Monday, May 16, 2011

ഇനി ഭരണം, മുടിപാറും!തിരുവനന്തപുരം: ആദര്‍ശത്തിന്റെ അതിഭാരവും സൈദ്ധാന്തികതകളുടെ ദുഃശാഠ്യങ്ങളുമില്ലാതെ, ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് നടക്കുന്നത്. മലയാളികളെ വിസ്മയിപ്പിച്ച മാതൃകകള്‍ സൃഷ്ടിച്ച് ഒരിക്കല്‍ അതിവേഗം വന്നുമടങ്ങിയ ലാവണത്തിലേക്കാണ് ഈ വരവ്. ഓഫീസ് മുറി ലോകത്തിന് മുമ്പില്‍ തുറന്നിടുകയും അതിന്റെ വാതില്‍ തുറന്നമൈതാനമായി പ്രഖ്യാപിക്കുകയും ചെയ്ത പഴയ മുഖ്യമന്ത്രി. കേരളം കണ്ട നിരവധി സുപ്രധാന രാഷ്ട്രീയ ചലനങ്ങളെ അണിയറയില്‍ തേച്ച് മിനുക്കുകയും അരങ്ങില്‍ അതി വൈദഗ്ദ്യത്തോടെ നടപ്പാക്കുകയും ചെയ്ത കൌശലക്കാരന്‍. കുട്ടിക്കാലം മുതല്‍ തെരുവിലിറങ്ങി, ആറുപതിറ്റാണ്ടിലേറെയായി ജനങ്ങള്‍ക്കിടയില്‍ മാത്രം ജീവിച്ച്, ഒടുവില്‍ പൊതുജീവിതത്തിനപ്പുറം സ്വകാര്യതകള്‍ പോലുമില്ലാതായ നേതാവ്. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ഈ പ്രായോഗികാചാര്യന്റെ കൈയ്യിലാണ്, ഇനി ഈ കേരളത്തിന്റെ അഞ്ചുവര്‍ഷം.
അധികാരവും ഭരണവും ഉമ്മന്‍ചാണ്ടിക്ക് പുത്തരിയല്ല. വേണ്ടപ്പെട്ടവര്‍ക്കായി പലതവണ സ്വയം ഉപേക്ഷിച്ചിറങ്ങിപ്പോയ പദവികളില്‍ കാവ്യ നീതിപോലെ കാലം ഉമ്മന്‍ചാണ്ടിയെ തിരിച്ചെത്തിച്ചു കൊണ്ടിരുന്നു. മുഖ്യമന്ത്രിക്കസേരയിലേക്ക് രണ്ടുപേരുകള്‍ പറഞ്ഞുകേട്ട ഇത്തവണയും കണ്ടു ആ മാന്ത്രികത. ആ പദവിയിലേക്ക് മറ്റൊരാള്‍ക്കും സാധ്യതയില്ലാത്ത വിധം ജനകീയ അംഗീകാരത്തിന്റെ റെക്കോര്‍ഡ് വിജയവുമായാണ് ഇത്തവണ പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെത്തുന്നത്.
ഈ വിജയത്തിന് 40 വര്‍ഷത്തെ പാരമ്പര്യമുണ്ട്. 1970ല്‍ വെറും ഏഴായിരം വോട്ടിന് മണ്ഡലം പിടിച്ചെടുത്തയാള്‍ പിന്നെ മറ്റൊരാളെ ഈ നാട്ടില്‍ ആവശ്യമില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചു, ഓരോ തവണയും. പത്ത് തവണ എം.എല്‍.എ. മൂന്ന് വട്ടം മന്ത്രി. സഭയിലെ രണ്ടാം വരവില്‍ തന്നെ തൊഴില്‍ മന്ത്രിയായി. 1980ല്‍ ആഭ്യന്തരവും 1991ല്‍ ധനകാര്യവും ഭരിച്ചു. രണ്ടുവട്ടം മുന്നണി കണ്‍വീനര്‍. 2004ല്‍ എ.കെ ആന്റണിയുടെ പകരക്കാരനായി മുഖ്യമന്ത്രി. ഭരണമൊഴിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ്.
