Monday, February 25, 2013

കൂറുമാറ്റത്തിനിടയിലെ ബാര്‍ അടക്കല്‍എഴുതിക്കഴിഞ്ഞ ഒരു വാചകത്തില്‍ ‘മൂന്ന്’ എന്ന അക്കം ‘15’ എന്നാക്കി മാറ്റാന്‍ എത്രസമയമെടുക്കുമെന്ന ചോദ്യം തികച്ചും ബാലിശമാണ്. എന്നാല്‍ കേരള നിയമസഭയെ പറ്റിയാണെങ്കില്‍ അതിനേക്കാള്‍ സുപ്രധാന ചോദ്യം വേറെയില്ല. പഞ്ചായത്തീരാജ് നിയമത്തില്‍ ഇത്രയും മാറ്റം വരുത്താന്‍ ഇന്നലെ വേണ്ടിവന്നത് രണ്ട് മണിക്കൂറിലേറെ സമയം. എഴുത്ത് തെളിയാഞ്ഞിട്ടല്ല ഈ ദൈര്‍ഘ്യം. മറിച്ച് അങ്ങനെ മാറ്റിയെഴുതുന്നതിന്‍െറ ന്യായാന്യാതകളെ പറ്റി നിയമനിര്‍മാണ പ്രഗത്ഭര്‍ ഘോരഘോരം നടത്തിയ പ്രസംഗം തീരാന്‍ അത്രയും സമയമെടുത്തുവെന്നത് തന്നെ. മൂന്ന് വരി മാറ്റാനുണ്ടായിരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധ ഭേദഗതി ബില്‍ ചര്‍ച്ചക്കുമെടുത്തു, അത്രതന്നെ സമയം. ആകാശത്തിന് താഴെയുള്ള സകലമാന വിഷയങ്ങളിലും അഭിപ്രായം രേഖപ്പെടുത്താന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ മാത്രം മണ്ടന്‍മാരല്ല തങ്ങളെന്ന് തെളിയിക്കാന്‍ അവര്‍ക്ക് വേറെ അവസരം ഇല്ലല്ളോ?
ചര്‍ച്ചയങ്ങനെ പൊടിപൊടിക്കുമ്പോഴാണ് കാസര്‍കോട് ജില്ലയില്‍ യൂത്ത് ലീഗ് സമ്മേളനം പ്രമാണിച്ച് ബാറുകള്‍ക്ക് കലക്ടര്‍ അര ദിവസം അവധി കൊടുത്ത കാര്യം ഉദുമയിലെ കെ. കുഞ്ഞിരാമന് ഓര്‍മ വന്നത്. അതോടെ സഭയാകെ ബാറില്‍ കയറിയ മട്ടിലായി. ലീഗ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ബഹളംവച്ചു. അത്തരമൊരു ഉത്തരവില്ളെന്ന് പി.സി വിഷ്ണുനാഥ് ക്രമപ്രശ്നമുന്നയിച്ചു. ചെയറിലിരുന്ന വി.എസ് സുനില്‍കുമാര്‍ മാന്യമായി അത് തീര്‍ത്തു: ‘ഒരുരാഷ്ട്രീയ പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്ന അനാവശ്യ പരാമര്‍ശങ്ങള്‍ അംഗങ്ങള്‍ നടത്തരുത്. അവാസ്തവ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യും.’ ചെയര്‍ തള്ളിയാലും പ്രാസംഗികന്‍ പി.ടി.എ റഹീമാണെങ്കില്‍ ലീഗിന് വരാനുള്ളത് വഴിയില്‍ തങ്ങില്ല: ‘അഞ്ചാം മന്ത്രിക്ക് കാട്ടിയ ഉശിരും വാശിയും മദ്യ നിരോധത്തിന് കാട്ടിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു’വെന്ന് ചൂണ്ടിക്കാട്ടിയ റഹീം, കലക്ടര്‍ ഉത്തരവിന് വാര്‍ത്തയുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ വീണ്ടും ബഹളമായി. ഒടുവില്‍ അതും നീക്കി. അന്ന് ബാറുണ്ടായിരുന്നുവെന്ന് സമ്മേളനത്തിന് പോയ ലീഗുകാര്‍ തറപ്പിച്ച് പറയുന്നതിനാല്‍ അതുതന്നെയാകും ശരി.
എന്നാല്‍ എല്ലാ അലവലാതികളും വരുന്നതിനാല്‍ കലക്ടര്‍ അങ്ങിനെ തീരുമാനിക്കാനിടയുണ്ടെന്നാണ് കെ.എന്‍.എ ഖാദറിന്‍െറ വിശ്വാസം. പറയാന്‍ കാരണമുണ്ട്. ‘പണ്ടൊരു പോക്കറ്റടിക്കാരന്‍ കേസ് വിചാരണ മാറ്റിവക്കാന്‍ കോടതിയോട് അപേക്ഷിച്ചു. കാരണം യൂത്ത് ലീഗ് സമ്മേളനം. ആളുകൂടുന്ന സ്ഥലത്തെല്ലാം തനിക്കും പോകണമെന്നാണ് അയാളുടെ ആവശ്യം.’ സി.പി.ഐക്കാരനായിരുന്ന ഖാദര്‍ പാര്‍ട്ടി മാറിയപ്പോഴാണോ പോക്കറ്റടിക്കാരുടെ കേസ് കിട്ടിയതെന്നായി വി.എസ് സുനില്‍കുമാറിന്‍െറ സംശയം. അതിനുത്തരം കിട്ടാതെ വലയുമ്പോഴാണ് ‘സി.പി.എം സമ്മേളനത്തിന് ബാര്‍ അടക്കാതിരുന്ന കാര്യം’ എ. പ്രദീപ്കുമാര്‍ ഓര്‍ത്തത്. കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ കോട്ടയം വിളംബരം വായിച്ചതോടെ പ്രദീപിന് ആവേശം തീര്‍ന്നു.
