Tuesday, September 19, 2017

അധ്യായം-2: മലമുകളിലെ ദൈവ രാജ്യം

റിതുറാം
മലാനയിലേക്ക് നടക്കുന്നതിനിടെയാണ് റിതുറാമിനെ കണ്ടത്. 70 വയസുതോന്നിക്കുന്ന മലാനി വൃദ്ധന്‍. മലാനക്കാരുടെ സവിശേഷമായ വേഷവും ഭാവവും തന്നെ. പുറത്ത് ചാക്ക് കെട്ടിവച്ചിട്ടുണ്ട്. ജോലി കഴിഞ്ഞുവരുന്നതിന്റെ അവശതയും ക്ഷീണവും മുഖത്ത് പ്രകടം. കാമറ ഉയര്‍ത്തിയപ്പോള്‍ അല്പം ശങ്കയോട ചിരിച്ചു. എന്നാല്‍ ചുമലില്‍ കൈവച്ച് ഒന്നു ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തെ അവശതയെല്ലാം പൊടുന്നനെ മാഞ്ഞു. കര്‍ക്കശമായ പ്രതിഷേധത്തോടെ അത് പറ്റില്ലെന്ന് തടഞ്ഞു. 'ഫോട്ടെയെടുക്കാം, ശരീരത്തില്‍ തൊടരുത്' എന്ന് രൂക്ഷമായി വിലക്കി. അതാണ് മലാനയിലെ ആചാരം. പുറത്തുനിന്ന് വരുന്നവരോട് കര്‍ശനമായ തൊട്ടുകൂടായ്മ ആചരിക്കുന്നവരാണ് മലാനികള്‍. മലാനക്കാരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഒരു വസ്തുവിലും തൊടാന്‍ അവര്‍ അനുവദിക്കില്ല. പ്രാര്‍ത്ഥനാ സ്ഥലം, ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങി വീട്ടുപകരണങ്ങളില്‍ വരെ തൊടുന്നതിന് വിലക്കുണ്ട്. ഗ്രാമത്തില്‍ വരാം, കണ്ടുപോകാം. ഏതെങ്കിലും വസ്തുവില്‍ തൊട്ടാല്‍ അപ്പോള്‍ തന്നെ 1,000 രൂപ പിഴയീടാക്കും. മലാനയിലേക്ക് വരുന്നവരെല്ലാം ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തുന്നുമുണ്ട്. സന്ദര്‍ശകരുടെ സ്പര്‍ശനമൊഴിവാക്കാന്‍ മലാനക്കാരും അതീവ ജാഗരൂകരാണ്. സംസാരിക്കാന്‍ മുഖാമുഖം നിന്നാല്‍ തന്നെ അവര്‍ കൈയ്യകലം പാലിക്കും. മലാനക്കാരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചാലും ഈ അനുഭവമുണ്ടാകും. പണം നമ്മള്‍ കടയിലേക്ക് എറിഞ്ഞു കൊടുക്കണം. പകരം അവര്‍ സാധനങ്ങള്‍ പുറത്തേക്ക് എറിഞ്ഞുതരും. നേരിട്ട് തൊടാതിരിക്കാനുള്ള വഴി.

കടുത്ത തൊട്ടുകൂടായ്മ ആചരിക്കുന്നതിന് പിന്നില്‍ മലാനക്കാര്‍ക്ക് ഏറെ പഴക്കമേറിയ വിശ്വാസങ്ങളുണ്ട്. വംശശുദ്ധി തന്നെയാണ് അതിന്റെ ആധാരം. ഗ്രാമത്തിന്റെയോ ഗ്രാമവാസികളുടേയോ ഉത്ഭവത്തെക്കുറിച്ചോ പാരന്പര്യത്തെക്കുറിച്ചോ മലാനികള്‍ക്ക് കൃത്യതയാര്‍ന്ന വിവരങ്ങളില്ല. വാമൊഴികളിലൂടെ തലമുറ കൈമാറിയ പലതരം കഥകള്‍, ഐതിഹ്യങ്ങള്‍, യുക്തിരഹിതമെന്ന് പുറംലോകത്തിന് തോന്നുന്ന  ആചാരങ്ങളും ഭാവനകളും ഇഴചേര്‍ന്ന വിശ്വാസങ്ങള്‍... ഇതെല്ലാം ഇവരുടെ ഉത്പത്തിയെയും സാമൂഹിക രൂപീകരണെത്തെയും കുറിച്ച വിവരങ്ങളായി പ്രദേശത്ത് പ്രചാരത്തിലുണ്ട്. ഒന്നിനും പക്ഷെ ചരിത്രപരമായ പിന്‍ബലമുണ്ടായിട്ടില്ലെങ്കിലും എല്ലാ കഥകളുടെയും പൊതു സ്വഭാവം ആര്യന്‍ വംശ വിശുദ്ധിയില്‍ അധിഷ്ഠിതമാണ്. ഇന്ത്യയില്‍ അവശേഷിക്കുന്ന യഥാര്‍ഥ ആര്യന്മാരാണ് തങ്ങളെന്ന് ഇവര്‍ സ്വയം വിശ്വസിക്കുന്നു. പാര്‍വതി വാലിയിലെ തൊട്ടടുത്ത ഗ്രാമങ്ങള്‍ക്ക് പോലും അന്യമായ സവിഷേശ ഭാഷയും ആചാരങ്ങളും ഈ വിശ്വാസത്തിന് ബലം പകരുന്നു.


