറുന്ന സ്വയംഭരണ സംവിധാനം കേരളത്തില്‍ അടിച്ചേല്‍പിക്കുന്നത്.

സ്വാശ്രയം രൂപപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ സവിശേഷതകളെ സ്വാംശീകരിച്ചാണ് ഇപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസ മേഖല വളരുന്നതും വികസിക്കുന്നതും. പ്രൊഫഷണല്‍ കോളജുകളിലേക്ക് അനായാസം എത്തിപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള അക്കാദമിക ഉള്ളടക്കമാണ് പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വേണ്ടതെന്ന ധാരണ പൊതുവെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ വലിയ പരീക്ഷണമായിരുന്നു ഡിപിഇപി. പ്രശ്‌നാധിഷ്ടിത പഠനവും വിമര്‍ശനാതമക ബോധനശാസ്ത്രവും മുന്നോട്ടുവച്ച പാഠ്യപദ്ധതി നടപ്പാക്കുന്ന സമയത്തുതന്നെയാണ് കേരളത്തില്‍ സ്വാശ്രയ മേഖലയടെ വളര്‍ച്ചയുമുണ്ടായത്. കളിച്ചും ചിരിച്ചും മരമംകയറിയും നടന്നാല്‍ മെഡിക്കല്‍ കോളജിലും എഞ്ചിനീയറിങ് കോളജിലും എത്തിപ്പെടാനാകില്ലെന്ന നിരാശാഭരിതമായ മനോഘടനയിലേക്കാണ് അക്കാലത്തെ അനുഭവങ്ങള്‍ മലയാളികളെ തള്ളിവിട്ടത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ആ പരീക്ഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പൊതുസമൂഹത്തിന്റെ ഡിപിഇപി ആശങ്കകളെ ഒരുപരിധിവരെ ശരിവക്കുകയും ചെയ്തു. പ്രൊഫഷണല്‍ കോളജുകളിലേക്ക് വഴികാട്ടിയാകാത്ത വിദ്യാഭ്യാസ രീതിയെ പിന്തുടരേണ്ടതില്ലെന്ന് കേരളത്തിലെ സാധാരണക്കാര്‍ തീരുമാനിക്കാന്‍ ഇത് കാരണമായി. അത് സഹായകരമായത്, അണ്‍എയിഡഡ് വിദ്യാലയങ്ങള്‍ക്കാണ്. കൃത്യതയുള്ള അടിത്തറയില്‍ല്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് ക്രമാനുഗതമായി വികസിക്കേണ്ടതാണ് വിദ്യാഭ്യാസ പദ്ധതി. എന്നാല്‍ കേരളത്തില്‍ അത് നേരെതിരിച്ചാണ് സംഭവിച്ചത്. പ്രൊഫഷണല്‍-സ്വാശ്രയ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി താഴെത്തട്ടിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന പുനക്രമീകരിക്കപ്പെടുകയായിരുന്നു കേരളത്തില്‍. തലകുത്തനെ നടപ്പായ ഈ മാറ്റത്തോടെ പ്രാഥമിക ഘട്ടം മുതല്‍ ഉന്നത-പ്രൊഫഷണല്‍ ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തിന്‌റെ ഉള്ളടക്കവും ഘടനയും അടിമുടി മാറി. ഈ മാറ്റത്തിന്റെ പ്രധാന ചാലകശക്തി സ്വാശ്രയം തന്നെയായിരുന്നു.

അക്കാദമികവും ഘടനാ പരവുമായ മാറ്റങ്ങള്‍ സംഭവിച്ചതോടെ വിദ്യാഭ്യാസം കൂടുതല്‍ ചിലവേറിയ പദ്ധതിയായി മാറി. സര്‍ക്കാറുകളാകട്ടെ, അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുത്ത്, സാന്പത്തിക ബാധ്യതകളില്‍നിന്ന് തലയൂരുകയും ചെയ്തു. ഈ മാറ്റങ്ങളും കേരളത്തിലെ അതിസാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് തിരിച്ചടിയായത്. ഉന്നത വിദ്യാഭ്യാസം എന്നത് സ്വാശ്രയത്തിലെ ചിലവുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഒരു വിഭാഗത്തിന് മാത്രം അര്‍ഹതപ്പെട്ടതായി മാറി. സര്‍ക്കാര്‍ പിന്തുണയോടെ അവിടെ എത്തിപ്പെട്ട പിന്നാക്ക-ദലിത് ദുര്‍ബല വിഭാഗങ്ങളാകട്ടെ കടുത്ത സാമൂഹിക അസമത്വങ്ങളും വംശീയ വിവേചനങ്ങളും നേരിട്ട് അത്തരം സ്ഥലങ്ങളില്‍നിന്ന് സ്വയം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. ഒരുതരം പുതിയ ജാതീയത എന്ന നിലയില്‍ തന്നെ ഇത് വിദ്യാഭ്യാസ മേഖലയില്‍ അനുഭവപ്പെടുന്നുണ്ട്. പുറന്തള്ളപ്പെടുന്ന വിദ്യാര്‍ഥികളെല്ലാം ഈ ദുരന്തത്തിന്റെ  ഇരകളാണ്. എല്ലാവര്‍ക്കും പ്രാപ്യവും അനായാസം ഒപ്പംസഞ്ചരിക്കാവുന്നതുമായ വിദ്യാഭ്യാസ സംവിധാനമുണ്ടാകുക എന്നതാണ് ഈ ദുരന്തത്തെ മറികടക്കാനുള്ള ഏക വഴി. അതിന് വേണ്ട, വിദ്യാര്‍ഥി കേന്ദ്രിതമായ നിയമങ്ങളും വിദ്യാഭ്യാസ നയങ്ങളും സംസ്ഥാനത്ത് രൂപപ്പെടേണ്ടിയിരിക്കുന്നു.

(ഒരു പുസ്കതത്തിന് വേണ്ടി 2017 മെയില്‍ എഴുതിയത്.)

Sunday, August 23, 2020

രാഷ്ട്രീയ നയം ഒളിഞ്ഞിരിക്കുന്ന വിദ്യാഭ്യാസ നയം

 



ഒരു വര്‍ഷം മുന്പ് പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭാസ നയ കരട് രേഖയില്‍നിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് കഴിഞ്ഞ ദിവസം അന്തിമ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദ്യാഭ്യാസ സന്പ്രദായത്തെ അടിമുടി മാറ്റുന്ന തരത്തിലുള്ള നടപടികള്‍ക്കാണ് ഇതോടെ തുടക്കമിട്ടിരുന്നത്. വിദ്യാഭ്യാസ പദ്ധതിയുടെ ഘടനയിലും ഉള്ളടക്കത്തിലും അതിന്റെ നടത്തിപ്പിലും സങ്കല്‍പത്തിലുമെല്ലാം സമഗ്രമായ അഴിച്ചുപണി. രണ്ടുപതിറ്റാണ്ടുകൊണ്ട് രാജ്യത്തിന്റെ മുഖച്ഛായ മാറ്റുമന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച നയരേഖയില്‍ പുതിയ കാലത്തെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ആലോചനകള്‍ക്കും പദ്ധതികള്‍ക്കും വേണ്ടത്ര ഇടം നല്‍കിയിട്ടുണ്ട്. അത് ദീര്‍ഘകാലാടിസ്ഥനത്തില്‍ രാജ്യത്ത് ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നവയുമാണ്.

എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന കാലികമായ പരിഷ്കാര നിര്‍ദേശങ്ങളുടെ മറവില്‍, ഈ വിദ്യാഭ്യാസ നയം രാജ്യം മൂല്യവത്തെന്ന് കരുതി സംരക്ഷിക്കുന്ന പല സാമൂഹിക നിലപാടുകളെയും നിരാകരിക്കുന്നുണ്ട്. അക്കാദമിക സ്വയംഭരണം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷ, രാഷ്ട്രീയ അജണ്ടകള്‍ തടയല്‍, വാണിജ്യവത്കരണത്തെ നിയന്ത്രിക്കല്‍ തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാകുന്നതിന്റെ സൂചനകള്‍ നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാനാകും. എല്ലാവരെയും ഉള്‍കൊള്ളുക എന്നതാണ് പുതിയ നയം അടിസ്ഥാന സമീപനമായി മുന്നോട്ടുവക്കുന്നത് എങ്കിലും പ്രയോഗത്തില്‍ ദുര്‍ബലരും പിന്നാക്കക്കാരും ദരിദ്രരും വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക അവശേഷിക്കുന്നു.  അക്കാദമിക സ്വാതന്ത്ര്യവും സ്വയംഭരണവും പരിമിതപ്പെടുകയും രാഷ്ട്രീയ ഇടപെടലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാവുന്ന തരത്തിലാണ് നയം രൂപീകരിച്ചിരിക്കുന്നത്.  വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗന്‍,  സംവരണം, അധികാര കേന്ദ്രീകരണം എന്നിവയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്:  'അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടും. സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണം. അതിലപ്പുറം (സംവരണത്തെക്കുറിച്ച്) തനിക്കൊന്നും പറയാനില്ല..... നയം നടപ്പാക്കിയാല്‍ കേന്ദ്രവുമായി എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരും. എന്നാല്‍ അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല.'  എങ്ങും തൊടാതെ അവ്യക്തമായി നല്‍കുന്ന ഈ മറുപടികളുടെ അതേ സ്വഭാവമാണ് ഇത്തരം വിഷയങ്ങളില്‍ അന്തിമ നയരഖയിലും പ്രകടമാകുന്നത്.

അധികാരത്തിന്റെ കാണാച്ചരട്

പ്രീ സ്കൂളിങ് മുതല്‍ ബിരുദം വരെ നീളുന്ന ദീര്‍ഘമായ പഠന പ്രകൃയയാണ് പുതിയ നയം മുന്നോട്ടുവക്കുന്നത്. 3 വയസ്സുമുതല്‍ 18 വയസ്സു വരെ. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള എല്ലാ മേഖലകളിലും കേന്ദ്രീകൃത നിയന്ത്രണത്തിന് പുതിയ വിദ്യാഭ്യാസ നയം അരങ്ങൊരുക്കുന്നു. പല തരം എജന്‍സികളിലൂടെ പഠന മേഖലയെ വികേന്ദ്രീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള പൂര്‍ണ നിയന്ത്രണത്തില്‍ ഒതുക്കി നിര്‍ത്തുകയുമാണ് ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല തരം അക്കാദമിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതികളാണ് നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഒരു സവിശേഷത. പലതരം വിമര്‍ശനങ്ങളും പോരായ്മകളും നേരിടുന്നുണ്ടെങ്കിലും യു ജി സി പോലുള്ള സ്ഥാപനങ്ങള്‍ താരതമ്യേന അക്കാദമിക സ്വാതന്ത്ര്യത്തോടെതന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവയെ മാത്രമല്ല, സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണാവകാശമുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും കവര്‍ന്നെടുക്കുന്ന തരത്തിലാണ് പുതിയ നയ രൂപകല്‍പന.

സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പാഠ പുസ്തക നിര്‍മാണം മുതല്‍ ഇത് കാണാം. എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് (കരിക്കുലം ഫ്രെയിംവര്‍ക്) അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി സ്വതന്ത്ര കരിക്കുലം വികസിപ്പിക്കാവുന്ന തരത്തിലാണ് നിലവില്‍ വിദ്യാഭ്യാസ മേഖല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇനി എന്‍ സി ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് അനുസൃതമായി, അവര്‍ തരുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റുകള്‍ തയാറാക്കണം. അതില്‍ പ്രദേശിക ചേരുകള്‍ ആകാം. എന്നാല്‍ പുസ്തകം ദേശീയ നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരിക്കണം എന്ന് നയം എടുത്തുപറയുന്നു. പുതിയ പാഠ്യക്രമത്തില്‍ വിദ്യാര്‍ഥികളെയും അവരുടെ പഠന രീതികളെയും നിലവാരത്തെയും വിലയിരുത്തല്‍ പ്രധാനമാണ്. അതിന് നാഷണല്‍ അസസ്മെന്റ് സെന്റര്‍ സ്ഥാപിക്കും. ഇവരുണ്ടാക്കുന്ന മാനദണ്ഡമനുസരിച്ച് വേണം സംസ്ഥാനങ്ങളിലെ വിലയിരുത്തല്‍ നടത്താന്‍. എന്നാല്‍ അസസ്മെന്റ് സെന്റര്‍ വിലയിരുത്തല്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടക്കേണ്ടത് എന്‍ സി ഇ ആര്‍ ടി പറയും പ്രകാരമായിരിക്കണം.  വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കണ്‍കറന്റ് ലിസ്റ്റ് കണികാണാ പട്ടികയായി മാറുന്ന കാലം വിദൂരമല്ലെന്നാണ് നയരേഖയുടെ വരികള്‍ക്കിടയില്‍നിന്ന് വ്യക്തമാകുന്നത്.

