Thursday, July 14, 2011

ലോട്ടറിയില്‍ തോറ്റാല്‍ സ്പീക്കറോട്



കണ്ടാല്‍ കലൈഞ്ജറെപ്പോലിരിക്കുമെങ്കിലും ഇ.പി.ജയരാജന് ഡി.എം.കെയുമായോ കനിമൊഴിയുമായോ ബന്ധമുള്ളതായി പറയപ്പെട്ടിട്ടില്ല. എന്നാല്‍ കനിമൊഴിയും ജയരാജനും തമ്മില്‍ ചിലതുണ്ടെന്ന് വര്‍ക്കല കഹാര്‍ ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചു. സ്പെക്ട്രത്തില്‍ കനിമൊഴി ചെയ്തതുതന്നെയാണ് ലോട്ടറിയില്‍ ജയരാജന്‍ ചെയ്തതത്രെ. കനിമൊഴി ടി.വി ചാനലിന് പണം വാങ്ങി. ജയരാജന്‍ ദേശാഭിമാനിക്കും. തുകയില്‍ വ്യത്യാസമുണ്ടെങ്കിലും ഏര്‍പാട് ഒന്നുതന്നെ. ഒച്ചയെടുക്കാന്‍ സദാസന്നദ്ധനായ ജയരാജന്‍ ഉടന്‍ ചാടിയെഴുന്നേറ്റു: 'പണം വാങ്ങിയത് പരസ്യത്തിനാണ്. വീക്ഷണവും വാങ്ങിയിട്ടുണ്ട്.' പരസ്യത്തിന് വാങ്ങിയ പണം ഇതുവരെ ആര്‍ക്കും തിരിച്ചുകൊടുത്തതായി ഓര്‍മയിലില്ലെന്ന് വിശദീകരിച്ച് വീക്ഷണം മാനേജര്‍ ബെന്നി ബഹനാന്‍ ജയരാജനെ ഒതുക്കി. കനിമൊഴി ജയിലില്‍ പോയെങ്കിലും ജയരാജന്‍ ഇവിടെതന്നെ നടക്കുന്നുവെന്ന് ജയരാജനെ ഒതുക്കിയിടിത്ത് വി.ഡി സതീശന്‍ ആണിയുമടിച്ചു. സാന്റിയഗോ മാര്‍ട്ടിനെ സംരക്ഷിച്ചതാര് എന്നൊക്കെ ചോദിച്ച് കോവൂര്‍ കുഞ്ഞിമോന്‍ പ്രതിപക്ഷത്തെ ഞെട്ടിച്ചിരുന്നെങ്കിലും തന്റ പ്രസംഗം ഈ വഴിക്കാകുമെന്ന് സുരേഷ് കുറുപ്പ് പോലും കരുതിയില്ല. അങ്ങനെ, കഴിഞ്ഞ സഭയെ പലതവണ തീപിടിപ്പിച്ച ലോട്ടറി വിവാദം ഭരണം മാറിയിട്ടും അണയാതെ കത്തുന്നുവെന്ന് അടിവരയിട്ടാണ് ഇന്നലെ സഭ പിരിഞ്ഞത്.
അടിയന്തിര പ്രമേയമായി വന്ന പനി ഒട്ടും ചൂടില്ലാതെ തണുത്തുചത്തതിന്റെ കെറുവ് പ്രതിപക്ഷം ലോട്ടറിയില്‍ തീര്‍ക്കുമെന്ന് പ്രതീക്ഷിച്ചാണ് ചര്‍ച്ചതുടങ്ങിയത്. സ്വന്തം ഭരണകാലത്തിറക്കിയ ഓര്‍ഡിനന്‍സാണെന്ന വിചാരം മാറ്റിവച്ച് അഞ്ച് പ്രതിപക്ഷ നേതാക്കള്‍ വിയോജനക്കുറിപ്പെഴുതി. അവരില്‍ മുതിര്‍ന്നവനായ തോമസ് ഐസക്ക് തന്നെയാണ് തുടങ്ങിയത്. വിയോജനത്തിന് പല ന്യായങ്ങള്‍ നിരത്തിയെങ്കിലും ഒന്നുമത്രക്കങ്ങേശിയില്ല. ഉള്ളത് തെളിയിച്ച് പറയുന്ന ഐസക്കിന്റെ പതിവ് വൈഭവം കൈവിട്ടുപോയെങ്കിലും പ്രസംഗ പാടവത്തിന്റെ ബലത്തില്‍ വാചകം മുറിയാതെ സൂക്ഷിക്കാനായി. പലതരം കോടതിവിധികളിലൂടെ കുഴച്ചുമറിച്ച വ്യാഖ്യാനങ്ങളാല്‍ ഒടുവില്‍ കേന്ദ്രത്തെ ചീത്ത വിളിച്ച് രക്ഷപ്പെട്ടു. രണ്ടാമത്തെ വിയോജകന്‍ മുല്ലക്കര രത്നകരന്‍ ഗാന്ധിജി മധുരം കഴിക്കാതിരുന്ന കഥ പറഞ്ഞ് സമയം കളഞ്ഞു.
