Monday, February 25, 2013

സ്ത്രീകളേ, നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും



ഒരു ബില്‍ എങ്ങനെ അവതരിപ്പിക്കരുതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബില്‍ ചര്‍ച്ചയിലെങ്ങനെ പങ്കെടുക്കണമെന്ന് അംഗങ്ങളും മാതൃകാപരമായി തെളിയിച്ചാണ് സ്ത്രീ സംരക്ഷണ ബില്‍ സഭ കടന്നുപോയത്. പരസ്പരം പറയാമായിരുന്ന പെണ്‍ കഥകളെല്ലാം മാറ്റിവച്ച് ഇരുവിഭാഗവും ഗൗരവക്കാരായി. സ്ത്രീ സമൂഹത്തെയാകമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തരിച്ച അംഗങ്ങളുടെ ആത്മാര്‍ഥത കണ്ട് സഭാതലം കുളിരണിഞ്ഞു. ശ്ളീലാശ്ളീലങ്ങള്‍ക്കിടയിലെ നിയന്ത്രണ രേഖയും പീഢനങ്ങളുടെ വൈവിധ്യവും പലരെയും ആശയക്കുഴപ്പത്തിലാഴ്ത്തി. പുരുഷാധിപത്യത്തിനെതിരെ വനിതാ അംഗങ്ങള്‍ യുദ്ധ മുഖം തുറന്നു. ഈ സ്ത്രീകളെയെല്ലാം ഞങ്ങള്‍ സംരക്ഷിച്ചുകളയും എന്ന ഭാവത്തില്‍ ആണുങ്ങളും. മഹാഭൂരിഭാഗം പേരും പങ്കെടുത്ത മൂന്ന് മണിക്കൂര്‍ ചര്‍ച്ചക്കൊടുവില്‍ ബില്‍ തല്‍ക്കാലം നിയമമാക്കില്ളെന്ന് തീരുമാനിച്ചാണ് സഭ പിരിഞ്ഞത്.
സ്ത്രീ സംരക്ഷണ കാര്യത്തില്‍ കേരളത്തിലെ ചാമ്പ്യനായ വി.എസ് അച്യുതാനന്ദനായിരുന്നു ഉച്ചവരെ സഭയുടെ വിഷയം. പ്രതിപക്ഷ നേതാവിനെ പാര്‍ട്ടിക്കാര്‍ പീഢിപ്പിക്കുന്നതില്‍ അതീവ ദു$ഖിതനായ ബെന്നിബഹനാന്‍ ‘പോടാ പുല്ളേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോരണ’മെന്ന് വി.എസിനെ ഉപദേശിച്ചു. അത് പി.സി ജോര്‍ജ് അനുവദിക്കില്ല. മക്കള്‍ രാഷ്ട്രീയത്തിന്‍െറ ചില കേടുകള്‍ വി.എസിനുണ്ടെങ്കിലും ഒരു കാരണവശാലും ആ കസേര വിട്ടുകൊടുക്കരുതെന്നായി ജോര്‍ജ്. ആ കസേരയില്‍ കണ്ണുനട്ട് പലരുമുണ്ടത്രെ. മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ വച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തരുതെന്ന് എം.എ ബേബി തിരിച്ചുപറഞ്ഞു.
ഇങ്ങനെ രാഷ്്ട്രീയ ആരോപണങ്ങള്‍ നിറഞ്ഞുനിന്ന ധനവിനിയോഗ ബില്ലുപോലെ നീലക്കഥകളാടിത്തിമിര്‍ക്കുമെന്ന് കരുതിയ നേരത്താണ് ‘കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്‍’ ചര്‍ച്ചക്ക് കെ. മുരളീധരന്‍ തുടക്കമിട്ടത്. പെണ്‍കഥകളുടെ രാഷ്ട്രീയ അപവാദ വ്യവസായത്തില്‍ കക്ഷി ചേരാത്ത മുരളിയുടെ പ്രസംഗമാണ് ചര്‍ച്ചയുടെ ഗതി നിര്‍ണയിച്ചത്. വിലകുറഞ്ഞ കമന്‍റുകളും ദ്വയാര്‍ഥ പ്രയോഗങ്ങളും നീല വിമര്‍ശങ്ങളും പിന്നെ സഭയില്‍ കാര്യമായത്തെിയില്ല. കെ.കെ ലതികയും ബിജിമോളും അല്‍പം രാഷ്ട്രീയം കലര്‍ത്തിയെങ്കിലും അധികം ഓടിയില്ല. മികച്ച നിര്‍ദേശങ്ങളും നിയമ പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ട ചര്‍ച്ചയില്‍ ബില്ലിന്‍െറ പ്രാതിലോമകരമായ സാംസ്കാരിക ഉള്ളടക്കത്തിലേക്ക് കടന്നത് എം.എ ബേബി മാത്രം: ‘ഇതിന്‍െറ പേര് തന്നെ മാറ്റണം. പുരുഷന്‍മാര്‍ സ്ത്രീകളുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കണ്ട. ആ രീതിയിലാണ് ഈ ബില്‍. അവരെ തുല്ല്യരായി കാണണം. പുരുഷാധിപത്യ സഭയാണ് ഇത് ചര്‍ച്ച ചെയ്യുന്നത്. സ്ത്രീ വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന് ഒരിക്കല്‍ പറഞ്ഞവരാണ് കേരളത്തിലെ ആണുങ്ങള്‍. അവരിപ്പോള്‍ ലജ്ജിക്കണം. പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്.’
