Saturday, April 23, 2011

ദാരിദ്യ്രം നിര്‍മിക്കുന്ന സമ്പന്ന സമൂഹം



ബ്രിട്ടീഷ് എയര്‍വേസിന്റെ പേര് പതിഞ്ഞ ടീ ഷര്‍ട്ടും ലുങ്കിക്കടിയില്‍ നീളമുള്ള ബര്‍മുഡയുമിട്ട് തേങ്ങയിടാന്‍ വരുന്ന തൊഴിലാളി ചാവക്കാടന്‍ പ്രാന്തപ്രദേശത്തെ ഒരു കുഗ്രാമത്തിലെ എണ്‍പതുകളിലെ കൌതുക കാഴ്ചയായിരുന്നു. എല്ലാവീട്ടിലും ചുരുങ്ങിയത് ഒരു ഗള്‍ഫുകാരനെങ്കിലുമുള്ള ഒരു മാതൃകാ പ്രവാസി/ഗള്‍ഫ് ഗ്രാമമാണിത്. അതിനാല്‍ നാട്ടുനടപ്പിനേക്കാള്‍ ഉയര്‍ന്ന കൂലി ഇയാള്‍ക്കുകിട്ടി. മൂക്കുതുളക്കുന്ന അത്തറും നീളന്‍ സിഗററ്റുമെല്ലാം ഇയാള്‍ക്ക് മുടങ്ങാതെ എത്തിച്ചുകൊടുത്തിരുന്നത് പഴയ കളിക്കൂട്ടുകാരനായിരുന്നു. ഫോറിന്‍ തുണികൊണ്ടുതുന്നിയ കുപ്പായമിട്ട് കളളുഷാപ്പുതൊട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വരെ ഇയാള്‍ പത്രാസോടെ കയറിയിറങ്ങി. തോളത്തെ മുണ്ട് ഉമ്മറപ്പടിയില്‍ അഴിച്ചുവച്ച് തൊഴുതുവണങ്ങി പണിക്കിറങ്ങിയിരുന്നയാള്‍, 'ടി.വിയിലെ സീരിയില്‍ കഴിഞ്ഞ് ജോലിക്കെത്താം' എന്ന് ഫ്യൂഡല്‍ മുതലാളിക്ക് ദൂതനെ അയക്കുന്നിടത്തോളം വലുതായി.
ഗള്‍ഫുകാരുടെ ആ ഗ്രാമവും ഇയാള്‍ക്കൊപ്പം വളര്‍ന്നു. നാട്ടുവഴികളില്‍ പുതിയ പുതിയ മുതലാളിമാര്‍ പ്രത്യക്ഷപ്പെട്ടു. അതിലളിതമായിരുന്ന നാടന്‍ ജീവിതം മെല്ലെമെല്ലെ ചിലവേറിയ ആചാരമായി പരിണമിച്ചു. പണം ചുരത്തിയ ജോലി നഷ്ടപ്പെട്ട് ഇതിനിടെ തിരിച്ചെത്തിയ ഗള്‍ഫ് സുഹൃത്ത് മടങ്ങിപ്പോകാനാകാതെ നാട്ടില്‍ ജീവിതം തുടങ്ങി. ശീലിച്ചുപോയ പത്രാസ് നിലനിര്‍ത്താനും പണംപൊടിക്കുന്ന അത്യാചാരമായി മാറിയ നാട്ടുജീവിതത്തിനൊപ്പം ഓടാനും അയാള്‍ നന്നേ പാടുപെട്ടു. ഉണക്കമുന്തിരിയും ബ്രോസ്റ്റഡ് ചിക്കനുമൊക്കെ അപ്പോഴേക്കും സ്വന്തം വീട്ടകത്തെ നിത്യ ചിലവുകളായി മാറിയിരുന്നു. കടംകയറി മുടിഞ്ഞിട്ടും തിരിച്ചിറങ്ങാനാകാത്ത കൊമ്പത്ത് കുടുങ്ങിപ്പോയ ജീവിതം അസഹനീയമായ അുനഭവമായപ്പോള്‍ അയാള്‍ മരണത്തിലേക്ക് സ്വയം നടന്നു. ആഗോളവല്‍കരണം ഇന്ത്യയിലെത്തിയിട്ട് അപ്പോള്‍ മൂന്ന് കൊല്ലം പിന്നിട്ടിരുന്നു.
പ്രവാസം കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ച സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പരിവര്‍ത്തനങ്ങളുടെ മൊത്തം സ്വഭാവം വ്യക്തമാക്കുന്നു, ഈ ഗ്രാമീണ അനുഭവം. കേരളത്തിന്റെ സമൂഹ ഘടനയെയും വര്‍ഗ^ജാതി വിഭജനങ്ങളെയും പ്രവാസം അപ്പാടെ മാറ്റിമറിച്ചു. പഴയകാലത്ത് വിലപിടിപ്പുള്ള ഏക സ്വത്തായി പരിഗണിച്ചിരുന്ന ഭൂമിയുടെ ഉടമാവകാശത്തിലൂടെ ചിലവിഭാഗങ്ങള്‍ കൈയടക്കിയ മേധാവിത്തം, പ്രവാസികള്‍ സൃഷ്ടിച്ചെടുത്ത പുതിയ തരം ആസ്തികളും പ്രവാസി ക്രയശേഷിയെ ആശ്രയിച്ച് പിറവികൊണ്ട പുതുതലമുറ ആസ്തികളും വഴിയുണ്ടായ ഇടത്തരം/ഉയര്‍ന്ന ഇടത്തരം സാമ്പത്തിക ശേഷിയുള്ള പുതിയ സമൂഹ രൂപവല്‍കരണത്തിലൂടെ തകര്‍ത്തെറിയുകയായിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെയും പരിമിതമായ സാംസ്കാരിക ബോധങ്ങളുടെയും കുടുസ്സുകളില്‍നിന്ന് ദരിദ്ര പിന്നാക്ക വിഭാഗങ്ങളെ വിമോചിപ്പിക്കുകയും ആഹാരം തൊട്ട് ആചാരം വരെ സകല മേഖലകളെയും മാറ്റിമറിക്കുകയും ചെയ്തു. അവികസിതമായ ഒരു നാടിന്റെ കാഴ്ചപ്പാടുകളില്‍ സ്വാനുഭവങ്ങളിലൂടെ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചാണ് പിന്നാക്ക ഇന്ത്യയില്‍ രുപംകൊണ്ട വികസിത കേരളത്തിന്റെ നട്ടെല്ലായി പ്രവാസികള്‍ മാറിയത്. അതേസമയം തന്നെ, ഈ മാറ്റങ്ങളിലേക്ക് അവര്‍ നടന്നുപോയ വഴികള്‍ കേരളീയ പൊതു സമൂഹത്തിലും നാടന്‍ ജീവിതങ്ങളിലും ഗ്രാമീണ ബോധങ്ങളിലും വലിയ പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഗള്‍ഫ് സുഹൃത്തിന്റെ സ്വയം മരണം പോലെ പലപ്പോഴുത് അതിഭീകരമാകുകയും ചെയ്തിട്ടുണ്ട്.

