Friday, April 27, 2012


എസ്.എസ്.എല്‍.സി: ഉദാരമൂല്യനിര്‍ണയത്തിന് അംഗീകാരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉദാരമൂല്യനിര്‍ണയത്തിന് പൊതു അംഗീകാരം. ഉദാര മൂല്യനിര്‍ണയവും മാര്‍ക്കുദാനവും വഴി എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം ഉയര്‍ത്തുന്നുവെന്ന് നേരത്തേ വിമര്‍ശമുന്നയിച്ചവര്‍ തന്നെ ഈ രീതി അംഗീകരിച്ചെന്നാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചചെയ്ത ഉദാര മൂല്യനിര്‍ണയം ഇതോടെ കേരള എസ്.എസ്.എല്‍.സിയുടെ അംഗീകൃത മൂല്യനിര്‍ണയരീതിയാവുകയാണ്. അധികാരമേറ്റയുടന്‍ 10ാംക്ളാസില്‍ വന്‍തോതില്‍ വിജയം സൃഷ്ടിച്ച കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നയത്തിനെതിരെ അന്നത്തെ പ്രതിപക്ഷം രൂക്ഷവിമര്‍ശങ്ങളാണുന്നയിച്ചത്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ കവച്ചുവെച്ച വിജയശതമാനമാണ് ഇത്തവണയുണ്ടായത്. ഉദാര മൂല്യനിര്‍ണയമാണ് ഈ വിജയത്തിനും കാരണമായത്. നേരത്തേ എതിര്‍ത്തവരും 'ഉദാരത' അംഗീകരിച്ചതോടെ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തില്‍ ഇനി തല്‍ക്കാലം നയംമാറ്റമുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
മോഡറേഷന്‍ നല്‍കി കൂടുതല്‍ കുട്ടികളെ ജയിപ്പിക്കുന്ന രീതിയായിരുന്നു 2005 വരെയുണ്ടായിരുന്നത്. 2000 മുതല്‍ 2005 വരെ കാലയളവിലെ എസ്.എസ്.എല്‍.സി വിജയശതമാനം 42.89 മുതല്‍ 56.69 വരെയായിരുന്നു. മോഡറേഷന്‍ നല്‍കി ഇത് 56.18 ശതമാനം മുതല്‍ 70.06 ശതമാനംവരെയാക്കി. മോഡറേഷന്‍ നിറുത്തിയ 2005ല്‍ 58.49 ശതമാനമായിരുന്നു വിജയം. 2006ല്‍ 68ആയി. ഇതിനുപിന്നാലെയാണ് ഉദാര മൂല്യനിര്‍ണയത്തിന് നിര്‍ദേശമുണ്ടായത്. തൊട്ടടുത്ത വര്‍ഷം അതിന്റെ ഫലവും കണ്ടു -82.29 ശതമാനം. 14.29 ശതമാനം വര്‍ധന. 2008ല്‍ ആകട്ടെ ഉദാര മൂല്യനിര്‍ണയം മാര്‍ക്ക് ദാനത്തോളമെത്തി. അക്കൊല്ലം വിജയം 92.09 ശതമാനമായി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷത്തിനകം എസ്.എസ്.എല്‍.സി വിജയം 24.09 ശതമാനം വര്‍ധിച്ചു. അസാധാരണമായ ഈ വര്‍ധന മാര്‍ക്ക് ദാന-ഉദാര മൂല്യനിര്‍ണയ വിമര്‍ശങ്ങള്‍ ബലപ്പെടുത്തി. പിന്നീടുള്ള വര്‍ഷങ്ങളിലും വിജയശതമാനം 90ല്‍ താഴെ പോയില്ല.
