Monday, February 25, 2013

രാപകല്‍ ഭേദമില്ലാത്ത പകര്‍ന്നാട്ടങ്ങള്‍



പാര്‍വതിയായും രാവണനായും വേഷം മാറി അരങ്ങിലത്തെുന്നവര്‍ കഥകളിക്കാരില്‍ സാധാരണമാണ്. അതുപോലൊരു പകര്‍ന്നാട്ടക്കാരനെ സഭയില്‍ കണ്ടതിന്‍െറ സന്തോഷത്തിലായിരുന്നു പി. ശ്രീരാമകൃഷ്ണന്‍. രണ്ടാഴ്ചയായി സഭക്കകത്തും പുറത്തും സൂര്യനെല്ലി കേസില്‍ കുരുങ്ങിക്കിടക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ടപ്പോഴാണ് പകര്‍ന്നാട്ടക്കാരന്‍ കണ്‍മുന്നില്‍ വന്നത്. രാത്രി പത്ത് മണിയോളം തുടര്‍ന്ന സഭ കണ്ടിരുന്നവര്‍ പക്ഷെ, ഇതിലേറെ വലിയ പകര്‍ന്നാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പലതരം വിവാദങ്ങളാല്‍ തുടര്‍ച്ചയായി അലങ്കോലപ്പെട്ട സഭയില്‍ നടപടികള്‍ പൂര്‍ണമായി നടന്നപ്പോള്‍ അത് സംഭവബഹുലവുമായി.
ഹാംലറ്റും കഥകളിയും കൂട്ടുപിടിച്ച് കടുത്ത ഭാഷയില്‍ ആക്ഷേപമുന്നയിച്ച ശ്രീരാമകൃഷ്ണനോട് മറുപടി പറഞ്ഞ തിരുവഞ്ചൂര്‍ തന്നെയാണ് അതി വിനയത്തിലേക്ക് വേഷം മാറി സഭയെ ആദ്യം ഞെട്ടിച്ചത്: ‘എന്‍െറ സഹോദരന്‍ വ്യക്തിപരമായി പറഞ്ഞതിന് ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെ.’ കുര്യനെ രക്ഷിക്കാന്‍ ഉദ്ദരിച്ച സി.ആര്‍.പി.സിയിലെ വകുപ്പുകൊണ്ട് വി.എസ് സുനില്‍ കുമാര്‍ തിരിച്ചടിച്ചപ്പോഴും മന്ത്രിയില്‍ കണ്ടു, ഇതേ വിനയം: ‘സുനില്‍ എന്‍െറ അടുത്ത സുഹൃത്താണ്. ഞാന്‍ തര്‍ക്കിക്കാനില്ല. ചോദ്യം ചോദിക്കാന്‍ അവസരം കൊടുത്തത് പാപമാണോ?’ സ്ത്രീ സംരക്ഷണ നിയമത്തില്‍ പെണ്‍കുട്ടി എന്നതിനെ വ്യക്തിയായി വ്യാഖ്യാനിക്കാവുന്ന വിധം ‘ഇര’ എന്നാക്കി മാറ്റിയതായി തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചപ്പോള്‍ സാജുപോളിന് സംശയം: ‘അപ്പോള്‍ പെണ്‍കുട്ടി കുര്യനെ ബലാല്‍സംഘം ചെയ്യുകയായിരുന്നോ?’ ഇത് കേട്ടപ്പോഴുമുണ്ടായി വേഷപ്പകര്‍ച്ച: ‘സാജു എന്താണ് എന്ന് നാട്ടുകാര്‍ അറിഞ്ഞോട്ടെയെന്ന് കരുതി  പറയാന്‍ അവസരം കൊടുത്തതാണ്.’ തരംപോലെ മാറിമറിയുന്ന ന്യാവാദങ്ങള്‍ക്കൊപ്പം കൈപ്പത്തിയും ചൂണ്ടിവിരലും ദോശ ചുടുംപോലെ തിരിച്ചും മറിച്ചുമിട്ട് കുതര്‍ക്കങ്ങളുന്നയിക്കുന്ന തിരുവഞ്ചൂരിനെ കാണുന്നവര്‍ നന്നേ ചുരുങ്ങിയത് കാഫ്കയുടെ ‘മെറ്റമോര്‍ഫൊസിസ്’ എങ്കിലും ഓര്‍ത്തുപോകും. ഇത്തിരി മാന്യനായതിനാലാകണം, ശ്രീരാമകൃഷ്ണന്‍ അത്രക്കങ്ങത്തെിയില്ല.
