Monday, February 25, 2013

ന്യൂജനറേഷന്‍ കരി ഓയില്‍
തോറ്റുപോകുന്ന സി.പി.എമ്മിന്‍െറ പുതതലമുറ സമരങ്ങളെപ്പറ്റി കെ. മുരളീധരന്‍ പറഞ്ഞുവച്ചതിന് പിന്നാലെയായിരുന്നു അബ്ദുസ്സമദ് സമദാനിയുടെ പുതുതലമുറ രാഷ്ട്രീയത്തിന്‍െറ സൈദ്ധാന്തിക വിശകലനം: ‘അത് ന്യൂ ജനറേഷന്‍ സിനിമ പോലെയാണ്. കൊടിയും നിറവുമില്ല. പാര്‍ട്ടിയുമില്ല. ജനങ്ങളിറങ്ങും.’ കേരളത്തില്‍ പക്ഷെ ന്യൂജനറേഷന്‍ സമരത്തിന് വേറെ വഴിയാണെന്ന് ഇത്പറഞ്ഞുതീരും മുമ്പ് സമദാനിക്കും സഭക്കും ബോധ്യമായി. തോല്‍ക്കാത്ത സമരങ്ങള്‍ സി.പി.എമ്മിന്‍െറ കൈയ്യിലുണ്ടെന്ന് മുരളീധരന് മനസ്സിലായി. ദൃശ്യ സാധ്യതകളുടെ ന്യൂജനറേഷന്‍ കാല സമരമെന്തെന്ന് കേരത്തിനും. ഉരുണ്ടുകളിയും ഒഴിഞ്ഞുമാറലുമായി മന്ത്രിനിര അതിന് കരുത്ത് പകര്‍ന്നു. അങ്ങനെ സൂര്യനെല്ലിയും കുര്യനും കൂടി രണ്ടാം ദിവസവും സഭയെ സംഭവബഹുലമാക്കി. സൂര്യനെല്ലി പുതുതലമുറത്തീയായി സഭയില്‍ പടര്‍ന്നു.
അടിയന്തിര പ്രമേയത്തിന് പിന്നാലെയാണ് വി.എസ് അച്യുതാനന്ദന്‍െറ ഉപക്ഷേപം വന്നത്. വിഷയം കുര്യനെതിരായ പുതിയ സാക്ഷി മൊഴികള്‍. സഭയിലുരുളാന്‍ നേര്‍ച്ച നേര്‍ന്ന പോലെയായി അതോടെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും. പുതിയ സംഭവങ്ങളൊന്നും അറിഞ്ഞ മട്ടേയില്ല.  നേരത്തേ പറഞ്ഞതു മാത്രം ആവര്‍ത്തിച്ചു. എല്ലാത്തിനും തുറന്ന മനസ്സാണെന്ന വിനീത ഭാവമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പുതിയ നമ്പര്‍. പക്ഷെ വി.എസ് വിട്ടില്ല:  ‘ഇടിക്കുളയുടെ സഹധര്‍മിണി പറഞ്ഞതോടെ കുര്യന്‍ വേറെ എവിടെയോ പോയിരിക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു.’ കോടതിയരിക്കട്ടെ, നിങ്ങളുടെ നയം എന്താണ് എന്ന തോമസ് ഐസകിന്‍െറ ചോദ്യം മുഖ്യമന്ത്രി ‘സൗകര്യപൂര്‍വം’ കേട്ടില്ല. കുര്യനെ എവിടെയും വിചാരണ ചെത്തിട്ടില്ളെന്ന കോടിയേരിയുടെ പോയിന്‍റ് മുഖ്യമന്ത്രി ‘അറിഞ്ഞുമില്ല’. ഒരു സ്തംഭനം മണത്തുതുടങ്ങിയ നേരത്ത് പക്ഷെ ചൂടും ചൂരുമില്ലാത്ത ഇറങ്ങിപ്പോക്കില്‍ പ്രതിപക്ഷം അവസാനിപ്പിച്ചു. ഈ സൗമനസ്യംകണ്ട് ഭരണപക്ഷം പോലും വിസ്മയിച്ചു.
