Saturday, July 22, 2017

കച്ചവടം പൊടിപാറട്ടെ, സര്‍ക്കാര്‍ ഒപ്പമുണ്ട്

ഏതാണ്ട് രണ്ട് പതിറ്റാണ്ടായ കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ആണ്ടുതോറും ആവര്‍ത്തിക്കുന്ന രാഷ്ട്രീയ വിവാദമായിരുന്നു ഓരോ അധ്യയനവര്‍ഷത്തെയും ഫീസ് നിര്‍ണയവും പ്രവേശന കരാറുകളും. പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു സ്വാശ്രയ സങ്കല്‍പം വ്യാപകമാക്കുന്നതിന് കേരളത്തില്‍ ഉന്നയിക്കപ്പെട്ട ന്യായം. പിന്നീട് മെഡിക്കല്‍ എഞ്ചിനീയറിങ് മേഖലകളില്‍ മുഖ്യമായി കേന്ദ്രീകരിച്ച സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍, ഈ ആശയം ഏറെക്കുറെ നിലനില്‍ക്കുകയും ചെയ്തു. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന എ കെ ആന്റണിയുടെ സിദ്ധാന്തം, അതിന്റെ ഏറ്റവും വലിയ ശത്രുക്കളായിരുന്ന ഇടതുപക്ഷം പോലും പില്‍ക്കാലത്ത് വാക്കിലും പ്രയോഗത്തിലും അംഗീകരിച്ചു. പല സന്ദര്‍ഭങ്ങളിലും പലതരം വ്യവസ്ഥകളാല്‍ ഈ തത്വം അട്ടിമറിക്കപ്പെട്ടിട്ടുണ്ട് എങ്കിലും പരിമിതമായ തോതിലെങ്കിലും അത് നിലനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍നിന്നും സമുദായങ്ങളില്‍നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി, ഉന്നത വിദ്യാഭ്യാസം ആര്‍ജിക്കുകയും ചെയ്തു. സീറ്റ് ബാഹുല്യം, അതിന്‌റെ ആവശ്യക്കാരേക്കാള്‍ കൂടുതലായി മാറിയതോടെ, എഞ്ചിനീയറിങ് പഠന ശാഖയിലെ കിടമത്സരം കുറഞ്ഞു. ഒപ്പം, അതിലെ വിവാദങ്ങള്‍ക്കും ഏറെക്കുറെ അറുതിയായി. എന്നാല്‍ മെഡിക്കല്‍ ശാഖയില്‍ അതായിരുന്നില്ല അവസ്ഥ. കഴിഞ്ഞകൊല്ലവും പതിവുപോലെ വിവാദങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. തീരുമാനങ്ങള്‍ തിരുത്തപ്പെട്ടു.

പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുട്ടികള്‍ക്കും വന്‍തുക മുടക്കാനില്ലാത്ത മിടുക്കര്‍ക്കും പഠനാവസരം ഉറപ്പാക്കുക എന്നതിലൂന്നിയായിരുന്നു എല്ലാ കാലത്തും കേരളത്തില്‍ സ്വാശ്രയ വിവാദം ഉയര്‍ന്നിരുന്നത്. കക്ഷി വ്യത്യാസമില്ലാതെ ഏത് പാര്‍ട്ടിയുടെ ഭരണകാലത്തും മറുപക്ഷം ഈ ആശയം ഉയര്‍ത്തിപ്പിടിച്ചു. യു ഡി എഫ് ഭരണകാലത്ത്, വിദ്യാര്‍ഥി സമരങ്ങള്‍ അതിന്റെ ഏറ്റവും പ്രക്ഷുബ്ധമായ അവസ്ഥയിലെത്തി. രക്തരൂഷിതമായ ഇടതുപക്ഷ സമരങ്ങളെത്രയോ കേരളത്തിന്റെ തെരുവുകളില്‍ ആളിക്കത്തി. ഗ്രനേഡുകളും ജല പീരങ്കികളും പൊട്ടിത്തെറിച്ചു. പരിക്കേറ്റവരാല്‍ ആശുപത്രികളും പോരാളികളാല്‍ ജയിലുകളും ഒരുപോലെ നിറഞ്ഞു. ഭരണം മാറിയാല്‍ നിശ്ശബ്ദരായിരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോവര്‍ഷവും ഈ സമരങ്ങള്‍ക്ക് ഇരുവിഭാഗവും ഇറങ്ങുന്നത്. സാധാരണക്കാരന്റെ പഠനാവസരം എന്ന സാമൂഹിക സ്വപ്‌നം പരിമിതമായെങ്കിലും നിലനിര്‍ത്തുന്നതില്‍ ഈ പ്രക്ഷോഭങ്ങല്‍ വഹിച്ച പങ്കും ചെറുതല്ല.

എന്നാല്‍ ഇത്തവണ ഇതല്ല അവസ്ഥ. സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിച്ച് കഴിഞ്ഞിട്ടും ഒരിടത്തുനിന്നും കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. എവിടെയും ബഹളമയമായ സമരങ്ങളുണ്ടായിട്ടില്ല. ചോരച്ചാലുകള്‍ നീന്തിക്കയറിയ ഒരു മുഖ്യമന്ത്രിയുടെ അസാധാരണമായ കാര്യശേഷിയാല്‍, ഇതുവരെ കേരളത്തില്‍ നിലനിന്നിരുന്ന സ്വാശ്രയത്തിലെ അസമത്വങ്ങളും അന്യായങ്ങളും പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു എന്ന് തോന്നിക്കുമാര്‍ ശക്തമാണ് ഇപ്പോഴത്തെ നിശ്ശബ്ദത. എന്നാല്‍, കാര്യങ്ങള്‍ അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് എത്തിയിരിക്കുന്നത്എന്നതാണ് യാഥാര്‍ഥ്യം. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫീസ് വര്‍ധനക്കാണ് ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കുറഞ്ഞ ഫീസ് തന്നെ ഇല്ലതാക്കിയ അസാധാരണമായ വര്‍ധന. വലിയ സമ്മര്‍ദ ശക്തിയായി മാറിക്കഴിഞ്ഞ സ്വാശ്രയ കോളജ് ഉടമകളെ നിയന്ത്രിക്കാന്‍ ചരിത്രത്തിലിതുവരെ കിട്ടിയിട്ടില്ലാത്ത തരത്തില്‍ നിയമ പിന്‍ബലമുള്ള ആയുധവും അവസരവും കൈവന്ന സമയത്താണ് കേരള സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത് എന്നതാണ് ഏറെ വിചിത്രം. അതും ഒരു ഇടതുപക്ഷ സര്‍ക്കാര്‍. അതാകട്ടെ, പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍.

സാധാരണക്കാര്‍ക്കുള്ള ഫീസ്

സ്വാശ്രയ കോളജുകളിലെ സീറ്റും ഫീസും സംസ്ഥാന സര്‍ക്കാറും കോളജ് മാനേജ്‌മെന്റുകളും തമ്മില്‍ ഒപ്പുവക്കുന്ന ഒരു വാര്‍ഷിക കരാറിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരുന്നത്. തുടക്കത്തില്‍ കത്തോലിക്ക സഭാ മാനേജ്‌മെന്റിന്‌ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ സ്വകാര്യ കോളജുകളും പരിയാരം, കൊച്ചി സഹകരണ കോളജുകളും ഈ കരാറില്‍ ഒപ്പുവച്ചിരുന്നു. എല്ലാവരും 50:50 അനുപാതത്തില്‍ സീറ്റ് പങ്കുവക്കാനും സന്നദ്ധമായിരുന്നു. ഇതനുസരിച്ച് ആകെ സീറ്റിന്റെ പകുതി എണ്ണത്തില്‍ സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് പ്രകാരം പ്രവേശനം നല്‍കും. ഇതില്‍ ഫീസ് കുറവായിരിക്കും. ബാക്കി പകുതി സീറ്റ് മാനേജ്‌മെന്റ്, എന്‍ ആര്‍ ഐ സീറ്റുകളായി കണക്കാക്കും. ഇതില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നോ മാനേജ്‌മെന്‌റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നോ പ്രവേശനം നല്‍കും. ഇതില്‍ ഉയര്‍ന്ന ഫീസായിരിക്കും ഈടാക്കുക. ഉയര്‍ന്ന റാങ്ക് എന്നതിലുപരി പണം മുടക്കാന്‍ ശേഷിയുണ്ടാകുക എന്നതാണ് ഇതില്‍ പ്രവേശനം കിട്ടാനുള്ള ആദ്യ യോഗ്യത. തുടക്കത്തില്‍ കുറഞ്ഞഫീസുള്ള 50 ശതമാനത്തിലും സര്‍ക്കാര്‍ കോളജുകളിലേതിന് തുല്യമായ ഫീസായിരുന്നു ഈടാക്കിയിരുന്നത്. പിന്നീട് ഇതില്‍ തന്നെ പല തട്ടിലുള്ള ഫീസ് ഘടന നടപ്പാക്കി. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഇങ്ങിനെയായിരുന്നു: 100 എം ബി ബി എസ് സീറ്റുള്ള ഒരു മെഡിക്കല്‍ കോളജില്‍ 20 സീറ്റില്‍ ഫീസ് 25,000 രൂപ. 30 സീറ്റില്‍ ഫീസ് 2.5 ലക്ഷം രൂപ. (ഇവ സര്‍ക്കാര്‍ സീറ്റായി കണക്കക്കും.) 35 സീറ്റില്‍ 11 ലക്ഷം രൂപ (മാനേജ്‌മെന്റ് സീറ്റ്). 15 സീറ്റില്‍ 15 ലക്ഷം രൂപ (എന്‍ ആര്‍ ഐ ക്വാട്ട.)  പരിമിതകളുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് പ്രയോജനകരമായ ഫീസ് വ്യവസ്ഥയായിരുന്നു ഇത്.

കത്തോലിക്ക സഭയുടെ കീഴിലുള്ള കോളജുകള്‍ ഈ രീതിയില്‍ ഫീസ് കുറച്ചുകൊടുക്കുന്നതിന് എതിരായിരുന്നു. എല്ലാ സീറ്റിലും ഉയര്‍ന്ന ഫീസ് വേണമെന്നതായിരുന്നു അവരുടെ ആവശ്യം. ന്യൂനപക്ഷ പദവി നേടിയ കോളജുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശം നടത്താനും ഫീസ് നിശ്ചയിക്കാനും അധികാരമുണ്ട്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ക്രിസ്ത്യന്‍ കോളജുകള്‍ സര്‍ക്കാറുമായി കരാറിന് തയാറാകാതെ, സ്വന്തം നിലയില്‍ പ്രവേശനം നടത്തിക്കൊണ്ടിരുന്നത്. കരാറിന് തയാറാകണമെങ്കില്‍ മുഴുവന്‍ സീറ്റിലും ഉയര്‍ന്ന ഫീസ് വേണമെന്ന അവരുടെ ആവശ്യം എല്ലാ സര്‍ക്കാറുകളും നിരാകരിച്ചു. സര്‍ക്കാറുകളെയും ജനവികാരത്തെയും വെല്ലുവിളിച്ച്, കോടതിവിധിയുടെ ബലത്തില്‍  അവര്‍ അതുമായി മുന്നോട്ടുപോയി. എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവരുടെ ആവശ്യം അംഗീകരിച്ച്, ഉയര്‍ന്ന ഏകീകൃത ഫീസ് അനുവദിച്ച് കൊണ്ട് തന്നെ കരാറിന് സന്നദ്ധമായി. ഇതോടെ, കുറഞ്ഞ ഫീസ് അനുവദിച്ചിരുന്ന കൂടുതല്‍ കോളജുകള്‍ ഈ രീതിയിലേക്ക് മാറാനും തുടങ്ങി. 50:50 തത്വം പൂര്‍ണമായി പൊളിയുന്നതിന്റെ തുടക്കമായിരുന്നു അത്. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇക്കാര്യത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്‌റുകളുമായി വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ആ ചരിത്രമെല്ലാം മറന്ന്, പിണറായി വജയനും കെ കെ ശൈലജയും ചേര്‍ന്ന് ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ഇഷ്ടപ്പെട്ട ഫീസ് തന്നെ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം ഈ കോളജുകളിലെ ഫീസ് ഘടന ഇങ്ങിനെയായിരുന്നു- 85 സീറ്റില്‍ ഫീസ് 4.4 ലക്ഷം രൂപ. 15 സീറ്റില്‍ 12 ലക്ഷം രൂപ (എന്‍ ആര്‍ ഐ).

സ്വാശ്രയ കോളജുകളിലെ ഫീസ് നിര്‍ണയത്തിന് കേരളത്തില്‍ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് രാജേന്ദ്ര ബാബുവാണ്. ഈ കമ്മിറ്റിക്കാണ് ഫീസ് നിര്‍ണയിക്കനുള്ള അധികാരം. കോളജുകളുടെ വരവ് ചിലവ് കണക്കുകള്‍ നോക്കി അനുയോജ്യമായ തുക ഫീസായി നിശ്ചയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 50:50 പാലിക്കാന്‍ സന്നദ്ധമാകുന്ന കോളജുകളില്‍, ഫീസ്  സര്‍ക്കാര്‍ നിശ്ചയിക്കുകയും അതടങ്ങുന്ന കരാര്‍ പിന്നീട് ഫീസ് നിര്‍ണയ കമ്മിറ്റി അംഗീകരിക്കുകയുമാണ് ചെയ്തിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഈ രീതി നിലവിലുണ്ട്. ക്രോസ് സബ്‌സിഡി പാടില്ലെന്ന് ഒരിക്കല്‍ വിധിച്ച സുപ്രിംകോടതി തന്നെ, പല കേസുകളിലും ഇത് അംഗീകരിച്ചിട്ടുമുണ്ട്.

നീറ്റാക്കിയ പ്രവേശനം


ഈ രീതിയില്‍ ഫീസും സീറ്റും പങ്കുവക്കുന്നതും ക്രിസ്ത്യന് കോളജുകളുടെ നിലപാടുകളുമായിരുന്നു എല്ലാ കൊല്ലവും സ്വാശ്രയ
മെഡിക്കല്‍ മേഖലയിലെ സമരങ്ങള്‍ക്ക് നിദാനമായിരുന്നത്. കുറഞ്ഞ ഫീസില്‍ പ്രവേശനം അനവദിക്കുന്നതിന്‌റെ മറവില്‍ സ്വാശ്രയ കോളജുകള്‍ ബാക്കി സീറ്റുകളില്‍ വന്‍തോതില്‍ പണം വാങ്ങി കച്ചവടം നടത്തുന്നുവെന്ന വിമര്‍ശവും ഈ വിവാദങ്ങളിലെ മുഖ്യ വിഷയമാണ്. വിദ്യാര്‍ഥി സംഘടനകളും മറ്റും നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന ആക്ഷേപവും പ്രവേശനത്തിലെ ഈ ക്രമക്കേടുകളും സാന്പത്തിക തട്ടിപ്പുകളുമാണ്. ചില കോളജുകളുടെ കാര്യത്തില്‍ ഇത് ശരിവക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുമുണ്ട്. സീറ്റ് വിട്ടുകിട്ടുന്നതിന്റെ പേരില്‍ ഇത്തരം പരാതികളോടും ആരോപണങ്ങളോടും സര്‍ക്കാറുകളും കണ്ണടക്കാറാണ് പതിവ്. ഈ തരത്തില്‍ ഒരുതരം പരസ്പര ധാരണയോടെ നടന്നിരുന്ന പ്രവേശന നടപടികള്‍ക്ക് സുപ്രീം കോടതി ഒരു സുപ്രധാന വിധിയിലൂടെ കടിഞ്ഞാണിട്ടു. രാജ്യത്തൊന്നാകെ ഒരൊറ്റ പ്രവേശന പരീക്ഷ മാത്രമേ പാടുള്ളുവെന്നും എല്ലാ കോളജുകളിലും എല്ലാ സീറ്റിലും പ്രവേശനം നടത്തേണ്ടത് ആ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സുപ്രിംകോടതി വിധിച്ചു. ഇതേതുടര്‍ന്ന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) എന്ന പേരില്‍ പൊതു പ്രവേശന പരീക്ഷ നിലവില്‍ വന്നു.

പ്രവേശനത്തിന് മറ്റൊരു മാനദണ്ഡവും പാടില്ല. മാനേജ്‌മെന്റ് സീറ്റായാലും എന്‍ ആര്‍ ഐ സീറ്റായാലും പ്രവേശനം ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമേ പാടുള്ളൂ. അഥവ പ്രവേശനം സുതാര്യവും ഏകീകൃത മാനദണ്ഡപ്രകാരവുമായി മാറി. ഫീസ്, പ്രവേശനം എന്നീ പ്രധാന വിവാദ വിഷയങ്ങളിലെ പ്രവേശന പ്രശ്‌നം ഇതോടെ ഏറെക്കുറെ പൂര്‍ണമായി പരിഹരിക്കപ്പെട്ടു. സ്വാശ്രയ കോളജ് പ്രവേശനത്തില്‍ വിദ്യാര്‍ഥി സംഘടനകളും മറ്റും ഉന്നയിച്ചിരുന്ന തട്ടിപ്പിന്റെയും കച്ചവടത്തിന്റെയും പരാതികള്‍ക്കും ആശങ്കള്‍ക്കും ഇതോടെ ഇടമില്ലാതായി. ഇക്കൊല്ലം ഈ രീതിയില്‍ തന്നെയാണ് പ്രവേശനം നടക്കുന്നത്. അഥവ ചരിത്രത്തിലാദ്യമായി കേരളത്തില്‍ മുഴുവന്‍ സീറ്റുകളിലേക്കും പൂര്‍ണതോതില്‍ സുതാര്യമായി പ്രവേശനം നടക്കുന്ന വര്‍ഷമാണിത് എന്നര്‍ഥം. പ്രവേശനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് കൈവന്ന നിയമപരമായ ഈ അധികാരം ഉപയോഗപ്പെടത്തി ഫീസ് നിര്‍ണയം കൂടി സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ആക്കിയിരുന്നെങ്കില്‍ കേരളത്തിലെ സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുമായിരുന്നു. പാവപ്പെട്ടവരുടെ പഠനാവസരത്തിനും അവകാശത്തിനും വേണ്ടി ഏറ്റവുമേറെ ഒച്ചവച്ചിട്ടുള്ള ഇടതുപക്ഷം ഭരിക്കുന്ന സമയമായതിനാല്‍, ഇത് യാഥാര്‍ഥ്യമാകുമെന്ന് തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ സംഭവിച്ചത് മറിച്ചാണ്.

മന്ത്രിയുടെ 'നിസ്സഹായത'

സ്വാശ്രയ മേഖലയില്‍ അല്‍പമെങ്കിലും സാമൂഹിക നീതി പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഫീസ് നിശ്ചയിച്ചത്. മാനേജുമെന്റുകള്‍ക്ക്  കോടികളുടെ അധിക വരുമാനം ഉറപ്പാക്കുന്ന തരത്തിലാണ് ഫീസ് കമ്മിറ്റി തീരുമാനം. സര്‍ക്കാറിന്റെ രണ്ട് ഉദ്യോഗസ്ഥരടക്കം സര്‍ക്കാര്‍ നയം നടപ്പക്കാന്‍ കഴിയുന്ന ഒരു കമ്മിറ്റി ഉണ്ടായിട്ടും ഫീസിന്റെ കാര്യത്തില്‍ ഒരു പരിഗണനയും സാധാരണക്കാര്‍ക്ക് ലഭിച്ചില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷം ഇതുവരെ പരസ്യമായി പറഞ്ഞിരുന്ന മുഴുവന്‍ നിലപാടുകളും അവര്‍ കാറ്റില്‍പറത്തി. മാനേജ്‌മെന്റുകളുടെ ലാഭം മാത്രമാണ് ഫീസ് നിര്‍ണയത്തിന് ലാക്കാക്കിയത്. മുന്‍വര്‍ഷത്തെ ഫീസുമായി താരതമ്യം ചെയ്താല്‍ ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധതയുടെ ആഴം വ്യക്തമാകും. എന്‍ ആര്‍ ഐ ഒഴികെയുള്ള എല്ലാ സീറ്റിലും അഞ്ചര ലക്ഷം രൂപയാണ് സമിതി ഒരുവര്‍ഷത്തേക്ക് ഇത്തവണ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഥവ 100 സീറ്റുള്ള ഒരു കോളജില്‍ 85 സീറ്റിലും ഫീസ് 5.5 ലക്ഷം രൂപ. അവശേഷിക്കുന്ന 15 സീറ്റ് എന്‍ ആര്‍ ഐ ക്വാട്ടയാണ്. അതില്‍ ഫീസ് 20 ലക്ഷവും. അഥവ ഒരു വിദ്യാര്‍ഥി എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കാന്‍ ഫീസിനത്തില്‍ മാത്രം 27.5 ലക്ഷം രൂപ മുടക്കണം. മറ്റ് ചിലവുകള്‍ വേറെയും.

മാനേജ്‌മെന്റുകളെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് കിട്ടിയ ലോട്ടറിയാണ് ഈ തീരുമാനം. പ്രവേശന നിയന്ത്രണം കൈവിട്ടുപോയതോടെ സമ്മര്‍ദ ശേഷി നഷ്ടപ്പെട്ട് ദുര്‍ബലരായി മാറിയ മാനേജ്‌മെന്റുകള്‍ ഏറെക്കുറെ ഇത്തവണ സര്‍ക്കാറിന് കീഴടങ്ങേണ്ടി വരുമെന്നായിരുന്നു കരുതിയിരുന്നത്. അതിനനുസരിച്ച ഫീസ് ഘടനക്ക് സന്നദ്ധമായാണ് അവര്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് ഒരുങ്ങിയിരുന്നതും. എന്നാല്‍ അവരെപ്പോലും ഞെട്ടിച്ചുകളഞ്ഞു സര്‍ക്കാറും ഫീസ് കമ്മിറ്റിയും. പുതിയ ഫീസ് അനുസരിച്ച് 100 സീറ്റുള്ള ഒരു മെഡിക്കല്‍ കോളജിന് ഫീസിനത്തില്‍ മാത്രം ഒരുവര്‍ഷം ലഭിക്കുന്നത് 7.67 കോടി രൂപ. കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പുവച്ച കോളജുകള്‍ക്ക് ആകെ കിട്ടിയിരുന്നത് 6.90 കോടി രൂപ. അഥവ ഇത്തവണ അധികം ലഭിക്കുന്നത് 77 ലക്ഷം രൂപ. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷം കിട്ടിയത് 5.54 കോടി രൂപ. ഇത്തവണ അത് 7.67 ലക്ഷം. അഥവ അധികം കിട്ടുന്നത് 2.13 കോടി രൂപ. പുതിയ ഫീസ് ഘടനയിലൂടെ പണം മുടക്കി പഠിക്കാന്‍ ശേഷിയുള്ളവര്‍ക്ക് വലിയ സാന്പത്തിക സഹായമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാനേജ്‌മെന്റ് സീറ്റില്‍ 11 ലക്ഷം മുടക്കിയ സ്ഥാനത്ത് ഇത്തവണ അത് 5.5 ലക്ഷമായി കുറഞ്ഞിരിക്കുന്നു. ഫലത്തില്‍ പുതിയ ഫീസ് ഘടന, പാവപ്പെട്ടവര്‍ക്ക് സബ്‌സിഡൈസ് ചെയ്യുന്നതിന് പകരം പണക്കാര്‍ക്ക് ഇളവ് ഉറപ്പാക്കുന്നതായി മാറി. 25,000 രൂപയുടെയും 2.5 ലക്ഷത്തിന്റെയും സീറ്റുകള്‍ ഇല്ലാതായി. പകരം വന്നത് 5.5 ലക്ഷത്തിന്റെ സീറ്റ്. അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള ഇടത് സര്‍ക്കാറിന്റെ കരുതല്‍ എത്രയെന്ന് ഇതില്‍ പ്രകടമാണ്.

കഴിഞ്ഞ വര്‍ഷം 15ല്‍ അധികം സ്വാശ്രയ കോളജുകളിലായി മുന്നൂറോളം കുട്ടികളാണ് 25,000 രൂപ മാത്രം ഫീസ് നല്‍കി എം ബി ബി എസ് പഠനം ആരംഭിച്ചത്. 450-ാളം കുട്ടികള്‍ പഠിക്കുന്നത് 2.5 ലക്ഷം രൂപ നല്‍കിയും. ഈ സീറ്റുകള്‍ ഇല്ലാതായതോടെ സാധാരണക്കാരായ ഇത്രയും കുട്ടികളുടെ പഠനാവസരമാണ് സര്‍ക്കാര്‍ നിര്‍ദയം തട്ടിയകറ്റിയത്. അതും ഇതിനേക്കാള്‍ കുറഞ്ഞ ഫീസില്‍ പഠനാവസരം ഒരുക്കാന്‍ അസുലഭാവസരം കൈവന്ന സന്ദര്‍ഭത്തില്‍. പ്രവേശ പരീക്ഷയിലും യോഗ്യതാ പരീക്ഷയിലും മികച്ച വിജയം നേടുന്ന നിരവധി വിദ്യാര്‍ഥികളുടെ ഉപരിപഠനം 5.5 ലക്ഷം ഫീസെന്ന കടന്പയില്‍ തട്ടി അവസാനിക്കും. പണമില്ലെങ്കില്‍ പഠിക്കാനാവില്ലെന്ന അവസ്ഥ.