ഡി.പി.ഇ.പി നടപ്പാക്കപ്പെട്ടതോടെ വിദ്യാഭ്യാസ രീതികളില്‍ വന്ന മാറ്റം സൃഷ്ടിച്ച തിരിച്ചടികള്‍ മറികടക്കാനാണ് മൂല്യനിര്‍ണയം ഉദാരമാക്കിയത് എന്നായിരുന്നു പ്രധാന വിമര്‍ശം. ഭാഷാവൈകല്യം പരിഗണിക്കാതെ മാര്‍ക്ക് നല്‍കാനുള്ള നിര്‍ദേശം ഡി.പി.ഇ.പി കാരണം അക്ഷരജ്ഞാനം കുറഞ്ഞുപോയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഉത്തരക്കടലാസില്‍ ചോദ്യത്തിന്റെ നമ്പര്‍ എഴുതിയാല്‍ ഉത്തരമെഴുതാനുള്ള ശ്രമം എന്ന നിലയില്‍ എന്‍ട്രി പോയന്റായി പരിഗണിച്ച് മിനിമം മാര്‍ക്ക് നല്‍കി. വിദ്യാഭ്യാസ മേഖലക്കെതിരായ വിമര്‍ശങ്ങള്‍ ഈ വിജയക്കുതിപ്പില്‍ അവഗണിക്കപ്പെട്ടു. ഇടത് സര്‍ക്കാറിന്റെ ഈ ഉദാരതക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശങ്ങളും ഉന്നയിച്ച യു.ഡി.എഫ്, അധികാരത്തില്‍ വന്നപ്പോള്‍ അതേവഴി തന്നെ പിന്തുടരുന്നുവെന്നാണ് ഈ വര്‍ഷ ഫലം വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് പഴയ വിമര്‍ശങ്ങളെല്ലാം വിഴുങ്ങുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുകയും ചെയ്തു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ അത്തരം വിമര്‍ശങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്നായിരുന്നു ഫലം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അബ്ദുറബ്ബിന്റെ മറുപടി. വിവാദ മൂല്യനിര്‍ണയരീതിയില്‍ പുതിയ സര്‍ക്കാര്‍ മാറ്റംവരുത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഈ ദിശയില്‍ ചില സൂചനകള്‍ മന്ത്രി നേരത്തേ നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫലപ്രഖ്യാപനത്തിലും ഇത്തരം ചില പരാമര്‍ശങ്ങള്‍ മന്ത്രി നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ച് ഉദാരമൂല്യ നിര്‍ണയം 'സ്ഥിരപ്പെടുത്തുക'യാണ് ഇപ്പോള്‍ ചെയ്തത്. ഇനി ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗികരീതിയായി നിലനില്‍ക്കും. യു.ഡി.എഫ് സര്‍ക്കാറും ഈ രീതി പിന്തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ മൂല്യനിര്‍ണയ രീതിയില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. അതേസമയം, അതിവേഗം ഫലം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന് നേട്ടമായി. പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ ഫലം പ്രഖ്യാപിച്ചത് കേരളത്തില്‍ ആദ്യമാണ്. ഉപരിപഠനത്തിന് തയാറെടുക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകമാകും.
(27...04...12)

