Friday, April 27, 2012


എസ്.എസ്.എല്‍.സി: ഉദാരമൂല്യനിര്‍ണയത്തിന് അംഗീകാരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉദാരമൂല്യനിര്‍ണയത്തിന് പൊതു അംഗീകാരം. ഉദാര മൂല്യനിര്‍ണയവും മാര്‍ക്കുദാനവും വഴി എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം ഉയര്‍ത്തുന്നുവെന്ന് നേരത്തേ വിമര്‍ശമുന്നയിച്ചവര്‍ തന്നെ ഈ രീതി അംഗീകരിച്ചെന്നാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം വ്യക്തമാക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചചെയ്ത ഉദാര മൂല്യനിര്‍ണയം ഇതോടെ കേരള എസ്.എസ്.എല്‍.സിയുടെ അംഗീകൃത മൂല്യനിര്‍ണയരീതിയാവുകയാണ്. അധികാരമേറ്റയുടന്‍ 10ാംക്ളാസില്‍ വന്‍തോതില്‍ വിജയം സൃഷ്ടിച്ച കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നയത്തിനെതിരെ അന്നത്തെ പ്രതിപക്ഷം രൂക്ഷവിമര്‍ശങ്ങളാണുന്നയിച്ചത്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ കവച്ചുവെച്ച വിജയശതമാനമാണ് ഇത്തവണയുണ്ടായത്. ഉദാര മൂല്യനിര്‍ണയമാണ് ഈ വിജയത്തിനും കാരണമായത്. നേരത്തേ എതിര്‍ത്തവരും 'ഉദാരത' അംഗീകരിച്ചതോടെ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തില്‍ ഇനി തല്‍ക്കാലം നയംമാറ്റമുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
മോഡറേഷന്‍ നല്‍കി കൂടുതല്‍ കുട്ടികളെ ജയിപ്പിക്കുന്ന രീതിയായിരുന്നു 2005 വരെയുണ്ടായിരുന്നത്. 2000 മുതല്‍ 2005 വരെ കാലയളവിലെ എസ്.എസ്.എല്‍.സി വിജയശതമാനം 42.89 മുതല്‍ 56.69 വരെയായിരുന്നു. മോഡറേഷന്‍ നല്‍കി ഇത് 56.18 ശതമാനം മുതല്‍ 70.06 ശതമാനംവരെയാക്കി. മോഡറേഷന്‍ നിറുത്തിയ 2005ല്‍ 58.49 ശതമാനമായിരുന്നു വിജയം. 2006ല്‍ 68ആയി. ഇതിനുപിന്നാലെയാണ് ഉദാര മൂല്യനിര്‍ണയത്തിന് നിര്‍ദേശമുണ്ടായത്. തൊട്ടടുത്ത വര്‍ഷം അതിന്റെ ഫലവും കണ്ടു -82.29 ശതമാനം. 14.29 ശതമാനം വര്‍ധന. 2008ല്‍ ആകട്ടെ ഉദാര മൂല്യനിര്‍ണയം മാര്‍ക്ക് ദാനത്തോളമെത്തി. അക്കൊല്ലം വിജയം 92.09 ശതമാനമായി. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷത്തിനകം എസ്.എസ്.എല്‍.സി വിജയം 24.09 ശതമാനം വര്‍ധിച്ചു. അസാധാരണമായ ഈ വര്‍ധന മാര്‍ക്ക് ദാന-ഉദാര മൂല്യനിര്‍ണയ വിമര്‍ശങ്ങള്‍ ബലപ്പെടുത്തി. പിന്നീടുള്ള വര്‍ഷങ്ങളിലും വിജയശതമാനം 90ല്‍ താഴെ പോയില്ല.
ഡി.പി.ഇ.പി നടപ്പാക്കപ്പെട്ടതോടെ വിദ്യാഭ്യാസ രീതികളില്‍ വന്ന മാറ്റം സൃഷ്ടിച്ച തിരിച്ചടികള്‍ മറികടക്കാനാണ് മൂല്യനിര്‍ണയം ഉദാരമാക്കിയത് എന്നായിരുന്നു പ്രധാന വിമര്‍ശം. ഭാഷാവൈകല്യം പരിഗണിക്കാതെ മാര്‍ക്ക് നല്‍കാനുള്ള നിര്‍ദേശം ഡി.പി.ഇ.പി കാരണം അക്ഷരജ്ഞാനം കുറഞ്ഞുപോയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഉത്തരക്കടലാസില്‍ ചോദ്യത്തിന്റെ നമ്പര്‍ എഴുതിയാല്‍ ഉത്തരമെഴുതാനുള്ള ശ്രമം എന്ന നിലയില്‍ എന്‍ട്രി പോയന്റായി പരിഗണിച്ച് മിനിമം മാര്‍ക്ക് നല്‍കി. വിദ്യാഭ്യാസ മേഖലക്കെതിരായ വിമര്‍ശങ്ങള്‍ ഈ വിജയക്കുതിപ്പില്‍ അവഗണിക്കപ്പെട്ടു. ഇടത് സര്‍ക്കാറിന്റെ ഈ ഉദാരതക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശങ്ങളും ഉന്നയിച്ച യു.ഡി.എഫ്, അധികാരത്തില്‍ വന്നപ്പോള്‍ അതേവഴി തന്നെ പിന്തുടരുന്നുവെന്നാണ് ഈ വര്‍ഷ ഫലം വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് പഴയ വിമര്‍ശങ്ങളെല്ലാം വിഴുങ്ങുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുകയും ചെയ്തു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ അത്തരം വിമര്‍ശങ്ങള്‍ ഉന്നയിക്കേണ്ടിവരുമെന്നായിരുന്നു ഫലം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അബ്ദുറബ്ബിന്റെ മറുപടി. വിവാദ മൂല്യനിര്‍ണയരീതിയില്‍ പുതിയ സര്‍ക്കാര്‍ മാറ്റംവരുത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഈ ദിശയില്‍ ചില സൂചനകള്‍ മന്ത്രി നേരത്തേ നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫലപ്രഖ്യാപനത്തിലും ഇത്തരം ചില പരാമര്‍ശങ്ങള്‍ മന്ത്രി നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ച് ഉദാരമൂല്യ നിര്‍ണയം 'സ്ഥിരപ്പെടുത്തുക'യാണ് ഇപ്പോള്‍ ചെയ്തത്. ഇനി ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗികരീതിയായി നിലനില്‍ക്കും. യു.ഡി.എഫ് സര്‍ക്കാറും ഈ രീതി പിന്തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ മൂല്യനിര്‍ണയ രീതിയില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. അതേസമയം, അതിവേഗം ഫലം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന് നേട്ടമായി. പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ ഫലം പ്രഖ്യാപിച്ചത് കേരളത്തില്‍ ആദ്യമാണ്. ഉപരിപഠനത്തിന് തയാറെടുക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകമാകും.
(27...04...12)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...