Monday, February 25, 2013

ചെന്താമരാക്ഷന്‍െറ (വീട്ടിലേക്കുള്ള) പാത



സഭ അവസാനിക്കുന്ന ദിവസം അംഗങ്ങള്‍ തികച്ചും മര്യാദക്കാരായിരിക്കും. പിറ്റേന്ന് പണിമുടക്കുണ്ടെങ്കില്‍ വിശേഷിച്ചും. അരമണിക്കൂറില്‍ കുറച്ച് ബില്ലില്‍ സംസാരിച്ച് ശീലമില്ലാത്ത വി. ചെന്താമരാക്ഷന്‍ പോലും അത്യന്തം അച്ചടക്കവും സമയനിഷ്ടയും പാലിക്കുന്നിടത്തോളമത്തെി, ആ മര്യാദ. ഈ മര്യാദക്കാരെല്ലാം ചേര്‍ന്ന് ഇന്നലെ നാല് ബില്‍ നിയമമാക്കി. 47 ഉപക്ഷേപം കേട്ടു. അടിയന്തിരവും ശ്രദ്ധക്ഷണിക്കലും പതിവുപോലെ. എന്നിട്ടും വൈകുന്നേരത്തെ ചായക്ക് മുമ്പ് അവര്‍ പിരിഞ്ഞു. വീട്ടിലേക്ക് പോകേണ്ട ദിവസം കാണിക്കുന്ന ഈ ഒൗചിത്യം എന്നുമുണ്ടായിരുന്നെങ്കിലെന്ന് സഭയിലെ മേശയും കസേരയും പോലും ആഹ്രഗിച്ചിട്ടുണ്ടാകും. അത്ര മാന്യം. മാതൃകാപരം.
അടിയന്തിര പ്രമേയത്തില്‍ ഇറങ്ങിപ്പോക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് രാവിലെ തന്നെ പ്രതിപക്ഷം സഹകരണം പ്രഖ്യാപിച്ചു. വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍കരണമായിരുന്നു വിഷയം. അങ്ങനെയൊരു പരിപാടി ഉണ്ടാകില്ളെന്ന് തീര്‍ത്തുപറഞ്ഞ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇടതുപക്ഷം വല്ലപ്പോഴും ഭരണത്തില്‍ വന്നാല്‍ അത് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുകകൂടി ചെയ്തു. ഈ ആത്മാര്‍ഥതയെ അംഗീകരിക്കാതിരിക്കാന്‍ വി.എസ് അച്യുതാനന്ദന് പോലും കഴിഞ്ഞില്ല. അതോടെ അജണ്ടകള്‍ വേഗം തീര്‍ക്കാമെന്ന ആശേവത്തിലായി സ്പീക്കര്‍. ഉപക്ഷേപങ്ങള്‍ അവതരിപ്പിക്കാതെ മന്ത്രിമാര്‍ അംഗങ്ങള്‍ക്ക് മറുപടി എത്തിച്ചാല്‍ മതിയെന്ന പി.സി ജോര്‍ജിന്‍െറ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചു. സ്പീക്കര്‍ സമ്മതവും കൊടുത്തു. ജോര്‍ജിനെക്കൊണ്ടും സഭക്ക് പ്രയോജനമുണ്ടാകുമെന്ന് തോന്നിയ ഘട്ടത്തില്‍ പി.സി വിഷ്ണുനാഥും വി.പി സജീന്ദ്രനും ഇടപെട്ടു. അതോടെ സ്പീക്കര്‍ പിന്‍വാങ്ങി. ഒരു നന്മ ചെയ്യാനുള്ള പി.സി ജോര്‍ജിന്‍െറ അത്യപൂര്‍വ ശ്രമം അങ്ങനെ പാഴായി.
