Monday, April 13, 2020

എന്‍.പി.ആര്‍: 118 കോടി പൌരന്‍മാരുടെ വിവരം ശേഖരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ




* റിപ്പോര്‍ട്ടിന്റെ  പകര്‍പ് മീഡിയവണിന്
* തയാറാക്കിയ എന്‍ പി ആറില്‍ പ്രവാസികള്‍ ഇല്ല





കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്‍) ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ. 2010ലെ സെന്‍സസിനൊപ്പമാണ് ഈ വിവരങ്ങള്‍ കൂടി ശേഖരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എന്‍ പി ആര്‍-സെന്‍സസ് നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 118 കോടി പൌരന്‍മാരുടെ ഇലക്ട്രോണിക് വിവര ശേഖരണം പൂര്‍ത്തിയായി. ഇവരുടെ രജിസ്റ്റര്‍ തയാറാക്കി കഴിഞ്ഞു. ഇതില്‍ 25.80 കോടി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു.

രാജ്യത്തെ സെന്‍സസിന്റെയും എന്‍ പി ആറിന്റെയും ചുമതല വഹിക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ കീഴില്‍ നടക്കുന്ന വിവിധ കണക്കെടുപ്പുകളുടെ വിശദാംശങ്ങളും അതിന്റെ സംഗ്രഹ വിവരങ്ങളും ഉള്‍പെടുത്തിയ റിപ്പോര്‍ട്ടില്‍ 'സ്റ്റാറ്റസ് ഓഫ് എന്‍ പി ആര്‍/എന്‍ ആര്‍ ഐ സി' എന്ന തലക്കെട്ടിന് കീഴിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. പൌരത്വ പട്ടിക തയാറാക്കുന്നതിന്റെ ആദ്യഘട്ടമാണ് എന്‍ പി ആര്‍ എന്ന ആമുഖത്തോടെയാണ്  വിവരശേഖരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തഘട്ടത്തില്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് പൌരത്വ പട്ടിക തയാറാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2010ല്‍ എന്‍ പി ആറിന് വേണ്ടി എങ്ങിനെയാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്ന് ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ അവരുടെ ഒദ്യോഗിക വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. അതിപ്രകാരമാണ്: 2011 സെന്‍സസിനൊപ്പം (2010 ഏപ്രില്‍- സെപ്തംബര്‍ മാസങ്ങളില്‍) എന്യുമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് എന്‍ പി ആര്‍ 2010ന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോം സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് ഡാറ്റാബേസില്‍ എത്തിച്ചു. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കുന്ന എന്‍റോള്‍മെന്റ് ക്യാന്പുകള്‍ വഴി ഇതിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഫോട്ടോഗ്രാഫ്, വിരടലടയാളം, രണ്ട് കണ്ണുകളുടെയും ചിത്രം (ഐറിസ് പ്രിന്റ്) എന്നിവയാണ് ബോയമെട്രിക് വിവരങ്ങള്‍ക്കായി ശേഖരിക്കുന്നത്. എന്‍ പി ആര്‍ തയാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍ ആര്‍ ഐ നിര്‍വചനപ്രകാരം പ്രവാസികള്‍ ഇന്ത്യയിലെ താമസക്കാരല്ല. അതിനാല്‍ 2010ലെ എന്‍ പി ആറില്‍ അവരെ ഉള്‍പെടുത്തിയിട്ടില്ല. അവര്‍ തിരിച്ചുവന്ന് നാട്ടില്‍ താമസമാക്കിയാല്‍ എന്‍ പി ആറില്‍ ഉള്‍പെടുത്തുമെന്നും രജിസ്ട്രാര്‍ വിശദീകരിക്കുന്നു.

ഒരു വ്യക്തിയുടെ 15 വിവരങ്ങളാണ് ഇപ്പോള്‍ തയാറായിക്കഴിഞ്ഞ പോപുലേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിക്കുന്നത്. അവ: 1) വ്യക്തിയുടെ പേര്. 2) കുടുംബനാഥനുമായുള്ള ബന്ധം. 3) പിതാവിന്റെ പേര്. 4) മാതാവിന്റെ പേര്. 5) വിവാഹാവസ്ഥ. 6) വിവാഹിതരെങ്കില്‍ ഭാര്യ/ര്‍ത്താവിന്റെ പേര്. 7) ലിംഗം. 8) ജനനത്തിയതി. 9) ജനനസ്ഥലം. 10) പൌരത്വം (nationality). 11) ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം. 12) എത്ര നാളായി  നിലവിലെ സ്ഥലത്ത് തിമസിക്കുന്നു? 13) സ്ഥിരം മേല്‍വിലാസം. 14) ജോലി. 15) വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമേയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത്.