ദരിദ്ര ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായും സാന്പത്തികമായും മുന്നേറാന്‍ കഴിയുന്ന ഉന്നത സാമൂഹിക പദവിയുള്ള തൊഴില്‍ മേഖലയില്‍നിന്ന് വലിയൊരു വിഭാഗം ആട്ടിയകറ്റപ്പെടുകയാണ്. കാശുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന വരേണ്യ സങ്കല്‍പത്തിലേക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മറപറ്റിവന്ന സ്വാകാര്യ മേഖലയുടെ മാറ്റം ഇതോടെ പൂര്‍ണമാകും. പിണറായി വിജയനും ഇടതുസര്‍ക്കാറിനും അതിന് കാര്‍മികത്വം വഹിക്കേണ്ടി വന്നത്, സ്വാശ്രയത്തില്‍ ഇതുവരെ ഇടതുപക്ഷം തുടര്‍ന്നുവന്ന ഇരട്ടത്താപ്പിന്റെ സ്വാഭാവിക ഫലമായുണ്ടായ നിസ്സഹായാവസ്ഥ കൊണ്ടാണ്. ഫീസ് നിശ്ചയിച്ചത് കമ്മിറ്റിയാണെന്നും സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും ആരോഗ്യ മന്ത്രി കൈമലര്‍ത്തിയതും അതുകൊണ്ടാണ്. മുന്‍കാലങ്ങളില്‍ കമ്മിറ്റി ഈ രീതിയില്‍ ഏകീകൃത ഫീസ് നിശ്ചയിച്ചപ്പോഴെല്ലാം  കോളജ് ഉടമകളുമായുണ്ടാക്കുന്ന കരാറിലൂടെ അതിനെ മറികടക്കുകയാണ് അതത് കാലത്തെ സര്‍ക്കാറുകള്‍ ചെയ്തിരുന്നത്. ഇത്തവണ അത് സര്‍ക്കാര്‍ തന്നെ വേണ്ടെന്ന് വച്ചു.  കഴിഞ്ഞ വര്‍ഷം വരെ തുടര്‍ന്ന രീതിയില്‍ തന്നെ ഇക്കൊല്ലവും കരാര്‍ ഒപ്പുവക്കാന്‍ ക്രിസ്ത്യന്‍ ഇതര കോളജുകളിലെ ഒരുവിഭാഗം തയാറായിരുന്നു. എം ഇ എസ് അടക്കമുള്ള മാനേജ്‌മെന്റുകള്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അത് സര്‍ക്കാര്‍ പരിഗണിച്ചില്ല.

തൊട്ടതെല്ലം പിഴച്ച സര്‍ക്കാര്‍

മന്ത്രിയുടെ ഈ നിസ്സഹായത വെറുതെയുണ്ടായതല്ല. സ്വാശ്രയ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കറാണിത്. പക്ഷെ ആ ഓര്‍ഡിനന്‍സിന് വിരുദ്ധമായി സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കി. പത്തംഗ ഫീ-അഡ്മിഷന്‍ കമ്മിറ്റിക്ക് പകരം റിട്ട.ജസ്റ്റിസ് രാജേന്ദ്ര ബാബു ചെയര്‍മാനായി ആറംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. നിയമപരമായ സാധുതയില്ലാതെ രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച ഏകീകകൃത ഫീസിനെതിരെ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ തിരിച്ചടി കിട്ടുമെന്ന് ബോധ്യമായതോടെ, തെറ്റായിറക്കിയ ഉത്തരവ് സാധൂകരിക്കുംവിധം ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ ഈ വിവരം മന്ത്രിസഭാ യോഗത്തിന്‍റെ മിനിറ്റ്സില്‍നിന്ന് ഒഴിവാക്കി. ഇത് മാനേജ്മെന്‍റുകളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവും ഉന്നയിച്ചു. അതിനെ പ്രതിരോധിക്കാന്‍ കഴിയാതായ ആരോഗ്യ മന്ത്രി, ഉത്തരവിറക്കിയതില്‍ പിഴവ് പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു. ഏകൃകൃത ഫീസ് നിശ്ചയിക്കുക വഴി പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ഇതോടെ വീണ്ടും വെട്ടിലായി. പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയതോടെ സര്‍ക്കാറിന് ലഭിച്ച മേല്‍ക്കൈ, അബദ്ധമായിമാറിയ ഒരു ഉത്തരവിറക്കിയതിലൂടെ അവര്‍ സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടെ മാനേജ്മെന്‍റുകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങേണ്ട സ്ഥിതിവിശേഷമാണ് സൃഷ്ടിക്കപ്പെട്ടത്. മാനേജ്മെന്റുകളാകട്ടെ, ഈ അവസരം ഉപയോഗപ്പെടുത്തി സാന്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവക്കുകയും ചെയ്തു. സര്‍ക്കാര്‍ സീറ്റില്‍ കുറഞ്ഞ ഫീസ് അനുവദിക്കുന്നതിന് പകരം മാനേജ്മെന്‍റ് സീറ്റില്‍ നിലവിലെ ഫീസ് ഉയര്‍ത്തണമെന്നാണ് ഒരു വ്യവസ്ഥ.അതിന് പുറമെ, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാട്ട എന്ന പേരില്‍ നിശ്ചിത സീറ്റ് മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ് ഈ ക്വാട്ട. നീറ്റ് നടപ്പാക്കിയതോടെ നിലവില്‍വന്ന നിയന്ത്രണം മറികടക്കാനുള്ള ഉപായമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാട്ട എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ മാനേജ്മെന്റും അവര്‍ക്കിഷ്ടമുള്ള ഫീസ് ഘടന അനുവദിക്കണമെന്ന ആവശ്യവുമായി സര്‍ക്കാറിനെ സമീപിച്ചുതുടങ്ങി. കിട്ടിയ അധികാരവും അവസരവും ഉപയോഗപ്പെടുത്താന്‍ മതിയായ ഗൃഹപാഠം ചെയ്യാതെ തീരുമനം പ്രഖ്യാപിച്ചതാണ്, മാനേജ്മെന്റുകള്‍ പറയുന്നേടത്ത് തുല്യം ചാര്‍ത്തേണ്ട അവസ്ഥയിലേക്ക് സര്‍ക്കാറിനെ എത്തിച്ചത്. രണ്ട് കോളജുകളുമായി കരാറിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തയാറായതോടെ, ക്രോസ് സബ്സിഡിക്കെതിരെ ഇതുവരെ പറഞ്ഞ ന്യായങ്ങള്‍ അവര്‍ തന്നെ കാറ്റില്‍ പറത്തുകയും ചെയ്തു. അവ്യക്തമായ നിലപാടുകളും അങ്ങേയറ്റത്തെ  ആശയക്കുഴപ്പം നിറഞ്ഞ നയങ്ങളുമാണ് സ്വാശ്രയത്തില്‍ സര്‍ക്കാറിനെ നയിക്കുന്നത് എന്ന് ഇതിലൂടെ അവര്‍ തന്നെ സമ്മതിക്കുകയാണ്.

പിറവിയിലേ പിഴച്ച ഫീസ് നിര്‍ണയ കമ്മിറ്റി, അവരുടെ നടപടികളിലും ഗുരുതരമായ വീഴ്ച വരുത്തി. ഫീസ് നിര്‍ണയത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ഓര്‍ഡിനന്‍സില്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനം നിലനില്‍ക്കുന്ന സ്ഥലം, അതിന്റ വില, കെട്ടിടം, കെട്ടിടത്തിന്റെ വില, മെഡിക്കല്‍ കോഴ്സുകളുടെ സ്വഭാവം, അടിസ്ഥാന സൌകര്യങ്ങള്‍, കോളജ് നടത്തിപ്പിനുള്ള ചിലവ്, ന്യായമായ ലാഭം തുടങ്ങിയവ കമ്മിറ്റിക്ക് പരിഗണിക്കാം. കോളജിന്റെ വരവ്-ചിലവ് കണക്കുകള്‍ വിശദമായി പരിശോധനക്ക് വിധേയമാക്കണം. ഇതിനാവശ്യമായ രേഖകള്‍ ഹാജരാക്കാനോ ഇല്ലെങ്കില്‍ പിടിച്ചെടുക്കാനോ ഉള്ള അധികാരം കമ്മിറ്റിക്കുണ്ട്. ഒരുവര്‍ഷത്തെ വരവും ചിലവും ഓഡിറ്റ് ചെയ്ത് വേണം തീരുമാനമെടുക്കാന്‍. എന്നാല്‍ ഇത്തവണ കമ്മിറ്റി ഫീസ് നിശ്ചയിച്ചത് മതിതായ രേഖകള്‍ പരിശോധിക്കാതെയാണെന്ന് അവരുടെ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. മുന്‍വര്‍ഷങ്ങളിലെ കരാറുകളും ആ കാലത്തെ ചിലവും പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് 5.5 ലക്ഷം രൂപ നിശ്ചയിച്ചത് എന്നാണ് ഉത്തരവില്‍ പറയുന്നത്. 85 കുട്ടികളെ പഠിപ്പിക്കാനുള്ള ശരാശരി തുക മാത്രമാണ് കമ്മിറ്റി കണക്കാക്കിയത്. അതുതന്നെ താല്‍കാലികമായാണെന്നും കൂടുതല്‍ രേഖകള്‍ കിട്ടുന്ന മുറക്ക് ഫീസ് മാറ്റി നിശ്ചയിക്കുമെന്നുമുള്ള മുന്‍കൂര്‍ജാമ്യത്തോടെയും. രേഖകള്‍ ഹാജരാക്കാത്ത കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും കണക്കുകള്‍ ഹാജരാക്കുംവരെ ഫീസ് നിശ്ചയിക്കാതിരിക്കുകയും ചെയ്ത കര്‍ശന നടപടികള്‍ മുന്‍ വര്‍ഷങ്ങളില്‍ ഫീസ് നിര്‍ണയ കമ്മിറ്റികളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അത്തരമൊരു നീക്കത്തിന് പോലും ശ്രമിക്കാതെ ഏകപക്ഷീയമായി വന്‍തുക ഫീസായി അനുവദിക്കുകയാണ് ഇത്തവണ കമ്മിറ്റി ചെയ്തത്.

സഭക്ക് സന്തോഷം

പകുതി സീറ്റില്‍ കുറഞ്ഞ ഫീസ്, പകുതി സീറ്റില്‍ ഉയര്‍ന്ന ഫീസ് എന്ന തരത്തില്‍ ക്രമീകരിച്ചിരുന്ന (ക്രോസ് സബ്‌സിഡി) ഫീസ് ഘടനയാണ് ഇത്തവണ ഒറ്റയടിക്ക് പിന്‍വലിക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സമ്മര്‍ദ വിഭാഗമായ കാത്തലിക് സഭയുടെ താത്പര്യമാണ് ഫലത്തില്‍ ഇവിടെ നടപ്പായിരിക്കുന്നത്. അവര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഏകീകൃത ഫീസ് എന്ന ആശയത്തിലേക്ക് കേരളത്തിലെ മുഴുവന്‍ സ്വാശ്രയ കോളജുകളെയും എത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ താരതമ്യേന മെച്ചപ്പെട്ട കോളജുകളാണ് കത്തോലിക്ക സഭക്ക് കീഴിലുള്ളത്. എന്നാല്‍ ഉയര്‍ന്ന റാങ്ക് നേടുന്ന കേരളത്തിലെ ഏറ്റവും മിടുക്കരായ കുട്ടികള്‍ കുറഞ്ഞ ഫീസ് ഘടന നിലനില്‍ക്കുന്ന മറ്റ് കോളജുകളിലാണ് പ്രവേശം നേടുന്നത്. അത് അവസാനിപ്പിക്കാനും മിടുക്കരായ കുട്ടികളെ സ്വന്തം കോളജുകളിലെത്തിക്കാനും ഇതിലൂടെ ക്രിസ്ത്യന്‍ കോളജുകള്‍ക്ക് കഴിയും.

ഉയര്‍ന്ന ഫീസിന് പകരം കോളജുകള്‍ സ്കോളര്‍ഷിപ് ഏര്‍പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവക്കുന്നു. കഴിഞ്ഞ തവണ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. ഫലത്തില്‍ ഇതും ക്രോസ് സബ്സിഡിയാണ് എന്ന കാര്യം സര്‍ക്കാര്‍ സൌകര്യപൂര്‍വം മറക്കുകയാണ്. ഏത് കോളജിലായാലും ഈ സ്കോളര്‍ഷിപ് കിട്ടുമോ എന്ന് അറിയണമെങ്കില്‍ പോലും 5.5 ലക്ഷം രൂപ ഫീസ് ആദ്യമേ കോളജുകള്‍ക്ക് നല്‍കണം. സ്കോളര്‍ഷിപ് കിട്ടിയില്ലെങ്കില്‍ പഠനം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചാല്‍ അതും നടക്കില്ല. ലിക്വിഡിറ്റി ഡാമേജസ് എന്ന പേരില്‍ വന്‍ തുകയാണ് കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരിക. 5 വര്‍ഷത്തെ മുഴുവന്‍ ഫീസും ഇതിന്റെ പേരില്‍ ഈടാക്കുന്ന കോളജുകളുണ്ട്. വര്‍ഷങ്ങളായി കേരളത്തിലെ സ്വാശ്രയ മേലയില്‍ ഇത് നിലനില്‍ക്കുന്നുമുണ്ട്.

ക്രിസ്ത്യന്‍ കോളജുകളുമായി നിലവില്‍ ഒരു കരാര്‍ നിലനില്‍ക്കെയാണ് അതിനേക്കാള്‍ ഉയര്‍ന്ന ഫീസ് അനുവദിച്ച് കൊടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ അവസാന വര്‍ഷം ക്രിസ്ത്യന്‍ മാനേജ്മെന്‍റ് പ്രയോഗിച്ച തന്ത്രമായിരുന്നു ഒന്നിലേറെ വര്‍ഷത്തേക്ക് കരാര്‍ ഉണ്ടാക്കുക എന്നത്. അതനുസരിച്ച് അവര്‍ ഒരൊറ്റ ഫീസ് ഘടനയില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. മാറിവരുന്ന ഇടത് സര്‍ക്കാര്‍ സ്വാശ്രയ മേഖലയില്‍ എന്തെങ്കിലും പരിഷ്കാരം നടപ്പാക്കിയേക്കുമെന്ന ഭയമാണ് ഇത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചത്. ഇതിന് ഉമ്മന്‍ചാണ്ടി വഴങ്ങുകയും ചെയ്തു. ഇടത് സര്‍ക്കാറിന്റെ ആദ്യ വര്‍ഷം ഫീസ് കുറക്കാന്‍ ഒരു ശ്രമം ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയിരുന്നു. തങ്ങള്‍ക്ക് നിലവില്‍ ഒരു കരാറുണ്ടെന്നും അതില്‍നിന്ന് ഇനി മാറാനാകില്ലെന്നും വാദിച്ചാണ് ഈ നീക്കത്തെ കത്തോലിക്ക സഭാ കോളജുകള്‍ മറികടന്നത്. അതേ കരാര്‍ ഈ വര്‍ഷത്തേക്കും ബാധകമാണ്. എന്നാല്‍ ഫീസ് വര്‍ധന നടപ്പാക്കിയപ്പോള്‍ പഴയ കരാര്‍ പാലിക്കണമെന്ന് പറയാന്‍പോലും ഇടത് സര്‍ക്കാറിന് കഴിഞ്ഞില്ല.

പുറന്തള്ളലിന്റെ ആയുധം

ഫീസ് നിര്‍ണയ കാര്യത്തില്‍ സര്‍ക്കാറും കമ്മിറ്റിയും കാട്ടിയ ഈ പക്ഷപാതിത്വം നിസ്സാരമായ കാര്യമല്ല. സാധാരണക്കാരായ കുട്ടികളെ പ്രൊഫഷണല്‍ കോളജുകളില്‍നിന്ന് ആട്ടിയകറ്റുന്ന പ്രധാന കാരണം ഫീസാണെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായതാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനം എല്ലാതരം വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമായിരിക്കണം (accessible) എന്ന സാമൂഹിക നീതിയുടെ അടിസ്ഥാന സങ്കല്‍പത്തെ നിരാകരിക്കുന്നതാണ് ഈ ഫീസ് ഘടന. യോഗ്യതയില്‍ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് മറ്റ് പരിഗണനകളൊന്നുമില്ലാതെ അവരാഗ്രഹിക്കുന്നിടത്ത് തുടര്‍ പഠനം നടത്താന്‍ കഴിയുന്നതുമാകണം വിദ്യാഭ്യാസ രംഗം. എന്നാല്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് അത്രമേല്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമല്ല. വലിയ പണം മുടക്കി, പരിശീലനം നേടുന്നവര്‍ എപ്പോഴും മുന്നിലെത്തുന്ന പ്രവേശന പരീക്ഷയാണ് അവരെ തടയുന്ന ആദ്യ കടന്പ. പ്രവേശന പരീക്ഷയെക്കുറിച്ച് നടന്ന പഠനങ്ങളെല്ലാം പറയുന്നത്, പരിശീലന കേന്ദ്രങ്ങളില്‍ പണംമുടക്കുന്നവര്‍ മാത്രമാണ് അതില്‍ മുന്‍പന്തിയിലെത്തുന്നത് എന്നാണ്. ഇത് കടന്നെത്തുന്നവരാണ് ഫീസിന് മുന്നില്‍ വീണുപോകുന്നത്.

ഏറ്റവും താഴ്ന്ന സാന്പത്തിക വിഭാഗത്തില്‍ പെട്ട വെറും 4.9 ശതമാനം ആളുകള്‍ മാത്രമാണ് മക്കളെ സ്വാശ്രയ കോളജില്‍ അയക്കാന്‍ താത്പര്യപ്പെടുകയെങ്കിലും ചെയ്യുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതേ സമയം സാന്പത്തിക ശേഷിയുള്ളവരിലെ 72 ശതമാനം ആളുകളും മക്കളെ പ്രഫഷണല്‍ വിദ്യാഭ്യാസം ചെയ്യിക്കാനാഗ്രഹിക്കുന്നവരാണ്.  അതില്‍ തന്നെ 36 ശതമാനം മക്കളെ സ്വാശ്രയ കോളജില്‍ അയക്കാന്‍ തീരുമാനിച്ചവരുമാണ്. ഉയര്‍ന്ന സാന്പത്തിക ശേഷിയുള്ളവരാകട്ടെ ആകെയുള്ളത് 9 ശതമാനം മാത്രം. കേരളത്തില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നവരില്‍ ബി.പി.എല്‍ വിഭാഗം 7 ശതമാനം മാത്രമാണ്. മധ്യവര്‍ഗം 8 ശതമാനവും. കേരള ജനസംഖ്യയില്‍ വെറും 9 ശതമാനം വരുന്ന ഉന്നത സാന്പത്തിക വിഭാഗത്തിലുള്ളവരാണ്  എം.ബി.ബി.എസ്സിന്റെ 87 ശതമാനം സീറ്റുകളിലും എത്തുന്നതെന്നും സിഡിഎസും മറ്റും നേരത്തെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫീസ് ഘടന നലിവിലിരുന്ന സമയത്താണ് ഈ പഠനങ്ങള്‍ നടന്നത്. ഓരോവര്‍ഷവും ഉയര്‍ന്നുകൊണ്ടോയിരിക്കുന്ന ഫീസ്, സാധാരണക്കാരായ കൂടുതല്‍ കൂടുതല്‍ കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്. ഈ പുറന്തള്ളല്‍ (exclusion) പ്രവണത അതിരൂക്ഷമാക്കി മാറ്റുന്നതാണ് ഇത്തവണത്തെ ഫീസ് ഘടന.

അയല്‍ക്കാരെ കണ്ടുപഠിക്കാം

സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്ന സാഹചര്യം മറികടക്കാനുള്ള രാഷ്ട്രീയമായ തീരുമാനംപോലും ഇടത് സര്‍ക്കാറില്‍നിന്നുണ്ടായില്ല. എന്നല്ല, സാങ്കേതികതകളില്‍ ഊന്നി കമ്മിറ്റിയുടെ കമ്മച്ചക്കണക്കിനെ പിന്തുണക്കുകയും ചെയ്തു. കേരളത്തിലെ മുന്‍കാല രീതികളെ അപ്പാടെ മാറ്റിമറിച്ച നടപടിക്ക് സര്‍ക്കാര്‍ പറയുന്ന ന്യായം, നീറ്റ് നടപ്പാക്കിയതിനാല്‍ മറ്റൊന്നും ചെയ്യാനില്ല എന്നതാണ്. കോടതി തള്ളിക്കളയുമെന്ന് സര്‍ക്കാര്‍ പറയുന്ന ക്രോസ് സബ്സിഡി പല സംസ്ഥാനങ്ങളും നീറ്റിന് ശേഷവും നടപ്പാക്കിയിട്ടുണ്ട്. ഇടതുപക്ഷം സ്വാശ്രയ ലോബിയെന്ന് പരിഹാസപൂര്‍വം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക തന്നെ പിണറായിക്ക് മുന്നിലുള്ള മികച്ച ഉദാഹരണമാണ്. 40 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ ഇവിടെ 77,000 രൂപയാണ് പുതിയ വാര്‍ഷിക ഫീസ്. 40 ശതമാനം മാനേജ്മെന്റ് സീറ്റില്‍ 6.53 ലക്ഷവും. ദന്തല്‍ കോഴ്സില്‍ 49,000 രൂപ മാത്രമാണ് സര്‍ക്കാര്‍ സീറ്റിലെ ഫീസ്. മാനേജ്മെന്റ് സീറ്റില്‍ 4.29 ലക്ഷവും. തമിഴ്നാട്ടിലും ക്രോസ് സബ്സിഡിയാണ് നിയമം. ഇത്തവണ സര്‍ക്കാര്‍ സീറ്റില്‍ ഫീസ് 24,000 രൂപ മുതല്‍ 4 ലക്ഷം വരെ. മാനേജ്മെന്റ് സീറ്റില്‍ 12.5 ലക്ഷവും. കേരളത്തില്‍ ഇപ്പോള്‍ കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന ദന്തല്‍ ഫീസ് 85 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയാണ്. എന്‍ ആര്‍ ഐ സീറ്റില്‍ 6 ലക്ഷവും. 14 ശതമാനം സീറ്റില്‍ 23,000 രൂപയും 26 ശതമാനം സീറ്റില്‍ 44,000 രൂപയും ഉണ്ടായിരുന്ന സ്ഥാനത്താണ് 2.5 ലക്ഷത്തിന്റെ ഏകീകൃത ഫീസ്. കുറഞ്ഞ ഫീസാകട്ടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മാത്രമായി നീക്കിവച്ചതുമായിരുന്നു. ഇനി ഇവരൊന്നും ഈ കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിക്കേണ്ടതില്ല.

മാനേജ്മെന്റുമായി കരാറിന് നേരത്തെ സര്‍ക്കാര്‍ ശ്രമിച്ചില്ല.
ദരിദ്രരോ സാധാരണക്കാരോ ഇടത്തരക്കാരോ ആയ കുട്ടികള്‍ക്ക് പഠനാവസരം ഉറപ്പാക്കാന്‍ കഴിയുന്ന ഫീസ് ഘടന വേണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയുമില്ല. അതുകൊണ്ട് കോളജുകളുടെ ലാഭം ഉറപ്പാക്കാനുതകുന്ന തരത്തിലുള്ള ഫീസ് അവര്‍ നിശ്ചയിച്ചു. അതാണ് ഫീസെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതും പിഴച്ചുവെന്ന് സര്‍ക്കാറിന് ബോധ്യമായത്, മാനേജ്മെന്റുകള്‍ തന്നെ കുറ‍ഞ്ഞ ഫീസെന്ന നിര്‍ദേശം മുന്നോട്ടുവച്ചപ്പോഴാണ്. അതുകൊണ്ടാണല്ലോ രണ്ട് കോളജുകളുമായി സര്‍ക്കാര്‍ എളുപ്പത്തില്‍ ധാരണയിലെത്തിയത്.