മുറ്റത്തെ തറയോടും പൊരിച്ച കോഴിയും

നേരത്തേെ പറഞ്ഞ ഗള്‍ഫ് ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു പ്രവാസി വീട് വില്‍പനക്ക് വച്ചിട്ടുണ്ട്. മുക്കാല്‍ കോടി വിലമതിക്കും. അച്ചനും അമ്മയും ഒരാണ്‍കുട്ടിയടക്കം നാല് മക്കളുമടങ്ങിയ കുടുംബത്തിന് വേണ്ടി 15 വര്‍ഷമായി പണിതുകൊണ്ടേയിരുന്ന വീട്്. മകളുടെ കല്ല്യാണത്തിനായി അത്യാര്‍ഭാടപൂര്‍വം മോഡി പിടിപ്പിച്ച് പണിതീര്‍ത്തു. കല്ല്യാണത്തിന് പിന്നാലെ അത് വില്‍പനക്ക് വക്കേണ്ടിവന്നു. മൂക്കറ്റം കടത്തിനിടയില്‍ നടത്തിയ അവസാന വട്ട വീട് പണിയിലെ പ്രധാന ഇനം മുറ്റത്ത് കാഴ്ചാ ഭംഗിയുള്ള തറയോട് വിരിക്കലായിരുന്നു. ചിലവ് രണ്ടര ലക്ഷം. മലേഷ്യ, സിലോണ്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ പണ്ടേ തന്നെ മലയാളി പ്രവാസികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അക്കാലത്തൊന്നും മുറ്റത്തെ തറയോട് വ്യാപകമായിരുന്നില്ല. വീട് നിര്‍മാണത്തില്‍ മുറ്റത്തെ പച്ച മണ്ണും മൂടിവക്കേണ്ടതാണെന്ന ബോധം കേരളത്തില്‍ പുതിയതാണ്. അത് ആര്‍ഭാടമാണോയെന്ന സംശയം പോലും മലയാളികള്‍ക്കില്ലാതായിരിക്കുന്നു. എന്നല്ല, അനിവാര്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. തരിമണല്‍ മുറ്റുള്ള മരുഭൂമിയിലെ സ്വാഭാവിക നിര്‍മാണ രീതി ഉറച്ച മണ്ണും നല്ല മഴയുമുള്ള കേരളത്തില്‍ എത്ര യുക്തിരഹിതമായാണ് മലയാളികള്‍ പകര്‍ത്തിയത്.
ഇത്തരം പകര്‍ത്തലുകള്‍ കേരളീയ പൊതു സമൂഹത്തെ സാംസ്കാരികമായി അടിമുടി മാറ്റിമറിച്ചു. ജീവിതത്തിന്റെ അതിസൂക്ഷ്മ തലങ്ങള്‍ തൊട്ട് സാമൂഹിക നവോത്ഥാനം വരെ അത് നീളുന്നുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി അടിസ്ഥാന ജീവിത പരിസരങ്ങളില്‍ എഴുപതുകള്‍ക്ക് ശേഷമുണ്ടായ പരിവര്‍ത്തനം ഗള്‍ഫ് സ്വാധീനം അടയാളപ്പെടുത്തുന്നതാണ്. വ്യക്തി/സമൂഹം/ആണ്‍/പെണ്‍/രാഷ്ട്രം/രാഷ്ട്രീയം തുടങ്ങിയ ഇടങ്ങളില്‍ അത് പുതിയ സാംസ്കാരിക അവബോധം സൃഷ്ടിച്ചു. ആഗോളവല്‍കരണവും അതിനെത്തുടര്‍ന്നുണ്ടായ സ്വാഭാവിക സാമൂഹിക മാറ്റവും ഈ പരിവര്‍ത്തനത്തിന് ഒരു കാരണമാണ്. പ്രവാസം അതിന് അസാധാരണമായ ഗതിവേഗവും നല്‍കി. ആഗോളവല്‍കരണം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൃഷ്ടിച്ചതിനേക്കാള്‍ ആഴമേറിയ മാറ്റം അതിന്റെ ഇരട്ടി വേഗത്തില്‍ കേരളത്തിലുണ്ടാക്കിയതിന്റെ കാരണവുമതാണ്. നേരത്തേ തന്നെ സാമൂഹികമായി ആഗോളീകരിക്കപ്പെട്ട ജനതയും മുതലാളിത്തത്തിന്റെ സ്വഭാവ ശീലങ്ങള്‍ സ്വാംശീകരിച്ച സമൂഹവും സ്വന്തം നാട്ടില്‍ അത് പ്രയോഗിക്കാന്‍ കിട്ടിയ അവസരം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് ഭീമന്‍ വീടുകള്‍ ഇക്കാലത്ത് കേരളത്തില്‍ വ്യാപകമായത്. കെട്ടിടത്തിന്റെ നിര്‍മാണ രീതികളിലും കെട്ടിട ഘടനയിലും സംഭവിച്ച പരിവര്‍ത്തനങ്ങള്‍ വികസ്വര സമൂഹത്തിന്റെ പൊതു മനോഘടനയെ മാറ്റിമറിച്ച് അതിവികസിത സമൂഹത്തിന്റെ നിര്‍മാണ സങ്കല്‍പത്തിലേക്ക് വളര്‍ന്നു. വീട് എന്നത്, കൊട്ടാര സമാനമായ കെട്ടിടമാണ് എന്ന പൊതുബോധമാണ് ഇത് സൃഷ്ടിച്ചത്.
ഭക്ഷണ ക്രമത്തിലും വിഭവങ്ങളിലും പ്രവാസികള്‍ മറുനാടന്‍ സംസ്കാരം കേരളത്തിലേക്ക് പറിച്ചുനട്ടു. ആടിനെയും കോഴിയെയും നിര്‍ത്തിപ്പൊരിച്ച് തിന്നുന്ന അറബിയെ കണ്ട് മടങ്ങിയവര്‍ അവയെ ഉടലോടെ ചുടാനുള്ള ഉപകരണവുമായാണ് നാട്ടിലെത്തിയത്. ഗള്‍ഫ് രുചിയറിഞ്ഞവര്‍ തുടങ്ങിയ ഹോട്ടലുകളില്‍ ഇത്തരം വിഭവങ്ങള്‍ എത്തുകയും അത് പിന്നീട് കേരളത്തിലെ മുഖ്യ ഭക്ഷണങ്ങളായി മാറുകയും ചെയ്തു. പണം എണ്ണിക്കണക്കാക്കി ജീവിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആസ്ഥാനമായ സെക്രട്ടേറിയറ്റിന്റെ ഗേറ്റിന് മുന്നില്‍ തിരുവനന്തപുരത്തുകാരന്‍ തുടങ്ങുന്ന ഹോട്ടലിന്റെ വാതിലില്‍ ഷവര്‍മക്കുറ്റി നാട്ടേണ്ടി വരുന്നിടത്തേക്ക് ഇത് വളര്‍ന്നുകഴിഞ്ഞു. വസ്ത്ര സങ്കല്‍പത്തിലുണ്ടായ മാറ്റങ്ങളും വിദേശ വാസത്തിന്റെ ഉല്‍പന്നമാണ്. പരുത്തിയുടെ പരുപരുപ്പ് ചൈനീസ് സില്‍കിന്റെ പുളപ്പിന് മുന്നില്‍ നിഷ്പ്രഭമായി. വസ്ത്രങ്ങളിലെ കളര്‍ പാറ്റേണില്‍ വരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മലയാളികള്‍ക്ക് അപരിചിതമായിരുന്ന പര്‍ദ മുസ്ലിം സ്ത്രീകളുടെ പ്രധാന വേഷമായി മാറി. ലോകത്തെ വൈവിധ്യങ്ങളത്രയും ഒഴുകിയെത്തുന്ന ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവുമധികം എത്തിയത് വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമായിരുന്നു. ദൂരദര്‍ശന്റെ സിഗ്നല്‍ തിരുവനന്തപുരത്തെത്തുന്നതിനും എത്രയോ മുമ്പ് കേരളത്തിലെ ഗള്‍ഫ് വീടുകളില്‍ ടി.