Monday, February 25, 2013

മാപ്പ്, ശാസന -തികച്ചും ഗ്രാമീണം
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറയുമ്പോള്‍ പി.സി ജോര്‍ജ് ജനിച്ചിട്ടുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ അത് പറയില്ലായിരുന്നു. സൗമ്യതയും നിഷ്കളങ്കതയും സത്യസന്ധതയുമൊക്കെയാണ് ഗ്രാമീണതയെന്നാണ് കേരളീയരുടെയും പൊതുവിശ്വാസം. പക്ഷെ ഗാന്ധിജിയുടെ വിവേകം ഗാന്ധിയന്‍മാര്‍ക്കുണ്ടാകണമെന്നില്ല. അതിനാല്‍ പാപത്തിന്‍െറ ശമ്പളം പറ്റുകയാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും. ഒരാഴ്ചയായി ദിവസമായി സ്തംഭിപ്പിച്ച് പിരിയുന്ന പ്രതിപക്ഷത്തെ ഒരുവിധം മെരുക്കിയതാണ് സ്പീക്കര്‍. അപ്പോഴതാ വരുന്നു, വാ നിറയെ വഴിവിട്ട വാക്കുമായി പി.സി ജോര്‍ജ്. പക്ഷെ ജോര്‍ജിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം: ‘ഞാനൊരു ഗ്രാമീണനാണ്.’ മാപ്പും ശാസനയും ബഹളവും സ്തംഭനവുമായി സഭ നാലാം ദിവസവും അലങ്കോലമായി.
ഈ ഗ്രാമീണ നിഷ്കളങ്കതയുടെ ചില മാതൃകകള്‍ ഇന്നലെ സഭയില്‍ വി.എസ് അച്യുതാനന്ദന്‍ തുറന്നുവച്ചു: ‘പ്രതിപക്ഷ അംഗങ്ങളെ ചീഫ് വിപ് തെണ്ടികള്‍ എന്നുവിളിച്ചിരിക്കുന്നു. നേരത്തേ എ.കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ അവഹേളിച്ചു. ദലിതുകളെ ആക്ഷേപിച്ചു. സംവരണം കൊണ്ടൊന്നും അവര്‍ നന്നാകില്ളെന്ന് പ്രഖ്യാപിച്ചു. ദലിതര്‍ അനാഥാലയത്തില്‍ നിന്ന് വിവാഹം ചെയ്യുന്നത് ‘വെളുപ്പ്’ കണ്ടിട്ടാണെന്ന് പറഞ്ഞു. അനാഥാലയങ്ങളിലെ അന്തേവാസികളെല്ലാം ജാര സന്തതികളാണെന്ന ധ്വനിയോടെ പ്രസംഗിച്ചു.’ ജോര്‍ജിനെ കേട്ടുപരിചയിച്ചവര്‍ക്കറിയാം ഇതൊന്നും അത്ര വലിയ ചാര്‍ജല്ളെന്ന്. എന്നാലും പ്രതിപക്ഷം വിട്ടില്ല. മാപ്പ് പറയണം, സ്പീക്കര്‍ നടപടിയെടുക്കണം, നിയമ നടപടി വേണം, ചീഫ് വിപ് സ്ഥാനത്തുനിന്ന് മാറ്റണം എന്നീ ആവശ്യങ്ങളുമായി അവര്‍ നടുത്തളത്തിലത്തെി. വിശദീകരിക്കാനെഴുനേറ്റ ജോര്‍ജ് നിരുപാധികം ഖേദം പറഞ്ഞു. പക്ഷെ അതിനൊപ്പം പിഴവ് പറ്റാനിടയായ കാരണവും വെളിപ്പെടുത്തി: ‘ഞാനൊരു ഗ്രാമീണനാണ്. പ്രസംഗിക്കുന്നതിനിടയില്‍ അങ്ങനെയൊരു വാക്ക് വന്നുപോയതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞ മറ്റ് കാര്യങ്ങളെല്ലാം തെറ്റാണ്.’ മുക്കാലിയില്‍ കെട്ടിയടിക്കുക തുടങ്ങിയ ചില ആചാരങ്ങളും ഗ്രാമങ്ങളിലുണ്ടെന്ന് ജോര്‍ജിന് അറിയുമായിരിക്കും. അല്ലാതെ ഇത്രവേഗം ഇത്രയേറെ വിനീതനാകില്ല, ഈ ഗ്രാമീണന്‍.
എന്നാലും ജോര്‍ജിന്‍െറ നിഷ്കളങ്കതയെ ആദരിക്കണം! യു.ഡി.എഫില്‍ നിന്നോ സ്വന്തം പാര്‍ട്ടിയില്‍ നിന്നോ ഒരു പിന്തുണയും ജോര്‍ജിന് സഭയില്‍ കിട്ടിയിരുന്നില്ല. മുഖ്യമന്ത്രിയാകട്ടെ തള്ളിപ്പറഞ്ഞു. അതിന് ഭരണപക്ഷം കൈയ്യടിച്ചു. പ്രതിപക്ഷം കൂവിവിളിച്ച് പരസ്യമായി ആക്ഷേപിച്ചു. സ്തംഭന സമയത്ത് സൗഹൃദം കൂടാന്‍ ചെന്നപ്പോള്‍ ചീത്ത വിളിച്ച് അവര്‍ തിരിച്ചോടിച്ചു. നാണം കെടാന്‍ ഇനി അധികമൊന്നുമില്ല. എന്നിട്ടും ആ നിഷ്കളങ്കതക്ക് ഒരു കുറവുമുണ്ടായില്ല. ഖേദം പ്രകടിപ്പിക്കാന്‍ ഒട്ടും മടിച്ചുമില്ല. അതാണ് ഗ്രാമീണത. അതൊന്നും പക്ഷെ പ്രതിപക്ഷത്തിന് ബോധ്യമായില്ല. അതോടെ 50 മനിട്ട് സ്തംഭനമായി. പുനരാരംഭിക്കുമ്പോള്‍ സ്പീക്കര്‍ പ്രഖ്യാപിച്ചു: ‘സഭക്ക് പുറത്താണ് പറഞ്ഞതെങ്കിലും ജോര്‍ജിന്‍െറ പ്രസംഗ സി.ഡി പരിശോധിക്കും.’
