Friday, April 14, 2017

രവീന്ദ്രനാഥിന്റെ കാലത്തെ ചോദ്യങ്ങളും അബ്ദുര്‍റബ്ബിന്റെ കാലത്തെ ഉത്തരങ്ങളും


ഈ വര്‍ഷത്തെ പ്ലസ് ടു ജേണലിസം പരീക്ഷ കഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയിലെ ഒരു വിദ്യാര്‍ഥിനി ചെല്‍ഡ് ലൈനെയും ബാലാവകാശ കമ്മീഷനെയും സമീപിച്ചു. ചോദ്യപേപ്പര്‍ കണ്ട് അന്തംവിട്ട കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തെതുടര്‍ന്നാണ് അഭയം തേടി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ആകെയുള്ള 29 ചോദ്യത്തില്‍ 15 എണ്ണവും സിലബസിന് പുറത്തുനിന്ന് വന്നതോടെയാണ് ഈ കുട്ടി പരിഭ്രാന്തയായത്. ഇത് ഒരാളുടെ മാത്രം കഥയല്ല. ഇത്തവണ പത്താം തരത്തിലും പതിനൊന്നിലും പന്ത്രണ്ടിലും പൊതു പരീക്ഷ എഴുതിയ കുട്ടികളില്‍ പലരും ഈ അവസ്ഥയിലാണ്. എസ് എസ് എല്‍ സിയുടെ കണക്ക് പരീക്ഷക്ക് 13 ചോദ്യമാണ് ആവര്‍ത്തിച്ചത്. മലപ്പുറത്തെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ചില സ്കൂളുകള്‍ക്ക് വേണ്ടി തയാറാക്കി കൊടുത്ത ചോദ്യമാണ് ആവര്‍ത്തിച്ചത്. സമാനമായ ചോദ്യങ്ങള്‍ ഒരു ദിനപ്പത്രത്തിന്റെ വിദ്യാഭ്യാസ കോളത്തിലും വന്നു, മറ്റൊരാളുടെ പേരില്‍. ഹിന്ദി പരീക്ഷക്ക് 9 ചോദ്യം തന്നെ തെറ്റി. സി പി എം അധ്യാപക സംഘടന മോഡല്‍പരീക്ഷക്ക് നല്‍കിയ ചോദ്യ പേപ്പറില്‍ നിന്ന് മാത്രം 43 മാര്‍ക്കിന്റെ ചോദ്യമാണ് പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷക്ക് ആവര്‍ത്തിച്ചത്. മലയാളികള്‍ ഇത്രമേല്‍ വൈകാരികമായി കാണുന്ന, രക്ഷിതാക്കളും വിദ്യാര്‍ഥികളും അങ്ങേയറ്റം ആശങ്കയോടെയും പ്രതീക്ഷയോടെയും സമീപിക്കുന്ന സ്കൂള്‍ വാര്‍ഷിക പരീക്ഷകളാണ് ഈ മട്ടില്‍ കുത്തഴിഞ്ഞുപോയത്. രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറത്ത്, ആരാണ് ഈ ദുരന്തത്തിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ എന്ന ചോദ്യത്തെ കേരളീയ സമൂഹം ഇനിയും ഗൌരവപൂര്‍വം നേരിട്ടിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇത്രതന്നെ ഗുരുതരമല്ലാത്ത വീഴ്ചകളുടെ പേരില്‍ കേരളം സമരസംഘര്‍ഷങ്ങളാല്‍ കത്തിയെരിഞ്ഞിരുന്നു. എന്തുകൊണ്ടാണ് അത്തരമൊരു ബഹളം ഈ സര്‍ക്കാറിനെതിരെ ഉയര്‍ന്നുവരാത്തത് എന്നതും ഇത്തവണത്തെ വിവാദത്തെ സവിശേഷമാക്കുന്നു.

