Friday, July 1, 2011

സ്വാശ്രയം എന്നുകേട്ടാല്‍ തിളപ്പിക്കണം ചോര


കേരളത്തില്‍ സ്വാശ്രയം വന്നപ്പോള്‍ പഴയ വളളത്തോള്‍ കവിതയെ 'സ്വാശ്രയം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍' എന്ന് ഇടതുപക്ഷം ഭേദഗതി ചെയ്തിരുന്നു. ഭേദഗതി പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ചതോടെ തെരുവായ തെരുവെല്ലാം നിന്നുകത്തി. വാഹനങ്ങള്‍ തകര്‍ന്നുവീണു. നഗരങ്ങളില്‍ കല്ലുകള്‍ പറന്നു. വഴികളില്‍ തിളച്ചചോര തളംകെട്ടി. അതില്‍ വഴുതി സര്‍ക്കാര്‍ കടപുഴകി. അങ്ങനെ വി.എസ് അച്യുതാനന്ദന്‍ അധികാരസ്ഥനായി. എം.എ ബേബി സ്വാശ്രയ ഭരണക്കാരനും. കവിതയിലെ ഭേദഗതിയെപ്പറ്റി അപ്പോള്‍ ഉള്‍പാര്‍ട്ടി വിമര്‍ശമുണ്ടാകുകയും അത് ചര്‍ച്ചക്കായി മാറ്റി തല്‍ക്കാലം പഴയ വരികള്‍ ചൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ തെരുവുകള്‍ ശാന്തമാകുകയും ചോര തണുത്തുറയുകയും ചെയ്തുകൊണ്ടിരിക്കെ പിന്നെയും ആന്റണിയുടെ പിന്‍മുറക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി.
ഭരണമാറ്റമായതോടെ കവിതയില്‍ തീരുമാനമാക്കും മുമ്പ് കുട്ടിസഖാക്കള്‍ വീണ്ടും തെരുവിലിറങ്ങി. അതോടെ പുതിയ സഭയുടെ രണ്ടാം ദിവസം അടിയന്തിര പ്രമേയവുമായി എം.എ ബേബി തന്നെ അവതരിച്ചു. ഇടക്കാലത്തെ ഭേദഗതിയെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ എം.എ ബേബിക്കുപോലും പ്രമേയം വഴിയിലുപേക്ഷിച്ച് രക്ഷപ്പെണ്ടിേവന്നു. പിന്നെ കടമ്മിനിട്ടയുടെ വിവര്‍ത്തനക്കവിത ചൊല്ലി തൃപ്തനായി. എന്നിട്ടും തെരുവിലിറങ്ങിയവര്‍ക്ക് കാര്യം മനസിലായില്ല. അവിടെ കൊടികള്‍ പാറി. ലാത്തിവീണു.
സഭക്കകത്ത് കവിതകൊണ്ട് പിടിച്ചുനില്‍ക്കാനാവില്ലെന്ന് അപ്പോഴാണ് മുതിര്‍ന്ന സഖാക്കള്‍ക്ക് ബോധ്യമായത്. എങ്കില്‍ അകത്തും അടിതന്നെയാകാമെന്ന് യുവനിര തീര്‍പ്പാക്കി. ഇന്നലെ അതായിരുന്നു അങ്കം. മൂക്കിന്‍തുമ്പില്‍ പരസ്പരം അടിച്ചുനിന്നു. ബേബിയെ മാറ്റി അടിയന്തിരനോട്ടീസ് കോടിയേരി ബാലകൃഷ്കണന്‍ ഏറ്റെടുത്തു. ആര്‍. രാജേഷ് എം.എല്‍.എക്ക് കിട്ടിയ പോലിസ് അടിയും സുപ്രീംകോടതിയില്‍ കേസ് പോകാനെടുത്ത തീരുമാനം അട്ടിമറിച്ചതും ഊന്നിപ്പറഞ്ഞ് ഭരണനിരയെ കോടിയേരി വെട്ടിലാക്കി. കോടിയേരിയുടെ പിടി കൃത്യം മര്‍മത്തായിരുന്നു. സര്‍ക്കാറിന്റെ രണ്ട് വീഴ്ചകള്‍ക്ക് മറുപടി തപ്പിത്തടഞ്ഞ ഉമ്മന്‍ചാണ്ടി കിട്ടാവുന്ന വേഗത്തില്‍ ചര്‍ച്ചയെ സ്വാശ്രയം, സമരം, മുന്‍സര്‍ക്കാര്‍ നയം, പരിയാരം തുടങ്ങിയവയില്‍ കൊണ്ടുചെന്നു കൊളുത്തി. ചര്‍ച്ച വഴിതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയിട്ട ഈ ചൂണ്ടയില്‍ പക്ഷെ ബേബി കയറിക്കൊത്തി. സര്‍ക്കാറിന് ഒരിക്കലും വഴങ്ങാത്ത ക്രിസ്ത്യന്‍ സഭകള്‍ക്ക് എന്തിന് പി.