Monday, September 19, 2011

കൂടംകുളം: അതിജീവനത്തിന് അവസാന ചുവട് (ഭാഗം ഒന്ന്)

ഇടിന്തകരെയിലെ നിരാഹാരസമരത്തിന്റെ ആറാംദിവസം അവശയായി ആശുപത്രിയിലേക്ക് മാറ്റിയ അറുപതുകാരിയായ സില്‍വൈ ലൂര്‍ദ് ബോധംവീണപ്പോള്‍ ചുറ്റുംനിന്നവരോട് പൊട്ടിത്തെറിച്ചു: 'ആരുപറഞ്ഞുനിങ്ങളോട് എന്നെ ആശുപത്രിയിലാക്കാന്‍? ട്രിപ്പ് കയറ്റാന്‍? മതി മരുന്ന്. സമരപ്പന്തലിലേക്ക് തിരിച്ചുപോകണം. ചികില്‍സയും വേണ്ട. മരുന്നും വേണ്ട. പ്ലാന്റ് പൂട്ടുംവരും വരെ അവിടെകിടക്കും. അല്ലെങ്കില്‍ അവിടെക്കിടന്ന് മരിക്കട്ടെ.' കൂറ്റന്‍ കടല്‍ത്തിരകള്‍ക്കെതിരെ തുഴയെറിഞ്ഞും മഴയെത്താത്ത മണ്ണടരുകള്‍ വരെ കൊത്തിക്കിളച്ചും നിത്യജീവിതമൊരുക്കുന്ന തമിഴ്ഗ്രാമീണരുടെ നിശ്ചയദാര്‍ഢ്യമായിരുന്നു ആ ക്ഷോഭമത്രയും. അതിന് മുന്നില്‍ സമര നേതാക്കളുടെ സാങ്കേതിക വാദങ്ങള്‍ അപ്രസക്തമായി. ഒടുവിലവര്‍ വീണ്ടും സമരപ്പന്തലിലെത്തി. കൂടംകുളം ആണവോര്‍ജ പദ്ധതിക്കെതിരെ അവസാന ഘട്ട സമരത്തിനിറങ്ങിയ മൂന്ന് ജില്ലകളിലെ ഗ്രാമീണ ജനതയുടെ സമര വീര്യത്തിന്റെ പ്രതീകങ്ങളിലൊന്നാണ് സില്‍വൈ. ഒരാളല്ല, നാടാകെയിറങ്ങിയിരിക്കുന്നു, ഈ സമരത്തിന്.
മാധ്യമങ്ങളും മധ്യവര്‍ഗ മൊബൈലുകളും ഇന്റര്‍നെറ്റും ചേര്‍ന്നുല്‍സവമാക്കിയ ദല്‍ഹി ഉപവാസങ്ങളുടെ ആഘോഷങ്ങളിവിടെയില്ല. സമരവേദികള്‍ക്കത്ര ഭംഗിയും മുദ്രാവാക്യങ്ങള്‍ക്കതുപേലെ താളവുമില്ല. ഓല കുത്തി മറച്ചും ടര്‍പോളിന്‍ വലിച്ചുകെട്ടിയും തണലൊരുക്കിയിട്ടും ഇളംചൂട് ബാക്കികിടക്കുന്ന കടലോരത്തെ മണല്‍പരപ്പിലിരുന്ന് അവരുയര്‍ത്തുന്ന മുറവിളികളില്‍ പക്ഷെ ദരിദ്ര ജീവിതത്തിന്റെ ചൂടും ചൂരുമുണ്ട്. അതിന്റെ തീവ്രതയും ആവേശവുമുണ്ട്. വീടിന്റെ ഉമ്മറപ്പടിയിലെത്തിയ മഹാദുരന്തത്തെ തടഞ്ഞുനിര്‍ത്താന്‍ ഇതില്‍കുറഞ്ഞൊരു സമരത്തിനുമാവില്ലെന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. മൂന്ന് ജില്ലകളില്‍നിന്നായി ദിവസവും സമരപ്പന്തലിലെത്തുന്നത് 15,000ഓളം പേര്‍. സ്വജീവിതം അടിമുടി നിശ്ചലമാക്കിയാണ് അവര്‍ അവസാനവട്ട പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. സമരം നടത്തുന്നവരും നയിക്കുന്നവരും ഇവര്‍തന്നെ. ഇന്ത്യകണ്ട അപൂര്‍വ ആണവവിരുദ്ധ സമരമായി ഇതുരൂപംപ്രാപിക്കുന്നതും ഈ സവിഷേശതകള്‍ കൊണ്ട് തന്നെയാണ്.