അതീവസുരക്ഷാ മേഖല

പൊതുപരീക്ഷാ ചോദ്യപേപ്പര്‍ നിര്‍മാണം കേരളത്തില്‍ അതീവ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന പരിപാടിയാണ്. വിശേഷിച്ചും എസ് എസ് എല്‍ സി പരീക്ഷാ ചോദ്യപേപ്പര്‍. ഈ രഹസ്യാത്മകത സൂക്ഷിക്കാന്‍ കര്‍ക്കശമായ വ്യവസ്ഥകളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ചോദ്യമുണ്ടാക്കാന്‍ നടത്തിയ നക്കല്‍ ജോലികളുടെ കടലാസുകളുടെ പകര്‍പ് പരീക്ഷാ ഭവന് സമര്‍പിക്കണം, അവ കത്തിച്ചുകളയണം, ചോദ്യ പേപ്പര്‍ എഴുതിത്തന്നെ തയാറാക്കണം, ടൈപ്പ് ചെയ്യാന്‍ പാടില്ല, അഥവ ടൈപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ബാക്അപ് മെമ്മറി അടക്കം നശിപ്പിക്കണം, തുടങ്ങി അങ്ങേയറ്റം പഴുതടച്ച നിയമങ്ങളാണ് ഇക്കാര്യത്തിലുള്ളത്. അതീവ സുരക്ഷാ സന്നാഹങ്ങളോടെ കോടികള്‍ ചിലവിട്ടാണ് ഓരോവര്‍ഷവും എസ് എസ് എല്‍ സി പരീക്ഷ സര്‍ക്കാര്‍ നടത്തുന്നത്. ഒരു പരീക്ഷ നടത്താന്‍ ഒഏകദേശം ഒരുകോടിയാണ് ചിലവ്. കേരളത്തിന് പുറത്തുള്ള പ്രസില്‍ അച്ചടിച്ച്, അതീവ സുരക്ഷാ സംവിധാനത്തോടെ വിതരണം ചെയ്ത്, ബാങ്കുകളിലോ ട്രഷറികളിലോ സൂക്ഷിച്ച് അത്യന്തം ശ്രമകരമായാണ് ഇത് നടപ്പാക്കുന്നത്.

ചോദ്യ തയാറാക്കാന്‍ ഓരോ വിഷയത്തിനും ഓരോ പരീക്ഷാ ബോര്‍ഡ് രൂപീകരിക്കും. ഓരോ ബോര്‍ഡിലും ഒരു ചെയര്‍മാനും നാല് അംഗങ്ങളുമുണ്ടാകും. ഇവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചപോലും നടത്താന്‍ പാടില്ല എന്നാണ് ചട്ടം. അംഗങ്ങള്‍ ചോദ്യ നിര്‍മിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയുകയോ സമാന സ്വഭാവമുള്ള ജോലികള്‍ ചെയ്യുകയോ പ്രസിദ്ധീകരണങ്ങളില്‍ പരീഷാ ചോദ്യം സംബന്ധിയായി എന്തെങ്കിലും എഴുതുകയോ ഒന്നും ചെയ്യാന്‍ പാടില്ല. ഇങ്ങിനെ തയാറാക്കുന്ന നാല് സെറ്റ് ചോദ്യങ്ങളില്‍നിന്ന് ഒരെണ്ണമാണ്  പൊതുപരീക്ഷക്കായി തെരഞ്ഞെടുക്കുക. ഒരു സെറ്റ് മോഡല്‍ പരീക്ഷക്കും ഒന്ന് സേവ് എ ഇയര്‍ പരീക്ഷക്കും ഉപയോഗിക്കും. ഒരെണ്ണം റിസര്‍വ് ആണ്. തെരഞ്ഞെടുത്ത ചോദ്യം ഏതെന്നോ ആര് തയാറാക്കിയതാണെന്നോ പരീക്ഷാ ബോര്‍ഡ് അംഗങ്ങള്‍ക്കോ ചെയര്‍മാനോ അറിയില്ല. ചോദ്യം തയാറാക്കിയവര്‍ക്ക് പൊലും ഇതേക്കുറിച്ച് വിവരം ലഭിക്കില്ല. ഹയര്‍സെക്കന്‌ററി ചോദ്യ നിര്‍മിതിയിലുമുണ്ട് സമാനമായ രീതിയിലുള്ള കാര്‍ക്കശ്യം. അവിടെ എസ് സി ഇ ആര്‍ ടിക്കാണ് ചോദ്യപേപ്പര്‍ നിര്‍മാണത്തിന്‌റെ ചുമതല. ചോദ്യം തയാറാക്കാനായി വിദഗ്ധരായ അധ്യാപകരെ കണ്ടെത്തി അവരുടെ പാനല്‍ തയാറാക്കുകയാണ് എസ് സി ഇ ആര്‍ ടി ചെയ്യുന്നത്. എന്നാല്‍ നിമപരമായി എസ് സി ഇ ആര്‍ ടിക്ക് ഇതില്‍ ഒരു അധികാരവുമില്ല. വര്‍ഷങ്ങളായി തുടരുന്ന കീഴ്‍വഴക്കമെന്ന നിലയില്‍ അതിപ്പോഴും തുടരുന്നുണ്ട്.



