Monday, February 25, 2013

പ്രളയകാലത്തെ മൂര്‍ഖനും കാളയും



പ്രസംഗിച്ച് കാടുകയറുക എന്നത് മലയാളത്തില്‍ അറിയപ്പെടുന്ന പ്രയോഗമാണ്. നദീതീരം സംരക്ഷിക്കാനും മണല്‍ വാരല്‍ നിയന്ത്രിക്കാനും വേണ്ടി അംഗങ്ങള്‍ നടത്തിയ നാല് മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് പക്ഷെ ഈ ഉപമ ഒട്ടും ചേരില്ല. അത്രമേല്‍ ഗൗരവത്തോടെ അംഗങ്ങള്‍ പ്രസംഗിച്ചത് കൊണ്ടല്ല ഈ അനൗചിത്യം. മറിച്ച് ആ പ്രയോഗത്തിന്‍െറ വ്യാപ്തി കുറഞ്ഞുപോകുമെന്നത് കൊണ്ട് മാത്രം. കാട്ടിലെ മൃഗങ്ങള്‍ക്ക് അതൊരു നാണക്കേടായേക്കുമെന്ന ആശങ്കയും. പുഴപോലെ അറ്റമില്ലാതൊഴുകിയും മണല്‍ കുഴിപോലെ ഉള്ളിലാന്നുമില്ലാത്ത മഹാ ഗര്‍ത്തമായി മാറിയും ആ പ്രസംഗങ്ങള്‍ സഭയില്‍ വാക്കുകളുടെ പ്രളയമുണ്ടാക്കി. ‘കയറൂരിവിട്ട കാളയല്ല നിയമസഭ’ എന്ന് ഒടുവില്‍ സ്പീക്കര്‍ക്ക് പറയേണ്ടിവന്നു. അത്രകേമം.
ദിവസങ്ങളോളം സഭയെ നടുത്തളത്തിലിരുത്തിയ എം.എല്‍.എ മര്‍ദനത്തിന് ശുഭാന്ത്യമായതോടെ തന്നെ സഭയില്‍ പ്രസംഗ പ്രളയം പ്രവചിക്കപ്പെട്ടു. അമ്പതിലധികം ഉപക്ഷേപങ്ങളും ചട്ടപ്പടി ചര്‍ച്ചകളുമായി അത് സമൃദ്ധമായി. സഭയുടെ ചട്ടത്തില്‍ തൊട്ടാല്‍ വല്ലാതെ മനസ് വേദനിക്കുന്ന ഒരുപാട് പേരുണ്ട് സഭയില്‍. സുരേഷ് കുറുപ്പാണ് മികച്ച ചട്ടക്കാരന്‍. എ.കെ ബാലനും ഒട്ടും മോശമല്ളെങ്കിലും കുറുപ്പിനോളമത്തെില്ല. അടിയന്തിര ചോദ്യം അനുവദിച്ചതിനാല്‍ നിലവിലെ റൂള്‍സ് തന്നെ മാറ്റണമെന്നായിരുന്നു കുറുപ്പിന്‍െറ പുതിയ ആവശ്യം. മുപ്പത് കൊല്ലത്തെ കീഴ്വഴക്കം വേറെയാണെന്ന് സ്പീക്കര്‍ ആവുംപോലെ പറഞ്ഞെങ്കിലും കുറുപ്പ് വിട്ടില്ല.
നദീതീര സംരക്ഷണ ബില്‍ വന്നപ്പോഴും കുറുപ്പ് ചട്ടത്തില്‍ പിടിച്ചു. ധനകാര്യ മെമ്മോറാണ്ടത്തെപ്പറ്റി പറയാത്തതിനാല്‍ ബില്‍ തന്നെ നിലനില്‍ക്കില്ളെന്നായിരുന്നു വാദം. അത്പറയേണ്ട സമയം കഴിഞ്ഞുവെന്ന് സ്പീക്കര്‍ വിധി പറഞ്ഞിട്ടും വിട്ടില്ല. കുറുപ്പിന്‍െറ ആവശ്യം പരിഗണിച്ച് എ. പ്രദീപ്കുമാര്‍ ഇക്കാര്യം അവതരിപ്പിച്ചു. അപ്പോള്‍ പക്ഷെ ചെയറില്‍ സുരേഷ് കുറുപ്പ് തന്നെ. അതോടെ ചട്ടം ചെയറിനൊപ്പമായി: ‘ഇക്കാര്യത്തില്‍ നേരത്തേ റൂളിംഗ് വന്നതാണ്. പുതുതായി എന്തെങ്കിലുമുണ്ടെങ്കില്‍ വീണ്ടും പറയാം.’ നില്‍ക്കുന്നിടമാണല്ളോ നിയമം? ഇതിനിടെയാണ് സഭയുണ്ടാക്കുന്ന നിയമത്തിനൊന്നും ചട്ടമുണ്ടാകുന്നില്ളെന്ന പരാതിയുമായി സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം. ഉമ്മര്‍ രംഗത്തുവന്നത്. പിന്നെ അരമണിക്കൂര്‍ അതായി ചര്‍ച്ച.
