ഇങ്ങിനെ പുറത്താക്കപ്പെടുന്നവർ വ്യാജ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖകൾ എസ് ഐ ആറിൽ ലഭ്യമല്ല. എന്നാൽ പുറത്താക്കപ്പെടാനിടയായ കാരണങ്ങൾ പരിശോധിക്കുന്പോൾ ചില മണ്ഡലങ്ങളിൽ, ബി എൽ ഓമാർക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയാത്തവരുടെ എണ്ണവും എസ് ഐ ആറിൽ പങ്കെടുക്കാതെ നിരാകരിച്ചവരുടെ എണ്ണവും ശ്രദ്ധേയമായ രീതിയിൽ ഉയർന്നു നിൽക്കുന്നുണ്ട്. ഇതിൽ അജ്ഞാത വോട്ടർമാരുടെ എണ്ണം അസ്വാഭാവികമായി ഉയർന്നു നിൽക്കുന്ന സ്ഥലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ബിജെപി സ്വാധീന മേഖലകളാണെന്ന് കാണാം.
വെട്ടിനിരത്തിയും തിരുകിക്കയറ്റിയും 'സ്വന്തം' വോട്ടർമാരെ നിർമിച്ചെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ഗൂഢപദ്ധതിയാണ് എസ് ഐ ആർ എന്ന ആരോപണം നാൾക്കുനാൾ ശക്തിപ്പെട്ടുവരുന്നതിനിടെയാണ് കേരളത്തിൽ ഈ തീവ്ര പട്ടിക പരിഷ്കരണം ആരംഭിക്കുന്നത്. ഇപ്പോൾ അത് ആദ്യഘട്ടം പിന്നിട്ടു. 2025 വോട്ടർ പട്ടികയിൽ പേരുള്ളവരെല്ലാം ഒറിജിനൽ വോട്ടർമാരാണെന്ന്, ബൂത്ത് ലവൽ ഓഫീസർ നേരിട്ട് പോയി കണ്ടോ ബന്ധുക്കളെ കണ്ടോ ഉറപ്പുവരുത്തുന്ന പ്രകൃയയാണ് പൂർത്തിയായത്. ഇങ്ങിനെ നേരിൽ പരിശോധിച്ച് ഉറപ്പാക്കാൻ കഴിയാത്തതിനാൽ അയോഗ്യരെന്ന് കണ്ടെത്തിയവരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതിന്റെ മുന്നോടിയായി ഒഴിവാക്കിയവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം ആകെ 24,08,503 വോട്ടർമാർ സംസ്ഥാനത്ത വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടു. എന്നാൽ ഈ പട്ടിക പ്രസിദ്ധീകരിച്ചതോടെ കേരളത്തിൽ നേരത്തെ വോട്ടുകൊള്ള നടന്നിരുന്നുവോ എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൻതോതിൽ ആസൂത്രിത വോട്ടുകൊള്ള നടന്നുവെന്ന് ആധികാരികമായി വെളിപ്പെടുത്തിയത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. ആ സംസ്ഥാനങ്ങളിൽ വോട്ടുചോരിക്ക് പ്രയോഗിച്ച തന്ത്രങ്ങൾ, കേരളത്തിലും ചില മണ്ഡലങ്ങളിൽ നടപ്പാക്കിയിരുന്നുവെന്ന സൂചനകളിലേക്കാണ് എസ് ഐ ആറിന്റെ ആദ്യ പട്ടിക വിരൽ ചൂണ്ടുന്നത്.