അങ്ങനെയിരിക്കെയാണ് സഭക്ക് പുറത്ത് സമരം ചെയ്ത വനിതകള്‍ക്കെതിരെ പോലിസ് നടപടിയുണ്ടായത്. ‘മൂന്ന് പേര്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലാണ്’ എന്ന ആമുഖത്തോടെ വി.എസ് അച്യുതാനന്ദന്‍ വീണ്ടും തുടങ്ങിയപ്പോള്‍ പാലോട് രവിയുടെ മകളുടെ കല്ല്യാണത്തിന് പോകാനിരുന്നവര്‍ക്കെല്ലാം പ്രതീക്ഷയായി. പക്ഷെ ആഭ്യന്തര മന്ത്രിയുടെ മറുപടിയോടെ അതും തണുത്തു.
ഇതിന് പിന്നാലെ കോടിയേരി ബാലകഷ്ണന്‍ രംഗത്തത്തെി. രണ്ട് വനിതാ എം.എല്‍.എമാരെ പോലിസ് മര്‍ദിച്ചു എന്നായിരുന്നു ആരോപണം. അതോടെ സഭയിളകി. തന്ത്രം മെനയാന്‍ മുന്‍ നിരക്കാരില്ലാതെ ഭരണപക്ഷവും മുന്നോട്ടുനീങ്ങാനാകാതെ ചെയറിലിരുന്ന സുരേഷ് കുറുപ്പും ആശയക്കുഴപ്പത്തിലായ സന്ദര്‍ഭത്തില്‍ പ്രതിപക്ഷം ആവേശം കൂട്ടിയതോടെ സഭ സ്തംഭനത്തിലേക്ക് നീങ്ങി. ഏറെ നേരത്തെ തര്‍ക്കവും ആശയക്കുഴപ്പവും തീര്‍ക്കാനത്തെിയ ആഭ്യന്തര മന്ത്രിയുടെ വാദം വിചിത്രമായിരുന്നു: ‘ഗീത ഗോപി പോലിസ് ക്യാമ്പിലേക്കുള്ള വണ്ടിയില്‍ കയറിപ്പോയി. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ബിജിമോള്‍ ഇപ്പോഴും റോഡില്‍ കുത്തിയിരിക്കുന്നുണ്ട്.’ പോലിസ് ക്യാമ്പിലേക്ക് ഗീത ടാക്സി വിളിച്ച് പോയതാണോ എന്നുപോലും കേട്ടിരുന്നവര്‍ സംശയിച്ചുപോയി. അറസ്റ്റാണെന്ന് പ്രതിപക്ഷം ആണയിട്ടിട്ടും മന്ത്രിക്ക് ഭാവമാറ്റമില്ല. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ സഭ വേണ്ടെന്നായി കോടിയേരി. തര്‍ക്കത്തിനിടെ സമദാനിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ ക്ഷണിച്ചതോടെ വീണ്ടും ശാന്തത.