ഒരു സംസ്ഥാനത്ത് രണ്ടുതരം ഉന്നത തല സമിതികളാണ് സ്കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ ഉണ്ടാകുക. മോല്‍നോട്ടവും നയരൂപീകരണവും നിര്‍വഹിക്കുന്നതിന് ഡിപാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷനും ഭരണപരമായ കാര്യങ്ങള്‍ക്കായി ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷനും. ഇവ രണ്ടും രണ്ട് വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന തരത്തിലാണ് നയരേഖ പരിചയപ്പെടുത്തുന്നത്. ഇവയെ നിയന്ത്രിക്കുന്ന ഏക സംവിധാനം നയമനുസരിച്ച് സംസ്ഥാനതലത്തില്‍ ഇല്ല.  ഇവ രണ്ടിനുകീഴിലും അല്ലാത്ത തരത്തില്‍ സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്റേര്‍ഡ് അതോറിറ്റി എന്ന വിലയിരുത്തല്‍ ഏജന്‍സിയെ കേന്ദ്രം കൊണ്ടുവരുന്നുമുണ്ട്. ഇതാകട്ടെ എന്‍ സി ഇ ആര്‍ ടിക്ക് വിധേയമായി എസ് ഇ ആര്‍ ടി യുടെ കീഴില്‍ പ്രവര്‍ത്തിക്കണം. പഠന നിലവാരം വിലയിരുത്തുന്നത് മുതല്‍ സ്കൂളുകളുടെ ഭാവി പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നതില്‍ വരെ നിര്‍ണായകമാകുക ഈ ഏജന്‍സിയായിരിക്കും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിലെവിടെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുമെന്ന കാര്യത്തില്‍ നയം മൌനം പാലിക്കുകയാണ്. അവ്യക്തതയും ആശയക്കുഴപ്പവും അധികാര കേന്ദ്രീകരണത്തിനുള്ള എളുപ്പവഴിയായി മാറുമെന്നുറപ്പ്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുറച്ചുകൂടി മൂര്‍ത്തമായാണ് അധികാര നിയന്ത്രണം നടപ്പാക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഏക ജാലക സംവിധാനം വേണമെന്നാണ് പുതിയ നയം. 'ലൈറ്റ് ബട്ട് ടൈറ്റ്' എന്ന പ്രയോഗമാണ് നയത്തിലെ ദിശാസൂചിക. എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്കാണ്.  കോളജുകളുടെ നിയന്ത്രണം, അക്രഡിറ്റേഷന്‍, ധനവിനിയോഗം, അക്കാദമിക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയാണ് പ്രധാന ചുമതല. ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഓരോന്നിനും ഓരോ പ്രത്യേക സ്ഥാപനങ്ങള്‍ രൂപീകരിക്കും. ആദ്യത്തേത് നാഷണല്‍ ഹയര്‍ എജുക്കേഷന്‍ റഗുലേറ്ററി കൌണ്‍സില്‍ - NHERC. രണ്ടാമത്തേത് നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സില്‍ - NAC. മറ്റൊന്ന് ധനവിനിയോഗ തീരുമാനധികാരമുള്ള ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ്സ് കൌണ്‍സില്‍. അവസാനത്തേത് ജനറല്‍ എജുക്കേഷന്‍ കൌണ്‍സില്‍ -GEC.  നിലവില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രൊഫഷണല്‍ എജന്‍സികളായ NCTE, NCVET, ICAR, CoA തുടങ്ങിയവ ജി ഇ സിയുടെ കീഴില്‍ ഗുണനിലവാര പരിശോധനാ വിഭാഗങ്ങളായി പ്രവര്‍ത്തിക്കും. ഈ നാല് വിഭാഗങ്ങള്‍ക്ക് കീഴിലും അവരവരുടെ ദൌത്യ നിര്‍വഹണത്തിന് ഇണങ്ങുന്ന പലതരം എജന്‍സികള്‍ വേറെയും രൂപീകരിക്കണമെന്ന് നയ രേഖ ശിപാര്‍ശ ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസത്തിലെ ഏറ്റവുമുയര്‍ന്ന ഗവേഷണ മേഖലയില്‍ ഏകാധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുക നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനാണ്, അഥവ NRF. എല്ലാ പഠന മേഖലകളിലെയും  ഗവേഷണത്തിന്റെ പൂര്‍ണ ചുമതല ഫൌണ്ടേഷനായിരിക്കും. ഗവേഷണത്തിന് പണം നല്‍കുന്നത് മുതല്‍ ഗവേഷണ വിഷയം തീരുമാനിക്കുന്നതില്‍ വരെ ഫൌണ്ടേഷന് നിര്‍ണായക പങ്കുണ്ടാകും. നിലവില്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന യു ജി സി, ഐ സി എം ആര്‍, ഐ സി എച്ച് ആര്‍, ഡി ബി ടി, ഡി എസ് ടി തുടങ്ങിയ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം തുടരുമെന്നാണ് നയം പറയുന്നത് എങ്കിലും ഇവരുടെ പ്രവര്‍ത്തന മേഖല ഏതെന്ന് നയത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും റിസേര്‍ച്ച് ഫൌണ്ടേഷന്‍ പ്രവര്‍ത്തനം എന്ന് നയം പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ സമിതിയായിരിക്കും ഫൌണ്ടേഷന്റെ ഭരണ സമിതി.

എന്‍ സി ഇ ആര്‍ ടി വഴി പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസവും ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ വഴി ഉന്നത വിദ്യാഭ്യാസവും റിസേര്‍ച്ച് ഫൌണ്ടേഷന്‍ വഴി ഗവേഷണവും കാല്‍ക്കീഴിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലിനുള്ള വഴികള്‍ അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. ഇവക്കെല്ലാം മുകളിലായി കൂടുതല്‍ അധികാരത്തോടെ സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷനെ പുതിയ നയം പ്രതിഷ്ടിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ നയ രൂപീകരണ സമിതിയായി നാമമാത്ര അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന CABEക്ക് പകരം നയ രൂപീകരണം, വിലയിരുത്തല്‍, പരിഷ്കരണം, വിദ്യാഭ്യാസവും സാംസ്കാരികവുമായ വികാസം പരിശോധിക്കല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വിപുലമായ അധികാരങ്ങളോടെ CABEയെ പുനപ്രതിഷ്ടിക്കുകയാണ്. ഒരു കണ്‍സള്‍ട്ടേഷന്‍ സമിതിയായി മാത്രമായിരിക്കില്ല CABE ഇനി പ്രവര്‍ത്തിക്കുക എന്ന് നയം പ്രത്യേകം എടുത്തുപറയുന്നു.

വിവിധ വിദ്യാഭ്യാസ എജന്‍സികളുടെയോ പ്രമുഖ സ്ഥാപനങ്ങളുടെയോ  പ്രതിനിധികള്‍,  വിദഗ്ധര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും നാമനിര്‍ദേശം ചെയ്യപ്പെട്ട ചെയര്‍മാനും അടങ്ങുന്നതാണ് നിലവിലെ CABE. എന്നാല്‍ പുനസംഘടിപ്പിക്കുന്ന CABE ന്റെ ഘടന എന്തായിരിക്കുമെന്ന് നയ രേഖയില്‍ പറയുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ചും ഏകോപനത്തോടെയുമായിരിക്കും  CABE പ്രവര്‍ത്തിക്കു എന്ന് നയം പറയുന്നു.‍ അതേസമയം നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പരമോന്നത ഏജന്‍സിയായി നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍ എന്നൊരു ഏജന്‍സിയെ നിര്‍ദേശിച്ചിരുന്നു. അതില്‍ ചെയര്‍മാന്‍ പ്രധാനമന്ത്രിയും വൈസ് ചെയര്‍മാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ആകെ 20-30 അംഗങ്ങള്‍. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്‍‌മാന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയവരും അംഗങ്ങളായിരിക്കും. എന്നാല്‍ ഈ കമ്മീഷനെ കുറിച്ച് അന്തിമ നയത്തില്‍ പരമാര്‍ശില്ല. പകരം CABEന്റെ പുനസംഘടനയാണ് ശിപാര്‍ശ ചെയ്യുന്നത്. കരട് നയത്തില്‍ പറയുന്ന നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍  മാതൃകയില്‍  CABE പുനപ്രതിഷ്ടിക്കപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഫലത്തില്‍ പൂര്‍ണമായ സര്‍ക്കാര്‍ നിയന്ത്രണം ഉള്ളടക്കത്തിലും ഭരണ തലത്തിലും കൊണ്ടുവരുന്നതാണ് നയമെന്നര്‍ഥം. ഇത് സ്വതന്ത്രവും അക്കാദമിക് മാനദണ്ഡങ്ങളില്‍ മാത്രം അധിഷ്ടിതവുമായ വിദ്യാഭ്യാസ പദ്ധതിയെ അട്ടിമറിച്ച് ഭരണകൂട താത്പര്യങ്ങള്‍ക്ക് വിധേയപ്പെടുന്ന പാഠ്യക്രമത്തിന് വഴിയൊരുക്കുമെന്ന ആശങ്ക പ്രസക്തമാണ്. പുതിയ നയം മുന്നോട്ടുവക്കുന്ന വിപ്ലവകരമായ എല്ലാതരം ആലോചനകളെയും ഈ പിന്‍വാതില്‍ നിയന്ത്രണം ഫലത്തില്‍ റദ്ദാക്കുകയും ചെയ്യും. അക്കാദമിക് നിയന്ത്രണത്തിന് പകരം രാഷ്ട്രീയ നിയന്ത്രണമാണ് ഇതിലൂടെ നിലവില്‍ വരിക.

