Monday, February 25, 2013

നിയമസഭയിലെ കശാപ്പുകാര്‍ഉക്രൈനിലെ കശാപ്പുകാരന്‍ എന്ന് പേരുകേട്ട ക്രൂഷ്ചേവിന്‍െറയും അതേ ക്രൂഷ്ചേവ് രേഖാമൂലം കശാപ്പുകാരനെന്ന് വിളിച്ച സ്റ്റാലിന്‍െറയും ആലപ്പുഴയിലെ പിന്മുറക്കാരനാണ് ജി. സുധാകരന്‍. പൂര്‍വഗാമികളെപ്പോലെ തോക്കും ടാങ്കുമൊന്നും സുധാകരന് നിര്‍ബന്ധമില്ല. എഴുതാനൊരു കടലാസ്. അല്ളെങ്കില്‍ പറയാനൊരു മൈക്ക്. ആരെയും വധിക്കാന്‍ അത്രമതി. ആഗോള കമ്യൂണിസത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി സുധാകരന്‍ ഇന്നലെ പറഞ്ഞതത്രയും കശാപ്പുകാരെ പറ്റിയായിരുന്നു. വിഷയം കേരള സര്‍ക്കാര്‍: ‘ഇവര്‍ മനുഷ്യരെയല്ല കൊല്ലുന്നത്. രാഷ്ട്രമീമാംസയെയാണ്. ബുച്ചേഴ്സ് ഓഫ് കോ ഓപറേഷന്‍. ബുച്ചേഴ്സ് ഓഫ് ഡിമോക്രസി. ബുച്ചേഴ്സ് ഓഫ് കൊണ്‍സ്റ്റിറ്റ്യുഷന്‍. ബുച്ചേഴ്സ് ഓഫ് ഈക്വല്‍ ജസ്റ്റിസ്. മന്ത്രിമാരെല്ലാം ബുച്ചേഴ്സ്. ഉമ്മന്‍ചാണ്ടി മേജര്‍ ബുച്ചര്‍.’ ഇത് പുലഭ്യം പറച്ചിലാണെന്ന് പറയാന്‍ കൊടുങ്ങല്ലുര്‍ ഭഗവതിയെ കൂട്ടുപിടിച്ച സി.പി മുഹമ്മദിനെ സഖാക്കള്‍ വട്ടം ചേര്‍ന്ന് കശാപ്പുചെയ്തു. ഇരുഭാഗത്തെയും വമ്പന്‍മാര്‍ ഏറ്റുമുട്ടിയ ഉപധനാഭ്യര്‍ഥന ചര്‍ച്ച അങ്ങനെ കൊലവിളിയും നിലവിളിയും ബഹിഷ്കരണവുമൊക്കെയായി സംഭവബഹുലമായി.
സുധാകരന് തൊട്ടുപിന്നാലെ വന്ന സണ്ണിജോസഫ് കേരള കമ്യൂണിസത്തിന്‍െറ കൊലക്കഥകള്‍ കെട്ടഴിച്ചു. മനുഷ്യനെക്കൊല്ലുന്ന കശാപ്പുകാരാണ് സ്ഥാപിക്കാന്‍ സണ്ണി ജോസഫിന് വിയര്‍ക്കേണ്ടി വന്നില്ല. കെ. ശിവദാസന്‍ നായര്‍ സഹകരണക്കശാപ്പിന്‍െറ കണക്കുപറഞ്ഞു: ‘പിരിയാരം, ചേര്‍ത്തല, എരുകേശി, വനിതാസംഘം...’ സുധാകരനും പാര്‍ട്ടിക്കാരും ചേര്‍ന്ന് കൊന്നുകളഞ്ഞ സഹകരണ കുഞ്ഞുങ്ങളുടെ പട്ടിക. പിന്നെ ആര്‍ ബ്ളോക്കിലെ ഭൂമി തട്ടിയവരുടെ കണക്ക്. ഇതൊക്കെ പറയുന്നതിനിടയിലും സി.എന്‍ ബാലകൃഷ്ണനെയാണ് ‘ബുച്ചറെ’ന്ന് വിളിച്ചത് എന്ന് നൂറ്റൊന്നാവര്‍ത്തിച്ച് സ്ഥാപിച്ചു. ആര്‍ ബ്ളോക്ക് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍െറ പിന്തുണയും ഉറപ്പാക്കി. കിട്ടിയ അവസരം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്കാരെ കശാപ്പുചെയ്യുന്നതില്‍ സുധാകരനും ശിവദാസന്‍ നായരും ഒരുപോലെ മികവുകാട്ടി.
