Monday, February 25, 2013

ഒറ്റയാള്‍ വിപ്ളവം -അകത്തും പുറത്തുംവി.എസ് അച്യുതാനന്ദന്‍െറ വാര്‍ധക്യം പാര്‍ട്ടിക്ക് ബാധ്യതായായി മാറിയിട്ട് ഏറെക്കാലമായി. എങ്ങനെയെങ്കിലും ഈ ബാധയൊഴിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ക്കുമുണ്ട് അത്രതന്നെ പഴക്കം. പക്ഷെ ഈ വാര്‍ധക്യം പാര്‍ലമെന്‍ററി പോരാട്ടത്തില്‍ മുതല്‍ കൂട്ടാണെന്ന് പര്‍ട്ടി സഖാക്കള്‍ക്കിന്നലെ ബോധ്യമായിരിക്കണം. സഭയില്‍ പ്രതിപക്ഷത്തെ ഒറ്റക്ക് നയിച്ച് വിജയത്തിലത്തെിച്ചു വി.എസ്. പ്രതിപക്ഷത്തെ പ്രമുഖരുടെ ഒത്തുതീര്‍പ്പുകളില്‍ കുരുങ്ങി തോറ്റ് മടങ്ങുക പതിവാക്കിയ പ്രതിപക്ഷത്തിന് ഈ നേട്ടം വീറും വാശിയും പകര്‍ന്നിട്ടുണ്ട്. അതിന്‍െറ ബാക്കി ഇന്ന് സഭയില്‍ കാണും.
കുടിവെള്ളം സ്വകാര്യവല്‍കരണത്തില്‍ ഇറങ്ങിപ്പോയ പ്രതിപക്ഷം തിരിച്ചുവന്നതിന് പിന്നാലെ വി.എസ് അച്യുതാനന്ദന്‍ സഭയിലത്തെിയപ്പോള്‍ തന്നെ അപകടം മണത്തിരുന്നു. ഉപക്ഷേപത്തിനിടയിലാണ് വി.എസ് വനിതാ എം.എല്‍.എ മര്‍ദനവുമായി എഴുന്നേറ്റത്. വയലാര്‍ രവി വഴി അത് വേണ്ടിടത്തത്തെി. എന്നാല്‍ നാലുവട്ടം ചര്‍ച്ച ചെയ്തതിന്‍െറ വേദനയിലായിരുന്നു ആഭ്യന്തര മന്ത്രി. പോലിസിനെതിരെ നടപടിയെടുക്കാത്തതില്‍ ഒട്ടും മനപ്രയാസമില്ളെന്ന് മറുപടിയില്‍ തെളിയുകയും ചെയ്തു. സംഭവ ദിവസം ശേഖരിച്ച ചിത്രങ്ങളായിരുന്നു ഇതുവരെ തിരുവഞ്ചുരിന്‍െറ ആയുധം. ബദല്‍ ചിത്രങ്ങള്‍ പ്രതിപക്ഷവും ശേഖരിച്ചതോടെ ഇപ്പോള്‍ ആ പാട്ട് തിരുവഞ്ചൂര്‍ അവസാനിപ്പിച്ചു. പകരം രണ്ട് ന്യായമാണിപ്പോള്‍ കൈയ്യിലുള്ളത്. ജുഡീഷ്യല്‍ അന്വേഷണം, അത് വേണ്ടെങ്കില്‍ എ.ഡി.ജി.പി റിപ്പോര്‍ട്ട് -ഇതാണ് ന്യായം. ഇതു രണ്ടിലും പൊതുവയുള്ളത് ഒറ്റ കാര്യമാണ്: പോലിസുകാരെ തല്‍ക്കാലം രക്ഷിക്കാം. അത് വേണ്ടെന്ന് പ്രഖ്യാപിച്ച വി.എസിനോട് കയര്‍ത്തും ക്ഷുഭിതനായും തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും സമയം കളഞ്ഞെങ്കിലും ഒടുവില്‍ വി.എസ് പ്രഖ്യാപിച്ചു: സര്‍ക്കാര്‍ നയം ഇതാണെങ്കില്‍ രണ്ട് വിനതകള്‍ നടുത്തളത്തിലിരിക്കും. അവരിരുന്നു.
വനിതകള്‍ ഇരുന്നപ്പോള്‍ അകത്ത് സമരം നിരോധിച്ച പഴയ ഉത്തരവ് സ്പീക്കര്‍ വായിച്ചു. വായന തുടങ്ങും മുമ്പ് വി.എസ് വെടി പൊട്ടിച്ചു: ‘അത് വായിച്ച് ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഉദ്ദേശമെങ്കില്‍ ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കുമെതിരെയും നടപടി എടുക്കേണ്ടി വരും.’ സ്പീക്കര്‍ അത് വായനയിലൊതുക്കി. ബഹളത്തിനിടയില്‍ സി. ദിവാകരന്‍ പലവട്ടം ചാടിയെഴുന്നേറ്റു. ക്ഷുഭിതനായ സ്പീക്കര്‍ ‘ചിലര്‍ക്ക് മാത്രമായി സഭ നടത്താനാകില്ളെന്ന്’ കയര്‍ത്തു. ‘സി. ദിവാകരന് പ്രത്യേക പരിഗണനയില്ളെന്ന്’ റൂള്‍ ചെയ്തു. എന്നിട്ടും ബഹളത്തിന് കുറവില്ല.