അവസര സമത്വം: മാറുന്ന മാനദണ്ഡം

ഇന്ത്യന്‍ ഭരണഘടനയും അതിന്റെ ചുവടുപിടിച്ച് രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ ഏതാണ്ടെല്ലാ സംവിധാനങ്ങളും ഏറെ പ്രാധാന്യപൂര്‍വം സമീപിച്ച ഒന്നാണ് സംവരണം. എന്നാല്‍ പുതിയ വിദ്യാഭ്യാസ നയം ഇക്കാര്യത്തില്‍ അര്‍ഥഗര്‍ഭമായ മൌനംപാലിക്കുകയാണ്. ഉദാരവും സര്‍വ സ്വതന്ത്രവുമായ വിദ്യാഭ്യാസ പരീക്ഷണ ആശയങ്ങള്‍ മുന്നോട്ടുവക്കുന്ന പുതിയ നയം, സ്വാഭാവികമായും സവിശേഷമായി പരിഗണിക്കേണ്ട വിഭാഗമായിരുന്നു സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍. സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് എന്ന പ്രയോഗത്തിന്റെ പരിധിയിലേക്ക് അവരെ പരിമിതപ്പെടുത്തുകയാണ് പുതിയ നയം. എന്നാല്‍ നിലവിലെ വിദ്യാഭ്യാസ  പ്രശ്നങ്ങള്‍ രേഖപ്പെടുത്തുന്പോഴും അതിനുള്ള പുതിയ പരിഹാരം നിര്‍ദേശിക്കുന്പോഴും സാമൂഹിക പിന്നാക്കാവസ്ഥ ഒരു പരിഗണനാ വിഷയമായി വിദ്യാഭ്യാസ നയത്തിലെവിടെയും പ്രത്യക്ഷപ്പെടുന്നില്ല. അതേസമയം നയത്തിലുടനീളം സാന്പത്തിക പിന്നാക്കാവസ്ഥ മുഖ്യ വിഷയമായി കടന്നുവരുന്നുമുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സംവരണത്തോളം പ്രായോഗികവും രാഷ്ട്രീയവുമായ മറ്റൊരു വഴിയും ഇന്ത്യയിലില്ല. പുതിയ വിദ്യാഭ്യാസ നയത്തില്‍, സാമൂഹിക പിന്നാക്കാവസ്ഥയേക്കാള്‍ സാന്പത്തിക പിന്നാക്കാവസ്ഥക്ക് പരിഗണന ലഭിച്ചത് ഭരണകൂട സമീപനങ്ങളില്‍ പ്രകടമായിക്കഴിഞ്ഞ സംവരണ വിരുദ്ധ മനോഭാവങ്ങളുടെ പ്രതിഫലനമായി വായിച്ചെടുക്കാനാകും. സംവരണ വിരുദ്ധ ആശയം പ്രത്യക്ഷത്തില്‍ മുന്നോട്ടുവക്കുന്ന ഒന്നല്ല പുതിയ  വിദ്യാഭ്യാസ നയം. എന്നാല്‍ അതിന്റെ  ഉള്ളടക്കത്തിലെ സമീപനങ്ങളില്‍ സംവരണ മാനദണ്ഡങ്ങളിലെ നയം മാറ്റം അനുഭവപ്പെടുകയും ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളായി നയരേഖ ചൂണ്ടിക്കാട്ടുന്നവയിലൊന്ന് മെറിറ്റ് അധിഷ്ടിത തൊഴില്‍ നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ്. മറ്റൊന്ന് സോഷ്യോ ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് പ്രദേശങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത കുറവ് എന്നതും. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നയം ഉന്നല്‍ നല്‍കുന്ന പ്രവര്‍ത്തന പദ്ധതിയില്‍ 'നിയമനത്തില്‍ മെറിറ്റ് ഉറപ്പാക്കുന്നതിലൂടെ മികച്ച അധ്യാപകരെ കണ്ടെത്തും' എന്ന് പ്രഖ്യാപിക്കുന്നു. അതേസമയം പിന്നാക്ക പ്രദേശങ്ങളിലെ ലഭ്യതക്കുറവിനോ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനോ സവിശേഷമായ പദ്ധതികളൊന്നും മുന്നോട്ടുവക്കുന്നുമില്ല. സ്കോളര്‍ഷിപ്, ഓണ്‍ലൈന്‍ പഠനം, വിദൂര പഠനം തുടങ്ങിയവയൊക്കെയാണ് ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പാക്കുക! പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ ബി സി, മറ്റ് എസ് ഇ ഡി ജി എന്നീ വിഭാഗങ്ങളില്‍പെട്ട മെറിറ്റുള്ള കുട്ടികള്‍ക്ക് പഠനത്തിനായി  പ്രോത്സാഹനം നല്‍കുമെന്ന് മറ്റൊരിടത്ത് പറയുന്നു. സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വിപുലീകരുക്കുയും സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്കോളര്‍ഷിപുകള്‍ ഏറ്‍പെടുത്താന്‍ പ്രോത്സാഹിപ്പിക്കകുയും ചെയ്യുമെന്നും ഈ ഭാഗത്ത് പറയുന്നു. ഭിന്ന ശേഷിയുള്ളവരെയും പെണ്‍കുട്ടികളെയും ആംഗ്യ ഭാഷയെയുമൊക്കെ പ്രത്യേകം  എടുത്തുപറഞ്ഞ നയമാണ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പങ്കാളിത്തം വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച് മൌനംപാലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വിദ്യാഭ്യാസത്തില്‍ തുല്യതയും ചേര്‍ത്തുപിടിക്കലും നടത്തണമെന്ന് നിര്‍ദേശിക്കുന്ന ഭാഗത്തും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതിന് സാമൂഹിക പിന്നാക്കാവസ്ഥയാ ഒരു പ്രധാന കാരണമായി വിദ്യാഭ്യാസ നയം പരിഗണിക്കുന്നില്ല. സാന്പത്തിക പ്രശ്നം, ഉന്നത വിദ്യാഭ്യാസച്ചിലവ്, പ്രവേശനത്തിലെ നടപടിക്രമം,  ഉപരിപഠനത്തെക്കുറിച്ച കുട്ടികളുടെ ധാരണക്കുറവ് തുടങ്ങിയവയൊക്കെയാണ് ഈ ഭാഗത്ത് പ്രശ്ന കാരണമായി നയം പരിഗണിക്കുന്നത്. ഇതിനും പരിഹാരമായി സര്‍ക്കാര്‍ ചെയ്യേണ്ടത് സാന്പത്തിക സഹായം ഉറപ്പാക്കല്‍ മാത്രമാണ്. ഗവേഷണ മേഖലയിലെ പ്രവര്‍ത്തനത്തിലും നയം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയും സൂക്ഷ്മ നിരീക്ഷണം നടത്തിയും പണം ചിലവിടുക എന്നാണ്. മൊത്തത്തില്‍ പരിശോധിക്കുന്പോള്‍, സാമൂഹിക അസമത്വവും അതുവഴിയുണ്ടാകുന്ന പിന്നാക്കാവസ്ഥയും അതിലൂടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതും പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനാകുക. എന്നാല്‍ സാന്പത്തിക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന പിന്നാക്കാവസ്ഥയെ പല തരത്തില്‍ നയം അഭിമുഖീകരിക്കുന്നുമുണ്ട്.

രാഷ്ട്രീയ നയം

വിദ്യാഭ്യാസത്തിലെ നയം മാറ്റം അക്കാദമകി താത്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നാണ് സങ്കല്‍പം. എന്നാല്‍ രാജ്യത്തിന്റെ പുതിയ നയത്തില്‍ അതിനേക്കാളേറെ പരിഗണനയും മുന്‍ഗണനയും ലഭിച്ചത് രാഷ്ട്രീയ നയത്തിനാണ് എന്ന സംശയം നയ രേഖ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസത്തെ രാഷ്ട്രീയമായി പുനസംഘടിപ്പിക്കണമെന്ന ഉറച്ച തീരുമാനമുള്ള സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ മുന്‍കൈയിലാണ് ഈ നയം രൂപപ്പെടുത്തുന്നത്. പ്രത്യക്ഷ രാഷ്ട്രീയ പ്രഖ്യാപനമൊന്നും നയത്തില്‍ ഉള്‍പെടുത്തിയിട്ടില്ല. എന്നാല്‍ നയം നടപ്പാക്കുന്നവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എല്ലാതരം അജണ്ടകളെയും ഉള്‍കൊള്ളിക്കാന്‍ കഴിയും വിധം അയഞ്ഞതും അതേസമയം ദൃഢതയോടെ നടപ്പാക്കാന്‍ കഴുംവിധം കൃത്യതയുള്ളതുമാണ് അത്. നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും രൂപപ്പെട്ടുവരുന്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. അതോടൊപ്പം തന്നെ പ്രഖ്യാപിച്ച നയത്തില്‍നിന്ന് രാഷ്ട്രീയ അജണ്ടകളുടെ സൂചനകളും ലഭിക്കും.

പൌരാണിക ഇന്ത്യന്‍ പാഠ്യ സന്പ്രദായം മാതൃകയാക്കി ആധുനിക വിദ്യാഭ്യാസ രീതി പുനരാവിഷ്കരിക്കണമെന്ന ആശയമാണ് നയം മുന്നോട്ടുവക്കുന്നത്. ബഹുവിഷയ പഠന സന്പ്രദായം നളന്ദയിലും തക്ഷശിലിയിലുമെല്ലാം ഇന്ത്യന്‍ പൌരാണിക സമൂഹം നടപ്പാക്കിയതാണെന്ന അവകാശവാദമുന്നയിച്ചാണ് ഈ വീക്ഷണം അവതരിപ്പിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിന് പകരം ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്ന തത്വം യാഥാര്‍ഥ്യമാക്കുംവിധം ഭാഷാ പഠനം ക്രമീകരിക്കണമെന്ന് നയം പറയുന്നു. ഇന്ത്യന്‍ ഭാഷകളുടെയും എല്ലാതരം വിജ്ഞാനീയങ്ങളുടെയും സ്രോതസ്സ് സംസ്കൃതമാണെന്ന അകവാശവാദത്തില്‍നിന്നാണ് നയം രൂപപ്പെടുത്തുന്നത്. പ്രാഥമിക പഠനം മാത‍ൃഭാഷയിലായിരിക്കണം. സ്കൂളുകളില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കും. എന്നാല്‍ അത് നിലിവിലെ രീതിയില്‍നിന്ന് വ്യത്യസ്തമായിരിക്കും. മൂന്ന് ഭാഷയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം. മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷിലും പുസ്തകങ്ങള്‍ തയാറാക്കും. അതിനാല്‍ ഇന്ത്യന്‍ ഭാഷക്കൊപ്പം ഇംഗ്ലീഷ് ഏറെക്കുറെ അപ്രഖ്യാപിത നിര്‍ബന്ധിത ഭാഷയായി പ്രയോഗത്തിലുണ്ടാകും. സംസ്കൃതത്തിന് പ്രത്യേക പരിഗണന നയം നല്‍കുന്നുണ്ട്. രണ്ട് ഇന്ത്യന്‍ ഭാഷ തെരഞ്ഞെടുക്കുന്പോള്‍ അതിലൊന്ന് സംസ്കൃതമായിത്തീരുന്ന തരത്തില്‍ അതിനെ പ്രാധാന്യപൂര്‍വം നയത്തില്‍ അവതരിപ്പിക്കുന്നു.  സെക്കന്ററി തലത്തില്‍ ഇംഗ്ലീഷിന് പുറമേ കൊറിയന്‍, ജാപനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍ ഭാഷകളും പഠിക്കാന്‍ അവസരം നല്‍കുമെന്ന് പറയുന്നു. തൊഴില്‍ സാധ്യത മുന്നില്‍ കണ്ടാണ് ഈ ഭാഷകള്‍ പഠിപ്പിക്കുന്നത് എന്ന് വിശദീകരിക്കുന്ന നയം പക്ഷെ, ഇന്ത്യന്‍ തൊഴില്‍ സമൂഹം ഏറ്റവുമേറെ ആശ്രമയിക്കുന്ന ഗള്‍ഫ് നാടുകളിലെ ഭാഷയായ അറബിക്കിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗം പ്രാധാന്യപൂര്‍വം പരിഗണിക്കുന്ന ഭാഷയെന്ന പരിഗണനയും അറബിക്കിന് നല്‍കിയിട്ടില്ല. അതേ നയം തന്നെ, യോഗയെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ പാരന്പര്യം, സംസ്കാരം, ആചാരം, പൌരാണിക വിജ്ഞാനങ്ങള്‍, പരന്പരാഗത പഠന രീതികള്‍, തുടങ്ങി തദ്ദേശീയമായ ഉറവിടങ്ങളില്‍നിന്ന് സ്വാംശീകരിച്ച വിവരങ്ങളിലൂടെയാകണം എല്ലാ തലത്തിലെയും പാഠ്യപദ്ധതി തയാറാക്കാനെന്ന് നയം പറയുന്നു. ഇന്ത്യന്‍ ജ്ഞാന സന്പ്രദായം പ്രത്യേക പഠന ശാഖയായി പരിഗണിക്കണം. വിദ്യാര്‍ഥികളില്‍ ധാര്‍മിക ബോധം സൃഷ്ടിക്കാനുതകുന്ന സാരോപദേശ കഥകളും പാഠങ്ങളും നല്‍കണം. ഇന്ത്യയിലെ പൌരാണിക ഗ്രന്ഥങ്ങളില്‍നിന്നെടുക്കുന്ന ഭാഗങ്ങള്‍ ഇതിനായി പഠിപ്പിക്കാം. ഇത്തരം നിര്‍ദേശങ്ങളാല്‍ അതി സന്പന്നമാണ് പുതിയ വിദ്യാഭ്യാസ നയം. പൌരാണികത, പാരന്പര്യം തുടങ്ങി കൃത്യമായ നിര്‍വചനങ്ങളോ ആശയ വ്യക്തതയോ ഇല്ലാത്ത അമൂര്‍ത്ത സങ്കല്‍പങ്ങളില്‍നിന്ന് പാഠപുസ്തകവും പാഠ്യപദ്ധതിയും തയാറാക്കുന്പോള്‍ അതിന്റെ രൂപകല്‍പന നിര്‍വഹിക്കുന്നവരുടെ മനോധര്‍മമാകും ആശയങ്ങളാക്കപ്പെടുക. അക്കാദമിക മേഖലയെ രാഷ്ട്രീയ അജണ്ടയിലേക്ക് പരിവര്‍ത്തിപ്പിക്കാനുതകുന്ന ഇത്തരം ധാരാളം പഴുതുകള്‍ പുതിയ നയത്തിലുണ്ട്.

ഭരണഘടനാപരമായ സംരക്ഷണത്തോടെ വിപുലമായ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെക്കുറിച്ച മൌനവും അത്ര നിഷ്കളങ്കമാണെന്ന് കരുതാന്‍ വയ്യ.  ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നില്ല എന്നുമാത്രമല്ല, ഭാഷാ പഠനത്തിലും മറ്റും കൊണ്ടുവരുന്ന വ്യവസ്ഥകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ എത്രത്തോളം ബാധകമാകുമെന്നതില്‍ അവ്യക്തത അവശേഷിപ്പിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് നേരത്തെ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്.  ന്യൂനപക്ഷ അവകാശങ്ങള്‍ ഭഘമഘടനയുടെ അടിസ്ഥാന ഘടകമാണെന്നും അത് പാര്‍ലമെന്റിലൂടെ പോലും ഭേദഗതി ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വഭാവം ഇല്ലാതാക്കുന്ന എല്ലാനടപടികളും ഭരണഘടനാവിരുദ്ധമാണ്. എന്നിട്ടും പുതിയ നയം ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. ജനപ്രിയ നിര്‍ദേശങ്ങളുടെ മറവില്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ദുരൂഹമായ ഇത്തരം മൌനങ്ങള്‍.