കേരളം കണ്ട വേറിട്ട ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിന് തൊഴിലില്ലായ്മ വേതനം കൊടുത്ത ഈ വൈഭവം ആഭ്യന്തരത്തിലും ധനകാര്യത്തിലും പിന്നീട് തെളിഞ്ഞുകണ്ടു. മുഖ്യമന്ത്രിയായപ്പോള്‍ കേരളത്തിന്റെ ഭരണ സംസ്കാരം തന്നെ പൊളിച്ചെഴുതി. വെബ് ജാലകത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറി സദാസമയവും ലോകത്തിന് മുന്നില്‍ തുറന്നുവച്ചു ഉമ്മന്‍ചാണ്ടി. തലയില്‍ മുണ്ടിട്ട് വരുന്നവര്‍ക്ക് ഇവിടെ പ്രവേശമില്ലെന്ന പരസ്യമായ താക്കീതായിരുന്നു ഈ പരിഷ്കാരം. മുഖ്യമന്ത്രിയെ കാണാന്‍ ഏത് സമയത്തും ആര്‍ക്കും സെക്രട്ടേറിയറ്റ് കടന്നെത്താമെന്നായിരുന്നു രണ്ടാമത്തെ ഉത്തരവ്. വാതിലിലെ കാവല്‍കാരന്റെ കൈയ്യേറ്റങ്ങളും പരിശോധനാ ഉപകരണങ്ങളുടെ ഭീഷണിയുമില്ലാതെ അതോടെ മുഖ്യമന്ത്രിയെ ആര്‍ക്കും നേരില്‍ കാണാമെന്നായി. അര്‍ധ രാത്രിയും തുറന്നുവച്ച ഓഫീസില്‍ കര്‍മനിരതനായ മുഖ്യമന്ത്രി പിന്നെ കേരളത്തിന്റെ കൌതുക കാഴ്ചയുമായി. സൈബര്‍ മുറിയിലിരുന്ന് ലോകമാകെ ഇതുകണ്ട് വിസ്മയിച്ചു.
1943ല്‍ കാരോട്ടുവള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി കോട്ടയം കുമരകത്ത് ജനിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയം തുടങ്ങുന്നത്. ഒരണ സമരക്കാനരായി തുടക്കം. ചങ്ങനാശേരി എസ്.ബിയില്‍ ബിരുദം പഠിക്കാനെത്തിയപ്പോള്‍ നേതാവായി. 1965ല്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറി. അതിന്റെ രണ്ടാം വര്‍ഷം സംസ്ഥാന പ്രസിഡന്റ്. പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. മന്ത്രിയായിരിക്കെ വിവാഹം. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തില്‍ ആന്റണിക്ക് പിന്നിലും കരുണാകരന്റെ നേരെ മുന്നിലും നിന്ന് പടനയിച്ചു. കരുണാകരനോട് എതിരിട്ട് മന്ത്രിപദം വരെ ഉപേക്ഷിച്ചു. തന്ത്രങ്ങളില്‍ മാത്രമല്ല, കുതന്ത്രങ്ങളിലും ഉമ്മന്‍ ചാണ്ടിയെ വെല്ലാനാവുന്നവര്‍ ഇന്ന് കേരള രാഷ്ട്രീയത്തിലില്ല. കരുണാകരന്റെ കുശാഗ്ര ബുദ്ധിക്കും മേലെയാണത്, വാക്കിലും പ്രയോഗത്തിലും.
സഹായം തേടി വരുന്നവരെയെല്ലാം തൃപ്തിപ്പെടുത്തി. ഏതര്‍ധരാത്രിയും ആരുടെ ആവലാതിയും കേള്‍ക്കും. ജീവിതം അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ. ആള്‍കൂട്ടം ചുറ്റുമില്ലാതെ ശ്വാസമെടുക്കാന്‍ പോലുമാകില്ല. ദരിദ്രരുടെയും നിസ്സഹായരുടെയും ആവലാതികള്‍ക്ക് പ്രത്യേക പരിഗണനയുണ്ട് ഈ കോടതിയില്‍. ഇരുചെവിയറിയാതെ ഭരണ സഹായമെത്തിച്ച കഥകളെത്രയെങ്കിലുമുണ്ട് പറയാന്‍.
വാക്കുകള്‍ക്ക് ക്ഷാമമില്ലാത്ത അലക്കിത്തേച്ച ജുബ്ബയായിരുന്നു ഇതുവരെ കേരള ഭരണത്തിന്റെ ഐക്കണ്‍. ഇനിയത് ചീകിയൊതുക്കാത്ത മുടിയാണ്. വാക്കുകള്‍ വിക്കുമെങ്കിലും പക്ഷെ ഉള്ളിലെ ആശയങ്ങള്‍ക്ക് ഇരട്ടി തെളിമയുണ്ട്. അതിനാല്‍ 'മുടിപാറും ഭരണം' പൊടിപാറുമെന്ന പ്രത്യാശയിലാണ് കേരളം.

(madhyamam...16/06/2011)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...