എസ് ഐ ആർ 2026 എ എസ് ഡി പട്ടിക എന്ന പേരിൽ ഒഴിവാക്കപ്പെട്ടവരുടെ പേരുവിരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഓരോരുത്തരും ഒഴിവാക്കപ്പെട്ടതിന്റെ കാരണവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബി എൽ ഒ യുടെ പരിശോധനയിൽ കണ്ടെത്താനാകാത്ത അജ്ഞാത വോട്ടർ, മറ്റേതെങ്കിലും ബൂത്തിലേക്ക് വോട്ട് സ്ഥിരമായി മാറ്റിയവർ, മരണം, ഇതേ എപിക് നന്പറിൽ നിലവിൽ എസ് ഐ ആറിൽ എൻറോൾ ചെയ്തവർ, എസ് ഐ ആറിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തതിനാൽ അത് നിരാകരിച്ചവർ - ഇങ്ങിനെ 5 വിഭാഗത്തിൽപെട്ടവരെയാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇവരുടെ വിവരങ്ങൾ ബൂത്ത് തലത്തിൽ സൂക്ഷ്മ പരിശോധന നടത്തുന്പോൾ ലഭിക്കുന്ന സൂചനകൾ അവിശ്വസിനീയവും അപ്രതീക്ഷിതവുമായ നിഗമനങ്ങളിലേക്ക് നയിക്കുന്നതുമാണ്. കോൺഗ്രസിന് വലിയ നേട്ടം പ്രവചിച്ചിരുന്ന ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് ഫലം, വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിൽ അവിശ്വസിനീയമാംവിധം ബി ജെ പിക്ക് അനുകൂലമായി മാറുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. ഈ മാറ്റം അസ്വാഭാവികവും ആസൂത്രിതവുമായിരുന്നു എന്നാണ് രാഹുൽ ഗാന്ധി നിഷേധിക്കാനാവാത്ത ഡിജിറ്റൽ തെളിവുകൾ സഹിതം സമർഥിച്ചത്. ആകെയുള്ള 2 കോടി വോട്ടർമാരിൽ 25 ലക്ഷം വ്യാജ വോട്ടർമാരായിരുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ കണ്ടെത്തൽ. പലതരത്തിലാണ് ഈ വ്യാജൻമാരെ പട്ടികയിൽ എത്തിച്ചത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ ബി ജെ പി നേതാക്കളടക്കം പതിനായിരങ്ങൾ ബിഹാറിലെ വോട്ടർമാരായി വേഷം മാറി വോട്ടർ പട്ടികയിലിടം നേടുകയായിരുന്നു ഒരുവഴി. ഒരേ വീട്ടുനന്പറിൽ തന്നെ 100-200 വോട്ടർമാർ ഉണ്ടായി. വീട്ടുനന്പർ ഇല്ലാത്ത കെട്ടിടങ്ങളുടെ പേരിലും വീട്ടുനന്പർ 0 എന്ന് രേഖപ്പെടുത്തിയും വോട്ടർമാരായി മാറി. ഒരാളുടെ ഫോട്ടോ ഉപയോഗിച്ച് പല വിലാസത്തിൽ 100-150 വോട്ടുവരെ രേഖപ്പെടുത്തി. ഈ വോട്ടർമാരുടെയെല്ലാം പൊതു പ്രത്യേകത ഇവരെല്ലാം അജ്ഞാത വോട്ടർമാരായിരുന്നുവെന്നതാണ്. ഇനി തിരിച്ചറിയാൻ കഴിഞ്ഞവർ തന്നെ ഹരിയാനക്കാരായിരുന്നില്ല. മറിച്ച് ബിഹാർ മുതൽ ബ്രസീൽ വരെ ഏതോ ലോകത്തും രാജ്യത്തുമൊക്കെയുള്ളവരായിരുന്നു. കേരളത്തിലെ എസ് ഐ ആറിന്റെ ആദ്യ ഘട്ടത്തിലിറങ്ങിയ എ എസ് ഡി പട്ടികയിൽ അസാധാരണമായ തോതിൽ 'അജ്ഞാത' വോട്ടർമാർ ഇടം പിടിച്ചിരിക്കുന്നുവെന്ന് കാണാം. ഇതാകട്ടെ, സാമാന്യ യുക്തിക്ക് വഴങ്ങാത്ത തരത്തിൽ അങ്ങേയറ്റം അസ്വാഭാവിക സാന്നിധ്യമായാണ് പട്ടികയിൽ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ചും ബി ജെ പി ശക്തി കേന്ദ്രങ്ങളായ ബൂത്തുകളിലും മണ്ഡലങ്ങളിലും. ഒഴിവാക്കപ്പെടുന്ന ആകെ വോട്ടർമാരുടെ എണ്ണത്തിലും ബി ജെ പിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങൾ ഞെട്ടിക്കുന്ന സാന്നിധ്യവും തട്ടിപ്പെന്ന് തോന്നിപ്പിക്കുംവിധത്തിലുള്ള 'മുന്നേറ്റവും' ഉറപ്പാക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ബി ജെ പി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്. ഒന്പത് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. എസ് ഐ ആർ കണക്കെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ ആദ്യ ഘട്ടത്തിൽ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളെല്ലാം ബി ജെ പി മുന്നേറ്റമുണ്ടായ സ്ഥലങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. എ എസ് ഡി പട്ടിക പ്രകാരം ആകെ 24,08,503 പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 5,56,786 വോട്ടർമാരും ബി ജെ പി ഒന്നോ രണ്ടോ സ്ഥാനത്തെത്തിയ 20 മണ്ഡലങ്ങളിൽ ഉൾപെട്ടവരാണ്. അഥവ ആകെ പുറത്താക്കപ്പെട്ടവരുടെ 23.116 ശതമാനം പേർ. ഏതാണ്ട് നാലിലൊന്ന് വോട്ടർമാർ.