അധികാരം അധ്യാപക സംഘടനകള്‍ക്ക്


അക്കാദമികമായ മുന്‍ഗണനകളും താത്പര്യങ്ങളും മാത്രം മാനദണ്ഡമാക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നാണ് കേരളീയ പൊതുസമൂഹത്തിന്റെ സങ്കല്‍പം. എന്നാല്‍ കേരളത്തിലെ യാഥാര്‍ഥ്യം മറിച്ചാണ്. മാറിമാറി അധികാരത്തില്‍ വരുന്ന മുന്നണികളുടെ അനുബന്ധ സംഘടനയായ അധ്യാപക കൂട്ടായ്മകളുടെ നിയന്ത്രണത്തിലാണ് കേരളത്തില്‍ അത്തരം എല്ലാ കാര്യങ്ങളും നടക്കുന്നത്. സിലബസ് പരിഷ്കരണം മുതല്‍  ചോദ്യപേപ്പര്‍ തയാറാക്കുന്നത് വരെ ഇവരുടെ നിയന്ത്രണത്തിലാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ സമികളുണ്ടോ അതിലെല്ലാം അധ്യാപക സംഘടനകള്‍ക്ക് പ്രാതിനിധ്യം സംവരണം ചെയ്തിട്ടുണ്ട്. വെറും സംവരണമല്ല, ആകെ അംഗങ്ങളുടെ കണക്കെടുത്ത് വരുന്പോള്‍ പല കമ്മിറ്റികളിളും ഭൂരിപക്ഷം തന്നെ അവരായിരിക്കും. സിലബസ് പരിഷ്കരണം, അധ്യാപക പരിശീലനം, പാഠപുസ്തക നിര്‍മാണം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതി തുടങ്ങിയ തികച്ചും അക്കാദമികമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട വേദികളില്‍പോലും സംഘടനാ നേതാക്കള്‍ക്കാണ് നിയന്ത്രണം. അക്കാമദിക സമിതികളില്‍ ട്രേഡ് യൂണിയന് എന്തുകാര്യം എന്നുചോദിക്കരുത്. ആരുഭരിച്ചാലും സംഘടനകള്‍ തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുക.

പൊതുവിദ്യാഭ്യാസ മേഖലയെയാണ് അധ്യാപക സംഘടനകള്‍ ഈ രീതിയില്‍ നിയന്ത്രിക്കുന്നത്. എല്ലാവരുടെയും മുദ്രാവാക്യം പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് എന്ന് പറയുമെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള നടപടികളാണെങ്കില്‍പോലും സംഘടനാ താത്പര്യങ്ങള്‍ക്കപ്പുറത്ത് അക്കാദമികമായ ഒരു വിട്ടുവീഴ്ചക്കുപോലും ആ സംഘടനകള്‍ തയാറാകാറില്ല. എല്ലാ തലത്തിലും സംരക്ഷിക്കപ്പെടുന്നത് അവരുടെ സംഘടിതമായ ആവശ്യങ്ങള്‍ മാത്രമാണ്. കേരളത്തിലെ സിലബസ് പരിഷ്‌കരണം പോലും അധ്യാപക സംഘടനകളുടെ ഇംഗിതത്തിനനുരിച്ച് മാറ്റിമറിച്ച ചരിത്രം ഏറെയുണ്ട്. അവരുടെ കൈയ്യൂക്കും മേല്‍ക്കോയ്മയും ആണ് എല്ലാ തീരുമാനങ്ങളുടെയും കാതല്‍. ആരുഭരിച്ചാലും അംഗബലമുള്ള സംഘടനകള്‍ക്ക് കീഴടങ്ങേണ്ടി വരുന്നു എന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ അനുഭവം. ഇവിടെ ചോദ്യം തയാറാക്കുന്നതും അച്ചടിക്കുന്നതും വില്‍ക്കുന്നതും എല്ലാം അധ്യാപക സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇടതുപക്ഷം ഭരിക്കുന്പോള്‍ വിശേഷിച്ചും. എസ് എസ് എല്‍ സിക്ക് സേവനമെന്ന പേരിലാണെങ്കില്‍, ഹയര്‍സെക്കന്‌ററിയില്‍ അത് പച്ചയായ കച്ചവടം തന്നെയാണ്. അധ്യാപകരുടെ സര്‍വീസ് താത്പര്യങ്ങള്‍ കക്ഷി ഭേദമന്യെ സമാനമായതിനാല്‍, ഏത് മുന്നണി ഭരിച്ചാലും എല്ലാവര്‍ക്കും സംരക്ഷിക്കാനുള്ളത് പൊതു ആവശ്യങ്ങള്‍ തന്നെ.

