Thursday, July 21, 2011

അവസാന ദിവസത്തെ വീണവായന


റോമാ നഗരം കത്തുമ്പോള്‍ വീണ വായിച്ചവരെ പറ്റി പറയാത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ തീരെ കുറവാണ്. സംഭവം റോമിലാണെങ്കിലും നീറോമാരെ അപലപിച്ചവര്‍വരെ ഇക്കൂട്ടത്തിലുണ്ട്. എന്നുവച്ച് സ്വന്തം പുര കത്തുമ്പോള്‍ വീണ വായിക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. അതൊരു പാര്‍ട്ടി ശീലമാണ്. ഭരണത്തിലെങ്കില്‍ ആചാരവും. പാര്‍ട്ടി പിളരുമ്പോള്‍ മുഖ്യനേതാവും പള്ളി പൊളിക്കുമ്പോള്‍ പ്രധാന നേതാവും വീണയെടുത്ത് മുറിയിലേക്ക് പോയതായി ചരിത്രത്തില്‍ പറയുന്നുണ്ട്. ഈ പാരമ്പര്യം കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ കേരള സഭയിലും കാത്തുസൂക്ഷിച്ചു. ധനവിനിയോഗ ബില്‍ വോട്ടെടുപ്പില്‍ വിജയിക്കാന്‍ ഭൂരിപക്ഷമില്ലാതെ ഉമ്മന്‍ചാണ്ടിയും സര്‍ക്കാറും വെന്തെരിയുമ്പോള്‍ അംഗങ്ങള്‍ നാടാകെ പാട്ടുപാടി നടന്നു. അങ്ങനെ സ്വന്തം സര്‍ക്കാറിനെ മുള്‍മുനയില്‍ നിറുത്തിയ കോണ്‍ഗ്രസുകാരുടെ വീണവായന കണ്ടാണ് പതിമൂന്നാം സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്.
നൂലിഴ ഭൂരിപക്ഷത്തില്‍ കഴിയുന്നുവെന്ന ആധിയൊന്നും കോണ്‍ഗ്രസുകാര്‍ക്കില്ല. കൂട്ടത്തില്‍ ചെറുപ്പമായ ഹൈബി ഈഡന് ദല്‍ഹിയിലായിരുന്നു വീണ കച്ചേരി. സഹോദരീ ഭര്‍ത്താവ് മരിച്ചതിനാല്‍ ടി.യു കുരുവിള അവധി. അപ്പോള്‍ അംഗബലം 70. ചര്‍ച്ച തീര്‍ന്ന് വോട്ടെടുപ്പടുത്തപ്പോഴാണ് രണ്ടുപേര്‍കുടി കച്ചേരിക്ക് പോയ കാര്യമറിഞ്ഞത്. ഭരണനിര അതോടെ നെട്ടോട്ടമായി. കാണാതായവരെ തേടി നാനാഭാഗത്തേക്കും ഓട്ടം. ആളെപിടുത്തക്കാരായ നാലുപേര്‍ കൂടി പുറത്ത് പോയതോടെ ഉടന്‍ വോട്ട് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രസംഗം നിറുത്തരുതെന്ന് കെ.എം മാണിയെ കൂഞ്ഞാലിക്കുട്ടി ഉപദേശിച്ചു. പരമാവധി പ്രകോപിപ്പിക്കണമെന്നും. എതിര്‍ത്തും അനുകൂലിച്ചും ഒരക്ഷരം ഉരിയാടാതെ സമയം കളഞ്ഞ് സ്പീക്കറും സഹായിച്ചു. ഈ സമയത്തിനിടെ ആള്‍ പിടിയന്‍മാര്‍ തിരിച്ചെത്തി. പ്രതിപക്ഷത്തും ഒരാള്‍ കുറവായിരുന്നതിനാല്‍ അതോടെ സര്‍ക്കാര്‍ കസേര സുരക്ഷിതമായി.
വീണവായിക്കാന്‍ പോയ ഒരുവിദ്വാന്‍ വര്‍ക്കല കഹാറാണ്. കച്ചേരി മെഡിക്കല്‍ കോളജില്‍. എ.