പൊതുനയം വൈരുദ്ധ്യം

പുതിയ വിദ്യാഭ്യാസ നയം വിശാലമായ പലതരം ആശയങ്ങള്‍ മുന്നോട്ടുവക്കുന്നുണ്ടെങ്കിലും അത്രമേല്‍ യുക്തിസഹമായ നിര്‍ദേശങ്ങളല്ല, അവ നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്യുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ അനുഭവ പരിസരത്തുനിന്ന് ആലോചിക്കുന്പോള്‍ പല നിര്‍ദേശങ്ങളും നേരെ എതിര്‍ഫലം സൃഷ്ടിക്കുന്നതാണെന്ന ആശങ്കയുമുണ്ട്. വിദ്യാഭ്യാസത്തിന്റെ കടച്ചവടവത്കരണം തടയല്‍, എല്ലാവരെയും ഉള്‍കൊള്ളല്‍ തുടങ്ങിയ ആശയങ്ങള്‍തന്നെ ഉദാഹരണം. പുതിയ നയത്തിന്റെ ആകത്തുക ഇത്തരം വൈരുദ്ധ്യങ്ങളാണെന്ന പ്രതീതി അത് സ‍ൃഷ്ടിക്കുന്നു. പൊതുവിദ്യാഭ്യാസം ശാക്തീകരിക്കല്‍, കൂടുതല്‍ കരുതലും ശ്രദ്ധയും ഉപയോഗിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇത് പ്രകടമാണ്. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന പൊതു വിദ്യാഭ്യാസം, സൌജന്യ വിദ്യാഭ്യാസം, തുല്യ അവസരം, തുല്യ പങ്കാളിത്തം തുടങ്ങിയ പൌരാവകാശങ്ങളെ ഇത് റദ്ദാക്കുന്നു.  

വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം തടയുമെന്ന് പ്രഖ്യാപിക്കുന്ന പുതിയ നയം പക്ഷെ മുന്നോട്ടുവക്കുന്നത് ഏറെക്കുറെ സന്പൂര്‍ണമായ സ്വയംഭരണവും സ്വകാര്യവത്കരണവുമാണ്. പൊതുവിദ്യാലയങ്ങളെയും സര്‍ക്കാര്‍ വിദ്യാലയങ്ങളെയും ഒരേ മാനദണ്ഡ പ്രകാരം വിലയിരുത്തുമെന്നാണ് നയം പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങളേലതുപോലുള്ള അടിസ്ഥാന സൌകര്യ വികസനം ഉറപ്പാക്കാനാകാം ഈ നിര്‍ദേശം. എന്നാ‍ല്‍ ഇത് പൊതു വിദ്യാലയങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയിലേക്കും സ്വഭാവത്തിലേക്കും പരിവര്‍ത്തനം ചെയ്തേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഫീസ് മുതല്‍ പാഠ്യപദ്ധതിയില്‍ വരെ ഈ മാറ്റം പ്രതിഫലിച്ചേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്പൂര്‍ണമായ സ്വയംഭരണത്തിലാണ് പുതിയ നയം ഊന്നുന്നത്. ഇത് ക്രമേണ പൊതു വിദ്യാലയങ്ങളെപ്പോലും സ്വകാര്യവത്കരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. വിദ്യാര്‍ഥി കേന്ദ്രിതമായ വിദ്യാഭ്യാസ രീതിയില്‍നിന്ന് സ്ഥാപനകേന്ദ്രിതമായ പഠന-പ്രവേശന പദ്ധതിയിലേക്ക് മാറുന്നത് പ്രയോഗത്തില്‍ വിദ്യാര്‍ഥി വിരുദ്ധമായ ആശയമായിമാറും. തുല്യഅവസര നിഷേധവും വ്യവസ്ഥാപിതമായ പുറന്തള്ളലുമായിരിക്കും (institutional exclusion) ഇതിന്റെ ഫലം.

ബഹുവിഷയ കേന്ദ്രിതമായ പാഠ്യക്രമവും ഉദാരമായ പ്രവേശന-വിടുതല്‍ നടപടികളും നയം മുന്നോട്ടുവക്കുന്നു.  ഇത് നടപ്പാകുന്നതോടെ നിര്‍ബന്ധിത ഔപചാരിക വിദ്യാഭ്യാസം ഫലത്തില്‍ ഇല്ലാതാകും. ഏത് ഘട്ടത്തില്‍ വച്ച് പഠനം അവസാനിപ്പിച്ചാലും അതുവരെയുള്ള പഠനം ഒരു യോഗ്യതയായി കണക്കാക്കാമന്ന നിര്‍ദേശം ആകര്‍ഷകവും ജനപ്രിയവുമാണ്. എന്നാല്‍ ഇത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടിയേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. പലതരം സാമൂഹിക-സുരക്ഷാ പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന താങ്ങും തണലുമാണ് ഇന്ത്യയിലെ ദരിദ്ര-പിന്നാക്ക ജനവിഭാഗങ്ങളെ ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.  ഇത്തരം സാമൂഹിക സുരക്ഷാ പദ്ധതികളേക്കാള്‍ സ്വാകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളിലും മറ്റ് ധനസാഹയങ്ങളിലുമാണ് പുതിയ നയം പ്രതീക്ഷയര്‍പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നതിനുള്ള ചിലവ് അടക്കം മറ്റ് വിദ്യാര്‍ഥികളുടെ ഫീസില്‍നിന്ന് കണ്ടെത്താമെന്നും നയം നിര്‍ദേശിക്കുന്നു. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷിച്ച 50:50 സന്പ്രദായത്തിന്റെ മറ്റൊരു രൂപമാണിത്. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങാനുള്ള ന്യായമായി അവതരിപ്പിക്കപ്പെട്ട 50:50 തത്വം പില്‍ക്കാലത്ത് വിദ്യാഭ്യാസ വാണിജ്യവത്കരണത്തിനുള്ള വഴിയായി മാറി.

പൌരന്‍മാര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പ് നല്‍കേണ്ട ബാധ്യതയില്‍നിന്നുള്ള ഭരണകൂടങ്ങളുടെ പിന്മാറ്റം ത്വരിതപ്പെടുത്തുന്നതാണ് പുതിയ നയം. സ്കൂളുകള്‍ തുടങ്ങുന്നതിലെ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതുമുതല്‍ അത് പ്രകടമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓപണ്‍ സ്കൂളിങ്, എന്നിവക്കും വലിയ പരിഗണന നയം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ സന്പ്രദായത്തിന്റെ മുഖ്യധാരയില്‍നിന്ന് പലകാരണങ്ങളാല്‍ പുറന്തള്ളപ്പെടുന്നവരുടെ ആശ്രയമായി ഇത് മാറും. കേരളത്തിലെ പ്ലസ് ടു ഓപണ്‍ സ്കൂള്‍ സംവിധാനം മലബാറുകാരുടെ പ്രധാന ആശ്രയകേന്ദ്രമായി മാറിയതെങ്ങനെയെന്ന അനുഭവം നമുക്ക് മുന്നിലുണ്ട്. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം കാരണം ഔപചാരിക പൊതുവിദ്യാഭ്യാസ ധാരയില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ക്കുമുന്നില്‍ തുറക്കപ്പെട്ട ഏക വഴിയായിരുന്നു അത്. സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധിപത്യമുള്ള വിദ്യാഭ്യാസ സന്പ്രദായത്തില്‍ സാമൂഹിക ശ്രേണിയില്‍ എവിടെനില്‍ക്കുന്നവരായിരിക്കും സമാന്തര ധാരയിലേക്ക് തള്ളപ്പെടുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഫലത്തില്‍ പുതിയ നയം ഇന്ത്യന്‍ വിദ്യാഭ്യാസ ഘടനയെ ഗുണപരമായി നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്പോള്‍ തന്നെ, രാജ്യത്തിന്റെ അടിസ്ഥാനപരമായ നയ സമീപനങ്ങളില്‍ അത്യന്തം ഗൌരവകരമായ മാറ്റങ്ങള്‍ക്കുകൂടി  തുടക്കം കുറിക്കുകയാണ്.  അക്കാദമിക സ്വാതന്ത്ര്യത്തിന് പകരം നടപ്പാക്കുന്ന അധികാര കേന്ദ്രീകരണം, സംവരണ സമീപനത്തിലെ അതിനിഗൂഢമായ നിലപാടുമാറ്റം, വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ നടപ്പാക്കപ്പെടുന്ന രാഷ്ട്രീയ അജണ്ടകള്‍, വാണിജ്യവത്കരണം ശക്തമാക്കിയേക്കാവുന്ന ഉദാര നയങ്ങള്‍ എന്നിവ വിദൂര ഭാവിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സന്തുലിതമായ വളര്‍ച്ചക്ക് തടയിടുന്നതും അതിഗരുതുര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതുമാണ്. ഭരണഘടനാധിഷ്ടിത സമീപനങ്ങളായി രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളാണ് പാര്‍ലമെന്റ് പോലും അറിയാതെ അടിമുടി മാറ്റിമറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെപ്പോലും പുതിയനയം തകിടം മറിക്കുന്നു. ഒരര്‍ഥത്തില്‍ ഇത് രാഷ്ട്രീയ അട്ടിമറികൂടിയാണ്. ഇതിനെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്.


(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്ത് 17 2020)

Wednesday, July 15, 2020

കേരള പാഠാവലിയിലെ രണ്ടാംതരം പൌരന്മാര്‍




'മലബാറില്‍ പ്ലസ് ടുവിന് സീറ്റ് കിട്ടാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓപണ്‍ സ്കൂളില്‍ പഠിക്കാമല്ലോ? പത്തുപന്ത്രണ്ട് കൊല്ലം മുന്പ്
പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം എ ബേബി നല്‍കിയ മറുപടിയാണിത്. ദീര്‍ഘനേരം നീണ്ട ചോദ്യോത്തരത്തിനൊടുവില്‍, പഠിക്കാന്‍ സീറ്റില്ലെന്ന് ബോധ്യമായപ്പോഴായിരുന്നു മന്ത്രിയുടെ ഈ നയായവാദം.  കേരളത്തിലെ ആകെ സീറ്റുകളുടെ കണക്ക് പറഞ്ഞ്,  പരീക്ഷ ജയിച്ച കുട്ടികളേക്കാള്‍ പ്ലസ് ടു സീറ്റ് കൂടുതലാണെന്ന വാദം സമര്‍ഥിക്കാനുള്ള ശ്രമം ജില്ല തിരിച്ച സീറ്റ് കണക്കുകളുടെ മുന്നില്‍ ദുര്‍ബലമായപ്പോഴായിരുന്നു മന്ത്രി ഓപണ്‍ സ്കൂളിലേക്ക് പോയത്. ഒരുലക്ഷം വിദ്യാര്‍ഥികളാണ് അക്കാലത്ത് ഓപണ്‍ സ്കൂളില്‍ കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ 75 ശതമാനവും മലബാറില്‍ നിന്നായിരുന്നു. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. സി രവീന്ദ്രനാഥ് വകുപ്പ് മന്ത്രിയും. ഇക്കൊല്ലവും സമാന്തര പഠനത്തിന് രജിസറ്റര്‍ ചെയ്തവരുടെ 75 ശതമാനവും മലബാറില്‍നിന്നുതന്നെ. ഏത് മുന്നണി ഭരിച്ചാലും ഓപണ്‍ സ്കൂളിലെ ജീവനക്കാരുടെ ശന്പളം ഉറപ്പാക്കലാണ് മലബാറിലെ ഒരുകൂട്ടം കുട്ടികളുടെ ജീവിത ദൌത്യം എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മന്ത്രിയായിരുന്ന എം എ ബേബിയോട് അന്നുചോദിച്ച ചോദ്യങ്ങള്‍ കേരളത്തിലെ നീതിബോധമുള്ള മുഴുവന്‍ മനുഷ്യരും സ്വന്തം നിലയില്‍ ഇപ്പോള്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളും ചര്‍ച്ചകളും എല്ലാ വിദ്യാഭ്യാസ വര്‍ഷാരംഭത്തിലും നേര്‍ച്ച കണക്കെ ആവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ സജീവമായതോടെ അവിടെയും ചര്‍ച്ചകളും പ്രതിഷേധങ്ങളും പൊടിപൊടിക്കുന്നുണ്ട്. ഈ കണക്കും തുല്യതയില്ലാത്ത വിവേചനവും ഏറെക്കുറെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബോധ്യപ്പെട്ടിട്ടുമുണ്ട്. പക്ഷെ പരിഹാരം മാത്രം ഉണ്ടാകുന്നില്ല. നീതിപൂര്‍വമായ പരിഹാരത്തിന് ഇതുവരെ ആരും ശ്രമിച്ചിട്ടുമില്ല. എല്ലാ കൊല്ലവും 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്ന ചെപ്പടിവിദ്യയാണ് ഏതുസര്‍ക്കാര്‍ വന്നാലും പ്രയോഗിക്കുന്നത്. വര്‍ഷാവര്‍ഷം സീറ്റില്ലാ ചര്‍ച്ച രൂക്ഷമാകുന്പോള്‍ അക്കൊല്ലത്തേക്ക് എന്ന പേരില്‍ സര്‍ക്കാര്‍ കുറച്ച് സീറ്റ് അനുവദിക്കും. സീറ്റില്ലാത്ത കുറച്ച് കുട്ടികള്‍ക്ക് അത് ആശ്വാസമാകും. അക്കൊല്ലത്തെ രക്ഷിതാക്കളുടെ രോഷം തത്ക്കാലം ശമിക്കും. അടുത്ത കൊല്ലം ഇതേ പദ്ധതി ആവര്‍ത്തിക്കും. ഒരല്‍പം സാമൂഹിക ബോധവും ജനാധിപത്യ വിശ്വാസവുമുള്ളവരെയെല്ലാം വിഡ്ഢികളാക്കുന്ന ഈ പതിവ് പരിപാടിക്ക് ഇക്കൊല്ലവും തുടക്കം കുറിച്ചിട്ടുണ്ട്.