ചൊവ്വാഴ്ചയിലെ സമരത്തുടര്‍ച്ച പ്രതീക്ഷിച്ചുവന്നവരെ നിരാശപ്പെടുത്തി  പ്രതിപക്ഷവും പൊടുന്നനെ വേഷം മാറി. അകത്തില്ല സമരം, വനിതകള്‍ പുറത്തിരിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സമരച്ചൂടൊഴിഞ്ഞിരുന്നു. വനിതാ അംഗങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ എ.ഡി.ജി.പി റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കാമെന്ന് തിരുവഞ്ചൂര്‍ പ്രാ്യാപിച്ചതോടെ പിണാമ സാധ്യതകള്‍ ഇരുഭാഗത്തുമുണ്ടെന്ന് വ്യക്തമായി. ഈ റിപ്പോര്‍ട്ട് കൈയ്യില്‍ വച്ചാണ് പലവട്ടം സഭയെ നടുത്തളത്തില്‍ തളച്ചിട്ടത്. ഇത് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ എത്രയോ നേരത്തേ  പ്രശ്നം തീര്‍ക്കാമായിരുന്നു. ശാസ്ത്രപ്രകാരം പരിണാമത്തില്‍ സമയവും കാലവും സുപ്രധാനമാണല്ളോ? അതിനാല്‍ ഇതുവരെ റിപ്പോര്‍ട്ടില്‍ കാണാതിരുന്ന പ്രതികളെയും ഇനി കണ്ടത്തൊനാകും.
നദീതീര സംരക്ഷണ-മണല്‍ വാരല്‍ നിയന്ത്രണ ഭേദഗതി ബില്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് സഭാംഗങ്ങളില്‍ അതി വ്യാപകമായി അത്യന്തം ഗൗരവരതരമായും സംഭവിച്ച വേഷപ്പകര്‍ച്ച പ്രത്യക്ഷപ്പെട്ടത്. അനധികൃത ക്വാറികള്‍ക്കെതിരെ ഉപക്ഷേപം അവതരിപ്പിച്ച കടുംപച്ച വാദിയായ ടി.എന്‍ പ്രതാപന്‍ രാവിലത്തെന്നെ പരിസ്ഥിതി ചര്‍ച്ചക്ക് വഴി തുറന്നിരുന്നു. ക്വാറി ഇടപാട് തടയുമെന്ന് പറയാതിരുന്ന മന്ത്രി അടൂര്‍ പ്രകാശ് പണം തട്ടാന്‍ കേസ് നടത്തുന്ന പരിസ്ഥിതി വാദികളുടെ പേരില്‍ കാടടച്ച്  ആക്ഷേപമുന്നയിച്ചപ്പോള്‍ തന്നെ വി.ഡി സതീശനും സംഘവും ചാടി വീണ് തടഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ബില്‍ വന്നത്. ഭേദഗതിക്കെതിരെ സംസാരിച്ച മാക്സിസ്റ്റുകാരനായ ഇ.കെ വിജയന്‍, മതങ്ങളുടെ പരിസ്ഥിതി നയത്തില്‍ വാചാലനായി. രാഷ്ട്രീയക്കാര്‍ക്ക് അത് ഇപ്പോഴാണത്രെ മനസ്സിലായത്.
ചര്‍ച്ചയില്‍ പിന്നെ ഇടപെടലുകാരുടെ വാക്കെടുത്താട്ടമായിരുന്നു. പി. തിലോത്തമന്‍, കെ.കെ ലതിക, കെ.വി അബ്ദുല്‍ ഖാദര്‍, പാലോട് രവി, ഡൊമിനിക് പ്രസന്‍േറഷന്‍, എം. ചന്ദ്രന്‍, കെ.ശിവദാസന്‍ നായര്‍, വി.ടി ബല്‍റാം, ബാബു പാലിശ്ശേരി, പി.ടി.എ റഹീം, ജി.എസ് ജയലാല്‍ തുടങ്ങി പി.സി ജോര്‍ജ് വരെ പ്രകൃതി സംരക്ഷണത്തിനായി രംഗത്തിറങ്ങി. എല്ലാവരിലും അടങ്ങാത്ത പരിസ്ഥിതി പ്രണയം അണപൊട്ടിയൊഴുകി. ഇതിനിടെ ആരാണ് ആദ്യത്തെ പരിസ്ഥിതി വാദിയെന്ന തര്‍ക്കമുണ്ടായി. ടി.എന്‍ പ്രതാപന് മുസ്ലിം ലീഗ് വരെയുള്ള ചരിത്രമേ ഓര്‍മയിലുള്ളൂ. വി.ഡി സതീശന്‍ മഹാത്മാഗാന്ധി മുതല്‍ രാജീവ് ഗാന്ധി വരെയുള്ളവരുടെ പാരമ്പര്യം ഓര്‍മിപ്പിച്ചു. എം. ചന്ദ്രന്‍ ഏംഗല്‍സില്‍ തട്ടി നിന്നു. ഡൊമിനിക് വോള്‍ഗ നദിക്കയിലും. ജി. സുധാകരന്‍ അത് വാല്‍മീകിയും. പ്രകൃതിയെ രക്ഷിച്ചേ അടങ്ങൂവെന്ന് വാശിപിടിച്ച് കളത്തിലിറങ്ങിയവരുടെ കൂട്ടത്തില്‍ കെ.എം ഷാജിയെ കണ്ടപ്പോഴാണ് പകര്‍ന്നാട്ടത്തിന്‍െറ ആഴം വെളിവായത്. ഇതൊക്കെ കണ്ട് സഹികെട്ട കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഒടുവില്‍ ഇ.കെ വിജയനോട് ചോദിച്ചു: ‘മണല്‍ മാഫിയയെ രക്ഷിക്കാന്‍ പോലിസ് സ്റ്റേഷനില്‍ പോയ എം.എല്‍.എയെക്കുറിച്ച് കേട്ടിട്ടുണ്ടോ?  ഹരിതക്കുപ്പായമിട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു.’
