Monday, February 25, 2013

ആക്ട് നിര്‍മാണ സഭയിലെ മുതലും പലിശയും




സഭയെ ഹൈടെക് ആക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയ ദിവസം സഭയില്‍ നിറഞ്ഞുനിന്നത് ഭാഷാ പ്രശ്നങ്ങള്‍. മഅ്ദനി മുതല്‍ മൊറാര്‍ജി വരെ സഗൗരവം കടന്നുവന്ന ദിവസം ഭാഷയുടെ സങ്കീര്‍ണതയില്‍ തട്ടി അംഗങ്ങള്‍ വട്ടം കറങ്ങി. അമിത പലിശ നിരോധ ബില്‍ ചര്‍ച്ചയില്‍ ഭാഷാപ്രശ്നം ആദ്യം ഉന്നയിച്ചത് മുല്ലക്കര രത്നാകരന്‍: ‘കടം വാങ്ങുന്നവനെ അധമനും അവന്‍െറ പലിശ കൊണ്ട് കൊട്ടാരം കെട്ടുന്നവനെ ഉത്തമനും ആക്കുന്ന അധമര്‍ണന്‍-ഉത്തമര്‍ണന്‍ പ്രയോഗങ്ങള്‍ മാറ്റണം. കഴിയുമെങ്കില്‍ മാണിസാര്‍ ഇവയുടെ മലയാള  അര്‍ഥം തന്നെ മാറ്റണം.’
മലയാളത്തോടുള്ള കെ.എം മാണിയുടെ പ്രണയം പ്രഖ്യാപിതമായതിനാലാണ് മുല്ലക്കര ഈ ആവശ്യം ഉന്നയിച്ചത്. മാണിക്ക് പക്ഷെ സ്വന്തം കാര്യം പറയാന്‍ മലയാളം പോര. മന്ത്രിയുണ്ടാക്കുന്ന എല്ലാ നിയമങ്ങളുടെയും പേരിന്‍െറ അവസാനം വരുന്നത് ‘ആക്ട്’. ഈ വൈരുദ്ധ്യം പാടില്ളെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് തോന്നി. പക്ഷെ മാണിക്ക് ബോധ്യപ്പെട്ടില്ല: ‘നിയമസഭയിലും പാര്‍ലമെന്‍റിലും എല്ലാം ആക്ട് എന്നാണ് പറയുന്നത്. അതിനാല്‍ മാറ്റാനാവില്ല.’ ആക്ടുകളില്‍ മാണിക്കുള്ള ഈ വൈഭവം കണ്ട് ജി. സുധാരകന്‍ പുതിയ നിര്‍ദേശം വച്ചു: ‘എങ്കില്‍ ഈ സഭയെ ആക്ട് നിര്‍മാണ സഭ എന്നാക്കണം.’ ആക്ട് വകുപ്പ് മന്ത്രി പക്ഷെ അതിന് ഉത്തരം പറഞ്ഞില്ല.
ഭാഷാപ്രശ്നം നിലനില്‍ക്കുന്നുവെങ്കിലും ബില്‍ ചര്‍ച്ചക്ക് ഒരു കുറവുമുണ്ടായില്ല. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയാണ് പലിശക്ക് കാരണമെന്നാണ് പ്രെഫ. സി. രവീന്ദ്രനാഥിന്‍െറ നിലപാട്. അത് മാറ്റാതെ നിയമം ഉണ്ടാക്കിയിട്ട് കാര്യമില്ല. പലിശയില്ലാത്ത ലോകം വേണമെന്നതാണ് പ്രൊഫസറുടെ സ്വപ്നം. സൈദ്ധാന്തികനായ രവീന്ദ്രനാഥിനേക്കാള്‍ ഗൗരവത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പുതുതലമുറ ബാങ്കുകളുടെ ഗുണ്ടായിസത്തിലേക്കും പണക്കൊള്ളയിലേക്കും സഭയുടെ ശ്രദ്ധ ക്ഷണിച്ച കോടിയേരി ബാങ്ക് ദേശസാല്‍കരണത്തിലത്തെിയപ്പോള്‍ സി.കെ നാണു പിടികൂടി. ആ പറഞ്ഞതിലെവിടേയോ മൊറാര്‍ജി ദേശായി വിരുദ്ധതയുണ്ടെന്ന് നാണുവിന് തോന്നിയപ്പോള്‍ വെട്ടിലായത് കോടിയേരി. ‘ദേശായിയെ പറഞ്ഞാല്‍ നാണുവേട്ടന്‍ വിടില്ളെന്ന് എനിക്കറിയാം’ എന്ന് കുമ്പസരിച്ചിട്ടും പിടി അയഞ്ഞില്ല. ആ വിടവില്‍  ആര്യാടന്‍ മുഹമ്മദ് മുളക് തേച്ചു: ‘ബാങ്ക് ദേശസാല്‍കരണം അംഗീകരിക്കാതെ ദേശായി പാര്‍ട്ടി വിട്ടതാണെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാം.’ ചരിത്രവുമായി നാണു വീണ്ടും എണീറ്റു: ‘കോണ്‍ഗ്രസ് അംഗീകരിച്ചത് ദേശസാല്‍കരണമല്ല. സാമൂഹ്യവല്‍കരണമാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പുരോഗമന വാദിയാകാന്‍ ഇന്ദിര അത് ചെയ്തതാണ്. അത് ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസിന്‍െറയും മഹത്വമായി പറയരുത്.’ കോണ്‍ഗ്രസുകാരോട് പറയുംപോലെ എല്ലാവരോടും വായില്‍ തോന്നിയത് ചരിത്രമാക്കരുതെന്ന് ആര്യാടന് ബോധ്യമായെങ്കിലും നാണു അവിടെയും നിറുത്തിയില്ല: ‘വാടകക്കാരന്‍ ഇറക്കി വിട്ടപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതാണ് ദേശായിയുടെ മരുമകളുടെ ചരിത്രം. ഒറ്റത്തവണ മന്ത്രിയാകുമ്പോഴേക്ക് തലമുറകള്‍ക്ക് കഴിയാനുള്ള സ്വത്തുണ്ടാക്കുന്നവര്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വന്നവരെ പരിഹസിക്കരുത്.’ അത്രയായപ്പോള്‍ ആര്യാടന്‍െറ ചിരി മാഞ്ഞു. കെ.സി ജോസഫും ബെന്നി ബഹനാനും ചേര്‍ന്ന് ഒന്നുകൂടി ശ്രമിച്ചെങ്കിലും ചരിത്രം പറഞ്ഞ് നാണുവിനോട് മുട്ടാനുള്ള കോപ്പ് കൈയ്യിലില്ലായിരുന്നു. കോടിയരിയേക്കാള്‍ ഗൗരവത്തിലായിരുന്നു എന്‍. ഷംസുദ്ദീന്‍. ബില്ല് പഠിച്ച് അതിലൊതുങ്ങി നിന്ന് വിശദമായി സംസാരിച്ച ഷംസുദ്ദീനെ അഭിനന്ദിച്ച സ്പീക്കര്‍ ഇതുപോലെ ഗൃഹപാഠം ചെയ്യണമെന്ന് മറ്റുള്ളവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. അംഗങ്ങളുടെ ഗൃഹപാഠം പക്ഷെ വോട്ടിംഗിലായിരുന്നു. ഏഴ് വട്ടമാണ് സഭയില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നത്.
മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ പക്ഷെ മാലിന്യത്തില്‍ കുരുങ്ങിക്കിടന്നു. പി.ടി.എ റഹീം വിളപ്പില്‍ശാലയിലേക്ക് നീങ്ങിയപ്പോള്‍ ചെയറിലിരുന്ന് എന്‍. ശക്തന്‍ വിയോജിച്ചു. അവിടെപോയ സാംസ്കാരിക നായകര്‍ ഓരോകവറ് ചവറ് കൊണ്ടുവന്നിരുന്നെങ്കില്‍ പ്രശ്നം തീരുമായിരുന്നുവെന്ന് സി.എസ് സുനില്‍കുമാറും. കിട്ടിയ അവസരം മുതലെടുത്ത് ‘വിളപ്പില്‍ശാലയുടെ പിതാവായ’ വി. ശിവന്‍കുട്ടി വിളപ്പില്‍ശാലയെ കെ. കരുണാകരന്‍െറ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ചു. അത് വേണ്ടെന്ന് അല്‍പം നീട്ടിത്തന്നെ ഡപ്യുട്ടി സ്പീക്കര്‍ എതിര്‍ത്തു.  വിളപ്പില്‍ശാല കഴിഞ്ഞപ്പോള്‍ റഹീം മുസ്ലിം ലീഗിനെ പിടിച്ചു. കെ.എം ഷാജി അത് ചോദ്യം ചെയ്തതിന് തല്‍ക്ഷണം മറുപടയുണ്ടായി: ‘ഇത് മണലിന്‍െറ കാര്യമല്ല. അതുവരുമ്പോള്‍ ഷാജിക്ക് ഇടപെടാം.’
 അംഗങ്ങള്‍ക്ക് കാലത്തിനനസുരിച്ച് മാറാന്‍ സഭക്ക് അകത്ത് ഐ-പാഡും ലാപ്ടോപ്പും ഉപയോഗിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. കര്‍ണാടക ഓര്‍ണ വേണമെന്ന ഉപാധിയോടെയാണ് തീരുമാനം. അനുമതി കിട്ടി രണ്ട് മണിക്കൂറിനകം സഭയില്‍ ഫോട്ടോ ഫ്ളാഷ് മിന്നി. ആ പണി പറ്റില്ളെന്ന് സ്പീക്കറുടെ താക്കീത് പിന്നാലെ വന്നു. ഹൈടെക്കായിക്കൊണ്ടിരിക്കുന്ന സഭയുടെ ഓജസ്സും തേജസ്സും കേരള കോണ്‍ഗ്രസിന്‍െറ ശക്തിയും എല്ലാം മാണിസാറാണത്രെ. പലിശ ബില്‍ ചര്‍ച്ചയില്‍ മുല്ലക്കര രത്നാകരനോട് ഇക്കാര്യം പറഞ്ഞത് പി.സി ജോര്‍ജാണ്. അപ്പോള്‍ പി.സി ജോര്‍ജോ? അതിനുത്തരം മുല്ലക്കര തന്നു: ‘മാണിസാര്‍ മുതലാണ്. പി.സി ജോര്‍ജ് പലിശയാണോ അമിത പലശയാണേ എന്നേ സംശയമുള്ളൂ.’ ജോര്‍ജിന്‍െറ വളര്‍ച്ച കണ്ടാല്‍ മീറ്റര്‍ പലിശയാണെന്ന് ആരും സംശയിച്ചുപോകും.

(11...12...12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...