വിയെത്തിയിരുന്നു. അതിനേക്കാള്‍ വേഗതയില്‍ മൊബൈല്‍ ഫോണ്‍ വിപ്ലവവും സംഭവിച്ചു.
കേരളത്തിലെ യാത്രാ സങ്കല്‍പം സ്വകാര്യ വാഹനങ്ങളിലേക്ക് പ്രവാസികള്‍ മാറ്റിവച്ചു. സ്വകാര്യ വാഹനമെന്നത് ഏതൊരു വികസിത രാജ്യത്തിലുമെന്നത് പോലെ ഗള്‍ഫ് ജീവിതത്തിലെ അനിവാര്യതയാണ്. സ്വന്തമായി കാറില്ലാതെ യാത്ര ചെയ്യാനാവില്ലെന്ന ബോധം നാട്ടില്‍ പരത്തുന്നതില്‍ പ്രവാസികളുടെ നാട്ടുജീവിതം വലിയ സംഭാവന നല്‍കി. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടിറക്കിയ വിലകുറഞ്ഞ ചെറുകാറുകള്‍ പ്രവാസികള്‍ക്ക് അനായാസം സ്വന്തമാക്കാനായി. അതിന് കഴിയാത്തവര്‍ക്കായി റെന്റ് എ കാര്‍ കച്ചവടവുമുണ്ടായി. ഒരു വീട്ടില്‍ തന്നെ രണ്ട് പേര്‍ ഗള്‍ഫില്‍നിന്നെത്തിയാല്‍ രണ്ട് കാര്‍ നിര്‍ബന്ധമായി. ലൈന്‍ ബസില്‍ യാത്ര ചെയ്യുന്നത് ഗള്‍ഫ് പത്രാസിന് നിരക്കാത്ത ഏര്‍പാടാണിപ്പോള്‍. ഇതുപോലുള്ള എല്ലാതരം പൊതു ഇടങ്ങളെയും നിരാകരിച്ച് സ്വകാര്യമായ ചെറുമുറികളിലേക്ക് ജീവിതം ചുരുക്കുകയും സമൂഹ ജീവിതമെന്ന സ്വാഭാവിക മാനുഷിക അനുഭവം അവര്‍ അപ്രസക്തമാക്കുകയും ചെയ്തു. ഭാര്യയും കുട്ടിയും മാത്രമായി കഴിഞ്ഞതിന്റെ സൌകര്യമനുഭവിച്ചവര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അണുകുടുംബ വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന് വേഗംകൂടിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ നീണ്ട നിര അപമാനചിഹ്നമായി പ്രഖ്യാപിച്ച്, അവര്‍ സൂപര്‍ സ്പെഷ്യാലിറ്റികളില്‍ കയറിയിറങ്ങി. ഗള്‍ഫ് കേന്ദ്രിത നഗരങ്ങളിലും ജില്ലകളിലുമാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ ആശുപത്രികളുള്ളത് എന്നത് ഈ സാംസ്കാരിക ദുരന്തത്തിന്റെ മികച്ച സൂചകമാണ്.
ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്ന കേരളത്തില്‍ എല്ലാപ്രത്യയശാസ്ത്ര പ്രചോദനങ്ങള്‍ക്കുമപ്പുറം അത് വൈകാരിക ക്ഷോഭമായും പടര്‍ന്നത്, ഗള്‍ഫ് മേഖലയോടുള്ള മലയാളികളുടെ മാനസികാടുപ്പം കൊണ്ടുകൂടിയായിരുന്നു. പഴയ കുവൈത്ത് യുദ്ധകാലത്ത് ഇതേ അമേരിക്കക്ക് അനുകൂലമായി മുദ്രാവവാക്യങ്ങള്‍ വിളിച്ച് 'ഗള്‍ഫ് ഗ്രാമ'ങ്ങളില്‍ പ്രകടനങ്ങള്‍ നടന്നതും അതുകൊണ്ടാണ്. തദ്ദേശീയമായ രാഷ്ട്രീയ നിലപാടുകളും സാംസ്കാരിക വിശ്വാസങ്ങളും സ്വന്തം ജീവിത പരിസരങ്ങളില്‍ നിലനില്‍ക്കേ തന്നെ അതെല്ലാം അവഗണിച്ചോ മറികടന്നോ പ്രവാസ ജീവിതത്തിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസൃതമായി നിലപാടുകള്‍ രൂപവല്‍കരിക്കാന്‍ പ്രവാസികള്‍ കേരളത്തെ പഠിപ്പിച്ചു. കേരളീയനെന്ന സ്വത്വ ബോധം നിലപാടുകള്‍ നിയന്ത്രിക്കെ തന്നെ അവനഭയം കണ്ടെത്തിയ വിദേശ മണ്ണോട് ചേര്‍ന്ന മറ്റൊരുതരം ആത്മബോധവും അയാളില്‍ വികാസം പ്രാപിച്ചു. ഒരസേമയം രണ്ട് വ്യത്യസ്ത സാംസ്കാരിക ഭൂമികകളില്‍ അവര്‍ സ്വയമറിയാതെ കാലൂന്നുകയായിരുന്നു. സാംസ്കാരിക ശീലങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ രാജ്യാന്തരീയമായി പോലും അനായാസം നിര്‍വഹിക്കാനും 'ഗൃഹാതുരത്വത്തില്‍ കെട്ടുപിണഞ്ഞ്്' മാറ്റങ്ങളോട് വിമുഖരാകാതിരിക്കാനും ഇത് പ്രവാസികളെയും അവര്‍ക്ക് പ്രാമുഖ്യമുള്ള ഗ്രാമങ്ങളെയും പരിശീലിപ്പിച്ചു. കേരളം ഈയിടെ നടത്തിയ എക്സ്പ്രസ് വേ വിരുദ്ധ സമരത്തിലും ചില്ല വ്യാപാര കുത്തക വിരുദ്ധ സമരത്തിലുമൊക്കെ പ്രവാസികളില്‍ വലിയൊരു വിഭാഗം സംശയാലുക്കളായത് അതുകൊണ്ടാണ്. സാദാ മലയാളിക്ക് ഇത്തരം പദ്ധതികള്‍ സ്വപ്നവും സങ്കല്‍പങ്ങളുമാണെങ്കില്‍ പ്രവാസികള്‍ക്ക് അവര്‍ ആസ്വദിച്ചുകഴിഞ്ഞ അനുഭവങ്ങളാണവ.

