Saturday, April 23, 2011

കൃഷ്ണപിള്ളയും കടന്നപ്പള്ളിയും അവര്‍ണ മുന്നേറ്റവും


ദേവസ്വം ഭേദഗതി ബില്‍ ഹൈന്ദവ വിശ്വാസത്തില്‍ ഇടപെടുന്നതാണെന്ന് ജി. സുകുമാരന്‍ നായര്‍ എന്നൊരാള്‍ പ്രസ്താവിച്ചത് ഇന്നലെ രാവിലെ തന്നെ എല്ലാ കോണ്‍ഗ്രസുകാരും അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ ഇടപെടല്‍ നേരിട്ട് ബാധിക്കുന്ന കോണ്‍ഗ്രസിലെ പതിനൊന്നുപേരില്‍ ജി. കാര്‍ത്തികേയപ്പിള്ള, തിരുവഞ്ചൂര്‍ രാധാകൃഷ്ണ പിള്ള, തേറമ്പില്‍ രാധാകൃഷ്ണ മേനോന്‍, കെ. ശിവദാസന്‍ നായര്‍, വി.ഡി സതീശന്‍ മേനോന്‍, മുരളി എം. പിള്ള, ബാബു പ്രസാദക്കുറുപ്പ്, പി.സി വിഷ്ണുനാഥ പിള്ള എന്നിവര്‍ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് പോരാടാനുറച്ചാണ് ഇന്നലെ സഭയിലെത്തിയത്. മുന്നൊരുക്കത്തിന്റെ ഉശിര് അവര്‍ കാട്ടുകയും ചെയ്തു. ഇറങ്ങിപ്പോയി, രണ്ട് തവണ.
ബില്‍ അട്ടിമറിക്കാന്‍ സവര്‍ണ ലോബി ശ്രമിക്കുന്നുവെന്നും അത് തടയണമെന്നും വെള്ളാപള്ളി നടേശന്‍ എന്നൊരാള്‍ അതേ സമയത്തുതന്നെ പറഞ്ഞിരുന്നെങ്കിലും ഇക്കൂട്ടര്‍ക്ക് കോണ്‍ഗ്രസില്‍ സംഘബലമില്ലാത്തതിനാല്‍ അതത്ര ഫലിച്ചില്ല. ആര്യാടന്‍ മുഹമ്മദാകട്ടെ 'എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന' നിലപാടുകാരനാണ്. അതിനാല്‍ 'തിരുവഞ്ചൂര്‍ ഒറിജിനല്‍, ഞാന്‍ ഡ്യൂപ്ലിക്കേറ്റ്' എന്ന് പരസ്യമായി നയം പ്രഖ്യാപിച്ചു. കടന്ന'പള്ളി'കൊണ്ട് അമ്പലം പൊളിക്കുന്നുവെന്ന് പറഞ്ഞ് സി.പി മുഹമ്മദും ഇടപെടല്‍ ആശങ്കക്കാര്‍ക്കൊപ്പം ചേര്‍ന്നു. ഇവരെല്ലാം വരുന്നത് ചെന്നിത്തലക്കാരന്‍ രമേശന്‍നായരുടെ കാര്യാലയം വഴിയായതിനാല്‍ എ.പി അനില്‍കുമാര്‍, കെ. ബാബു, ടി.എന്‍ പ്രതാപന്‍ എന്നിവരും കൂടെക്കൂടി. എന്നാല്‍ പടക്കളത്തില്‍ മൌനംപാലിക്കാന്‍ ഈ മൂന്നുപേരും പ്രത്യേകം ശ്രദ്ധിച്ചു.