വനിതാ എം.എല്‍.എമാരെ കൈകാര്യം ചെയ്യുന്ന പോലിസുകാരുടെ ചിത്രവുമായാണ് ഇന്നലെ സി.ദിവാകരന്‍ സഭയിലത്തെിയലത്. അതച്ചടിച്ച പത്രം പഴയതായിരുന്നുവെങ്കിലും ആ നേരത്ത് ശ്രദ്ധിച്ചത് താലിയിലായിരുന്നു. അതിനാല്‍ കാര്യം പറയാന്‍ കഴിഞ്ഞില്ളെന്ന് വീട്ടില്‍ ചെന്നപ്പോള്‍ ദിവാകരന് തോന്നിയിരിക്കണം. ആ ചിത്രത്തില്‍ കാണുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് സഭ തീരാന്‍ 20 മിനിട്ട് ബാക്കിയിരിക്കുമ്പോഴാണ്. അതില്‍ 15 മിനിട്ട് ബഹളവും ഒടുവില്‍ ബഹിഷ്കരണവും. കഴിഞ്ഞ ദിവസം ഡയസില്‍ കയറിയതിന് ശാസന നേരിട്ട കെ.കെ ലതിക പഴയ പത്രവുമായി വീണ്ടും സ്പീക്കറുടെ മുന്നിലത്തെി. ഡയസില്‍ കയറി അത്രക്കങ്ങ് ഗ്രാമീണയായില്ളെങ്കിലും ഒച്ചയെടുപ്പിനും ആവേശത്തിനും ഒട്ടും കുറവുണ്ടായില്ല.
രാവിലെ അടിയന്തിര പ്രമേയത്തില്‍ ഇ.പി ജയരാജന്‍ കോലീബി സഖ്യവും മറ്റുമായി സഹകരണ തെരഞ്ഞെടുപ്പിന്‍െറ പേരില്‍  ആഞ്ഞടിച്ചെങ്കിലും വെറും മൂന്ന് മിനിറ്റ് മറുപടി കൊണ്ട് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അത് തള്ളിക്കളഞ്ഞു. ജയരാജന്‍ പറയാന്‍ തുടങ്ങിയാല്‍ വഴിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്. സ്പീക്കര്‍ക്കും അതില്‍ ഇളവില്ല: ‘സ്പീക്കര്‍ ഞങ്ങളെ ശാസിച്ചാല്‍ മാത്രം പോര. ഞങ്ങള്‍ക്ക് ചില അവകാശങ്ങളുമുണ്ട്. എന്‍െറ പേര് ഇടക്കിടെ വിളിച്ചിട്ട് കാര്യമില്ല. ഇത് ജനം അറിയണം.’ ആറോളിയും ഒരു ഗ്രാമമായതിനാല്‍ സ്പീക്കര്‍ പിന്നെ കാര്യമായി ഇടപെട്ടില്ല.
തിങ്കളാഴ്ച അഞ്ച് ആണുങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചിരുന്നു. പിറ്റേന്ന് അത് സപീക്കര്‍ ക്ഷമിച്ചു. കോണ്‍ഗ്രസുകാരുടെ പരാതി തള്ളിയാണ് സ്പീക്കര്‍ ഉദാരവാനായത്. അതിന്‍െറ ഫലം വ്യാഴാഴ്ച കണ്ടു. ആണുങ്ങള്‍ക്കൊപ്പം അവസര സമത്വം പ്രഖ്യാപിച്ച് നാല് പെണ്ണുങ്ങള്‍ ഡയസിലത്തെി. കെ.കെ ലതികയായിരുന്നു നേതാവ്. പിന്നില്‍ ജമീല പ്രകാശം, കെ. എസ് സലീഖ, അയിഷ പോറ്റി എന്നിവരും. ആണുങ്ങളോട് ക്ഷമിച്ചതിനാല്‍ പെണ്ണുങ്ങളോട് രണ്ട് വട്ടം ക്ഷമിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതുപക്ഷെ തെറ്റി. കടുത്ത സ്വരത്തില്‍ നാലുപേരെയും സ്പീക്കര്‍ ശാസിച്ചു. ലോകം മുഴുവന്‍ സ്ത്രീ പുരുഷ സമത്വത്തിനായി ‘ജന്‍ഡര്‍ വാര്‍’ നടക്കുന്ന ഇക്കാലത്താണ് ഈ ലേഡീസ് ഒണ്‍ലി ശാസന. അതും അതി വിപ്ളവ വനിതകളോട്. അതിനാല്‍ തിങ്കളാഴ്ചയും സ്തംഭനോല്‍വസത്തിന് വകുപ്പുണ്ട്.

8...02...13

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...