സഭയിലെ ഏറ്റവും ശാന്തനായ അംഗമാണ് എം. ഹംസ. പക്ഷെ അഡ്വക്കേറ്റ്സ് ക്ളര്‍ക്ക് ക്ഷേമനിധി ബില്‍ ചര്‍ച്ചയില്‍ ഹംസ ബില്‍ കൊണ്ടുവന്ന മന്ത്രി കെ.എം മാണിയുടെ കഴുത്തിന് പിടിച്ചു. സഭാ ജീവിതത്തില്‍ അരനൂറ്റാണ്ടിന്‍െറ അനുഭവ സമൃദ്ധിയുള്ള മാണി സാര്‍ അതിലൊന്ന് പിടഞ്ഞു. ധനകാര്യ മെമ്മോറാണ്ടത്തില്‍ പറയുന്നതിന് വിരുദ്ധമായി ബില്ലിലെ വകുപ്പില്‍ പറയുന്നുണ്ടെന്നായിരുന്നു ഹംസയുടെ വെടി. വീഴചയില്ളെന്ന് വാദിച്ച മാണി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞില്ളേ എന്നുപറഞ്ഞ് രണ്ടുവട്ടം ഉരുണ്ടെങ്കിലും തലയൂരാനായില്ല. ഒടുവില്‍ ഡപ്യുട്ടി സ്പീക്കറുടെ റൂളിംഗ് വന്നു: മന്ത്രി പറഞ്ഞത് പരിഗണിച്ച് ബില്‍ അവതരിപ്പിക്കാം. ആക്ഷേപം സംബന്ധിച്ച് പരിശോധിക്കും.’
സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് മൈക്കിന് മുന്നിലത്തെിയ ജി. സുധാകരന്‍ സഹകരണ ബില്ലിനെതിരെ അഴിഞ്ഞാടി. മുന്നില്‍ വന്നവരെല്ലാം തലകുത്തി വീണു. ഷേകസ്പിയറായും ചങ്ങമ്പുഴയായും വൈലോപ്പിള്ളിയായും കുമാരനാശാനായും സുധാകരന്‍ പകര്‍ന്നാടി: ‘സഹരകണ മേഖലയെ സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലെ പിച്ചിച്ചീന്തി. ഗ്രാമീണരുടെ ഗുരുവായൂരപ്പനാണ് സഹകരണ മേഖല. അത് കണികണ്ടുണുന്നവരാണ് മലയാളികള്‍. ഇയാഗോ പറഞ്ഞ പോലെ ‘ഞാന്‍ ഞാനല്ല’ എന്ന് മന്ത്രി പറയരുത്.’  നാല് ബില്‍ പരിഗണിച്ച സഭാ നടപടികള്‍ രാത്രി പത്ത് മണിയോടടുത്തിട്ടും ചര്‍ച്ചക്ക് ഒട്ടും കുറവുണ്ടായില്ല. സഭ പൂര്‍ണമായി നടന്നത് ഏതായാലും നന്നായി. ഞങ്ങളൊന്നും ഞങ്ങളല്ളേ എന്ന മട്ടിലുള്ള പകര്‍ന്നാട്ടങ്ങള്‍ കാണാന്‍ മറ്റൊരവസരം കിട്ടിയില്ളെങ്കിലോ?


13...02...13

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...