ഏറ്റവും കൂടുതൽ പേർ പുറത്താക്കപ്പെട്ട ആദ്യത്തെ 20 മണ്ഡലം എടുത്താൽ അതിൽ 14 നിയമ സഭാ മണ്ഡലങ്ങളും ബി ജെ പിയുടെ ഒന്നാം ക്ലാസ് പട്ടികയിൽ വരുന്നവയാണ്. ഇതിൽ 9 മണ്ഡലങ്ങൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ഒന്നോ രണ്ടോ സ്ഥാനത്ത് എത്തിയവയും! കണ്ണൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പേർ പുറത്താക്കപ്പെട്ടത് - 6,239 പേർ. കൂടുതൽ തിരുവനന്തപുരത്തും - 58,828. ഇതനുസരിച്ച് പുറത്താക്കപ്പെട്ടവരുടെ കേരള ശരാശരി ഒരു മണ്ഡലത്തിൽ 17,864 പേർ എന്നതാണ്. എന്നാൽ ബി ജെ പി മുന്നേറ്റമുണ്ടായ 20 മണ്ഡലങ്ങളുടെ ശരാശരി 27,839 പേരാണ്. 25,000ൽ അധികം വോട്ടർമാർ പുറന്തള്ളപ്പെട്ട മണ്ഡലങ്ങളുട കണക്കെടുത്താൽ അതിലും മുൻനിരയിൽ ബിജെപി സ്വാധീന മണ്ഡലങ്ങളാണ്.
ഇങ്ങിനെ പുറത്താക്കപ്പെടുന്നവർ വ്യാജ വോട്ടർമാരാണെന്ന് തെളിയിക്കുന്ന രേഖകൾ എസ് ഐ ആറിൽ ലഭ്യമല്ല. എന്നാൽ പുറത്താക്കപ്പെടാനിടയായ കാരണങ്ങൾ പരിശോധിക്കുന്പോൾ ചില മണ്ഡലങ്ങളിൽ, ബി എൽ ഓമാർക്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയാത്തവരുടെ എണ്ണവും എസ് ഐ ആറിൽ പങ്കെടുക്കാതെ നിരാകരിച്ചവരുടെ എണ്ണവും ശ്രദ്ധേയമായ രീതിയിൽ ഉയർന്നു നിൽക്കുന്നുണ്ട്. ഇതിൽ അജ്ഞാത വോട്ടർമാരുടെ എണ്ണം അസ്വാഭാവികമായി ഉയർന്നു നിൽക്കുന്ന സ്ഥലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്പോൾ അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ബിജെപി സ്വാധീന മേഖലകളാണെന്ന് കാണാം. ബി ജെ പി കേരളത്തിൽ അമിത പ്രതീക്ഷവച്ച് അത്യധ്വാനം ചെയ്യുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിലെ ആർ എസ് എസിന്റെ പാർട്ടി ഗ്രാമങ്ങളായി അറിയപ്പെടുന്ന പ്രദേശത്തെ ബൂത്തകൾ പരിശോധിച്ചാൽ ഈ പ്രവണത എളുപ്പം ബോധ്യമാകും. ഇവിടത്തെ 4 ബൂത്ത് മാത്രം പരിശോധിച്ചപ്പോൾ കണ്ടെത്തിയ അജ്ഞാത വോട്ടർമാരുടെ (untraceable/absent) എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ഈ ബൂത്തുകളിൽ പുറത്താക്കപ്പെട്ട വോട്ടർമാരുടെ ആകെ എണ്ണത്തിൽ 54 ശതമാനം മുതൽ 75 ശതമാനം വരെ അജ്ഞാത വോട്ടർമാരാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത, ബി.ജെ.പിയുടെ പാർട്ടി ഗ്രാമമായ, മറ്റ് പാർട്ടി പ്രവർത്തകർക്കോ മാധ്യമങ്ങൾക്കോപോലും പ്രവേശനമോ സ്വതന്ത്ര പ്രവർത്തനാവസരമോ ഇല്ലാത്ത കോട്ടയിലാണ് ഇത്രയുമാളുകളെ കണ്ടെത്താൻ കഴിയാത്തത് എന്നത് കൗതുകകരമാണ്. മാനായും മാരീചനായും വന്ന് വോട്ടുചെയ്തുപോയ ഹരിയാനയിലെ അജ്ഞാത വോട്ടർമാരെ കണ്ടെത്തിയത് രാഹുൽ ഗാന്ധിയാണെങ്കിൽ പാലക്കാട്ടെ ബിജെപി കോട്ടയിലെ മായാവികളെ കമ്മീഷൻ തന്നെയാണ് പുറംലോകത്തിന് മുന്നിൽ പങ്കുവക്കുന്നത്. 2024ന് വോട്ട് ചെയ്തവർ, 2025ൽ എസ് ഐ ആർ വന്നപ്പോൾ അജ്ഞാതരായി മാറിയെങ്കിലും ഇതിനിടെ നടന്ന പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഇതിൽ പലരും വോട്ട് ചെയ്തിട്ടുണ്ട് എന്നും രേഖകൾ തെളിയിക്കുന്നു.
(പട്ടികയിലെ കണക്കുകൾ ഡിസംബർ 15 വരെയുള്ളത്)
മാധ്യമം, 2025 ഡിസംബർ 23