Monday, February 25, 2013

നാക്കുകൊണ്ട് ഇരുട്ടുണ്ടാക്കുന്നവര്‍



മനുഷ്യ അവയവങ്ങളെല്ലാം രണ്ടെണ്ണം വീതമാണ് ശരീരത്തിലുള്ളതെന്ന ശാസ്ത്രീയ വിഞ്ജാനം പങ്കുവച്ചത് സ്വകാര്യ ബില്‍ അവതരിപ്പിച്ച ബെന്നി ബഹനാന്‍ ആയിരുന്നു. രണ്ട് കൈ, രണ്ട് കാല്‍, കണ്ണ്, ചെവി അങ്ങിനെ ഉദാഹരണങ്ങളും. നാവിന്‍െറ കാര്യം പ്രത്യേകം പറഞ്ഞില്ളെങ്കിലും പ്രസംഗം കേട്ടാലറിയാം, അത് രണ്ടില്‍ ഒതുങ്ങില്ളെന്ന്. അക്കാര്യത്തില്‍ ബെന്നി ഒറ്റക്കുമല്ല. അടിയന്തിര പ്രമേയം അനുമതി തേടിയ എ.കെ ബാലന്‍, അതിന് മറുപടി പറഞ്ഞ ആര്യാടന്‍ മുഹമ്മദ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരെല്ലാം കൂട്ടുണ്ട്. പവര്‍കട്ട് ആര്യാടന്‍െറ കെടുകാര്യസ്ഥതയാണെന്ന് ബാലന്‍ സമര്‍ഥിച്ചു. ബാലനേക്കാള്‍ മികച്ചതാണ് ഈ കെടുകാര്യസ്ഥതയെന്ന് ആര്യാടനും. രണ്ടുപേരും പറഞ്ഞുകഴിഞ്ഞപ്പോള്‍ കോടിയേരിയുടെ വക ഉപസംഹാരം: ‘കണക്കുകള്‍ കൊണ്ട് കസര്‍ത്തുകാട്ടി മനുഷ്യനെ ഇരുട്ടിലാക്കാന്‍ സമര്‍ഥനാണ് വൈദ്യുത മന്ത്രി.’ നാക്കുകൊണ്ട് ഇരുട്ടുണ്ടാക്കി അതുകൊണ്ട് ഓട്ടയടക്കുന്നതെങ്ങനെയെന്നാണ് ഈ ചര്‍ച്ചകളില്‍ വ്യക്തമായത്.
വൈദ്യുതി വില വര്‍ധനക്കെതിരെ ബാലന്‍ നടത്തിയ പ്രസംഗം സര്‍ക്കാറിന്‍െറ പരാജയപ്പെട്ട പവര്‍ മാനേജ്മെന്‍റിലേക്കാണ് വിരല്‍ ചൂണ്ടിയത്. എല്ലാത്തിനും തെളിവ് വൈദ്യുതി റഗുലേറ്ററി കമീഷന്‍െറ രേഖകള്‍ തന്നെ: ‘പ്രതിസന്ധിയുണ്ടാക്കിയത് ആസൂത്രണമില്ലായ്മയാണ്. ബോര്‍ഡ് ഈ അവസ്ഥ ഗൗരവമായി കണ്ടില്ല. ഇതിനേക്കാള്‍ കുറഞ്ഞ നീരൊഴുക്കായിരുന്ന വര്‍ഷങ്ങളില്‍പോലും പവര്‍കട്ടുണ്ടായിട്ടില്ല...’ ഇത്തരം വിമര്‍ശങ്ങള്‍ സംശയലേശമന്യേ നിരത്തിയപ്പോള്‍ ആര്യാടന്‍ രാജിവക്കേണ്ടി വരുമെന്ന് വരെ തോന്നിപ്പോയി. മറുപടി പറഞ്ഞ ആര്യാടനും പറയാനുണ്ടായിരുന്നത് കണക്കുകള്‍ തന്നെ. ആ കണക്കുകള്‍ കേട്ടപ്പോള്‍ ബാലന്‍ പറഞ്ഞതെല്ലാം പൊളിയായിരുന്നുവെന്ന സംശയമായി. എന്നിട്ടും ആര്യാടന്‍ അത് പറഞ്ഞില്ല. പകരം പറഞ്ഞതാകട്ടെ: ‘ബാലന്‍ മികച്ച മന്ത്രിയായിരുന്നു. ചിലതൊക്കെ ചെയ്തിട്ടുണ്ട്. പലതും പരാജയപ്പെട്ടെങ്കിലും നല്ല മന്ത്രി തന്നെയായിരുന്നു.’ തര്‍ക്കം തീര്‍ന്നിട്ടും അധികം വൈദ്യുതി വന്നില്ല. വിലയൊട്ട് കുറഞ്ഞുമില്ല. പവര്‍കട്ടില്‍ മാറ്റവുമില്ല. എന്നാലും മന്ത്രിക്ക് എല്ലാം പരിഹരിച്ച മട്ടും ഭാവവുമായിരുന്നു. ബാലനെ തോല്‍പിച്ചതില്‍ ബഹുസന്തോഷവും. അതാണ് നാക്കിന്‍െറ ഗുണം. ആ വൈഭവത്തില്‍ ഒട്ടും പിന്നിലല്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്  ഇറങ്ങിപ്പോകാനുമായി.