എ കെ ആന്റണി മുന്നോട്ടുവച്ച, അല്‍പമെങ്കിലും സാമൂഹിക നീതി സങ്കല്‍പം ഉള്ളടങ്ങിയ 50:50 എന്ന ആശയം പൊളിച്ചെടക്കുന്നതിന്റെ തുടക്കമായിരുന്നു ക്രിസ്ത്യന്‍ കോളജുകളുമായുള്ള ഉമ്മന്‍ചാണ്ടിയുടെ കരാര്‍. എന്നാല്‍ ഉമ്മന്‍ചാണ്ടി പോലും ഭാഗികമായി മാത്രം നടപ്പാക്കിയ ഏകീകൃത ഫീസെന്ന ഈ വിദ്യാര്‍ഥി വിരുദ്ധ പദ്ധതിയെ, അതിന്റെ പൂര്‍ണാര്‍ഥത്തില്‍ കേരളത്തിന് മേല്‍ അടിച്ചേല്‍പിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. ഇതിനി തിരുത്തണമെങ്കില്‍ മാനേജ്മെന്റുകള്‍ കനിയണം. അല്ലെങ്കില്‍ അവരുടെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. സാമുദായിക പിന്‍ബലമുള്ള സ്വാശ്രയ മെഡിക്കല്‍ കോളജ് ഉടമകളെ പിണക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താത്പര്യമില്ല. സ്വാശ്രയ കോളജ് നടത്തിപ്പുകാരായ സിപിഎമ്മിനാകട്ടെ ഭരണകക്ഷി എന്ന അധിക ഭാരവുമുണ്ട്. എല്ലാം കൊണ്ടും സ്വാശ്രയ ലോബിക്ക് സഹായകരമായ സാഹചര്യങ്ങള്‍. രാഷ്ട്രീയപാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും സര്‍ക്കാറിന്റെയും ഈ നിസ്സഹായതക്കും നിശ്ശബ്ദദക്കും മുകളിലാണ് സ്വാശ്രയ ലോബിയുടെ വിജയച്ചിരി മുഴങ്ങുന്നത്.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017- ജൂലൈ 24, ചിത്രങ്ങള്‍- ഗൂഗിള്‍)

Friday, April 14, 2017

രവീന്ദ്രനാഥിന്റെ കാലത്തെ ചോദ്യങ്ങളും അബ്ദുര്‍റബ്ബിന്റെ കാലത്തെ ഉത്തരങ്ങളും


ഈ വര്‍ഷത്തെ പ്ലസ് ടു ജേണലിസം പരീക്ഷ കഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയിലെ ഒരു വിദ്യാര്‍ഥിനി ചെല്‍ഡ് ലൈനെയും ബാലാവകാശ കമ്മീഷനെയും സമീപിച്ചു. ചോദ്യപേപ്പര്‍ കണ്ട് അന്തംവിട്ട കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തെതുടര്‍ന്നാണ് അഭയം തേടി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ആകെയുള്ള 29 ചോദ്യത്തില്‍ 15 എണ്ണവും സിലബസിന് പുറത്തുനിന്ന് വന്നതോടെയാണ് ഈ കുട്ടി പരിഭ്രാന്തയായത്. ഇത് ഒരാളുടെ മാത്രം കഥയല്ല. ഇത്തവണ പത്താം തരത്തിലും പതിനൊന്നിലും പന്ത്രണ്ടിലും പൊതു പരീക്ഷ എഴുതിയ കുട്ടികളില്‍ പലരും ഈ അവസ്ഥയിലാണ്. എസ് എസ് എല്‍ സിയുടെ കണക്ക് പരീക്ഷക്ക് 13 ചോദ്യമാണ് ആവര്‍ത്തിച്ചത്. മലപ്പുറത്തെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ചില സ്കൂളുകള്‍ക്ക് വേണ്ടി തയാറാക്കി കൊടുത്ത ചോദ്യമാണ് ആവര്‍ത്തിച്ചത്. സമാനമായ ചോദ്യങ്ങള്‍ ഒരു ദിനപ്പത്രത്തിന്റെ വിദ്യാഭ്യാസ കോളത്തിലും വന്നു, മറ്റൊരാളുടെ പേരില്‍. ഹിന്ദി പരീക്ഷക്ക് 9 ചോദ്യം തന്നെ തെറ്റി. സി പി എം അധ്യാപക സംഘടന മോഡല്‍പരീക്ഷക്ക് നല്‍കിയ ചോദ്യ പേപ്പറില്‍ നിന്ന് മാത്രം 43 മാര്‍ക്കിന്റെ ചോദ്യമാണ് പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷക്ക് ആവര്‍ത്തിച്ചത്. മലയാളികള്‍ ഇത്രമേല്‍ വൈകാരികമായി കാണുന്ന, രക്ഷിതാക്കളും വിദ്യാര്‍ഥികളും അങ്ങേയറ്റം ആശങ്കയോടെയും പ്രതീക്ഷയോടെയും സമീപിക്കുന്ന സ്കൂള്‍ വാര്‍ഷിക പരീക്ഷകളാണ് ഈ മട്ടില്‍ കുത്തഴിഞ്ഞുപോയത്. രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറത്ത്, ആരാണ് ഈ ദുരന്തത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ എന്ന ചോദ്യത്തെ കേരളീയ സമൂഹം ഇനിയും ഗൌരവപൂര്‍വം നേരിട്ടിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇത്രതന്നെ ഗുരുതരമല്ലാത്ത വീഴ്ചകളുടെ പേരില്‍ കേരളം സമരസംഘര്‍ഷങ്ങളാല്‍ കത്തിയെരിഞ്ഞിരുന്നു. എന്തുകൊണ്ടാണ് അത്തരമൊരു ബഹളം ഈ സര്‍ക്കാറിനെതിരെ ഉയര്‍ന്നുവരാത്തത് എന്നതും ഇത്തവണത്തെ വിവാദത്തെ സവിശേഷമാക്കുന്നു.

അതീവസുരക്ഷാ മേഖല

പൊതുപരീക്ഷാ ചോദ്യപേപ്പര്‍ നിര്‍മാണം കേരളത്തില്‍ അതീവ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന പരിപാടിയാണ്. വിശേഷിച്ചും എസ് എസ് എല്‍ സി പരീക്ഷാ ചോദ്യപേപ്പര്‍. ഈ രഹസ്യാത്മകത സൂക്ഷിക്കാന്‍ കര്‍ക്കശമായ വ്യവസ്ഥകളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ചോദ്യമുണ്ടാക്കാന്‍ നടത്തിയ നക്കല്‍ ജോലികളുടെ കടലാസുകളുടെ പകര്‍പ് പരീക്ഷാ ഭവന് സമര്‍പിക്കണം, അവ കത്തിച്ചുകളയണം, ചോദ്യ പേപ്പര്‍ എഴുതിത്തന്നെ തയാറാക്കണം, ടൈപ്പ് ചെയ്യാന്‍ പാടില്ല, അഥവ ടൈപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ബാക്അപ് മെമ്മറി അടക്കം നശിപ്പിക്കണം, തുടങ്ങി അങ്ങേയറ്റം പഴുതടച്ച നിയമങ്ങളാണ് ഇക്കാര്യത്തിലുള്ളത്. അതീവ സുരക്ഷാ സന്നാഹങ്ങളോടെ കോടികള്‍ ചിലവിട്ടാണ് ഓരോവര്‍ഷവും എസ് എസ് എല്‍ സി പരീക്ഷ സര്‍ക്കാര്‍ നടത്തുന്നത്. ഒരു പരീക്ഷ നടത്താന്‍ ഒഏകദേശം ഒരുകോടിയാണ് ചിലവ്. കേരളത്തിന് പുറത്തുള്ള പ്രസില്‍ അച്ചടിച്ച്, അതീവ സുരക്ഷാ സംവിധാനത്തോടെ വിതരണം ചെയ്ത്, ബാങ്കുകളിലോ ട്രഷറികളിലോ സൂക്ഷിച്ച് അത്യന്തം ശ്രമകരമായാണ് ഇത് നടപ്പാക്കുന്നത്.

ചോദ്യ തയാറാക്കാന്‍ ഓരോ വിഷയത്തിനും ഓരോ പരീക്ഷാ ബോര്‍ഡ് രൂപീകരിക്കും. ഓരോ ബോര്‍ഡിലും ഒരു ചെയര്‍മാനും നാല് അംഗങ്ങളുമുണ്ടാകും. ഇവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചപോലും നടത്താന്‍ പാടില്ല എന്നാണ് ചട്ടം. അംഗങ്ങള്‍ ചോദ്യ നിര്‍മിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയുകയോ സമാന സ്വഭാവമുള്ള ജോലികള്‍ ചെയ്യുകയോ പ്രസിദ്ധീകരണങ്ങളില്‍ പരീഷാ ചോദ്യം സംബന്ധിയായി എന്തെങ്കിലും എഴുതുകയോ ഒന്നും ചെയ്യാന്‍ പാടില്ല. ഇങ്ങിനെ തയാറാക്കുന്ന നാല് സെറ്റ് ചോദ്യങ്ങളില്‍നിന്ന് ഒരെണ്ണമാണ്  പൊതുപരീക്ഷക്കായി തെരഞ്ഞെടുക്കുക. ഒരു സെറ്റ് മോഡല്‍ പരീക്ഷക്കും ഒന്ന് സേവ് എ ഇയര്‍ പരീക്ഷക്കും ഉപയോഗിക്കും. ഒരെണ്ണം റിസര്‍വ് ആണ്. തെരഞ്ഞെടുത്ത ചോദ്യം ഏതെന്നോ ആര് തയാറാക്കിയതാണെന്നോ പരീക്ഷാ ബോര്‍ഡ് അംഗങ്ങള്‍ക്കോ ചെയര്‍മാനോ അറിയില്ല. ചോദ്യം തയാറാക്കിയവര്‍ക്ക് പൊലും ഇതേക്കുറിച്ച് വിവരം ലഭിക്കില്ല. ഹയര്‍സെക്കന്‌ററി ചോദ്യ നിര്‍മിതിയിലുമുണ്ട് സമാനമായ രീതിയിലുള്ള കാര്‍ക്കശ്യം. അവിടെ എസ് സി ഇ ആര്‍ ടിക്കാണ് ചോദ്യപേപ്പര്‍ നിര്‍മാണത്തിന്‌റെ ചുമതല. ചോദ്യം തയാറാക്കാനായി വിദഗ്ധരായ അധ്യാപകരെ കണ്ടെത്തി അവരുടെ പാനല്‍ തയാറാക്കുകയാണ് എസ് സി ഇ ആര്‍ ടി ചെയ്യുന്നത്. എന്നാല്‍ നിമപരമായി എസ് സി ഇ ആര്‍ ടിക്ക് ഇതില്‍ ഒരു അധികാരവുമില്ല. വര്‍ഷങ്ങളായി തുടരുന്ന കീഴ്‍വഴക്കമെന്ന നിലയില്‍ അതിപ്പോഴും തുടരുന്നുണ്ട്.അധികാരം അധ്യാപക സംഘടനകള്‍ക്ക്


അക്കാദമികമായ മുന്‍ഗണനകളും താത്പര്യങ്ങളും മാത്രം മാനദണ്ഡമാക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നാണ് കേരളീയ പൊതുസമൂഹത്തിന്റെ സങ്കല്‍പം. എന്നാല്‍ കേരളത്തിലെ യാഥാര്‍ഥ്യം മറിച്ചാണ്. മാറിമാറി അധികാരത്തില്‍ വരുന്ന മുന്നണികളുടെ അനുബന്ധ സംഘടനയായ അധ്യാപക കൂട്ടായ്മകളുടെ നിയന്ത്രണത്തിലാണ് കേരളത്തില്‍ അത്തരം എല്ലാ കാര്യങ്ങളും നടക്കുന്നത്. സിലബസ് പരിഷ്കരണം മുതല്‍  ചോദ്യപേപ്പര്‍ തയാറാക്കുന്നത് വരെ ഇവരുടെ നിയന്ത്രണത്തിലാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ സമികളുണ്ടോ അതിലെല്ലാം അധ്യാപക സംഘടനകള്‍ക്ക് പ്രാതിനിധ്യം സംവരണം ചെയ്തിട്ടുണ്ട്. വെറും സംവരണമല്ല, ആകെ അംഗങ്ങളുടെ കണക്കെടുത്ത് വരുന്പോള്‍ പല കമ്മിറ്റികളിളും ഭൂരിപക്ഷം തന്നെ അവരായിരിക്കും. സിലബസ് പരിഷ്കരണം, അധ്യാപക പരിശീലനം, പാഠപുസ്തക നിര്‍മാണം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതി തുടങ്ങിയ തികച്ചും അക്കാദമികമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട വേദികളില്‍പോലും സംഘടനാ നേതാക്കള്‍ക്കാണ് നിയന്ത്രണം. അക്കാമദിക സമിതികളില്‍ ട്രേഡ് യൂണിയന് എന്തുകാര്യം എന്നുചോദിക്കരുത്. ആരുഭരിച്ചാലും സംഘടനകള്‍ തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുക.

പൊതുവിദ്യാഭ്യാസ മേഖലയെയാണ് അധ്യാപക സംഘടനകള്‍ ഈ രീതിയില്‍ നിയന്ത്രിക്കുന്നത്. എല്ലാവരുടെയും മുദ്രാവാക്യം പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് എന്ന് പറയുമെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള നടപടികളാണെങ്കില്‍പോലും സംഘടനാ താത്പര്യങ്ങള്‍ക്കപ്പുറത്ത് അക്കാദമികമായ ഒരു വിട്ടുവീഴ്ചക്കുപോലും ആ സംഘടനകള്‍ തയാറാകാറില്ല. എല്ലാ തലത്തിലും സംരക്ഷിക്കപ്പെടുന്നത് അവരുടെ സംഘടിതമായ ആവശ്യങ്ങള്‍ മാത്രമാണ്. കേരളത്തിലെ സിലബസ് പരിഷ്‌കരണം പോലും അധ്യാപക സംഘടനകളുടെ ഇംഗിതത്തിനനുരിച്ച് മാറ്റിമറിച്ച ചരിത്രം ഏറെയുണ്ട്. അവരുടെ കൈയ്യൂക്കും മേല്‍ക്കോയ്മയും ആണ് എല്ലാ തീരുമാനങ്ങളുടെയും കാതല്‍. ആരുഭരിച്ചാലും അംഗബലമുള്ള സംഘടനകള്‍ക്ക് കീഴടങ്ങേണ്ടി വരുന്നു എന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ അനുഭവം. ഇവിടെ ചോദ്യം തയാറാക്കുന്നതും അച്ചടിക്കുന്നതും വില്‍ക്കുന്നതും എല്ലാം അധ്യാപക സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇടതുപക്ഷം ഭരിക്കുന്പോള്‍ വിശേഷിച്ചും. എസ് എസ് എല്‍ സിക്ക് സേവനമെന്ന പേരിലാണെങ്കില്‍, ഹയര്‍സെക്കന്‌ററിയില്‍ അത് പച്ചയായ കച്ചവടം തന്നെയാണ്. അധ്യാപകരുടെ സര്‍വീസ് താത്പര്യങ്ങള്‍ കക്ഷി ഭേദമന്യെ സമാനമായതിനാല്‍, ഏത് മുന്നണി ഭരിച്ചാലും എല്ലാവര്‍ക്കും സംരക്ഷിക്കാനുള്ളത് പൊതു ആവശ്യങ്ങള്‍ തന്നെ.

ബാഹ്യ ഇടപെടലിന് വഴിയൊരുക്കുന്ന വിധം

പലവഴികളിലൂടെയാണ് ഈ സ്ഥിതിവിശേഷം കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കാന്‍ നേരത്തെ ബോര്‍ഡ് ചെയര്‍മാനും നാല് അംഗങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യകയാണ് ചെയ്തിരുന്നത്. എന്നിട്ട് നാല് സെറ്റ് ചോദ്യം തയാറാക്കും. കൂട്ടായ പ്രവര്‍ത്തനമായതിനാല്‍ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയും വ്യത്യസ്ത വീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചും ചോദ്യങ്ങള്‍ തയാറാക്കാന്‍ കഴിഞ്ഞിരുന്നു. അക്കാലത്ത് ചോദ്യങ്ങളൊക്കെയും ഒരുപരിധിവരെ 'വിദ്യാര്‍ഥി സൗഹൃദ'വുമായിരുന്നു, അപവാദങ്ങളുണ്ടായിരുന്നെങ്കിലും. എന്നാല്‍ 2005ല്‍ ഈ രീതിയില്‍ മാറ്റം വരുത്തി. ചോദ്യച്ചോര്‍ച്ച വിവാദത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. അന്ന് സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിറ്റിയാണ് ഈ രീതിയില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. പ്രസില്‍നിന്നായിരുന്നു അന്ന് ചോദ്യം ചോര്‍ന്നത്. എന്നാല്‍ ബോര്‍ഡിന്‌റെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താനാണ് അന്നത്തെ അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. ചോര്‍ച്ച സംഭവിച്ച തലത്തില്‍ അത് ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പിക്കേണ്ടിയിരുന്ന കമ്മിറ്റിയാണ് പകരം ബോര്‍ഡിന്റെ പ്രവര്‍ത്തന രീതി മാറ്റാന്‍ ശിപാര്‍ശ ചെയ്തതെന്നത് ശ്രദ്ധേയമാണ്. അധ്യാപക സംഘടനകളുടെ ആധിപത്യത്തിനും സംഘടനാവത്‍കരണത്തിനും വലിയ തോതില്‍ ഇത് സഹായകരമായി. ബോര്‍ഡ് ചെയര്‍മാനും ചോദ്യകര്‍ത്താക്കളും ഒന്നിച്ചിരിക്കുക എന്ന സംവിധാനം ഇതോടെ ഇല്ലാതായി. പകരം അംഗങ്ങളെ ചെയര്‍മാന്‍ ഒറ്റക്കൊറ്റക്ക് കാണും. ചര്‍ച്ച നടത്തും. ചോദ്യങ്ങള്‍ വിലയിരുത്തും. അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിച്ച ശേഷമാണ് അടുത്ത അംഗവുമായി കൂടിക്കാഴ്ച നടത്തുക. ഇത് ചോദ്യം ആവര്‍ത്തിക്കാന്‍ വലിയതോതില്‍ കാരണമായി. അസാമാന്യമായ ഓര്‍മ ശക്തിയുള്ള  ചെയര്‍മാന്‍മാര്‍ക്ക് മാത്രമേ ഇത്രയെറെ ചോദ്യങ്ങള്‍ ഓര്‍ത്തുവക്കാനും ആവര്‍ത്തനവും മറ്റ് സങ്കീര്‍ണതകളും ഒഴിവാക്കാനും കഴിയൂ. അതുകൊണ്ട് തന്നെ ചോദ്യങ്ങളുടെ സ്വഭാവം വ്യക്തിയുടെ അഭിരുചിയെ മാത്രം ആശ്രയിച്ച് രൂപപ്പെടുന്നതായി മാറി. ചോദ്യം നിര്‍മിക്കാന്‍ ശേഷിയില്ലെങ്കിലും ബോര്‍ഡ് അംഗമായി തുടരാന്‍ അംഗങ്ങള്‍ക്ക് പ്രയാസവുമില്ലാതായി. ആരില്‍നിന്നെങ്കിലും ചോദ്യം പകര്‍ത്തിയെടുക്കുക എന്ന പരിപാടി വ്യാപകമായത് അങ്ങിനെയാണ്. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സംഘടനാ ബന്ധത്തിന് കൂടുതല്‍ പരിഗണന കിട്ടിത്തുടങ്ങുകയും ചെയ്തു.


കൂട്ടായ ചോദ്യനിര്‍മിതിയില്‍നിന്ന് ഒറ്റതരിഞ്ഞുള്ള ചോദ്യ നിര്‍മാണത്തിലേക്ക് മാറിയത് ചോദ്യപേപ്പര്‍ നിര്‍മാണത്തില്‍ ബാഹ്യ ഇടപെടല്‍ വ്യാപകമാക്കി. ബോര്‍ഡ് അംഗം അവരുടെ സൗഹൃദവലയത്തില്‍പെട്ടവരില്‍നിന്ന് ചോദ്യങ്ങള്‍ കടംവാങ്ങാന്‍ തുടങ്ങി. പല സ്‌കൂളുകളിലും ഉപയോഗിച്ച ചോദ്യങ്ങള്‍ അപ്പാടെ പൊതുപരീക്ഷാ ചോദ്യപേപ്പറുകളിലുമെത്താന്‍ തുടങ്ങിയത് അങ്ങിനെയാണ്. ഇത്തവണത്തെ എസ് എസ് എല്‍ സി കണക്ക് ചോദ്യച്ചോര്‍ച്ചയുടെ വേരും വഴിയും ഇതുതന്നെയാണ്. അധ്യാപകരുടെ അക്കാദമിക മികവ്, വിശ്വാസ്യത, രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിലെ സത്യസന്ധത തുടങ്ങിയവക്കെല്ലാം വലിയ പ്രാധാന്യമുണ്ടായിരുന്ന ചോദ്യപേപ്പര്‍നിര്‍മാണം, ഇതൊന്നും ആവശ്യമില്ലാത്ത സാധാരണ ജോലിയായി മാറി. ഓരോ ബോര്‍ഡ് അംഗവും എവിടെനിന്നാണ് ചോദ്യങ്ങള്‍ തയാറാക്കിക്കൊണ്ടുവരുന്നത് എന്ന് കണ്ടെത്താന്‍ സംവിധാനമില്ലാതായി. ചോദ്യ നിര്‍മിതിയില്‍ നേരിട്ട് ബന്ധമില്ലാത്തവരായതിനാല്‍, അവര്‍ക്ക് ചോദ്യത്തിന്‌റെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടതില്ലെന്നും വന്നു. യോഗ്യതക്കൊപ്പം, പരീക്ഷാ സെക്രട്ടറിക്ക് നേരിട്ട് പരിചയമുള്ളവരെയോ അറിയുന്നവരെയോ വിശ്വാസ്യതയുള്ളവരെയോ ആയിരുന്നു ഇതിനായി നേരത്തെ നിശ്ചയിച്ചിരുന്നത്. അതുപോലും ഇല്ലാതായി. അതോടെയാണ്, സ്വന്തമായി ചോദ്യം തയാറാക്കാന്‍ ശേഷിയില്ലാത്തവര്‍ വരെ ചോദ്യ നിര്‍മാതാക്കളായി മാറിയത്. ഇവര്‍ ഗൈഡുകളില്‍ നിന്നോ പരിചയമുള്ള ട്യൂഷന്‍ സെന്‌ററുകളുടെ പേപ്പറുകളില്‍നിന്നോ ചോദ്യങ്ങള്‍ പകര്‍ത്തിവച്ചു. ഇത്തവണത്തെ ചോദ്യച്ചോര്‍ച്ചയിലെ മുഖ്യപ്രതി, പഴയ സംവിധാനത്തില്‍ വരുത്തിയ ഈ മാറ്റമാണെന്ന് വ്യക്തം.

ചോദ്യക്കച്ചവടം, അംഗീകൃതം

അധ്യാപക സംഘടനകളുടെ കടന്നുവരവാണ് ഈ രംഗത്തെ കച്ചവടവത്കരണത്തെ വലിയതോതില്‍ വളര്‍ത്തിയതും വലുതാക്കിയതും. കൂട്ടായ ചോദ്യനിര്‍മിതി ഒഴിവാക്കിയത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യമായി. ചോദ്യം അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം  സംഘടനകള്‍ നേടിയെടുത്തു. നേരത്തെ ഒന്നാം ക്ലാസ് മുതല്‍ 12-ം ക്ലാസ് വരെ മുഴുവന്‍ ക്ലാസുകളിലേക്കുമുള്ള ചോദ്യവില്‍പനയുടെ അവകാശം അധ്യാപക സംഘടനകള്‍ക്കായിരുന്നു. എന്നാല്‍ എസ് എസ് എല്‍ സി പൊതുപരീക്ഷ ഒഴികെ മുഴുവന്‍ പരീക്ഷകള്‍ക്കും അധ്യാപകസംഘടനകള്‍ ചോദ്യം വിറ്റുകൊണ്ടിരുന്നു. 2008ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് ഇതില്‍ മാറ്റം വരുത്തിയത്. എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചോദ്യം അച്ചടിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചോദ്യക്കച്ചവട രംഗത്തെ ഏറ്റവും വലിയ വ്യാപാരികളായ (സി പി എം അനുകൂല അധ്യാപക സംഘടനയായ) കെ എസ് ടി എയുടെ രഹസ്യ സമ്മര്‍ദത്തെ അതിജീവിച്ചാണ് അന്ന് എം എ ബേബി ഇത് നടപ്പാക്കിയത്. എന്നാല്‍ എട്ടാം ക്ലാസ് വരെയാണ് എസ് എസ് എ ചോദ്യ പദ്ധതി നടപ്പാക്കാനായത്. 9, 10 ക്ലാസുകളിലേക്ക് സര്‍ക്കാര്‍ ചിലവില്‍ തന്നെ ചോദ്യം അച്ചടിച്ച് നല്‍കാനും തീരുമാനിച്ചു. 11, 12, ക്ലാസുകള്‍ അപ്പോഴും അധ്യാപക സംഘടനകളുടെ പ്രിയപ്പെട്ട വിപണിയായി നിലനിന്നു. ഇപ്പോഴും അത് തുടരുന്നുമണ്ട്. ഇത്തവണ ഹയര്‍സെക്കന്‌ററി പരീക്ഷക്ക് ചോദ്യം ആവര്‍ത്തിച്ചതും മറ്റുമായി വലിയ വിവാദങ്ങളുണ്ടായി. അതിന് പിന്നിലെല്ലാം അധ്യാപക സംഘടനകളുടെ സാന്നിധ്യം കാണാം.

നാല് അധ്യാപക സംഘടനകളാണ് ഹയര്‍സെക്കന്ററിയില്‍ ചോദ്യക്കച്ചവട രംഗത്ത് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതില്‍ വലിയ വ്യാപാരി കെ എസ് ടി എ തന്നെ. മൊത്തം വിപണിയുടെ പകുതിയെങ്കിലും കെ എസ് ടി എയുടെ അധീനതയിലാണ്. എ എച്ച് എസ് ടി എ, എച്ച് എസ് എസ് ടി എ, കെ എ എച്ച് എസ് ടി എ എന്നിവയാണ് മറ്റുപ്രധാനികള്‍. കേരള പ്രൈവറ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് എച്ച് എ), കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ പി പി എച്ച് എ) എന്നിവരും നേരത്തെ ഈ രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ ജി എസ് ടി യു, മുസ്ലിം ലീഗ് സംഘടനയായ കെ എസ് ടി യു എന്നിവര്‍ നാമമാത്രമായ കച്ചവടമേ നടത്തുന്നുള്ളൂ. അതും മിക്കപ്പോഴും യു ഡി എഫ് ഭരണകാലത്ത് മാത്രം. സി പി ഐ സംഘടനയായ എ കെ എസ് ടി യു അധ്യാപകരുടെ ഈ കച്ചവടത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നവരാണ്. കെ എസ് ടി യുവും ഒരുപരിധിവരെ ജി എസ് ടി യുവും അധ്യാപകരുടെ കച്ചവടത്തെ എതിര്‍ക്കുന്നുണ്ട്. മാര്‍ത്തോമ ടീച്ചേഴ്‌സ് അസോസിയേഷന്‍, കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷന്‍, എന്‍ എസ് എസ് തുടങ്ങിയ സാമദായിക-കോര്‍പറേറ്റ് മാനേജ്‌മെന്‌റുകളും പിന്നീട് ഇതിന്‌റെ സാധ്യകള്‍ തിരിച്ചറിഞ്ഞ് കച്ചവടത്തിനിറങ്ങി.

അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ അധ്യാപക സംഘടനകളും ക്വട്ടേഷന്‍ പിടിക്കാനായി രംഗത്തിറങ്ങും. പലതരം വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഓര്‍ഡര്‍ പിടിക്കുന്നത്. കമ്മീഷന്‍ വേറെയും. വഴങ്ങാത്തവര്‍ക്ക് നേരെ ആവശ്യമെങ്കില്‍ ഭീഷണിയുമുണ്ടാകും. ഭരണം ഇതിനൊക്കെ തണലായി മാറുകയും ചെയ്യും. കോടികളുടെ കച്ചവടമാണ് ചോദ്യ വിപണിയില്‍ നടക്കുന്നത്. ഒരു കുട്ടിയില്‍ നിന്ന് 20 രൂപ മുതല്‍ 60 രൂപവരെ പരീക്ഷാ ഫീസായി പല സ്‌കൂളുകളും വാങ്ങുന്നുണ്ട്. ഒരുകുട്ടിയില്‍നിന്ന് ശരാശരി 50 രൂപ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ ഹയര്‍സെക്കന്‌റിറിയില്‍ മാത്രം ഏതാണ്ട് 13 കോടിയുടെ ഇടപാടാണ് ഒരുവര്‍ഷം നടക്കുന്നത്. ഒമ്പത് ലക്ഷം വിദ്യാര്‍ഥികള്‍ മാത്രമുള്ള ഹയര്‍സെക്കന്ററിയിലാണ് കോടികളുടെ ഈ ഇടപാട്. എങ്കില്‍ നേരത്തെ 45 ലക്ഷം കുട്ടികളുള്ള 1 മുതല്‍ 10 വരെ ക്ലാസുകളില്‍ നട്‌നിരുന്ന കട്ടവടത്തിന്‌റെ വ്യാപ്തി എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിലെ പ്രധാന അധ്യാപക സംഘടനകള്‍ വലിയ സാമ്പത്തിക ശേഷിയുള്ള സംഘടനകളായി മാറിയത് ചോദ്യക്കച്ചവടത്തിലൂടെ മാത്രമാണ്. ഈ അധ്യയനവര്‍ഷം ആരംഭത്തില്‍ ഡി പി ഐ വിളിച്ചുചേര്‍ത്ത യോഗത്തില്‍, ചോദ്യക്കച്ചവടം അവസാനിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. അര്‍ധവാര്‍ഷിക പരീക്ഷ മുതല്‍ ചോദ്യ അച്ചടി സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കാമെന്ന് ഡിപിഐ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ അത് നടന്നില്ല. വിദ്യാഭ്യാസ വകുപ്പിനെയാകെ നിയന്ത്രിക്കുന്ന കെ എസ് ടി എ ഈ യോഗത്തില്‍ തന്ത്രപരമായി മൗനം പാലിച്ചു. പിന്നീട് പിന്‍വാതിലിലൂടെ സര്‍ക്കാര്‍ നീക്കത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ പ്ലസ് വണ്‍, പ്ലസ് ടു ബാച്ചുകളിലെ വിവിധ ചോദ്യപേപ്പറുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അതെല്ലാം കെ എസ് ടി എ വിറ്റ ചോദ്യങ്ങളുമായിരുന്നു. മോഡല്‍ പരീക്ഷക്ക് ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവെന്ന പരാതി അത്ര നിസ്സാരമല്ല. കെ എസ് ടി എയില്‍നിന്ന് ചോദ്യം വാങ്ങുന്നവര്‍ക്ക് വിജയം എളുപ്പമാകുന്നു എന്നുവരുന്നത് അവരുടെ കച്ചവടത്തിന്‌റെ വ്യാപ്തി കൂട്ടന്നതിനുള്ള ഉപാധി കൂടിയാണ്.

ചോദ്യം ചോരുന്നതെങ്ങിനെ?

പത്താംതരത്തില്‍ ഇത്തവണയുണ്ടായ ചോദ്യച്ചോര്‍ച്ചയുടെ പ്രധാന കാരണവും ഇതുതന്നെയാണ്. ചോദ്യം തയാറാക്കാന്‍ ചുമതലപ്പെട്ട ബോര്‍ഡ് അംഗം സ്വാകാര്യ സ്ഥാപനത്തിനുകൂടി ചോദ്യം നല്‍കുകയോ സ്വാകാര്യ സ്ഥാപനത്തില്‍നിന്ന് ചോദ്യം വാങ്ങുകയോ ചെയ്തതാണ് ചോര്‍ച്ചക്ക് വഴിയൊരുക്കിയത്. മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മലബാര്‍ മെറിറ്റ് എന്ന സ്ഥാപനത്തിലെ ചോദ്യേപപ്പറിൽ വന്ന 13 ചോദ്യങ്ങള്‍ എസ്.എസ്.എൽ.സി കണക്ക് ചോദ്യപേപ്പറില്‍ ആവർത്തിച്ചു. ഇതേത്തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് കരുതാനാണ് ന്യായങ്ങളേറെയുണ്ട്. എസ്.എസ്.എൽ.സി ചോദ്യകർത്താക്കളുടെ പേരുവിവരം ചോർത്തിയെടുത്ത് ഇവരെക്കൊണ്ട് മാതൃക ചോദ്യങ്ങൾ തയാറാക്കി അച്ചടിച്ച് വിതരണം ചെയ്യുന്ന ഏജൻസികളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. എസ്.സി.ഇ.ആർ.ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, പരീക്ഷ ഭവൻ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ കച്ചവടം നടക്കുന്നത്. ഇവര്‍ തയാറാക്കുന്ന ചോദ്യങ്ങളും എസ്.എസ്.എൽ.സി ചോദ്യേങ്ങളും സമാനമാകുന്നതോടെ ഇത്തരം ആളുകളുടെ വിപണിവില കുത്തനെ ഉയരും. സ്വകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ലോബികൾ സ്വകാര്യ ട്യൂഷൻ സെൻററുകളിലും അൺഎയ്ഡഡ് സ്കൂളുകളിലും ചോദ്യേപപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നുമുണ്ട്. ലക്ഷങ്ങളുടെ ഇടപാടാണ് ഇതുവഴി നടക്കുന്നത്. ഇങ്ങിനെ ചോദ്യം തയാറാക്കാനും വില്‍ക്കാനും കഴിയുന്ന ശൃംഘലയുണ്ടാക്കാന്‍ ഏറ്റവുമെളുപ്പത്തില്‍ കഴിയുക ചോദ്യപേപ്പര്‍ കച്ചവടം നടത്തുന്ന അധ്യാപക സംഘടനകള്‍ക്ക് തന്നെയാണ്. മലപ്പുറത്തെ വിവാദമായ ട്യൂഷന്‍ സന്ററിന്റെ നടത്തിപ്പുകാരന്‍ കെ എസ് ടി എ പ്രാദേശിക ഭാരവാഹിയാണെന്ന ആരോപണം പ്രതിപക്ഷ നേതാവ് തന്നെ ഉന്നയിച്ചിരുന്നു. ചോദ്യച്ചോര്‍ച്ചയും ഈ സംഘടനാ ബന്ധവും ചേര്‍ത്ത് വായിക്കണം. ചോദ്യം തയാറാക്കിയ അധ്യാപകനും സ്വകാര്യ സ്ഥാപനവും തമ്മിലെ ബന്ധവും ഗൂഡാലോചനയും  അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്. പൊതുപരീക്ഷക്ക് വേണ്ടി തയാറാക്കുന്ന ചോദ്യങ്ങള്‍ സ്വാകാര്യ സ്ഥാപനങ്ങള്‍ക്കോ സ്കൂളുകള്‍ക്കോ മറിച്ചുവില്‍ക്കുന്നതിന് വന്‍തുകയാണ് ലഭിക്കുന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു. ചോദ്യം പൊതുപരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്ന് കരാറുണ്ടാക്കുകപോലും ചെയ്യുന്നുണ്ട് എന്നും അവര്‍ പറയുന്നു.


ഓരോ വിഷയത്തിന്റെയും പരീക്ഷാ ബോര്‍ഡ് രൂപീകരിക്കുന്നതിലും സംഘടനകളുടെ ഇടപെടല്‍ പ്രകടമാണ്. എസ്.എസ്.എൽ.സി പരീക്ഷക്ക് നാലു ചോദ്യകർത്താക്കൾ നൽകുന്ന ചോദ്യങ്ങൾ ബോർഡ് ചെയർമാൻ പരിശോധിക്കണമെന്ന വ്യവസ്ഥ പതിവായി ലംഘിക്കപ്പെടുന്നുണ്ട്. ചോദ്യങ്ങളിലെ ആവർത്തനത്തിനും തെറ്റുകൾക്കും പ്രധാന കാരണം ഇതാണ്. ഈ കൃത്യവിലോപത്തിന് ചെയര്‍മാന്‍മാര്‍ ഒരുപരിധിവരെ നിര്‍ബന്ധിതരാകുന്നുമുണ്ട്. അതിനുകാരണവും സംഘടനാ ബന്ധം തന്നെ. ഇത്തവണ വിവാദമായ കണക്ക് ബോര്‍ഡ് തന്നെ ഇതിന്റെ പ്രത്യക്ഷ തെളിവാണ്. കണക്ക് ചോദ്യപേപ്പര്‍ തയാറാക്കിയ ബോർഡിന്‍റെ ചെയർമാൻ വര്‍ഷങ്ങള്‍ക്ക് മുന്പ് സർവീസിൽനിന്ന് വിരമിച്ചയാളാണ്. കെ എസ് ടി എയുടെ മുഖപ്രസിദ്ധീകരണത്തിന് വേണ്ടി പ്രവൃത്തിക്കുന്നുവെന്നതാണ് ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയുമായുള്ള ബന്ധം.  ഇയാള്‍ ചെയര്‍മാനായി എത്തുന്നത് സംഘടനാ ബന്ധത്തിെൻറ പേരിൽ മാത്രമാണ്. അതുകൊണ്ട് തന്നെ അംഗങ്ങളുടെമേല്‍ ആധികാരികതയോടെ ഇടപെടാനോ അംഗങ്ങളെ തിരുത്താനോ ഇവര്‍ക്ക് കഴിയാതെ പോകുന്നു. സംഘടനയിലെ മൂപ്പിളമതര്‍ക്കങ്ങള്‍ കാരണം, ചെയര്‍മാന്‍ ചോദ്യം തിരുത്തരുതെന്ന് അംഗം നിബന്ധനവച്ച സംഭവങ്ങള്‍ വരെ കേരളത്തിലുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിെൻറ ബോർഡ് ചെയർമാൻ ഹൈസ്കൂൾ തലത്തിൽ നാച്വറൽ സയൻസ് അധ്യാപകനായി പ്രവർത്തിച്ചിരുന്നയാളാണ്. 10 വർഷത്തിലധികമായി ഇദ്ദേഹംതന്നെയാണത്രെ  ഇംഗ്ലീഷ് ചോദ്യം തയാറാക്കുന്ന ബോർഡിെൻറ ചെയർമാൻ. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ അനുഭാവിയായിരുന്ന ഇയാളെ നിലനിര്‍ത്തുന്നത് ഇടതുമുന്നണിക്കും സ്വീകാര്യമായ പ്രബല സാമുദായിക സംഘടനയാണ്. ചോദ്യവില്‍പനക്കും ചോര്‍ച്ചക്കും കപ്പലിന് പുറത്ത് കള്ളനെത്തേടി പോകേണ്ടി വരില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ബാഹ്യ ഇടപെടലുകള്‍.

ഹയര്‍സെക്കന്ററിയില്‍ ചോദ്യപേപ്പര്‍ നിര്‍മാണ സംഘങ്ങളെ തെരഞ്ഞെടുക്കുന്നതിലെ രാഷ്ട്രീയം കുറച്ചുകൂടി പ്രകടമാണ്. എസ് സി ഇ ആര്‍ ടിക്കും ഹയര്‍സെക്കന്ററി ഡറക്ടറേറ്റിനുമാണ് ഇതിന്റെ ചുമതല. എന്നാല്‍ പരീക്ഷാ ടൈംടേബിള്‍ തയാറാക്കി അധ്യാപക സംഘനടകള്‍ക്ക് നല്‍കുക എന്നതിലൊതുങ്ങും അവരുടെ പ്രവര്‍ത്തനം. ആ സമയത്തിന് ചോദ്യപേപ്പര്‍ എത്തിച്ചുകൊടുക്കേണ്ട 'ബാധ്യത' അതോടെ അധ്യാപക സംഘടനകള്‍ ഏറ്റെടുക്കും. കച്ചവടം എന്ന ആരോപണം മറികടക്കാന്‍ ഓരോ സംഘടനയും അവരവരുടെ പേരില്‍ ഓരോ അക്കാദമിക് കൌണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ആ കൌണ്‍സിലുകളുടെ പേരിലാണ് അധ്യാപക സംഘടനകള്‍ ചോദ്യക്കച്ചവടം നടത്തുന്നത്. ഇങ്ങിനെ, എല്ലതരം അക്കാദമിക വേദികളിലും രാഷ്ട്രീയ-സംഘടനാവത്കരണം നടപ്പാക്കിയാണ് ചോദ്യപേപ്പര് നിര്‍മാണത്തിന്റെ ഗൌരവം അട്ടിമറിച്ചത്. കേരളത്തിലെ പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കാനും നിലനിര്‍ത്താനും ആദ്യം ചെയ്യേണ്ടത് അധ്യാപക സംഘടനകളുടെ ചോദ്യക്കച്ചവടം അവസാനിപ്പിക്കുക എന്നതാണ്. അത് സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുകയും അധ്യാപന മികവും അക്കാദമിക യോഗ്യതകളും മാത്രം പരിഗണിച്ച് ചോദ്യകര്‍ത്താക്കളെ നിശ്ചയിക്കുകയും വേണം. പരീക്ഷാ ബോര്‍ഡുകളെയും സംഘടനാ പക്ഷപാതിത്വത്തില്‍നിന്ന് മോചിപ്പിക്കണം. സങ്കുചിതമായ സംഘടനാ താത്പര്യങ്ങളുടെ പേരില്‍, അക്കാദമിക് മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്ന പ്രവണത വിദ്യാഭ്യാസ മേഖലയില്‍ അതിശക്തമാണ്. ഭരിക്കുന്ന മുന്നണിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെ പാര്‍ട്ടിയുടെയും അധ്യാപക സംഘടനകളാണ് എല്ലാകാലത്തും അക്കാദമിക കാര്യങ്ങള്‍ പോലും നിയന്ത്രിക്കുന്നത്. സംഘടനകളുടെ കിടമത്സരമാണ് പലപ്പോഴും തീരുമാനങ്ങളുടെ കാതലായി മാറുന്നതും. മലയാളികള്‍ അങ്ങേയറ്റം വൈകാരികമായി പരിഗണിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളെയും അതിനെ അങ്ങേയറ്റം മാനസിക സമ്മര്‍ദത്തോടെ നേരിടുന്ന വിദ്യാര്‍ഥികളുടെയും ജീവിതം വച്ചാണ് അധ്യാപക സംഘടനകളുടെ ഈ ചൂതാട്ടം.


രവീന്ദ്രനാഥിനോട് ചോദിക്കാത്ത ചോദ്യങ്ങള്‍

സ്കൂള്‍ പൊതുപരീക്ഷകള്‍ മലയാളിക്ക് അതി വൈകാരികമായ പരീക്ഷണങ്ങളാണ്. കുട്ടികളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് ഈ പരീക്ഷകളിലാണെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട്. അവിടെയുണ്ടാകുന്ന ചെറു പ്രശ്നങ്ങള്‍ പോലും അവരെ ആഴത്തില്‍ ബാധിക്കുകയും ചെയ്യും. എറ്റവും ലഘുവായ ഭരണപരിഷ്കാരങ്ങള്‍ വരെ അവര്‍ സാകൂതം ശ്രദ്ധിക്കുകയും അതില്‍ ആകുലപ്പെടുകയും ചെയ്യും. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയുടെ അക്കാദമികമായ ശാക്തീകരണത്തിലേക്കോ അതിനുവേണ്ടിയുള്ള മുറവിളികളിലേക്കോ ഈ ആകുലതകള്‍ വികസിക്കാറില്ല. അതിന് കാരണം വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാധിപത്യവും സംഘടനാ മേധാവിത്വവും തന്നെയാണ് പോതുമനോഭാവത്തെ ഇക്കാര്യത്തില്‍ നിയന്ത്രിക്കുന്നത്. ഇരുമുന്നണികള്‍ക്കും രാഷ്ട്രീയ നേട്ടത്തിനുള്ള ഉപാധിയാക്കി വിദ്യാഭ്യാസത്തെയും അവിടെയുണ്ടാകുന്ന വിവാദങ്ങളെയും മാറ്റുകയാണ് അവര്‍ ചെയ്യുന്നത്. രാഷ്ട്രീയ സങ്കുചിതത്വം മുതല്‍ വംശീയ വിദ്വേഷം വരെ അതിന് അടിസ്ഥാനമാകാറുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ ഈ രാഷ്ട്രീയവത്കരണം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തന്നെ തകര്‍ക്കുന്നുണ്ട്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പി കെ അബ്ദുര്‍റബ്ബ് എന്ന മുസ്‍ലിം ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടന്ന വിവാദങ്ങളും അത് പൊതുസമൂഹത്തിലുണ്ടാക്കിയ അനുരണനങ്ങളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അക്കാദമികമായ വിവാദങ്ങളേക്കാള്‍ ആ അഞ്ചുകൊല്ലവും കേരളത്തില്‍ നിറ‍്ഞുനിന്നത്, അബ്ദുര്‍റബ്ബിന്റെ ജന്മദേശം, മതം, ആചാരം, വിശ്വാസം തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയ  വിവാദങ്ങളായിരുന്നു. അക്കാദമികമായ ചര്‍ച്ചകള്‍ക്കോ വിമര്‍ശങ്ങള്‍ക്കോ അവസരമില്ലാതിരുന്നത് കൊണ്ടായിരുന്നില്ല കേരളത്തിന്റെ പൊതുവിമര്‍ശം ഈ രീതിയില്‍ അബ്‍ദുര്‍റബ്ബ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റി നിന്നത്. മന്ത്രിയായ ഉടന്‍ ഔദ്യോഗിക വസതിയുടെ പേരുമാറ്റി എന്നതായിരുന്നു ആദ്യ വിവാദം. ഗംഗ എന്ന പേര് ഗ്രേസ് എന്നാക്കിയെന്നതായിരുന്നു വിമര്‍ശത്തിന്റെ കാതല്‍. ഒരു വിദ്യാഭ്യാസ മന്ത്രി ഭരണം തുടങ്ങുന്പോള്‍ (നിയമപരമായി ഒരുതെറ്റുമില്ലാത്ത) വീട്ടുപേര് മാറ്റമാണോ ഏറ്റവുമാദ്യം ഉന്നയിക്കപ്പെടേണ്ടത് എന്ന് ചോദിക്കാന്‍ പോലും കഴിയാത്ത വിധമായിരുന്നു ആ വിവാദത്തിന് ലഭിച്ച സ്വീകാര്യത. ഗംഗ എന്ന പേരിലെ ഹിന്ദു അംശവും അത് മാറ്റിയ അബ്ദുര്‍റബ്ബിന്റെ മുസ്ലിം സ്വത്വവുമായിരുന്നു ആ വിവാദത്തിന് പിന്നിലെ യഥാര്‍ഥ കാരണം. മലപ്പുറം ജില്ലയിലെ ഒരു സ്കൂള്‍ മാനേജ്മെന്റ് പച്ച ബോര്‍ഡ് ക്ലാസില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനും ആക്രമിക്കപ്പെട്ടത് അബ്ദുര്‍റബ്ബായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പച്ച ബ്ലൌസ് ധരിക്കണമെന്ന് എറണാംകുളം ജില്ലയിലെ ഒരുദ്യോഗസ്ഥ അയച്ച സര്‍ക്കുലറായിരുന്നു മറ്റൊരു വിവാദം. ചേര‍്‍ത്തലയില്‍ ഒരു സ്കൂളിന് അവിടത്തെ പി ടി എ പച്ച പെയിന്റടിച്ചതിനും മലപ്പുറത്തെ ഒരു സ്കൂളില്‍ പച്ചക്കോട്ട് ധരിക്കാന്‍ ആവശ്യപ്പെട്ടതിനും അബ്ദുര്‍റബ്ബ് മറുപടി പറയേണ്ടിവന്നു. (ആ കോട്ടിന്റെ നിറം പച്ചപോലും ആയിരുന്നില്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടു.) പച്ച എന്നത് മുസ്‍ലിം ലീഗിന്റെ കൊടി എന്നതിനൊപ്പം കേരളത്തിലെ മുസ്‍ലിം സമുദായത്തോട് ചേര്‍ത്തുപറയുന്ന ഒരു നിറമാണ് എന്നതാണ് ഈ വിവാദത്തിന് ചൂടുപകര്‍ന്നത്. പൊതുചടങ്ങില്‍ താന്‍ നിലവിളക്ക് കത്തിക്കില്ലെന്ന് പറഞ്ഞതിന് അഭ്‍ദുര്‍റബ്ബ് കേട്ട പഴികള്‍ക്ക് കണക്കില്ല. നിലവിളക്ക് മതേതതരത്വത്തിന്റെ ചിഹ്നമാണെന്നും അത് കത്തിക്കാതിരിക്കുന്നവര്‍ മത ഭീകരരാണെന്നും സ്ഥാപിക്കുന്നതായിരുന്നു ആ വിവാദത്തില്‍ കേരളീയ പോതിസമൂവും ഇടത് സാംസ്കാരിക ലോകവും സ്വീകരിച്ച പൊതുനിലപാട്.വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധപ്പെട്ട വിവാദങ്ങളിലും വംശീയ ആക്രമണങ്ങളും വര്‍ഗീയ പ്രചാരണങ്ങളും ശക്തമായിരുന്നു. ഏരിയ ഇന്‍റന്‍സീവ് പദ്ധതി പ്രകാരം പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള തീരുമാനം വര്‍ഗീയ പ്രീണനമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് സി പി എം തന്നെയായിരുന്നു, അതും നിയമസഭയില്‍. ന്യൂനപ ക്ഷകേന്ദ്രീകൃത ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം തുടങ്ങിയതാണ് എ.ഐ.പി സ്കൂളുകള്‍. അതുകൊണ്ട് തന്നെ അതില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം പോലും മറച്ചുവച്ചായിരുന്നു വര്‍ഗീയ പ്രചാരണം. സംസ്ഥാനത്ത് ആറ് ജില്ലകളിലായി 32 സ്കൂളുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട അഞ്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് നേരത്തേതന്നെ എയ്ഡഡ് പദവി നല്‍കിയിരുന്നു. അവശേഷിക്കുന്ന സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ അഞ്ചുവര്‍ഷം അബ്ദുര്‍റബ്ബിന് മറുപടി പറയേണ്ടിവന്നു. ഭാഷാധ്യാപകര്‍ക്ക് പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കാമെന്ന ഉത്തരവും ഈ രീതിയിലാണ് കേരളത്തില്‍ ചര്‍ച്ചയായത്. ഹിന്ദി, മലയാളം, ഉറുദു, അറബിക്, സംസ്കൃതം അധ്യാപകര്‍ക്കെല്ലാം ഇതിന്റെ ഗുണം ലഭിക്കുമായിരുന്നുവെങ്കിലും തീരുമാനം ചര്‍ച്ച ചെയ്യപ്പെട്ടത് 'അറബി അധ്യാപകര്‍ക്കുള്ള അനര്‍ഹമായ സൌജന്യം' എന്ന നിലയിലായിരുന്നു. പാഠപുസ്തക വിതരണത്തില്‍ ഒരിക്കലുണ്ടായ വീഴ്ചയും എസ് എസ് എല്‍ സി പരീക്ഷാ വിവാദവും അതിന്റെ പ്രാധാന്യത്തിലുപരി, അബ്ദുര്‍റബ്ബിന്റെ കഴിവുകേട് എന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. അബ്ദുര്‍റബ്ബ് എന്നാല്‍ ജന്മസിദ്ധമായി തന്നെ കഴിവില്ലാത്ത ഒരാളാണെന്നും ഒട്ടും കഴിവുണ്ടാകാനിടയില്ലാത്ത ഒരുസമുദായത്തില്‍നിന്ന് വരുന്നയാളാണെന്നുമുള്ള ധാരണയുടെ പുറത്തുനിന്നുകൊണ്ടായിരുന്നു ആ ചര്‍ച്ചകളത്രയും നടന്നത്. അധ്യാപക പാക്കേജ് പോലെ വിപ്ലവകരമായ ഒരു പദ്ധതി നടപ്പാക്കുകയും കാര്യക്ഷമമായ പുസ്തക വിതരണത്തിന്റെ പേരില്‍ കുട്ടികളെ കാത്തിരിക്കുന്ന പുസ്തകങ്ങള്‍ എന്ന് മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്ത ഒരു മന്ത്രിയാണ് ഇമ്മട്ടില്‍ ആക്രമിക്കപ്പെട്ടത് എന്നതുകൂടിയോര്‍ക്കണം.

