Thursday, July 14, 2011

പെണ്‍ പോരാളികള്‍ക്കിതാ ഒരു പിന്‍മുറകാരി

നാടാകെ ദൈവത്തിന് തീറെഴുതി സ്വത്തുമുഴുവന്‍ നിലവറയില്‍ സൂക്ഷിച്ചാല്‍ പിന്നെ അതത്രയും നാട്ടുകാരുടേതല്ലാതാകുമെന്ന് തെറ്റിദ്ധരിക്കുന്ന ആരും കേരള സഭയിലില്ല. ശരപ്പൊളി മാലയും സ്വര്‍ണക്കട്ടിയും വെറുതെ കിട്ടിയാല്‍ ഖജാനയില്‍ മുതല്‍കൂട്ടാമെന്ന് അറിയാത്തവരും ഇവിടെയില്ല. പണ്ടൊക്കെ അവരത് പരസ്യമായി പറഞ്ഞിരുന്നു. അങ്ങനെയൊന്നും എവിടെയും സ്വര്‍ണം പ്രത്യക്ഷപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു ഈ ധൈര്യത്തിന്റെ കാതല്‍. പക്ഷെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറ തുറന്നപ്പോള്‍ കളിമാറി. അതോടെ ആദര്‍ശ ധീരരായ ഗാന്ധിയന്‍മാരും വിപ്ലവ കുതുകികളായ സഖാക്കളും നിലവറ കണ്ട് നാക്കുമുറിഞ്ഞെന്ന മട്ടില്‍ മൌനംപൂണ്ട് നടന്നു. വിശ്വാസത്തോട് കളിയില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ പോലും പറയുന്ന കാലത്ത് ഇക്കാര്യത്തില്‍ മൌനമാണ് മികച്ച ഭരണമെന്ന് സര്‍ക്കാര്‍മുന്നണി നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നലെ ഇരുമുന്നണികളെയും വെല്ലുവിളിച്ച് സഭയിലൊരു മറുവാദമുയര്‍ന്നത്. അതും പെണ്‍നിരയില്‍ നിന്ന്. പുതിയ അംഗമായ ജമീല പ്രകാശമാണ് സഭയെ ഞെട്ടിച്ച നിലപാട് പ്രഖ്യാപിച്ചത്.
ക്ഷേത്ര നിലവറയില്‍ കണ്ടെത്തിയ സ്വത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചികഞ്ഞ് ജമീല നൂറ്റാണ്ടുകളോളം സഞ്ചരിച്ചു. അധസ്ഥിതന്റെയും അവര്‍ണന്റെയും കവര്‍ന്നെടുത്ത സ്വത്താണതെന്ന് ചരിത്ര പുസ്തകങ്ങളുദ്ധരിച്ച് അവര്‍ സ്ഥാപിച്ചു. 'അത് നിര്‍ബന്ധപൂര്‍വം അവരില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഞങ്ങളുടെ പൂര്‍വികരുടെ മാറിടത്തിന് വരെ വിലയിട്ട് പിരിച്ച നികുതിയാണത്. സ്വന്തം മുല മുറിച്ചെറിഞ്ഞ് അതിനെതിരുനിന്ന അമ്മമാരുടെ ചോരയുടെയും കവര്‍ന്നെടുത്ത അവരുടെ അമ്മിഞ്ഞപ്പാലിന്റെയും പങ്കാണത്. അതവര്‍ക്ക് അവകാശപ്പെട്ടതാണ്. അത് നാടിന് വേണ്ടി ഉപയോഗപ്പെടുത്തണം.' മൌന വിദ്വാന്‍മാര്‍ക്കിടയില്‍ വേറിട്ടുയര്‍ന്ന ഈ ചരിത്രത്തിനുമുന്നില്‍ അംഗങ്ങള്‍ ഇരുഭാഗത്തും ഗൌരവം ഭാവിച്ച് വിദൂരതയില്‍ കണ്ണുനട്ടിരുന്നു. സമയം നിയന്ത്രിക്കാന്‍ ശ്രമിച്ച ചെയറിനോട് ജമീലക്ക് വേണ്ടി തര്‍ക്കിക്കാന്‍പോലും ആരുമുണ്ടായില്ല; എം.എ ബേബിയൊഴികെ. എന്നിട്ടുമവര്‍ കേരളം ഇതുവരെ കേള്‍ക്കാത്ത നിര്‍ദേശവും സഭയില്‍ വച്ചു: 'ഇതെല്ലാം ഫിനാന്‍ഷ്യല്‍ അസറ്റാക്കണം. അവ വിലയിട്ട് വിറ്റ് കോര്‍പസ് ഫണ്ടുണ്ടാക്കി നിക്ഷേപിക്കണം. അതിന്റെ വരുമാനം നാടിന് വേണ്ട പദ്ധതികള്‍ക്ക് ഉപയോഗിക്കണം. പണം സര്‍ക്കാറിനുമല്ല. ജനങ്ങള്‍ക്ക് കൊടുക്കണം. അതിന്റെ അവകാശികള്‍ക്ക്.'