ഗള്‍ഫ് വിസയും പി.എസ്.സിയും

യു.എ.ഇയിലെയും കുവൈത്തിലെയും ഒമാനിലെയും വിസാ നിയമങ്ങളില്‍ വരെ അവഗാഹമുള്ള കുട്ടികള്‍ ഗള്‍ഫ് ഗ്രാമങ്ങളിലെ പൊതുകാഴ്ചയാണ്. പ്രവാസം തുടങ്ങുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് ദുബെയിലെ ട്രാഫിക് നിയമത്തെ പറ്റി അറിഞ്ഞിരിക്കും. യു.എ.ഇയിലെ ഗതാഗത സംവിധാനങ്ങളെ അറിയും. ഷാര്‍ജയിലെ ചത്വരങ്ങളും പാര്‍ക്കുകളും എങ്ങനെ രൂപകല്‍പന ചെയ്തിരിക്കുന്നു എന്നുമവര്‍ പറയും. മരുഭൂമിയിയുടെ ജീവിത സവിശേഷതകളെല്ലാം പ്രായപൂര്‍ത്തിയെത്തുംമുമ്പെ തന്നെ അവരുടെ വിഞ്ജാന മണ്ഡലെത്തിക്കഴിഞ്ഞിട്ടുണ്ടാകും. സലാലയുടെ പച്ചപ്പും ജബല്‍ ഹഫീസയിലെ താഴ്വാരങ്ങളുമെല്ലാമാണ് അവരെ പ്രലോഭിപ്പിക്കുന്നത്. അരിയങ്ങാടിയെപ്പറ്റി പറയാന്‍കഴിയുന്നതിലേറെ തുവയ്യയിലെയും മിസ്യാദിലെയും അല്‍ഐന്‍ മാര്‍ക്കറ്റുകളെക്കുറിച്ച് ചാവക്കാട്ടുകാര്‍ പറയും. അതവര്‍ക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടുന്ന വിവരങ്ങളാണ്. അവരുടെ സാക്ഷരതയുടെ ആദ്യ പാഠങ്ങളില്‍ തന്നെ ഗള്‍ഫ് പ്രൌഡിയുടെ വീര കഥളുണ്ടാകും.
ഈ വഴികളില്‍ വളര്‍ന്ന് ബിരുദം നേടിയ ഗള്‍ഫ് ഗ്രാമത്തിലെ ഒരു ഇരുപതുകാരന്‍, 'പി.എസ്.സി പരീക്ഷയെപ്പറ്റി' ചോദിച്ചപ്പോള്‍ അത് 'സര്‍ക്കാര്‍ ആശുപത്രിയുടെ പേരാണ്' എന്നായിരുന്നു മറുപടി പറഞ്ഞത്. പ്രവാസം ഒരു തലമുറയുടെ വൈഞ്ജാനിക സ്രോതസ്സുകളെ ആഗോളീകൃതമാക്കിയെങ്കിലും തദ്ദേശീയമായ അറിവുകളെയും അനുഭവങ്ങയുെം വലിയ അളവില്‍ അവന് അന്യമാക്കുക കൂടി ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റില്‍ എഴുതിവച്ച 'പി.എച്ച്.സി'യും കേരളത്തിലെ തൊഴില്‍ ദാതാവായ പി.എസ്.സിയും വേര്‍തിരിച്ച് മനസ്സിലാക്കപ്പെടേണ്ട രൂപമാതൃകകളാണ് എന്ന് അവന്റെ ജീവിത പരിസരം രൂപപ്പെടുത്തിയ അനൌപചാരിക വിദ്യാഭ്യാസത്തിന്റെ സിലബസിലുണ്ടായിരുന്നില്ല. എന്നാല്‍ ഗള്‍ഫ് തൊഴിലില്‍നിര്‍ണായകമായ നിയമങ്ങള്‍ അവന് മനപാഠവും പരമ പ്രധാനവുമാകുകയും ചെയ്യുന്നു. മരുഭൂമിയുടെ വഴിപ്പിരിവുകളും ആകാശത്തെ എയര്‍ ഘട്ടറുകളും അവന്റെ ആകുലതകളായപ്പോള്‍ ടാറടര്‍ന്ന് തകര്‍ന്നുകിടക്കുന്ന നാട്ടുവഴികളിലൂടെ അവന്‍ ദിവസവും നിസ്സങ്കോചം യാത്ര ചെയ്തു. തദ്ദേശീയമായ അറിവുകള്‍ ആവശ്യമുള്ള എത്ര ചെറിയ കാര്യങ്ങളും ഒറ്റക്ക് നിര്‍വഹിക്കേണ്ടി വരുമ്പോള്‍ പ്രവാസികള്‍ ഭീരുക്കളായി മാറുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറാന്‍ പോലും ഭയപ്പെട്ട്, അവര്‍ ഇടനിലക്കാരെ തേടിപ്പോകുന്നതിന്റെ യുക്തി അതാണ്. ഈ അധൈര്യം ചൂഷണത്തിനുള്ള നാട്ടുകാരന്റെ വലിയ ആയുധവുമാണ്.
ഓരോ തലമുറയും പുതിയ പ്രവാസികളായി മാറാന്‍ നിശ്ചയിച്ചാണ് പിറന്നുവീഴുന്നത്. അതിനാല്‍ അവര്‍ കുഞ്ഞുനാളില്‍ തന്നെ അതിനൊത്ത അറിവുകള്‍ സ്വാംശീകരിച്ചുകൊണ്ടിരിക്കുന്നു. അമ്മമാര്‍ അതിന് പാകപ്പെട്ട വിവരങ്ങള്‍ നല്‍കിയാണ് അവരെ ഊട്ടുന്നത്. ചോറുണ്ണാന്‍ വിസമ്മതിക്കുന്ന കൊച്ചുകുഞ്ഞിനോട് 'ഉപ്പയെ പോലെ വിമാനത്തില്‍ പോകണമെങ്കില്‍ വേഗം കഴിക്കൂ' എന്നാണ് പ്രലോഭനം. ഒരു പ്രവാസിയുടെ മകന് വിരഹം ബാല്യകാല അനുഭവമാണ്. അവന്റെ വളര്‍ച്ചയുടെ വാര്‍ഷിക ഇടവേളകളില്‍ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്ന വേര്‍പിരിയലുകള്‍ വര്‍ഷാവര്‍ഷം വേദനയുടെ പുതിയ ആഴങ്ങള്‍ അവരില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെ നിരന്തരമായി അനുഭവിക്കുന്ന അകന്നുപോകലുകളും അതുണ്ടാക്കുന്ന അന്യതാബോധവും ബന്ധങ്ങളുടെ വൈകാരികതകളില്‍നിന്ന് നിശãബ്ദമായി അവനെ അകറ്റുന്നു. പിതൃവാല്‍സല്യത്തിന്റെ സാമീപ്യങ്ങളില്ലാത്ത ബാല്യം മുതല്‍ മുഖം കാണാത്ത ഫോണ്‍ പറച്ചിലുകള്‍ക്ക് നിര്‍ബന്ധിതനാക്കപ്പെടുന്നത് വരെ എല്ലാതരം പ്രവാസ അനുബന്ധങ്ങളും കൂടുതല്‍ അന്യവല്‍കരണമാണ് സൃഷ്ടിക്കുന്നത്. അതേസമയം, ചെറുപ്പത്തിലേ കൂടുതല്‍ പക്വമതിയാകാനും പില്‍ക്കാലത്ത് അനായാസം പ്രവാസിയായി മാറാനും ഈ അന്യവല്‍കരണം പ്രവാസികളുടെ പിന്‍തലമുറകളെ പ്രാപ്തരാക്കുന്നുമുണ്ട്.