ബാറിനൊപ്പം സഭയില്‍ നിറഞ്ഞുനിന്നത് കൂറുമാറ്റമായിരുന്നു. ലോനപ്പന്‍ നമ്പാടന്‍ത് മുതല്‍ ശെല്‍വരാജ് വരെയുള്ളവരുടെ പട്ടിക ഇരുപക്ഷവും ആവര്‍ത്തിച്ചു. കൂറുമാറ്റം ആരുടേതായാലും ആശയപരമല്ളെന്നായിരുന്നു വി.ഡി സതീശന്‍െറ നിലപാട്. എന്നാല്‍ ശെല്‍വരാജ് രാജിവച്ചതിനാല്‍ അതില്‍ മാന്യതയുണ്ട്. ഒട്ടും മാന്യതയില്ലാതെ കൂറുമാറ്റത്തിന് കേരള ചരിത്രത്തില്‍ തുടക്കമിട്ടത് നമ്പാടനാണെന്നും സതീശന്‍ വാദിച്ചു. പഴയ നേതാവാണെങ്കിലും അന്നത്തെ കാര്യങ്ങളില്‍ എ.കെ ശശീന്ദ്രന് ഓര്‍മക്കുറവുണ്ട്. അത്തരമൊരു പിഴവും സതീശന്‍ തിരുത്തി: ‘അന്ന് നിങ്ങളെടുത്ത നിലാപാട് ആശയപരമായിരുന്നു. അതിനെ നമ്പാടന്‍െറ പേരിനൊപ്പം കൂട്ടിപ്പറഞ്ഞ് സ്വയം അപഹാസ്യനാകരുത്.’ കൂറുമാറ്റക്കച്ചവടത്തിലെ കമ്പോളക്കണക്ക് പറഞ്ഞ പി. ശ്രീരാമകൃഷ്ണനോട് നമ്പാടന് എന്ത് വിലകൊടുത്തുവെന്നായി പി.സി ജോര്‍ജ്. ശെല്‍വരാജിനെന്ത് കൊടുത്തുവെന്ന് കെ.കെ ജയചന്ദ്രനും. എല്ലാവരും പരസ്പരം കൊടുക്കുന്നുണ്ടെന്ന് തന്നെ.
പലവട്ടം പറഞ്ഞുതേഞ്ഞതാണെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ വഴിയില്‍ വിലങ്ങനെ കിടന്നിരുന്ന ‘ടാഗ്’ സമ്പ്രദായത്തെപ്പറ്റി ഒരിക്കല്‍ കൂടി സഭയില്‍ വിശദമായ ചര്‍ച്ച നടന്നു. തോമസ് ഐസക് കുതര്‍ക്കങ്ങള്‍ കൊണ്ടും പ്രൊഫ. സി രവീന്ദ്രനാഥ് സിദ്ധാന്തങ്ങള്‍ കൊണ്ടും മന്ത്രിമാരായ എം.കെ മുനീറിനെയും കെ.സി ജോസഫിനെയും നേരിട്ടു. രണ്ടുതരം വാദങ്ങളും ജനകീയ ആസൂത്രണത്തിനും സുതാര്യതക്കും വേണ്ടി മാത്രം. ആസ്തി വികസന ഫണ്ടിന്‍െറ അധികാരത്തര്‍ക്കത്തിലുമുണ്ടായി അത്രതന്നെ വിശദമായ ചര്‍ച്ച. പി.ടി.എ റഹീം തുടങ്ങിവച്ചപ്പോള്‍ സി. ദിവാകരന്‍, മോന്‍സ് ജോസഫ്, ഐഷ പോറ്റി, ഇ.കെ വിജയന്‍, പാലോട് രവി മുതല്‍ ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ വരെ സജീവമായി.
ബില്‍ ചര്‍ച്ച തീര്‍ന്നപ്പോള്‍ സഭയില്‍ പ്രത്യേക ചര്‍ച്ച വന്നു. ചട്ടം 49. പന്ത്രണ്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം നടന്ന ഈ അരമണിക്കൂര്‍ ചര്‍ച്ചയുടെ വിഷയം പെന്‍ഷന്‍ പരിഷ്കരണം. ഇരുപത്തെട്ടാം മിനിറ്റില്‍ ഇറങ്ങിപ്പോയി പ്രതിപക്ഷം രാവിലത്തെ കുറവുതീര്‍ത്തു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഉരുണ്ടുമറിഞ്ഞ കെ.എം മാണിക്ക് ഇറങ്ങിപ്പോക്ക് അനുഗ്രഹമായി. ചര്‍ച്ചാ ബഹളങ്ങള്‍ക്കിടെ സ്പീക്കറുടെ ഒരു ശ്രദ്ധേയ വിധി വന്നു. മദ്യ നിരോധ അധികാരം പഞ്ചായത്തുകള്‍ക്ക് കൊടുക്കാന്‍ ഹിത പരിശോധന നടത്തണമെന്ന് കെ.എന്‍.എ ഖാദര്‍ നിര്‍ദേശിച്ചപ്പോഴായിരുന്നു അത്: ‘അത്രക്ക് പോകണ്ട. ഹിത പരിശോധനക്ക് പോകാതിരിക്കലാണ് ആരോഗ്യത്തിന് നല്ലത്.’ പ്രസംഗിച്ച് വശംകെടുന്ന അംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കൂടി സ്പീക്കര്‍ക്ക് ദയവുണ്ടാകണം.


19...12...12

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...