വിദ്യാഭ്യാസ മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ഒരാളാണ് അബ്‍ദുര്‍റബ്ബ് എന്നതായിരുന്നു ആദ്യം തന്നെ ഉന്നയിക്കപ്പെട്ട വിമര്‍ശം. ഇത്രമേല്‍ വിദ്യാഭ്യാസമില്ലാത്ത ഒരാളെ ഈ വകുപ്പ് ഏല്‍പിക്കാമോ എന്ന ചര്‍ച്ചക്ക് കേരളത്തിലെ 'സാംസ്കാരിക പ്രവര്‍ത്തകര്‍' തന്നെയാണ് നേതൃത്വം കൊടുത്തത്. അലീഗഡ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ നേടിയ ബിരുദാനന്തര ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് പൊതുസമൂഹത്തിന് മുന്നില്‍ അബ്ദുര്‍റബ്ബിന് ഹാജരാക്കേണ്ടി വന്നു, ഈ ആക്ഷേപം അവസാനിപ്പിക്കാന്‍. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ മന്ത്രി സി രവീന്ദ്രനാഥിനോട് കേരളീയ സമൂഹം കാണിക്കുന്ന സൌമനസ്യം ശ്രദ്ധിച്ചാലറിയാം, അബ്ദുര്‍റബ്ബിനെതിരായ വിമര്‍ശങ്ങളുടെ വംശീയ സ്വഭാവവും മുസ്‍ലിം വിരുദ്ധതയും രാഷ്ട്രീയ സങ്കുചിതത്വവും മനസ്സിലാക്കാന്‍. നിയമപരമായ പേരിനൊപ്പം 'പ്രൊഫസര്‍' എന്ന് ചേര്‍ക്കാന്‍ യോഗ്യതയില്ലാത്ത ഒരു കോളജ് അധ്യാപകനാണ് സി രവീന്ദ്രനാഥ്. തന്നെപ്പോലുള്ള അധ്യാപര്‍ 'പ്രൊഫസര്‍' എന്ന് ചേര്‍ക്കാന്‍ പാടില്ലെന്ന് അദ്ദേഹം തന്നെ നിയമസഭയില്‍ മറുപടിയും കൊടുത്തിട്ടുണ്ട്. ആ മറുപടിയില്‍ പോലും സ്വന്തം പേരില്‍ 'പ്രൊഫസര്‍' എന്ന് ഉപയോഗിച്ചിരുന്നു. വ്യാജ വിശേഷണം ചേര്‍ത്തുവെന്ന പറയാവുന്ന തരത്തിലുള്ള വീഴ്ചയാണിതെങ്കിലും പോതുമലയാളിക്കിടയില്‍ ഇതൊരു വിഷയമേ ആയിട്ടില്ല. എന്നല്ല, സര്‍ക്കാര്‍ രേഖയില്‍ പോലും വ്യാജ വിശേഷണം ഉപയോഗിക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പുമില്ല. വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് ഇതാണോ ചര്‍ച്ച ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍ അല്ല എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ അബ്ദുര്‍റബ്ബിന്റെ ഉയര്‍ന്ന യോഗ്യത ബോധപൂര്‍വമോ അല്ലാതെയോ മറച്ചുവച്ച ശേഷം അതിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിച്ച് നടന്നവരാണ് ഈ വ്യാജ വിശേഷണത്തോട് ഇത്രമേല്‍ സൌമനസ്യം കാണിക്കുന്നത് എന്നതാണ് വൈരുദ്ധ്യം.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളോടും ഈ രീതിയില്‍ തന്നെയാണ് കേരളീയ പൊതുസമൂഹം പ്രതികരിക്കുന്നത്. 10 മാസം പിന്നിട്ട സര്‍ക്കാറിനെ ഏറ്റവുമേറെ പ്രതിസന്ധിയിലാക്കിയ വകുപ്പുകളിലൊന്ന് വിദ്യാഭ്യാസം തന്നെയാണ്. സ്വാശ്രയ എന്‍ജിനീയറിങ് ഫീസ് കരാര്‍, അങ്ങേയറ്റം താളംതെറ്റിയ പാഠ പുസ്തക വിതരണം, കുട്ടികളില്ലാത്ത സ്കൂളുകള്‍ ഏറ്റെടുക്കുന്നതില്‍ നടത്തിയ പ്രഖ്യാപനം, ലോ കോളജ് സമരത്തിലെ വിദ്യാര്‍ഥി വിരുദ്ധവും മാനേജ്മെന്റ് അനുകൂലവുമായ നിലപാടുകള്‍ തുടങ്ങി ഏറ്റവുമൊടുവില്‍ ചോദ്യച്ചോര്‍ച്ച വരെ നിരവധി വിവാദങ്ങളാണ് ഇക്കാലയളിവിനിടയില്‍ ഉണ്ടായത്. എന്നാല്‍ ഒന്നില്‍ പോലും രവീന്ദ്രനാഥിന്റെ കഴിവുകേട് എന്ന വിഷയം ഉന്നയിക്കപ്പെട്ടിട്ടേയില്ല. ഉദ്യോഗസ്ഥ വീഴ്ച, അധ്യാപകരുടെ പരാജയം തുടങ്ങിയ കാരണങ്ങളാണ് എവിടെയും കേള്‍ക്കുന്നത്. എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ടി വന്ന സംഭവം കേരള എസ് എസ് എല്‍ സിയില്‍ അത്യപൂര്‍വമാണ്. കെ എസ് ടി എ തയാറാക്കി മോഡല്‍ പരീക്ഷക്ക് നല്‍കിയ അതേ ചോദ്യങ്ങള്‍ പൊതുപരീക്ഷക്ക് ആവര്‍ത്തിച്ചതും അത്യപൂര്‍വമാണ്. ചോദ്യച്ചോര്‍ച്ചയില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പങ്കാളിത്തം ഗൌരവപൂര്‍വം ഉന്നയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും രവീന്ദ്നാഥിന് പരിക്കേല്‍ക്കാതെ നില്‍ക്കാന്‍ കഴിയുന്നു എന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തെ നയിക്കുന്ന സാംസ്കാരിക ബോധമെന്തെന്നും അതിന്റെ രാഷ്ട്രീയമന്തെന്നും വ്യക്തമാക്കുന്നതാണ്. ഇത്രമേല്‍ സങ്കുചിതവും വംശീയവുമായ സാഹചര്യമാണ് അധ്യാപക സംഘടനകളുടെ ആധിപത്യം നിലനിര്‍ത്തുന്നതിന് സഹാകരമാകുന്നത്. അക്കാദമികമായ ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതും. രവീന്ദ്രനാഥിന്റെ കാലത്തെ ചോര്‍ന്ന ചോദ്യങ്ങളോട് കേരളം കാട്ടിയ സഹിഷ്ണുതയും തന്റേതല്ലാത്ത കാരണങ്ങള്‍ക്കുപോലും അബ്ദുര്‍റബ്ബിന് നല്‍കേണ്ടിവന്ന ഉത്തരങ്ങളും സവിശേഷമാകുന്നത് അതുകൊണ്ടാണ്. ചോദ്യം ചോരുന്ന വഴികള്‍ അടച്ചാല്‍ മാത്രം പരിഹരിക്കാവുന്നതല്ല, കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെന്ന് ചുരുക്കം.

(മാധ്യമം ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 17, 2017)

Friday, March 31, 2017

ലോ അക്കാദമയിലെ മുല്ലപ്പൂ വിപ്ലവം

കേരളത്തിന്റെ സ്വാശ്രയ ചരിത്രത്തില്‍ വേറിട്ട കഥയാണ് തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ്. കേരളത്തില്‍ തൊണ്ണൂറുകള്‍ക്ക് ശേഷമുണ്ടായ രക്തരൂക്ഷിതമായ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇ എം എസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കെയാണ് 1968ല്‍ സി പി ഐ അംഗമായിരുന്ന നാരായണന്‍ നായര്‍ക്ക് സര്‍ക്കാര്‍ വക സ്ഥലമടക്കം കോളജ് അനുവദിക്കുന്നത്. പില്‍ക്കാലത്തുണ്ടായ സ്വാശ്രയ കോളജുകളിലെല്ലാം പൊതുവായി കണ്ട പ്രതിലോമകരമായ പ്രശ്നങ്ങളെല്ലാം അതിന്റെ ഏറ്റവും രൂക്ഷമായ രീതിയില്‍ നിലനിന്നിട്ടും ഒട്ടുമൊരു അലോസരവുമേല്‍ക്കാതെ ലോ അക്കാദമിക്ക് ഇക്കാലമത്രയും പ്രവര്‍ത്തിക്കാനായി എന്നത് ശ്രദ്ധാര്‍ഹമാണ്.

ഇത്തരം സ്വാധീനം കേരളത്തിലെ സ്വാശ്രയ കോളജുകളുടെ പൊതു സ്വഭാവമാണ്. തൃശൂര്‍ പാന്പാടി നെഹ്റു കോളജില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പീഢനം സഹിക്കാതെയാണെന്ന് ആരോപണമുയര്‍ന്നിട്ടും മാനേജ്മെന്റിനെതിരെ കേസെടുക്കാന്‍ ഒരുമാസം പൊലീസ് തയാറായില്ല. സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കുന്നവര്‍ യുഡിഎഫ് ആണെന്നത് കേരളത്തില്‍ കാലങ്ങളായി ഇടതുമുന്നണി ഉന്നയിക്കുന്ന ആരോപണമാണ്. ആ ആരോപണം ഉന്നയിക്കുന്നവരും സ്വാശ്രയ കോളജുകള്‍ക്കെതിരെ ശക്തമായ സമരം നയിച്ച പാരന്പര്യമുള്ളവരുമായ സി പി എം ഭരിക്കുന്പോഴാണ് ലോ അക്കാദമിയും നെഹ്റു കോളജുമൊക്കെ ഇത്തരം സുരക്ഷിത വലയങ്ങള്‍ക്കുള്ളില്‍ പരിക്കേല്‍ക്കാതെ നില്‍ക്കുന്നത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാകാലത്തും സ്വാശ്രയ ലോബി ഭരണ സ്വാധീനം ആസ്വദിച്ചിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അങ്ങേയറ്റം പ്രതിലോമകരമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്വാശ്രയ ലോബി എപ്പോഴും രക്ഷപ്പെട്ടുപോരുന്നതും ഇത്തരം സ്വാധീനങ്ങളുടെ ബലത്തിലാണ്. ജാതി അധിക്ഷേപം, എസ് സി-എസ് ടി വിവേചനം, ഗ്രാന്റ് നിഷേധം, സ്ത്രീ വിവേചനം, പീഡനം തുടങ്ങിയവയെല്ലാം സ്വാശ്രയ കോളജുകളുടെ പൊതു സ്വഭാവമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരായ നീക്കങ്ങളെയെല്ലാം അവര്‍ അനായാസം മറികടക്കുന്നു. ലോ അക്കാദമയില്‍ തന്നെ ജാതി അധിക്ഷേപം നടത്തിയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഇതുവരെ നിയമ നടപടിയുണ്ടായിട്ടില്ല. സ്വാശ്രയ കോളജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജ് മാനേജ്മെന്റിനെതിരെ സമര രംഗത്തിറങ്ങാന്‍ പലപ്പോഴും തയാറാകാറില്ല. പണം മുടക്കി പഠിക്കുന്നവര്‍, അത് തടസ്സപ്പെടുന്ന തരത്തിലുള്ള ഒരുനടപടിയും സ്വന്തം ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാന്‍ കാണിക്കുന്ന ജാഗ്രതയും അലോസരമുണ്ടാക്കുന്നവരെ തെരഞ്ഞുപിടിച്ച് തോല്‍പിക്കാന്‍ മാനേജ്മെന്റിനുള്ള അവസരങ്ങളുമെല്ലാം വിദ്യാര്‍ഥികളുടെ നിശ്ശബ്ദതക്ക് കാരണമാണ്.

വിദ്യാര്‍ഥികള്‍ മാത്രമല്ല, സ്വാശ്രയ കോളജിലെ അധ്യാപകരും മാനേജ്മെന്റ് പീഡനത്തിന്റെ ഇരകളാണ്. തലവരി കൊടുത്ത് ജോലിക്ക് കയറുകയും ആ നിക്ഷേപത്തിന്റെ തോതനുസരിച്ച് ശന്പളം കൈപ്പറ്റുകയും ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ സ്വാശ്രയ അധ്യാപകര്‍. സേവനത്തിനും വേതനത്തിനും എ ഐ സി ടി ഇയും സംസ്ഥാന സര്‍ക്കാറുമെല്ലാം വ്യവസ്ഥകള്‍ വച്ചിട്ടുണ്ടെങ്കിലും അതൊന്നും കേരളത്തില്‍ മാനേജ്മെന്റുകള്‍ അംഗീകരിച്ചിട്ടില്ല. ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യം തന്നെയാണ് മാനേജ്‌മെന്‌റുകളുടെ ആത്മവിശ്വാസം. കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ ശരാശരി ശമ്പളം 15,000 രൂപയാണ്. പ്രയോഗത്തില്‍ പല കോളജിലും ഇത്രപോലും കിട്ടുന്നില്ല. ആരെയും കണക്ക് ബോധിപ്പിക്കേണ്ടതില്ലാത്ത, ആരോടും മറുപടി പറയേണ്ടതില്ലാത്ത, ആരും ചോദ്യം ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു സംവിധാനത്തില്‍ മാനേജര്‍ക്ക് തോന്നിയതുക ശമ്പളം നല്‍കുന്നതില്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല.  ഒരേ സ്ഥാപനത്തില്‍ ഒരേ ദിവസം ഒരേ ഡിപ്പാര്‍ട്ട്‌മെന്‌റില്‍ ജോലിക്ക് ചേര്‍ന്ന നാലുപേര്‍ക്ക് നാലുതരം ശമ്പളം കൊടുക്കന്ന കോളജ് കേരളത്തിലുണ്ട്.  മിനിമം വേതനം ഇവിടെ വെറും സങ്കല്‍പമാണ്. രേഖകളില്‍ പക്ഷെ എല്ലാം ഭദ്രവും. കരാറാണോ ഗസ്റ്റാണോ സ്ഥിരമാണോ എന്നൊന്നും വ്യക്തമാക്കാതെയാമ് നിയമനങ്ങള്‍. ചിലയിടത്ത് നിയമന ഉത്തരവ് തന്നെയില്ല. ദിവസവും വന്ന് ക്ലാസെടുക്കാം. അതിലപ്പുറം ചോദിച്ചാല്‍ പിന്നെ പണിയുണ്ടാവില്ല. പ്രസവത്തിനുപോലും അവധിയില്ല. പ്രസവിച്ചാല്‍ പിന്നെ ജോലി കിട്ടണമെന്നുമില്ല.

അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പിഴയുണ്ട്.  അധ്യാപകരുടെ തെറ്റുകള്‍ക്കും മാനേജ്മെന്റിന്റെ ശിക്ഷ പിഴയാണ്. പല കോളജുകളിലും ഇത് വരുമാനമുണ്ടാക്കാനുള്ള എളുപ്പ വഴിയാണ്. വിദ്യാര്‍ഥികളുടെ അച്ചടക്ക ലംഘനത്തിന്, നിശ്ചിത എണ്ണം കുട്ടികള്‍ വിജയിച്ചില്ലെങ്കില്‍.... എല്ലാം അധ്യാപകര്‍ക്ക് ശിക്ഷയുണ്ട്. ചിരി മുതല്‍ താടി വരെ കുട്ടികളില്‍ നിന്ന് പിഴയീടാക്കാവുന്ന ശിക്ഷയാണ്. വന്‍തുകയാണ് പലരും ചുമത്തുന്നത്. ഇത് പിരിച്ചുനല്‍കേണ്ട ജോലിയും അധ്യാപകര്‍ക്കാണ്. കുട്ടികളില്‍നിന്ന് പിഴ കിട്ടിയില്ലെങ്കില്‍ അധ്യാപകരില്‍നിന്ന് തന്നെ ഈടാക്കും. കോളജുകളിലേക്ക് കുട്ടികളെ 'പിടിക്കാനും' അധ്യാപകര്‍ക്ക് ക്വാട്ടയുണ്ട്.

ബിടെക് കോഴ്‌സുള്ള ഒരു എന്‍ജിനീയറിങ് കോളജിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്‌റില്‍ 12 അധ്യാപകര്‍ വേണമെന്നാണ് വ്യവസ്ഥ. ഇതില്‍ 8 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരും 3 പേര്‍ അസോസിയേറ്റ് പ്രൊഫസര്‍മാരുമായിരിക്കണമെന്നാണ് ചട്ടം.  കേരളത്തിലെ ഒട്ടുമിക്ക കോളജുകളും ഈ അനുപാതം പാലിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കാര്യമായ പരിശോധനകളില്ലാത്തതിനാല്‍ എവിടെയും അത് ചോദ്യം ചെയ്യപ്പെടാറുമില്ല. വിദ്യാഭ്യാസ സ്ഥാപനമെന്ന കാരണത്താല്‍ തൊഴില്‍ തര്‍ക്കങ്ങളില്‍, തൊഴില്‍ വകുപ്പും ഇടപെടാറില്ല. ഓരോ കോളജും മാനേജ്‌മെന്‌റുകളുടെ സ്വതന്ത്ര പരമാധികാര പ്രദേശമാണ്. കുട്ടികളെ ശാരീരികമായി നേരിടാന്‍ ഗുണ്ടാ സംഘങ്ങളും ഇടിമുറികളുമുള്ള കോളജുകളാണ് കേരളത്തിലുള്ളത് എന്ന് പുറംലോകത്തെ ബോധ്യപ്പെടുത്തിയത് നെഹ്റു കോളജിലെ വിദ്യാര്‍ഥി സമരമാണ്. ഇതിവിടെ മാത്രമല്ല. ആലപ്പുഴയിലെ ഒരു കോളജില്‍ സമാനമായ ഇടിമുറിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിപ്പോള്‍ പരസ്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടും സര്‍ക്കാറ്‍ നടപടിയുണ്ടായിട്ടില്ല.

ആഗോളവത്കരണാനന്തര തൊഴില്‍ വിപണിയില്‍ സാങ്കേതിക വിദ്യാഭ്യാസ യോഗ്യയുള്ളവരെത്തേടിയെത്തിയ തൊഴില്‍ സാധ്യതകളാണ് കേരളത്തില്‍ എഞ്ചിനീയറിങ് കോളജുകളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് കാരണമായത്. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നിക്ഷേപം കുറക്കണമെന്ന നയം കേരളത്തില്‍ കക്ഷിഭേദമന്യേ സ്വീകരിച്ചതോടെ സ്വകാര്യമേഖല തഴച്ചുവളര്‍ന്നു. കാലിത്തൊഴുത്ത് മുതല്‍ കശുവണ്ടി ഗോഡൌണ്‍ വരെ എഞ്ചിനീയറിങ് കോളജുകളായി മാറി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവരെല്ലാം ബി ടെക് വിദ്യാര്‍ഥികളുമായി. കോളജിന്റെ നിലവാരമോ പഠന മികവോ അടിസ്ഥാന സൌകര്യങ്ങളോ പരിഗണിക്കാതെ കുട്ടികള്‍ കോളജുകളിലേക്കൊഴുകി. എത്രപണം മുടക്കാനും രക്ഷിതാക്കളും സന്നദ്ധമായതോടെ ഒരു വ്യവസായം എന്ന നിലയില്‍ ഇത് വികസിച്ചു.  ഇന്ന് 25,000 കോടിയുടെ മുതല്‍മുടക്കുള്ള 'വാണിജ്യ' മേഖലയായി സ്വാശ്രയ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗം മാറിക്കഴിഞ്ഞു.

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും കുത്തനെ താഴേക്ക് പോകുന്ന പഠന നിലവാരവും വിദ്യാര്‍ഥികലുടെ കൊഴിഞ്ഞുപോക്കുമെല്ലാം സൃഷ്ടിച്ച വന്പന്‍ നഷ്ടം നികത്തി, കച്ചവടം ലാഭകരമാക്കാന്‍ മാനേജ്മെന്റുകളും സര്‍ക്കാറും നടത്തുന്ന ഒത്തുതീര്‍പുകളാണ് ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന സ്വാശ്രയ ചര്‍ച്ചകള്‍. അക്കാദമിക് താത്പര്യങ്ങളേക്കാല്‍ മുന്‍ഗണന ഇത്തരം ഘടകങ്ങള്‍ക്കാണ്. പരിഷ്കരണ നിര്‍ദേശങ്ങളുടെ പിറകില്‍പോലും ധനനഷ്ടം ഒഴിവാക്കാനുളള വകുപ്പുകള്‍ കാണാം. പരമാവധി കുട്ടികളെ കോളജിലെത്തിക്കുകയും കോളജിലെത്തിക്കഴിഞ്ഞാല്‍ പരമാവധി പണം ഈടാക്കാന്‍ ശ്രമിക്കുകയുമാണ് കോളജുകള്‍ ചെയ്യുന്നത്. പണം മുടക്കാനില്ലാത്തവരും പഠനമികവ് പുലര്‍ത്താന്‍ കഴിയാത്തവരും ഇതോടെ കോളജുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. രക്ഷിതാക്കളുടെ സാന്പത്തികാവസ്ഥ ഈ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പുറത്തുപോകാന്‍ അവരെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. പണം മുടക്കാന്‍ കഴിവുള്ളവര്‍  മറ്റൊരു പ്രതിസന്ധിയാണ് നേരിടുന്നത്. അക്കാദമികമായ പരാജയം. എഞ്ചിനീയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം പഠന വൈദഗ്ദ്യം ദുര്‍ബലമായതിനാല്‍ ഇടക്കുവച്ച് പഠനം നിര്‍ത്തിപ്പോകേണ്ടി വരുന്നു.ഇത്രയും സങ്കീര്‍ണമായ ഒരു വിദ്യാഭ്യാസ സംവിധാനത്തിന് ആഘാതമേല്‍പിച്ചുവെന്നതാണ് ലോ അക്കാദമി സമരത്തിന്റെ ഏറ്റവും വലിയ വിജയം. മാനേജ്മെന്റുകള്‍ക്ക് പല തരത്തില്‍ ഒത്താശ ചെയ്ത സംസ്ഥാന സര്‍ക്കാറിന് ഒടുവില്‍ വിദ്യാര്‍ഥികളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായ വിദ്യാര്‍ഥി ഐക്യമാണ് ഈ സമര വിജയത്തിന്റെ കാതല്‍. സമരംകേറാ കാന്പസുകളായ സ്വാശ്രയ കലാലയങ്ങള്‍ക്ക് ഇനിയും സുരക്ഷിത വലയത്തിനുള്ളിലിരുന്ന് ചോദ്യങ്ങള്‍ നേരിടാതെ ഇടപാട് നടത്താമെന്ന ആത്മവിശ്വാസം സമരം ഇല്ലാതാക്കി.

കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയെന്ന് അവകാശപ്പെടുന്ന എസ് എഫ് ഐയെ സമരത്തില്‍ നിന്ന് തടയാന്‍ മാനേജ്മെന്റ് നടത്തിയ ശ്രമങ്ങള്‍ പലതരത്തില്‍ വിജയംകണ്ടിരുന്നു. തുടക്കത്തില്‍ സമര രംഗത്തേക്കിറങ്ങാന്‍ മടിച്ചുനിന്ന എസ് എഫ് ഐ, ഒടുവില്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ മാനേജ്മെന്റുമായി ഒറ്റക്ക് ഒത്തുതീര്‍പുണ്ടാക്കി നേരത്തെ തന്നെ സമരത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. പ്രിന്സിപ്പലിന്റെ രാജി, കുട്ടികളുടെ പ്രധാന ആവശ്യത്തിന് വഴങ്ങാതിരിക്കാനാകില്ലെന്ന സാഹചര്യം വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ മാറിനില്‍ക്കുക എന്ന ഒത്തുതീര്‍പിന് എസ് എഫ് ഐ തയാറായത്. എസ് എഫ് ഐയെ വിലക്കെടുത്താല്‍ ഏത് സമരവും പൊളിക്കാമെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ ധൈര്യം തകര്‍ത്തുകളഞ്ഞുവെന്നതാണ് മറ്റൊരു നേട്ടം. വിദ്യാര്‍ഥി ഐക്യത്തിന് മുന്നില്‍ കുതന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന പാഠം എസ് എഫ് ഐയെ പഠിപ്പിക്കാനും സമരത്തിനായി.

അതേസമയം, ജാതി അധിക്ഷേപവും ഭൂമി തട്ടിപ്പും ആരോപിക്കപ്പെട്ട അക്കാദമി മാനേജ്മെന്റിനെതിരെ, ഇക്കാര്യത്തില്‍ ഇനിയും സുശക്തമായ നടപടികളുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒരുഭാഗത്ത് വിദ്യാര്‍ഥികള്‍ക്ക് വഴങ്ങുന്പോഴും മറുഭാഗത്ത് മാനേജ്മെന്റുകളെ പരോക്ഷമായി സംരക്ഷിക്കാനാണ് പിണറായി വിജയനും ശ്രമിക്കുന്നത്. ഒരര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ ഇവിടെ വഞ്ചിക്കപ്പെടുകയാണ്. വിദ്യാര്‍ഥി ഐക്യം സമരരംഗത്തെ പ്രചോദനപരമായ പരീക്ഷണമായെങ്കിലും, അവയൊന്നും ഭരണവര്‍ഗത്തെ അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകാന്‍ പര്യാപ്തമല്ലെന്ന് സമരാനന്തര സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു.