ബാഹ്യ ഇടപെടലിന് വഴിയൊരുക്കുന്ന വിധം

പലവഴികളിലൂടെയാണ് ഈ സ്ഥിതിവിശേഷം കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കാന്‍ നേരത്തെ ബോര്‍ഡ് ചെയര്‍മാനും നാല് അംഗങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യകയാണ് ചെയ്തിരുന്നത്. എന്നിട്ട് നാല് സെറ്റ് ചോദ്യം തയാറാക്കും. കൂട്ടായ പ്രവര്‍ത്തനമായതിനാല്‍ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയും വ്യത്യസ്ത വീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചും ചോദ്യങ്ങള്‍ തയാറാക്കാന്‍ കഴിഞ്ഞിരുന്നു. അക്കാലത്ത് ചോദ്യങ്ങളൊക്കെയും ഒരുപരിധിവരെ 'വിദ്യാര്‍ഥി സൗഹൃദ'വുമായിരുന്നു, അപവാദങ്ങളുണ്ടായിരുന്നെങ്കിലും. എന്നാല്‍ 2005ല്‍ ഈ രീതിയില്‍ മാറ്റം വരുത്തി. ചോദ്യച്ചോര്‍ച്ച വിവാദത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. അന്ന് സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിറ്റിയാണ് ഈ രീതിയില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. പ്രസില്‍നിന്നായിരുന്നു അന്ന് ചോദ്യം ചോര്‍ന്നത്. എന്നാല്‍ ബോര്‍ഡിന്‌റെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്താനാണ് അന്നത്തെ അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. ചോര്‍ച്ച സംഭവിച്ച തലത്തില്‍ അത് ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പിക്കേണ്ടിയിരുന്ന കമ്മിറ്റിയാണ് പകരം ബോര്‍ഡിന്റെ പ്രവര്‍ത്തന രീതി മാറ്റാന്‍ ശിപാര്‍ശ ചെയ്തതെന്നത് ശ്രദ്ധേയമാണ്. അധ്യാപക സംഘടനകളുടെ ആധിപത്യത്തിനും സംഘടനാവത്‍കരണത്തിനും വലിയ തോതില്‍ ഇത് സഹായകരമായി. ബോര്‍ഡ് ചെയര്‍മാനും ചോദ്യകര്‍ത്താക്കളും ഒന്നിച്ചിരിക്കുക എന്ന സംവിധാനം ഇതോടെ ഇല്ലാതായി. പകരം അംഗങ്ങളെ ചെയര്‍മാന്‍ ഒറ്റക്കൊറ്റക്ക് കാണും. ചര്‍ച്ച നടത്തും. ചോദ്യങ്ങള്‍ വിലയിരുത്തും. അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിച്ച ശേഷമാണ് അടുത്ത അംഗവുമായി കൂടിക്കാഴ്ച നടത്തുക. ഇത് ചോദ്യം ആവര്‍ത്തിക്കാന്‍ വലിയതോതില്‍ കാരണമായി. അസാമാന്യമായ ഓര്‍മ ശക്തിയുള്ള  ചെയര്‍മാന്‍മാര്‍ക്ക് മാത്രമേ ഇത്രയെറെ ചോദ്യങ്ങള്‍ ഓര്‍ത്തുവക്കാനും ആവര്‍ത്തനവും മറ്റ് സങ്കീര്‍ണതകളും ഒഴിവാക്കാനും കഴിയൂ. അതുകൊണ്ട് തന്നെ ചോദ്യങ്ങളുടെ സ്വഭാവം വ്യക്തിയുടെ അഭിരുചിയെ മാത്രം ആശ്രയിച്ച് രൂപപ്പെടുന്നതായി മാറി. ചോദ്യം നിര്‍മിക്കാന്‍ ശേഷിയില്ലെങ്കിലും ബോര്‍ഡ് അംഗമായി തുടരാന്‍ അംഗങ്ങള്‍ക്ക് പ്രയാസവുമില്ലാതായി. ആരില്‍നിന്നെങ്കിലും ചോദ്യം പകര്‍ത്തിയെടുക്കുക എന്ന പരിപാടി വ്യാപകമായത് അങ്ങിനെയാണ്. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സംഘടനാ ബന്ധത്തിന് കൂടുതല്‍ പരിഗണന കിട്ടിത്തുടങ്ങുകയും ചെയ്തു.