ക്ഷേത്രം-പുതിയ കെട്ടിടം















അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ അധിനിവേശ കാലത്ത് അദ്ദേഹത്തോടൊപ്പമെത്തിയ സൈനിക സംഘത്തിലെ ചിലര്‍ മലാനയില്‍ തന്പടിച്ചുവെന്നും അവരുടെ പിന്മുറക്കാരാണ് ഇപ്പോഴുള്ളതെന്നുമാണ് ഗ്രാമ രൂപീകരണത്തെക്കുറിച്ച ഏറ്റവും പ്രബലമായ വിശ്വാസം. ബിസി 300കളിലാണ് അലക്‌സാണ്ടര്‍ ഇന്ത്യയിലെത്തുന്നത്. അത്രമേല്‍ പഴക്കമുള്ള ഗ്രാമീണ പാരന്പര്യമാണ് തങ്ങള്‍ ഇന്നും പിന്തുടരുന്ന തൊട്ടുകൂടായ്മ അടക്കമുള്ള ആചാരങ്ങളെന്ന് മലാനക്കാര്‍ പറയുന്നു. ഈ ആചാരങ്ങള്‍ക്ക് ഗ്രീക്ക് രീതികളുമായി ബന്ധമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ അത്തരമൊരു ബന്ധം സ്ഥാപിക്കാനുതകുന്ന വിവരങ്ങളോ ചരിത്ര രേഖകളോ ഇല്ലെന്നാണ് സാമൂഹിക ശാസ്ത്രഞ്ജര്‍ പറയുന്നത്. അതേസമയം തന്നെ ആര്‍ക്കും നിഷേധിക്കാനും അവഗണിക്കാനും കഴിയാത്ത വിധം വാമൊഴിയായി ഇക്കഥ ഹിമാചലിലാകെ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇതിന് അനുബന്ധമായി ചേര്‍ക്കാവുന്ന ഒരുകഥ അലക്‌സാണ്ടറുടെ ഇന്ത്യന്‍ അധിനിവേശവുമായും ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. മലാനയുള്‍പെടുന്ന പാര്‍വതി വാലിയിലാണ് അലക്‌സാണ്ടറുടെ സൈനിക മുന്നേറ്റം അവസാനിച്ചത് എന്ന കഥ. ബിയാസ് നദിക്കരയില്‍ തന്പടിച്ച സൈനികര്‍ അവിടെ നിന്ന് മുന്നോട്ടുപോകാന്‍ വിസമ്മതിച്ചത്രെ. വര്‍ഷങ്ങളായി വീടവിട്ടുപോന്ന അവര്‍ തിരിച്ചുപോകണമെന്ന് ശഠിച്ചെന്നും ഒടുവില്‍ അലക്‌സാണ്ടര്‍ അതിന് വഴങ്ങിയെന്നുമാണ് കഥ. തിരിച്ചുപോകാന്‍ മടിച്ച ചില സൈനികര്‍ ഇവിടെ താവളമടിച്ചിരിക്കാമെന്ന കഥക്ക് ഈ ചരിത്ര പിന്‍ബലമുള്ളതിനാല്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. മലാനക്കാരുടെ ഭരണ സംവിധാനത്തിലെ ഗുര്‍ സങ്കല്‍പത്തിന് ഗ്രീസിലെ ഒറാക്ക്ള്‍ വിശ്വാസവുമായി സാമ്യമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അക്ബര്‍ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടും ഗ്രാമ രൂപീകരണത്തിന്റെ രണ്ട് കഥകള്‍ പ്രചാരത്തിലുണ്ട്. ഗുരുതര രോഗം ബാധിച്ച അക്ബര്‍ ചികിത്സ തേടി ഇവിടെയെത്തിയത്രെ. അക്കാലത്തെ നാട്ടുചികിത്സയിലൂടെ രോഗം മാറിയതോടെ മലാനയെ നികുതി മുക്ത പ്രദേശമായി പ്രഖ്യാപിച്ചുവെന്നാണ് കഥ. അന്നുതൊട്ടാണ് സ്വതന്ത്ര ജനാധിപത്യ പ്രദേശമായി മലാന പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ഈ കഥ പറയുന്നു. മലാനക്കാരനായ ഒരു സന്യാസി സ്വര്‍ണ നാണയവുമായി മുഗള്‍ സൈന്യത്തിന്റെ പിടിയിലായതാണ് മറ്റൊരു ഐതിഹ്യം. അയാളുടെ കൈവശമണ്ടായിരുന്ന സ്വര്‍ണ നാണയം അക്ബറിന്റെ ഖജനാവിലേക്ക് മുതല്‍കൂട്ടി. അന്നുരാത്രി അക്ബറിന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട ജംലു ദേവത സന്യാസിയെ മോചിപ്പിക്കാനും സ്വര്‍ണം മലാനയുടെ ട്രഷറിയിലടക്കാനും ആവശ്യപ്പെട്ടത്രെ. അതനുസരിച്ച അക്ബര്‍ സ്വര്‍ണ നാണയത്തോടൊപ്പം തന്റെ ഒരു സുവര്‍ണ ശില്‍പം കൂടി കൊടുത്തയച്ചു. മലാനയിലെ ക്ഷേത്ര സ്വത്തില്‍ ഇപ്പോഴും ഈ ശില്പമുണ്ട്. വര്‍ഷത്തില്‍ രണ്ട് ഉത്സവങ്ങളാണ് ഇവിടെ നടക്കുക. അതിലൊന്നില്‍ അക്ബറിന്റെ പ്രതിമ പുറത്തെടുത്ത് പ്രദര്‍ശിപ്പിക്കുകയും അതില്‍ പൂജകളര്‍പിക്കുകയും ചെയ്യാറുണ്ട്. ഈ രണ്ടുകഥകളും ചേര്‍ത്ത മറ്റൊരു ഐതിഹ്യവും ഗ്രാമ രൂപീകരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. കഥയേതായാലും, അക്ബറിന് മലാനയില്‍ സവിശേഷ സ്ഥാനമുണ്ടെന്നുറപ്പ്. പാര്‍വതി വാലിയിലെ ജംലു ദേവി ക്ഷേത്രത്തില്‍ മുസ്ലിം ആചാരങ്ങളോട് സമാനതകളുള്ള രീതികള്‍ പിന്തുടരുന്നുണ്ട്. ഇതും മുഗള്‍അക്ബര്‍ ബന്ധത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു ഉത്സവകാലം (ഫയല്‍)