സമീപകാലത്ത് വാര്‍ത്തയായ മുഴുവന്‍ വിഷയങ്ങളും പരാമര്‍ശിച്ച് ചര്‍ച്ച തുടങ്ങിയ കോടിയേരി ബാലകൃഷ്ണന്‍ ചെന്നത്തെിയത് തലസ്ഥാന നഗരത്തെ വിറപ്പിക്കുന്ന ബ്ളാക് മാന്‍ കഥയില്‍. നാട്ടുകാരുടെ സ്വസ്ഥ ജീവിതം  തകര്‍ത്ത ആഭ്യന്തര മന്ത്രിയാണ് ഈ ‘കറുത്ത മനുഷ്യനെ’ന്ന് എളമരം കരീമിന് സംശയമുണ്ട്. പ്രതിപക്ഷ നിരയുടെ മുന്നിലിരിക്കുന്നയാളാണ് ‘കറുത്ത മനുഷ്യനെ’ന്നും അയാളെ മറിച്ചിടാന്‍ തൊട്ടടുത്തിരിക്കുന്ന വെളുത്ത മനുഷ്യന്‍ ശ്രമിക്കുന്നുണ്ടെന്നും കെ.എന്‍.എ ഖാദറും. ദലിതുകളെ വേട്ടയാടാനുള്ള കുതന്ത്രമാണ് ബ്ളാക്മാന്‍ കെട്ടുകഥയെന്ന് സമര്‍ഥിച്ച പി.സി ജോര്‍ജ് സ്വത്വ രാഷ്ട്രീയത്തില്‍ എത്തി: ‘പട്ടിക വര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക തൊഴുത്തുണ്ടാക്കുകയാണ് സി.പി.എം. പട്ടികജാതിക്കാരെ സംഘടിപ്പിക്കാന്‍ സി.പി.എം നടക്കുമ്പോള്‍ ഡി.വൈ.എഫ്.ഐ ജാതി രഹിത സമരം നടത്തുന്നു.’ സി.പി.എം സൈദ്ധാന്തികരൊന്നും ഇതിന് മറുടി പറഞ്ഞില്ല്ള. പക്ഷെ വര്‍ഗരാഷ്ട്രീയത്തില്‍ നവാഗതനായ കെ.ടി ജലീലിന് അത് സഹിച്ചില്ല: ‘വ്യക്തിനിഷ്ടമായ മതവും ജാതിയുമെല്ലാം യു.ഡി.എഫ് പൊതു വിഷയമാക്കുന്നു. ഭരിക്കുന്നവരുടെയും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം ജാതിയാണ് ചര്‍ച്ചയാക്കുന്നത്.’
സി.പി.എമ്മിലെ അച്ചടക്കമായിരുന്നു കെ. മുരളീധരന്‍െറ വിഷയം: ‘കൂടംകുളത്ത് പോകരുതെന്ന് കാരാട്ട് പറഞ്ഞത് അനുസരിക്കാത്ത അച്യുതാനന്ദന്‍, ‘അയ്യാ തിരുമ്പിപ്പോ...’യെന്ന് നാഗര്‍കോവില്‍ ഡി.വൈ.എസ്.പി പറഞ്ഞപ്പോള്‍ മടങ്ങിപ്പോന്നു.’ മുരളീധരന്‍െറ ഈ ആത്മവിശ്വാസത്തിന്‍െറ രഹസ്യം എളമരം കരീം വെളിപ്പെടുത്തി: ‘അനാഥരെ ദത്തെടുക്കുന്ന പദ്ധതിയില്‍ ഒന്നും നടന്നില്ല. ഒരുഗതിയുമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന മുരളീധരനെ ദത്തെടുത്തതാണ് ഏക നേട്ടം.’ കൊച്ചിയില്‍ നഗ്നനായി ഓടിയ യുവാവിന്‍െറ രഹസ്യം വി.എസ് സുനില്‍കുമാറും വെളിപ്പെടുത്തി: ‘കെ.എസ്.യു യൂണിറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥിയാണ്. അതിനാല്‍ നടപടിയെടുക്കാന്‍ പറ്റാതായി.’ പാമ്പാടിക്കും പുതുപ്പള്ളിക്കും വേണ്ടി 121 പോസ്റ്റ് അനുവദിച്ചത് കണ്ട് മാത്യു ടി തോമസ് രോഷാകുലനായി. വാള്‍മാര്‍ട്ട്, കെ.എഫ്.സി, ടോള്‍ ബൂത്ത് തുടങ്ങി സകലതും ചൈനയിലെമ്പാടും കാണാന്‍ കഴിഞ്ഞതിന്‍െറ സന്തോഷത്തിലാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി.  സി.പി.എം പറയുംപോലുള്ള മാക്സിസം മാത്രം അവിടെ കണ്ടില്ലത്രെ. ചൈനീസ് മോഡലിന്‍െറ ചെറിയൊരു പകര്‍പ്പ് കാണാനായതില്‍ പി.സി വിഷ്ണുനാഥിനുമുണ്ട് സന്തോഷം: ‘റിലയന്‍സിന്‍െറ 43 ഒൗട്ട്ലറ്റുകള്‍ കേരളത്തില്‍ വന്നതെങ്ങനെയെന്ന് കുത്തക വിരുദ്ധ സമരസഖാക്കള്‍ ജനങ്ങളോട് പറയണം.’
രാഷ്ട്രീയ കശാപ്പുകളുടെ വര്‍ത്തമാന കാല ചരിത്രത്തിലെ ചര്‍ച്ച തീര്‍ന്നത് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനിലായത് സ്വാഭാവികം. എം.എം മണിക്ക് കിട്ടിയതിന് തത്തുല്ല്യമായ നീതി സുധാകരന് ലഭ്യമാക്കാനായി കമ്യൂണിസ്റ്റുകാര്‍ അവസാന മിനിറ്റില്‍ സഭ ബഹിഷ്കരിച്ചു. എന്നിട്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടങ്ങിയില്ല: ‘ഭരണം മാറിയാല്‍ തട്ടിക്കളയും എന്നൊക്കെ എളമരം കരീമും മറ്റും ഭീഷണിപ്പെടുത്തുന്നത് കേട്ടു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്‍െറ കൈയ്യും കാലും വെട്ടിക്കളയാം. തൂക്കിക്കൊല്ലാം. എന്നാലും ടി.പി വധക്കേസ് നടപടികളില്‍ നിന്ന് ഒരടി പിന്നോട്ട് പോകുന്ന പ്രശ്നമില്ല.’ റയോണ്‍സില്‍ നിന്ന് കശാപ്പുകളി പഠിച്ചയാളാണ് കരീമെന്ന് തിരുവഞ്ചൂര്‍ ഓര്‍ത്താല്‍ നന്ന്.

(18...12...12)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...