Monday, February 25, 2013

കൈവിട്ടുപോയ ആയുധങ്ങള്‍
വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ളെന്ന് അംഗങ്ങളെ ഓര്‍മപ്പിച്ച് കൊണ്ടാണ് സ്പീക്കര്‍ ഇന്നലെ ശൂന്യവേളക്ക് തുടക്കമിട്ടത്. കെട്ട വാക്കുകള്‍ക്ക് കുപ്രസിദ്ധനായ പി.സി ജോര്‍ജിനെ മാന്യത പഠിപ്പിക്കാനുള്ള ട്യൂഷന്‍ ക്ളാസായിരുന്നു സ്പീക്കറുടെ ഈ സാഹസം. ജോര്‍ജിന്‍െറ കാര്യത്തില്‍ വലിയ പ്രതീക്ഷയില്ളെങ്കിലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മികച്ച മാതൃകയാകുമെന്ന് സഭക്ക് ബോധ്യമായി. ഒരു വാക്കും വെറുതെ പോകരുതെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഉമ്മന്‍ചാണ്ടി എത്തിയിരുന്നത്. അടിയന്തിര പ്രമേയ വിഷയം സൂര്യനെല്ലിയായതിനാല്‍ പ്രതിപക്ഷ ചോദ്യങ്ങളോടെല്ലാം സ്പീക്കറുടെ ഉത്തരവ് പാലിക്കാന്‍ ഉമ്മന്‍ചാണ്ടി പ്രത്യേകം ശ്രദ്ധിച്ചു. പക്ഷെ ഉമ്മന്‍ചാണ്ടി മാന്യനാകും മുമ്പേ ആയുധം കൈവിട്ടുപോയിരുന്നു -കേന്ദ്രത്തിന്‍െറ ഓര്‍ഡിനന്‍സ്.
സ്ത്രീ സംരക്ഷണ ഓര്‍ഡിനന്‍സ് ഇത്ര വലിയ ചതിയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. അതിറങ്ങിയ ശേഷം ഒരു ദിവസം പോലും ഇവിടെ നിയമ സഭ നേരേ ചൊവ്വേ നടന്നിട്ടില്ല. കൈവിട്ട ആയുധമെന്ന് ജി. കാര്‍ത്തികേയന്‍ പറഞ്ഞത് ഇതേ പറ്റിയായിരുന്നോ എന്നേ ഇപ്പോള്‍ സംശയമുള്ളൂ. ഇതുവരെ പി.ജെ കുര്യനെ പിടിക്കാനായിരുന്നു പ്രതിപക്ഷം ഈ ആയുധം പ്രയോഗിച്ചിരുന്നതെങ്കില്‍ ഇന്നലെയത് ജസ്റ്റിസ് ആര്‍. ബസന്തിന് നേരെയായി. പെണ്‍കുട്ടിയെ പറ്റി ബസന്ത് പറഞ്ഞതെല്ലാം പുതിയ ഓര്‍ഡിനന്‍സിലെ 354 (എ) വകുപ്പിന് വിരുദ്ധമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കണ്ടത്തെി. എന്നിട്ട് മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ടു: ബസന്തിനെ കേരളത്തിന്‍െറ വക്കീല്‍ പാനലില്‍ നിന്ന് നീക്കുക, ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുക, കോടതിയലക്ഷ്യത്തിന് കേസെടുക്കുക. ഒരു വാക്കും വാ വിട്ടുപോകാതെ സൂക്ഷിച്ച ഉമ്മന്‍ചാണ്ടി ഈ മൂന്ന് കാര്യത്തിന് മാത്രം മറുപടി പറഞ്ഞില്ല. പകരം മറ്റു പലതും പറയാന്‍ മറന്നുമില്ല. ഇക്കാര്യത്തില്‍ മൗനം കൊണ്ട് ഇത്രയേറെ മാന്യത കാട്ടാന്‍ കുര്യനുപോലും കഴിയില്ല. മരിച്ചുപോയ ജസ്റ്റിസ് അബ്ദുല്‍ ഗഫൂറിനെയും ബസന്ത് വാദിച്ച ലോട്ടറി കേസിനെയും പരാമര്‍ശിച്ച് കെ.എം മാണിയും കുര്യനോടുള്ള കടപ്പാട് തെളിയിച്ചു.
പക്ഷെ കാര്യം പറയേണ്ടതെങ്ങനെയെന്ന് വി.എസ് അച്യൂതാനന്ദന്‍ തെളിച്ച് പറഞ്ഞു: ‘ബാല വേലക്ക് പോലും ഇവിടെ നിരോധമുണ്ട്. എന്നിരിക്കെ ബാല്യ വേശ്യാവൃത്തി നടക്കുന്നുവെന്ന് ബസന്തിന് എങ്ങനെ വിവരം കിട്ടി? അദ്ദേഹത്തിന്‍െറ വീട്ടില്‍ നിന്ന് ആരെങ്കിലും പങ്കെടുത്ത് വിവരം കൊടുത്തതാണോ?’ ഭരണപക്ഷത്തെ മാന്യന്മാരെല്ലാം ഉടന്‍ ബഹളമായി. പരാമര്‍ശം നീക്കണമെന്ന് സ്പീക്കറും. അപ്പോള്‍, പറഞ്ഞത് ഒന്നുകൂടി തറപ്പിച്ച് പറഞ്ഞു, വി.എസ്. അതോടെ എല്ലാവര്‍ക്കും കാര്യം മനസ്സിലായി.