ജംലു ദേവതയാണ് മലാനക്കാരുടെ ദൈവം. ആത്മീയാചാരങ്ങള്‍ മാത്രമല്ല, നിത്യ ജീവിതത്തിലെ ചെറു തര്‍ക്കം പോലും പരിഹരിക്കുന്നത് ജംലു ദേവതയാണ്. ദൈവിക നിയമമല്ലാതെ മറ്റൊന്നും ഇവിടെയില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് 'തീരുമാനിച്ചത്' വരെ ജംലു ദേവതയാണ്. ജംലു ദേവത വിശ്രമത്തിനായി തെരഞ്ഞെടുത്ത സ്ഥലമാണ് മലാനയെന്ന ഐതിഹ്യവും ഇവിടെയുണ്ട്. രൂപീകരണ ചരിത്രം എന്തായാലും ജംലു ദേവതയാണ് മലാനയുടെ എല്ലാം. ഖസാസകളുടെ സെറ്റില്‍മെന്റാണ് മലാന എന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്. പുരാതന ഇന്ത്യന്‍ടിബറ്റന്‍ വംശമായിരുന്നു ഖസാസ. സ്വന്തമായി രാജവംശമുണ്ടായിരുന്നവര്‍. ഖസാക്കിസ്ഥാനില്‍ നിന്നാണ് ഈ വാക്കുണ്ടായതെന്നും ഖസാക്കുമായി ബന്ധമുള്ള വംശമാണെന്നും കരുതപ്പെടുന്നുണ്ട്. മഹാഭാരതത്തില്‍ ഇവരെക്കുറിച്ച് പരാമര്‍ശമുണ്ടത്രെ. മലാനക്ക് 5000 വര്‍ഷം പഴക്കമുണ്ടെന്ന നിഗമനത്തിലെത്തിയ പുരാവസ്തു ശാസ്ത്രഞ്ജരും ഇന്ത്യയിലുണ്ട്. ഋഷിവര്യനായ ജംദംഗിനിയുടെ തപസാണ് മലാനയിലെ ഗ്രാമ രൂപീകരണത്തിന് കാരണമായതെന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. ഒറ്റപ്പെട്ട  ധ്യാന സ്ഥലം ആവശ്യപ്പെട്ട ജംദംഗിനിയോട് മലായനയിലേക്ക് പോകാന്‍ ശിവന്‍ നിര്‍ദേശിച്ചത്രെ. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും കൂടെപ്പോയി. ഇവര്‍ പിന്നീട് സമീപ സ്ഥലങ്ങളായ ലഹോളിലേക്കും ബഞ്ചര്‍ വാലിയിലേക്കും പോയെന്നാണ് കഥ.


തൊട്ടാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പ്

ഔദ്യോഗിക രേഖകളില്‍ കാനെറ്റ്‌സ് എന്ന് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുനിറ്റ് എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ഇതിന്‌റെ ഉത്ഭവമത്രെ. ജാതി നിയമങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരെന്നാണ് ഇതിന്റെ വിവക്ഷ. ജംലു ദേവതയുടെ പ്രതിപുരുഷരാണ് തങ്ങളെന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു. കുളുവിലെ മറ്റ് ഗ്രമീണരില്‍ നിന്നെല്ലാം ഇവര്‍ വ്യത്യസ്തരാണ്. എന്ത് കാര്യത്തിലും