പാസ്പോര്‍ട്ടെടുത്ത വിദ്യാഭ്യാസം

ഗള്‍ഫ് ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയെത്തുന്ന ഒരാണ്‍കുട്ടി ആദ്യം നേരിടുന്ന ചോദ്യം 'പാസ്പോര്‍ട്ടെടുത്തോ' എന്നാണ്. എസ്.എസ്.എല്‍.സി ബുക് വാങ്ങുന്നതിനും മുമ്പ് പാസ്പോര്‍ട്ടോഫീസിലേക്ക് വണ്ടികയറുന്നവരുടെ നാടാണ് ഗള്‍ഫ് ഗ്രാമങ്ങള്‍. ജീവിതത്തിന് മറ്റ് വഴികളുണ്ട് എന്ന് പുതുതലമറ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വീട് പോറ്റുന്നവരുടെ തലമുറവരെ മറ്റൊരുവഴി ആലോചിച്ചിരുന്നില്ല. വിദേശത്ത് എങ്ങനെയും തൊഴില്‍ തരപ്പെടുമെന്നും അതിന് അധികം അധ്വാനിക്കേണ്ടതില്ലെന്നുമാണ് ഏതാനും വര്‍ഷം വരെ പ്രവാസി ഗ്രാമങ്ങളില്‍ നിലനിന്ന പൊതുബോധം. അതിനാല്‍ തന്നെ തൊഴില്‍ വിപണിക്കിണങ്ങുന്ന വിദ്യാഭ്യാസം പ്രവാസി ഗ്രാമങ്ങളില്‍ മുഖ്യമായിരുന്നില്ല. അത്രപോയിട്ട്, ഔപചാരിക വിദ്യാഭ്യാസം പോലും വേണ്ടതില്ല എന്ന മാനസികാവസ്ഥയാണ് അവിടെ ഭരിച്ചിരുന്നത്. ഇതിപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. പ്രവാസിയായി മാറിയവരുടെ മക്കളാണ് ഇപ്പോള്‍ ഉന്നത പഠനത്തിന് ഇറങ്ങുന്നത്. എന്നാല്‍ ഇത്തരം ഗ്രാമങ്ങളിലെ, പ്രവാസികളില്ലാത്ത നാടന്‍മാരുടെ പിന്‍മുറക്കാരില്‍നിന്ന് ഇപ്പോഴും പഴയ ബോധ്യങ്ങളില്‍ ഒഴിഞ്ഞുപോയിട്ടില്ല.
തൊഴില്‍ വിപണിയില്‍ പഠനം/വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണെന്ന് ഇത്രയുംനാള്‍ ഇവര്‍ കരുതിയിട്ടില്ല. അതിനാല്‍ തന്നെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഇവര്‍ പഠനം ഉപേക്ഷിക്കുമായിരുന്നു. പ്രീ ഡിഗ്രിയും ഡിഗ്രിയുമൊക്കെ പഠിക്കുന്നത് വിസ കിട്ടുംവരെയുള്ള ഇടവേളകള്‍ മാത്രമായി മാറി. ഇങ്ങനെ ഒരു തലമുറ പഠനം ഉപേക്ഷിച്ചതാണ് അവരുടെ പിന്‍മുറക്കാരും പ്രവാസികളാകാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടതിന്റെ സുപ്രധാന കാരണങ്ങളിലൊന്ന്. ഗള്‍ഫ് ഒരു ഉപായമായി മുന്നില്‍ കിടക്കുമ്പോള്‍, അധ്വാനഭാരമുള്ള മറുവഴികള്‍ സ്വഭാവികമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഒരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്തവന്‍ ഗള്‍ഫില്‍ പോയി കൈനിറയെ പണവുമായി തിരിച്ചെത്തുന്നതിലെ മാന്ത്രിക വേഗതയായിരുന്നു അവരുടെ പ്രചോദനവും പ്രതീക്ഷയും. പ്രവാസിയാകാന്‍ പിറന്നവനും അതിന് സമയം കുറിച്ച് കാത്തിരിക്കുന്നവനും പഠിക്കേണ്ടതില്ലന്ന് ഇതോടെ തീരുമാനിക്കപ്പെട്ടു. ഒരു തലമുറ തദ്ദേശീയമായ വൈഞ്ജാനിക സമ്പ്രദായങ്ങളില്‍ നിന്നും അനുഭവങ്ങളില്‍നിന്നും അത് നല്‍കുമായിരുന്ന സാധ്യതകളില്‍ നിന്നും ഇതോടെ തീര്‍ത്തും അകറ്റപ്പെട്ടു.
നേരത്തെ ഉദാഹരിച്ച അതേ ഗള്‍ഫ് ഗ്രാമത്തില്‍ ഒരുറിട്ടയേര്‍ഡ് സര്‍ക്കാറുദ്യോഗസ്ഥനുണ്ട്. ഇടക്ക് അവധിയെടുത്ത് ഗള്‍ഫില്‍ ജോലി ചെയ്തു. വിരമിച്ച ശേഷവും വലിയൊരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇയാളുടെ മൂന്ന് മക്കളും ഇപ്പോള്‍ പ്രവാസികളാണ്. കൂടുതല്‍ സാധ്യത തേടി വിദേശ വാസം തെരഞ്ഞെടുത്തവരല്ല അവര്‍. അവര്‍ക്കതുമാത്രമായിരുന്നു ഏക സാധ്യത. അവിടം വിട്ട് നാടണഞ്ഞാല്‍ മറ്റൊരു തൊഴില്‍ ചെയ്യാനുള്ള വൈദഗ്ദ്യവും അറിവും യോഗ്യതയും അവര്‍ക്കില്ല. അതിനാല്‍ അവര്‍ പ്രവാസികള്‍ മാത്രമായി മാറി. ഈ ഗ്രാമത്തിലെ ഒറ്റപ്പെട്ട ഉദാഹരണമല്ല ഇത്. ഈ അച്ചന്റെ സമകാലകരില്‍ ഒരുപാടുപേര്‍ ഉയര്‍ന്നുപഠിക്കുകയും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടുകയും ചെയ്തു. അവര്‍ നാട്ടില്‍ തൊഴില്‍ തുടങ്ങിയ കാലത്താണ് പ്രവാസം ശക്തിപ്പെട്ടത്. മികച്ച വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയ ഇവര്‍ക്കൊപ്പമിരുന്ന് പഠിച്ച് പരാജയപ്പെട്ടവരായിരുന്നു കടല്‍ കടന്നത്. അവര്‍ കൂടുതല്‍ സമ്പന്നരായി മാറുന്നത് കണ്ടാണ് പില്‍കാല തലമുറ വളര്‍ന്നത്. അതോടെ അവര്‍ക്ക് പഠനം, രണ്ടാം തരം ഏര്‍പാടായി. ഇങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് വഴിമാറി നടന്ന സമൂഹം അതിസമ്പന്നരായി മാറുക കൂടി ചെയ്തതോടെ പ്രവാസം മാത്രമായി സമൂഹത്തിന്റെ മുഖ്യസ്വപ്നം. ഇതില്‍ നിന്ന് തിരിച്ചുനടക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് പ്രവാസി ഗ്രാമങ്ങളിലെ വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ഗുണപരമായ മാറ്റം.

