Thursday, July 14, 2011

പട്ടുടുപ്പ് മാറ്റിയ ബജറ്റിന്റെ വസ്ത്രാക്ഷേപം



ഭൂപരിഷ്കരണ നിയമത്തില്‍ പരിഷ്കരണം വേണമെന്ന് മന്ത്രിക്കസേരിയിലിരുന്ന് ആദ്യം പറഞ്ഞത് എളമരം കരീമാണ്. കാര്യം പറഞ്ഞ വഴിയല്‍പം വളഞ്ഞതായിരുന്നെങ്കിലും സംഭവം കത്തി. ഭൂപരിഷ്കരണത്തിന്റെ വിശുദ്ധിയെ വാഴ്ത്തി വളര്‍ന്നുവലുതായ പുതുതലമുറ കമ്യൂണിസ്റ്റുകാര്‍ ഇതിനെതിരെ രഹസ്യമായും പരസ്യമായും പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുമായി പാഞ്ഞുനടന്നു. ഇത്തരം സൈദ്ധാന്തിക പ്രതിസന്ധികളൊന്നുമില്ലാത്ത കെ.എം മാണി പക്ഷെ ആദ്യ ബജറ്റില്‍ തന്നെ പരിഷ്കരണം പ്രഖ്യാപിച്ചു. കശുമാവിന്‍ കൃഷിയുടെ പേരുപറഞ്ഞ്, കരീമിന്റെ വളഞ്ഞ വഴിസൂത്രം തന്നെ മാണിയും പ്രയോഗിച്ചു. എന്നാല്‍ ഇടത് ശാഠ്യക്കാരായ പി. തിലോത്തമന്‍, എ.എ അസീസ്, ടി.വി രാജേഷ് തുടങ്ങിയവര്‍ മാണിയെ വെല്ലുവിളിച്ചു. കരീമിന്റെ തൊട്ടടുത്തിരിക്കുന്നതിനാലാകണം തോമസ് ഐസക് ഇക്കാര്യം പരാമര്‍ശിച്ചില്ല. എന്നാല്‍ ഇടതുസഖാക്കളുടെ അത്യാവേശത്തിനും കെ.എം മാണിയുടെ കടുംവെട്ടിനും കൂട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് ബജറ്റ് ചര്‍ച്ചയുടെ ആദ്യ ദിനം പ്രത്യക്ഷമായ നയം മാറ്റം. വി.ഡി സതീശനായിരുന്നു നയപ്രഖ്യാപനം നടത്തിയത്: 'ഭൂ പരിഷ്കരണ നിയമത്തില്‍ സമഗ്ര പരിഷ്കരണം വേണം. അതില്‍ തൊടാന്‍ പാടില്ലെന്ന വാദം അംഗീകരിക്കാനാവില്ല. നിയമമുണ്ടാക്കിയ കാലം മാറി. അത് പരിഷ്കരിക്കണം. എന്നാല്‍ ഭൂ വിനിയോഗത്തെ പറ്റി ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ ചര്‍ച്ചക്കുള്ള തുടക്കം മാത്രമായി കണക്കാക്കിയാല്‍ മതി.' പണത്തിലും പദ്ധതിയിലുമല്ല, നയത്തിലാണ് ബജറ്റ് തര്‍ക്കമെന്നര്‍ഥം.
ഡപ്യുട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ചര്‍ച്ചക്ക് തുടക്കമിട്ടു. പണക്കാരില്‍ നിന്ന് പണമെടുത്ത് പാവങ്ങള്‍ക്ക് കൊടുക്കുന്ന ബജറ്റില്‍ ശക്തന്‍ പൂര്‍ണ തൃപ്തനാണ്. എന്നാല്‍ പ്രതിപക്ഷത്തുനിന്ന് ചര്‍ച്ച തുടങ്ങിയ മുന്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റിനെ വെട്ടിമുറിച്ച് മീനച്ചിലാറ്റില്‍ തള്ളി. രാഷ്ട്രീയ തിമിരം ബാധിച്ച് മുന്‍സര്‍ക്കാര്‍ നടപടികളെ തള്ളിക്കളഞ്ഞിട്ട് കാര്യമില്ല. ഇതിനെ പാല^പാണക്കാട് ബജറ്റ് എന്നും പറയാനാവില്ല. അവര്‍ക്കും ഒന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ ബജറ്റ് നയം തുടര്‍ന്നിരുന്നെങ്കില്‍ ഇതിലേറെ കൊടുക്കാമായിരുന്നു. മാണി സാര്‍ വേഷക്കാരനായിരുന്നെങ്കില്‍ കേരളത്തിന് നല്ല നടനെ കിട്ടുമായിരുന്നു എന്നുകൂടി പറഞ്ഞാണ് ഐസക് അവസാനിപ്പിച്ചത്. ഇതിനിടയില്‍ കയറി കെ.എം മാണി നടത്തിയ പ്രതിരോധമെല്ലാം കരിയില പേലെയൊലിച്ചുപോയി. മാണിക്ക് മറുപടി പറഞ്ഞത് ഭരണ നിരയെ രക്ഷിച്ചത് വി.ഡി സതീശനാണ്. മൊത്തം 10,000 കോടി ബാധ്യത മുന്‍ സര്‍ക്കാര്‍ ബാക്കിയിട്ടിട്ടുണ്ടെന്ന് സതീശന്‍ കണക്കുകള്‍ സഹിതം സ്ഥാപിച്ചു. ഇതിനിടയില്‍ കയറി തടയിടാന്‍ തോമസ് ഐസക് ശ്രമിച്ചുമില്ല.