ഇതിനിടെ സഭാ നടപടികള്‍ മുടക്കമില്ലാതെ തുടര്‍ന്നു. ആര്‍. രാജേഷും എ.പി അബ്ദുല്ലക്കുട്ടിയും ഉപക്ഷേപങ്ങള്‍ തുടര്‍ന്നു. കിട്ടിയ സമയത്ത് അബളദുല്ലക്കുട്ടി കണ്ണൂരിലെ സി.പി.എം അക്രമത്തിലേക്ക് സഭയുടെ ശ്രദ്ധ തിരിച്ചു: ‘ടി.പി വധത്തിന് ശേഷം ശാന്തമായ കണ്ണൂരില്‍ ഇപ്പോള്‍ സി.പി.എം കൊലയല്ല, കൊല്ലാക്കൊലയാണ് നടത്തുന്നത്. തെളിവ് പഴയ കോളജ് യൂണിയന്‍െറയും എസ്.എഫ്.ഐയുടെയും നേതാവിനെതിരായ അക്രമം.’ അബ്ദുല്ലക്കുട്ടിയോടുള്ള അമര്‍ഷം ചെറുകൂവലിലൊതുങ്ങി. ബില്‍ പിന്‍വലിക്കുന്നതിപ്പെറ്റി നെടുങ്കന്‍ ചട്ടപ്പടി ചര്‍ച്ചയും അരങ്ങേറി. പ്രശ്നമുന്നയിച്ചത് എ.കെ ബാലന്‍. മറുപടിയുമായി കെ.എംമാണി മുതല്‍ കെ. ശിവദാസന്‍ നായര്‍ വരെ. അതോടെ ബാലന് വയറ് നിറഞ്ഞു. സ്പീക്കറുടെ റൂളിംഗിന് കാക്കാതെ ബാലന്‍ സ്ഥലം വിട്ടു. ചട്ടത്തില്‍ മുറുക്കിയ ചര്‍ച്ചകള്‍കൊണ്ട് അതാണ് ഗുണം, വെറുതെ സമയം കളയാം.
ഇതിനിടെ രംഗം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടി കുറ്റം ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കാനാകില്ളെന്ന് നീതിമാനായി. പിന്നെ ദയാലുവും: ‘ഈ വനിതകള്‍ ഇങ്ങിനെ ഇരിക്കുമ്പോള്‍ സഭ നടത്തുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. പ്രതിപക്ഷ നേതാവിന് വിഷമമില്ളെങ്കിലും. അതിനാല്‍ ചര്‍ച്ച ഒഴിവാക്കി ബില്‍ പാസാക്കണം.’ ഈ ഏറ് വി.എസ് നേരത്തേ കണ്ടിരുന്നതിനാല്‍ മുന്‍കൂര്‍ മറുപടിയും കൊടുത്തിരുന്നു: ‘ഇവരെ താഴെയിരുത്തി ഞങ്ങള്‍ ഇങ്ങനെ ഇരിക്കുമെന്ന് കരുതണ്ട.’ വി.എസിന്‍െറ ഈ ആവേശം സഭക്ക് പുറത്തും തെളിഞ്ഞുകണ്ടു. വാര്‍ത്താ സമ്മേളനത്തിനത്തെിയ വി.എസ് ഭരണ പക്ഷത്തെയും പാര്‍ട്ടിയിലെ ഒൗദ്യോഗിക പക്ഷത്തെയും ഒരുപോലെ വെല്ലുവിളിച്ചു: ‘സഭയില്‍ സമരം രൂക്ഷമാകും. നാളെ കാണാം.’ പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യത്തെ പറ്റിയും അതേമറുപടി:  ‘ഉത്തരമുണ്ട്. നാളെ പറയാം.’ അതിനാല്‍ ഒറ്റയാന്‍ വിപ്ളവം ഇന്നും തുടരും, സഭക്കകത്തും പുറത്തും.
സഭയിലെ പുതുമുഖങ്ങളിലൊരാളാണ് ഗീത ഗോപി. ഈ സഭ വന്നിട്ട് വര്‍ഷം രണ്ട് പിന്നിട്ടെങ്കിലും കന്നിയങ്കത്തിന്‍െറ അമ്പരപ്പും കൗതുകവും ഇനിയും വിട്ടുമാറിയിട്ടില്ല. അതിനാല്‍ തന്നെ സഭാ നടപടികള്‍ കണ്ടും കേട്ടും സീറ്റിലിരിക്കുന്ന പതിവും ഗീതക്കില്ല. വലത് വാതിലിലൂടെ സഭയില്‍ വന്ന് അല്‍പ നേരം സീറ്റിലിരുന്ന്, ഇടത്തേ വാതിലിലൂടെ പുറത്തേക്ക് പോകുകയാണ് ഇതുവരെ കാണപ്പട്ട പാര്‍ലമെന്‍ററി ജീവിതം. ഈ നടപ്പ് ഓരോ അര മണിക്കൂറിലും മുറതെറ്റാതെ ആവര്‍ത്തിക്കും. ദാ വന്നൂ..ദേ പോയി എന്ന മട്ടില്‍. ഇങ്ങനെ ഓടി നടക്കുന്ന ഗീത ഗോപിയാണ് ഇന്നലെ ഒരു മണിക്കൂര്‍ സഭയില്‍ കുത്തിയിരുന്നത്. അതും വെറും നിലത്ത്. സമരം ഗീത ഗോപിക്ക് ഇരിക്കാന്‍ പഠിക്കാനുള്ള മികച്ച സ്റ്റഡീ ക്ളാസായി മാറി. സഭ നേരത്തേ പിരിഞ്ഞതിന്‍െറ നഷ്ടം, ഈ നേട്ടം പരിഹരിക്കും. അതാകും സപീക്കര്‍ക്കുള്ള ഏക ആശ്വാസം.

12....02....13

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...