തീര്‍പുണ്ടാക്കുന്നത് ജംലു ദേവിയാണ്. ദേവിക്ക് വേണ്ടി  പ്രതി പുരുഷനായ ഗുരുവാണ് എല്ലാത്തിലും വിധി കല്‍പിക്കുക. രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കുന്നതും പരാതികളില്‍ പ്രതിസ്ഥാനത്തുവരുന്നവരുടെ കുറ്റകൃത്യം കണ്ടെത്തുന്നതിലും കുറ്റാവളിയായി പ്രഖ്യാപിക്കുന്നതിലുമെല്ലാം ഈ ദൈവീക സാന്നിധ്യമുണ്ട്. ഇവിടത്തെ നീതിന്യായ സംവിധാനവും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഏതുവിഷയത്തിലും അന്തിമ തീരുമാനത്തിലെത്തുന്നതിന് ജംലു ദേവതക്ക് ആട്ടിന്‍കുട്ടിയെ ബലിയര്‍പിക്കുകയാണ് മലാനക്കാര്‍ ചെയ്യുക. എന്തെങ്കിലും പരാതിയുയര്‍ന്നാല്‍ ഗ്രാമത്തിന്റെ കേന്ദ്ര സ്ഥാനത്തുള്ള കോടതി മുറ്റത്ത് നാട്ടുകാരെല്ലാം ഒത്തുകൂടും. തര്‍ക്കത്തിലുള്ള രണ്ട് കക്ഷികളും അല്ലെങ്കില്‍ രണ്ട് വ്യക്തികളും ജംലു ദേവിയുടെ പേരില്‍ ഓരോ ആട്ടിന്‍കുട്ടിയെ അറുക്കും. ഒരേ സമയം അറുക്കുന്ന ആട്ടിന്‍ കുട്ടികളില്‍ ആദ്യം മരിക്കുന്ന ആടിന്റെ ഉടമ തര്‍ക്കത്തില്‍ തോറ്റതായി കണക്കാക്കും. അഭിപ്രായ ഭിന്നതയുണ്ടാകുന്ന ഏത് വിഷയത്തിലും ഇതാണ് ഇവിടത്തെ നിയമം. ഈ വിധി എല്ലാവരും അംഗീകരിക്കും. പിന്നീട് എല്ലാവരും ചേര്‍ന്ന് സദ്യയൊരുക്കി അതൊന്നിച്ചിരുന്ന് കഴിച്ചുപിരിയും. അതോടെ വഴക്ക് തീര്‍ന്നതായി കണക്കാക്കണമെന്നാണ് വിശ്വാസം. നാട്ടുകൂട്ടത്തിന്റെ വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ ദൈവത്തിന്‌റെ ദര്‍ബാറില്‍ പരാതിപ്പെടാം. 'മേല്‍കോടതി' പോലുള്ള ഈ സംവിധാനത്തിന് ച്ഛാബേ പൊന എന്നാണ് അവര്‍ വിളിക്കുന്നത്. ഗ്രാമത്തിലെന്ത് ദുതിരമുണ്ടായാലും ഏതുതരം സന്തോഷമുണ്ടായാലും അതെല്ലാം ജംലു ദേവതയുടെ പരീക്ഷണമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. 2008ല്‍ ഗ്രാമത്തെ കവര്‍ന്നെടുത്ത അഗ്‌നിബാധക്ക് കാരണമായത് അന്നേദിവസം പുറത്തുനിന്ന് വന്ന ബിജെപി നേതാവ് ഗ്രാമത്തില്‍ മദ്യം വിളന്പിയതില്‍ ദേവിക്ക് അനിഷ്ടമുണ്ടായതിനാലാണെന്ന് റിതുഭായ് പറയുന്നു. കാട് നശിപ്പിച്ച് അണക്കെട്ട് പണിതതിലെ അതൃപ്തിയാണ് അഗ്‌നിബാധക്ക് കാരണം എന്നുവിശ്വസിക്കുന്നവരും ഇവിടെയുണ്ട്.


