Monday, February 25, 2013

കെട്ടുതാലി വിപ്ളവം



കല്ല്യാണത്താലിയില്‍ പലതരം വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. കെട്ടിയാല്‍ അഴിക്കരുത്, കെട്ടുമ്പോള്‍ തിരിയരുത് തുടങ്ങി പലതരം വിശ്വാസങ്ങളാണ് താലിയുടെ പ്രത്യയശാസ്ത്രം. മതവും ജാതിയുമാണ് അടിത്തറ. എന്നാല്‍ കമ്യൂണിസ്റ്റ് വിശ്വാസപ്രകാരം അത് പിന്തിരിപ്പനും അന്ധ വിശ്വാസവുമാണ്. ആചാരമായി അനുവദിച്ചതാകട്ടെ രക്തഹാരവും. ഇത്രമേല്‍ മാക്സിസ്റ്റ് വിരുദ്ധമായ കെട്ടുതാലി കൊണ്ടും വിപ്ളവം സാക്ഷാല്‍കരിക്കും കേരള സഖാക്കള്‍. അതിനാല്‍ വിപ്ളവം വരുന്ന വഴികളില്‍ താലി ഒരു തടസ്സമാകാന്‍ പാടില്ല. വലതുകമ്യൂണിസ്റ്റുകളുടെ സഭാതലവനായ സി. ദിവാകരനാണെങ്കില്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കവുമല്ല. ലക്ഷ്യമാണല്ളോ പ്രധാനം. അങ്ങനെ തുടര്‍ച്ചയായ മൂന്നാം ദിവസവും സഭ സ്തംഭിച്ചു.
സൂര്യനെല്ലിയില്‍ നിന്ന് തിങ്കളാഴ്ച തുടങ്ങിയതാണ് നടുത്തളത്തിലെ ഇടതുവിപ്ളവം. ആദ്യം സൂര്യനെല്ലിയും കുര്യനും. ഇതിനൊപ്പം മഹിളാസമരം സമം ചേര്‍ത്ത് രണ്ടാം ദിവസം. ഇന്നലെയത് കെട്ടുതാലിയായി. തെരുവില്‍ സമരം നടത്തിയ ഇടത് വനിതകളുടെ മുന്‍നിരയില്‍ മലപോലെയുറച്ചുനിന്ന പോരാളിയാണ് ഇ.എസ് ബിജിമോള്‍. ആ ധീരതക്ക് മുന്നില്‍ പോലിസ് വാനൊഴികെ മറ്റെല്ലാം തോറ്റു. പിടിവലിയില്‍ പരിക്കേറ്റ ബിജിമോളുടെ സങ്കടം സഭ ബുധനാഴ്ച തന്നെ നേരില്‍ കേട്ടതാണ്. തള്ളിനിടെ താലി പോയതും. ആ മാല പെറുക്കിയെടുത്ത് പി.കെ ശ്രമീതി തിരിച്ചുകൊടുക്കുന്നത് ചിത്രങ്ങളില്‍ കാണുകയും ചെയ്തു. പക്ഷെ വിപ്ളവം വരുമ്പോള്‍ പഴങ്കഥകള്‍ക്ക് പ്രസക്തിയില്ലല്ളോ? അടിയന്തിര പ്രമേയത്തില്‍ സി. ദിവാകരനങ്ങ് തുടങ്ങി: ‘കെട്ടുതാലിയെന്നാല്‍ സ്ത്രീകള്‍ക്ക് ഏറ്റവും വൈകാരികമായ ഒന്നാണ്. നമ്മുടെ വീട്ടിലും അങ്ങനെയാണ്. ഇവിടെ ഒരു വനിതാ എം.എല്‍.എയുടെ താലി പോലിസ് പൊട്ടിച്ചിരിക്കുന്നു. ദല്‍ഹിയില്‍ നടന്നതിനേക്കാള്‍ വലിയ പീഢനം ഇതാണ്. നിയമസഭയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ താലി പൊട്ടിച്ച സംഭവമുണ്ടോ?’ ഉള്ളില്‍ കെട്ടിക്കിടക്കുന്ന വിശ്വാസത്തിന്‍െറ നൂലാമാലകള്‍ പൊട്ടിയ വേദനയില്‍ ദിവാകരന്‍ വികാരഭരിതനായി.