കെ. ബാലകൃഷ്ണപിള്ളയുടെ മകനും കെ. നാരായണക്കുറുപ്പിന്റെ മകനും അവരുടെ പാര്‍ട്ടികള്‍ക്കും ഇത്തരം മൌനത്തിന്റെ ആവശ്യമില്ല. കെ.എം മാണിക്കാകട്ടെ, തല അരമനയിലും കാല്‍ ചങ്ങനാശേരിയിലുമായി കിടക്കുന്ന സ്വന്തം ചെയര്‍മാന്റെ ജീവനും അതിജീവനവുമാണ് മുഖ്യം. ഇവരെല്ലാം കൈകോര്‍ത്താല്‍ ഉമ്മന്‍ചാണ്ടിയെങ്ങനെ മറുത്തുപറയും? കാസര്‍കോട്ടെ നായമ്മാര്‍മൂലയില്‍ താമസിക്കുന്ന സി.ടി അഹമ്മദാലിക്ക് മറ്റെന്തു ചെയ്യാനാകും? 'ഈ രക്തത്തില്‍ പങ്കുപറ്റാനാവില്ലെ'ന്ന് പ്രഖ്യാപിച്ച് അവരെല്ലാവരും സഭക്ക് പുറത്തിറങ്ങി. രാവിലെ പതിവുള്ള ഇറങ്ങിപ്പോക്ക് നടത്തിയിട്ടും രണ്ടാം പോക്കില്‍ വിട്ടുവീഴ്ചയുണ്ടായില്ല. അത്രമേലുണ്ട് പ്രതിബദ്ധത. ബില്‍ ഒടുവില്‍ സബ്ജക്ട് കമ്മിറ്റിയിലേക്ക് പോയി.
ചില്ലറ കാര്യങ്ങളായിരുന്നില്ല പ്രതിപക്ഷം ഉന്നയിച്ചത്. ഭരണ ഘടന വരും മുമ്പ് കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്‍മാരും ഇന്ത്യന്‍ സര്‍ക്കാറും തമ്മിലുണ്ടാക്കിയ കവനന്റിലെ (കരാറെന്ന് മലയാളം) വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ നിയമ സഭക്ക് അധികാരമില്ല, അതിന് പാര്‍ലമെന്റ് ചേരണമെന്നായിരുന്നു പ്രതിപക്ഷ വാദം. വഴിയേ പോയ യു.ഡി.എഫുകാരെല്ലാം ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞ് കടന്നപ്പള്ളിയുടെ തലക്കിട്ട് മേടിക്കൊണ്ടിരുന്നു. പണ്ട് ഗുരുവായൂരില്‍ കൃഷ്ണപിള്ളയുടെ പുറത്തടിച്ചവരെപ്പോലെ.
എന്നാല്‍ ഇതൊന്നും തന്നെപ്പറ്റിയല്ലെന്ന മട്ടായിരുന്നു മന്ത്രിക്ക്. അതേസമയം നേരത്തേ പഠിപ്പിച്ചുകൊടുത്തതെല്ലാം പറഞ്ഞുറപ്പിച്ച സമയത്ത് അദ്ദേഹം കൃത്യമായി പറഞ്ഞു. സമയം മാറിച്ചോദിച്ചാല്‍ ചോദിച്ചവര്‍ കുഴങ്ങും. മന്ത്രി ഉടന്‍ അപ്പുറത്തും ഇപ്പുറത്തും നോക്കും. സഹായം കിട്ടിയാല്‍ ചിരിക്കും. ഇല്ലെങ്കില്‍ കേള്‍ക്കാത്ത മട്ടില്‍ ഇരിക്കും. തുടക്കത്തില്‍ ജി. സുധാകരന്‍ കൈപിടിച്ചു. പിന്നെ തോമസ് ഐസക് സഹായിച്ചു. ഒടുവില്‍ പ്രേമചന്ദ്രന്‍ മറുപടി പറഞ്ഞുപറഞ്ഞ് രക്ഷപ്പെടുത്തി. ഉടനെ എല്ലാ ഫയലും പ്രേമചന്ദ്രന് കൈമാറി മന്ത്രി കൃതാര്‍ഥനായി. പ്രതിപക്ഷം പറഞ്ഞതിനെല്ലാം മന്ത്രിക്ക് മറുപടിയുണ്ട്. എഴുതിത്തയാറാക്കിയ മറുപടികള്‍ വായിച്ചത് പക്ഷെ അവര്‍ ഇറങ്ങിപ്പോയ ശേഷം.