സ്വകാര്യ ബില്ലുകളുടെ കാര്യത്തില്‍ സഭയിത്തവണ സമൃദ്ധമാണ്. ചര്‍ച്ചകള്‍ക്ക് ശേഷം ചത്തുവീഴാനാണ് വിധിയെന്ന് ഉറപ്പുണ്ടെങ്കിലും അംഗങ്ങള്‍ ഇക്കാര്യത്തില്‍ വലിയ ആവേശത്തിലാണ്. ഇന്നലെ സഭയിലത്തെിയത് 14 എണ്ണം. മുന്‍ ബാക്കി മൂന്നും. ഇവക്ക് ആകെ കിട്ടിയതാകട്ടെ 30 മിനിട്ട്. സംസാര വൈദഗ്ദ്യവും വിഷയ വൈപുല്യവും കാരണം ശൂന്യവേള തീര്‍ന്നപ്പോള്‍ അത്രയേ ബാക്കിയുണ്ടായുള്ളൂ. എന്നിട്ടും ചര്‍ച്ചകള്‍ക്ക് കുറവുണ്ടായില്ല. അഞ്ചെണ്ണം പരിഗണിക്കുകയും ചെയ്തു. രണ്ടെണ്ണം വീതം പി. ശ്രീരാമകൃഷ്ണനും ബെന്നി ബഹനാനും. ഒന്ന് ഹൈബി ഈഡനും. ബില്ലുകളുടെ വിഷയ വൈവിധ്യം സ്പീക്കര്‍ ആഹ്ളാദ ചിത്തനായി: ‘രാഷ്ട്രീയം വിട്ട് അംഗങ്ങള്‍ ജനങ്ങളുടെ നിത്യ ജീവിത പ്രശ്നങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത് സന്തോഷകരമാണ്.’ അനര്‍ഹരായ ബി.പി.എല്ലുകാര്‍ക്കെതിരെ നടപടി നിര്‍ദേശിക്കുന്ന ഹൈബി ഈഡന്‍െറ ബില്ലിലെ നിര്‍ദേശങ്ങള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തില്‍ ഉള്‍പെടുത്താമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കാര്‍ത്തികേയന്‍െറ സന്തോഷം അവിടെയും തീര്‍ന്നില്ല: ‘വെള്ളിയാഴ്ചയായിട്ടും മികച്ച ഹാജര്‍ നില അവസാനം വരെയുണ്ടായി. അതിന് അംഗങ്ങളെ അഭിനന്ദിക്കുന്നു.’
അവയവദാന ലൈസന്‍സിംഗ് ബോര്‍ഡ് ബില്‍ മുന്നോട്ടുവച്ച ബെന്നി ബഹനാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെയും ഫാ. ഡേവിസ് ചിറമ്മേലിന്‍െറയും ത്യാഗ സന്നദ്ധതയെ പ്രകീര്‍ത്തിക്കുമ്പോഴാണ് പി.സി ജോര്‍ജിന് പ്രസക്തമായ നിര്‍ദേശം വച്ചത്: ‘അവരൊക്കെ വൃക്ക ദാനം ചെയ്തിട്ടാണ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. എം.എല്‍.എമാര്‍ക്കും സമ്മത പത്രം നല്‍കി മാതൃക കാട്ടിക്കൂടെ?’ ബെന്നിയുടെ വാചകമടി കേട്ടാല്‍ ആരും ചോദിച്ചുപോകുന്ന സാദാ ചോദ്യം. ശരീരത്തില്‍ തൊട്ടുള്ള വിപ്ളവത്തിനൊന്നും ബെന്നി ബഹനാനെ കിട്ടില്ല. അതിനാല്‍ ജോര്‍ജിന്‍െറ ചോദ്യം ആവിയായി. പകരം ഞ്ഞത് ‘ചീഫ് വിപ് തന്നെ മാതൃക കാട്ടണ’മെന്ന്. എല്ലാം കൊടുക്കാമെന്ന് പി.സി ജോര്‍ജും. കൊള്ളാവുന്ന ഏതവയവമുണ്ടെന്ന് പരിശോധിക്കണമെന്നായി ബെന്നി ബഹനാന്‍. ജോര്‍ജിന്‍െറ നാവ് കൊടുക്കാമെന്ന് അശിരീരിയുണ്ടായി. നിയമപ്രകാരം അതുപറ്റില്ളെന്ന് ബെന്നി ബഹനാന്‍ വെളിപ്പെടുത്തിയതോടെ ആ പ്രതീക്ഷയറ്റു. അല്ളെങ്കില്‍ ബെന്നിക്ക് തന്നെ നാലഞ്ചെണ്ണം ദാനം ചെയ്യാന്‍ കഴിഞ്ഞേനേ.
ഫിസിയോതെറാപ്പി കൗണ്‍സില്‍ രൂപവല്‍കരിക്കണമെന്ന പി. ശ്രീരാമകൃഷ്ണന്‍െറ ബില്ലിലും ചര്‍ച്ച പൊടിപൊടിച്ചു. പി.സി ജോര്‍ജ്, ജമീല പ്രകാശം, എന്‍. ജയരാജ്, എ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ക്ക് അവസരം കിട്ടി. സമയക്കുറവുകൊണ്ട് മാത്രമാണ് മഹാഭൂരിഭാഗവും എഴുന്നേല്‍ക്കാതിരുന്നത്. അല്ളെങ്കില്‍ ഓടിയും ചാടിയും തിരുമ്മിയും നടത്തുന്ന ചികില്‍സയില്‍ അഭിപ്രായം പറയാതിരിക്കാന്‍ അവര്‍ക്കാകുമോ?

(14...12...12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...