ആഭ്യന്തര മന്ത്രി പക്ഷെ ആ മാക്സിസ്റ്റ് വേദനയുള്‍കൊണ്ടു: ‘താലി എത്രയോ പവിത്രമാണ്. ആ മാല തിരിച്ചുകിട്ടിയിട്ടുണ്ട്. എന്നാലും ഈ പറഞ്ഞത് ഗൗരവപൂര്‍വം മുഖവിലക്കെടുക്കുന്നു.’ താലിയുടെ പവിത്രതയില്‍ അതീവ സൂക്ഷ്മാലുവായ കോടിയേരി ബാലകൃഷ്ണന് എന്നിട്ടും വേദന ബാക്കി: ‘മാല കിട്ടിയെന്നേ പറയുന്നുള്ളൂ. താലി കിട്ടിയോ?’ അപ്പോള്‍ തിരുവഞ്ചൂര്‍ സൈദ്ധാന്തികനായി: ‘മാല കിട്ടി. മാലയുടെ പ്രസക്തി തന്നെ താലി കിടക്കുന്നതിനാല്‍ ആണ്.’ സഖാക്കളുടെ കെട്ടുതാലി വിലാപം ദിവാകരന്‍ പാടിത്തീര്‍ത്തപ്പോള്‍ അതിഗുരുതരമായ എം.എല്‍.എ-സ്ത്രീ മര്‍ദനം കോമഡി ഷോയായി മാറി. നാല്‍പതുപേര്‍ വന്നുപോയിട്ടും ഒരു കൊച്ചുമാല പോലും തെളിവായി ഹാജരാക്കാനില്ലാത്ത പെണ്‍കുട്ടിയുടെ ദുരിത ജീവിതം ഈ വിലാപത്തില്‍ അപ്രധാനമായി.
എം.എല്‍.എ മര്‍ദനത്തില്‍ പക്ഷെ സര്‍ക്കാര്‍ രണ്ടടി മുന്നോട്ടെറിഞ്ഞ് പ്രതിപക്ഷത്തെ കുഴക്കി. ‘സഭാ രേഖ പരിശോധിച്ചു, ചിത്രങ്ങള്‍ നോക്കി, സി.ഡി കണ്ടു, പരാതി പലവട്ടം വായിച്ചു...ഒന്നിലും പ്രതികളുടെ പേരില്ല. ദൃശ്യങ്ങളില്‍ നിന്ന് അത് കാണുന്നുമില്ല. അതിനാല്‍ പെട്ടെന്ന് നടപടിയെടുക്കാനാകില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്താം.’ ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ചോദ്യോത്തരം തൊട്ടേ ഇളകി നിന്നിരുന്ന പ്രതിപക്ഷ നിരയെ നിശ്ശബ്ദമാക്കി. സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചുവന്നവര്‍ക്കിടയില്‍ നിരാശ പടര്‍ന്നു. ബസിനിടിക്കുന്ന ബിജിമോളുടെ ചിത്രവുമായി വന്ന ഭരണ പക്ഷക്കാര്‍ക്ക് അതാവേശം പകര്‍ന്നു. ഇടക്കിടെയുയര്‍ന്ന ബഹളത്തില്‍ അവര്‍ സ്വന്തം ഭാഗം കൃത്യതയോടെ നടപ്പാക്കി.