ഉപഭോഗത്തിന്റെ ആസക്തി

പ്രവാസികള്‍ അവരുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും അവര്‍ കൂട്ടത്തോടെ ജീവിച്ച നാടുകളിലും സൃഷ്ടിച്ച സാമൂഹ്യവും സാംസ്കാരികവുമായ ഇത്തരം മാറ്റങ്ങളിലെല്ലാം പണം മുഖ്യ ഘടകമായതായി കാണാന്‍ കഴിയും. ധൂര്‍ത്തമായ ജീവിത സംവിധാനങ്ങളായിരുന്നു പ്രവാസി വ്യവഹാരങ്ങളുടെ കാതല്‍. അവര്‍ പണം കൊണ്ട് ജീവിതം സൃഷ്ടിച്ചു. പണം കൊണ്ട് ജീവിതം സൃഷ്ടിക്കാന്‍ അവര്‍ക്കുചുറ്റുമുള്ള സമൂഹത്തെ പരിശീലിപ്പിച്ചു. അങ്ങനെ നിര്‍ബന്ധിത പരിശീലനത്തിന് വിധേയരാക്കപ്പെട്ടവര്‍ പണമുണ്ടാക്കാന്‍ വഴികള്‍ കണ്ടെത്താനും നിര്‍ബന്ധിതരാക്കപ്പെട്ടു. പ്രവാസിയുടെ അടയാളമായ ഉപഭോഗ സംസ്കാരം അസാധരണമാം വിധം അവരുടെ സമീപസ്ഥരെയും സ്വാധീനിക്കുകയായിരുന്നു.
കാര്യമായ സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധ്യവും ഇല്ലാത്ത ശരാശരിക്കാരുടെ കൈകളില്‍ കുമിഞ്ഞെത്തിയ സമ്പത്തിന് ഉല്‍പാദനക്ഷമമായ പുനര്‍വിനിയോഗങ്ങളുണ്ടായില്ല. ജീവിതത്തിന്റെ വളര്‍ച്ച ഭദ്രമാക്കുന്നതിന് പകരം, ഉള്ളടക്കം അലങ്കരിക്കുന്നതില്‍ അവര്‍ കേന്ദ്രീകരിച്ചു. അലസമായും അനായാസമായും സുഖലോലുപ ജീവിതം സാധ്യമാക്കുന്നതിനായാണ് അവരുടെ പണം ഏറെയും ചിലവഴിക്കപ്പെട്ടത്. ആഗോളവല്‍കരണത്തിന്റെ ഫലമായി പ്രാദേശിക വിപണികള്‍ പോലും ലോകത്തേക്ക് തുറക്കപ്പെട്ടത് ഈ ചിലവഴിക്കലുകളെ ത്വരിതപ്പെടുത്തി. ള്‍ഫില്‍ കൂടിയ വില നല്‍കേണ്ട സാധനങ്ങള്‍ കുറഞ്ഞ വിലക്ക് നാട്ടില്‍ കിട്ടുമെന്നായി. പണത്തിന്റെ മൂല്ല്യം താരതമ്യം ചെയ്ത് നാട്ടില്‍ കൂടുതല്‍ ചിലവാക്കുക എന്നത് ഒരു പ്രവാസി സ്വഭാവമാണ്. വിദേശത്ത് അരമുറുക്കി ജീവിക്കുന്നവനും നാട്ടിലെത്തിയാല്‍ കൈയയച്ചിടുന്നത് പതിവാക്കി. പുതിയ കാലത്തേക്ക്വളര്‍ന്ന പ്രവാസികള്‍ക്കും പക്ഷെ നിക്ഷേപം എന്നത് എങ്ങനെയങ്കിലും പണം മുടക്കാനുള്ള വഴി മാത്രമാണ്. അത്തരം നിക്ഷേപങ്ങളിലും പ്രകടനപരതയും പ്രൌഢിയും നിര്‍ബന്ധമായി. അതോടെ ഫലശൂന്യമായ നിര്‍മികതികളില്‍ അവരുടെ സമ്പത്ത് ഒലിച്ചുതീര്‍ന്നു. ഒഴിഞ്ഞ മുറികളും പണിതീരാത്ത കെട്ടിടങ്ങളും വേണ്ടത്ര കിടക്കുമ്പോള്‍ തന്നെ ഗള്‍ഫ് നഗരങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഇങ്ങനെ പ്രാതപം നിര്‍മിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്. ചാവക്കാടും വേങ്ങരയുമൊക്കെ ഇത് കാണാം.
ഗള്‍ഫ് ജനത മുതലാളിത്തത്തിന്റെ എല്ലാതരം സാമ്പത്തിക സാംസ്കാരിക ദുശãീലങ്ങളും നിലനിര്‍ത്തുന്ന സമൂഹമാണ്. ഉപഭോഗം ആസക്തിയായി പടര്‍ന്നുകഴിഞ്ഞ അറബികളുടെ ജീവിത രീതിയുടെ പ്രൌഢിയും പ്രതാപവുമാണ് ഇവിടെ നിന്ന് പോകുന്നവരെ ഏറ്റവുമേറെ സ്വാധീനിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ സ്വാഭാവിക ദുരിതങ്ങളാണ് ഈ അറബി മാതൃക അപ്പടി ഗള്‍ഫില്‍ തന്നെ പകര്‍ത്തുന്നതില്‍ നിന്ന് അവരെ തടയുന്നത്. നാട്ടിലെത്തുന്നയാളുടെ മനോഘടനയെ നിയന്ത്രിക്കുന്നത് പക്ഷെ ഈ ധൂര്‍ത്ത ജീവിതം തന്നെയാണ്. അത് ഇവിടുത്തെ നാടന്‍ ജീവിതങ്ങള്‍ക്കുമേല്‍ പുതിയൊരു ധനവ്യയ ക്രമം അടിച്ചേല്‍പിച്ചു. ബന്ധങ്ങളുടെ വൈകാരികതയും പ്രവാസികളെ കൂടുതല്‍ ഉപഭോഗിയാക്കി മാറ്റുന്നുണ്ട്. നഷ്ടബന്ധങ്ങളുടെ വേദനകളാണ് സമ്മാനപൊതികളില്‍ സ്നേഹം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരായി പ്രവാസികളെ മാറ്റിയത് .
ഭക്ഷണത്തിലും പാര്‍പ്പിടത്തിലും വസ്ത്രത്തിലും യാത്രാ സങ്കല്‍പങ്ങളിലും തുടങ്ങി അടിസ്ഥാന ജീവിതാവശ്യങ്ങളിലെല്ലാമുണ്ടായ പരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലും പണം സുപ്രധാന ഘടകമായിരുന്നു എന്ന് കാണാം. എളുപ്പം ലഭ്യമാകുന്ന നാടന്‍ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചാണ് പണച്ചെലവേറിയ പുതിയ ഭക്ഷ്യ സംസ്കാരം പ്രവാസി അവന്റെ വീട്ടിലും നാട്ടിലും നിലനിര്‍ത്തിയത്. യാത്രയിലും പാര്‍പ്പിടത്തിലുമെല്ലാം ഈ ധാരാളിത്തം ദൃശ്യമാണ്. ആര്‍ഭാടപൂര്‍ണമായ വലിയ വീടുകളാണ് ശരാശരി പ്രവാസികളുടെ കേരളത്തിലെ ഏക നിക്ഷേപം. തദ്ദേശീയമായതെല്ലാം അധമമാണ് എന്ന മുന്‍വിധിയില്‍ നിന്നാണ് അവര്‍ പുറത്തുനിന്ന് പലതും സ്വീകരിച്ചത്. അതിനാല്‍ ആ വാങ്ങലില്‍ ഗുണദോഷ വിചാരമുണ്ടായില്ല. പ്രവാസം ഈ സമൂഹങ്ങളില്‍ സൃഷ്ടിച്ച സാമൂഹിക പന്നാക്കാവസ്ഥയും കുടുതല്‍ പണച്ചിലവേറിയ ജീവിത ക്രമം തന്നെയാണ് ഉണ്ടാക്കിയത്. പി.എസ്.സിയും പി.എച്ച്.സിയും എന്തെന്നറിയാത്തവര്‍ ഇതുരണ്ടും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരായി മാറി. അങ്ങനെ അവര്‍ സ്വകാര്യ ആശുപത്രികളില്‍ പണം മുടക്കി ചികില്‍സയെടുത്തു. കുട്ടികളെ പഠിപ്പിക്കാന്‍ സ്വാശ്രയ കോളജുകളിലേക്ക് പോയി. തൊഴില്‍ തേടി കുടുതല്‍ പണം മുടക്കി വിദേശ യാത്രകള്‍ ചെയ്തുകൊണ്ടിരുന്നു. നാട്ടില്‍ ജീവിക്കാനുള്ള അവരുടെ അധൈര്യങ്ങള്‍ കുടുതല്‍ പണം മുടക്കി ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലെത്തിച്ചു. ഗള്‍ഫ് ഗ്രാമങ്ങളില്‍ ലൈന്‍മാനാനായി നിയമനം കിട്ടാന്‍ പോലും വന്‍തുക മുടക്കുന്നവരുണ്ടായത് അതുകൊണ്ടാണ്. ഒഴുകിയെത്തിയ പണം ജീവിതത്തിലെ ഓരോ സവിശേഷ സന്ദര്‍ഭത്തെയും ചിലവേറിയ ആചാരങ്ങളാക്കി മാറ്റി. കല്ല്യാണം മുതല്‍ മരണം വരെ ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല. പ്രവാസികളുടെ സാന്നിധ്യം സ്വാഭാവികമായി സൃഷ്ടിച്ച ജീവിത സാഹചര്യങ്ങള്‍ ചിലവേറിയതായി മാറിയപ്പോള്‍ അത് നിലനിര്‍ത്താന്‍ അവര്‍ തന്നെ കൂടുതല്‍ പണം മുടക്കുന്ന സാഹചര്യം രൂപപ്പെട്ടു. അച്ചന്‍ തനിക്കുണ്ടാക്കി തന്ന ഈ സുഖാവസ്ഥ ജീവിതത്തില്‍ അച്ചന് തിരിച്ചുകൊടുക്കാന്‍ മക്കള്‍ നിര്‍ബന്ധിതനായി. അങ്ങനെ സുഖലോലുപതയും ആര്‍ഭാടങ്ങളും സംരക്ഷിക്കാന്‍ ഓരോ പിന്‍തലമുറയും പ്രവാസം സ്വയം സ്വീകരിച്ചു. ഒരിക്കലും പുറത്തുകടക്കാനാകാത്ത, പുറത്തുകടന്നാല്‍ വിജയിയായി ജീവിക്കാന്‍ കഴിയാത്ത വിഷമ വൃത്തമായി അങ്ങനെ പ്രവാസം കേരളീയ ജീവിതത്തെ മൂടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുണ്ടാകുന്ന പ്രവാസ സമൂഹത്തിന്റെ ജീവിതം പൊതു സമൂഹത്തില്‍ പടര്‍ത്തിയ സംസ്കാരം പണച്ചിലവിന്റേതായിത്തീരുകയും ദൌര്‍ബല്ല്യങ്ങള്‍ മറികടക്കാന്‍ അവര്‍ കൂടുതല്‍ കൂടുതല്‍ പണം മുടക്കേണ്ടിവരികയും ചെയ്തതോടെ അവര്‍ക്കൊപ്പം ജീവിക്കേണ്ടി വന്ന പ്രവാസികളല്ലാത്ത ജനത കടുത്ത സാമൂഹ്യ അരക്ഷിതാവസ്ഥയിലകപ്പെടുകയും ദരിദ്രരായി മാറുകയും ചെയ്തു.