പത്ത് കഴിഞ്ഞാല്‍ പഠിക്കാന്‍ സൌകര്യമില്ല എന്നതിനെ അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വമായാണ് പൊതുവെ ചര്‍ച്ച ചെയ്യുന്നത്. ഈ വിവേചനത്തിന് ഇരയാകുന്നവര്‍ പോലും അവരുടെ വിമര്‍ശനങ്ങള്‍ ഊന്നുന്നത് ഈ വീക്ഷണത്തിലാണ്. അതുകൊണ്ടാണ് 20 ശതമാനം സീറ്റ് വര്‍ധന എന്ന കണ്ണില്‍ പൊടിയിടുന്ന പരിപാടി ഓരോ തവണ ആവര്‍ത്തിക്കുന്പോഴും ഉപരിപഠനാവസരം ഉറപ്പാക്കണമെന്ന മുറവിളി താത്ക്കാലികമായി കെട്ടടങ്ങുന്നത്. എന്നാല്‍ ഈ അവസര നിഷേധം വെറുമൊരു വികസന പ്രതിസന്ധിയല്ല. അടിസ്ഥാനപരമായ പൌരാവകാശങ്ങള്‍ നഷേധിക്കപ്പെടുന്നുവെന്ന അത്യന്തം ഗൌരവതരായ ജനാധിപത്യ പ്രശ്നം അതിലുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആര്‍ജിക്കാനുള്ള അടിസ്ഥാന വിദ്യാഭാസാവകാശത്തിന്റെ നിഷേധമുണ്ട്. വിദ്യാഭ്യാസത്തിനൊപ്പം ഒരുതലമുറയുടെ ആരോഗ്യകരമായ സാമൂഹിക വളര്‍ച്ച തടയുന്ന ഭരണകൂട ഭീകരതയുണ്ട്.

കേരളത്തില്‍ ഏത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പൊതുവിദ്യാലയം എന്നത് വലിയൊരു പരിഗണനാ വിഷയമാണ്. സര്‍ക്കാറുകള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും അതൊരു വൈകാരിക പ്രശ്നമാണ്. സാര്‍വത്രികവും സൌജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് ചെറുതുമല്ല. കേരളത്തിലെ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളില്‍ എത്തിക്കാനാണ് വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും അഹോരാത്രം പണിയെടുക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് മോശം പ്രവണതയാണെന്ന പ്രതീതി കേരളത്തില്‍ സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ഥിസംഘനടകളും മറ്റും വലിയപങ്ക് വഹിച്ചിട്ടുമുണ്ട്.  ഇങ്ങനെ മലയാളി വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അര്‍ഹമായതിലേറെ അവകാശവാദങ്ങള്‍ക്ക് വിധേയമാകുന്ന ഒന്നാണ് പൊതുവിദ്യാലയ സങ്കല്‍പം. പൊതുവിദ്യാലയം വിശുദ്ധ പശുവാണെന്നും അതല്ലാത്തതെല്ലാം തട്ടിപ്പ് സംരംഭങ്ങളാണെന്നും പ്രചരിപ്പിക്കുന്ന വിദ്യാര്‍ഥി സംഘടനകളും അധ്യാപക പ്രസ്ഥാനങ്ങളുംവരെ കേരളത്തിലുണ്ട്. പൊതു വിദ്യാലയങ്ങളുടെ പരിധിയില്‍ വരുമെങ്കിലും കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളോട് പോലും അകാരണമായ വിദ്വേഷം പുലര്‍ത്തുന്നവരും അക്കൂട്ടത്തിലുണ്ട്. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ കേരളത്തില്‍നടന്ന സമരങ്ങള്‍ സംസ്ഥാന ചരിത്രത്തില്‍തന്നെ അത്യപൂര്‍വായ സംഭവ പരന്പരകള്‍ക്ക് സാക്ഷിയായട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാറുകള്‍ പോലും പൊതു വിദ്യാലയങ്ങളിലെ പത്താംതരം ഫല പ്രഖ്യാപനം മുതല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം വരെ അവരുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗക്കാറുമുണ്ട്.  പൊതുവിദ്യാലയത്തില്‍ പഠിക്കാന്‍അവസരം ലഭിക്കുക എന്നത് ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന അവകാശങ്ങളിലൊന്നായാണ് കേരത്തിലെ നിയമങ്ങള്‍ - രാജ്യത്തെയും- പറയുന്നത്.

ഈ അവകാശം പക്ഷെ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയും കേരളം പൂര്‍ണമായി വകവച്ചുകൊടുത്തിട്ടില്ല. പൊതുവിദ്യാലയ സംരക്ഷണ യജ്ഞം നടത്തുന്നവര്‍ക്കുപോലും ഇക്കാര്യത്തില്‍ ഒരു ആകുലതയുമില്ല. പത്താം ക്ലാസ് കഴിഞ്ഞ പകുതിയോളം വിദ്യാര്‍ഥികള്‍ പ്ലസ് ടു പഠനത്തിന് അവസരമില്ലാതെ നെട്ടോട്ടാടുകയാണ്. ഇത്തവണത്തെ കണക്ക് പ്രകാരം മലബാറില്‍ 86,000ല്‍ അധികം കുട്ടികളാണ് പൊതു വിദ്യാലയത്തിന് പുറത്താകുന്നത്. സ്വാശ്രയ സ്കൂളിലെ സീറ്റുകള്‍ കൂടി ചേര്‍ത്താലും കാല്‍ ലക്ഷത്തിലേറെ പുറത്തുതന്നെ നില്‍ക്കും. 2.21 ലക്ഷം കുട്ടികള്‍ പത്തില്‍നിന്ന് ഉപരിപഠന യോഗ്യത നേടിയ മലബാറില്‍ ആകെയുള്ളത് 1.35 ലക്ഷം സീറ്റുകള്‍ മാത്രം. എന്നാല്‍ 1.95 ലക്ഷം കുട്ടികള്‍ വിജയിച്ച തെക്കന്‍ ജില്ലകളില്‍ അണ്‍എയിഡഡ് അടക്കം 2 ലക്ഷത്തിലധികം സീറ്റുകളുണ്ട്. (വിശദമായ കണക്കിന് പട്ടിക കാണുക). ഈ അവസര നിഷേധം വെറും സൌകര്യ പ്രതിസന്ധിയല്ല, മൌലികാവകാശ നിഷേധമാണ്. ജനാധിപത്യ വിരുദ്ധതയാണ്. ഹയര്‍സെക്കന്ററി പഠന സംവിധാനം നിലവില്‍ വന്നിട്ട് മൂന്നുപതിറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തിലും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍നിന്ന് പുറത്താക്കപ്പെട്ട മലബാറുകാര്‍ അഭയാര്‍ഥികളായി പുറന്പോക്കില്‍ അലയുകയാണ്.


(2020 ജൂണിലെ കണക്ക്)


പഠിക്കാന്‍ അവസരം കിട്ടുക എന്നതുമാത്രമല്ല പ്രശ്നം.
മികച്ചപഠന നിലവാരമുള്ള സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിക്കുക എന്നതും ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് പരമ പ്രധാനമാണ്. എന്നാല്‍ ഇഷ്ടപ്പട്ട വിദ്യാലയവും ആഗ്രഹിക്കുന്ന വിഷയവും പഠിക്കാനുള്ള അവകാശവും മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താംതരം വജയിച്ചവര്‍ പോലും ഇവിടെ കടുത്ത അനിശ്ചിതത്വത്തിലേക്കാണ് തള്ളപ്പെടുന്നത്. പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍. ഏറ്റവും അടുത്ത സ്കൂളില്‍ പഠിക്കുക എന്നതും വിദ്യാര്‍ഥിയുടെ പ്രാഥമിക അവകാശത്തില്‍പെട്ടതാണ്. എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഏറ്റവും അടുത്ത സ്കൂളില്‍ നിര്‍ബന്ധിത പ്രവേശനം നല്‍കണമെന്ന് നിയമം മൂലം വ്യവസ്ഥ ചെയ്ത രാജ്യമാണ് ഇന്ത്യ. ഹൈസ്കൂളിലും ഹയര്‍ സെക്കന്ററിയിലും ഇതൊരു അലിഖിത നിയമമായി കേരളത്തില്‍ പ്രയോഗത്തിലുണ്ട്. എന്നാല്‍ ഈ സൌകര്യവും മലബാറിലെ കുട്ടികള്‍ക്ക് ഇല്ല. പൊതുവിദ്യാലയം, സമീപത്തെ സ്കൂള്, മികച്ച വിദ്യാലയം എന്നിങ്ങനെയുള്ള അവകാശങ്ങള്‍ പൂര്‍ണമായി മലബാറിലെ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ പരാജയ പാഠങ്ങളാണെന്ന് തിരിച്ചറിയണം.



പൊതുവിദ്യാലയം എന്ന അടിസ്ഥാനാവകാശം നിഷേധിക്കപ്പെട്ട ജനതക്ക് മുന്നില്‍ പിന്നീട് രണ്ട് പോംവഴികളാണ് സര്‍ക്കാര്‍വക്കുന്നത്. ഒന്ന്- സ്വാശ്രയ സ്കൂള്‍. രണ്ട് - ഓപണ്‍ സ്കൂള്‍. ഇതുരണ്ടും ഫലത്തില്‍ പണം മുടക്കി പഠക്കേണ്ട സംവിധാനമാണ്. സ്വാശ്രയസ്കൂളിലെ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരം അതത് സ്കൂളിനാണ്. അവരെത്ര ഫീസ് നിശ്ചയിച്ചാലും അത് മുടക്കി പഠനം ഉറപ്പാക്കാന്‍ മലബാറിലെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. സ്വാശ്രയ സ്ഥാപനങ്ങല്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന ഫീസ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ കുട്ടികളുടെ പഠിക്കാനുള്ള  അവകാശമാണ് നഷേധിക്കപ്പെടുന്നത്.  കേരളത്തിലെ സര്‍ക്കാറിനോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ ബാലാവകാശ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കോ പൊതുവിദ്യാലയ മൌലികവാദികള്‍ക്കോ ഈ അനീതി ഒരുവിഷയമേയല്ല. എന്നല്ല, പൊതുവിദ്യാലയങ്ങളില്‍ സീറ്റ് ഇല്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ നിര്‍ദേശിക്കുന്ന പരിഹാരം പണം മുടക്കി പഠിക്കുകയെന്നതാണ്.  ഇത് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മലബാറിനോട് കാണിക്കുന്നു വ്യവസ്ഥാപിത അനീതിയാണ്. ഇനി ഇങ്ങനെ പണം മുടക്കാനില്ലാത്ത വിദ്യാര്‍ഥികളുടെ കാര്യമാകട്ടെ അതീവ ഗുരുതരവുമാണ്. പഠനം ഉപേക്ഷിക്കുക എന്നതല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. പത്താം ക്ലാസ് വിജയിച്ച ശേഷം ഉപരിപഠനാസവരമില്ലാതെ പുറത്താക്കപ്പെട്ടവരെക്കുരിച്ച പഠനം മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേകം നടത്തണം. 

