ക്വാട്ട കുറഞ്ഞത് തിരിച്ചടിയായി; ഹജ്ജ് യാത്രാ ചിലവ് ഉയരുന്നു

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ക്വാട്ട കുറഞ്ഞത് സാധാരണക്കാരായ തീര്‍ഥാടകര്‍ക്ക് തരിച്ചടിയാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒമാനില്‍ നിന്ന് യാത്രക്ക് ആവശ്യമായിരുന്നതിന്റെ ഇരട്ടിയോളം തുക അധികം നല്‍കേണ്ട അവസ്ഥയിലാണ് തീര്‍ഥാടകരിപ്പോള്‍. പലരും യാത്ര മാറ്റിവക്കുന്നതിനെപ്പറ്റി വരെ ആലോചിക്കുന്നുണ്ട്. ഹജ്ജ് യാത്ര സംഘാടകരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

കഅ്ബയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഈ വര്‍ഷം മൊത്തം ഹജ്ജ് യാത്രികരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തില്‍ കുറവുവരുത്തി. ഇതേതുടര്‍ന്ന് മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയോളം സീറ്റ് ഒമാനിന് കുറഞ്ഞതായണ് കണക്കാക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്. ഹജ്ജ് ക്വാട്ട ലഭിച്ച മൂന്ന് വിഭാഗം കോണ്‍ട്രാക്ടര്‍മാരാണ് ഒമാനിലുള്ളത്. ഒമാനികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളില്‍ തന്നെ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍. ഇതില്‍ വിദേശികളില്‍ ഏഷ്യക്കാരെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചവര്‍ വഴിയോ അവര്‍ക്ക് വേണ്ടി ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നവര്‍ വഴിയോ ആണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഹജ്ജിന് പോകുന്നത്. ഏറ്റവുമേറെ തീര്‍ഥാടകരുണ്ടാകുന്നത് ഏഷ്യന്‍ വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിണ് യാത്രാ നരിക്ക് ഉയര്‍ന്നിരിക്കുന്നത്. മലയാളി സംഘങ്ങളിലും മറ്റുമായി കഴിഞ്ഞ തവണ ഹജ്ജിന് പോകാനായി ചിലവായത് 900 റിയാല്‍ മുതല്‍ പരമാവധി 1100 റിയാല്‍ വരെയായിരുന്നു. എന്നാല്‍ ഇത്തവണ പ്രാഥമിക കണക്കുകള്‍ പ്രകാരം തന്നെ  ഇത് 1700 റിയാലിന് മുകളിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ പല ഹജ്ജ് സംഘാടകരും ഉയര്‍ന്ന തുക നല്‍കി സീറ്റ് സംഘടിപ്പിക്കാന്‍ തയാറായി.  ഇതാണ് നരിക്ക് ഉയരാന്‍ കാരണമായത്.

ഒമാനില്‍ നിന്ന് ഹജ്ജിന് തയാറെടുത്ത സാധാരണക്കാരെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 1000 റിയാല്‍ ഏകദേശ ചിലവ് പ്രതീക്ഷിച്ച് യാത്രക്ക് തയാറെടുത്തവര്‍ ഇപ്പോള്‍ ഏതാണ്ട് ഇരട്ടി തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. യാത്ര മാറ്റിവക്കേണ്ട അവസ്ഥ വരെ ചിലര്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലും മറ്റും ഹജ്ജ് യാത്രക്ക് അവസരമൊരുക്കുന്നവരെയും ഇത് പ്രതിസന്ധിയിലാക്കി. നേരത്തേ കണക്കാക്കിയതിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടേണ്ട അവസ്ഥയിലാണ് അവരിപ്പോള്‍. യാത്രാസന്നദ്ധത അറിയിച്ചവരെ നേരില്‍ വിളിച്ച് ഉറപ്പാക്കിയ ശേഷം ആവശ്യക്കാരില്ലെങ്കില്‍ സീറ്റുകളുടെ എണ്ണം കുറക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് ഒരു മലയാളി ഹജ്ജ് സംഘാടകന്‍ പറഞ്ഞു. ഏതാണ്ടെല്ലാ ഹജ്ജ് യാത്രാ സംഘാടകരും സമാനമായ അവസ്ഥയിലാണ്.

(1..08..13)

Comments

Popular posts from this blog

രവീന്ദ്രനാഥിന്റെ കാലത്തെ ചോദ്യങ്ങളും അബ്ദുര്‍റബ്ബിന്റെ കാലത്തെ ഉത്തരങ്ങളും

സ്വാശ്രയ എഞ്ചിനീയറിങ്: ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും?

മതമില്ലാത്ത വോട്ടിന്റെ മതവും ജാതിയും