Monday, February 25, 2013

കോത്താമ്പ്ര കമ്മീഷന്‍െറ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്




അകത്തും പുറത്തും വൈദ്യുത വിളിക്കുകള്‍ നിറഞ്ഞുകത്തുന്ന ഉദ്യാനമാണ് നിയമസഭ. ബഹുനില മന്ദിരം. കേന്ദ്രീകൃത എയര്‍കണ്ടീഷന്‍. സുഭിക്ഷമായ ഭക്ഷണം. നാനാഭാഗത്തും വിളിപ്പുറത്ത് സേവകര്‍. പ്രത്യേക അവകാശങ്ങള്‍. സമൃദ്ധമായ ആഡംബര ജീവിതത്തിന് വേണ്ട ചേരുവകളെല്ലാം കൈയ്യത്തെുംദൂരത്ത് ലഭ്യമായാല്‍ ആരും ദാര്‍ശനീകനായിപ്പോകും. അവസരം കിട്ടിയാലുടന്‍ ബൗദ്ധിക വ്യായാമം ചെയ്തുപോകും. പ്രസംഗമാകട്ടെ അതിനുള്ള എളുപ്പവഴിയുമാണ്. സഭയിലെ നിയമ നിര്‍മാണ ചര്‍ച്ചയാണെങ്കില്‍ പ്രസംഗം നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്കുപോലും അവകാശമില്ലാത്ത വകുപ്പും. അംഗങ്ങളുടെ ഈ ബൗദ്ധിക വ്യവഹാരത്തിന് മുന്നില്‍ നിസ്സഹായനായിപ്പോയ സ്പീക്കറെ സാക്ഷിനിര്‍ത്തി സഭാംഗങ്ങളിന്നലെ 14 മണിക്കൂറാണ് സംസാരിച്ചു തകര്‍ത്തത്. രാവിലെ എട്ടരക്ക് തുടങ്ങിയ ഇടപാട് അവസാനിച്ചത് രാത്രി ഒമ്പത് മണിക്ക്. രണ്ട് നിയമ നിര്‍മാണം, ധന വിനിയോഗ ബില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ചര്‍ച്ച, രാവിലെ പതിവുകള്‍ക്കൊപ്പം 50 ഉപക്ഷേപം എന്നിവ സഭ കടന്നുപോയി.
കാര്‍ഷിക കടാശ്വാസ നിയമത്തില്‍ ഒരു വാക്ക് തിരുത്താനും ആധാരമെഴുത്തുകാര്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്താനുമായിരുന്നു നിയമ നിര്‍മാണം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് പക്ഷെ ഈ രണ്ട് വിഷയങ്ങളിലും കാര്യമായി പറയാനൊന്നുമില്ല. എന്നുവച്ച് ബൗദ്ധിക വ്യായാമം ഉപേക്ഷിക്കാനുമാകില്ല. കൊച്ചി ബിനാലെ, ഹിമാചല്‍-ഗുജറാത്ത് തെരഞ്ഞെടുപ്പ്, ക്വിറ്റിന്ത്യാ സമരം, ആഫ്രിക്കന്‍ സാഹിത്യം, യസൂനാരി കവാബത്ത, മിലന്‍ കുന്ദേര, മഹാത്മാഗാന്ധി, ഭഗത് സിംഗ്, മൊറാര്‍ജി ദേശായി, ഫ്ളോറന്‍സ് നൈറ്റിംഗേല്‍ തുടങ്ങി നാവിന് വഴങ്ങിയതെല്ലാം രണ്ട് ബില്ലിലും വിഷയമായി. ബില്ലിന്‍െറ വിഷയം വിട്ട് സംസാരിക്കരുതെന്നാണ് ചട്ടം. ദാര്‍ശനീക ലോകത്ത് വ്യവഹരിക്കുന്നതിനാലാകണം, അംഗങ്ങള്‍ അത് നേരേ മറിച്ചാണ് മനസ്സിലാക്കിയിരിക്കുന്നത്. സഭ രാവിലെ അവസാനിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് വൈദ്യുതിയെങ്കിലും ലാഭിക്കാമായിരുന്നു. അക്കാര്യം സ്പീക്കര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. സൂര്യന്‍ അസ്തമിച്ചപ്പോള്‍ ജി. കാര്‍ത്തികേയന്‍ രോഷം കൊണ്ടു: ‘സമയം നീളുന്നതില്‍ രണ്ടുകൂട്ടര്‍ക്കും തുല്ല്യ പങ്കാളിത്തമുണ്ട്. ആരും വിഷയത്തില്‍ ഒതുങ്ങിയല്ല സംസാരിക്കുന്നത്. എന്ത് വിഷയം? എന്ത് പ്രസംഗം?’ എന്ത് സഭ എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാതിരുന്നാല്‍ മതി.