രണ്ട് ഭാഗമായാണ് ഗ്രാമത്തിന്‌റെ ഘടന. ഇരു ഭാഗങ്ങളും തമ്മില്‍ ഏതാണ്ട് 100 മീറ്റര്‍ വ്യത്യാസം വരും. ഈ ഭാഗത്താണ് പ്രധാന ആരാധാനാലയമായ ജംലു ദേവി ക്ഷേത്രം. നാട്ടുകാരതിനെ ഹാര്‍ച്ച എന്നുവിളിക്കും. മധ്യഭാഗത്തെ താരതമ്യേന പരന്ന പ്രദേശത്ത് ഏതാണ്ട് മൂന്നടി ഉയരമുള്ള സ്‌റ്റേജുണ്ട്. 15 അടി നീളമുള്ള ഈ തുറന്ന സ്‌റ്റേജിലാണ് ഗ്രാമ ഭരണ സംവിധാനവും കോടതിയുമെല്ലാം പ്രവര്‍ത്തിക്കുക. കനാഷി എന്ന അപൂര്‍വ ഭാഷയാണ് ഇവരുപോയോഗിക്കുന്നത്. ടിബറ്റന്‍, മുന്ദാരി ഭാഷകളുമായി സാമ്യമുണ്ടെങ്കിലും സമീപത്തെ ഒരു ഗ്രാമത്തിനും ഈ ഭാഷയറിയില്ല. പ്രാദേശിക ഭാഷാ രൂപങ്ങളായ ബുനാന്‍, ടിനാന്‍, മാന്‍ചാത് എന്നിവയുമായും സാമ്യമുണ്ടത്രെ. കിന്നൌരി മേഖലയില്‍ സംസാരിക്കുന്ന വിവിധ ഭാഷകളുടെ സങ്കരമായ  കിന്നൌരിയുമായും അടുത്ത ബന്ധമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കനാഷിക്ക് തുല്യമായ ഭാഷ ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുവരെ കണ്ടെത്തിയിട്ടില്ല.  മലാന ഡാമിന് സമീപമുള്ള ചൌകിയാണ് മലാനക്കടുത്തുള്ള ഏറ്റവും അടുത്ത ഗ്രാമം. ഏതാണ്ട് 15 കിലോമീറ്റര്‍ അകലമുണ്ട് ഇരു ഗ്രാമങ്ങളും തമ്മില്‍. ചൌകിക്കാര്‍ക്കുപോലും മലാനയിലെ ഭാഷ അറിയില്ല. ചൌകിയിലെ ആചാരങ്ങള്‍ക്കും മലാനക്കാരുടെ ആചാരങ്ങളുമായി വിദൂര സാമ്യം പോലുമില്ല. അത്രമേല്‍ ഒറ്റപ്പെട്ട ജീവിതവും സംസ്‌കാരവുമാണ് മലാനികള്‍ പിന്തുടരുന്നത്. മലാനയില്‍ തന്നെയുള്ള താഴ്ന്ന ജാതിക്കരായ ജുലാഹ, ലോഹാര്‍ കുടുംബങ്ങള്‍ക്ക് ഗ്രാമീണ ഭാഷയായ കാന്‍ഷു സംസാരിക്കാന്‍ അവകാശമില്ല.