ദാരിദ്യ്രത്തിന്റെ നിര്‍മിതി

പ്രവാസികളുടെ ഇത്തരമൊരു കേരളീയ ജീവിതാവസ്ഥ ഇവിടെ നിലനിന്ന നാടന്‍ ജീവിതത്തിന് ഏറെ പരിക്കേല്‍പിച്ചു. പ്രവാസികള്‍ സ്വയം സമ്പന്നരായതോടൊപ്പം, സമൂഹത്തെ ദരിദ്രരാക്കുക കൂടി ചെയ്തു. പ്രവാസിയും അപ്രവാസിയും പരസ്പരം ചേരാത്തതരത്തിലുളള അസന്തുലിതത്വങ്ങളിലേക്കാണ് വളന്നത്. രണ്ട് ജന വിഭാഗങ്ങളായുള്ള ഈ പരിണാമം കൂടുതല്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കികൊണ്ടേയിരിക്കുകയുമാണ്. പ്രവാസികള്‍ പരിചയപ്പെടുത്തിയ ജീവിത സൌകര്യങ്ങളാണ് കേരളത്തിന്റെ പൊതു സൌകര്യങ്ങളായും കേരളീയ സമൂഹത്തില്‍ വിലമതിക്കുന്ന ജീവിത രീതിയായും അടയാളപ്പെട്ടിരിക്കുന്നത്. ഗള്‍ഫ് ഗ്രാമങ്ങള്‍ കവിഞ്ഞ് ഈ പ്രവണത കേരളത്തിന്റെ തന്നെ പൊതു രീതിയായി മാറുന്നുമുണ്ട്. അവികസിതമായ ഒരു നാടുവിട്ട് ഏറെ വികസിച്ച അതിസമ്പന്നമായ മറ്റൊരിടത്ത് ജീവിതം ശീലിച്ചവര്‍ സൃഷടിച്ച ജീവിത മാനദണ്ഡങ്ങള്‍, പ്രവാസം ഇല്ലാത്തവനെയും പ്രവാസം നിരാകരിച്ചവനെയും മുഖ്യധാരയല്‍ നിന്ന് പുറന്തളളുകയാണ്. പ്രവാസികള്‍ക്ക് ഭുരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഇത് പ്രത്യക്ഷത്തില്‍ തന്നെ അനുഭവപ്പെടും.
ഇന്ത്യക്കാരന്‍/കേരളീയന്‍ എന്ന നിലയില്‍ ഇവിടുത്തെ പൌരസമൂഹം ഇന്ത്യക്ക്/കേരളത്തിന് ഒപ്പം വളരേണ്ടവരായിരുന്നു. എന്നാല്‍ പ്രവാസികള്‍ ഇതില്‍ നിന്ന് വേറിട്ട് നടന്നു. രാജ്യത്തിന്റെ വളര്‍ച്ചക്കനുബന്ധമായി വളരേണ്ടതിന് പകരം വല്ലാതെ വളര്‍ന്നിടങ്ങളിലേക്ക് കുടിയേറുകയും വളര്‍ച്ചയെത്താത്ത സ്വന്തം രാജ്യത്തിലെ ചെറുമൂലകളില്‍ വികസിത നാടുകളില്‍ അവര്‍ അനുഭവിച്ച ജീവിതം ഇവിടെ കൃത്രിമമായി സൃഷ്ടിക്കുകയുമാണ് പ്രവാസികള്‍ ചെയ്തത്. അങ്ങനെയാണ് മിനി ഗള്‍ഫുകളുണ്ടായത്. ഒരു പ്രദേശത്ത് ലഭ്യമാകുന്ന ജീവിത സൌകര്യങ്ങളും സംവിധാനങ്ങളും അവിടുത്തെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കും. എന്നാല്‍ സാമ്പത്തിക സമൃദ്ധിയില്‍ അഭിരമിക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്കൊപ്പം അടിസ്ഥാന സൌകര്യങ്ങള്‍ വികസിക്കാന്‍ തുടങ്ങിയതോടെ ദരിദ്രരുടെ പുതിയ വംശം രൂപപ്പെടുകയായിരുന്നു. താരതമ്യേന സമ്പന്നരായ പ്രവാസികളെപ്പോലെ പണം ചിലവിടാനില്ലാത്ത കേരളത്തിലെ ഗള്‍ഫ് ഗ്രാമങ്ങളിലെ സാധാരണക്കാരന്‍ മുതല്‍ ഉയര്‍ന്ന തസ്തികയില്‍ അഞ്ചക്ക ശമ്പളത്തില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വരെ ഈ സാമൂഹ്യ സന്ദര്‍ഭത്തെ അഭിമുഖീകരിക്കാനാകാതെ ദരിദ്രവല്‍കരിക്കപ്പെട്ടു. ഇങ്ങനെ രൂപപ്പെട്ട പുതിയ അധീശ സമൂഹത്തില്‍ പത്താം തരം തോറ്റ് പുറത്തായവര്‍വരെ മുഖ്യന്‍മാരായിമാറുകയും ചെയ്തു. അറിവ്/വിഞ്ജാനം സാമൂഹ്യാംഗീകാരത്തിന്റെ മാനദണ്ഡമായിരുന്നിടത്ത് വിദേശവാസവും പണവും സുപ്രധാന ഘടകമായി മാറിയത് പ്രവാസത്തിന്റെ ദുരന്ത ഫലമാണ്. സമൂഹത്തിലെ വര്‍ഗ^ശ്രേണീ ബന്ധങ്ങളെ അത് പുനര്‍നിര്‍ണയിച്ചുവെങ്കിലും പണം മാത്രം മുഖ്യ ഘടകമായ സാമൂഹ്യ സങ്കല്‍പമാണ് അശിക്ഷിതരായ ഈ പുതിയ ഇടത്തരക്കാര്‍ പൊതുബോധത്തില്‍ പണിതുയര്‍ത്തിയത്. ബസില്‍ യാത്ര ചെയ്യുന്നവനും വലിയ വീട് വക്കാത്തവനും വിവാഹച്ചെലവ് ചുരുക്കുന്നവനും പ്രവാസി ഗ്രാമങ്ങളില്‍ ദരിദ്രനാണിന്ന്. അവനെത്ര ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴില്‍ മേന്മയും സാമൂഹ്യാംഗീകാരവുമുണ്ടെങ്കിലും പൊതുജീവിതത്തില്‍ താരതമ്യത്തിനൊടുവില്‍ ദരിദ്രനായി തന്നെ പരിഗണിക്കപ്പെടുന്നു.