ബേബി വിശകലനം ചെയ്ത മനോഭാവം പക്ഷെ ചര്‍ച്ചകളില്‍ പലവട്ടം തെളിഞ്ഞു.  സ്ത്രീകളേ, നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കാം എന്നായിരുന്നു പൊതുഭാവം. തോണ്ടിയാലും നോക്കിയാലും ബലാല്‍സംഘം ചെയ്താലും ഏഴ് വര്‍ഷം തടവ് നല്‍കുന്നതില്‍ ആണംഗങ്ങള്‍ ബേജാറായി. ഈ നിയമം വന്നാല്‍ ശുദ്ധമായ പ്രണയം അസാധ്യമാകുമെന്ന് ടി.എന്‍ പ്രതാപന്‍ പേടിച്ചു. കൂട്ടിന് സ്പീക്കറെക്കൂടി ചേര്‍ത്തെങ്കിലും ജി. കാര്‍ത്തികേയന്‍ തത്സമയം തടയൂരി. രാമനിലയത്തില്‍ ഒരു സിനിമാ നടി വന്നുപോയതിന് പഴി കേള്‍ക്കേണ്ടി വന്നതിന്‍െറ വേദന പങ്കുവച്ച മുരളീധരന്‍ പുരുഷ ഇരകള്‍ക്ക് വേണ്ടി സധൈര്യം വാദിച്ചു. അശ്ളീല സാഹിത്യവും അശ്ളീല വസ്തുക്കളും സ്വകാര്യതയും സ്വാതന്ത്ര്യവുമെല്ലാം കൃത്യമായി നിര്‍വചിക്കണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. നാട്ടില്‍ നിലവിലുള്ള ധാരണകള്‍ തന്നെയാണ് അതിന്‍െറ നിര്‍വചനമെന്ന് മന്ത്രി വ്യാഖ്യാനിച്ചു. നിയമം കൊണ്ട് ഇത് നേരിടാനാകില്ളെന്ന് ഇ.പി ജയരാജനും. വ്യവസ്ഥിതി തന്നെ മാറണമെന്ന് ബിജിമോളും. ബോധവല്‍കരണം നടത്തണമെന്ന് ബെന്നി ബഹനാന്‍ വാദിച്ചു. സൂര്യനെല്ലി മുതല്‍ ശ്വേത മേനോന്‍െറ പ്രസവം വരെ സഭയിലത്തെി. പീഡനകാരണങ്ങളില്‍ ഒന്നായി മുരളീധരന്‍ പെണ്‍കുട്ടികളുടെ അല്‍പ വസ്ത്ര ധാരണത്തെ കണ്ടത്തെിയതോടെ സഭയൊന്നിളകി. കാണുന്നവന്‍െറ മനോഭാവമാണ് പ്രശ്നമെന്ന് ബിജിമോള്‍ ഉടക്കി. പിന്തുണയുമായി വി.എസ് സുനില്‍കുമാറും കെ.എസ് സലീഖയും. പക്ഷെ മുരളീധരന്‍െറ യഥാര്‍ഥ വിഷമം അതൊന്നുമായിരുന്നില്ല: ‘മണ്ഡലത്തിലെ വോട്ടര്‍മാരെ കണ്ടാല്‍ പരിചയമില്ളെങ്കിലും ഇനിയെങ്ങനെ ചിരിക്കും? വശീകരിച്ചതാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും?’ അതിന് സ്പീക്കര്‍ മറുപടി പറഞ്ഞു: ‘അതൊക്കെയിനി സൂക്ഷിച്ച് ചെയ്താല്‍ മതി.’