സ്ത്രീ പോരാട്ടത്തിന്റെ വിപ്ലവാവേശം ഇന്നലെ സഭയില്‍ വേറെയും കണ്ടു ^ഇ.എസ് ബിജിമോള്‍ വക. അതിനുപക്ഷെ ജമീലയുടെയത്ര ചരിത്രവും പ്രത്യയശാസ്ത്രവും വീറുമുണ്ടയിരുന്നില്ലെന്ന് മാത്രം. 78 പിന്നിട്ട് മുത്തച്ഛനായ കെ.എം മാണി സ്ത്രീകളെ അവഗണിച്ചതാണ് ബിജിമോളുടെ പ്രശ്നം. രണ്ട് ഭാര്യമാരുണ്ടായിട്ടും മാണി സാര്‍ സത്രീ വിരുദ്ധനായത്രെ. ഒരു ഭാര്യ പാലയാണെന്ന് പിന്നെയവര്‍ വിശദീരിച്ചു. പിറക്കുന്ന കുട്ടികള്‍ക്ക് തോമസ് ഐസക് കൊടുത്ത 10,000 രൂപ മാറ്റിയതിലും ബിജിമോള്‍ക്ക് അതിയായ രോഷമുണ്ട്. ഇങ്ങനെ ചെയ്താല്‍ മോക്ഷം കിട്ടില്ലെന്ന് ശപിച്ചാണ് ഒടുവില്‍ പ്രസംഗം നിറുത്തിയത്. 10,000 രൂപ എടുത്തുമാറ്റിയതിന് പക്ഷെ മാണിക്ക് മതിയായ ന്യായമുണ്ട്: 'ജനിക്കാനിരിക്കുന്ന കുട്ടികളുടെ കണക്ക് കണ്ടുപിടിക്കാന്‍ എനിക്ക് കഴിവില്ല. എസ്റ്റിമേറ്റില്ലാതെ എങ്ങനെയാണ് ബജറ്റുണ്ടാക്കുക?'
മാണിയുടെ ബജറ്റിലെ അന്യാങ്ങളെ വഞ്ചിപ്പാട്ടില്‍ ഒഴുക്കിക്കളഞ്ഞ വി.എസ് സദാശിവന്‍, അച്യുതാനന്ദനെതിരായ ആരോപണത്തിനും പ്രതിരോധം തീര്‍ത്തു. ബജറ്റിന് ശവംനാറിപ്പൂവിന്റെ ദുര്‍ഗന്ധമാണെന്ന് എ.എം ആരിഫ് വെളിപ്പെടുത്തി. നയപ്രഖ്യാപനത്തില്‍ തുടങ്ങിയ ഭരണ മുന്നണിയിലെ യുദ്ധപ്രഖ്യാപനത്തിന്റെ രണ്ടാം ഘട്ടം കണ്ട സന്തോഷത്തിലായിരുന്നു എ.കെ ശശീന്ദ്രന്‍. ഭൂമി പിടിച്ചെടുക്കുന്നവര്‍ ആദ്യം പോകേണ്ടത് ശ്രേയാംസ്കുമാര്‍ കൈയേറിയിടത്തേക്കാണെന്ന് കെ.വി വിജയദാസ് ഓര്‍മിപ്പിച്ചു. ഈ വിമര്‍ശങ്ങളെല്ലാം കേട്ടപ്പോള്‍ വര്‍ക്കല കഹാറിന് ഒരു കാര്യം ഉറപ്പായി: 'ഉടുതുണിയില്ലാത്തവര്‍ അപ്പുറത്ത് കുടചൂടി നില്‍ക്കുകയാണ്.'
കൊടുത്താല്‍ കാസര്‍കോട്ടും കിട്ടുമെന്ന് എസ്. രാജേന്ദ്രന് ഇന്നലെ ബോധ്യപ്പെട്ടു. കടും തമിഴില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഭരണ നിരയെ വെള്ളം കുടിപ്പിച്ച രാജേന്ദ്രന് പി.ബി അബ്ദുറസാക്കിന്റെ അടികിട്ടിയത് കട്ടിക്കന്നഡയില്‍. എന്നിട്ടുമരിശം മാറാത്ത റസാക് തുളുവിലും ഉറുദുവിലും മലയാളത്തിലും മറുപടി പറഞ്ഞു. സ്ത്രീകളുട ദിവസമായതിനാല്‍ പത്മനാഭ സ്വാമി ക്ഷേത്രം വിട്ട് വി. ശിവന്‍കുട്ടി ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് വിഷയം മാറ്റി: 'ആറ്റുകാല്‍ വികസന പദ്ധതിക്ക് അനുകൂലമായി മാണിസാറിന്റെ മനസ്സ് മാറാന്‍ വേണ്ടി ലക്ഷക്കണക്കിന് സ്ത്രീകള്‍ അവരുടെ വീടുകളില്‍ ഇപ്പോള്‍ പൊങ്കാലയിടുകയാണ്.' ഈ വെളിപ്പെടുത്തലിന് ഫലസിദ്ധിയും ഉടനുണ്ടായി. മാണി പറഞ്ഞു: 'എന്റെ മനസ് ഇപ്പോള്‍ തന്നെ മാറിത്തുടങ്ങിയിരിക്കുന്നു.' തിരുവനന്തപുരത്തുകാര്‍ സൂക്ഷിക്കണം, ക്ഷേത്രം ചിലപ്പോള്‍ പാലായിലേക്ക് മാറ്റിയേക്കും.

(14..07..11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...