ഇതില്‍ പരാമര്‍ശിക്കപ്പെട്ട ഗള്‍ഫ് ഗ്രാമത്തിലെ പഴയ ഒരു പ്രവാസി, തന്റെ മൂന്ന് മക്കളുടെ വിവാഹം നാട്ടുകാരെ കൂട്ടത്തോടെ ക്ഷണിക്കാതെ അതിലളിതമായി നടത്തിയതോടെ ഏറെ മാന്യനായിരുന്ന ഇയാള്‍ അറുപിശുക്കനും സാമൂഹ്യ വിരുദ്ധനുമായി ചിത്രീകരിക്കപ്പെട്ടു. അപഹാസം നേരിടാനാകാതെയാകണം, നാലാമത്തെ മകന്റെ കല്ല്യാണത്തിന് നാട്ടുകാരെയെല്ലാം നാട്ടുനടപ്പനുസരിച്ച് വിളിച്ചു. 'അച്ചടിച്ചുവച്ച കല്ല്യാണക്കത്ത് കാറ്റത്തു പറന്നപ്പോള്‍ കൈയില്‍ കിട്ടിയവരാണ് കല്ല്യാണത്തിന് കൂടിയത്' എന്നായിരുന്നു ഇതിന് പക്ഷെ നാട്ടുകാര്‍ നല്‍കിയ വ്യാഖ്യാനം. തമാശയായി സൃഷ്ടിച്ച കഥകൂടിയാണെങ്കിലും അതിന് കിട്ടിയ സ്വീകാര്യതയും അതിലടങ്ങിയ ഹാസ്യവും അത്ര നിരുപദ്രവകരമല്ല. ഒരു പ്രവാസി ഭൂരിപക്ഷ സമൂഹത്തില്‍ ഒരാള്‍ എങ്ങനെ ജീവിക്കണമെന്ന് അയാള്‍ക്ക് സ്വയം നിശ്ചയിക്കാന്‍ കഴിയാതാകുന്നുവെന്നതാണ് ഈ ആക്ഷേപത്തിന്റെ സാമൂഹ്യ പ്രസക്തി. ഒന്നുകില്‍ ഞങ്ങളെപ്പോലെ ചിലവിടുക, അല്ലെങ്കില്‍ ദരിദ്രരനായി സ്വയം ഒതുങ്ങുക എന്ന വിപത്സന്ദേശമാണ് ഇതുല്‍പാദിപ്പിക്കുന്നത്. സാമൂഹ്യ മാന്യത നേടാന്‍ ധൂര്‍ത്തമായ ചിലവുകള്‍ക്ക് അപ്രവാസിയും വഴങ്ങുകയാണ് ഇവിടെ എപ്പോഴും സംഭവിക്കുന്നത്. ഉപഭോഗാസക്തമായ സംസ്കാരവും ധൂര്‍ത്തമായ ജീവിതവും ഇത്തരം ഗ്രാമങ്ങളില്‍ നിരാകരിക്കാന്‍ കഴിയാതാകുന്നത് അതുകൊണ്ടാണ്. അതിനെതിരായ പോരാട്ടങ്ങള്‍ കുറ്റകരമായ വീഴചയായാണ് പ്രവാസി ഗ്രാമങ്ങള്‍ പരിഗണിക്കുന്നത് എന്നത് വലിയ സാമൂഹ്യ ദുരന്തത്തിലേക്കുള്ള സൂചനയാണ്.
പ്രവാസം നിഷേധിക്കപ്പെട്ടവനോ സ്വയം നിരാകരിച്ചവനോ മാത്രമല്ല ഈ ദുരന്തത്തിനിരയാകുന്നത്. ഈ പൊതു പ്രവാസ ജീവിത സംസ്കാരത്തിനൊപ്പം നടക്കുകയും പിന്നീട് പിന്‍മാറാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്യുന്നവര്‍ നേരിടുന്നത് ഇതിലും വലിയ പ്രതിസന്ധിയാണ്. പ്രത്യക്ഷ ജീവിതത്തില്‍ നിന്ന് ഇത്തരം സ്വഭാവ ശീലങ്ങളെ മറച്ചുവക്കാനോ പിന്‍വലിക്കാനോ അവര്‍ക്ക് കഴിയാതാകുന്നു. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ മാറിച്ചിന്തിക്കുന്നവര്‍ക്ക് പോലും പ്രായോഗിക ജീവിതത്തില്‍ ഈ സാംസ്കാരിക വെല്ലുവിളി അതിജയിക്കാനാവുന്നില്ല. ഒരല്‍പം മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് പോലും അയാള്‍ ദരിദ്രനായി ചിത്രീകരിക്കപ്പെടാന്‍ മതിയായ കാരണമാകും. പ്രവാസികളുടെ ധന വിനിമയ രീതി അവരെത്തന്നെ ദരിദ്രരാക്കുകയും അവര്‍ക്കുചുറ്റുമുള്ള സമൂഹത്തെ ദാരിദ്യ്രത്തിലേക്ക് തള്ളുകയുമാണ് ചെയ്യുന്നത്. സാമൂഹ്യാംഗീകാരത്തിന്റെ മാനദണ്ഡം സാമ്പത്തികാവസ്ഥയായി മാറിയ സമൂഹത്തില്‍ ദരിദ്രനായി മദ്രേയടിക്കപ്പെടുന്നതിലേറെ വലിയ ശിക്ഷയില്ല. അതിനാല്‍ പ്രൌഢ ജീവിതം നിലനിര്‍ത്താനുള്ള സാധ്യതയുടെ അവസാനയക്കം വരെ അവര്‍ പരിശ്രമിക്കുന്നു. ഇത്തരം വ്യാജ പ്രൌഢികളുടെ കൃത്രിമ നിര്‍മിതികള്‍ പൊട്ടിത്തകരുമ്പോഴാണ് വീടുകള്‍ വില്‍പനക്ക് വക്കുകയും സ്വയം മരണം വരിക്കുകയും ചെയ്യേണ്ടിവരുന്നത്. പ്രവാസികളുടെ പൊതു ജീവിത സംസ്കാരം പിന്തുടരുന്ന കേരളത്തിലെ ഗള്‍ഫ് ഗ്രാമങ്ങള്‍ ഇത്തരമൊരു കുട്ടത്തകര്‍ച്ചയുടെ വക്കിലാണ് കഴിച്ചുകൂട്ടുന്നത്.

(മാധ്യമം ആഴ്ചപ്പതിപ്പ്)


1 comment:

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...