അവസാന ദിവസത്തെ അധികഭാരം ഓര്‍മിപ്പിച്ച് ശൂന്യവേളയുടെ തുടക്കത്തില്‍ അഞ്ച് മിനിട്ട് സപീക്കര്‍ ഉദ്ബോധന പ്രസംഗം നടത്തി. തൊട്ടുടനെ മൈക്കെടുത്ത തോമസ് ഉണ്ണിയാടന്‍ ആറ് മിനിട്ട് പ്രസംഗിച്ച് ആ ഉദ്ബോധനം തത്ക്ഷണം തള്ളിക്കളഞ്ഞു. രണ്ടമനായ വി. ശിവന്‍കുട്ടി അതിലേറെ സമയമെടുത്തു. മറുപടി പറഞ്ഞ മന്ത്രി കെ.ബി ഗണേഷ്കുമാര്‍ പത്ത് മിനിട്ടും. ഇത് കണ്ട് ഡപ്യുട്ടി സ്പീക്കര്‍ നിരാശനായി: ‘ഇത്രയൊക്കെ പറഞ്ഞിട്ടും അംഗങ്ങള്‍ ഒരു ഒൗചിത്യവും കാണിക്കുന്നില്ല. അത് കൊണ്ട് ചെയര്‍ ഇനി നിയന്ത്രിക്കുന്നേയില്ല. ഇഷ്ടമുള്ളപോലെ പ്രസംഗിച്ചോളൂ. എത്ര സമയം വേണമെങ്കിലും ഇവിടെയിരിക്കാം.’ അതോടെ സഭക്ക് ഒരല്‍പം വകതിരിവുണ്ടായി. ചോദ്യം ചുരുക്കാനും മറുപടി കാര്യമാത്ര പ്രസക്തമാക്കാനും മിക്കവരും സഹകരിച്ചു. എന്നാലും എഴുതിയതെല്ലാം വായിച്ചേ അടങ്ങൂവെന്ന വാശിക്കാര്‍ പതിവുപോലെ സമയം കളയാന്‍ മല്‍സരിച്ചു.
ബില്‍ ചര്‍ച്ചയില്‍ അംഗങ്ങള്‍ അവിശ്വസിനീയമായ സംയമനമാണ് പ്രകടിപ്പിച്ചത്. ആദ്യ ബില്ലില്‍ വിയോജനം രേഖപ്പെടുത്തിയ വി. ചെന്താമരാരക്ഷന്‍ അഞ്ചാം മിനിട്ടില്‍ പ്രസംഗം നിറുത്തി. ചെന്താമരാക്ഷനില്‍ നിന്ന് ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ സ്പീക്കര്‍ വികാരഭരിതനായി: ‘കണ്‍ഗ്രാജുലേഷന്‍. ചെന്താമരാക്ഷന്‍െറ പാത എല്ലാവരും പിന്തുടരണം.’ ആ പാത വീട്ടിലേക്കുള്ള എളുപ്പ വഴിയാണെന്ന് അറിയാവുന്നവരായിരുന്നു പിന്നീട് വന്നവരും. മുല്ലക്കര രത്നാകരനും വി.എസ് സുനില്‍കുമാറും കെ. മുരളീധരനും അതേസമയ ക്രമം പാലിച്ചു. രണ്ടാം ബില്ലില്‍ ഇ.പി ജയരാജനും എസ്. ശര്‍മയും ജയിംസ് മാത്യുവും സംയമനം പാലിച്ചപ്പോള്‍ വി.ടി ബല്‍റാം ഒൗചിത്യക്കുറവിലെ ‘കോണ്‍ഗ്രസ് പാരമ്പര്യം’ നിലനിര്‍ത്തി. മറ്റ് ബില്ലുകളും തിരക്കിട്ട ചര്‍ച്ചകളാല്‍ സമ്പന്നമായി.