ഹൈന്ദവ വിശ്വാസത്തിലെ ഇടപെടല്‍ തടയാന്‍ രാജഭരണ കാലത്തെ 'കവനന്റ്' വിശുദ്ധ രേഖയായി പ്രഖ്യാപിക്കുകയായിരുന്നു പ്രതിപക്ഷം. അതില്‍ തൊട്ടാല്‍ കോടതി പിടിക്കും. അതിനാല്‍ നമുക്ക് മിണ്ടാതിരിക്കാം ^ഇതായിരുന്നു ലൈന്‍. ഇത് പഴയ ഫ്യൂഡലിസത്തെ സംരക്ഷിക്കാനാണെന്ന് ജി. സുധാകരന്‍ സമര്‍ഥിച്ചതോടെ പ്രതിപക്ഷ ആവേശം കുറഞ്ഞു. ബില്ലിനെതിരെ ഹിന്ദു ഐക്യ വേദി പുറത്ത് സമരം പ്രഖ്യാപിച്ചപ്പോള്‍ തിരുവഞ്ചൂര്‍ അകത്ത് സമരം പ്രഖ്യാപിച്ചു. ബില്‍ അവര്‍ണരുടെ മുന്നേറ്റമാണെന്നായിരുന്നു ഭരണ പക്ഷ വ്യാഖ്യാനം.
ബില്‍ ചര്‍ച്ച മണിക്കൂറുകര്‍ നീണ്ടു. വിഷയ വൈവിധ്യം ബഹുകേമം. ബാബരി മസ്ജിദ് തൊട്ട് പാകിസ്ഥാന്‍ ഭരണ ഘടന വരെ. എന്നാല്‍ തേറമ്പില്‍ രാമകൃഷ്ണനിലെത്തിയപ്പോഴാണ് ചര്‍ച്ചയുടെ വഴിതെളിഞ്ഞത്: 'ഞാന്‍ നായരാണ്. നല്ല മനുഷ്യനാണ്. മതം വികാരമാണ്. വിചാരമല്ല. എന്‍.എസ്.എസ് എന്നുപറയാന്‍ എനിക്ക് പേടിയില്ല. അതുകൊണ്ട് ബില്ലിനെ അംഗീകരിക്കാനാവില്ല'. ഒരിക്കലെങ്കിലും ഇടപെട്ടില്ലെങ്കില്‍ പാര്‍ട്ടിസ്പോണ്‍സര്‍ കോപിക്കുമെന്ന് കെ.കെ ഷാജുവിനറിയാം. അതുകൊണ്ടിങ്ങനെ പറഞ്ഞു: 'ഭക്തഗാനം പാടുന്ന വനിതക്ക് ദേവസ്വം ബോര്‍ഡില്‍ അംഗത്വമുണ്ട്. ഇത് മന്ത്രിയുടെ പാട്ടുപാടുന്ന ഭാര്യക്ക് വേണ്ടിയാണോ അതോ ഭക്ത ഗായിക സിന്ധുജോയിക്ക് വേണ്ടിയോ?' പക്ഷെ ബില്ലിന്റെ രഹസ്യം വെളിപ്പെടുത്തിയത് തിരുവഞ്ചൂരാണ്: 'ഇത് സുധാകരന്റെ കുഞ്ഞാണ്. കടന്നപ്പള്ളി പോറ്റമ്മ മാത്രം.' അതിന്റെ ഗുണവുമതിനുണ്ട്.
എല്ലാം ശുഭകരമായി അവസാനിക്കുന്നതിനിടയിലാണ് പഴയ പ്രസംഗത്തിലെ വാക്കുപാലിക്കാനായി ജയരാജന്‍ പാലമെന്റ് രേഖയുമായി വന്നത്. അത് പ്രസംഗത്തേക്കാള്‍ വലിയ അബദ്ധമായി. സ്പീക്കര്‍കൂടി സഹായിച്ചാണ് ഒടുവില്‍ രക്ഷപ്പെട്ടത്. അബ്കാരി ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

(22.......03.....10)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...