Monday, February 25, 2013

പരിസ്ഥിതി പ്രണയം പറഞ്ഞുതീരാതെ സഭനിയമ നിര്‍മാണം മാത്രം ലക്ഷ്യമിട്ട് പത്ത് ദിവസത്തേക്ക് ചേര്‍ന്നതായിരുന്നു പതിമൂന്നാം സഭയുടെ ആറാം സമ്മേളനം. നിയമ നിര്‍മാണം ഒരുവഴിക്കും അതിന്‍െറ ചര്‍ച്ച വേറെ വഴിക്കും നടക്കുന്നതിനിടയിലും സഭയില്‍ മിക്ക ദിവസവും നിറഞ്ഞുനിന്നത് പരിസ്ഥിതിയായിരുന്നു. അവസാന ദിവസവും അതിലൊട്ടും കുറവുണ്ടായില്ല. പ്രകൃതി സ്നേഹികളുടെ പരിസ്ഥിതി പ്രണയം പറഞ്ഞുതീരാതെയാണ് ഒടുവില്‍ സഭ പിരിഞ്ഞതും.
അവസാന ദിവസത്തെ ചൂടും ചൂരുമില്ലാതെയാണ് ഇന്നലെ സഭ തുടങ്ങിയത്. ധന വിനിയോഗാവലോകന റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ പേരിലായിരുന്നു എസ്. ശര്‍മയുടെ അടിയന്തിര പ്രമേയം. ആഗോളവല്‍കരണത്തിന്‍െറ നടത്തിപ്പുകാരായ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡയറക്ടറാണ് അവലോകന സമിതി അധ്യക്ഷനെന്നതായിരുന്നു പ്രധാന ചാര്‍ജ്. ശിപാര്‍ശ വരുമ്പോഴേക്ക് പ്രമേയവുമായി ഇറങ്ങിപ്പുറപ്പെടേണ്ടതുണ്ടോ എന്ന ഒറ്റച്ചോദ്യത്തിലൊതുങ്ങി മുഖ്യമന്ത്രിയുടെ മറുപടി. പിന്നെ ഉപദേശവും: ‘ഇതെടുക്കണോയെന്ന് തോമസ് ഐസകിനോടെങ്കിലും ചോദിക്കണമായിരുന്നു.’ പതിവില്‍ നിന്ന് വ്യത്യസ്തമായി ഐസക് അപ്പോള്‍ മൗനം പാലിച്ചു. അതിന് വേറെ കാരണമുണ്ടെന്ന് ഉമ്മന്‍ചാണ്ടി മറുപടിയുടെ രണ്ടാം ഘട്ടത്തിലത്തെിയതോടെ തെളിഞ്ഞു: ‘തോമസ് ഐസക്കും ശര്‍മയും മന്ത്രിയായിരിക്കേ പ്രസിദ്ധീകരിച്ച ധനവിനിയോഗ അവലോകന റിപ്പോര്‍ട്ടിലും ഇതേ ശിപാര്‍ശകളുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ വേണമെന്ന് പറയുന്നുണ്ട്. ആഗോളവല്‍കരണം നടപ്പാക്കുന്നവരായിരുന്നില്ല ഈ കമ്മിറ്റികള്‍.’ വിപ്ളവത്തിന്‍െറ കാര്യത്തില്‍ ‘ഞങ്ങളെപ്പോലെയല്ല നിങ്ങളെ’ന്ന് മാക്സിസ്റ്റുകാര്‍ക്കുറപ്പുണ്ട്. അതിനാല്‍ ശിപാര്‍ശ തന്നാലും ‘നടപ്പാക്കില്ളെന്നുറപ്പാണ്’ എന്ന് വാദിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്തിറങ്ങി. വിദേശനിക്ഷേപം അനുവദിച്ചവര്‍ക്ക് ഇരട്ടമുഖമാണെന്ന അടിക്കുറിപ്പോടെ പ്രതിപക്ഷം ശാന്തരായി ഇറങ്ങിപ്പോയി. വമ്പന്‍മാരിറങ്ങിയിട്ടും കളിതോറ്റ് മടങ്ങാനായിരുന്നു വിധി.
അനൗദ്യോഗിക പ്രമേയത്തിലും നേരിട്ടു ഈ മട്ടിലൊരു തിരിച്ചടി. 2006 വരെ ലഭിച്ചിരുന്ന 13.92 ലക്ഷം ടണ്‍ കേന്ദ്ര അരി വിഹിതം പുനസ്ഥാപിക്കാനായിരുന്നു വി.എസ് സുനില്‍കുമാറിന്‍െറ പ്രമേയം. 1964ലെ പോലെ ഒന്നിച്ചുനില്‍ക്കണം, അരി വിഹിതം കേന്ദ്ര ഒൗദാര്യമല്ല, റേഷന്‍ കടകള്‍ പൂട്ടിക്കാന്‍ നീക്കം, ആഗോളവല്‍കരണമാണ് യഥാര്‍ഥ പ്രശ്നം തുടങ്ങി പ്രത്യയശാസ്ത്രപരവും അല്ലാത്തതുമായ കാര്യങ്ങളെല്ലാം വിശദീകരിച്ച സുനില്‍കുമാറിനോടും മന്ത്രി അനൂപ് ജേക്കബ് ഒറ്റ വരിയില്‍ മറുപടി പറഞ്ഞു: ‘ഇപ്പോള്‍ മൊത്തം 16 ലക്ഷം കിട്ടുന്നുണ്ട്. പ്രമേയം പാസാക്കിയാല്‍ അത് കുറയും.’ 