കന്യാകുമാരിയില്‍നിന്ന് 35 കിലോമീറ്റര്‍ ദൂരെയുള്ള തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 1988ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സാങ്കേതിക വിദ്യക്ക് റഷ്യന്‍ കരാറുണ്ടാക്കി. അന്നുതന്നെ പ്ലാന്റിനെതിരെ പ്രതിഷേധങ്ങളും തുടങ്ങി. വളരെചെറിയ രീതിയില്‍, ഏതാനും വ്യക്തികളും കൂട്ടായ്മകളുമായിരുന്നു അതിന് പിന്നില്‍. തൊട്ടടുത്ത വര്‍ഷം മേധാപട്കര്‍ നയിച്ച സേവ് ലൈഫ് ആന്റ് സേവ് വാട്ടര്‍ കാമ്പയിനില്‍ കൂടംകുളം മുഖ്യവിഷയമായി. 1998ല്‍ പദ്ധതി കരാര്‍ പുതുക്കി. അതോടെ വീണ്ടും സമരമുയര്‍ന്നു. വലിയ പ്രതിഷേധ റാലി നടന്നു. അവിടംതൊട്ട് ഇടക്കിടെ ഇവിടെ സമരങ്ങള്‍ തുടര്‍ന്നു. പദ്ധതി സംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോഴേല്ലാം പ്രതിഷേധവുമുരും. പ്രമുഖര്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അത് രൂക്ഷമായി. ശാസ്ത്രഞ്ജര്‍ മുതല്‍ എ.പി.ജെ അബ്ദുല്‍ കലാമടക്കമുള്ള ഭരണ നേതാക്കള്‍ വരെ ആ പ്രതിഷേധമറിഞ്ഞു.
എട്ട് പ്ലാന്റുകളില്‍ നിന്നായി 8000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ഇതില്‍ ഒന്ന് പൂര്‍ത്തിയായി. രണ്ടാമത്തേത് അന്തിമഘട്ടത്തിലാണ്. നാലെണ്ണത്തിന് തീര നിയന്ത്രണ നിയമത്തിന്റെ അനുമതി കിട്ടിയിട്ടില്ല. 6,000 കോടിയാണ് തുടക്കത്തില്‍ പറഞ്ഞ പദ്ധതി ചെലവ്.1998ല്‍ അത് 15,500 കോടിയാക്കി. 13,171 കോടിയെന്ന് 2001ല്‍ മന്ത്രിതല സംഘം പ്രഖ്യാപിച്ചു. ഇതില്‍ 6,775 കോടി ഇന്ത്യന്‍ നിക്ഷേപവും ബാക്കി നാല് ശതമാനം പലിശക്ക് റഷ്യന്‍ വായ്പയും. ഇതേകണക്കുതന്നെയാണോ 2011ലും സര്‍ക്കാര്‍ പറയുന്നതെന്ന് ഇനിയും വ്യക്തമല്ല.