Thursday, April 19, 2012

ദരിദ്ര മേഖലയില്‍ സ്‌കൂള്‍ പoനം നിലക്കും


തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ദരിദ്രര്‍ താമസിക്കുന്ന മേഖലകളില്‍ പ്രാഥമിക വിദ്യാഭ്യാസ സംവിധാനം ഇല്ലാതാകുന്നു. ആദിവാസി, തീരദേശ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബദല്‍ സ്‌കൂളുകളുടെ കാലാവധി തീരുകയും പകരം സംവിധാനത്തിന് കേന്ദ്രം അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് ഈ പ്രതിസന്ധി. വരുന്ന അധ്യയന വര്‍ഷം ഈ മേഖലയിലെ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പ~നം അവസാനിപ്പിക്കേണ്ടി വരും.  പുതിയ സ്‌കൂളുകള്‍ ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ബദല്‍ വിദ്യാലയങ്ങളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നപ്പോഴാണ് കേരളത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ~നാവസരം നിഷേധിക്കപ്പെടുന്നത്.

ദരിദ്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനാണ് മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്റര്‍ എന്ന പേരില്‍ ഏകാധ്യാപക/ബദല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചത്. കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു ഇത്. കേരളത്തില്‍ ആകെ 365 ബദല്‍ സ്‌കൂളുകളാണ് കഴിഞ്ഞ അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചത്. പതിനായിരത്തോളം കുട്ടികള്‍ ഇവയില്‍ പ~നം നടത്തിയിരുന്നു. ഇടുക്കിയലാണ് കൂടുതല്‍ കേന്ദ്രങ്ങളുള്ളത് -95. മലപ്പുറത്ത് 75. കാസര്‍കോട് (44), വയനാട് (40), പാലക്കാട് (38) ജില്ലകള്‍ ഇവക്ക് പിന്നിലുണ്ട്. മറ്റ് ജില്ലകളിലും സ്‌കൂളുകളുണ്ട്. സംസ്ഥാനത്ത് ആദിവാസി, തീരദേശ മേഖലകളില്‍ മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന വര്‍ഷം ഈ പദ്ധതിയുടെ കാലാവധി തീര്‍ന്നുവെങ്കിലും കേരളം ഒരു വര്‍ഷംകൂടി അത് നീട്ടിക്കൊടുത്തു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഒരുകൊല്ലം നീട്ടി. കേന്ദ്രം ഈ പദ്ധതി ഉപേക്ഷിച്ചതിനാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കഴിഞ്ഞ കൊല്ലം ഇവ പ്രവര്‍ത്തിച്ചത്. പണമില്ലാത്തതിനാല്‍ അവസാന നാല് മാസം അധ്യാപകര്‍ക്ക് ശമ്പളം പോലും കിട്ടിയുമില്ല.

അടുത്ത അധ്യയന വര്‍ഷം ഈ സ്‌കൂളുകള്‍ പുര്‍ണമായി നിര്‍ത്തലാക്കാനും പകരം സ്‌കൂളുകള്‍ തുടങ്ങാനും അതുവരെ സര്‍ക്കാര്‍ തന്നെ യാത്രാചിലവ് വഹിച്ച് കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ എത്തിച്ച് പ~ിപ്പിക്കാനുമാണ് സര്‍വ ശിക്ഷാ അഭിയാന്‍ വഴി കേരളം തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം നല്‍കിയ 52 പ്രദേശങ്ങളില്‍ സ്‌കൂള്‍ സ്ഥാപിക്കാനായിരുന്നു ആദ്യ ഘട്ട പദ്ധതി. ഇവക്കായി 600 കോടിയോളം രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പിച്ചു. എന്നാല്‍ ഇത് പൂര്‍ണമായി കേന്ദ്രം തള്ളി. ഇതോടെ യാത്രാചിലവും പുതിയ സ്‌കൂള്‍ പദ്ധതിയും ഒരേസമയം ഇല്ലാതായി. ബദല്‍ സ്‌കൂളുകള്‍ കാലാവധി തീര്‍ന്നതിനാല്‍ അവയും ഇല്ലാതായി. ഇവയിനി പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ സ്‌കൂളുകളുടെ നിയന്ത്രണമുള്ള ഡി.പി.ഐ ഓഫീസിന് പോലും വ്യക്തതയില്ല. ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കും സ്വന്തം ഭാവിയെക്കുറിച്ച് ധാരണയില്ല. നിലവിലുള്ള സ്‌കൂളുകള്‍ ഇല്ലാതാകുകയും പകരം സംവിധാനം ഏര്‍പെടുത്താതിരിക്കുകയുമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ബദല്‍ സ്‌കൂളുകള്‍ വരുംവര്‍ഷവും തുടരാന്‍ തീരുമാനിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ നിലവിലെ ശമ്പള കുടിശ്ശിക തീര്‍ക്കാനും ഒരുകൊല്ലം സ്‌കൂള്‍ നടത്താനുമുള്ള പണം സംസ്ഥാനം കണ്ടെത്തണം. ഇതാണ് അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം.
(19...04...12)

Tuesday, April 17, 2012

എസ്.എസ്.എ: കേരളത്തിന് പുതിയ സ്‌കൂളുകള്‍ നിഷേധിച്ചു


തിരുവനന്തപുരം: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം സ്‌കൂളുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ പുതിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാനുള്ള കേരളത്തിന്റെ പദ്ധതി കേന്ദ്രം നിരാകരിച്ചു. ഗോത്ര വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച മേഖലകളിലും എറ്റവും ഒറ്റപ്പെട്ട മേഖലകളിലുമായി 52 സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാനാണ് കേരളം പദ്ധതി തയാറാക്കിയത്. എസ്.എസ്.എ വാര്‍ഷിക പദ്ധതിയില്‍നിന്ന് പുതിയ സ്‌കൂള്‍ സ്ഥാപിക്കുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിര്‍ദേശം കേന്ദ്രം പൂര്‍ണമായി തള്ളിക്കളഞ്ഞു. പുതിയ പ്രധാനാധ്യാപക നിയമനത്തിന് ഒരുമാസത്തെയും സ്‌പെഷലിസ്റ്റ് അധ്യാപക നിയമനത്തിന് മൂന്നുമാസത്തെയും ശമ്പളം മാത്രമേ അനുവദിച്ചുള്ളൂ. രണ്ടാം ഘട്ടത്തില്‍ ഇതിന്റെ ബാക്കി തുക ലഭിച്ചില്ലെങ്കില്‍ ഈ പരിഷ്‌കാരങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവക്കേണ്ടിവരും.

