Saturday, April 23, 2011

ഇന്ത്യന്‍ പരിസ്ഥിതി നിയമം തിരുത്താന്‍ അമേരിക്കന്‍ ഏജന്‍സിക്ക് കരാര്‍


തിരുവനന്തപുരം: ഇന്ത്യയിലെ പരിസ്ഥിതി നിയമം പരിഷ്കരിക്കാനും നിയമ പരമായ അധികാരങ്ങളുള്ള ലീഗല്‍ അഥോറിറ്റി സ്ഥാപിക്കാനും അമേരിക്കയില്‍ നടപടി തുടങ്ങി. പരിസ്ഥിതി മേഖലയില്‍ അമേരിക്കന്‍ ആധിപത്യം നിലനിര്‍ത്തുക പ്രഖ്യാപിത ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ യു.എസ് എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇ.പി.എ)ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇതിന് കരാര്‍ നല്‍കിയത്. ഇതിനായി 2.50 കോടിയുടെ പദ്ധതി ഇ.പി.എ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന ഏജന്‍സിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി വിവിധ അമേരിക്കന്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇ.പി.എ ടെണ്ടര്‍ സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഇതുവരെ ആര്‍ക്കും ടെണ്ടര്‍ നല്‍കിയിട്ടില്ല. പദ്ധതി വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം വരെ വെബ്സൈറ്റില്‍ ലഭ്യമായിരുന്നു.
'എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ലീഗല്‍ അഥോറിറ്റി ഫോര്‍ സിവില്‍ ജുഡീഷ്യല്‍/അഡ്മിനിസ്ട്രേറ്റീവ് എന്‍ഫോഴ്സ്മെന്റ് ഓഫ് എന്‍വിറോണ്‍മെന്റല്‍ റിക്വയര്‍മെന്റ്സ് ആന്റ് ടെക്നിക്കല്‍ അസിസ്റ്റന്‍സ് ഓണ്‍ എന്‍വിറോണ്‍മെന്റല്‍ ഗവേണന്‍സ് പ്രോഗ്രാം ഫോര്‍ ഇന്ത്യ' എന്ന തലക്കെട്ടിലാണ് ഇ.പി.എ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വനം പരിസ്ഥിതി മന്ത്രാലയവുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയെന്ന് ഇ.പി.എ രേഖയില്‍ പറയുന്നു. പരിസ്ഥിതി നിയമ അഥോറിറ്റി രൂപവല്‍കിരിക്കുക, ഇന്ത്യയുടെ പരിസ്ഥിതി നിയമം പരിഷ്കരിക്കുക, പാരിസ്തിഥികാഘാത പഠനങ്ങള്‍ നടത്തുക, പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
2002 മുതല്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പദ്ധതിയെന്ന് ഇ.പി.എ രേഖ വ്യക്തമാക്കുന്നു. ഇ.പി.എയും വനം പരിസ്ഥിതി മന്ത്രാലയവും 2002ല്‍ ഇതുസംബന്ധിച്ച ആദ്യ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ 2007ലെ പുതുക്കിയ ധാരണാപത്ര പ്രകാരമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതി ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഇ.പി.എ രേഖയിലുണ്ട്. ഇതിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടികളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇതില്‍നിന്ന് രൂപപ്പെടുത്തിയ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ അമേരിക്കയില്‍ ടെണ്ടര്‍ ക്ഷണിച്ചത്.
ടെണ്ടര്‍ കിട്ടുന്ന സ്ഥാപനം ആദ്യം ഇന്ത്യയിലെ വിവിധ മേഖലകളിലുള്ളവരുടെ ശില്‍പശാല സംഘടിപ്പിക്കണം. അഞ്ച് വര്‍ഷംകൊണ്ട് ഇന്ത്യയില്‍ കാര്യക്ഷമമായ നിയമ സംവിധാനമുണ്ടാക്കാനാവശ്യമായ പ്രവര്‍ത്തന രൂപരേഖയാണ് ശില്‍പശാലയില്‍ നിന്ന് തയാറാക്കേണ്ടത്. കേന്ദ്ര^സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനും രൂപരേഖയുണ്ടാക്കണം. ഇ.പി.എ തയാറാക്കുന്ന ആശയങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാകണം ശില്‍പശാല സംഘടിപ്പിക്കേണ്ടത്. 2.5 കോടിയുടെ പദ്ധതിയില്‍ ടെണ്ടര്‍ നല്‍കിയാല്‍ ആദ്യ ഘട്ടത്തില്‍ 25,000 ഡോളര്‍ ലഭിക്കും.
ലോക രാജ്യങ്ങള്‍ക്കിടയില്‍ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ അമേരിക്കന്‍ മേധാവിത്തം ഉറപ്പാക്കുകയാണ് ഇ.പി.എയുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. ഇതിനായി പദ്ധതികള്‍ തയാറാക്കുക, പാരിസ്ഥിതി^ആരോഗ്യ പ്രശ്നങ്ങളില്‍ അമേരിക്കക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക, യു.എസ് പരിസ്ഥിതി വ്യവസ്ഥയെ സാമ്പത്തികമായി ഉല്‍പാദനക്ഷമമാക്കുക എന്നിവയും ഇ.പി.എ ലക്ഷ്യമിടുന്നു. അമേരിക്കയില്‍ പരിസ്ഥിതി നിയമം നടപ്പാക്കേണ്ട ചുമതലയും ഇവര്‍ക്കാണ്.
ടെണ്ടര്‍ സമര്‍പിക്കേണ്ട കാലാവധി കഴിഞ്ഞെങ്കിലും ഇതുവരെ ഒരു സ്ഥാപനത്തിനും കരാര്‍ നല്‍കിയിട്ടില്ലെന്ന് പദ്ധതി സംബന്ധിച്ച് അന്വേഷിച്ച പരിസ്ഥിതി ശാസ്ത്രഞ്ജനായ എസ്. ഫൈസിക്ക്, ഇ.പി.എ വാഷിംഗ്ടണ്‍ ഓഫീസിലെ ഇന്ത്യ പ്രോഗ്രാം മാനേജര്‍ പാം ടീല്‍ കഴിഞ്ഞദിവസം മറുപടി നല്‍കി. രാജ്യത്തെ നിയമം പരിഷ്കരിക്കാനും നിയമ സ്ഥാപനങ്ങളുണ്ടാക്കാനും അമേരിക്കന്‍ ഏജന്‍സിയെ ഏല്‍പിച്ചത് അത്യന്തം ആശങ്കാജനകവും അപകടകരവുമാണെന്ന് എസ്. ഫൈസി പറഞ്ഞു. ഇത് അമേരിക്കന്‍ വിദഗ്ദരെ ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ എത്തിക്കും. ഇന്ത്യന്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം തടണം. ഭോപാല്‍ ദുരന്ത വിധിയുടെ പശ്ചാത്തലത്തില്‍ ഇതിനെതിരായ എതിര്‍പ്പ് ശക്തമാകേണ്ടതുണ്ടെന്നും എസ്. ഫൈസി പറഞ്ഞു.

(20.....06.....10)


No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...