Monday, February 25, 2013

മലയാള സിനിമയുടെ ‘ജാതി’ വെളിപ്പെടുത്തി സെല്ലുലോയ്ഡ് വിവാദം



തിരുവനന്തപുരം: മലയാള സിനിമയിലെ ജാതീയത വെളിപ്പെടുത്തി ‘സെല്ലലോയ്ഡ്’ വിവാദം. കേരളത്തിന്‍െറ സാംസ്കാരിക രംഗത്ത് ആധിപത്യം ചെലുത്തുന്ന ജാതി വിവേചനവും മേധാവിത്തവും ജനാധിപത്യ സംവിധാനത്തിലും വര്‍ഷങ്ങളായി തുടരുന്നുണ്ടെന്ന് വിവാദം വ്യക്തമാക്കുന്നു. ജെ.സി ഡനിയേലിന്‍െറ ‘വിഗതകുമാരന്‍’ മുതല്‍ ഏറ്റവും പുതിയ സിനിമയായ പാപ്പിലിയോ ബുദ്ധ വരെ ഈ വിവേചനത്തിന് ഇരകളായി. അവര്‍ണരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പിക്കപ്പെടുന്നത് യാദൃശ്ചികതയല്ളെന്നും കേരളം ‘ഒൗദ്യോഗിക’മായി പിന്തുടരുന്ന സാംസ്കാരിക നയങ്ങളുടെ തുടര്‍ച്ചയാണെന്നും പുതിയ വെളിപ്പെടുത്തലുകള്‍ അടിവരയിടുന്നു.
 ആദ്യ മലയാള സിനിമയായ ‘വിഗതകുമാരന്‍’ സംവിധാനം ചെയ്ത ജെ.സി ഡാനിയേലിന്‍്റെ ജീവിതം ആസ്പദമാക്കി കമല്‍ നിര്‍മിച്ച ‘സെല്ലുലോയ്ഡി’ല്‍ മലയാള സിനിമയുടെ പിതാവ് നേരിട്ട കടുത്ത വിവേചനങ്ങള്‍ വ്യക്തമാക്കുന്നു. സാംസ്കാരിക മന്ത്രിയായിരുന്ന കെ. കരുണാകരനും വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും സിനിമാ ചരിത്രത്തില്‍ നിന്ന് ഡാനിയേലിനെ വെട്ടിമാറ്റാന്‍ നടത്തിയ നീക്കങ്ങള്‍ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ സിനിമാ ചരിത്രകാരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ഡാനിയേലിന്‍െറ ജീവിത കഥയില്‍ നിന്നാണ് ഈ വിവരം കമല്‍ സിനിമയിലേക്ക് പകര്‍ത്തിയത്. ഇതിനെതിരെ കെ. മുരളീധരന്‍ എം.എല്‍.എ രംഗത്തത്തെി. സിനിമയില്‍ പറഞ്ഞതെല്ലാം സത്യസന്ധമെന്ന മറുപടിയുമായി കമലും രംഗത്തു വന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്.
1970-ല്‍ മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയാണ് അതില്‍ അംഗമായിരുന്ന ഗോപാലകൃഷ്ണന്‍ ‘ഡാനിയേലിന്‍െറ ജീവിത കഥയില്‍’ രേഖപ്പെടുത്തിയത്. 1938ല്‍ നിര്‍മിച്ച ’ബാലന്‍’ മുതലാണ് മലയാള സിനിമാ ചരിത്രം തുടങ്ങുന്നതെന്ന് ആദ്യ യോഗത്തില്‍ മലായറ്റൂര്‍ പ്രഖ്യാപിച്ചുവെന്ന് പുസ്തകത്തില്‍ പറയുന്നു. ഇതിനെ എതിര്‍ത്ത ഗോപാലകൃഷ്ണന്‍ 1930ല്‍ നിര്‍മിച്ച വിഗതകുമാരനാണ് ആദ്യ ചിത്രമെന്നും ഫാല്‍ക്കെയുടെ നിശബ്ദ ചിത്രമാണ് ഇന്ത്യയില്‍ ആദ്യ സിനിമയായി കണക്കാക്കുന്നതെന്നും മറുപടി പറഞ്ഞു. ഇത് കേട്ട മലയാറ്റൂര്‍ കോപാകുലനായതോടെ രംഗം വഷളായി. മറ്റുള്ളവര്‍ ഇടപെട്ടാണ് ശാന്തമാക്കിയത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ സിനിമയായി ബാലനെ തന്നെ മലയാറ്റൂര്‍ രേഖപ്പെടുത്തിയാതയും പുസ്തകം പറയുന്നു. ‘നാടാരായ’ ഡാനിയേലിന് മേലെ ‘ബാലന്‍’ എടുത്ത സ്വന്തം ജാതിയില്‍ പെട്ടവരെ പ്രതിഷ്ടിക്കുകയായിരുന്നു മലയാറ്റൂര്‍ എന്നറിയപ്പെട്ട രാമകൃഷ്ണ ഐയ്യരുടെ ലക്ഷ്യമെന്നാണ് സിനിമയും പറയുന്നത്.