ബില്ലിലെ നിയമപരമായ പാളിച്ചകള്‍ ഇരുപക്ഷത്തുനിന്നും ചൂണ്ടിക്കാണിച്ചതോടെ ചര്‍ച്ചയിലുടനീളം മറുപടികള്‍ പറഞ്ഞുകൊണ്ടിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിരായുധനായി. കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും എസ്. ശര്‍മയും കെ. രാജുവും പറഞ്ഞതുതന്നെ വി.ഡി സതീശനും കെ.എന്‍.എ ഖാദറും ബെന്നി ബഹനാനും ആവര്‍ത്തിച്ചപ്പോള്‍ ബില്‍ കൈവിട്ടെന്ന് ബോധ്യമായി. ഇതിനിടെ ഇ.കെ വിജയന്‍െറ ചോദ്യത്തിന് മുന്നില്‍ സഭക്ക് ഉത്തരംമുട്ടി: ‘മുന്നാം ലിംഗക്കാര്‍ക്കെതിരായ പീഢനം എങ്ങനെ നേരിടും? അവരെക്കൂടി ഇതില്‍ ചേര്‍ക്കണ്ടേ?’ അതിന് വേറെ ബില്ലുണ്ടാക്കിക്കോയെന്ന ബിജിമോളുടെ മറുപടി സ്ത്രീ വാദികളുടെ വര്‍ഗബോധവും ‘തൊട്ടുകൂടായ്മയും’ വെളിപ്പെടുത്തി.
കേന്ദ്ര ഓര്‍ഡിനന്‍സിനും നിലവിലെ വിവിധ നിയമങ്ങള്‍ക്കും വിരുദ്ധമാണ് ബില്ളെന്ന വാദമായിരുന്നു കക്ഷി ഭേദമന്യേ ഉയര്‍ന്നത്. അതില്‍ ശരിയുണ്ടെന്ന് ചര്‍ച്ച കേട്ടിരുന്നവര്‍ക്കും ബോധ്യപ്പെട്ടു. സമീപകാലത്തൊന്നും സഭ കണ്ടിട്ടില്ലാത്തത്ര വിശദവും ഗൗരവതരവുമായ ചര്‍ച്ചാണ് അരങ്ങേറിയത്. ഒടുവില്‍ അത് ഈ സമ്മേളനത്തില്‍ തിരക്കിട്ട് പാസേക്കെണ്ടെന്ന് തീരുമാനവുമായി. ദുര്‍ബലമായ ബില്ലുമായി മന്ത്രി സഭയില്‍ വന്നതെന്തിനെന്ന് ഭരണപക്ഷക്കാര്‍ മുഖാമുഖം നോക്കി. മന്ത്രിയുടെ മറുപടിയില്‍ ഈ തിടുക്കത്തിന്‍െറ കാരണമുണ്ടായിരുന്നു: ‘കേരളം ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കണം.’ സ്ത്രീ സംരക്ഷകരായി മുന്നില്‍ നില്‍ക്കാനുള്ള ഈ ആണധികാര ബോധം മന്ത്രിയുടെ ബില്‍ അവതരണത്തിലും കണ്ടു. പീഢകരെല്ലാം നമ്മുടെ വര്‍ഗമാണെന്ന സ്പീക്കറുടെ കമന്‍റിന് മന്ത്രി പറഞ്ഞ മറുപടിയില്‍ അതുണ്ടായിരുന്നു: ‘അതാണ് ഈ ബില്ലിന്‍െറ പ്രാധാന്യം. അതേവര്‍ഗത്തില്‍ നിന്നാണ് ഈ ബില്ല്. അവരെ സംരക്ഷിക്കുന്നവരും ഈ വര്‍ഗത്തിലുണ്ട് എന്നതിന് തെളിവ്. അതാണ് വര്‍ഗബോധം.’ സ്ത്രീ വിഷയത്തില്‍ പോളിറ്റ് ബ്യൂറൊയിലെടുക്കാവുന്നവര്‍ തന്നെയാണ് കോണ്‍ഗ്രസിലുമുള്ളതെന്ന് ഇതോടെ എം.എ ബേബിക്കെങ്കിലും മനസ്സിലായിക്കാണും.


14...02...13

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...