പഠിക്കാന്‍ സീറ്റില്ല എന്ന മുറവിളി ഉയരുമ്പോള്‍  സര്‍ക്കാര്‍ എല്ലാകൊല്ലവും നടപ്പാക്കുന്ന കണ്ണില്‍പൊടിയിടല്‍ പരിപാടിയാണ് 20 ശതമാനം സീറ്റ് വര്‍ധന. ഇതാകട്ടെ കടുത്ത വിദ്യാര്‍ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. 50 കുട്ടികളുള്ള ഒരുസ്കൂളില്‍ 15 സീറ്റ് വരെയാണ് മിക്കവാറും വര്‍ധിപ്പിക്കുക. ഇതനുസരിച്ച് അവിടത്തെ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 65 വരെ ആകും. 50 കുട്ടികള്‍ക്ക് തന്നെ കഷ്ടിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് അത് 65 സീറ്റാക്കി മാറ്റുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയല്‍ നടപ്പാക്കുന്ന ഈ സീറ്റ് വര്‍ധനഒരുതലമുറയുടെ പഠന സ്വപ്നങ്ങളെത്തതന്നെ തകര്‍ക്കുന്നതാണ്. മികച്ച അക്കാദമിക് വിജയത്തിന് അധ്യാപക വിദ്യാര്‍ഥി അനുപാതം പരമാവധി കുറക്കണമെന്നതാണ് ആഗോളതലത്തില്‍നിലനില്‍ക്കുന്ന തത്വം. എന്നാല്‍  ലോകൈക  മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എത്ര ലാഘവത്തോടെയും നിരുത്തരവാദപരമായുമാണ് അത് നടപ്പാക്കുന്നത് എന്നത് തിരിച്ചരിയേണ്ടതുണ്ട്. ഗുണനിലവാരമില്ലാത്ത പഠനവും അധ്യാപനവുമാണ് ഇതിന്റെആദ്യഘട്ടം. ലാബ് പോലുള്ള പഠന ഗവേഷണ പ്രവര്‍ത്തനങ്ങളിലും ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം സുപ്രധാനമാണ്. വിദ്യാര്‍ഥികളുടെ സ്വാഭാവ രൂപീകരണവും മറ്റും നടക്കുന്ന ഈ പ്രായത്തില്‍, ഒരു തരത്തിലുള്ള പിന്തുണയും പരിഗണനയും അധ്യാപകരില്‍നിന്ന് ലഭിക്കാതെ പോകുന്നത് അവരുടെ സംസ്കാരത്തിലും ജീവിതത്തിലും സൃഷ്ടിക്കുന്ന ശൂന്യത വാചകമടികൊണ്ട് നികത്താനാകില്ല.

പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച്, അതൊരു ഭരണ നേട്ടമായി ആഘോഷിക്കുന്നവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷം. അവരും പക്ഷെ പഠിക്കാന്‍ കുട്ടികള്‍ കൂടുതലുള്ള മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് പതിവ്. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെല്ലാം അധ്യാപകരുടെ തൊഴില്‍ സൌകര്യാര്‍ഥം നടപ്പാക്കുന്നതാണെന്ന പരിഹാസവും വിമര്‍ശവും നേരത്തെയുണ്ട്. മലബാറില്‍ കൂടുതല്‍ പൊതുവിദ്യാലയം സ്ഥാപിക്കണമെന്ന ആവശ്യത്തോടുള്ള സര്‍ക്കാറുകളുടെ മനോഭാവം - വിശേഷിച്ചും ഇടതുസര്‍ക്കാറിന്റെ - ഈ വിമര്‍ശനത്തെ ശരിവക്കുന്നു.  ഫലത്തില്‍ മലബാറിലെ വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും വികാസത്തെയും പ്രത്യക്ഷമായും പരോക്ഷമായും സമഗ്രമായി തകര്‍ക്കുന്ന സാമൂഹിക വിരുദ്ധ നടപടിയായി സര്‍ക്കാര്‍ നിലപാട് മാറുന്നുണ്ട്.
ചുരുക്കത്തില്‍ മലബാറിലെ പഠന സൌകര്യങ്ങളുടെ അപര്യാപ്തത,  ജനാധിപത്യ വിരുദ്ധമായ അവകാശ നിഷേധവും ഭരണകൂട അനാസ്ഥയും അവഗണനയുമാണ്. അതിന് വംശീയതയോളം വളര്‍ന്ന വിവേചനവും സുപ്രധാന ഘടകമാണ്. സീറ്റില്ലാത്തവര്‍ ഓപണ്‍ സ്കൂളില്‍ പോകട്ടെ എന്നത് വരേണ്യ മനോഭാവമാണ്. ഈ ഫ്യൂഡല്‍ അവഹേളനം അവസാനിപ്പിച്ചിട്ട് വേണം പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കാന്‍. ഭരണ സംവിധാനം നിയന്ത്രിക്കുന്നവരുടെ മക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന സൌകര്യങ്ങളുടെ പേരല്ല കേരളത്തിന്റെ പൊതു സംവിധാനമെന്നത് എന്ന് ഭരിക്കുന്നവരും അത് ചലിപ്പിക്കുന്നവരും അത് നിഷേധിക്കപ്പെടുന്നവരും തിരിച്ചറിയണം. എല്ലാവര്‍ക്കും ഒരുപോലെ തുല്യമായി ലഭ്യമാകാത്തതെല്ലാം വിവേചനവും അനീതിയുമാണ്. മലബാറിനോടുള്ള ഈ വിവേചനം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ സാര്‍വത്രികതയെ പരിഹാസ്യമാംവിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവും അന്യായവുമാക്കി മാറ്റുന്നുണ്ട്.  


(സുപ്രഭാതം ദിനപ്പത്രം, ജൂലൈ 10 - 2020)

Wednesday, June 10, 2020

ഓണ്‍ലൈന്‍ പഠനം: സര്‍ക്കാര്‍ ന്യായ വാദങ്ങളിലെ ജാതി







ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തിന്റെ പേരില്‍ ആതമഹത്യ ചെയ്ത വളാഞ്ചേരിയിലെ
ദേവികയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി, വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നാണ്. ഈ ന്യായവാദത്തിന് ബലം പകരാന്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്തതായി മുഖ്യമന്ത്രി വിശദീകരിച്ച പ്രധാന നടപടികള്‍ ഇവയാണ്:  2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൌകര്യമില്ല എന്ന് നേരത്തെ കണ്ടെത്തി, അക്കൂട്ടത്തില്‍ മരിച്ച ദേവികയുമുണ്ട്, ആ കുട്ടിയുടെ സ്ഥലത്തും പകരം സംവിധാനം ഏര്‍പെടുത്താനുള്ള നടപടി ആരംഭിച്ചിരുന്നു, ഇപ്പോള്‍ നടക്കുന്നത് ട്രയലാണ്, ഇതിനിയും തുടരും,  പഠന സൌകര്യമില്ലാത്തവരുടെ പ്രശ്നങ്ങള്‍ രണ്ടാഴ്ചക്കകം പരിഹരിക്കും.

സര്‍ക്കാര്‍വക കൊലപാതകത്തിന്റെ പാപക്കറ കഴുകിക്കളയാന്‍ മരണശേഷം ഒരു ഭരണാധികാരി എടുത്തുപ്രയോഗിച്ച വെറുംന്യായങ്ങളായിരുന്നില്ല അത്. ഓണ്‍ലൈന്‍ പഠന പദ്ധതിയുടെ ആലോചനാഘട്ടം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന 'വര്‍ഗ' സിദ്ധാന്തങ്ങള്‍ തന്നെയാണ്.  സര്‍ക്കാര്‍ വാദങ്ങളിലെല്ലാം നിഴലിട്ടുനില്‍ക്കുന്നത് പക്ഷെ ഫ്യൂഡല്‍ മനോഭാവമാണെന്ന് മാത്രം.

'പഠന സൌകര്യമില്ലാത്തവരെ കണ്ടെത്തി'

2.6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൌകര്യമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച ഭരണ നേട്ടം. അതിന് വേണ്ടി നടത്തിയ സര്‍വേയുടെ കാര്യക്ഷമതയില്ലായ്മയും സൂക്ഷ്മതക്കുറവും അത് സംഘടിപ്പിച്ചവര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍/ടിവി ഉണ്ടോ എന്നതായിരുന്നു ഏറ്റവും പ്രധാന ചോദ്യം. ഉണ്ട് എന്ന് മറുപടി നല്‍കിയ രക്ഷിതാക്കളുടെ എണ്ണം സര്‍ക്കാറിനെ സന്തോഷിപ്പിച്ചു.  കുട്ടികളുടെ പഠനത്തിനാവശ്യമായ അധിക സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ, അത് ദീര്‍ഘ സമയം ഉപയോഗിക്കാന്‍ തക്ക ശേഷിയുള്ളതാണോ, അതിന് വേണ്ട ഡാറ്റാ ചിലവ് താങ്ങാന്‍ കഴിവുണ്ടോ, വീട്ടില്‍ നെറ്റ്‍വര്‍ക്കുണ്ടോ, പ്രവര്‍ത്തനക്ഷമമായ ടിവിയും അതിന് വിക്ടേഴ്സ് ചാനല്‍ ലഭിക്കുന്ന കണക്ഷനുമുണ്ടോ, ഫോണുള്ള രക്ഷിതാവിന് കുട്ടിക്കൊപ്പം ഇരുന്ന് പഠനത്തിന് പിന്തുണ നല്‍കാനാകുമോ, ഇല്ലെങ്കില്‍ അധിക ഫോണ്‍ ലഭ്യമാണോ തുടങ്ങിയ ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെട്ടില്ല. ഇത്തരം സൂക്ഷ്മ വിവരങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന വിവരം സൌകര്യമില്ലായ്മയുടെ ആഴം രൂക്ഷമാക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാറിന് വേണ്ടിയിരുന്നത് പഠിക്കാനാകാത്തവരുടെ എണ്ണം 'നഗ്ലിജിബിള്‍ എമൌണ്ട്' ആയി നിലനിര്‍ത്താനാകുന്ന 'കണ്ടെത്തലായിരുന്നു' എന്നുവേണം മനസ്സിലാക്കാന്‍. എണ്ണം അവഗണിക്കാനാകാത്തതായി മാറി  ഈ പരിപാടി ഉപേക്ഷിക്കേണ്ടിവന്നേക്കുമോ എന്ന ഭയാശങ്കയാല്‍ സൂക്ഷ്മ വിവരങ്ങളിലേക്ക് അന്വേഷണം പോകാതിരുന്നത് ഭരണനിര്‍വഹണത്തിലെ ജാതീയത കൊണ്ടാണ്.




അസൌകര്യ പരഹാര പദ്ധതി!

പഠനം തുടങ്ങും മുമ്പേ സൌകര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്തില്ല. അധ്യയനം തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചില സര്‍ക്കുലറുകള്‍ അയച്ചു. ചില തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് ചില കുട്ടികള്‍ക്ക് സൌകര്യമൊരിക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഇതിലപ്പുറം, പരിധിക്ക് പുറത്തായവര്‍ ആരാണ്, അവരേതൊക്കെ തരത്തിലും തലത്തിലുമുള്ളവരാണ്, അവരുടെ സാന്പത്തികാവസ്ഥ, ജാതി, വര്‍ഗം, സാമൂഹികാസ്ഥാനം തുടങ്ങിയവ എന്താണ്, അവരെക്കൂടി ജൂണ്‍ ഒന്നിന് പാഠഭാഗം കാണാന്‍ പറ്റുന്നവരാക്കുന്നതെങ്ങനെയാണ് എന്നൊന്നും സര്‍ക്കാര്‍ ആലോചിച്ചില്ല. പുറത്താക്കപ്പെട്ടവരില്‍ ആരായിരിക്കും കൂടുതലുണ്ടാകുക എന്നും അവരെ ചേര്‍ത്തുപിടിക്കാന്‍ ഏറ്റവും ചുരുങ്ങിയ നടപടികള്‍ എന്തായിരിക്കണമെന്നും  കേരളത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് സാമാന്യ ധാരണയുള്ള ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഈ സാമാന്യ ധാരണ ഉണ്ടാകുമെന്നുറപ്പുള്ള സംസ്ഥാന സര്‍ക്കാര്‍ സംവിധാനം അസൌകര്യമുള്ളവരെക്കുറിച്ച വിശദ പഠനം നടത്തേണ്ടതില്ലെന്ന ധാരണയിലേക്ക്  എത്തുന്നതിന് പിന്നിലെ പ്രധാന ഘടകം ജാതീയതയാണ്.