പിന്നീട് സാംസ്കാരിക മന്ത്രി കെ. കരുണാകരനും ഇതേ വാദങ്ങള്‍ ആവര്‍ത്തിച്ചതായി പത്രപ്രവര്‍ത്തകന്‍ കൂടിയായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതുന്നു. തമിഴ്നാട്ടുകാരനാണ്, ജീവിച്ചിരുന്നതിന് തെളിവില്ല, ഇങ്ങനെയാരു സിനിമയെ കുറിച്ച് താന്‍ കേട്ടിട്ടില്ല തുടങ്ങിയ വാദങ്ങളും കരുണാകരന്‍ ഉന്നയിച്ചതായി പുസ്തകത്തിലുണ്ട്. ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി സിനമയില്‍ എത്തുന്നത് ശ്രീനിവാസനാണ്.
അന്നുതുടങ്ങിയ സിനിമയുടെ ജാതി ചരിത്രം ഇപ്പോഴും തുടരുന്നുണ്ട്. മലയാളത്തിലെ പാഠപുസ്തകങ്ങളും രേഖകളുമെല്ലാം ഇപ്പോഴും ശബ്ദ-നിശബ്ദ ചിത്രങ്ങളെന്ന വേര്‍തിരിവോടെയാണ് ആദ്യ സിനിമാ ചരിത്രത്തെ പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ പോലും ഈ വേര്‍തിരിവില്ല. മലയാള സിനിമയിലാകട്ടെ സവര്‍ണ ജാതീയ സ്വാധീനം ഇന്നും ഏറെ സജീവമാണ്. ദലിത് ജീവിതത്തെ ആസ്പദമാക്കി മലയാളത്തില്‍ ആദ്യമായി നിര്‍മിച്ച പാപ്പിലിയോ ബുദ്ധക്ക് കഴിഞ്ഞ കേരള ചലച്ചിത്ര മേളയില്‍ അവസരം നിഷേധിക്കപ്പെട്ടതങ്ങനെയാണ്. എം.ജി സര്‍വകലാശാലയില്‍ അത് പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് ഇടത് വിദ്യാര്‍ഥി സംഘടനയാണ്. തിരുവനന്തപുരത്ത് പോലിസ് ഇടപെട്ടും തടഞ്ഞു. ചരിത്ര രേഖകള്‍ പകര്‍ത്തിയ സംഭാഷണങ്ങള്‍ സെന്‍സര്‍ ചെയ്യാനും നിര്‍ബന്ധിതമായി. ചരിത്രത്തിനൊപ്പം മലയാള സിനിമകളുടെ ഉള്ളടക്കവും പൊതുവെ പിന്തുടരുന്നത് സവര്‍ണ പൊതുധാരണകള്‍ തന്നെയാണെന്ന നിരീക്ഷണത്തിന് ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രവണതകള്‍ക്കെതിരായ പ്രതിരോധം കൂടിയാണ് സെല്ലുലോയ്ഡിന്‍െറ ഉള്ളടക്കം. അതിനാല്‍ ഈ വിവാദം മലയാള സിനിമയുടെ ജാതീയ സ്വഭാവത്തെ കൂടുതല്‍ തുറന്നുകാണിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

(madhyamam)

അസന്തുലിത വളര്‍ച്ച, അവസാനിക്കാത്ത പോരാട്ടം

ശ്രീമൂലം പ്രജാസഭയുടെ അയ്യന്‍ കാളി പങ്കെടുത്ത ആദ്യ അഷ്ടമയോഗം നടന്നത് 1912 ല്‍. ആ യോഗത്തിന്റെ ഏഴാം ദിവസം മാര്‍ച്ച് 4 ന് നടത്തിയ പ്രസംഗത്തി...