പദ്ധതിയുടെ തുടക്കം തൊട്ടുതന്നെ പ്രതിഷേധവുമുയര്‍ന്നെങ്കിലും ദരിദ്ര ഗ്രാമീണരുടെ നിത്യജീവിതത്തിനുമേല്‍ വളരാന്‍ അതിനായില്ല. തൊഴിലും വെള്ളവും വികസനവും വാഗ്ദാനം ചെയ്ത കമ്പനിയുടെ പ്രലോഭനവും പലയെരും മോഹിപ്പിച്ചു. അതോടെ കടലിനോട് ചേര്‍ന്ന പ്രദേശമായിട്ടും സ്ഥലമെടുപ്പ് സുഗമമായി നടന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെ മല്‍സ്യത്തൊഴിലാളികള്‍ സമരത്തോടൊപ്പം ചേര്‍ന്നു. മറ്റ് വിഭാഗങ്ങള്‍ അപ്പോഴും മാറിനിന്നു. ഈ വിഭജനത്തില്‍ ജാതിയും പ്രധാന കാരണമായി. പ്രദേശവാസിയായ തമിഴ് മാന്തന്‍, പ്രൊഫ. എസ്.പി ഉദയകുമാര്‍, പുരോഹിതനായിരുന്ന എം. പുഷ്പരായന്‍ എന്നിവരായിരുന്നു തുടക്കം മുതല്‍ പദ്ധതിക്കെതിരെ ബോധവല്‍കരണവുമായി രംഗത്തിറങ്ങിയത്. 1996ല്‍ തമിഴ് മാന്തന്‍, കുടംകുളം ആണവ പദ്ധതി വിരുദ്ധ സമിതിയുണ്ടാക്കി. ഇദ്ദേഹമിപ്പോള്‍ കിടപ്പിലാണ്. ഈ സംഘമാണ് ഇന്ന് സമരം നയിക്കുന്ന പീപ്പിള്‍സ് മൂവ്മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ) ആയി വളര്‍ന്നത്. വിദേശ സര്‍വകലാശാലകളിലടക്കം വിസിറ്റിംഗ് പ്രൊഫസറായ ഉദയകുമാറും ഇപ്പോള്‍ ആണവ വിരുദ്ധ ആക്ടിവിസ്റ്റായ പുഷ്പരായനുമാണ് ഇതിന്റെയും തലപ്പത്ത്. സമരസമിതി കൊ ഓര്‍ഡിനേറ്ററും ഉദയകുമാര്‍ തന്നെ.
കാല്‍നൂറ്റാണ്ടോളം നീണ്ട ചെറുത്തുനില്‍പുകളുടെ തുര്‍ച്ചയാണ് ഇപ്പോള്‍ രൂപപ്പെട്ട വന്‍ജനമുന്നേറ്റം. ഫുകുഷിമയിലെ ദുരന്ത വാര്‍ത്തയറിഞ്ഞവരെല്ലാം ഈ സമരത്തില്‍ സ്വയം അണിചേരുകയായിരുന്നു. ജാതിയും ജോലിയുമെല്ലാം മറന്ന് അവരിപ്പോള്‍ ഒന്നിച്ചിറങ്ങുന്നു. പി.എം.എ.എന്‍.ഇയുടെ നേതൃത്വത്തില്‍ ആഗസ്ത് 10ന് ഏകദിന ഉപവാസം നടത്തിയപ്പോള്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ട് തുടര്‍ സമരം ഒഴിവാക്കി. ഒക്ടോബര്‍ എട്ടിനകം ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍ സെപ്തംബര്‍ എട്ടിന് ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉടന്‍ പ്ലാന്റ് തുറക്കുമെന്ന് കമ്പനി മേധാവി പ്രഖ്യാപിച്ചു. ഇത് ചതിയാണെന്ന് ചൂണ്ടിക്കാട്ടി ക്ഷുഭിതരായ കൂടംകുളത്തുകാര്‍ തെരുവിലിറങ്ങി. ഇതോടെ അവിടെ സമരം നിരോധിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 500ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഇത് പ്രതിഷേധത്തെ രൂക്ഷമാക്കി. രണ്ടിലൊന്നറിയാതെ പിന്‍മാറില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ സംഘടിച്ചു. സമീപ ഗ്രാമങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. കൂടംകുളം സമ്പൂര്‍ണ പോലിസ് നിയന്ത്രണത്തിലായതോടെ സമരം തൊട്ടടുത്ത ഗ്രാമമായ ഇടിന്തകരെയിലേക്ക് മാറ്റി. പിന്നീട് കന്യാകുമാരി, തൂത്തുക്കുടി ജില്ലയിലെ 60ഓളം ഗ്രാമങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സെപ്തംബര്‍ 11ന് അനിശ്ചിതകാല സമരം തുടങ്ങി. 127 പേര്‍ സ്വയം നിരാഹരം പ്രഖ്യാപിച്ചു. ഇവര്‍ക്ക് പിന്തുണയുമായി ദിവസവും സമീപ ഗ്രാമങ്ങളൊഴുകിയെത്തും. പത്തുദിവസം പിന്നിട്ടിട്ടും സമരാവേശത്തിനൊരു കുറവുമില്ല. എന്നല്ല അത് പടരുകയുമാണ്.

(20...09...11)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...