മൂല്യരഹിത വിദ്യാഭ്യാസത്തിന്റെ ആദ്യ ഇര സ്ത്രീകള്‍ -കിരണ്‍ ബേദി

മസ്കത്ത്: മൂല്യാധിഷ്ടിത വിദ്യാഭ്യാസം ഇല്ലാതായാല്‍ അതിന്റെ ദുരന്തങ്ങള്‍ക്ക് ആദ്യം ഇരയാകുന്നത് സ്ത്രീകളായിരിക്കുമെന്ന് പ്രമുഖ സ്ത്രീപക്ഷ പ്രവര്‍ത്തക കിരണ്‍ബേദി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിലും സ്ത്രീകളോടുള്ള സമീപനം നിര്‍ണയിക്കുന്നതിലും വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും 'ഗള്‍ഫ് മാധ്യമ'ത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. 'എക്സ്ട്ര ഓഡിനറി വിമണ്‍കോണ്‍ഫറന്‍സി'ന് ഒമാനിലെത്തിയതായിരുന്നു ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസര്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏതെങ്കിലും പ്രത്യേക മേഖലയെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്നതല്ല. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ക്ക് അതില്‍ തുല്ല്യ പങ്കുണ്ട്. പൊതുസമൂഹം, അവിടെ നിലനില്‍ക്കുന്ന തത്വങ്ങള്‍, രക്ഷിതാക്കള്‍, പോലിസ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജയില്‍, മാധ്യമങ്ങള്‍ തുടങ്ങിയവയെല്ലാം സ്ത്രീ പദവി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീ വിഷയങ്ങള്‍ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് സുപ്രധാനമാണ്. സെന്‍സേഷണലൈസ് ചെയ്യുന്നത് അപകടകരമാണ്. അതേസമയം വലിയ തോതില്‍ ബോധവത്കരണം നടത്താനും മാധ്യമങ്ങള്‍ക്ക് കഴിയും. രാഷ്ട്രീയ പ്രവര്‍ത്തകരും അത്രതന്നെ പ്രധാനമാണ്. വരും തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് പ്രധാനമാണ്. അവരിലൂടെയാണ് ഒരു കുട്ടിയുടെ സംസ്കാരം രൂപപ്പെടുന്നത്. ഇക്കാര്യത്തില്‍ അമ്മമാരാണ് കൂടതല്‍ ജാഗ്രത കാണിക്കേണ്ടത്. ആണ്‍കുട്ടികളെ മാറ്റിനിര്‍ത്തുക എന്നതല്ല ഇതിനര്‍ഥം. പെണ്‍കുട്ടികളെ പിന്നില്‍ നിര്‍ത്താനും പാടില്ല. രണ്ട് കൂട്ടരെയും ഒരേ രീതിയില്‍ പഠിപ്പിക്കണം. ആണിനും പെണിനും അവരുടേതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കാനുണ്ട്. ഏതെങ്കിലും ഒന്നുമാത്രമുള്ള അവസ്ഥയല്ല വേണ്ടത്. രണ്ട് കൂട്ടരുടെയും സമതുലിതമായ സാന്നിധ്യമുണ്ടാകണം. കുടുംബമാണ് കുട്ടികള്‍ക്ക് സംസ്കാരം പകര്‍ന്നുകൊടുന്നത്. ഇവിടെയെല്ലാം പുതുതലമുറയിലേക്ക് വിനിമയം ചെയ്യുന്ന വിവരങ്ങളുടെയും വിദ്യാഭ്യാസങ്ങളുടെയും മൂല്യവും ഉള്ളടക്കവും ഗുണപരമായിരിക്കേണ്ടത് അനിവാര്യമാണ്. ഏത് അവസ്ഥയെയും സ്വാംശീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. ചിലത് ആണ്‍കുട്ടികള്‍ക്കും ചിലത് പെണ്‍കുട്ടികള്‍ക്കുമായി മാറ്റിവക്കേണ്ടതില്ല. ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണ്. അതിന് പലകാരണങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യകാല സ്ത്രീ ചിത്രങ്ങളെല്ലാം സ്ത്രീകളുടെ മാതൃത്വം, വീട്ടുകാര്യം, വിനോദം തുടങ്ങിയവയിലൂന്നിയാണുണ്ടായതെന്ന് കാണാം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനം ഇതില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതല്‍ ആക്രമിക്കപ്പെടുന്നതിന് ഇത്തരം ഘടകങ്ങള്‍ കാരണമാണ്. എന്നാല്‍ അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കാം. സംസ്കാര സമ്പന്നമായ നാടുകളാണിത്. ഇവിടുത്തെ പുരുഷന്‍മാരുടെ പെരുമാറ്റം ആ സംസ്കാരത്തിന്റെ ഭാഗമാണ്. അത് ഇന്ത്യന്‍ സാഹചര്യവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഞായറാഴ്ച രാത്രി മസ്കത്തിലെത്തിയ കിരണ്‍ബേദി, ഇന്നലെ രാവിലെ ഒമാനിലെ വനിതാ പ്രവര്‍ത്തകരുമായി സംവദിച്ചു. രാത്രി ദല്‍ഹിക്ക് മടങ്ങി.

(Gulf Madhyamam, 25/06/13)

Comments

Popular posts from this blog

രവീന്ദ്രനാഥിന്റെ കാലത്തെ ചോദ്യങ്ങളും അബ്ദുര്‍റബ്ബിന്റെ കാലത്തെ ഉത്തരങ്ങളും

സ്വാശ്രയ എഞ്ചിനീയറിങ്: ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും?

മതമില്ലാത്ത വോട്ടിന്റെ മതവും ജാതിയും