36,000 ടണ്‍ മാത്രമേ കിട്ടുന്നുള്ളൂവെന്ന സുനില്‍കുമാറിന്‍െറ വാദം കണക്കുകൊണ്ട് കളിച്ച് മന്ത്രി തള്ളി. മൊത്തക്കണക്ക് മാറ്റി വില തിരിച്ച് പറഞ്ഞ് സ്വന്തം ഭാഗം ഫലപ്രദമായി സമര്‍ഥിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുമില്ല. ഇതേ വിഷയത്തിലെ അടിയന്തിര പ്രമേയ ചര്‍ച്ചയുടെ മറുപടി കേള്‍ക്കാന്‍ ഇരിക്കാതെ ഇറങ്ങിപ്പോയതാണ് വീണ്ടും പ്രമേയവുമായി വരാന്‍ കാരണമെന്ന് ബെന്നി ബഹനാന്‍ വാദിച്ചു. സംഭരണ ശേഷി കൂട്ടി കൂടുതല്‍ അരി ശേഖരിക്കണമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിയും. 16 ലക്ഷം കിട്ടുന്നതിനാല്‍ പ്രമേയം പിന്‍വലിക്കണമെന്നായിരുന്നു പി.സി ജോര്‍ജിന്‍െറ ആവശ്യം. ഇതുകൊണ്ടൊന്നും തീരില്ല, ഈ വ്യവസ്ഥ തന്നെ മാറ്റണമെന്ന് പതിവുപോലെ സി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. പ്രമേയം സഭ തള്ളി. വോട്ടിംഗ് നില 16:48.
പരിസ്ഥിതി മുഖ്യ പ്രമേയമായി മാറിയ ഈ സെഷനില്‍ പരിസ്ഥിതി പ്രധാനമായ കാര്‍ഷിക കടാശ്വാസ നിയമമടക്കം ആറ് ഓര്‍ഡിനന്‍സുകളാണ് നിയമമാക്കിയത്. ഗവര്‍ണര്‍ തിരിച്ചയച്ച രജിസ്ട്രേഷന്‍ ബില്‍ വീണ്ടും പാസാക്കി. എട്ട് അടിയന്തിര പ്രമേയ നോട്ടീസ് വന്നതില്‍ വിലക്കയറ്റം പ്രത്യേകം ചര്‍ച്ച ചെയ്തു. 18 ശ്രദ്ധ ക്ഷണിക്കല്‍, 177 ഉപക്ഷേപം എന്നിവ അവതരിപ്പിക്കപ്പെട്ടു. 300 ചോദ്യങ്ങള്‍ സഭക്കകത്തുവന്നു. ഇതില്‍ മറുപടി കിട്ടിയത് 39 എണ്ണത്തില്‍. നക്ഷത്ര ചിഹ്നമിടാതെയത്തെിയത് 3547. ദിവസം ശരാശരി 385 ചോദ്യം. സഭക്കകത്ത് പ്രസംഗ ആവശ്യത്തിനായി അംഗങ്ങള്‍ക്ക് ഐ പാഡും ലാപ്ടോപ്പും ഉപയോഗിക്കാന്‍ അനുമതി നല്‍കിയതാണ് ഈ സെഷന്‍െറ ചരിത്ര പ്രാധാന്യം. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു നടപടി. ചട്ടം 49 പ്രകാരം നടന്ന ചര്‍ച്ച അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യമായിരുന്നു.
വ്യാഴാഴ്ച രാത്രി വൈകിയും നടന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാണ് പരിസ്ഥിതി പ്രമേയത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. വികസന വാദികളും പരിസ്ഥിതി വാദികളും തമ്മില്‍ പാര്‍ട്ടികള്‍ക്കതീതമായി ഏറ്റുമുട്ടിയ ചര്‍ച്ചയുടെ അലയൊലി അവസാന ദിവസവും സഭയെ വിട്ടുമാറിയിരുന്നില്ല. പശ്ചിമ ഘട്ടത്തിലെ അനധികൃത ക്വാറികള്‍ തടയണമെന്ന വി.ഡി സതീശന്‍െറ ഉപക്ഷേപം പരിസ്ഥിതി ചര്‍ച്ചക്ക് വീണ്ടും വഴി തുറന്നു. നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ടി.എന്‍ പ്രതാപന്‍ കൊണ്ടുവന്ന അനൗദ്യോഗിക പ്രമേയത്തിലും വിഷയം പരിസ്ഥിതി തന്നെയായിരുന്നു. ചട്ട പ്രകാരം സമയം തീര്‍ന്നതോടെ ചര്‍ച്ച വഴിയില്‍ നിറുത്തിവച്ചാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. അടുത്ത സെഷനില്‍ ആരൊക്കെയുണ്ടാകും പരിസ്ഥിതി വാദിക്കൂട്ടത്തിലെന്ന് കാത്തിരുന്നുകാണാം.

21....12....12

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...