എസ്.എസ്.എ വാര്‍ഷിക പദ്ധതിയായി 1304 കോടിയുടെ പ്രവര്‍ത്തനം ലക്ഷ്യമിടുന്ന നിര്‍ദേശങ്ങളാണ് കേന്ദ്രം സമര്‍പിച്ചത്. എന്നാല്‍ ഇത്തവണ 523.01 കോടി മാത്രമാണ് കേരളത്തിന് അനുവദിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഈ തുകയെങ്കിലും കേരളം ലക്ഷ്യമിട്ട വികസന പ്രവര്‍ത്തനങ്ങളെ ഇത് പ്രതിസന്ധിയിലാക്കി. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു പുതിയ സ്‌കൂളുകള്‍. മൊത്തം പദ്ധതി തുകയുടെ 52 ശതാമനം വിഭാവനം ചെയ്തതും പുതിയ സ്‌കൂള്‍ നിര്‍മാണങ്ങള്‍ക്കായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം മൊത്തം 124 സ്ഥലങ്ങളില്‍ പുതിയ സ്‌കൂള്‍ സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ കണക്ക്. ഇതിലെ 52 സ്‌കൂളുകളാണ് ഈ വര്‍ഷം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടത്. ചില ഏകാധ്യാപക വിദ്യാലയങ്ങളെ സ്‌കൂളുകളാക്കി മാറ്റുന്നതും ഇതിലുണ്ട്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, പാ~പുസ്തകം തുടങ്ങി അധ്യാപക ശമ്പളം വരെ ഇതിലുള്‍പെടുത്തിയിരുന്നു. ശമ്പള ഇനത്തില്‍ 209 കോടിയും സ്‌കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാകും വരെ ഈ മേഖലയിലെ കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ പ~ിപ്പിക്കുന്നതിന് യാത്രാ ഇനത്തിലും മറ്റുമുള്ള ചിലവുകള്‍ക്കായി 6.9 കോടിയും ആവശ്യപ്പെട്ടതിലുണ്ട്. ഔപചാരിക വിദ്യാഭ്യാസം എത്തിയിട്ടില്ലാത്ത കേരളത്തിലെ ഏറ്റവും പിന്നാക്ക മേഖലകള്‍ക്കുള്ള പദ്ധതിയാണ് ഇതോടെ നിഷേധിക്കപ്പെട്ടത്.

കൂടുതല്‍ കുട്ടികളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ പ്രത്യേക പ്രധാനാധ്യാപകരെ നിയമിക്കാനും സ്‌പെഷലിസ്റ്റ് അധ്യാപകരുടെ പാര്‍ട്ട് ടൈം സേവനം ലഭ്യമാക്കാനും 157 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനാധ്യാപകര്‍ക്ക് ഒരു മാസത്തെ ശമ്പളമാണ് അനുവദിച്ചത്. സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് മൂന്നുമാസത്തെയും. ബാക്കി തുക ലഭിച്ചില്ലെങ്കില്‍ നൂറുകണക്കിന് അധ്യാപകര്‍ വന്‍ തൊഴില്‍ പ്രതിസന്ധിയിലകപ്പെടും. രണ്ടാം ഘട്ടമായി അനുബന്ധ പദ്ധതി സമര്‍പിച്ചാല്‍ ബാക്കി തുക ലഭ്യമാകുമെന്നാണ് എസ്.എസ്.എ ഡയറക്ടറുടെ വിശദീകരണം. അതേസമയം സ്‌കൂള്‍ അറ്റകുറ്റപ്പണിക്ക് 73.47 കോടി അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരമൊരു വിഹിതം കിട്ടുന്നത്. ഇന്ത്യയില്‍ ആകെ ഇതിനായി നീക്കിവച്ചതിന്റെ പകുതി കേരളത്തിന് കിട്ടി.
(17...03...12)