(ജനപക്ഷം, മാര്‍ച്ച്- ഏപ്രില്‍ 2017)

Monday, February 13, 2017

സ്വാശ്രയം: അധ്യാപകരും തടവിലാണ്കാസര്‍കോട് ജില്ലയിലെ ഒരു പ്രമുഖ സ്വാശ്രയ ബിഎഡ് കോളജിലെ ഒരു അധ്യാപകന്‍ കഴിഞ്ഞ വര്‍ഷം ഗുണ്ടാ ആക്രമണത്തിനിരയായി. കോളജിന് മുന്നിലിട്ട് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മതിയായ ഹാജരില്ലാത്ത, അധ്യാപന പ്രാക്ടീസ് ചെയ്യാത്ത പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാനുള്ള ഹാജര്‍ കൃത്രിമമായി നല്‍കാന്‍ തയാറാകാത്തതാണ് മര്‍ദനത്തിന് കാരണം. റെക്കോഡുകളിലും ഒപ്പുവക്കാതിരുന്നതോടെ പരീക്ഷ എഴുതാന്‍ പറ്റാതായ പെണ്‍കുട്ടിക്ക് വേണ്ടി കോളജ് മാനേജ്‌മെന്‌റ് തന്നെയാണ് ഗുണ്ടകളെ ഏര്‍പാടാക്കിയത്. പെണ്‍കുട്ടി മാനേജ്‌മെന്‌റിന്‌റെ അടുത്ത ബന്ധുവാണത്രെ. അധ്യാപകര്‍ കേസ് കൊടത്തു. കോടതിയിലും സര്‍വകലാശാല ട്രൈബ്യൂണലിലും കേസ് നടക്കുകയാണ്. എന്നാല്‍ ഇതിനിടെ നടന്ന വാര്‍ഷിക പരീക്ഷയില്‍ പെണ്‍കുട്ടി പരീക്ഷ എഴുതി. അതില്‍ പാസാകുകയും ചെയ്തു. ഹാജരില്ലാത്ത കുട്ടി എങ്ങിനെ പരീക്ഷ എഴുതിയെന്നന്വേഷിച്ചപ്പോള്‍ സര്‍വകലാശാലക്കും മറുപടിയില്ല. പരാതിയില്‍ അധ്യാപകര്‍ ഉറച്ചുനില്‍ക്കുകയും സര്‍വകലാശാലയുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതോടെ ഫലം തടഞ്ഞുവച്ചതായി പ്രഖ്യാപിച്ച് സര്‍വകലാശാല പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചുവാങ്ങി തലയൂരി. അധ്യാപകനെ മാനേജ്‌മെന്‌റ് പുറത്താക്കി. ഇയാളെ പിന്തുണച്ചുവെന്നാരോപിച്ച് മറ്റൊരധ്യാപകനെയും പുറത്താക്കി. ബാക്കി അധ്യാപകരില്‍നിന്നെല്ലാം ഇവര്‍ക്കെതിരെ മൊഴി എഴുതിവാങ്ങി. പെണ്‍കുട്ടിയാകട്ടെ, അധ്യാപകര്‍ പീഡിപ്പിക്കുന്നുവെന്നൊരു പരാതി ഇവര്‍ക്കെതിരെ നല്‍കുകയം ചെയ്തു. ഭീഷണിയായും പ്രലോഭനമായും അനുനയമായുമെല്ലാം മാനേജ്‌മെന്‌റ് ഒത്തുതീര്‍പിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ അധ്യാപകര്‍ ഇതുവരെ വഴങ്ങിയിട്ടില്ല. എത്രനാള്‍ ഇവര്‍ക്കിങ്ങനെ പിടിച്ചുനില്‍ക്കാനാകുമെന്ന് ആര്‍ക്കുമൊരു ഉറപ്പുമില്ല. അത്രമേല്‍ അരക്ഷിതമാണ് സ്വാശ്രയ മേഖലയിലെ അധ്യാപക ജീവിതവും.
സര്‍വകലാശാലയും നിയമവും മാനേജമെന്‌റുകളുമെല്ലാം ഒരുഭാഗത്തുനിന്ന് നടത്തുന്ന നായാട്ടിന് ഇരയാകുന്നവരുടെ നിസ്സഹായതയുടെ ആഴം വ്യക്തമാക്കുന്നതാണ് കാസര്‍കോട്ടെ അനുഭവം. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവുവമല്ല. എന്നാല്‍ മാനേജ്‌മെന്‌റിനെതിരെ കേസ് നടത്തുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് ഈ മേഖലയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ അത്യപൂര്‍വ സംഭവമാണ്. കുട്ടികളേക്കാള്‍ കഠിനതരവും ക്രൂരവുമായ പീഡനങ്ങള്‍ക്കാണ് പല സ്വാശ്രയ കോളജുകളിലും അധ്യാപകര്‍ ഇരയാകുന്നത്. മാനസികമായി തകരുന്ന കുട്ടികളെ സംരക്ഷിക്കാനോ അവര്‍ക്കൊരു കൈത്താങ്ങാകുവാനോ  അധ്യാപകര്‍ക്ക് കഴിയാത്തതും ഈ നിസ്സഹായാവസ്ഥ കൊണ്ടുതന്നെ. എല്ലാം നിശ്ചയിക്കുന്ന മാനേജ്‌മെന്‌റുകള്‍ക്ക് സന്പൂര്‍ണമായി വിധേയപ്പെട്ട് അടിമ ജീവിതം നയിക്കാനാണ് സ്വാശ്രയ കോളജ് അധ്യാപകരുടെ വിധി. അധ്യാപകനെന്ന ഒരു പരിഗണനയും അവര്‍ക്ക് നല്‍കുന്നുമില്ല.

നിര്‍വചനത്തിന് പുറത്തായവര്‍

കന്പോളാധിഷ്ടിത സാമൂഹിക ക്രമത്തിലെ എത് ഇടപാടിലുമുള്ള പൊതു തത്വമാണ് ഉപഭോക്താവ് രാജാവാണ് എന്ന സങ്കല്‍പം. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. കുട്ടികള്‍ക്ക് അനിഷ്ടകരമായതൊന്നും അധ്യാപകര്‍ ചെയ്യരുതെന്നാണ് നിയമം. കുട്ടികളുടെ ഏത് പിഴവിനും കുറ്റംചുമക്കേണ്ടത് അധ്യാപകര്‍ തന്നെ. കുട്ടികളെ ഇങ്ങിനെ പ്രീണിപ്പിക്കുന്നതിന് പിന്നില്‍ മാനേജ്‌മെന്‌റുകള്‍ക്ക് പല താത്പര്യങ്ങളുമുണ്ട്. എന്‍ ആര്‍ ഐ ക്വാട്ട പോലെ ഉയര്‍ന്ന ഫീസ് നല്‍കുന്നവര്‍ക്കുള്ള അധിക പരിണന, കുട്ടികള്‍ പിണങ്ങിപ്പോയാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം, അടുത്ത വര്‍ഷങ്ങളിലെ അഡ്മിഷന്‍... ഇതെല്ലാം മാനേജ്‌മെന്‌റ് നിലപാടില്‍ നിര്‍ണായകമാണ്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഉയര്‍ന്ന തരത്തിലുള്ള സാമൂഹിക പദവിയും കുടുംബ പശ്ചാത്തലവുമുള്ളവരാണ് ഫീസും തലവരിയുമെല്ലാം നല്‍കി പഠിക്കാനെത്തുന്നത്. അവരെ പിണക്കുന്നത് കച്ചവട നഷ്ടത്തിന് കാരണമാകുമെന്ന തിരിച്ചറിവ് മാനേജ്മെന്റുകള്‍ക്കുണ്ട്. ഇത്തരം ഭാവി സാധ്യതകളെ മുന്‍നിര്‍ത്തിയാണ് അധ്യാപകരോടുള്ള നിലപാടുകളും മാനേജ്‌മെന്‌റുകള് രൂപീകരിക്കുന്നത്. മാനേജ്‌മെന്‌റുകളുടെ ഈ നിലപാടിന് സഹായകരമായ നിയമങ്ങളും സംവിധാനങ്ങളുമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവുമുയര്‍ന്ന സര്‍ക്കാര്‍ സംവിധാനമായി പ്രവര്‍ത്തിക്കുന്നത് ഉന്നത വിദ്യാഭ്യാസ കൌണ്‍സിലാണ്. വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്നതിലും അതിന്‌റ നിയമങ്ങളും ചട്ടങ്ങളും തയാറാക്കുന്നതിലുമെല്ലാം നേതൃപരമായ പങ്കുവഹിക്കുന്ന സ്ഥാപനം. കൗണ്‍സിലിന്‌റെ ഘടനയും പ്രവര്‍ത്തന രീതിയും പുനരവലോകനം ചെയ്ത് പുതിയ സംവിധാനം കൊണ്ടുവരാന്‍ പുതുതായി അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജന്‍ ഗുരുക്കളെ കമ്മീഷനായി നിയോഗിച്ചു. ഈ കമ്മീഷന് മുന്നില്‍ സ്വാശ്രയ കളജ് അധ്യാപകര്‍ വച്ച ഏറ്റവും പ്രധാന ആവശ്യം, കൗണ്‍സിലിന്‌റെ 'അധ്യാപകര്‍' എന്ന പ്രയോഗത്തിന്റെ ഔദ്യോഗിക നിര്‍വചനത്തില്‍ സ്വാശ്രയ കോളജുകളില്‍ പഠിപ്പിക്കുന്നവരെക്കൂടി ഉള്‍പെടുത്തണമെന്നതായിരുന്നു ആവശ്യം. നിലവില്‍ അവരുടെ നിര്‍വചന പ്രകാരം, സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവര്‍ മാത്രമാണ് അധ്യാപകര്‍. എന്നാല്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലും  ഈ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. സര്‍വകലാശാലകളില്‍ പഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരെയെല്ലാം വിദ്യാര്‍ഥികളായി കാണുന്ന സര്‍വകലാശാലയും സര്‍ക്കാറും കൗണ്‍സിലുമെല്ലാം, സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ പഠിപ്പിക്കുന്നവരെ അധ്യാപകരായി പരിഗണിക്കാന്‍ തയാറല്ലെന്നാണ് ഇതിലൂടെ പറയാതെ പറയുന്നത്. സാങ്കേതികമായ ചില തടസ്സങ്ങളുണ്ട് എന്നാണ് ഇതിന് ന്യായമായി സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പറയുന്നത്. സര്‍വകലാശാല സമിതികളിലും മറ്റും അംഗത്വവും വോട്ടവകാശവുമൊക്കെ നല്‍കേണ്ടിവരുമെന്ന ആശങ്ക സംഘടിതരായ അധ്യാപക സംഘടനകള്‍ നേരത്തെ പങ്കുവക്കുന്നുണ്ട്. മാനേജ്‌മെന്‌റുകളുടെ കൊടിയ ചൂഷണത്തില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കപ്പെടുമെന്ന സാഹചര്യവും ഇപ്പോള്‍ ഔദ്യോഗികമായി തന്നെ ഒഴിവാക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സവിശേഷമായ വീക്ഷണം പുലര്‍ത്തുന്നവര്‍വരെ, മാനേജ്‌മെന്‌റ് താത്പര്യത്തിന് വിരുദ്ധമായി അംഗീകൃത തൊഴിലാളികളെന്ന പരിഗണന നേടാന്‍ ഒരുപറ്റം യുവ അധ്യാപകര്‍ നടത്തുന്ന  ചെറിയ ശ്രമങ്ങളോട് പോലും മുഖം തിരിഞ്ഞുനില്‍്ക്കുന്നുവെന്നതാണ് കേരളത്തിലെ യാഥാര്‍ഥ്യം. ഒരുതരത്തിലും സംഘടിത പ്രതിരോധമുയര്‍ത്താനു്ള്ള ശേഷിയാര്‍ജിക്കാന്‍ കഴിയാത്തവിധം ഇവരെ ഔദ്യോഗിക സംവിധാനങ്ങള്‍ വരെ അരികിലേക്കൊതുക്കുന്നു. അപ്പോള്‍പിന്നെ മാനേജ്‌മെന്റുകളില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ലല്ലോ?

അധ്യാപര്‍ക്കുമുണ്ട് തലവരി

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ചൂഷണമായി ഇപ്പോഴും ഉന്നയിക്ക്‌പ്പെടുന്ന പ്രധാന ആക്ഷേപം വിദ്യാര്‍ഥികളുടെ തലവരിപ്പണമാണ്. ഓരോവര്‍ഷവും കഴിയാവുന്നത്ര ഫീസ് ഉയര്‍ത്തിക്കൊടുത്ത് കാലാകാലങ്ങളിലെ സര്‍ക്കാറുകള്‍ തന്നെ തലവരിയെന്ന ആക്ഷേപത്തില്‍നിന്ന് മാനേജ്‌മെന്‌റുകളെ രക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അവിടെയും നില്‍ക്കുന്നില്ല. സ്വാശ്രയ കോളജുകളില്‍ ജോലി കിട്ടാന്‍ അധ്യാപകരും തലവരിപ്പണം നല്‍കേണ്ട അവസ്ഥയാണ്. മാനേജ്‌മെന്റിന് അങ്ങോട്ട് പണം കൊടുത്ത് ജോലി വാങ്ങേണ്ട അവസ്ഥ. എയിഡഡ് സ്ഥാപനങ്ങളില്‍ ഇത് കേരളത്തില്‍ സര്‍വാംഗീകൃത ഇടപാടാണ്. അവിടെ മുടക്കുന്ന പണത്തിനുള്ള വരുമാനവും തൊഴില്‍ സുരക്ഷിതത്വവും അവിടെ ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇത് രണ്ടുമില്ലാത്ത സ്വാശ്രയ കോളജുകളിലും ജോലി കിട്ടാന്‍ ഇപ്പോള്‍ ലക്ഷങ്ങളാണ് മുടക്കേണ്ടി വരുന്നത്. 3 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാങ്ങുന്ന കോളജുകള്‍ കേരളത്തിലുണ്ട്. ജോലി അവസാനിപ്പിക്കുന്പോള്‍ തിരിച്ചുകൊടുക്കുമെന്ന  വാഗ്ദാനത്തോടെയാണ് പണം വാങ്ങുന്നത്. എന്നാല്‍ മാനേജ്‌മെന്‌റിന്‌റെ കൈയ്യില്‍പെട്ട പണം തിരിച്ചുകിട്ടല്‍ അത്രയെളുപ്പമല്ലെന്നാണ് ഇതുവരെയുള്ള അനുഭവം.

ആലപ്പുഴ ജില്ലയില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‌റെ പേരിലുള്ള സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ 3 ലക്ഷം രൂപയായിരുന്നു അധ്യാപകരുടെ തലവരി. ഉദ്യോഗാര്‍ഥികള്‍ പണം നല്‍കാന്‍ തയാറായതോടെ മാനേജര്‍ അതുതന്നെ ഒരുവരുമാന മാര്‍ഗമാക്കി മാറ്റി. പരമാവധി ആളുകള്‍ക്ക് പണം നല്‍കി ജോലി കൊടുത്തു. നിക്ഷേപവും ലാഭവും തിരിച്ചുവന്നപ്പോള്‍ കോളജ് വില്‍ക്കാമെന്നായി. ഒരു പ്രമുഖ സാമുദായിക നേതാവാണ് കോളജ് വാങ്ങാനെത്തിയത്. അയാള്‍ നടത്തിയ പഠനത്തില്‍ ഓരോ ഡിപ്പാര്‍ട്ട്‌മെന്‌റിലും നാലോ അഞ്ചോ അധ്യാപകര്‍ അധികമാണെന്ന് കണ്ടെത്തി. കോളജ് വാങ്ങണമെങ്കില്‍ അവരെ പിരിച്ചുവിടണമെന്ന നിബന്ധനവച്ചു. കച്ചവടം നടന്നതോടെ പണം നല്‍കി ജോലി വാങ്ങിയവര്‍ കൂട്ടത്തോടെ പുറത്തായി. അവര്‍ സംഘടിച്ച് സമരം ചെയ്‌തെങ്കിലും ഒരുഫലവുമുണ്ടായില്ല. ഏറെനാളത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍ തലവരി തിരിച്ച് കൈപ്പറ്റി അവര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. 10 ലക്ഷം വരെ അധ്യാപകരില്‍നിന്ന് തലവരി വാങ്ങുന്ന മാനേജ്‌മെന്‌റുകള് കേരളത്തിലുണ്ട്. പണവും ജോലിയും സംരക്ഷിക്കണമെന്നുല്‌ളവര്‍ക്ക് മാനേജ്‌മെന്‌റിന്‌റെ എല്ലാ തിട്ടൂരങ്ങളും കണ്ണടച്ച് അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ല. സാമൂഹ്യാംഗീകാരമുള്ള ജോലിയോടുള്ള അഭിനിവേശം, കടുത്ത തൊഴിലില്ലായ്മ തുടങ്ങിയ അഭ്യസ്കവിദ്യരായ മലയാളി യുവാക്കളുടെ നിസ്സഹായതകളെ മുതലെടുത്താണ് കോളജുകള്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം ഈടാക്കുന്നത്.

വ്യവസ്ഥയില്ലാത്ത വേതനവും സേവനവും

സ്വാശ്രയ കോളജിലെ സേവനത്തിനും വേതനത്തിനും എ ഐ സി ടി ഇയും സംസ്ഥാന സര്‍ക്കാറുമെല്ലാം വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പില്‍ വന്നിട്ടില്ല. കോളജുകളില്‍ തോന്നിയപടിയാണ് വേതനം. ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യം തന്നെയാണ് മാനേജ്‌മെന്‌റുകളുടെ ആത്മവിശ്വാസം. കേരളത്തിലെ ഒരു (മെഡിക്കല്‍ ഇതര) സ്വാശ്രയ കോളജിലെ ശരാശരി ശമ്പളം 15,000 രൂപയാണ്. ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ മഹാഭൂരിഭാഗവും ഈ നിരക്കിലാണ് ശ്മ്പളം കൈപറ്റുന്നത്. ഇത് തത്വത്തിലുള്ള ശമ്പളമാണ്. പ്രയോഗത്തില്‍ പല കോളജിലും ഇത്രപോലും കിട്ടുന്നില്ല. ആരെയും കണക്ക് ബോധിപ്പിക്കേണ്ടതില്ലാത്ത, ആരോടും മറുപടി പറയേണ്ടതില്ലാത്ത, ആരും ചോദ്യം ചെയ്യില്ലെന്ന് ഉറപ്പുള്ള ഒരു സംവിധാനത്തില്‍ മാനേജര്‍ക്ക് തോന്നിയ തുക ശമ്പളമായി നല്‍കിയാല്‍ അത് കൈപറ്റി ഒപ്പിട്ടുകൊടുക്ക മാത്രമേ ജീവനക്കാര്‍ക്ക് നിര്‍വാഹമുള്ളു. തോന്നിയ പോലെ ശന്പളം കൊടുക്കുന്ന കോളജുകളെ പ്രതിസന്ധിയിലാക്കിയ തീരുമാനമായിരുന്നു നോട്ട് നിരോധവും പണം പിന്‍വലിക്കല്‍ നിയന്ത്രണവും. ഇതോടെ ചെക്ക് വഴി ശമ്പളം കൊടുക്കാന്‍ നിര്‍ബന്ധിതമായ കോഴിക്കോട് വടകരയിലെ ഒരു സ്വാശ്രയ ആട്‌സ് കോളജ് അതിന് വിചിത്രമായ പോംവഴിയാണ് കണ്ടെത്തിയത്. രണ്ട് പേരുടെ ശമ്പളം ഒരാളുടെ പേരില്‍ ചെക്കെഴുതി ഒരു അക്കൗണ്ടിലേക്ക് നല്‍കുക. കണക്കില്‍ ഉയര്‍ന്ന തുക ശമ്പളമായി കാണിക്കാമെന്നതാണ് ഇതിന്‌റെ സൌകര്യം. അധ്യാപകര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ മാനേജ്‌മെന്‌റ് കണ്ണുരുട്ടി. അതോടെ ചോദ്യം ചെയ്യലും അവസാനിച്ചു. രാജിവക്കുന്ന അധ്യാപകര്‍ അവസാന മാസത്തെ ശമ്പളം വാങ്ങില്ലെന്ന് ഉപാധിവക്കുന്ന ഒരുത്തരവ് കഴിഞ്ഞ ദിവസം ഇതേകോളജില്‍ മാനേജ്‌മെന്‌റിറക്കി. അത് കടലാസിലെഴുതി സമ്മതപത്രമായി അധ്യാപകരില്‍നിന്ന് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഇങ്ങിനെയാണ് കോളജുകളില്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതും. മാനേജര്‍ക്ക് തോന്നുന്നതാണ് നിയമം. അവര്‍ക്കിഷ്ടമുള്ളതാണ് ചട്ടം.

ഓരേ സ്ഥാപനത്തില്‍ ഒരേ ദിവസം ഒരേ ഡിപ്പാര്‍ട്ട്‌മെന്‌റില്‍ ജോലിക്ക് ചേര്‍ന്ന നാലുപേര്‍ക്ക് നാലുതരം ശമ്പളം കൊടുക്കന്ന കോളജ് ആലപ്പുഴയിലുണ്ട്. ജോലിക്ക് ചേരുമ്പോള്‍ നല്‍കിയ നിക്ഷേപത്തിന്‌റെ തോതനുസരിച്ചാണ് ഇവിടെ ശ്മ്പളനിരക്ക് നിശ്ചയിക്കുന്നത്. മിനിമം വേതനമെന്നത് വെറും സങ്കല്‍പം മാത്രം. എന്നാല്‍ രേഖകളില്‍ എല്ലാം ഭദ്രവുമാണ്. നിയമനത്തില്‍ കരാറാണോ ഗസ്റ്റാണോ സ്ഥിരമാണോ എന്നൊന്നും വ്യക്തമാക്കാറില്ല.  ചിലയിടത്ത് നിയമന ഉത്തരവ് തന്നെയില്ല. ദിവസവും വന്ന് ക്ലാസെടുക്കാം. അതിലപ്പുറം ചോദ്യം പാടില്ല. ചോദിച്ചാല്‍ പിറ്റേന്ന് പണി കാണില്ല. ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് 21,600 രൂപയാണ് എ ഐ സി ടി ഇ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ശന്പളം. ഈ തുക നല്‍കുന്ന ഒരുകോളജും കേരളത്തിലില്ല. എന്നല്ല, ഇതിന്‌റെ പകുതി പോലും നല്‍കാത്ത നിരവധി കോളജുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. മിക്ക കോളജുകളും രണ്ടോ മൂന്നോ പേരെ എല്ലാ ആനുകൂല്യങ്ങളോടും പൂര്‍ണ ശമ്പളത്തോടും കൂടി നിയമിക്കും. ഇവരുടെ വിവരങ്ങള്‍ മാത്രമാണ് എഐസിടിഇക്കും സര്‍വകലാശാലക്കും നല്‍കുക. മറ്റുള്ളവരുടെ പേരപോലും പേ റോളില്‍ ഉണ്ടാകാറില്ല. സേവന വേതന വ്യവസ്ഥകള്‍ പരിശോധിക്കാന്‍ സാങ്കേതിക സര്‍വകലാശാല പ്രത്യേക സമിതി രീപീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ അതും ഇതുവരെയുണ്ടായിട്ടില്ല. എഐസിടിഇ നിശ്ചയിച്ച സ്റ്റാഫ് പാറ്റേണും കേരളത്തി്ല്‍ ഒരിടത്തും  നടപ്പായിട്ടില്ല. രേഖകളില്‍ എല്ലാമുണ്ടാകും. ഒരേ അധ്യാപകരുടെ പേരുകള്  പല കോളജുകലിലായി രേഖപ്പെടുത്തിയത് ഈയിടെ എഐസിടിഇ തന്നെ  കണ്ടെത്തിയിരുന്നു.

ആലപ്പുഴയിലും പത്തനംതിട്ടയിലും എന്‍ജിനീയറിങ് കോളജുകളുള്ള ഒരു വിദ്യാഭ്യാസ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന ഒരു അധ്യാപിക മെറ്റേണിറ്റി അവധിയില്‍ പോയി. ഇവിടെ പ്രസവാവധിയെന്നാല്‍ ശമ്പളമില്ലാത്ത അവധിയാണ്. എന്നിട്ടും പ്രസവം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞയുടന്‍ ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. മിക്ക സ്വാശ്രയ കോളജുകളും പ്രയോഗിക്കുന്ന ഒരു രീതിയാണിത്. കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരെ സര്‍വീസില്‍നിന്ന് ഒഴിവാക്കാനുള്ള തന്ത്രം. ജോലിക്ക് വരാന്‍ കഴിയില്ലെന്നുറപ്പുള്ള സമയത്ത് നോട്ടീസ് നല്‍കുക, അത് പിരിച്ചുവിടാനുള്ള കാരണമാക്കുക. പ്രസവാവധി മാത്രമല്ല മാനേജ്‌മെന്‌റ് കവര്‍ന്നെടുക്കുന്നത്. മാസ ശന്പളം നിശ്ചയിച്ചാണ് ജോലി ചെയ്യുന്നതെങ്കിലും അവധി ദിവസത്തിന് ശന്പളം കുറക്കുന്ന കോളജുകളും കേരളത്തിലുണ്ട്. ദിവസവേതനക്കാരുടെ നിയമമാണ് ഇവിടെ മാനേജ്‌മെന്‌റ് പ്രയോഗിക്കുന്നത്. കൂടുതല്‍ ശമ്പമുള്ള സീനിയര്‍ അധ്യാപകരെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുന്നത് പല കോളജുകളുടെയും സ്ഥിരം പരിപാടിയാണ്. പിരിച്ചുവിടാനാകട്ടെ പ്രത്യേകിച്ച് കാരണവും വേണ്ട. ആരും ചോദ്യം ചെയ്യുകയുമില്ല.

നാവടക്കി പണിയെടുക്കുക

മാനേജ്‌മെന്‌റിന്‌റെ നടപടികള്‍ എത്രമേല്‍ അന്യായമായാലും അതെല്ലാം നിശ്ശബ്ദമായി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് ജീവനക്കാരുടെ വിധി. അത് അധ്യാപകരായാലും അനധ്യാപകാരായലും. കേരളത്തില്‍ വളരെക്കുറച്ച് സ്വാശ്രയ സ്ഥാപനങ്ങളില്‍മാത്രമാണ് മാനേജ്‌മെന്‌റിനോട് എന്തെങ്കിലും ആവശ്യങ്ങളുന്നയിക്കുകയോ ഏതെങ്കിലും തീരുമാനത്തെ ചോദ്യം ചെയ്യുകയോ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ. എ്ന്നാല്‍ അവയുടെയെല്ലാം അനന്തരഫലം ഒന്നുതന്നെ. തൊഴില്‍ നഷ്ടം. തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ എന്‍ജനീയറിങ് കോളജില്‍ രണ്ട് വര്‍ഷം മുമ്പ് വലിയൊരു സമരം നടന്നു. രണ്ട് അധ്യാപകരെ പുറത്താക്കിയതിനെതിരെ അവിടത്തെ നൂറോളം അധ്യാപകര്‍ പണിമുടക്കിയ സമരം. കേരളത്തിലെ സ്വാശ്രയ മേഖലയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവം. വിദ്യാര്‍ഥി യൂണിയന്‌റെ ആവശ്യത്തെ പിന്തുണച്ചതിനാണ് സ്റ്റാഫ് അഡ്വൈസറായ അധ്യാപകനെ പിരിച്ചുവിട്ടത്. അത് ചോദ്യം ചെയ്ത മറ്റ് ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. നൂറോളം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഏതാനും ദിവസത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. മാനേജ്‌മെന്‌റിന്‌റെ സമ്മര്‍ദത്തിന് വഴങ്ങി സമരത്തില്‍നിന്ന് പിന്‍മാറി ജോലി ചെയ്യാന്‍ സന്നദ്ധരായവരെയും പിന്നീട് പിരിച്ചുവിട്ടു.