'ആദ്യം നടക്കുന്നത് ട്രയല്‍'

ആദ്യ ആഴ്ച നടക്കുന്നത് ട്രയലാണെന്നും അതില്‍ ഉള്‍പെടാന്‍ പറ്റാത്തവരുടെ പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുമെന്നുമാണ് സര്‍ക്കാര്‍ ഒരാഴ്ചയിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ട്രയലില്‍ ഉള്‍പെടാന്‍ യോഗ്യരും അയോഗ്യരുമായി കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പഠന സൌകര്യമില്ലാത്തവര്‍ പരീക്ഷണ ഉപകരണങ്ങളായി. അവര്‍ പഠനത്തിന്റെ ഒന്നാം ദിവസം പുറത്താക്കപ്പെട്ടു. പരീക്ഷണത്തിനിരിക്കാന്‍ ഇവര്‍ അയോഗ്യരാണെന്ന് സര്‍ക്കാര്‍ വിധിച്ചതിന്റെ സാമൂഹിക മാനദണ്ഡം എന്താണ്? സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ സാന്പത്തിക ശേഷിയില്ലാത്തവര്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പദ്ധതിയുടെ തുടക്കത്തില്‍ പുറത്തുനില്‍ക്കണമെന്ന് തീരുമാനിക്കുന്നതെങ്ങനെയാണ്? അവസാനത്തെ മനുഷ്യനും പ്രാപ്യമാകുന്ന തുല്യ വികസനം അടിസ്ഥാന അവകാശമായ ഒരു ജനാധിപത്യരാജ്യത്ത് വിഭവ ശേഷിയില്ലാത്തവരെന്ന് പരസ്യമായി മുദ്രയടിച്ച് ഒരുസംഘത്തെ പുറത്തുനിര്‍ത്തിയ വിചിത്രമായ അനുഭവത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.  സാമൂഹിക മൂലധനമില്ലാത്തവരെ പുറത്തുനിര്‍ത്തിയാലോ പരീക്ഷണ വസ്തുവാക്കിയാലോ ഭരണകൂടത്തിന് നേരെ ചോദ്യമുയരില്ലെന്ന ആത്മവിശ്വാസം ഉള്ളിലെ ജാതീയതയാണ്.
Add caption



'പരിഹാരം ഒരാഴ്ച കഴിഞ്ഞ്'

അസൌകര്യമുള്ളവരുടെ പ്രശ്നങ്ങള്‍ ഒരാഴ്ചത്തെ ട്രയല്‍ കഴിഞ്ഞ് പരിഹരിക്കുമെന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച മറ്റൊരു വാദം. (ഇന്നലെ മുതല്‍ മുഖ്യമന്ത്രി അത് രണ്ടാഴ്ചയാക്കിയിട്ടുണ്ട്.) എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭ്യമാക്കുക എന്നത് ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന സങ്കല്‍പമാണ്. ഇവിടെയാണ് സാങ്കേതിക സൌകര്യങ്ങള്‍ ഇല്ലാത്തവര്‍ ഒരാഴ്ച മാറിനില്‍ക്കട്ടെ എന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്നത്. ഈ വിഭജനത്തിന്റെ മാനദണ്ഡം ഡിജിറ്റല്‍ സാങ്കേതികതയല്ല. മറിച്ച്
ഉള്ളവനും ഇല്ലാത്തവനുമെന്ന ഏറ്റവും ലളിതവും എന്നാല്‍  ഭയാനകവുമായ വിഭജനമാണ്. ഇങ്ങനെ പൌരന്‍മാരെ മനുഷ്യത്വ വിരുദ്ധമായി വിഭജിക്കാനും അവര്‍ക്കിടയില്‍ വിവേചനം പ്രയോഗിക്കാനും സര്‍ക്കാര്‍ തന്നെ തീരുമാനിക്കുന്നതും അത് പരസ്യമായി പ്രഖ്യാപിക്കുന്നതും ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. വിഭവ ശേഷിയില്ലാത്തവരുടെ അവകാശം ഒരാഴ്ച പിടിച്ചുവക്കാന്‍ ഭരണ നിര്‍വഹണ സംവിധാനത്തിന് ധൈര്യം നല്‍കുന്നത് ജാതീയതയാണ്.


'ഉള്ളവര്‍ക്ക് തുടങ്ങട്ടെ'

സാങ്കേതിക സൌകര്യം ഏര്‍പെടുത്താന്‍ ശേഷിയുള്ളവര്‍ക്ക് വേണ്ടി പഠനം തുടങ്ങുന്നു എന്നതാണ് സര്‍ക്കാര്‍ നടപടിയിലെ ആദ്യഘട്ടം. ശേഷിയില്ലാത്തവര്‍ക്ക് വേണ്ടി സൌകര്യമൊരുക്കാന്‍ രണ്ടാഴ്ച കഴിയട്ടെ എന്ന് തീരുമാനിച്ചവര്‍ക്ക്, പഠനം തുടങ്ങാന്‍ രണ്ടാഴ്ച കഴിയട്ടെ എന്നും തീരുമാനിക്കാമായിരുന്നു. എല്ലാവര്‍ക്കും ലഭ്യമാകുന്ന സൌകര്യം ഏര്‍പെടുത്തിയ ശേഷം ട്രയല്‍ നടത്തുക എന്നതായിരുന്നു ശരി. പക്ഷെ അത്ര ക്ഷമിക്കാന്‍ സര്‍ക്കാറിന് വയ്യ. കാരണം, വിഭവ ശേഷിയുള്ളവനെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം, സൌകര്യമുള്ളവര്‍ക്ക്  (ചിലപ്പോള്‍ അവര്‍ പോലും അറിയാതെ) സര്‍ക്കാര്‍ ഉറപ്പാക്കുന്ന പ്രത്യേക പരിഗണനകള്‍, അതുവഴി നടക്കുന്ന സര്‍ക്കാറിന്റെ പ്രതിച്ഛായാനിര്‍മാണം.. ഇതൊക്കെയാണ് ഭരണ സംവിധാനത്തിന്റെയും അതിന്റെ ഓരംപറ്റിനില്‍ക്കുന്ന സ്തുതിപാഠകരുടെയും മുന്‍ഗണനകള്‍. ഉള്ളവര്‍ക്ക് നല്‍കുന്ന പരിഗണനകളുടെയെല്ലാം അടിസ്ഥാനം ജാതിമനോഭാവവും വിവേചനവുമാണ്. ശേഷിയുള്ളവന് വേണ്ടി ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങാനുള്ള തിടുക്കം ഉള്ളിലുറങ്ങിക്കിടക്കുന്ന ജാതീയതയുടെ ഉപോത്പന്നമാണ്.



'ജനകീയ മുന്നേറ്റം‌'

'ഇതൊരു ജനകീയ മുന്നേറ്റമായി മാറും. ജനങ്ങള്‍ ഇതേറ്റെടുക്കും.'
ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ദിവസവും വിദ്യാഭ്യാസ മന്ത്രി ചാനലുകളില്‍ വന്നിരുന്ന് ആവര്‍ത്തിച്ച് പറഞ്ഞ കാര്യം ഇതാണ്. ജനങ്ങള്‍ ഏറ്റെടുക്കും, തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യും എന്നൊക്കെയുള്ള പ്രത്യാശ മാത്രമാണ് സര്‍ക്കാര്‍ നയം എന്നാണ് ആവര്‍ത്തിച്ചുള്ള ഈ പറച്ചിലില്‍ നിന്ന് ബോധ്യപ്പെടുക. കുട്ടികളുടെ യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ പരിഹാരം കാണാനോ തന്റെയോ സര്‍ക്കാറിന്റെയോ കൈവശം ഒരുപായവുമില്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മന്ത്രി. ഞങ്ങള്‍ രണ്ടുതരം വിദ്യാര്‍ഥിക്കൂട്ടങ്ങളെയുണ്ടാക്കിയിട്ടുണ്ട്, അവരെ ഒന്നാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്തം ഇനി നിങ്ങള്‍ക്കാണ് എന്നാണ് മന്ത്രി പറയുന്നതിന്റെ അര്‍ഥം. ജനകീയമായ പരിഹാരത്തിന് വേണ്ടി സര്‍ക്കാര്‍ വ്യവസ്ഥാപിതമായി എന്തുചെയ്തു എന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടിയില്ല. വിഭവശേഷിയില്ലായ്മയാല്‍ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെടുകയും തുല്യാവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നവരെ,  'ജനകീയത' എന്ന പ്രയോഗത്തിന്റെ മറവിലൂടെ  തികഞ്ഞ അനിശ്ചിതത്വത്തിലേക്ക് എറിഞ്ഞുകൊടുക്കാമെന്ന ഭരണകൂടത്തിന്റെ ആത്മവിശ്വാസവും ജാതിയാണ്.  

ദേവികയുടെ മരണത്തിന് മുന്പ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മരണ ശേഷം മുഖ്യമന്ത്രിയും പറയുന്നത്. ഈ വിതണ്ഡവാദങ്ങള്‍ നേരത്തെതന്നെ നിരത്തിയിരുന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ അധിക ന്യായം. പഠിക്കാന്‍ ശേഷിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ജീവന്‍കവര്‍ന്നെടുത്തിട്ടും വിവേചനപൂര്‍ണവും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ മുട്ടുന്യായങ്ങള്‍ ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. മുഖ്യധാരയുടെ പരിധിക്ക് പുറത്താക്കപ്പെട്ട സാധാരണ പൌരന്‍മാരോടുള്ള 'പുരോഗമന'കേരളത്തിന്റെ ഫ്യൂഡല്‍ മനോഭാവമാണ് സര്‍ക്കാറിന്റെ എല്ലാ ന്യായീകരണങ്ങളിലും പ്രകടമാകുന്നത്. അതുകൊണ്ടാണ്,  54 ശതമാനം ജനങ്ങള്‍ക്ക് മാത്രം (IAMAI report 2019- ദി ഹിന്ദു) ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യമുള്ള കേരളത്തിലെ, ഒരു ദലിത് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച്  ജനാധിപത്യ രാജ്യത്തെ ഒരു മുഖ്യമന്ത്രിക്ക് ഇത്ര ലാഘവത്തോടെ സംസാരിക്കാന്‍ കഴിയുന്നത്. 

(2020 ജൂണ്‍ 20, മീഡിയവണ്‍ വെബ്)


Friday, May 1, 2020

മുഹമ്മദ് സലായുടെ സുജൂദും സോനുനിഗമിന്റെ ട്വീറ്റും

പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കും.


ഇസ്‍ലാമികാരാധാനക്രമമായ നമസ്കാരത്തിന്റെ ഭാഗമായി നടക്കുന്ന ബാങ്കുവിളിക്കും (അദാന്‍) പ്രവാചകന്‍ മുഹമ്മദിനുമെതിരെ മൂന്നുവര്‍ഷം മുന്പാണ് പ്രശസ്ത ഇന്ത്യന്‍ ഗായകന്‍ സോനുനിഗം വിദ്വേഷവും വെറുപ്പും കലര്‍ന്ന വര്‍ഗീയ സ്വഭാവമുള്ള ഒരു ട്വിറ്റര്‍ പ്രതികരണം നടത്തുന്നത്. എന്നാല്‍ ഏതാനും ദിവസം മുന്പ് അത് വൈറലായി. ബിജെപി-സംഘ്പരിവാര്‍ നേതാക്കളുടെ മുസ്‍ലിം വിരുദ്ധ വര്‍ഗീയ പ്രസ്താവനകളും അറബ് വംശജരായ സ്ത്രീകളെക്കുറിച്ച് ബിജെപി നേതാവ് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളും ഗള്‍ഫ് ലോകത്തുണ്ടാക്കിയ അതിരൂക്ഷമായ പ്രതികരണത്തിന്റെ തുടര്‍ച്ചയായാണ് സോനുനിഗമിന്റെ പോസ്റ്റ് വീണ്ടും പൊങ്ങിയത്. ദുബൈയില്‍ പഠിക്കുന്ന മകനെക്കാണാന്‍ കുടുംബ സമേതം അവിടെയെത്തി ലോക്ക്ഡൌണില്‍ കുടുങ്ങിക്കിടക്കുന്നതിനിടെ, ഈ ഇന്ത്യന്‍ ഗായകന് അതികഠിനമായ എതിര്‍പ് നേരിട്ട് ട്വിറ്റര്‍ അക്കൌണ്ട്  ഉപേക്ഷിക്കേണ്ടി വന്നു. ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഗള്‍ഫില്‍ ജോലിയും താമസവും തുടരുന്നതിനിടെ തന്നെ അന്നാട്ടുകാരുടെ മതപരവും വൈവകാരികവുമായ വിശ്വാസ ആചാരങ്ങളെ വിദ്വേഷപൂര്‍വം ആക്ഷേപിക്കുന്നത് വ്യാപകമാണെന്ന തദ്ദേശവാസികളുടെ തിരിച്ചറിവാണ് അസാധാരണമായ പ്രതിഷേധം ഉയര്‍ത്തിവിട്ടത്. അതുപിന്നെ ഇന്ത്യയിലെ ഇസ്ലാംഭീതിയും കാവിഭീകരതയും ലോക വ്യാപക ചര്‍ച്ചയാക്കുകയും അന്താരാഷ്ട്ര സംഘടനകളുടെ ഗൌരവതരമായ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്രയും വിപുലമായ സോഷ്യല്‍മീഡിയ പ്രചാരണമായി മാറുകയും ചെയ്തു.