പറയേണ്ടത് സ്പീക്കറോടായാലും പറയണമന്ന് വി.ഡി സതീശനുമറിയാം. ദിവസം നാല് വീതം ബില്ലുകളുമായി ഒരാഴ്ചത്തെ പരസ്പര സഹകരണ സഭാ പരിപാടിക്ക് തീരുമാനിച്ച് വന്ന ഇരുഭാഗത്തെയും കക്ഷി നേതാക്കളോടായിരുന്നു സതീശന്‍െറ രോഷവും പ്രതിഷേധവും. ബില്ലുകള്‍ ദോശയുടെ വേഗത്തില്‍ ചുട്ടെടുക്കാനാകില്ളെന്ന് സഹകരണ ബില്ലില്‍ ഇടപെട്ട സതീശന്‍ പ്രഖ്യാപിച്ചു:  ‘അതിനാല്‍ പറയാനുള്ളതെല്ലാം പറയും. ഒരു അംഗത്തിനുള്ള അവകാശം ഞാനെടുക്കും.’ ഒരുമണിക്കൂര്‍ നീണ്ടു ആ അവകാശം. കേള്‍ക്കാനും പ്രതികരിക്കാനും കെ. ശിവദാസന്‍ നായര്‍ മാത്രം. വകുപ്പ് മന്ത്രിക്കുപോലും അത്ര താല്‍പര്യം കണ്ടില്ല. നട്ടുച്ചക്ക് പ്രസംഗം മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്പീക്കര്‍ വിശ്രമ മുറിയിലേക്ക് മാറി. പണി ഏറ്റെന്ന് ബോധ്യമായ സതീശനും അതോടെ ഉപസംഹാരത്തിലത്തെി. വാ വിട്ട വാക്കും കൈവിട്ട തീരുമാനവുമാണെങ്കിലും ഇരുവരും തമ്മിലെ ഇരുപ്പുവശം വച്ച് അതവിടെ തീര്‍ന്നു. എന്നാലും സതീശന്‍െറ നിലപാട് സഭക്കൊരന്തസ്സായി.
നാല് ബില്ലുകളാണിന്നലെ മണിക്കൂറുകള്‍ക്കകം സഭ കടന്ന് പോയത്. അതിലൊന്ന് ഭരണ ഘടനാ ഭേദഗതിയുടെ തുടര്‍ച്ചയായി വന്ന സഹകരണ ബില്ലും. എല്ലാം ചുട്ടെടുക്കാന്‍ ഇരുപക്ഷത്തെയും നേതാക്കള്‍ നേരത്തേ ധാരണയിലത്തെിയിരുന്നു. അതിനാല്‍ എല്ലാവരും വളരെ മാന്യമായി സഹകരിച്ചു -ഒരു വാക്കും കൈ വിടാതെ, ഒരായുധവുമെടുക്കാതെ. ചട്ടവും വകുപ്പും തലനാരിഴ കീറിയില്ല. നിരാകരണവും വിയോജനവുമില്ല. എല്ലാം മുന്‍ ധാരണ പ്രകാരം നീങ്ങി. സഹകരണ ബില്ലില്‍ ജനാധിപത്യ കശാപ്പാണെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ നടപടികള്‍ കുറച്ചുകൂടി എളുപ്പമായി. ഇതിനൊപ്പം ഗീത ഗോപിയുടെ സങ്കട ഹരജിയുമുണ്ടായി. സമരത്തിലെ പോലിസ് പീഢനമായിരുന്നു വിഷയം. എം.എല്‍.എയായിട്ടും പ്രത്യേക പരിഗണന കിട്ടിയില്ളെന്നായിരുന്നു പരാതി. അടികൊണ്ട പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കില്ലാത്ത ‘പ്രിവിലേജാ’ണെങ്കിലും അതില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ജനാധിപത്യത്തിന് നാണക്കേടാണല്ളോ?
നാല് ബില്ലില്‍ ഒരെണ്ണം ഒട്ടും ചര്‍ച്ചയില്ലാതെയാണ് സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. അംഗങ്ങള്‍ക്ക് പുസ്തകം വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ അനുവദിക്കാനായിരുന്നു ഭേദഗതി ബില്‍. സ്വന്തം കാര്യമായതിനാല്‍ മറ്റ് മൂന്ന് ബില്ലില്‍ കാട്ടിയതിന്‍െറ നാലിരട്ടി മാന്യത അംഗങ്ങള്‍ പ്രകടിപ്പിച്ചു. പരിചയക്കാരുടെ കടയില്‍ നിന്നുള്ള ബില്‍ മാത്രം ഹാജരാക്കരുതെന്ന് സ്പീക്കര്‍ പ്രത്യേകം ഓര്‍മിപ്പിച്ചിട്ടുണ്ട്. പറഞ്ഞതിന്‍െറ അര്‍ഥം മനസിലായില്ളേ എന്ന് ആവര്‍ത്തിച്ചുറപ്പാക്കുകയും ചെയ്തു. വകമാറ്റാന്‍ വകുപ്പില്ലാത്തതിനാല്‍ അംഗങ്ങള്‍ പുസ്തകം വാങ്ങാനാണ് കൂടുതല്‍ സാധ്യത. കൈ വിട്ടുപോയ ആയുധമാണോ ഈ ഭേദഗതിയെന്ന് കാത്തിരുന്ന് കാണാം. എന്നാലും വാങ്ങിയ പുസ്തകം വായിക്കാന്‍ വാര്‍ഷിക അലവന്‍സ് പ്രഖ്യാപിക്കേണ്ട ഗതികേട് വരാതിരുന്നാല്‍ മതിയായിരുന്നു.


11...02...13

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...