ഓണത്തിന് ബോണസ് നല്‍കണമെന്നാവശ്യപ്പെട്ടതിന് തിരുവനന്തപുരത്ത് ഒരു കോളജില്‍ നിന്ന് അഞ്ച് അധ്യാപകരെയാണ് സസ്‌പെന്‌റ് ചെയ്തത്. ഇവരെ പിന്തുണക്കാനോ തിരിച്ചെടുക്കണമെന്നാവശ്യപ്പെടാനോ സഹപ്രവര്‍ത്തകരാരും രംഗത്തിറങ്ങിയില്ല. മുവാറ്റപുഴയിലെ ഒരു സ്വാശ്രയ കോളജ് കഴിഞ്ഞ വര്‍ഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരെയും ഒറ്റയടിക്ക് പിരിച്ചുവിട്ടു. എല്ലാവരും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സീനിയറായ അധ്യാപകര്‍. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും. അക്കാരണത്താല്‍ തന്നെയാണ് അവരെ പിരിച്ചുവിട്ടതും. പകരം പുതുക്കക്കാരെ നിയമിച്ചതോടെ ലക്ഷങ്ങളാണ് മാനേജ്‌മെന്‌റ് ലാഭിച്ചത്. ഭീഷണി, ശാരീരിക പീഡനം, ഗുണ്ടാ ആക്രമണം തുടങ്ങി ഈ മേഖലയിലെ അധ്യാപകര്‍ വിചിത്രമായ വെല്ലുവിളികളാണ് നേരിടുന്നത്. ചെറിയ ചെറിയ കാരണങ്ങള്‍ കണ്ടെത്തി സീനിയര്‍ അധ്യാപകരെ പിരിച്ചുവിടുക എന്നത് ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു.

ഇതുതന്നെയാണ് എല്ലായിടത്തെയും സ്ഥിതി. ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ പിന്നെ പണികാണില്ല. ഇങ്ങിനെ ജോലി പോകുന്നവരെ മറ്റ് എന്‍ജിനീയറിങ് കളജുകള്‍ ജോലിക്കെടുക്കുയുമില്ല. അത് മാനേജ്‌മെന്‌റുകള് തമ്മില്‍ അവരുടെ അസോസിയേഷന്‍ വഴി എത്തിയിരിക്കുന്ന ധാരണയാണ്. ആരെയെങ്കിലും ഒഴിവാക്കുകയോ പുറത്താകുകയോ ചെയ്താല്‍ അക്കാര്യം അസോസിയേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. അവരുടെ അനുമതിയുണ്ടെങ്കിലേ മറ്റേതെങ്കിലും കോളജിന് അവരെ ജോലിക്ക് എടുക്കാനാകൂ. സെമസ്റ്ററുകള്‍ക്കിടയില്‍ ജോലി വിട്ടുപോകുന്നവരെ മറ്റ് കോളജുകള്‍ ജോലിക്കെടക്കരുതെന്ന ഉത്തരവ് സാങ്കേതിക സര്‍വകലാശാലയും പുറത്തിറക്കിയിട്ടുണ്ട്. അക്കാദമിക് താത്പര്യാര്‍ഥമെന്ന അവകാശവാദത്തോടെയാണ് സര്‍വകലാശാല ഈ ഉത്തരവ് ഇറക്കിയതെങ്കിലും ഫലത്തില്‍ അത് സ്വാശ്രയ കോളജുകളുടെ താത്പര്യം സംരക്ഷിക്കാനുള്ള ഉപാധിയായാണ് മാറിയിരിക്കുന്നത്. കോര്‍പറേറ്റ് മാനേജ്‌മെന്‌റുകളും സമുദായ മാനേജ്‌മെന്‌റുകളും ഇത്തരം പരസ്പരധാരണ നിലനിര്‍ത്തുന്നുണ്ട്. ചുരുക്കത്തില്‍ മാനേജേ്‌മെന്‌റുകളെ എതിര്‍ക്കുകയോ അവരുടെ തീരുമാനത്തോട് വിസമ്മതിക്കുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്താല്‍പോലും ജോലി നഷ്ടപ്പെടുന്ന സ്ഥിതി. ഈ അപകടം മുന്നില്‍കണ്ടാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്.

പുറത്താക്കും, പക്ഷെ രാജി പാടില്ല

മാനേജ്മെന്റിന്റെ അതൃപ്തിക്കിരയായാല്‍ പിന്നെ കോളജില്‍ ജോലിയില്ല. ഏതുസമയത്തും എന്ത് കാരണത്തിന്റെ പേരിലും പിരിച്ചുവിടാം. എന്നാല്‍ ഒരാള്‍ സ്വയം രാജിവച്ച് പോകാന്‍ തീരുമാനിച്ചാല്‍ അതിന് മാനേജ്മെന്റ് സമ്മതിക്കുകയുമില്ല. തൃശൂരില്‍ ഇപ്പോള്‍ വിവാദത്തിലായ സ്വാശ്രയ കോളജില്‍ നിന്ന് രാജിവച്ച അധ്യാപകന്റെ അനുഭവം ഇതിന് തെളിവാണ്. വാഗ്ദാനം ചെയ്ത ശന്പളമോ ഇന്‍ക്രിമെന്റോ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഇയാള്‍ രാജിവച്ചത്. അതോടെ മാനേജ്മെന്റിന്റെ മുഖം മാറി. അസവാനമാസത്ത ശന്പളം തടഞ്ഞുവച്ചു. ഒരുമാസത്തെ ശന്പളം തിരിച്ചുവാങ്ങി. എന്നിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ല. മൂന്നുമാസത്തെ ശന്പളം തിരിച്ചുനല്‍കണമെന്നാണ് ഇപ്പോള്‍ മാനേജ്മെന്റിന്റെ ആവശ്യം. ഒരുകൊല്ലമായി സ്വന്തം സര്‍ട്ടിഫിക്കേറ്റുകള്‍ക്കായി ഇയാള്‍ കോളജ് കയറിയിറങ്ങുകയാണ്. ഇതേസയമത്തുതന്നെ ഇതേകോളജിലെ പലരെയും മാനേജ്മെന്റ് ഒരു മടിയുമില്ലാതെ പിരിച്ചുവിട്ടിട്ടുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്.
ഇയാളുടെ ഭാര്യ ഒരിക്കല്‍ ഇവിടെ ജോലിക്കായി അപേക്ഷിച്ചിരുന്നു. അഭിമുഖം നടത്തി, എന്നാല്‍ നിയമനം നല്‍കിയില്ല. പക്ഷെ കോളജിന്റെ രേഖകളില്‍ അധ്യാപികയെന്ന നിലയില്‍ ഇവരുടെ പേരുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും ഉപയോഗിച്ച് വ്യാജ പട്ടികയുണ്ടാക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. എ ഐ സി ടി ഇക്കും മറ്റും നല്‍കുക ഇത്തരമാളുകളുടെ വിവരങ്ങളാണ്. ഇതും ചോദ്യം ചെയ്യാനാവില്ല. ചോദിച്ചാല്‍ ഭീഷണിയും ആക്രമണവുമാണ് മറുപടി. പല സ്വാശ്രയ കോളജുകളും സ്വന്തമായി ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നവരാണ്. അവര്‍ക്ക് അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഉത്തരവ് കിട്ടിയാല്‍ ആക്രമണം ഉറപ്പ്.

പിഴ മുതല്‍ പരീക്ഷ വരെ

സ്വാശ്രയ കോളജുകളിലെ പിഴ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ശിക്ഷയല്ല. അധ്യാപകരുടെ തെറ്റുകള്‍ക്കും മാനേജ്മെന്റ് പിഴയിടും. വിദ്യാര്‍ഥികള്‍ ക്ലാസില്‍ സംസാരിച്ചാല്‍, ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക ലംഘനം കുട്ടികളില്‍നിന്നുണ്ടായാല്‍, വിജയ ശതമാനം കുറഞ്ഞാല്‍....എല്ലാം അധ്യാപകര്‍ക്കും കടുത്ത ശിക്ഷയാണ്. ചിരിക്കുന്നത് മുതല്‍ താടി വക്കുന്നത് വരെ കുട്ടികളില്‍ നിന്ന് പിഴയീടാക്കാവുന്ന ശിക്ഷയാണ്. വന്‍തുകയാണ് പലരും ചുമത്തുന്നത്. പിഴ കുട്ടികളില്‍നിന്ന് ഈടാക്കി മാനേജ്മെന്റിന്റെ അക്കൌണ്ട് നിറക്കേണ്ട ബാധ്യതയും അധ്യാപകര്‍ക്കാണ്. കുട്ടികളില്‍നിന്ന് പിഴ കിട്ടിയില്ലെങ്കില്‍ അത് അധ്യാപകരില്‍നിന്ന് തന്നെ ഈടാക്കും. ഒരുക്ലാസില്‍ നിശ്ചിത ശതമാനം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ വിജയിച്ചിരിക്കണമെന്ന് മാനേജ്മെന്റ് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. അതില്ലെങ്കില്‍ നടപടിയുറപ്പ്. തോറ്റ കുട്ടികള്‍ക്ക് വേണ്ടി മാനേജമെന്റ് തന്നെ ട്യൂഷന്‍ ഏര്‍പാടാക്കും. ഇതിന്റെ ചുമതലയും കോളജിലെ അധ്യാപകര്‍ക്ക് തന്നെ. ട്യൂഷന്‍ കുട്ടികളുടെ വിജയത്തിനും ക്വാട്ടയുണ്ട്. ഇവ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അതെല്ലാം അധ്യാപകരെ പിരിച്ചുവിടാനുള്ള കാരണമാകുകയും ചെയ്യും.

കോളജുകളിലേക്ക് കുട്ടികളെ 'പിടിക്കാനും' അധ്യാപകര്‍ക്ക് ക്വാട്ടയുണ്ട്. ഒരുവര്‍ഷവും പ്ലസ്ടു കഴിയുന്നവരുടെയും പ്രവേശ പരീക്ഷ എഴുതുന്നവരുടെയും പട്ടിക ശേഖരിച്ച് മാനേജ്മെന്റുകള്‍‍ അധ്യാപകര്‍ക്ക് നല്‍കും. ഇഴരെ ഫോണില്‍വിളിച്ച് കോളജില്‍ അഡിമിഷന്‍ എടുപ്പിക്കുംവരെ 'കാന്‍വാസ്' ചെയ്യേണ്ട ചുമതലയും അധ്യാപകര്‍ക്കാണ്. അതിനുമുണ്ട് ക്വാട്ട. ക്വാട്ട പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നപടിയുറപ്പ്. അത് പിഴ മുതല്‍ പിരിച്ചുവിടല്‍ വരെയാകാം. ദോഷം പറയരുതല്ലൊ, ഫോണ്‍വിളിക്കാനുള്ള ചിലവ് കോളജ് തന്നെ വഹിക്കും. മൊബൈല്‍ റീചാര്‍ജ് ചെയ്ത് കൊടുക്കുകയെന്നതാണ് രീതി. പുതുതായി കോളജിലെത്തുന്ന അധ്യാപകര്‍ക്ക് കുട്ടികള്‍ക്കൊപ്പം പരീക്ഷയുമുണ്ട് ചിലയിടത്ത്. കുട്ടികള്‍ക്കുള്ള സെമസ്റ്റര്‍ പരീക്ഷയുടെ അതേ ചോദ്യപേപ്പര്‍ തന്നെയാണ് അധ്യാപകരുടെ പരീക്ഷക്കും നല്‍കുക. കുട്ടികള്‍ ക്ലാസിലിരുന്ന് എഴുതും. അധ്യാപകര്‍ വകുപ്പ് തലവന്റെ മുന്നിലും. ഇതിലെ മാര്‍ക്കനുസരിച്ചാണ് അവരുടെ പിന്നീടുള്ള ശന്പളവും മറ്റും നിശ്ചയിക്കുക.

മൌനം പാലിച്ച് രോഗം വാങ്ങുന്നവര്‍

ഇത്തരം നടപടികളിലൂടെ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന കടുത്ത സമ്മര്‍ദങ്ങള്‍ക്കും സ്വന്തം പിരമിതികള്‍ക്കുമിടയില്‍ കുരുങ്ങിപ്പോയ അധ്യാപകര്‍ കഠിനമായ മാനസിക പിരിമുറുക്കങ്ങളിലേക്കാണ് വഴുതിവീഴുന്നത്. അകാരണമായ ഉത്കണ്ഠകളാല്‍ വിഷാദരോഗികളായി മാറുന്നവരുടെ എണ്ണം സ്വാശ്രയ കോളജ് അധ്യാപകര്‍ക്കിടയില്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. അമിതമായ ജോലിഭാരം, അരക്ഷിതാവസ്ഥ, സമ്മര്‍ദം തുടങ്ങി കുട്ടികളില്‍നിന്നും ഉടമകളില്‍നിന്നും നേരിടുന്ന ശാരീരികമായ കൈയ്യേറ്റങ്ങള്‍ വരെ ഇവരുടെ ജീവിതം തകിടംമറിക്കുന്നു. സമ്മര്‍ദവും ജോലിഭാരവും കാരണം കുടുംബജീവിതം പോലും താറുമാറകുന്നു എന്ന ആവലാതിയുമായി മനോരോഗ വിദഗ്ധരുടെയടുക്കല്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സാധാരണ ജീവിതം അസാധ്യമാകുംവിധം രൂക്ഷമായ അവസ്ഥയിലേക്ക് ഇവരുടെ മനസ്സംഘര്‍ഷം വളരുകയാണ്. ഏറെക്കുറെ സമപ്രായക്കായവരെ തന്നെ പഠിപ്പിക്കേണ്ടിവരുന്ന അധ്യാപകര്‍ക്ക് അതിനനുസരിച്ച സംരക്ഷണവും പിന്തുണയും മാനേജ്‌മെന്‌റുകളില്‍നിന്ന് ലഭിക്കുന്നില്ല. ഈ അരക്ഷിത സാഹചര്യത്തിലും ജോലിയില്‍ തുടരാന്‍ പ്രേരിപ്പിക്കുംവിധം ആകര്‍ഷണീയമായ ശമ്പളവും ഇവര്‍ക്ക് ലഭിക്കുന്നില്ല. പുതിയ ആളുകള്‍ക്കാകട്ടെ ഇതിന് പുറമെ താങ്ങാനാകാത്ത ജോലിഭാരവുമുണ്ടാകും.
കുട്ടികളുടെ പരിഹാസം മുതല്‍ ലൈംഗികച്ചുവയുള്ള പെരുമാറ്റങ്ങള്‍ വരെ എങ്ങിനെ നേരിടണമെന്നറിയാതെ ചികിത്സ തേടിയെത്തുന്നവരുമുണ്ട്. ഇത്തരക്കാരെയും കൂടുതല്‍ അലട്ടുന്നത് മാനേജ്‌മെന്‌റില്‍നിന്ന് ഒരുതരം സംരക്ഷണവും ലഭിക്കുന്നില്ല എന്നതുതന്നെ. പരാതിപ്പെട്ടാല്‍ സ്വന്തം ജോലി നഷ്ടപ്പെടുമെന്നതില്‍ കവിഞ്ഞൊന്നും സംഭവിക്കില്ലെന്ന യാഥാര്‍ഥ്യം ഇവരെ കൂടുതല്‍ നിശ്ശബ്ദരാക്കുന്നു. ജോലിയെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ മാനസികസംഘര്‍ഷം ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപകമയിക്കൊണ്ടിരിക്കുകയാണ്. ഇതാകട്ടെ ചെറുപ്പക്കാരായ അധ്യാപകരിലാണ് കൂടുതല്‍ കാണുന്നത്. അരക്ഷിതമായ ജോലി സാഹചര്യത്തെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ മാനേജ്‌മെന്‌റില്‍നിന്ന് മാത്രമല്ല, സര്‍ക്കാറില്‍നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നോ ഇവര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ല. ഇത് ജോലി നഷ്ടപ്പെടാനുള്ള കാരണമായി മാറുകയും ചെയ്യും.

ഐ ഐ സി ടി ഇ, സാങ്കേതിക സര്‍വകലാശാല എന്നിവയാണ് നിലവില്‍ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ രണ്ട് പ്രധാന ഏജന്‍സികള്‍‍. മറ്റ് ശാഖകളിലമുണ്ട്, എ ഐ സി ടി ഇ പോലുള്ള പ്രൊഫഷണല്‍ ഏജന്‍സികള്‍. എന്നാല്‍ ഇവയൊന്നും സ്വാശ്രയ കോളജുകളെ പരിശോധിക്കാനോ നിടപടികളെടുക്കാനോ തയാറാകാറില്ല. ബിടെക് കോഴ്‌സുള്ള ഒരു എന്‍ജിനീയറിങ് കോളജിലെ ഒരു ഡിപ്പാര്‍ട്ട്‌മെന്‌റില്‍ 12 അധ്യാപകര്‍ വേണമെന്നാണ് ചട്ടം. ഇതില്‍ 8 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരും 3 പേര്‍ അസോസിയേറ്റ് പ്രൊഫസര്‍മാരുമായിരിക്കണം. എന്നാല്‍ കേരളത്തിലെ ഒട്ടുമിക്ക കോളജുകളും ഈ അനുപാതം പാലിക്കുന്നില്ല. പലയിടത്തും പുതുക്കക്കാരെ വച്ച് ആളെണ്ണം തികക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ കാര്യമായ പരിശോധനകളും ഉണ്ടാകാറില്ല. ശമ്പളം, തൊഴില്‍ സാഹചര്യം, മറ്റ് അക്കാദമിക് പ്രശ്‌നങ്ങള്‍ എന്നിവയിലും ഒരുതരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. തൊഴില്‍ തര്‍ക്കങ്ങളുണ്ടായാല്‍ വിദ്യാഭ്യാസ സ്ഥാപനമെന്ന കാരണത്താല്‍ തൊഴില്‍ വകുപ്പും ഇടപെടാറില്ല. ഓരോ കോളജും മാനേജ്‌മെന്‌റുകളുടെ സ്വതന്ത്ര പരമാധികാര പ്രദേശങ്ങളായി മാറിയിരിക്കുന്നു. കുട്ടികളെ ശാരീരികമായി നേരിടാന്‍ പല കോളജുകളിലും ഗുണ്ടാ സംഘങ്ങളും ഇടിമുറികളുണ്ട്. എന്നാല്‍, സ്വാശ്രയ കോളജില്‍ അധ്യാപകര്‍ക്ക് എല്ലായിടവും മാനേജ്‌മെന്‌റിന്‌റെ ഇടിമുറിയാണ്. പല മാനേജ്മെന്റുകളും അവിടത്തെ അധ്യാപകര്‍ക്ക് ഗുണ്ടാസംഘങ്ങള്‍ തന്നെയാണ്. എവിടെവച്ചും ആക്രമിക്കപ്പെടാവുന്നതാണ് അവരുടെ ജീവിതം. മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏല്‍ക്കേണ്ടിവരുന്ന കൊടിയ പീഡനങ്ങള്‍ സഹിക്കുകയല്ലാതെ, ജീവിക്കാന്‍ അവര്‍ക്ക് മറ്റുവഴികളുമില്ല.

(മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 06, 2017)

Thursday, January 12, 2017

മതമില്ലാത്ത വോട്ടിന്റെ മതവും ജാതിയും


മതേതര പ്രവര്‍ത്തനമായ തെരഞ്ഞെടുപ്പില്‍ ജാതി, മതം, വംശം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് ജയം റദ്ദാക്കാനുള്ള മതിയായ കാരണമാകുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സുപ്രീംകോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി രാജ്യത്ത് വ്യാപകമായ ആശങ്കയും ആശയക്കുഴപ്പവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (3) വകുപ്പ് പ്രകാരം മതം, ജാതി, വര്‍ണം മുതലായവയുടെ പേരില്‍  വോട്ട് ചോദിക്കുന്നത് നിലവില്‍ കുറ്റകരമാണ്. ഈ നിയമത്തിന് കൂടുതല്‍ വ്യാപ്തിയും പ്രഹരശേഷിയും നല്‍കുന്ന വ്യാഖ്യാനമാണ് സുപ്രിംകോടതി നടത്തിയത്. സ്ഥാനാര്‍ഥിക്ക് പുറമെ, സ്ഥാനാര്‍ഥിക്ക് വേണ്ടി ഈ രീതിയില്‍ ആര് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാലും തെരഞ്ഞെടുപ്പ് അസാധുവാക്കുമെന്നതാണ് പുതിയ മാറ്റം. മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതും പ്രചാരണം നടത്തുന്നതും ചര്‍ച്ചയോ സംവാദമോ നടത്തുന്നതും നിയമവിരുദ്ധമായി മാറി. ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി ഏതെങ്കിലും മത-ജാതി സംഘടനയോ മത
നേതാവോ പുരോഹിതനോ പണ്ഡിതനോ വോട്ടഭ്യര്‍ഥിച്ചാലും അത് കുറ്റകരമാകും. ഇത്തരം പരാതിയുള്ള തെരഞ്ഞെടുപ്പ് അഴിമതിയായാണ് കണക്കാക്കുക. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബഞ്ച്, മൂന്ന് പേരുടെ വിയോജിപ്പോടെയാണ് വിധി അംഗീകരിച്ചത്.

ഭൂരിപക്ഷത്തിന്റെ സാങ്കേതികതയില്‍ വിധി രാജ്യത്ത് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഈ വിധിക്ക് വഴിയൊരുക്കിയെ കേസ് ഏതെന്നത് ഇതിന്റെ സാമൂഹിക പ്രത്യാഘാതം ചര്‍ച്ച ചെയ്യുന്‌പോള്‍ ഏറെ പ്രസക്തമാണ്. ഹിന്ദു വര്‍ഗീയതയെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പില്‍ സംഘ്പരിവാരം നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരായ കേസില് 1995ല്‍ ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബഞ്ച് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു.
ഹിന്ദുത്വം മതമല്ല, സംസ്‌കാരമാണെന്നും ഹിന്ദുത്വത്തിന്റെ  പേരില്‍ വോട്ടു ചോദിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ല എന്നുമായിരുന്നു വിധി. സംഘ്പരിവാര്‍ വാദങ്ങളെ ശരിവച്ച കോടതി വിധി രാജ്യത്തെ ഹിന്ദു വര്‍ഗീയ കേന്ദ്രങ്ങള്‍ക്ക്  വലിയ ഊര്‍ജമാണ് നല്‍കിയത്. ഇതിനെതിരെ നല്‍കിയ ഹരിജിയിലാണ് ഇപ്പോഴത്തെ വിധി. എന്നാല്‍ ഹിന്ദുത്വത്തിന് നല്‍കിയ നിര്‍വചനം പുനപ്പരിശോധിക്കാനോ പുതിയ വ്യാഖ്യാനത്തിന്റെ പരിധിയില്‍ ഹിന്ദുത്വയും ഉള്‍പെടുമോ ഇല്ലയോ എന്ന് വ്യക്തതവരുത്താനോ കോടതി തയാറായില്ല. പഴയ വിധിയെ പരോക്ഷമായിപ്പോലും കോടതി പരാമര്‍ശിച്ചില്ല. ഫലത്തില്‍ ഹിന്ദുത്വത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് തെറ്റല്ലാതാകുകയും ഹിന്ദുവിതര മതമോ സമുദായമോ തെരഞ്ഞെടുപ്പില്‍ പരാമര്‍ശിക്കപ്പെട്ടാല്‍ അത് കുറ്റകൃത്യമായി മാറുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.

ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ മത-ഭാഷാ ന്യൂനപക്ഷങ്ങളെയും അധസ്ഥിത പിന്നാക്ക ദുര്‍ബല സമൂഹങ്ങളെയും ഈ വിധി കൊണ്ടെത്തിച്ചിരിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. ഇത്തരം സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ പാര്‍ട്ടികളുടെ നിലനില്‍പും മത-ജാതി-ഭാഷാ വിഭാഗങ്ങളുടെ പൌരാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരുടെ തെരഞ്ഞെടുപ്പ് രാഷ്ട്ട്രീയത്തിലെ പ്രാതിനിധ്യവും സാമുദായിക സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളുമെല്ലാം കുറ്റകൃത്യമായി മാറുകയാണ്. മതേതര രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ മതനിരപേക്ഷമാകണമെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം കുറ്റകൃത്യമായി മാറുന്നതോടെ സാമൂഹികമായി പുറന്തള്ളപ്പെടുന്നവര്‍ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ നിശ്ശബ്ദമാക്കപ്പെടുകയാണ് ചെയ്യുന്നത്. ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കുന്നതിനെയും സാമൂഹിക വിവേചനത്തെയും
അനീതിയെയും മറികടക്കാന്‍ ചോദ്യങ്ങളുന്നയിക്കുന്നതിനെയും രണ്ടായി കാണാതിരിക്കുന്നുവെന്നതാണ് ഈ വിധിയുടെ പോരായ്മ. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കുന്‌പോള്‍ ഇതിന്റെ വ്യാപ്തി ചെറുതല്ല. വിധിയെ സ്വാഗതം ചെയ്യാന്‍ ബിജെപി കാണിച്ച അത്യാവേശം, ഇതിന്റെ പ്രായോജകര്‍ ആരായിരിക്കുമെന്ന് വ്യക്തമാക്കുന്നുമുണ്ട്.