പ്രതിസന്ധിയിലകപ്പെട്ട ആരെയും സഹായിക്കണമെന്നതാണ് ജംലു ദേവിയുടെ തത്വം. തൊട്ടുകൂടായ്മ കണിശമായി പാലിക്കുന്‌പോഴും സന്ദര്‍ശകര്‍ക്ക് അങ്ങേയറ്റം സൗഹൃദപൂര്‍ണമായ സ്വീകരണമാണ് ഇവര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് രാത്രി തങ്ങാനുള്ള സൗകര്യം വരെ ഇവര്‍ നല്‍കുന്നണ്ട്, അതിലും തൊട്ടുകൂടായ്മ പാലിക്കുന്നുണ്ടെങ്കിലും. മലാനയിലെ സ്വൈര്യ ജീവിതവും ഒറ്റപ്പെട്ട ഭൂ ഘടനയും സമീപവാസികളുടെ ഒളിത്താവളമാക്കി ഇതിനെ മാറ്റിയിട്ടുണ്ട്. ഇങ്ങിനെ അഭയം തേടിയെത്തി ഇവിടെ സ്ഥിരതാമസമാക്കിയ നിരവധി പേര്‍ ഈ ഗ്രാമത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും ഗ്രാമ ഭരണത്തിലിടപെടാനോ തദ്ദേശീയമായ ആചാരങ്ങളില്‍ പങ്കാളികളാകാനോ അനുവാദമില്ല. മലാനക്കാരുടെ സൗമനസ്യത്തില്‍ അവിടെ കഴിയാമെന്ന് മാത്രം. സമീപ പ്രദേശങ്ങളിലെ കുറ്റവാളികളും ഈ അവസരം മുതലെടുക്കുന്നുണ്ട്. പക്ഷെ, ഇവിടെ വരുന്നതാരായാലും അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കും ഈ നിഷ്‌കളങ്ക ഗ്രാമം.

എന്നാല്‍ വംശ വിശുദ്ധി നിലനിര്‍ത്താനുള്ള എല്ലാ മുന്‍കരുതലുകളും ഇവിടെയുണ്ട്. തൊട്ടുകൂടായ്മ മുതല്‍ അന്യജാതി വിവാഹ വിലക്ക് വരെ കര്‍ശനമായി പാലിക്കുന്ന മലാനികള്‍, മലാനക്കാരെയല്ലാതെ ആരെയും വിവാഹം കഴിക്കില്ല. നാല് വിഭാഗം രജ്പുത് വംശജരാണ്  മലാനയിലുള്ളത്. ഇവര്‍ മാത്രമാണ് പരസ്പം വിവാഹം കഴിക്കുക. ആര്യന്‍ ബന്ധവും സവര്‍ണ പാന്പര്യവും അവകാശപ്പെടുന്ന നിരവധി ജാതികളും സമൂഹങ്ങളും കുളുവിലുണ്ടെങ്കിലും അവരുമായും വിവാഹം അനുവദിച്ചിട്ടില്ല. ഈ കാര്‍ക്കശ്യം കൊണ്ടാകം, വൈവാഹിക ബന്ധങ്ങള്‍ നിലിനിര്‍ത്തുന്നതില്‍ ഉദാരമായ വ്യവസ്ഥകളാണ് മലാനയിലുള്ളത്. പുരുഷന്‍മാര്‍ക്ക് 10 മുതല്‍ 15 തവണ വരെ വിവാഹിതരാകാം. സ്ത്രീകള്‍ക്കാകട്ടെ, എത്ര തവണ വേണമെങ്കിലും ഭര്‍ത്താവിനെ ഉപേക്ഷിച്ച്, ഇഷ്ടമുള്ളയാളെ വരിക്കാം. ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തിന് വിലക്കുണ്ട്. ചെറുപ്പത്തിലേ വിവാഹിതരാകുന്നത് മലാനയിലെ പതിവുരീതിയാണ്. ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹമാകാമെങ്കിലും ഒരു വര്‍ഷം കഴിയണമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ വംശജരേക്കാള്‍, വിദേശ ച്ഛായയാണ് മലാനികള്‍ക്ക് കൂടുതലുള്ളത്. സമീപ ഗ്രാമവാസികളുടേതുപോലെ പരന്ന മൂക്കില്ല. യൂറോപ്യന്‍ സാമ്യതകളുള്ള നീലക്കണ്ണുകളുള്ളവരും ഇവിടെ ധാരാളം.