പിന്നെ പതിവുപോലെ പ്രതിപക്ഷ മുന്‍നിരയും മന്ത്രി-മുഖ്യമന്ത്രി സഖ്യവും തമ്മിലെ വാക്കുതര്‍ക്കമായി. പണ്ട് ഇടതുസര്‍ക്കാര്‍ കൈയടിച്ചുതകര്‍ത്തതില്‍ നിര്‍വ്യാജം ക്ഷമിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. എന്നാല്‍  വിഷ്ണുനാഥിനെയും അടൂര്‍ പ്രകാശിനെയുമൊക്കെ അടിച്ചുതകര്‍ത്തിട്ട് നടപടിയെടുക്കാത്തതില്‍ ക്ഷമിക്കാനാകില്ല. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമുണ്ട്. പക്ഷെ പെട്ടെന്ന് നടപടിയില്ല. മുഖ്യമന്ത്രിക്കാകട്ടെ ഒരേയൊരു പരാതിയേയുള്ളൂ: ‘ആക്രമിച്ചവരുടെ പേര് രണ്ട് എം.എല്‍.എമാരുടെ പരാതികളിലുമില്ല. പരിശോധിച്ച രേഖകളില്‍ ആരെയും കാണാനുമില്ല. അത് കൊണ്ടാണ് നടപടിയെടുക്കാത്തത്.’ കുര്യന്‍െറ പേരെഴുതിയ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത് മുഖ്യമന്ത്രി വായിക്കുന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി.
ജുഡീഷ്യല്‍ അന്വേഷണം വന്നതോടെ തണുത്തുപോയ പ്രതിപക്ഷ പ്രതിഷേധം വി.എസ് അച്യുതാനന്ദന്‍െറ ഇറങ്ങിപ്പോക്ക് പ്രഖ്യാപനത്തില്‍ കെട്ടടങ്ങുമെന്ന് തോന്നിച്ച അവസാന മിനിട്ടിലാണ് വി.എസ് സുനില്‍കുമാര്‍ മുദ്രാവാക്യവുമായി എഴുന്നേറ്റത്. പോലിസുകാരെ സസ്പെന്‍റ് ചെയ്തേ പറ്റൂവെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പിന്‍നിര സംഘടിച്ച് നേരെ നടുത്തളത്തിലേക്ക് നീങ്ങി. എം.എല്‍.എമാരെ കൈയേറ്റം ചെയ്യുന്ന ചിത്രങ്ങളടങ്ങിയ പത്രങ്ങളുമായി അവര്‍ സ്പീക്കര്‍ക്കരികിലേക്ക് നീങ്ങി. ഇതിലേറെ ശേഖരിച്ച ആഭ്യന്തര മന്ത്രിക്ക് കിട്ടാത്ത ചിത്രങ്ങള്‍ കാണാന്‍ സ്പീക്കറും താല്‍പര്യപ്പെട്ടില്ല. അതോടെ സഭയിലെ സ്ത്രീകള്‍ ക്ഷുഭിതരായി. കെ.കെ ലതിക, കെ.എസ് സലീഖ, ജമീല പ്രകാശം, അയിഷ പോറ്റി എന്നിവര്‍ സ്പീക്കറുടെ ഡയസില്‍ കയറി. ആവശ്യം ഒന്നേയുള്ളൂ: ‘നീതി തരൂ, നീതി തരൂ.’ പെണ്‍പട വളഞ്ഞ കസേരയില്‍ മുദ്രാവാക്യങ്ങള്‍ക്കിടയിലിരുന്ന് സ്പീക്കര്‍ അതി വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിച്ചുവിട്ടു. പിന്നെ, അതിനേക്കാള്‍ വേഗത്തില്‍ ഇരിപ്പിടം വിട്ട് പുറത്തേക്ക് പാഞ്ഞു. നീതി എന്ന് പേരിട്ട സ്വന്തം വീടായിരിക്കണം അപ്പോള്‍ സ്പീക്കറുടെ മനസ്സില്‍ തെളിഞ്ഞത്. വിപ്ളവ കാലത്തും അത്ര പ്രധാനമാണല്ളോ കെട്ടുതാലി?

7...02...13

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...