ഈ വിധിയുണ്ടായ സമയവും സന്ദര്‍ഭവും വര്‍ത്തമാനകാല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ഏറെ ശ്രദ്ധേയമാണ്. ദേശീയത, ദേശീയ ബോധം, ഭാഷ, സംസ്‌കാരം ഇത്യാദി ഘടകങ്ങളാലൊന്നും ഏകീകരിക്കപ്പെട്ടിട്ടില്ലാത്ത ജനതയാണ് ഇന്ത്യയിലുള്ളത്. എന്നല്ല, ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍  പൌരന്‍മാര്‍ക്കിടയില്‍ വലിയ വിഭജനങ്ങളുണ്ടാകുകയും ആ വിഭജനങ്ങള്‍ നിരന്തരമായ സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്യുന്നതാണ് ഇന്ത്യയിലെ ആഭ്യന്തര യാഥാര്‍ഥ്യം. ഓരോ സമുദായവും ഓരോ സംസ്‌കാരമായി മാറുകയും അവ, ഇന്ത്യയെന്ന ദേശ സങ്കല്‍പത്തിന് കീഴില്‍ ആ വൈവവിധ്യങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിക്കുകയും ചെയ്യുന്നു. ജാതി, സാമൂഹിക പിന്നാക്കാവസ്ഥ, ഭാഷ തുടങ്ങിയവയെല്ലാം ഈ വൈവിധ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഓരോ വിഭാഗത്തിന്റെയും സാമൂഹിക പദവിയെ നിര്‍ണയിക്കുന്നതിനും അതിലൂടെ ശ്രേണീബദ്ധമായ സാമൂഹിക ഘടന രൂപീകരിക്കുന്നതിനും കാരണമായിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്ര സംവിധാനം ഈ വൈവിധ്യത്തെ (സൈദ്ധാന്തികമായെങ്കിലും) ഏറെ ജനാധിപത്യപരമായാണ് സമീപിച്ചതും.

ചരിത്രപരമായ കാരണങ്ങളാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ സാമൂഹിക ഘടന ഒട്ടും പരിക്കേല്‍ക്കാതെ നിലനിന്നു. അതുകൊണ്ട് തന്നെ അധസ്ഥിത, പിന്നാക്ക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കടുത്ത വിവേചനമാണ് നേരിടേണ്ടിവന്നത്. എല്ലാതരം ചൂഷണങ്ങള്‍ക്കും അവര്‍ ഇരയായി. ദലിത്, മുസ്!ലിം വിഭാഗങ്ങളാണ് ഇതില്‍ ഏറ്റവുമേറെ ആക്രമിക്കപ്പെട്ടത്. പൈശാചികവത്കരണം മുതല്‍ അപരവത്കരണം വരെയുള്ള എല്ലാതരം സാമൂഹികാക്രമണങ്ങള്‍ക്കും അവര്‍ ഇരയായി. മാറി മാറിവന്ന ഭരണകൂടങ്ങളും അതിന്റെ ഭാഗമായി വികസിച്ച ഉദ്യോഗസ്ഥ സംവിധാനവും ജുഡീഷ്യറിയുമെല്ലാം അറിഞ്ഞും അറിയാതെയും ആ വിവേചനങ്ങളുടെ നടത്തിപ്പുകാരായി മാറി. ഭരണകൂടങ്ങളും ആ വിഭാഗങ്ങളും തമ്മിലെ പാരസ്പര്യത്തില്‍ പൌരന്‍/പൌര-സര്‍ക്കാര്‍ ബന്ധത്തിന്റെ സ്വാഭാവികതയുണ്ടായിരുന്നില്ല. സംശയവും അവിശ്വാസവുമായിരുന്നു ആ ബന്ധത്തിന്റെ അടിസ്ഥാന സ്വഭാവം. ആ ജനവിഭാഗങ്ങളുടെ അധികാര രൂപീകരണത്തെയും സാമൂഹിക പങ്കാളിത്തത്തെയും അത് അങ്ങേയറ്റം പരിമിതപ്പെടുത്തി.

ഭരണകൂടങ്ങളും അധീശ വിഭാഗങ്ങളും അവരെ നിരന്തരം അടിച്ചമര്‍ത്തി. രാജ്യത്തുണ്ടാകുന്ന ഓരോ നിയമവും ദിര്‍ബല വിഭാഗങ്ങളെ കൂടുതല്‍ കൂടുതല്‍ കുറ്റവാളികളാക്കി മാറ്റുന്ന തരത്തിലാണ് പ്രയോഗിക്കപ്പെട്ടത്. ഭീകര വിരുദ്ധ പോരാട്ടം എന്ന് പേരിട്ട് ഇന്ത്യയില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം നിഷ്‌കളങ്കരായ മുസ്ലിം യുവാക്കളെ ജയിലിലെത്തിക്കുന്നതിലാണ് കലാശിച്ചത്. യു എ പി എ പോലുള്ള കരിനിയമങ്ങള്‍ മുസ്ലിം വിരുദ്ധ നിയമങ്ങളായി മാറി. നിരപരാധികളും വിദ്യാസമ്പന്നരുമായ യുവാക്കളെ പിടികൂടി ഒരു തലമുറയുടെ അതിജീവന പദ്ധതികളെയാകെ തകര്‍ക്കുന്ന ഏജന്‍സിയായി ഭരണകൂടവും പൊലീസും മാറി. മറുഭാഗത്ത് സമാനമായ നിമങ്ങളും മാവോയിസ്റ്റ് ഭീഷണിയും പറഞ്ഞ് ദലിതരും സമാനമായരീതിയില്‍ ആക്രമിക്കപ്പെട്ടു.

ഇങ്ങിനെ എല്ലാ മേഖലകളിലും നീതി നിഷേധിക്കപ്പെട്ട ജനത അതിജീവനത്തിന് വേണ്ടി സ്വതന്ത്ര ഇന്ത്യയില്‍  സമാനതകളില്ലാത്ത പോരാട്ടമാണ് നടത്തിയത്. സമീപകാലത്ത് ആ പോരാട്ടം മൂര്‍ത്തമായ രാഷ്ട്രീയ രൂപം പ്രാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉത്തരാധുനികാനന്തര സമൂഹത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ ചിന്തകളിലും പ്രസ്ഥാനങ്ങളിലും ദുര്‍ബലരുടെ അസ്തിത്വ സംരക്ഷണം മുഖ്യ അജണ്ടയാക്കി മാറ്റുന്ന ചിന്താപദ്ധതികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഇത് മുസ്!ലിം, ദലിത് മുന്നേറ്റങ്ങളെ വലിയതോതില്‍ ശാക്തീകരിച്ചു. സ്വത്വരാഷ്ട്രീയം ഇന്ത്യയിലെ മുഖ്യ ചര്‍ച്ചകളിലൊന്നായി മാറി. പലതരത്തിലും തലത്തിലുമുള്ള ഉണര്‍വുകളാണ് ഇത് ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. അധീശ വിഭാഗങ്ങളുടെ മേധാവിത്തത്താല്‍ അദൃശ്യരാക്കപ്പെട്ടവര്‍ പൊതുധാരയില്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ സാന്നിധ്യവും ദൃശ്യതയും തന്നെ വലിയ രാഷ്ട്രീയ മുന്നേറ്റമായി മാറി. സംരക്ഷകരുടെ കൈയ്യില്‍ നിന്ന് കുതറിമാറി അവര്‍ സ്വയം അടയാളപ്പെടുത്തി. സാംസ്‌കാരിക സംഘങ്ങള്‍ മുതല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വരെ മുസ്!ലിം-ദലിത് കര്‍തൃത്വത്തില്‍ തന്നെ രൂപപ്പെട്ടു.

ഇന്ത്യയിലാകമാനം ഈ ഉണര്‍വ് പ്രകടമാണ്. കാന്പസുകള്‍ മുതല്‍ ഹൈന്ദവ വര്‍തീയതയുടെ പരീക്ഷണശാലയായ ഗുജറാത്തില്‍ വരെ ദലിത്, മുസ്ലിം പ്രതിരോധത്തിന്റെ പുതിയ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. വിവേചനത്തിനെതിരെ കൂടുതല് ചോദ്യങ്ങളും ഉച്ചത്തിലുള്ള എതിര്‍ ശ്ബദങ്ങളുമുയര്‍ന്നു. അവരുടെ പ്രതിരോധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സമ്മര്‍ദ ശക്തിയായി മാറാന്‍ കഴിയുംവിധത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ വികസിച്ചു. സമീപകാലത്തുണ്ടായ ഭരണകൂട-സാമൂഹികാക്രമണങ്ങള്‍ക്കെതിരെ ദലിത്, മുസ്ലിം വിഭാഗങ്ങളില്‍നിന്നുണ്ടായ പ്രതിരോധം ഈ വളര്‍ച്ചെയെക്കൂടി അടയാളപ്പെടുത്തുന്നതായിരുന്നു. ഭീകരവേട്ടയുടെ പേരിലുണ്ടായ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്ന മുസ്!ലിംകളുടെ പ്രതിഷേധവും ഉനയിലും ഹൈദരാബാദ് സര്‍വകലാശാലയിലുമൊക്കെയുണ്ടായ ദലിത് പ്രതിരോധങ്ങളുമെല്ലാം ഈ ഉണര്‍വിന്റെ പ്രതിഫലനമായിരുന്നു. ബട്!ല ഹൌസ് സംഭവം, ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി ലൌജിഹാദും ജെ എന്‍ യുവിലെ നജീബ് തിരോധാനവും വരെയുള്ള സംഭവങ്ങളില്‍ പത്തോ ഇരുപതോ വര്‍ഷം മുന്പുണ്ടായിരുന്നതിനേക്കാള്‍ ഫലപ്രദവും ക്രിയാത്മകവുമായ (ഇവയിലെല്ലാം ഈ വിഭാഗങ്ങളുടെ പരിമിതികള്‍കൂടി പ്രകടമായെങ്കിലും) ഇടപെടലുകളാണ് മുസ്!ലിം-ദലിത് സംഘടനകളും ഇത്തരം പ്രശ്‌നങ്ങളോട് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയത്. താടിവക്കലും ആടുമേക്കലുമാണ് ഇസ്ലാമെന്ന് വിശ്വസിക്കുന്നവര്‍ വരെ അതെല്ലാം വിട്ട് യു എ പി എയെയും അധീശവര്‍ഗ ഗൂഡാലോചനകളെയും പറ്റി സംസാരിക്കാന്‍ തുടങ്ങുവോളം അത് വികസിച്ചുകഴിഞ്ഞു. ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ മുന്പത്തേക്കാള്‍ ഏറെ സാമൂഹികമായ ചനലം സൃഷ്ടിക്കുന്നുമുണ്ട്. മുസ്!ലിം, ദലിത് മുന്‍കൈയ്യില്‍ രൂപപ്പെടുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യതയും അതില്‍ 'പ്രഖ്യാപിത മുഖ്യധാര'ക്കാരുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും ആ മാറ്റത്തില്‍ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുമുണ്ട്.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്താണ് ഈ വിധി വന്നിരിക്കുന്നത്. ദലിത് രാ്ഷ്ട്രീയ പരീക്ഷണങ്ങള്‍ വിജയകരമായി നടപ്പാക്കിയ സ്ഥലമാണത്.
യുപി ജനസംഖ്യയില്‍ ദലിത്, മുസ്ലിം വിഭാഗങ്ങള്‍ 40 ശതമാനത്തിലധികം വരും. മറ്റ് പിന്നാക്കക്കാരുമുണ്ട് അത്രതന്നെ. ഇതെല്ലാമാകട്ടെ, അതിസങ്കീര്‍ണമായ രീതിയില്‍ ജാതിവിഭജനങ്ങളാല്‍ തരംതിരിക്കപ്പെട്ടവരുമാണ്. ഇത്രയേറെ ആളുകളുടെ നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന അന്യായങ്ങളെയും വിവേചനത്തെയും പരാമര്‍ശിക്കാത്ത ഒരു യുപി തെരഞ്ഞെടുപ്പ് ഒട്ടും ജനാധിപത്യപരമായിരിക്കില്ല. ഇത്തവണയാകട്ടെ. ചിതറിപ്പോകുന്ന മുസ്#ലിം വോട്ടുകള്‍ വര്‍ഗീയ ഫാസിസത്തിന് സഹാകരമാകാത്ത തരത്തില്‍ സമാഹരിക്കാനും അത് മതേതര ചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താനുമായി മുസ്#ിലം സംഘടനകള്‍ ഇതിനകം തന്നെ  പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എട്ട് മുസ്#ലിം സംഘടനകള്‍ ചേര്‍ന്ന് ഇതിനായി ഒരു മുന്നണിയുമുണ്ടാക്കിയിട്ടുണ്ട്. ബാബരി മസ്ജിദിന്‌റെ തകര്‍ച്ചക്ക് വരെ സാക്ഷിയായ യുപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്#ലിം സംഘടനകള്‍ ഈ കൂട്ടായ രാഷ്ട്രീയ നീക്കം നടത്തുന്നത്. മുസ്#ലികംള്‍ രാഷ്ടീയമായും സാമൂഹികമായും അങ്ങേയറ്റം ദുര്‍ബലമായ യുപിയില്‍ സംഘടിത നീക്കങ്ങള്‍ നടത്താവുന്ന തരത്തിലേക്ക് അധസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം വികസിച്ചിരിക്കുന്നുവെന്നര്‍ഥം. യുപിയിലെ ദലിത് രാഷ്ട്രീയമാകട്ടെ, ഇതുവരെ അവര്‍ അധീശവര്‍ഗങ്ങളെന്ന് കണക്കാക്കി അകറ്റി നിര്‍ത്തിയവരെപ്പോലും കൂടെക്കൂട്ടാനും അവരെ മുന്നില്‍നിന്ന് നയിക്കാനും കഴിയുംവിധം പുതിയതരം കര്‍തൃത്വം (ഇതിന് മറ്റുചില ദോഷങ്ങളുണ്ടായെങ്കിലും) വികസിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്.

ഈ ഉണര്‍വുകളെയും മുന്നേറ്റങ്ങളെയും തടയിടുകയെന്നത് അധീശവര്‍ഗ രാഷ്ട്രീയ അജണ്ടയിലെ എക്കാലത്തെയും മുഖ്യ ഇനമാണ്. അതിന് ഓരോകാലത്തും അതിനനുസരിച്ച തന്ത്രങ്ങളും രാ്ഷ്ട്രീയ നീക്കങ്ങളും ഇത്തരം വിഭാഗങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. വര്‍ഗ സിദ്ധാന്തവും വര്‍ഗീയ സിദ്ധാന്തവും വ്യത്യസ്ത ധാരകളിലൂടെയാണെങ്കിലും ഒരുപോലെ സ്വത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന അവസ്ഥക്ക് വരെ രാജ്യം സാക്ഷിയായിട്ടുണ്ട്. പ്രത്യേക സൈനികാധികാര നിയമം, യുഎപിഎ, അതിന് മുന്പുണ്ടായിരുന്ന പോട്ട, ടാഡ പോലുള്ള നിയമങ്ങള്‍, തീവ്രവാദ വിരുദ്ധ പോരാട്ടം-ഭീകര വിരുദ്ധ യുദ്ധം തുട്ങ്ങിയ പ്രയോഗങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഇവയെല്ലാം ഫലത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ ആയുധങ്ങളായി മാറുന്നതും ഭരണകൂട-അധീശവര്‍ഗ താത്പര്യങ്ങളാല്‍ അവ നിയന്ത്രിക്കപ്പെടുന്നതിനാലാണ്.  ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ ശക്തികളായ സംഘിപരിവാറും ബിജെപിയും അവരുടെ വര്‍ഗീയ അജണ്ടകള്‍ ദേശീയതയുടെ നിറംപുരട്ടിയാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. അപരവത്കരണത്തിനും പുറന്തള്ളലിനും ഏറ്റവുമെളുപ്പത്തില്‍ പ്രയോഗിക്കാവുന്ന ഉപാധിയാണ് ദേശീയത, ഇന്ത്യയെപ്പോലൊരു രാജ്യത്ത് വിശേഷിച്ചും. പൗരന്‌റെ/പൗരയുടെ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന ഭരണാഘടനാവിരുദ്ധംപോലുമായ നടപടികള്‍ വരെ ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്‌റെയും പേരിലാണ് ന്യായീകരിക്കപ്പെടുന്നത്. അതിന്‌റെ ജനാധിപത്യവിരുദ്ധതയെപ്പോലും വിമര്‍ശിക്കാന്‍ കഴിയാത്ത വിധം അവയെല്ലാം ദേശം എന്ന വൈകാരിക സങ്കല്‍പത്തോട് ചേര്‍ത്തുവക്കുകയാണ് ചെയ്യുന്നത്. നോട്ട് അസാധുവാക്കല്‍ നടപടികളെ സാമ്പത്തിക ശാസ്ത്രത്തിന്‌റെ അടിസ്ഥാനത്തില്‍ പോലും എതിര്‍ക്കാന്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് വരെ ഭയപ്പെട്ടതിന്‌റെ കാരണവും മറ്റൊന്നായിരുന്നില്ല.
ഈ നിസ്സഹായാവസ്ഥ നാള്‍ക്കുനാള്‍ രൂക്ഷമാകുംവിധമാണ് 'ദേശീയ' പ്രശ്നങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത്. അത് ജനാധിപത്യ സംവിധാനത്തില്‍ ഹിന്ദുവിതര സമൂഹങ്ങള്‍ക്ക് കിട്ടേണ്ട അര്‍ഹമായ ഇടങ്ങളെ ഇല്ലാതാക്കുകയും അവരെ കൂടുതല്‍ കൂടുതല്‍ അരികുകകളിലേക്ക് തള്ളിമാറ്റുകയുമാണ് ചെയ്യുന്നത്. ഇപ്പോഴുണ്ടായ വിധിയെ സ്വാഗതം ചെയ്ത ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അവര്‍ വിധിയെ പിന്തുണക്കുന്നതിന് കാരണമായി പറഞ്ഞത് 'തങ്ങള്‍ ദേശീയതാപരമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്' എന്നാണ്. മാട്ടിറച്ചി നിരോധം, യോഗ, ആയുധപൂജ, സൂര്യനമസ്കാരം, ഗീതാപഠനം, സംസ്കൃത വിദ്യാഭ്യസം, നിലവിളക്ക് കൊളുത്തല് തുടങ്ങിയവയെല്ലാം ഹിന്ദുവിതര സമുദായങ്ങളെയും അവര്‍ണ വിഭാഗങ്ങളെയും ആക്രമിക്കാനുള്ള 'ദേശീയ' കാരണങ്ങളാക്കി നേരത്തെ തന്നെ ബിജെപി മാറ്റിയിട്ടുണ്ട്.  ഇവയെല്ലാം ദേശീയ ചിഹ്നങ്ങളും രാജ്യത്തിന്റെ സാംസ്കാരിക  ആചാരങ്ങളുമാണെന്നാണ് സംഘിപരിവാര്‍ നിലപാട്. അപ്പോള്‍ ബിജെപിയുടെ 'ദേശീയതാപരമായ രാഷ്ട്രീയ'ത്തിന്റെ നിര്‍വചനം  എന്തായിരിക്കുമെന്നതില്‍ സംശയമുണ്ടാകേണ്ടതില്ല. ഇത്തരം വാദങ്ങള്‍ക്കെല്ലാം നിയമപരമായ സാധുതയും ജൂഡീഷ്യല്‍ പിന്തുണയും ഉറപ്പാക്കുകയാണ് ഇപ്പോള്‍ സുപ്രിംകോടതി ചെയ്തിരിക്കുന്നത്.

വര്‍ഗീയ-ഫാസിസ്റ്റ് അജണ്ടകളെ  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് എത്തിച്ചുകൊടുത്തുവെന്നതാണ് പുതിയ വിധിയുടെ അനന്തരഫലം. സാമാന്യനീതിക്കായുള്ള അനിവാര്യമായ ശബ്ദങ്ങളെപ്പൊലും അടിച്ചമര്‍ത്താനും അവയെല്ലാം കുറ്റകരമായ പ്രവര്‍ത്തനങ്ങളായി വ്യാഖ്യാനിച്ച് ജയിലലടക്കാനും അധീശ വിഭാഗങ്ങള്‍ക്ക് ഇനിയധികം അധ്വാനിക്കേണ്ടിവരില്ല. ബിജെപിക്കാര്‍ ബസ് കത്തിച്ചാല്‍ രാ്ഷ്ട്രീയ പ്രവര്‍ത്തനവും പിഡിപിക്കാരാണെങ്കില്‍ ഭീകരവാദവും ആണെന്ന തത്വം നേരത്തെ തന്നെ കേരളത്തില്‍പോലും നടപ്പാക്കപ്പെട്ടതാണ്. ഇത്തരമൊരു സ്ഥിതി വിശേഷം നിലനില്‍ക്കുന്ന രാജ്യത്താണ് അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നവരെപ്പോലും നിശ്ശബ്ദരാക്കാന്‍ കഴിയുന്ന തരത്തിലുള്ള കോടതി വിധിയുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാകാതെയാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്നതുതന്നെയാണ് അതിനെ അപകടകരമായ ഉത്തരവാക്കി മാറ്റുന്നത്. ബഹുമത സമൂഹവും ജാതീയ വൈജാത്യങ്ങളും വംശീയ വൈരുദ്ധ്യങ്ങളും ഒരുജില്ലയില്‍ തന്നെ പലതരം ഭാഷകളുള്ളത്രയും വൈവിധ്യങ്ങളുമുള്ള രാജ്യത്തിന്‌റെ സങ്കീര്‍ണതകളെ കോടതിക്ക് കാണാന്‍ കഴിഞ്ഞില്ല. കേസിനാസ്പദമായ ഹിന്ദുത്വയുടെ നിര്‍വചനത്തെ വിമര്‍ശനാത്മകമായി പോലും കോടതി സമീപിച്ചില്ല. മാത്രമല്ല, ഈ വിധിക്കെതിരായ വിമര്‍ശംപോലും ദേശവിരുദ്ധ പ്രവര്‍ത്തനമായി മാറ്റാന്‍കഴിയുന്ന സ്ഥിതിവിശേഷം അവശേഷിപ്പിക്കുകയും ചെയ്തു. ഹിന്ദുമത വിശ്വാസവും ചിഹ്നങ്ങളും യഥേഷ്ടം ഉപയോഗപ്പെടുത്തുകയും മതത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയും ചെയ്യുന്ന ബിജെപിക്ക് ഫലത്തില്‍ സംരക്ഷണമാവുകയാണ് വിധി. രാജ്യത്തെ ഏറ്റവും വലിയ മതരാഷ്ട്ര വാദികളെയാണ് അത് ശക്തിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഈ വിധി മതമില്ലാത്ത വോട്ടുകള്‍ ഉറപ്പാക്കില്ല. തെരഞ്ഞെടുപ്പ് മതരഹിതമാകുകയുമില്ല. എന്നല്ല, വോട്ടിന് വേണ്ട മതമേതെന്ന് നിര്‍വചിക്കാന്‍ ആ വിധി കാരണമാകുകയും ചെയ്യും. വിയോജനക്കുറിപ്പെഴുതിയ മൂന്ന് ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ ഇതിന് അടിവരയിടുന്നുമുണ്ട്.

ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നത് കോടതി പുതിയ നിയമം നിര്‍മിക്കുന്നതുപോലെയാണ് (judicial redrafting of law) എന്ന വിമര്‍ശം വിയോജനക്കുറിപ്പില്‍ ഭരണഘടനാ ബഞ്ചിലെ സഹ ജഡ്ജിമാര്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍, ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്യുന്നതിനെയോ അതേക്കുറിച്ച് സംവദിക്കുന്നതിനെയോ നിരോധിക്കുന്നില്ല. ജനങ്ങളെ അവരുടെ ന്യായമായ ആവശ്യങ്ങളുന്നയിക്കുന്നതില്‍നിന്ന് തടയുകയാണെങ്കില്‍ അത് ജനാധിപത്യമെന്ന വിശാലമായ സങ്കല്‍പത്തെ അങ്ങേയറ്റം ചെറുതാക്കിക്കളയുമെന്നും അതില്‍ അവര്‍ ഓര്‍മിപ്പിക്കുന്നു. ജനാധിപത്യത്തിന്‌റെ പല വാതിലുകളും പലവഴികളുമുപയോഗിച്ച്, അധീശ ന്യൂനപക്ഷത്തോട് പോരടിച്ച് അതിജീവനത്തിന് ശ്രമിക്കുന്ന ദുര്‍ബല ഭൂരിപക്ഷത്തെ നിശ്ശബ്ദരാക്കി അവരെ വീണ്ടും പുറമ്പോക്കുകളിലേക്ക് ആട്ടിയോടിക്കാനുള്ള വിധിയായി ഇത് മാറുമെന്ന ആശങ്കയുയരുന്നതും അതുകൊണ്ട് തന്നെയാണ്. അത് ജനാധിപത്യത്തെത്തന്നെയാണ് ദുര്‍ബലമാക്കുക.
(സുപ്രഭാതം, 13-01-17)

കച്ചവടം പൊടിപാറട്ടെ, സര്‍ക്കാര്‍ ഒപ്പമുണ്ട്

ഏതാണ്ട് രണ്ട് പതിറ്റാണ്ടായ കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ആണ്ടുതോറും ആവര്‍ത്തിക്കുന്ന രാഷ്ട്രീയ വിവാദമായിരുന്നു ഓര...