2020 ലെ എന്‍ പി ആറില്‍ 6 പുതിയ ചോദ്യങ്ങള്‍കൂടി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്‍ പി ആര്‍ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 74 ജില്ലകളില്‍ നടത്തിയ പൈലറ്റ് സര്‍വേയിലാണ് പുതിയ ചോദ്യങ്ങള്‍ ഇടംപിടിച്ചത്. മാതാപിതാക്കളുടെ ജനനത്തിയതി, ജനനസ്ഥലം, പാസ്പോര്‍ട്ട് വിവരങ്ങള്‍, ആധാര്‍,വോട്ടര്‍ ഐഡി, ലൈസന്‍സ് വിവരങ്ങള്‍ തുടങ്ങിയവയാണ് പുതുതായി ചേര്‍ത്തത്. ആകെ 21 ചോദ്യം. എന്നാല്‍ 2020 എന്‍ പി ആറിന്റെ ചോദ്യപ്പട്ടികയില്‍ ഇവ ഉള്‍പെടുത്തിയതായി ഇതുവരെ ഔദ്യോഗികമായി ‌സ്ഥിരീകരിച്ചിട്ടില്ല. ഇവ ഉള്‍പെടുത്തിയാലും ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ രേഖപ്രകാരം ഇപ്പോള്‍ അവരുടെ കൈവശമുള്ള വിവരങ്ങള്‍ പൌരത്വ പട്ടികയായി (എന്‍ ആര്‍ സി) മാറ്റാന്‍ കഴിയുന്ന എന്‍ പി ആര്‍ തന്നെയാണെന്ന് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.

ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ വെബ്സൈറ്റില്‍ 2010ലെ എന്‍ പി ആറിനെ കുറിച്ച് സംക്ഷിപ്ത വിവരണമുണ്ട്. അതില്‍ പറയുന്നത് 2011 സെന്‍സിനൊപ്പം വിവരങ്ങള്‍ ശേഖരിച്ചു, 2015ല്‍ വീടുകള്‍തോറും സര്‍വെ നടത്തി ഈ വിവരങ്ങള്‍ പുതുക്കി, അവ ഡിജിറ്റൈസ് ചെയ്തു എന്നുമാണ്.  2021ലെ സെന്‍സസിനൊപ്പം വീണ്ടും എന്‍ പി ആര്‍ അപ്ഡേഷന്‍ നടക്കുമെന്നും അതിന് കേന്ദ്ര സര്‍ക്കാര്‍ വിഞ്ജാപനം പുറപ്പെടുവിച്ചുവെന്നും വൈബ്സൈറ്റിലുണ്ട്. ഇത്തവണ നടക്കുന്നത് പുതിയ എന്‍ പി ആര്‍ വിവര ശേഖരണമല്ല, മറിച്ച് പുതുക്കല്‍ (അപ്ഡേഷന്‍) മാത്രമാണ് എന്നാണ് ഇതിനര്‍ഥം. അഥവ എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും എന്‍ പി ആര്‍ നടപ്പാക്കരുത് എന്ന പ്രക്ഷോഭകരുടെ ആവശ്യവും അപ്രസക്തവും യുക്തിരഹിതവുമാണ് എന്നര്‍ഥം. ഇപ്പോള്‍ തന്നെ തയാറായിക്കഴിഞ്ഞ എന്‍ പി ആറിനെ പൌരത്വ പട്ടികയായി (എന്‍ ആര്‍ സി) പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല. അങ്ങിനെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അവശേഷിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടത് പൌരത്വം ഉറപ്പാക്കേണ്ടവരുടെ നിയമപരമായ ബാധ്യതയും ഉത്തരവാദിത്തവുമായി മാറും.
( ഫെബ്: 4- 2020,
മീഡിയവണ്‍ വെബ്)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...