ജി അനുവദിച്ചുവെന്ന് പറയാനാകാതെ ബേബി കുഴങ്ങി. എം.വി രാഘവന്‍ ചെയ്തതാണ് പരിയാരം ഇപ്പോഴും ചെയ്യുന്നതെന്ന് വിശദീകരിച്ച് ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുടെ കൈയില്‍ വേറെ വടി കൊണ്ടുകൊടുത്തു. അതോടെ കോടിയേരിയുടെ പോരാട്ടവും വഴിയടഞ്ഞെന്നായി.
തെരുവില്‍ ചിന്തിയ ചോര സഭാഹാളിലെ ശീതീകൃത മുറിയില്‍ കട്ടപിടിച്ചുപോകുന്നത് സഖാക്കള്‍ക്ക് സഹിക്കാനായില്ല. ഇന്നലെയാകട്ടെ, സഭ തുടങ്ങിയപ്പോള്‍ ആരംഭിച്ച പോരാണ്. ചോദ്യോത്തരമാകെ ബഹളം വച്ചുണ്ടാക്കിയ വീറ് കൈവിടുമെന്നായപ്പോള്‍ ബാബുപാലിശേãരിയും പ്രദീപ് കുമാറും ശ്രീരാമകൃഷ്ണനും സീറ്റില്‍നിന്നെഴുന്നേറ്റു. എം.എല്‍.എയെ പോലിസ് സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശം അതിന് നിമിത്തമായി. മുറിവ് വച്ചുകെട്ടിയ രാജേഷിന്റെ കൈ സ്വന്തം കൈകളിലെടുത്ത് ബാബുപാലശേãരി ഉമ്മന്‍ചാണ്ടിയുടെ നേരെ പാഞ്ഞു. പിന്നാലെ മറ്റുള്ളവരും. പ്രതിപക്ഷത്തിനനുവദിച്ച നടുത്തളവും പിന്നിട്ടതോടെ കളിമാറി. ഭരണനിരയിലെ യുവതാരങ്ങളായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, പി.കെ ബഷീര്‍, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധവേലി കെട്ടി. എളമരം കരീമും ശിവദാസന്‍ നായരും ഇടയില്‍ നിന്ന് ഇരുകൂട്ടരെയും അടക്കിനിറുത്തി. പോര്‍വിളി കൈയെത്തും ദൂരത്തായി. അതോടെ സഭ നിറുത്തി. പിന്നെ പര്സപരം മുദ്രാവാക്യം വിളി. പോലിസ് രാജിനെതിരെ പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍ മറ്റെല്ലാവരെയും വിട്ട് ഭരണപക്ഷം ബാബു പാലിശേãരിയെ മാത്രം പിടിച്ചു. 'ആര്‍.എസ്.എസിന്‍ നേതാവ്, സെയ്താലിയുടെ കൊലയാളി' തുടങ്ങിയ പഴയ രാഷ്ട്രീയം മുദ്രാവാക്യമായപ്പോള്‍ സി.പി.എം അംഗങ്ങളുടെ ആവേശം കെട്ടു.
രണ്ട്മണിക്കൂറിന് ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷത്ത് പഴയ വീര്യമില്ലായിരുന്നു. കുട്ടികളെ അടിച്ച് പൊട്ടിയ ലാത്തിയും പോലിസ് വലിച്ചുകീറിയ ഷര്‍ട്ടും രക്തം പുരണ്ട ഉടുമുണ്ടുമെല്ലാം കൈയിലുണ്ടായിട്ടും അസാധാരണമായ തണുപ്പ്. പ്രതിപക്ഷ നേതാവിനുപോലും ഒരൊഴുക്കന്‍ മട്ട്. ഇത് സഹിക്കാനാകാതെ വി.എസ് സുനില്‍കുമാര്‍ ഒറ്റക്ക് നടുത്തളത്തിലേക്ക് നടന്നുപോയി. അതോടെ മറ്റുള്ളവര്‍ പിന്നാലെ കൂടി. സുനിലിന്റെ ആവേശം തല്‍ക്കാലം മാനംകാത്തുവെങ്കിലും ഒരുകാര്യം വ്യക്തമായി: സ്വാശ്രയമെന്ന് കേട്ടാല്‍ ഇനി ഹീറ്റര്‍ വച്ച് രക്തം തിളപ്പിക്കേണ്ടിവരും.

(30...06...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...