ഒരു രാജ്യത്ത് താമസിക്കുന്ന വിദേശികളോട് തദ്ദേശീയര്‍ക്കുണ്ടാകുന്ന  എതിര്‍പ്‍/വിരോധം/വിവേചനം/വിദ്വേഷം തുടങ്ങിയവയെക്കുറിച്ച് ലോകവ്യാപകമായി പലതരം പഠനങ്ങള്‍ നടക്കുന്നുണ്ട്. xenophobia അഥവ പരദേശിസ്പര്‍ധ എന്നാണ് ഇതിനെ പൊതുവെ വിളിക്കുന്നത്.  മനുഷ്യരുടെ കുടിയേറ്റം ഏതെങ്കിലും തരത്തില്‍ നടക്കുന്ന രാജ്യങ്ങളിലെല്ലാം പലതലത്തില്‍ പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നുണ്ട്. മതം, വംശം, വര്‍ണം, തൊഴില്‍, സാന്പത്തികാന്തരം, സാമൂഹിക പദവി തുടങ്ങിയവയെല്ലാം പരദേശിസ്പര്‍ധക്ക് കാരണമാണ്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പരദേശി സ്പര്‍ധ മനുഷ്യാവകാശ ലംഘനമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇതിനെതിരെ ലോകത്താകെ പലതരം മുന്നറ്റങ്ങളും സാമൂഹിക പ്രതിരോധ പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നുമുണ്ട്. തദ്ദേശീയര്‍ക്ക് വിദേശ തൊഴിലന്വേഷകരോടുണ്ടാകുന്ന വിദ്വേഷമാണ് ഇത്. എന്നാല്‍ ഇതിന് നേരെ വിപരീതാവസ്ഥയിലുള്ള കുറ്റകൃത്യമാണ് ഗള്‍ഫ് രാജ്യത്തെ പൌരന്മാര്‍ ഇന്ത്യക്കാരില്‍നിന്ന് നേരിട്ടത്. ഒരു രാജ്യത്ത് തൊഴിലന്വേഷിച്ചെത്തി, അവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ തന്നെ അതേ രാജ്യത്തിന്റെ സംസ്കാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മനുഷ്യര്‍ക്കും സ്ത്രീകള്‍ക്കും എതിരെ ക്രിമിനല്‍ സ്വഭാവത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തുകയാണ്. ലോകത്ത് ഇതുവരെ പ്രകടമായിട്ടില്ലാത്ത തരം വിദ്വേഷക്കുറ്റം!  ലോകത്ത് അത്രപരിചിതമല്ലാത്ത തരത്തിലുള്ള ഈ വംശീയാതിക്രമം ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യേകതയായിരിക്കണം.



എങ്കിലും പരദേശി സ്പര്‍ധ ഒരു നാട്ടിലെ പൌരന്‍മാര്‍ക്കിടയില്‍ രൂപപ്പെടാനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ച പഠനം ഈ സന്ദര്‍ഭത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പ്രാഥമികമായി സാന്പത്തിക കാരണങ്ങളാണ് അതിന് പറയുന്നത്. സെനോഫോബിയ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അത്തരമാളുകളില്‍നിന്ന് തദ്ദേശീയര്‍ക്കുണ്ടാകുന്ന അനുഭവങ്ങളും സുപ്രധാന കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 31 ശതമാനം ആളുകളില്‍ പരദേശി സ്പര്‍ധയുണ്ടാക്കുന്നത്, കുടിയേറ്റത്തൊഴിലാളികളുടെ ക്രിമിനല്‍ സ്വഭാവവും അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും രാജ്യത്ത് അവര്‍ നടത്തുന്ന തട്ടിപ്പുകളുമാണെന്നാണ് ഡര്‍ബനിലെ ക്വാസുലു-നാറ്റല്‍ സര്‍കലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.
സെനോഫോബിയയുണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന കാരണങ്ങളില്‍ രണ്ടാമത്തേതും ഇതുതന്നെ. 10 ശതമാനത്തോളം തദ്ദേശീയരില്‍ സെനഫോബിയയുണ്ടാക്കുന്നത്‍, അവരുടെ സംസ്കാരത്തില്‍ വിദേശികളുണ്ടാക്കുന്ന ആഘാതമാണ്. അറബികളുടെ സംസ്കാരത്തിനും മതവിശ്വാസങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍, മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായ തദ്ദേശീയ വികാരം സൃഷ്ടിക്കപ്പെടാന്‍ കാരണമായേക്കും.

കുടിയേറ്റ തൊഴിലാളികളോട് ഏറ്റവും സൌഹാര്‍ദപരവും സഹിഷ്ണുതാപൂര്‍ണവുമായ സമീപനം സ്വീകരിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങളിലെ പൌരന്മാര്‍. ഒരു രാജ്യത്തെ സെനോഫോബിയയുടെ തോത് അളക്കാന്‍ ഗവേഷകര്‍ സ്വീകരിക്കുന്ന മാനദണ്ഡം അവിടത്തെ Migration Acceptance Index (MAI) ആണ്. കുടിയേറ്റ തൊഴിലാളികളോട് ഒരു രാജ്യം എത്രത്തോളം സഹിഷ്ണുത കാണിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. അഥവ എം എ ഐ കൂടുതലായ രാജ്യങ്ങള്‍ കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യവും അന്യരാജ്യ തൊഴിലാളികള്‍ ഏറ്റവും സുരക്ഷിതവുമായ രാഷ്ട്രങ്ങളായിരിക്കും എന്നര്‍ഥം. ഇതിന്റെ ആഗോള ശരാശരി 5.29/9 ആണ്. ജി സി സി രാജ്യങ്ങളുടെ ആകെ ഇന്‍ഡക്സ് 6.11 ഉം. വിദേശ തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ജി സി സിയെന്നര്‍ഥം. ലോകത്തില്‍ തന്നെ വിദേശികളോടുള്ള സഹിഷ്ണുതയില്‍ നാലാം സ്ഥാനമാണിത്. യൂറോപ്പും യുറോപ്യന്‍ യൂണിയനുമെല്ലാം ഇതിന് പിറകിലേ വരൂ. ഇത്തരമൊരു മേഖലയിലാണ് ഇന്ത്യന്‍ വംശീയവാദികള്‍‍, മുവുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരായി വളര്‍ന്നേക്കാവുന്ന തരത്തില്‍ തദ്ദേശീയരുടെ വൈകാരികത ആളിക്കത്തിക്കുന്നത് എന്നതാണ് വിചിത്രം. 'നിങ്ങള്‍ നിശ്ചയമായും വിദ്വേഷം കാണിക്കേണ്ട തരത്തിലുള്ള ക്രിമിനിലുകളാണ് ഞങ്ങള്‍' എന്നാണ് ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് അവര്‍ക്കെതിരെ വംശീയാക്രമണം നടത്തുന്നവര്‍ അന്നാട്ടുകാര്‍ക്ക് ഇന്ത്യന്‍  പ്രവാസികളെക്കുറിച്ച് നല്‍കുന്ന സന്ദേശം. സ്വന്തം രാജ്യത്തപ്പോലും ഒറ്റുകൊടുക്കുന്ന ഈ വിചിത്ര സ്വഭാവവും ഇന്ത്യന്‍ ഫാസിസത്തിന്റെ മാത്രം സവിശേഷതായാകും.




ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങളിലുള്ളതുപോലുള്ള പരദേശി സ്പര്‍ധ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബ്രൂണെ സര്‍വകലാശാലയിലെ ഡോക്ടര്‍ എ കെ എം അഹ്സനുല്ലയുടെ നേതൃത്വത്തില്‍ നാലംഗ സംഘം നടത്തിയ  പഠനം പറയുന്നത്. തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ വലിയ താത്പര്യം  പ്രകടിപ്പിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍.  ഇന്ത്യന്‍ സന്പദ് വ്യവസ്ഥയുടെയും കേരളം പോലുള്ള സംസ്ഥാനങ്ങളുടയെും നട്ടെല്ല് തന്നെ ഗള്‍ഫ് പ്രവാസികളാണ്. അവിടെ സ്വയം കുഴികുത്തുകയാണ് കാവിഭീകരര്‍. ലോകരാഷ്ട്രീയത്തിലെ ബലാബലത്തെക്കുറിച്ചും ശാക്തിക ചേരികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതിലെ നയതന്ത്ര പദ്ധതികളെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലെ പാരസ്പര്യത്തെക്കുറിച്ചും പരസ്പരാശ്രിതത്വക്കുറിച്ചും അല്‍പംപോലും  വിവരമില്ലാതെയാണ് വിഢ്ഢികളുടെ  'മോഡി സ്വര്‍ഗ'ത്തിലരുന്ന് ഇന്ത്യന്‍ സംഘികള്‍ വാചകമടിക്കുന്നത്.  വിദ്വേഷ രാഷ്ട്രീയവും നുണഫാക്ടറികളും കൊണ്ട് ലോകത്തിന് മുന്നില്‍ ഇന്ത്യ നാണംകെടുകയാണെന്ന  തിരിച്ചറിവ് പോലും അവര്‍ക്കില്ലാത്തത്, ഗള്‍ഫിനെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് വിദൂര ഭാവിയില്‍ തിരിച്ചടിയായി മാറുക. ഇതിനെതിരായ പ്രതിരോധം മതേതര ഹിന്ദുസമൂഹത്തില്‍നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്.



മാഡ്രിഡില്‍ നടന്ന ഒരു മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഗ്രൌണ്ടില്‍ നെറ്റി ചേര്‍ത്തുവച്ച് നമസ്കാരത്തില്‍ സുജൂദ് ചെയ്യുംപോലെ സാഷ്ടാംഗം പ്രണമിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലെ ഇസ്‍ലാം ഭീതി ഗണ്യമായി കുറക്കുന്നതില്‍ സലായുടെ ഈ ആഹ്ലാദപ്രകടനം വലിയ പങ്കുവഹിച്ചുവെന്നാണ് കണ്ടെത്തല്‍. 2017ല്‍ ലിവര്‍പൂളുമായി സലാഹ് കരാര്‍ ഒപ്പുവച്ചതില്‍പിന്നെ ലിവര്‍പൂളിലും ഈ നഗരമുള്‍പെടുന്ന മെര്‍സെസിഡ് കൌണ്ടിയിലും മുസ്‍ലിംകള്‍ക്കെതിരായ വംശവെറിയും വിദ്വേഷക്കുറ്റങ്ങളും കുത്തനെ കുറഞ്ഞുവെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മറ്റ് കുറ്റകൃത്യങ്ങളുടെ തോത് അതേപടി തുടരുന്പോഴും മുസ്‍ലിംവിരുദ്ധ വിദ്വേഷക്കുറ്റം 18 ശതമാനമാണ് ഒറ്റവര്‍ഷംകൊണ്ട് കുറഞ്ഞത്. ലണ്ടനിലെ ഫുട്ബോള്‍ ആരാധകരുടെ 15 മില്ല്യണ്‍ ട്വീറ്റുകള്‍ പരിശോധിച്ച പഠനം, ലിവര്‍പൂള്‍ ആരാധകരുടെ മുസ്‍ലിം വിരുദ്ധ ട്വീറ്റുകള്‍ പകുതിയായി കുറഞ്ഞതായി കണ്ടെത്തി.  യു എന്നിന്റെ ഏറ്റവും പുതിയ വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ ഈ പ്രതിഭാസത്തെ സലാഹ് ഇഫക്ട് എന്ന പേരില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒരു സെലിബ്രിറ്റിയുടെ സാമൂഹിക പ്രതികരണം ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്ന പ്രതിഫലനമെത്രയായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്ത് നടത്തുന്ന ഏതുപ്രതികരണവും അതത് രാജ്യങ്ങളുടെ സംസ്കാരത്തിലും നയരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സലാ ഇഫക്ട് ഉദ്ദരിച്ച് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സോനുനിഗമിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ചെയ്യുന്ന സംഭാവനയെന്താണെന്ന് ഈ പശ്ചാത്തലത്തില്‍ ആചോലിച്ചാല്‍ ബോധ്യമാകും. ഗള്‍ഫിലെ സംഘികളല്ലാത്ത മുഴുവന്‍ ഇന്ത്യക്കാരും - സെലിബ്രിറ്റിയായാലും സാധാരണക്കാരനായാലും- ഇപ്പോള്‍ കണ്ണുതുറന്ന് കാണേണ്ട യാഥാര്‍ഥ്യമാണിത്. സോഷ്യല്‍മീഡിയയില്‍ പ്രവാസി സംഘികള്‍ സൃഷ്ടിക്കുന്ന വിദ്വേഷക്കാറ്റ് ഏതുദിശയിലാണ് തിരിഞ്ഞടിക്കുക എന്നത് അപ്രവചനീയമായിരിക്കുമെന്ന് ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും ഓര്‍ത്താല്‍ നന്ന്.

(25-04-202, മീഡിയവണ്‍ വെബ്)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...