ഇതിനിടെ പുറത്തേക്ക് പോയ വി.എസ് അച്യുതാനന്ദനും സംഘവും കൊടുങ്കാറ്റുപോലെ സഭയില്‍ തിരിച്ചത്തെി. മുന്നില്‍ മുദ്രവാക്യവുമായി സുനില്‍കുമാര്‍. കൂടെ സി. ദിവാകാരന്‍ മുതല്‍ കെ.ടി ജലീല്‍ വരെയുണ്ട്. അവര്‍ക്കിടയില്‍ കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച്, വേച്ചുവേച്ച് ബിജിമോള്‍. എന്തും സംഭവിക്കാമെന്ന ആശങ്കയില്‍ സഭ നിശ്ശബ്ദമായി. ബിജിമോള്‍ക്ക് ചുറ്റും അംഗങ്ങള്‍ ഓടിക്കൂടി. ബിജിമോളെ സംസാരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഉടനെ നടുത്തളത്തില്‍ സംഘടിച്ചു. അവശയായ ബിജിമോള്‍ക്ക് വെള്ളം കൊടുക്കാന്‍ ഓടിനടന്നത് ഭരണപക്ഷക്കാരായ കെ. ശിവദാസന്‍ നായരും എന്‍ ഷംസുദ്ദീനും. പരിക്കേറ്റെങ്കില്‍ രാഷ്ട്രീയം കളിക്കാതെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിഷ്ണുനാഥിന്‍െറ ഉപദേശം. ബഹളമയമായ നാടകീയതകള്‍ക്കൊടുവില്‍ ബിജി മോള്‍ സംസാരിച്ചു: ‘ജീവിക്കാനുള്ള അവസരം വേണം. അപമാനകരമാണിത്. പോലിസ് താലിപോലും പൊട്ടിച്ചു.’ ശരീര ഭാവവും ശബ്ദ നിയന്ത്രണവും കൊണ്ട് അവശത അങ്ങേയറ്റം ഫലിപ്പിച്ചു, ബിജിമോള്‍. പിന്നെ ആശുപത്രിയിലേക്ക്. പിന്നാലെ സഭ സ്തംഭിച്ചു. സമയം 1.40.
പതിവുപോലെ രണ്ട് മണിക്കൂര്‍ പുറം ചര്‍ച്ച. വീണ്ടും ചേര്‍ന്നപ്പോള്‍ തിരുവഞ്ചൂരിന് ഒരു കാര്യം മനസ്സിലായി: ‘ഗീത ബസില്‍ കയറിപ്പോയതല്ല. പോലിസ് നീക്കം ചെയ്തതാണ്.’ ബാക്കിയെല്ലാം പഴയതുതന്നെ -റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും. അതിനും കുറ്റം ബിജിമോള്‍ക്ക് തന്നെ: ‘ആരുടെ പേരും പ്രസ്താവനയലില്ല. പിന്നെയെങ്ങനെ നേരിട്ട് നടപടിയെടുക്കും?’ പഴയകാലമല്ല, എല്ലാം പെട്ടെന്നറിയാം, പിന്നെയെന്തിന് നടപടിക്ക് സമയം കളയണമെന്ന വാദവുമായി പ്രതിപക്ഷവും. അര മണിക്കൂര്‍ തര്‍ക്കം. എങ്ങുമത്തെില്ളെന്നുറപ്പായപ്പോള്‍ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. എല്ലാത്തിനും വിഷ്വലുണ്ട് എന്ന മന്ത്രിയുടെ ഭീഷണിയും ഗീത ഗോപി എവിടെയെന്ന പ്രതിപക്ഷ ചോദ്യവും കേട്ടാണ് സഭ പിരിഞ്ഞത്. അതിനാല്‍ കളിയിന്നും തുടര്‍ന്നേക്കും.
ഇത്രയൊക്കെയുണ്ടെങ്കിലും പുതുതലമുറ രാഷ്ട്രീയത്തിനൊത്ത മികച്ച പ്രസ്താവന ഇന്നലെ നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്: ‘ഫീസ് കൂട്ടിയതിന് ഉദ്യോഗസ്ഥനെ കരി ഓയില്‍ ഒഴിച്ചിട്ടെന്ത് കാര്യം? തീരുമാനം സര്‍ക്കാറിന്‍േറതാണ്. പ്രതിഷേധമുണ്ടെങ്കില്‍ എന്‍െറ മുഖത്തായിരുന്നു അത് ഒഴിക്കേണ്ടിയിരുന്നത്.’ എല്ലാം തത്സമയം കാണുന്ന പുതിയ കാലത്ത് സൂര്യനെല്ലിയേക്കാള്‍ വലിയ കരിയോയില്‍ കിട്ടാനില്ളെന്ന് ന്യൂ ജനറേഷന്‍ ഗാന്ധിയന്മാര്‍ക്ക് പോലും മനസ്സിലായിട്ടുണ്ട്.

6...02...13

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...