നയപ്രഖ്യാപനത്തോടെ തുടങ്ങിയ സമ്മേളനം പതിമൂന്നാം കേരള സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ദമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. 12 ദിവസത്തെ സെഷനില്‍ അഞ്ച് ദിവസം പൂര്‍ണമായി സ്തംഭിച്ചു. മൂന്ന് ദിവസം അംഗങ്ങള്‍ നടുത്തളലത്തിലിറങ്ങി. വനിതാ അംഗങ്ങള്‍ സത്യഗ്രഹമിരുന്നു. പകുതി ദിവസം മാത്രമാണ് നടപടികള്‍ പൂര്‍ത്തിയാക്കാനായത്. 10 വട്ടം ഇറങ്ങിപ്പോയി. ബഹളമില്ലാത്ത ദിവസം ഒന്നോ രണ്ടോ മാത്രം. 10 ബില്ലുകള്‍ സഭ നിയമമാക്കി. ഏറ്റവും സുപ്രധാനമായിരുന്ന വനിതാ സംരക്ഷണ ബില്‍ പൊതുചര്‍ച്ചക്ക് അയച്ചു. സഹകരണ ഭേദഗതി ബില്ല് അര്‍ധരാത്രി വരെ സഭ ചര്‍ച്ച ചെയ്തു. നദീതീരം സംരക്ഷണ ബില്ലിലും വിശദ ചര്‍ച്ചയുണ്ടായി. സാമാജികര്‍ക്ക് പുസ്തകം വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ അനുവദിക്കുന്ന ബില്‍ മാത്രം ഇരുചെവിയറിയാതെ കഭ കടന്നുപോയി.
സഭയെ സംഘര്‍ഷ ഭരിതമാക്കിയ സംഭവങ്ങളെല്ലാം സംഭാവന ചെയ്തത് ആഭ്യന്തര വകുപ്പ് തന്നെ. കഴിഞ്ഞ സമ്മേളനത്തില്‍ ടി.പി വധാന്വേഷണത്തിന്‍െറ പേരില്‍ സഭയില്‍ അംഗീകാരമേറ്റുവാങ്ങിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത്തവണ തുടര്‍ച്ചയായ അബദ്ധങ്ങളാല്‍ പ്രതിപക്ഷത്തിന് മുതല്‍കൂട്ടായി. സൂര്യനെല്ലിയും വനിതാ അംഗങ്ങളുടെ ആരോപണവും വയലാര്‍ രവിയുടെയും കെ. സുധാകരന്‍െറയും പ്രസംഗങ്ങളുമെല്ലാം വന്നുവീണത് തിരുവഞ്ചൂരിന്‍െറ നെഞ്ചില്‍. ഉരുണ്ടുമറിഞ്ഞും കുതര്‍ക്കങ്ങളുന്നയിച്ചും തിരുവഞ്ചൂര്‍ പലവഴികളിലൂടെ സന്ദര്‍ഭോചിതമായി തടിയൂരി. അവസാന ദിവസവും കണ്ടു ഈ വൈഭവം. കെ. സുധാകരന്‍െറ സൂര്യനെല്ലി പ്രസംഗത്തിനെതിരെ കെ.എസ് സലീഖ ഉന്നയിച്ച ഉപക്ഷേപത്തിന്‍െറ മറുപടിയിങ്ങനെ: ‘ഈ പ്രസംഗം സര്‍ക്കാര്‍ അംഗീകരിക്കുന്നേയില്ല. സ്ത്രീകളോടുള്ള മാന്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പാര്‍ട്ടി നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ പ്രസംഗം രാജ്യത്തിന് പുറത്തായതിനാല്‍ കേസെടുക്കാന്‍ കഴിയില്ല.’ ഇത്രയൊക്കെ കേട്ടിട്ടും പ്രതിപക്ഷം അനങ്ങിയില്ല. അല്ളെങ്കിലും വീട്ടില്‍ പോകുന്ന ദിവസം സൂര്യനെല്ലിക്കെന്ത് പ്രസക്തി! അതിനാല്‍ ഇപ്പോള്‍ സന്തോഷപൂര്‍വം പിരിയുന്നതും ഉടന്‍ ചേരുന്ന ബജറ്റ് അവതരണ സെഷനില്‍ ബാക്കി സമരം തുടരുന്നതുമായിരിക്കും.


19...02...13

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...