Saturday, April 14, 2012

കുഞ്ഞാലിക്കുട്ടി വിരുദ്ധചേരി കരുത്ത് നേടുന്നു


തിരുവനന്തപുരം: അഞ്ചാംമന്ത്രി വിവാദത്തില്‍ തുടക്കത്തില്‍ തിരിച്ചടി നേരിട്ട മുസ്ലിംലീഗിന് ഒടുവില്‍ മാനം രക്ഷിക്കാനായത് കുഞ്ഞാലിക്കുട്ടി വിരുദ്ധചേരിയുടെ ഇടപെടല്‍. കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയെ കൊണ്ടുപോകുന്നതില്‍ കടുത്ത അമര്‍ഷമുള്ള പ്രമുഖ നേതാക്കളുടെ ഉറച്ച നിലപാടുകളാണ് ലീഗിനെ തുണച്ചത്. പാര്‍ട്ടിയെയും സംസ്ഥാന അധ്യക്ഷനെയും നാണക്കേടിലകപ്പെടുത്തിയ 'അഞ്ചാംമന്ത്രി' യാഥാര്‍ഥ്യമായതോടെ ലീഗ് നേതൃത്വത്തില്‍ ഈ വിഭാഗം കൂടുതല്‍ കരുത്തുനേടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഉടന്‍ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ പിടിയില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പുതിയ സാഹചര്യത്തില്‍ ഈ വിഭാഗം നീക്കങ്ങള്‍ സജീവമാക്കിയിട്ടുമുണ്ട്. ലീഗിലെയും യൂത്ത് ലീഗ്, എം.എസ്.എഫ് എന്നിവയിലെയും ഒന്നാംനിര നേതാക്കള്‍ തന്നെ ഇതിന് പിന്നിലുണ്ട്.

സര്‍ക്കാര്‍ അധികാരമേല്‍ക്കുംമുമ്പ് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനകള്‍ ഭരണം ആറുമാസം പിന്നിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ്‌യു.ഡി.എഫ് കേന്ദ്രങ്ങളില്‍നിന്നുണ്ടായിരുന്നു. അതിനെ എതിര്‍ക്കാനോ ആവശ്യം ശക്തമായി ഉന്നയിക്കാനോ ആ സമയങ്ങളിലൊന്നും ലീഗ് നേതൃത്വം തയാറായിരുന്നില്ല. പിറവം തെരഞ്ഞെടുപ്പിനുശേഷം അഞ്ചാംമന്ത്രിക്കാര്യം വീണ്ടുമുയര്‍ന്നപ്പോള്‍ ഈ വിഷയം കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തിലും ലീഗ്‌കോണ്‍ഗ്രസ് നേതൃത്വം ഒത്തുതീര്‍പ്പിലെത്തിയെന്നായിരുന്നു ലീഗിനുള്ളിലുണ്ടായ പ്രതികരണം. ഇത് പാര്‍ട്ടിയുടെ അഭിമാനത്തെ തകര്‍ത്തുവെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഭരണം നിലനിര്‍ത്താനുള്ള കുഞ്ഞാലിക്കുട്ടിയുടെ അമിത താല്‍പര്യങ്ങളാണ് ഇതിന് കാരണമാകുന്നതെന്നുമുള്ള വിമര്‍ശം ഇതോടെ ശക്തമായി. അഞ്ചാംമന്ത്രിക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെടുത്ത മൃദുസമീപനം ഈ വിമര്‍ശങ്ങള്‍ ബലപ്പെടുത്തുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ അഞ്ചാംമന്ത്രി വിവാദത്തില്‍ പാര്‍ട്ടിയുടെ വക്താവായി രംഗത്തെത്തുന്നത്. അനൂപിനൊപ്പം അഞ്ചാംമന്ത്രികൂടി സത്യപ്രതിജ്ഞ ചെയ്യുമെന്ന ഹൈദരലി തങ്ങളുടെ പ്രസ്താവനയും ഒപ്പമുണ്ടായി. തുടര്‍ന്നാണ് ലീഗ് കര്‍ക്കശ നിലപാടിലേക്ക് മാറിയത്. മന്ത്രിയെ കിട്ടിയില്ലെങ്കില്‍ നാല് മന്ത്രിമാരെയും പിന്‍വലിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കകത്ത് ശക്തമായി. പിന്നീടുണ്ടായ വിവാദങ്ങളിലും ചര്‍ച്ചകളിലുമെല്ലാം ലീഗിനെ പ്രതിനിധീകരിച്ചത് ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു. കുഞ്ഞാലിക്കുട്ടി ഏറക്കുറെ നിശ്ശബ്ദനായി. മന്ത്രിയെ അനുവദിക്കുന്നതായി പ്രഖ്യാപിച്ച യു.ഡി.എഫ് യോഗത്തിന്റെ തലേന്ന് തന്റെ നിസ്സഹായാവസ്ഥ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ലീഗിന്റെ കൈവശമുള്ള ഏതെങ്കിലും പ്രധാന വകുപ്പുകള്‍ ഏറ്റെടുത്തശേഷം അഞ്ചാംമന്ത്രിയെ അനുവദിക്കാമെന്ന ഒത്തുതീര്‍പ്പാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. ഇതിന് പിന്നിലും കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണം ലീഗിനകത്ത് മറുവിഭാഗം ഉയര്‍ത്തി. ഇതോടെയാണ് വകുപ്പ് ഏറ്റെടുക്കാനും അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കെ.പി.സി.സി ഓഫിസില്‍ നേരിട്ടുചെന്ന് അറിയിച്ചത്. അതോടെ കോണ്‍ഗ്രസിന് വഴങ്ങാതെ നിര്‍വാഹമില്ലെന്നായി. വിവാദത്തിന്റെ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി എടുത്തതെന്ന വികാരം ലീഗിനകത്ത് ശക്തമാണ്. ഇപ്പോഴും തുടരുന്ന വിവാദത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളും എന്‍.എസ്.എസ് പോലുള്ള ജാതി സംഘടനകളും ലീഗിനെതിരെ കടുത്ത വിമര്‍ശങ്ങളാണ് ഉന്നയിക്കുന്നത്. ഇതിനെതിരെ ഇതുവരെ ലീഗ് പ്രതികരിച്ചിട്ടില്ല. ഇതും കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം ആയുധമാക്കുന്നുണ്ട്. ശനിയാഴ്ച അടിയന്തരമായി വിളിച്ചുചേര്‍ക്കുന്ന നേതൃയോഗത്തില്‍ ഇത് ചൂടേറിയ ചര്‍ച്ചയാകും.