ബില്‍ ചര്‍ച്ചക്ക് നിയന്ത്രണമില്ളെന്നത് അവകാശമാണെന്ന് അംഗങ്ങള്‍ക്കറിയാം. എന്നാല്‍ ബില്ലിന്‍െറ വിഷയത്തില്‍ ഒതുങ്ങി നില്‍ക്കണമെന്ന കാര്യം ആര്‍ക്കുമറിയില്ല. ഇങ്ങനെ വിഷയത്തില്‍ മാത്രം സംസാരിച്ചാല്‍ കീഴ്വഴക്കം ലംഘിക്കലാകുമെന്ന് ധരിച്ചുവശായവരില്‍ ഒരാളാണ് എ. പ്രദീപ് കുമാര്‍. കോഴിക്കോട് കലക്ടറേറ്റിലെ മരം മുറിച്ചതാണ് നദീതീരം സംരക്ഷിക്കുന്നതില്‍ മുഖ്യപ്രശ്നമായി പ്രദീപിന് തോന്നിയത്. രാവിലെ ഉപക്ഷേപത്തില്‍ പറഞ്ഞത് തന്നെ വിശദമായി വീണ്ടും പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതായി അവകാശപ്പെട്ടപ്പോള്‍ ചെയറിലുണ്ടായിരുന്ന സുരേഷ് കുറുപ്പ് ചട്ടത്തില്‍ പിടിച്ചു: ‘എഴുതിത്തരാത്തതിനാല്‍ രേഖയില്‍ നിന്ന് നീക്കും.’
ബില്ലിനെ പറ്റി ഒരക്ഷരം മിണ്ടില്ളെന്ന കടുത്ത ശാഠ്യക്കാരനാണ് ബാബു എം. പാലിശ്ശേരി. പുഴക്ക് മുഴുവന്‍ അരികുകെട്ടണമെന്നതാണ് ആകെ പറഞ്ഞ കാര്യം. അത് സി.പി മുഹമ്മദ് ആധികാരികമായി ചോദ്യംചെയ്തതോടെ ബാബു കരക്കുകയറി. പിന്നെ കരയിലൂടെ ഒരൊഴുക്കായിരുന്നു. സകലരെയും പരമാവധി പ്രകോപിപ്പിക്കുകയാണ് പ്രധാന പരിപാടി. സംഘകാലത്തിന്‍െറ തിരുശേഷിപ്പ്. അത് അംഗങ്ങളുടെ വര്‍ഗീകരണത്തിലത്തെി: ‘എം.എല്‍.എമാര്‍ പലതരമുണ്ട്. ഹരിതം. മഞ്ഞ. കടുംപച്ച. ഗാന്ധിയന്‍മാര്‍ അഥവ ഗാന്ധി നോട്ടിന് പുറകേ പോകുന്നവര്‍. ഉറക്കക്കാര്‍...’ അത്രയുമായപ്പോള്‍ ഭരണപക്ഷ ബഹളമായി. ‘കാവി എം.എല്‍.എമാരുടെ ഒരു കൂട്ടമുണ്ടെന്ന്’ വര്‍ക്കല കഹാര്‍ വിളിച്ചുപറഞ്ഞതോടെ ബാബു ആ വിഷയം വിട്ടതാണ്. പക്ഷെ ഡൊമിനിക് പ്രസന്‍േറഷനും ബെന്നി ബഹനാനും ശിവദാസന്‍ നായരും വിട്ടില്ല. ഒടുവില്‍ ക്ഷമ പറഞ്ഞ് ബാബു പിന്‍വാങ്ങി.