പച്ചമരുന്നുണ്ടാക്കി വില്‍ക്കുകയോ അത് പകരം കൊടുത്ത് മറ്റ് സാധനങ്ങള്‍ വാങ്ങുകയോ ചെയ്താണ് മലാനികള്‍ ഉപജീവിനം നടത്തിയിരുന്നത്. എന്നല്‍ കഞ്ചാവ് മാഫിയ ഗ്രാമത്തിലെത്തുകയും അവിടെ വളരുന്ന കാട്ടുചെടി വിലയേറിയ ഉത്പന്നമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തതോടെ സ്ഥിതി മാറി. ഇപ്പോള്‍ പലരുടെയും മുഖ്യ തൊഴില്‍ തന്നെ ക!ഞ്ചാവ് കൃഷിയായി മാറിക്കഴിഞ്ഞു. അതേസമയം തന്നെ ഇപ്പോഴും കഞ്ചാവിന് പവിത്രമായ ആചാര വിശുദ്ധി ഗ്രാമീണര്‍ വകവച്ചുനല്‍കുന്നുണ്ട്. ഈ സങ്കല്‍പം ഒരു വിശ്വാസമായി കൊണ്ടുനടക്കുന്ന പഴയതലമുറയിലെ ഗ്രാമീണര്‍ കഞ്ചാവിനെ വരുമാന മാര്‍ഗമായി കാണുന്നുമില്ല.



മലാനക്കുള്ള റോഡ് അവസാനിക്കുന്നിടത്ത് നില്‍ക്കുന്നതിനിടെയാണ് ഗ്രാമീണരുമായി ഒരു കാര്‍ വന്നുനിന്നത്. അവിടെയിറങ്ങിയ സ്ത്രീകള്‍ ഫോണില്‍ ആരെയൊക്കെയോ വിളിക്കുന്നു. അകത്ത് ഒരു വൃദ്ധ അബോധാവസ്ഥയില്‍ സീറ്റില്‍ കിടക്കുന്നുണ്ട്.  മരണാസന്നയായ ആ മലാനി വൃദ്ധയെ ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചതായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ചുമലിലെടുക്കുന്ന കട്ടിലുമായി ഒരു സംഘം യുവാക്കളെത്തി. കട്ടിലില്‍ കിടത്തി, കാട്ടുവള്ളികളും കയറും ഉപയോഗിച്ച് വരിഞ്ഞുകെട്ടി അവര്‍ അവരെ ചുമലിലെടുത്തു. അതാണ് അവിടത്തെ രീതി. ഇങ്ങിനെ ആളുകളെ എത്തിക്കുന്നതിനും മറ്റുമുള്ള സഹായങ്ങള്‍ക്കായി യുവാക്കളുടെ ഒരു സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അവിടത്തെ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതും. സേവനത്തിനും സഹായത്തിനും ആളുകളുണ്ടെങ്കിലും ഈ ഗ്രാമീണരെ, ഇനിയുമിങ്ങനെ ദുരിതമയമായ ജീവിതത്തില്‍ തളച്ചിടേണ്ടതുണ്ടോയെന്ന് 'ഇന്ത്യ!' ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ മലാനികളുടെ പങ്കാളിത്തവും 'ഇന്ത്യന്‍ ഭരണകൂടത്തിന്' അവരോടുള്ള സമീപനവും പെട്ടെന്നൊരു മാറ്റം അസംഭവ്യമാണെന്നാണ് വ്യക്തമാക്കുന്നത്.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...