നേരത്തേ തന്നെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പക്ഷത്തുള്ള എം.കെ. മുനീറും അദ്ദേഹത്തെ അനുകൂലിക്കുന്ന ലീഗ്എം.എസ്.എഫ്‌യൂത്ത് ലീഗ് നേതാക്കളും ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് അലിയെ മന്ത്രിയാക്കിയതില്‍ അമര്‍ഷമുള്ള എം.എല്‍.എമാരും ഇതിനെ പിന്തുണക്കുന്നു. ഭൂരിഭാഗം എം.എല്‍.എമാര്‍ക്കും പ്രതിഷേധവുമുണ്ട്. അഹമ്മദ് കബീറും സമദാനിയും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തില്ല. സംഘടനാ തെരഞ്ഞെടുപ്പില്‍ ഇതെല്ലാം പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍.
(14...04...12)

Sunday, April 1, 2012

ജാതി സെന്‍സസ്: പ്രവാസികള്‍ പുറത്ത്


തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന സമ്പൂര്‍ണ ജാതി സെന്‍സസില്‍ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പുറത്താകും. പ്രവാസികളെ കണക്കില്‍ ഉള്‍പെടുത്തില്ല. ജാതി/മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംവരണമടക്കം മുഴുവന്‍ ഭാവി പദ്ധതികള്‍ക്കും അടിസ്ഥാനമായേക്കാവുന്ന കണക്കെടുപ്പില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സെന്‍സസ് മാനദണ്ഡപ്രകാരം രാജ്യത്തിന് പുറത്തുള്ളവരെ മാത്രമാണ് കണക്കെടുപ്പില്‍ പരിഗണിക്കുക. അത്യപൂര്‍വമായി നടക്കുന്ന ജാതി സെന്‍സസിലും ഇതേ മാനദണ്ഡം തന്നെ സ്വീകരിക്കുകയായിരുന്നു.