പ്രതിപക്ഷത്തുനിന്ന് മൈക്കിന് മുന്നിലൂടെ വഴി നടക്കുന്നവര്‍ക്കെല്ലം കൊട്ടാന്‍ പാകത്തില്‍ ഒരു ചെണ്ട സഭയിലുണ്ട്. പി.സി ജോര്‍ജ്. പ്രതിപക്ഷത്തിന്‍െറ ‘ജോര്‍ജ് ആമ്രകണ’ങ്ങളുടെ കൈ്ളാമാക്സായിരുന്നു വി.എസ് സുനില്‍കുമാറിന്‍െറ ബില്‍ പ്രസംഗം. കൊള്ളമുതല്‍ പങ്കുവക്കുന്നതില്‍ ജോര്‍ജും ഹരിത അംഗങ്ങളും തമ്മില്‍ തര്‍ക്കമാണെന്നായിരുന്നു സുനിലിന്‍െറ ആദ്യ കണ്ടത്തെല്‍. അംഗങ്ങളെ തെണ്ടികളെന്ന് വിളിച്ചതിനാല്‍, തെണ്ടികളെ എം.എല്‍.എ എന്ന് വിളിക്കാമോ എന്ന സംശയവും. ഇത്രയുമായപ്പോള്‍ സാജുപോള്‍ രംഗത്തിറങ്ങി: ‘നാഗക്ഷേത്രത്തില്‍ ജോര്‍ജ് തുലാഭാരം നടത്തിയതില്‍ പ്രതിഷേധിച്ച് നാഗരാജാക്കന്‍മാര്‍ മൂര്‍ഖനെ സഭയിലേക്ക് അയച്ചു. അതിനെയാണ് ലൈബ്രറിയില്‍ നിന്ന് പിടിച്ചത്.’ ‘നാഗശാപമേറ്റ സഭയില്‍ രാജവെമ്പാല തന്നെ വരുമെന്ന്’ സുനില്‍കുമാറും. അപ്പോള്‍ സാജുപോള്‍ മറ്റൊരു രഹസ്യം വെളിപ്പെടുത്തി: ‘പാമ്പിനെപ്പേടിച്ച് ഗരുഡന്‍ ഏലസ് അരയില്‍ കെട്ടിയാണ് ജോര്‍ജ് നടക്കുന്നത്. അതാണ് വയറിനിത്ര തടി.’ സുനില്‍കുമാറിനും അതോടെ ആവേശമായി: ‘മഞ്ഞള്‍കൊണ്ട് തുലാഭാരം നടത്തിയിട്ടും വിഷം കുറഞ്ഞിട്ടില്ല. ജോര്‍ജ് അവിടത്തെന്നെയിരുന്ന് നശിക്കണം. അതിനൊപ്പം ഈ സര്‍ക്കാര്‍ കൂടി നശിക്കും.’ ഇത്രയുമായപ്പോള്‍ ജോര്‍ജ് വിനയാന്വിതനായി: ‘എന്തിനാണ് എന്‍െറ മുതുകത്തേക്കിങ്ങനെ കയറുന്നത്? ഇതൊന്ന് നിറുത്തിക്കൂടെ?’
പി.സി ജോര്‍ജിന്‍െറ ചോദ്യം വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് ആര്യാടന്‍ മുഹമ്മദിനെപ്പോലൊരു മന്ത്രി ഗതാഗതം ഭരിക്കുമ്പോള്‍. കെ.എസ്.ആര്‍.ടി.സിയുടെ കാര്യം ചോദിച്ചപ്പോഴായിരുന്നു ആര്യാടന്‍ സ്വന്തം പ്രാഗത്ഭ്യം വെളിപ്പെടുത്തിയത്: ‘ഇങ്ങനെപോയാല്‍ ഷെഡ്യൂളുകള്‍ എനിക്ക് വെട്ടിക്കുറക്കേണ്ടി വരില്ല. അത് താനേ നിന്നോളും. ഹാര്‍ട്ട് അറ്റാക്ക് വരുംപോലെ അത് വരും. അതാണ് കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ.’ ഗതാഗത മന്ത്രിയെ ഗരുഡന്‍ തൂക്കം തൂക്കേണ്ട നേരത്താണ് പ്രതിപക്ഷം ചെണ്ടക്കൊട്ടി കളിക്കുന്നത്. ഗ്രഹണസമയത്തുതന്നെ വാക് പ്രളയമുണ്ടായിട്ടും നീര്‍ക്കോലിയുടെപോലും കടിയേല്‍ക്കാതെ പായുന്ന ഈ മന്ത്രിയെ കണ്ടിട്ടാകണം കയറൂരിയ കാളയെക്കുറിച്ച് സ്പീക്കര്‍ ഓര്‍മിപ്പിച്ചത്.


18...02....13

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...