Thursday, July 7, 2011

സ്വാശ്രയം: ന്യൂനപക്ഷ പരിഗണന ഒഴിവാക്കുന്നു

..........മെഡിക്കലില്‍ നേട്ടം ഈഴവര്‍ക്ക്............

തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ നയം മാറുന്നു. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന സുപ്രധാന അവകാശങ്ങള്‍ ഇനി എല്ലാ സമുദായങ്ങള്‍ക്കും ലഭിക്കും. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും സ്വാശ്രയ സ്കൂളുകളിലും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതനുവദിച്ചു കഴിഞ്ഞു. മറ്റ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ന്യൂനപക്ഷ^ഭൂരിപക്ഷ വേര്‍തിരിവ് ഇനി സംസ്ഥാനത്ത് ഇല്ലാതാകും. കേളത്തില്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കിടയാക്കിയേക്കാവുന്ന അതിപ്രധാന നയം മാറ്റണ് ഇതോടെ നലിവില്‍വന്നത്.
സ്വന്തം സ്ഥാപനങ്ങളില്‍ അതത് മത വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം മെറിറ്റ് സീറ്റ് സംവരണം, സര്‍ക്കാര്‍ ഇടപെടലില്ലാതെ ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഇവയാണ് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന പ്രധാന ആനുകൂല്യങ്ങള്‍. രണ്ട് ദിവസത്തിനിടെ ഈ രണ്ട് ആനുകൂല്യങ്ങളും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ ന്യൂനപക്ഷേതര വിഭാഗങ്ങള്‍ക്ക് കൂടി കമ്യൂണിറ്റി ക്വാട്ട അനുവദിച്ചു. ന്യുനപക്ഷേതരരുടെ അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളില്‍ ഫീസ് നിര്‍ണയിക്കാനുള്ള അവകാശം അതത് മാനേജ്മെന്റുകള്‍ക്ക് നല്‍കി. ആദ്യത്തേത് സ്വാശ്രയ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനിച്ചതെങ്കില്‍ രണ്ടാമത്തേത് ഇന്നലത്തെ മന്ത്രിസഭയിലാണുണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായിരുന്ന പ്രത്യേക പരിഗണനകള്‍ ഇതോടെ എല്ലാ സമുദായങ്ങള്‍ക്കും ലഭ്യമായി.
വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ^ഭൂരിപക്ഷ വിവചേനം എന്ന തരത്തില്‍ വരെ ഈ അവകാശങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഭൂരിപക്ഷ സമുദായങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ഒരളവോളം ഈ ആനുകൂല്യം കാരണമാകുകയും ചെയ്തു. ഈ സാഹചര്യവും ഇതോടെ ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ എല്ലാ സമുദായങ്ങള്‍ക്കും കമ്യൂണിറ്റി ക്വാട്ട ഏര്‍പെടുത്തിയതിന്റെ ആദ്യ നേട്ടം കേരളത്തില്‍ ഈഴവ വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് കിട്ടുന്നത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട 11 സ്വാശ്രയ കോളജുകളില്‍ മൂന്നെണ്ണം ഈഴവരുമായി ബന്ധപ്പെട്ടവയാണ്. ഈ സ്ഥാപനങ്ങളില്‍ മാത്രമായി ഇവര്‍ക്ക് 45 മെറിറ്റ് സീറ്റ് എം.ബി.ബി.എസിന് കിട്ടും. ഇതില്‍ 15 പേര്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുമാകും. എന്നാല്‍ തിരുവനന്തപുരത്തെ ഒരു കോളജ്, കമ്യൂണിറ്റി ക്വാട്ട എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കുമായി നീക്കിവക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കേരള സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷേതര വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള 200ഓളം അണ്‍എയിഡഡ് സ്കൂളുകള്‍ക്കാണ് ഫീസ് നിര്‍ണയിക്കാന്‍ അധികാരം കിട്ടുന്നത്.
എല്ലാ സ്വാശ്രയ കോളജിലും പുതിയ കമ്യുണിറ്റി ക്വാട്ട ഏര്‍പെടുത്തുന്ന സമവാക്യത്തിന് മാനേജ്മെന്റുകള്‍ വഴങ്ങുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫീസ് തുകയില്‍ നഷ്ടം സഹിച്ചാണ്. ഇക്കൊല്ലത്തെ ഫീസ് ഘടന പ്രകാരം ഒരു ബാച്ചില്‍ ഒരു കോളജിന് 10 ലക്ഷം രൂപയോളം കുറവ് വരുന്നുണ്ട്. എന്നാല്‍ കമ്യുണിറ്റി ക്വാട്ടയില്‍ സ്വന്തം സമുദായത്തിലെ കുട്ടികള്‍ക്ക് സംവരണം ഏര്‍പെടുത്താന്‍ മാനേജ്മെന്റുകള്‍ക്ക് കഴിഞ്ഞു. അതേസമയം സ്വന്തമായി മെഡിക്കല്‍ കോളജ് ഇല്ലാത്ത ഭൂരിപക്ഷ വിഭാഗങ്ങളിലെ വിവിധ സമുദായങ്ങള്‍ക്ക് ഈ തീരുമാനം ഗുണംചെയ്യില്ല. ന്യൂനപക്ഷേതര കോളജുകളില്‍ ഇതുവരെയുണ്ടായിരുന്ന മെറിറ്റ് ക്വാട്ടയില്‍ കുറവ് വന്നതും ഈ വിഭാഗങ്ങള്‍ നഷ്ടമാണ്. എന്നാല്‍ എല്ലാ കോളജുകളിലും മത^ജാതി വ്യത്യാസമില്ലാതെ കുറഞ്ഞ വരുമാനക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. ഇതിന് നിശ്ചയിച്ച സീറ്റുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന ഇക്കൊല്ലമുണ്ടായത് ന്യൂനപക്ഷേതര സമുദായങ്ങള്‍ക്ക് കൂടുതല്‍ നേട്ടവുമാകും.

(07...07...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...