കേരളത്തില്‍ നിന്ന് 22.8 ലക്ഷം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുവെന്നാണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. ഇതുതന്നെ കേരളത്തിലെ 63 താലൂക്കുകളില്‍ നിന്ന് റാന്‍ഡം തെരഞ്ഞെടുപ്പ് രീതി പ്രകാരം കണ്ടെത്തിയ 15,000 വീടുകളില്‍ നടത്തിയ സര്‍വേയില്‍ നിന്ന് സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ് സ്റ്റഡീസ് രൂപപ്പെടുത്തിയ കണക്കാണ്. വിവിധ മത വിഭാഗം തിരിച്ച കണക്കുകളും സി.ഡി.എസ് തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രവാസികളില്‍ പകുതിയോളം മുസ്‌ലിംകളാണ് -45 ശതമാനം. ഹിന്ദു മത വിശ്വാസികള്‍ 37.5 ശതമാനമുണ്ട്. കൈസ്ര്തവര്‍ 17.9 ശതമാനവും. ഇതില്‍ ഉപജാതി തിരിച്ച കണക്കുകള്‍ ലഭ്യമല്ല. ഈ ഏകദേശ കണക്കനുസരിച്ച് തന്നെ ഇത്രയും പേര്‍ സെന്‍സസില്‍ നിന്ന് പുറത്താക്കപ്പെടുന്നതോടെ കേരളത്തിലെ ജാതി/മത കണക്കുകള്‍ അപ്പാടെ തകിടം മറിയും.

കേരളത്തിലെ 3.18 കോടി ജനസംഖ്യയില്‍ നിന്നാണ് 22.8 ലക്ഷം ഒഴിവാക്കപ്പെടുന്നത്. സി.ഡി.എസ് കണക്കുപ്രകാരം ഇത് ഏറ്റവുമേറെ ബാധിക്കുക മുസ്‌ലിംകളെയായിരിക്കും. മുസ്‌ലിം ജനസംഖ്യയില്‍ ഗണ്യമായ കുറവായിരിക്കും രേഖപ്പെടുത്തപ്പെടുക. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സംവരണമില്ലാത്ത വിഭാഗങ്ങള്‍കൂടി ഉള്‍പെട്ടതാണ് സി.ഡി.എസിന്റെ കണക്ക്. എന്നാല്‍ മുസ്‌ലിംകളില്‍ എല്ലാവര്‍ക്കും സംവരണമുണ്ട്. പുതിയ സെന്‍സസ് പ്രകാരം ജനസംഖ്യാനുപാതികമായി സംവരണ തോത് പുനര്‍നിര്‍ണയിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ഭീമമായ നഷ്ടം സംഭവിക്കും. പിന്നാക്ക മത/ജാതി വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദം കാരണമാണ് ഇന്ത്യയിലെ അവശ വിഭാഗങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ജാതി സെന്‍സസിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയത്. എന്നാല്‍ അതിലെ മാനദണ്ഡങ്ങള്‍ കേരളത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ജനസംഖ്യാ കണക്കെടുപ്പില്‍ നിന്ന് പ്രവാസികള്‍ ഒഴിവാക്കപ്പെട്ടത് നേരത്തേ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ നിലവിലെ മാനദണ്ഡപ്രകാരം അവരെ ഉള്‍പെടുത്താനാകില്ലെന്ന നിലാപടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടക്കുന്നതിനാല്‍ അത് മാറ്റേണ്ടതില്ലെന്ന വാദവും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മാനദണ്ഡങ്ങള്‍ തന്നെ ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ജാതി സെന്‍സസിനും ബാധമകമാക്കിയതാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ തിരിച്ചടിയായത്. 1931ല്‍ ആണ് ഇതിനുമുമ്പ് സമ്പൂര്‍ണ ജാതി സെന്‍സസ് നടന്നത്. ഇനിയൊരു ജാതി സെന്‍സസ് സമീപകാലത്ത് നടക്കാനുമടിയില്ല. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, സെന്‍സസ് ഡയറക്ടറേറ്റ്, എന്‍.ഐ.സി എന്നിവ സംയുക്തമായാണ് ജാതി സെന്‍സസ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഇതിന്റെ നടത്തിപ്പ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ ചുമതലയിലാണ്. കേരളത്തിലെ പ്രവാസികളെ ഉള്‍പെടുത്താനായി സംസ്ഥാനവും കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ല. ജാതി സെന്‍സസ് സംസ്ഥാന വിഷയമാണെങ്കിലും ഇത്തവണ ദേശീയാടിസ്ഥാനത്തില്‍ സെന്‍സസ് ഡയറക്ടറേറ്റ് തന്നെയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.
(1...4...12)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...