യു.ഡി.എഫിന്റെ എ നിലവറ തുറന്നപ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ കണ്ണുതള്ളിയെന്നാണ് എം. ഉമ്മറിന്റെ കണ്ടെത്തല്‍. വിളയും വിത്തിന്റെ ഗുണം മുളയിലേ അറിയാവുന്നയാളായതിനാല്‍ പി.എ മാധവനും ബജറ്റില്‍ സന്തോഷം. എന്നാല്‍ പുരുഷന്‍ കടലുണ്ടിക്ക് ബജറ്റ്, ചിന്താമണ്ഡലം അധിനിവേശത്തിന് കീഴടങ്ങിയെന്നതിന്റെ തെളിവാണ്. മാനസിക ഐക്യത്തിന് ശ്ലോകം ചൊല്ലിയ മാണിയുടെ പ്രസംഗം തീരും മുമ്പ് യു.ഡി.എഫില്‍ കലഹം തുടങ്ങിയെന്ന് കെ. കുഞ്ഞിരാമന്‍. തുടക്കം തന്നെ പിഴച്ച സര്‍ക്കാറാണിതെന്ന് ബാബു പാലിശേãരിയും. ഈ വിമര്‍ശങ്ങളെല്ലാം നിരായുധരും പരിക്ഷീണിതരുമായവരുടെ നെടുവീര്‍പ്പുകളാണെന്ന് ടി.എ അഹമ്മദ് കബീര്‍ ആശ്വസിച്ചു.
സംസ്കൃത ശ്ലോകമുണ്ടായിരുന്നെങ്കിലും ബജറ്റ് ആകമാനം കവിതയാണെന്ന് കെ.എം മാണിക്ക് മനസ്സിലായത് ഇന്നലെയാണ്. സഭയില്‍ ഉറുദു കവിതയുടെ ആധികാരിക സ്രോതസ്സായ അബ്ദുസ്സമദ് സമദാനിയാണ് ധനമന്ത്രിയെ ഞെട്ടിച്ചത്. കവിതയില്‍ മാണി ആദ്യം കാറ്റായി വന്നു. 'നമ്മുടെ പാപരത്വം പട്ടുടയാട കൊണ്ട്മൂടിവച്ചതായിരുന്നു/കാറ്റ് വന്നപ്പോള്‍ ഉടയാട നീങ്ങി/പാപരത്വം പുറത്തായി'. പിന്നെ മാണി സൈദ്ധാന്തികനായെത്തി. അതുകഴിഞ്ഞ് സാമൂഹ്യ ശാസ്ത്രഞ്ജന്‍. ഒടുവില്‍ സാമ്പത്തിക വിദഗ്ദനും. എല്ലാം കവിത തന്നെ. സമദാനി കവിതയില്‍ സഭയാകെ മയങ്ങിയെങ്കിലും കെ.വി അബ്ദുല്‍ ഖാദറിന് അതത്ര വിശ്വാസമായില്ല. 'ഉറുദുവില്‍ മന്ത്രം ജപിച്ചാല്‍ മാണിയുടെ വെള്ളം മരുന്നാകില്ലെ'ന്ന ഭൌതിക വാദംകൊണ്ടായിരുന്നു അബ്ദുല്‍ ഖാദറിന്റെ മറുമരുന്ന്. ഈ വൈദ്യ ശാസ്ത്രത്തിനും ജി. സുധാനെ പിടിച്ചുനിര്‍ത്താനായില്ല: 'പട്ടുടുപ്പല്ല. പാഞ്ചാലിയുടെ വസ്ത്രാക്ഷേപമാണിവിടെ. ദുര്യോധനനും ദുശãാസനനും എന്ത് പറ്റിയെന്ന് ഓര്‍മയുണ്ടല്ലോ?'. ഭരണപക്ഷത്തെ ദുര്യോധനനും ദുശãാസനും മാത്രമല്ല, ഭീമസേനന്‍ വരെ ആരാകുമെന്ന ആശയക്കുഴപ്പം സഭയാകെ രാഷ്ട്രീയച്ചിരി പടര്‍ത്തി. ഗദയേന്തി നടക്കുന്ന ഭരണപക്ഷ ഭീമന്‍മാരെല്ലാം അതോടെ നിശãബ്ദരായി. ഈ നിശãബ്ദതക്ക് സാജുപോളിന്റെ സാംസ്കാരിക വ്യാഖ്യാനവുമുണ്ടായി: 'സണ്‍ ടി.വിയില്‍ വരുന്ന ഇംഗ്ലീഷ് സിനിമ പോലെയാണ് ഭരണപക്ഷമിപ്പോള്‍. ഇപ്പുറത്തായിരുന്നപ്പോള്‍ സ്പൈഡര്‍മാനായിരുന്ന പി.സി ജോര്‍ജ് ഭരണം കിട്ടിയപ്പോള്‍ 'ചിലന്തി മാപ്പിളൈ' ആയി. സൂപ്പര്‍മാനായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 'ജട്ടിമാപ്പിളൈ'യും. നിരൂപണ വ്യാഘ്രങ്ങള്‍ മൌനികളായി.'

(13...07...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...