കള്ളത്തരമാണെന്ന് പ്രഖ്യാപിച്ച ബിനാലെക്ക് പോയി ഞെളിയാന്‍ മന്ത്രിക്കും കോണ്‍ഗ്രസുകാര്‍ക്കും ഉളുപ്പില്ളേയെന്നായിരുന്നു തോമസ് ഐസകിന്‍െറ സംശയം. ഹിമാചല്‍ ഭരണം തിരിച്ചുപിടിച്ചതില്‍ സി.പി മുഹമ്മദിന് സന്തോഷം. ഇതുവഴി കേന്ദ്ര ഭരണം പിടിക്കുമെന്നാണ് ബെന്നി ബഹനാന്‍െറ പ്രതീക്ഷ. അടിയന്തിരമായി നവീകരിച്ചില്ളെങ്കില്‍ രജിസ്ട്രേഷന്‍ ഓഫീസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ക്ഷേമനിധി വേറെ ഏര്‍പെടുത്തേണ്ടി വരുമെന്ന് ഷാഫി പറമ്പിലിന്‍െറ പ്രവചനം. ഇതിനിടയില്‍ കാസര്‍ഗോഡ് യൂത്ത് ലീഗ് സമ്മേളനത്തിന് വേണ്ടി മദ്യ നിരോധം ഏര്‍പെടുത്തിയത് വീണ്ടും സഭയിലത്തെി. ബുധനാഴ്ച ലീഗുകാരുടെ ബഹളത്തില്‍ തോറ്റുപോയ പ്രതിപക്ഷം കലക്ടറുടെ ഉത്തരവിന്‍െറ പകര്‍പ്പുമായാണ് എത്തിയത്. ലീഗുകാര്‍ മറുത്തൊന്നും പറഞ്ഞുമില്ല. കോടിയേരി ബാലകൃഷ്ണനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നയിച്ച തര്‍ക്കം ഏറെ നേരം നീണ്ടു.
ഇടതുപക്ഷത്തെ മൊത്തത്തില്‍ ആക്രമിച്ച് പി.കെ ബഷീര്‍ ഒറ്റക്ക് മന്നേറുന്നതിനിടയിലാണ് വി.എസ് സുനില്‍കുമാറിന് സംശയമുണ്ടായത്: ‘എന്താണ് മുസ്ലിം ലീഗിന്‍െറ സാമ്പത്തിക നയം?’ ഒട്ടും വൈകാതെ ബഷീറിന്‍െറ മറുപടി വന്നു: ‘അത് ഞങ്ങള്‍ പണ്ടേ തീരുമാനിച്ചിട്ടുണ്ട്. കോത്താമ്പ്ര കമീഷന്‍ എന്നൊരു കമ്മിറ്റിയുണ്ടായിരുന്നു. അതുണ്ടാക്കിയതാണ് സാമ്പത്തിക നയം.’ ജിന്നയുടെ കാലം തൊട്ട് ഇന്നുവരെയുള്ള ലീഗ് ചരിത്രത്തിലൊന്നും കേള്‍ക്കാത്ത കമീഷന്‍െറ പേര് കേട്ട് കുഞ്ഞാലിക്കുട്ടി വരെ ഞെട്ടി. അതിന്‍െറ കോപ്പി വേണമെന്നായി എളമരം കരീം. ഇംഗ്ളീഷിലായതിനാല്‍ തന്നിട്ട് കാര്യമില്ളെന്ന് ബഷീറും.
കോത്താമ്പ്ര കമീഷനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തമ്മില്‍ ചില്ലറ ബന്ധങ്ങളുണ്ടെന്ന് സഭയില്‍ രാത്രി നടന്ന പ്രത്യേക ചര്‍ച്ചയില്‍ വ്യക്തമായി. ഘോരഘോരം പ്രസംഗിക്കുകയും തലങ്ങും വിലങ്ങും ഇടപെടുകയും ചെയ്ത ബൗദ്ധിക വ്യായമാക്കാരില്‍ പലരും അത് ‘കോത്താമ്പ്ര കമീഷന്‍’ പോലൊന്ന് എന്നാണ് ധരിച്ചിരുന്നത്. റിപ്പോര്‍ട്ട് മുഴുവന്‍ കണ്ടവര്‍ സഭയില്‍ ചുരുക്കം. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇ.എസ് ബിജിമോളാകട്ടെ ചുമക്കാന്‍ ആളില്ലാത്തതിനാല്‍ പ്രയാസപ്പെടുന്നുവെന്ന് സമ്മതിച്ചു. മലയോര മേഖലയില്‍ നിന്ന് ആളുകളെ ഇക്കിവിടേണ്ടി വരുമെന്നായിരുന്നു മുഖ്യ പ്രഭാഷകനായ കോടിയേരി ബാലകൃഷ്ണന്‍െറ പ്രഖ്യാപനം. ജനവാസം അസാധ്യമാക്കും. മനുഷ്യനെ കാണാത്ത റിപ്പോര്‍ട്ടെന്ന് അടിക്കുറിപ്പും. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പശ്ചിമഘട്ട ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് വി.ഡി സതീശന്‍ ഓര്‍മിപ്പിച്ചു. റിപ്പോര്‍ട്ടിന്‍െറ പേരിലെ കിംവദന്തികള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. അവരുടെ സമ്മര്‍ദങ്ങളെ ചെറുക്കണം. അവിടെയുള്ള മുഴുവന്‍ അനധികൃത നിര്‍മാണങ്ങളും നിര്‍ത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വികസനത്തിന് മുട്ടി ഇടത്തും വലത്തും നില്‍ക്കുന്നവര്‍ക്ക് പക്ഷെ അതൊന്നും ദഹിച്ചിട്ടില്ളെന്ന് പിന്നാലെ വന്നവരില്‍ പലരും തെളിയിച്ചു. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് പറയുന്നത്ര എളുപ്പമല്ല, ഉള്ള റിപ്പോര്‍ട്ടിനെപ്പറ്റി ഇല്ലാത്തത് പറയുന്നത്. അതുകൊണ്ട് അവര്‍ക്കിഷ്ടം കോത്താമ്പ്ര കമ്മീഷനാണ്. ബൗദ്ധിക വ്യായാമത്തില്‍ ഏറെ സഹായകരവും. അതിന് പറ്റിയൊരു പ്രമേയം പാസാക്കിയാണ് പതിനാലാം മണിക്കൂറില്‍ സഭപിരിഞ്ഞത്.

20...12...12

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...