സി കാറില്‍ പരിപാടി കഴിഞ്ഞെത്തിയ കഹാര്‍ നിലാവത്തഴിച്ചിട്ട കോഴിയെ പോലെ താഴെ നിലയില്‍ കറങ്ങുകയായിരുന്നു. എല്ലാ അങ്കവും അവസാനിച്ചാണ് വിവരമറിഞ്ഞത്. ചിറ്റൂരുകാരന്‍ കെ. അച്യുതനാണ് മറ്റൊരു വിദ്വാന്‍. എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ ഉച്ചയുറക്കത്തിലായിരുന്നു അച്യുതന്‍. ആകെ മൂന്നീഴവരില്‍ പ്രമുഖനായിട്ടും മന്ത്രിസഥാനം കിട്ടാത്തതിന്റെ കെറുവുണ്ട്. നാട്ടുകാര്‍ക്കൊപ്പം കഴിയേണ്ട സമയം സഭയിലിരുന്ന് വെറുതെ കളയുന്നതില്‍ പണ്ടേ തന്നെ ഖിന്നനുമാണ്. തെങ്ങുമുതല്‍ തേങ്ങാ വെള്ളം വരെ കൃഷികളില്‍ വ്യാപൃതനായതിനാല്‍ നട്ടുച്ചക്കും ഓര്‍മപ്പിശകിന് സാധ്യതയുമുണ്ട്. ഈ രഹസ്യങ്ങള്‍ ഭരണ നിരയെ ബേജാറാക്കി. കടലാസുകീറിയും ചുരുട്ടിയെറിഞ്ഞും പ്രതിപക്ഷം നടുത്തളത്തില്‍ ബഹളംകൂട്ടുന്നതിനിടെ വീണവായിച്ച് വിവശനായ അച്യുതന്‍ കണ്ണുകള്‍ തിരുമ്മി ഓടിയെത്തി. സ്ഥാനം തെറ്റിയിട്ട കുപ്പായക്കുടുക്കുകളും നിരതെറ്റിയ മുണ്ടും ചീകിയൊതുക്കാത്ത മുടിയും കണ്ടാലറിയാം അച്യുതന്‍ കച്ചേരിയുടെ അധ്വാനഭാരം. പ്രതീക്ഷയറ്റ പ്രതിപക്ഷം അതോടെ ബഹളം നിറുത്തി. വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു. നെല്‍വയല്‍ ബില്‍ ചര്‍ച്ച ബഹിഷ്കരിച്ചു.
പുരാണത്തിലെ അശ്വഥമാവ്, ബൈബിളിലെ സാത്താന്‍ തുടങ്ങിയ പ്രതിപക്ഷ സാക്ഷ്യപത്രങ്ങള്‍ അവസാന ദിവസവും കെ.എം മാണി ഏറ്റുവാങ്ങി. രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാന്‍ ഒടുവിലൊരു കുട്ടിയുമുണ്ടായി. ആര്‍. രാജേഷ്: 'എന്റെ പ്രായത്തേക്കാള്‍ 17 വര്‍ഷം കൂടുതല്‍ നിയമസഭാ പരിചയമുള്ള മാണിസാറിന്റെ ബജറ്റ് പൂര്‍ണ നഗ്നമാണ്.' മര്‍ഡോക്കിന്റെ കഥ പറഞ്ഞും എന്തു പറഞ്ഞാലും ഞാന്‍ നിന്റേതല്ലേ വാവേ എന്നുപാടിയും പി.സി വിഷ്ണുനാഥ് വി.എസ് വിരുദ്ധ പോരാട്ടം സഭയില്‍ ആഘോഷിച്ചു. ഫിനിഷിംഗ് പോയന്റില്‍ കോടിയേരി ബാലകൃഷ്ണന് കൈപിഴ പറ്റിയതിനാലാണ് ഈ ആഘോഷം പാഴാകാതിരുന്നത്. മൂന്നാംവട്ടം പ്രസംഗിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞയുടന്‍ ബില്‍ വോട്ടിംഗിലേക്ക് പോയിരുന്നെങ്കില്‍ 73 പേര്‍ക്കും നാടാകെ വീണവായിച്ചും പാട്ടുപാടിയും നടക്കാമായിരുന്നു. പക്ഷെ കോടിയേരി അവിടെക്കയറി പ്രസംഗിച്ചു. ഇടക്ക് വി.എസ് അച്യുതാനന്ദനും സമയമെടുത്തു. അതില്‍ കയറി ടി.എം ജേക്കബും ആര്യാടന്‍ മുഹമ്മദും കയര്‍ത്തു. ഈ തര്‍ക്കത്തില്‍ അതിനിര്‍ണായകമായ 10 മിനുട്ടോളം പ്രതിപക്ഷം പാഴാക്കി. അല്ലായിരുന്നെങ്കില്‍ ഭരണക്കളി മാറിയേനെ. അസമയത്ത് ഉമ്മന്‍ചാണ്ടിയെ തള്ളിയിട്ട് സ്വന്തം തലവര വി.എസിന്റെ ശിരസിലേക്ക് മാറ്റിവരക്കേണ്ടെന്ന ജനാധിപത്യ മര്യാദ നിര്‍ണായക മുഹൂര്‍ത്തത്തില്‍ കോടിയേരി പാലിച്ചതുമാകാം. ഏതായാലും സഭ അതോടെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

(21...07...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...