Friday, August 2, 2013

ഒമാനിലെ വിദേശികളില്‍ പകുതിയോളം ഇന്ത്യക്കാര്‍; മൂന്നിലൊന്നിന് പ്രാഥമിക വിദ്യാഭ്യാസമില്ല

മസ്‌കത്ത്: ഒമാനിലെ വിദേശ തൊഴിലാളികളില്‍ നാല്‍പത് ശതമാനത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍. ഓമനില്‍ ഏറ്റവുമധികമുള്ളതും ഇന്ത്യക്കാര്‍ തന്നെ. ബാക്കി വിദേശ തൊഴിലാളികള്‍ മൂന്ന് ശതമാനമൊഴികെ അ്വശേഷിക്കുന്നവര്‍ മറ്റ് എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വരുന്നതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന വിദേശികളില്‍ മൂന്നിലൊന്നിനും പ്രാഥമിക വിദ്യാഭ്യാസ മില്ല. 1.5 ശതമാനം പേര്‍ പൂര്‍ണ നിരക്ഷരരാണെങ്കില്‍ 27.58 ശതമാനം കേവലം എഴുത്തും വായനയും മാത്രം അറിയുന്നവരാണ്. സര്‍ള്‍വകലാശലാ തലത്തിലോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാകട്ടെ വെറും പത്ത് ശതമാനത്തില്‍ താഴെയാണ്. അടിസ്ഥാന/പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയാണ് വിദേശികളില്‍ മഹാഭൂരിഭാഗവും ഇവിടെ തൊഴില്‍ തേടിയെത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2013 മേയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 14.92 ലക്ഷം വിദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വെറും പത്ത് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. 1.33 ലക്ഷം പേരും പുരുഷന്‍മാര്‍ തന്നെ. മൊത്തം വിദേശികളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ 6,03,761. ഇത് ഒമാനിലെ ആകെ വിദേശ തൊഴില്‍ ശേഷിയുടെ 40.46 ശതമാനം വരും. ബംഗ്ലാദേശികളാണ് ഇതിന് പിന്നില്‍: 4.68 ലക്ഷം. അഥവ 31.42 ശതമാനം. പാക്കിസ്ഥാനില്‍ നിന്ന് 2.22 ലക്ഷം പേരുണ്ട്. ഇത് 14.94 ശതമാനം വരും. ഒമാനിലേക്ക് തൊഴില്‍ ശേഷി കയറ്റി അയക്കുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍ ഇവയാണ്: എത്യോപ്യ - 40,633 പേര്‍. ഇന്തോനേഷ്യ -27,808. ഫിലിപ്പൈന്‍ -27,543. ഈജിപ്ത് -24,207. നേപ്പാള്‍ -13,110. ശ്രീലങ്ക -12,393. മറ്റ് രാജ്യങ്ങള്‍ -50,944. ഇതില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസത്തിനിടെ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ എത്യോപ്യയില്‍ നിന്ന് വന്‍ വര്‍ധനയുണ്ടായ ഒരുമാസത്തിനിടെ 4.4 ശതമാനം. ബംഗ്ലാദേശില്‍ നിന്ന് 1.3 ശതമാനം വര്‍ധനയുണ്ടായി.

എന്നാല്‍ വിദേശ തൊഴിലാളികളില്‍ സ്ത്രീ പ്രാതിനിധ്യം തീരെ കുറവാണ്. ആകെയുള്ളത് 1.61 ലക്ഷം മാത്രം. ബാക്കി 90 ശതമാനവും പരുഷ തൊഴിലാളികളാണ്. ഇന്ത്യന്‍ സ്ത്രീ തൊഴിലാളികളാകട്ടെ ആകെയുള്ളതിന്റെ 2.1 ശതമാനം മാത്രം. ഇന്ത്യയില്‍ നിന്ന് 5.71 ലക്ഷം പുരുഷന്‍മാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ 32,671 പേര്‍ മാത്രമാണ്. ബംഗ്ലാദേശില്‍ നിന്ന് 14,131 സ്ത്രീകള്‍. പാക്കിസ്ഥാനില്‍ നിന്നാകട്ടെ വെറും 957 പേരാണുള്ളത്. അതേസമയം എത്യോപ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും വന്ന തൊഴിലാളികളില്‍ സ്ത്രീകളാണ് മഹാ ഭൂരിഭാഗവും. എത്യോപ്യയില്‍ നിന്ന് 40,170 സ്ത്രീകള്‍ വന്നപ്പോള്‍ പരുഷന്‍മാര്‍ വെറും 463 പേര്‍ മാത്രം. ഇന്തോനേഷ്യയില്‍ നിന്ന് 700 പേര്‍ മാത്രമാണ് പുരുഷന്‍മാരുള്ളത്. സ്ത്രീകളാകട്ടെ 27,108 പേരും.

വിദേശ തൊഴിലാളികളില്‍ 1.5 ശതമാനം പേരും നിരക്ഷരരാണ്. എന്നാല്‍ എഴുത്തും വായനയും മാത്രം അറിയുന്നവര്‍ 4.11 ലക്ഷം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഈ രണ്ട് വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ഒമാനിലെ വിദേശ തൊഴില്‍ ശേഷിയുടെ 30 ശതമാനം വരും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവര്‍ 9.66 ശതമാനമുണ്ട്. പ്രൈമറിക്കും സെക്കന്ററിക്കുമിടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. 5.24 ലക്ഷം. ഇത് മൊത്തം തൊഴിലാളികളുടെ 35.12 ശതമാനവും സെക്കന്ററി വിദ്യാഭ്യാസമുള്ളവര്‍ 14.36 ശതമാനമാണ്. ഡിപ്ലോമ യോഗ്യതയുള്ളവര്‍ 3.42 ശതമാനമുണ്ട്. സര്‍വകലാശാല യോഗ്യതയുള്ളവര്‍ 5.52 ശതമാനം മാത്രം. എന്നാല്‍ മാസ്റ്റര്‍ ബിരുദമുള്ളവരും പി.എച്ച്.ഡി യോഗ്യതയുള്ളവരും തീരെ കുറവാണ്. മാസ്റ്റര്‍ ബിരുദമുള്ളവര്‍ വെറും 0.37 ശതമാനം മാത്രമാണ്. പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ 0.16 ശതമാനവും. നിരക്ഷരരായവരില്‍ 20,322 പേരും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വെറും 2001 പേരും.

(29..07...13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...