അവിവാഹിതനാണെന്ന് കരുതി തന്റെ സീനിയോറിറ്റി മറക്കണ്ട എന്ന് മൂന്നാമനായ കോവൂര്‍ കുഞ്ഞിമോന്‍ ധനമന്ത്രിക്ക് സ്റ്റഡീ ക്ലാസ് കൊടുത്തു. വിഷയം ബില്ലായിരുന്നെങ്കിലും കുഞ്ഞുമോന് ബജറ്റും സീനിയോറിറ്റിയുമായിരുന്നു പ്രശ്നം. അപ്പോള്‍ സി.പി മുഹമ്മദിന് സംശയമായി: 'കുഞ്ഞുമോന്റെ സീനിയോറിറ്റി മറികടന്ന് കഴിഞ്ഞ തവണ പ്രേമചന്ദ്രനെ മന്ത്രിയാക്കിയതെങ്ങനെ?' എങ്കില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റിനെ മന്ത്രിയാക്കാതിരുന്നത് എന്തുകൊണ്ട് എന്നായി വി.എസ് സുനില്‍കുമാര്‍. അതിന് മറുപടി കെ. മുരളീധരന്‍ നേരിട്ട് പറഞ്ഞു: 'നിങ്ങള്‍ക്കൊപ്പം കൂടിയതിന്റെ ശിക്ഷയാണ്. ശിക്ഷ ഉടന്‍ തീരും.' മന്ത്രിപദം പോയതിന്റെ കാരണം കോണ്‍ഗ്രസില്‍ ഒരാള്‍ക്കെങ്കിലും പിടികിട്ടിയെന്നര്‍ഥം. വി.ഡി സതീശനെ തഴഞ്ഞത് ലോട്ടറി മാഫിയയുടെ സമ്മര്‍ദം കാരണമാണെന്ന് വി. ചെന്താമരാക്ഷനും വെളിപ്പെടുത്തി. പ്രൊഫ. സി രവീന്ദ്രനാഥിന്റെ വിയോജന ന്യായങ്ങള്‍ 'സൈദ്ധാന്തികവും നൈതികവും പ്രത്യയശാസ്ത്രപരവുമാണ്.' ഇക്കാരണങ്ങളാല്‍ ലോട്ടറി ചൂതാട്ടമാണെന്ന് അദ്ദേഹം സ്ഥാപിച്ചെങ്കിലും ലോട്ടറി മൊത്തം നിരോധിക്കണമെന്ന് മാത്രം ആവശ്യപ്പെട്ടില്ല. വിപ്ലവ മാധ്യമങ്ങളെ പ്രതിസന്ധിയിലാക്കുന്നത് വര്‍ഗവഞ്ചനയാകുമെന്ന് പഠിക്കാതെ പ്രൊഫസറാകില്ലല്ലോ? ഈ വര്‍ഗ സ്നേഹത്തിന്റെ കൂടുതല്‍ രഹസ്യം ഭേദഗതി അവതരിപ്പിച്ച വി.ഡി സതീശന്‍ പറഞ്ഞു: 'മാര്‍ട്ടിന്റെ ലോട്ടറി എവിടെ വച്ച് നറുക്കെടുക്കുന്നുവെന്ന് വകുപ്പ് ഭരിച്ച മന്ത്രിക്കും മുഖ്യമന്ത്രിക്കും പോലിസിനുമൊന്നുമറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല. എന്നാല്‍ കൈരളി ചാനലിലും പീപ്പിള്‍ ചാനലിലും നറുക്കെടുപ്പിന്റെ ലൈവ് സംപ്രേക്ഷണമുണ്ട്. തത്സമയം അതുകാണാവുന്ന മൂന്നാം ചാനല്‍ മാര്‍ട്ടിന്റെ എസ്.എസ് മ്യുസികും.'
ചിദംബരവും നളിനിയും സിംഗ്വിയുമൊക്കെ കൈയിലുണ്ടെങ്കിലും സതീശനോട് ലോട്ടറി കാര്യത്തില്‍ ഏറ്റുമുട്ടുന്നത് ബുദ്ധിയല്ലെന്ന് നന്നായറിയുന്നയാള്‍ തോമസ് ഐസക് തന്നെ. അതിനാല്‍ ആറുവട്ടം സംശയം ചോദിച്ച് സതീശന്റെ പ്രസംഗത്തില്‍ ഇടപെട്ടുകഴിഞ്ഞപ്പോള്‍ ഐസക് അടവുമാറ്റി; തര്‍ക്കം സ്പ്പീക്കറോടാക്കി: 'സതീശന് സമയം കൂടുതല്‍ കൊടുക്കുന്നു. ഇത് അനീതിയാണ്. എനിക്ക് ഇത്ര തന്നില്ല. എന്നെ സ്പീക്കര്‍ ഇടപെട്ട് നിയന്ത്രിച്ചു.' അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെങ്കിലും തീര്‍ക്കണമെന്നാണല്ലോ നാട്ടുനടപ്പ്. പാര്‍ട്ടിയെയും പത്രത്തെയും ചാനലിനെയും കഴിഞ്ഞ ഗവണ്‍മെന്റിനെയുമെല്ലാം കണക്കിന് കൊലവിളിച്ചിട്ടും അനക്കംകെട്ട് സീറ്റിലിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്ക് അതോടെ ജീവന്‍ വച്ചു. അവര്‍ ബഹളം തുടങ്ങി. ബഹളം വച്ച് ഭീഷണിപ്പെടുത്തേണ്ടെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ശബ്ദം കനപ്പിച്ചിട്ടും അതടങ്ങിയില്ല. പറഞ്ഞേ നിര്‍ത്തൂവെന്ന് സതീശനും. ഇതൊക്കെയാണെങ്കിലും ബില്‍ ഐകകണ്ഠ്യേന സഭ പാസാക്കി.

(12...07...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...