കൂട്ടായ ചോദ്യനിര്‍മിതിയില്‍നിന്ന് ഒറ്റതരിഞ്ഞുള്ള ചോദ്യ നിര്‍മാണത്തിലേക്ക് മാറിയത് ചോദ്യപേപ്പര്‍ നിര്‍മാണത്തില്‍ ബാഹ്യ ഇടപെടല്‍ വ്യാപകമാക്കി. ബോര്‍ഡ് അംഗം അവരുടെ സൗഹൃദവലയത്തില്‍പെട്ടവരില്‍നിന്ന് ചോദ്യങ്ങള്‍ കടംവാങ്ങാന്‍ തുടങ്ങി. പല സ്‌കൂളുകളിലും ഉപയോഗിച്ച ചോദ്യങ്ങള്‍ അപ്പാടെ പൊതുപരീക്ഷാ ചോദ്യപേപ്പറുകളിലുമെത്താന്‍ തുടങ്ങിയത് അങ്ങിനെയാണ്. ഇത്തവണത്തെ എസ് എസ് എല്‍ സി കണക്ക് ചോദ്യച്ചോര്‍ച്ചയുടെ വേരും വഴിയും ഇതുതന്നെയാണ്. അധ്യാപകരുടെ അക്കാദമിക മികവ്, വിശ്വാസ്യത, രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിലെ സത്യസന്ധത തുടങ്ങിയവക്കെല്ലാം വലിയ പ്രാധാന്യമുണ്ടായിരുന്ന ചോദ്യപേപ്പര്‍നിര്‍മാണം, ഇതൊന്നും ആവശ്യമില്ലാത്ത സാധാരണ ജോലിയായി മാറി. ഓരോ ബോര്‍ഡ് അംഗവും എവിടെനിന്നാണ് ചോദ്യങ്ങള്‍ തയാറാക്കിക്കൊണ്ടുവരുന്നത് എന്ന് കണ്ടെത്താന്‍ സംവിധാനമില്ലാതായി. ചോദ്യ നിര്‍മിതിയില്‍ നേരിട്ട് ബന്ധമില്ലാത്തവരായതിനാല്‍, അവര്‍ക്ക് ചോദ്യത്തിന്‌റെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടതില്ലെന്നും വന്നു. യോഗ്യതക്കൊപ്പം, പരീക്ഷാ സെക്രട്ടറിക്ക് നേരിട്ട് പരിചയമുള്ളവരെയോ അറിയുന്നവരെയോ വിശ്വാസ്യതയുള്ളവരെയോ ആയിരുന്നു ഇതിനായി നേരത്തെ നിശ്ചയിച്ചിരുന്നത്. അതുപോലും ഇല്ലാതായി. അതോടെയാണ്, സ്വന്തമായി ചോദ്യം തയാറാക്കാന്‍ ശേഷിയില്ലാത്തവര്‍ വരെ ചോദ്യ നിര്‍മാതാക്കളായി മാറിയത്. ഇവര്‍ ഗൈഡുകളില്‍ നിന്നോ പരിചയമുള്ള ട്യൂഷന്‍ സെന്‌ററുകളുടെ പേപ്പറുകളില്‍നിന്നോ ചോദ്യങ്ങള്‍ പകര്‍ത്തിവച്ചു. ഇത്തവണത്തെ ചോദ്യച്ചോര്‍ച്ചയിലെ മുഖ്യപ്രതി, പഴയ സംവിധാനത്തില്‍ വരുത്തിയ ഈ മാറ്റമാണെന്ന് വ്യക്തം.

ചോദ്യക്കച്ചവടം, അംഗീകൃതം

അധ്യാപക സംഘടനകളുടെ കടന്നുവരവാണ് ഈ രംഗത്തെ കച്ചവടവത്കരണത്തെ വലിയതോതില്‍ വളര്‍ത്തിയതും വലുതാക്കിയതും. കൂട്ടായ ചോദ്യനിര്‍മിതി ഒഴിവാക്കിയത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യമായി. ചോദ്യം അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം  സംഘടനകള്‍ നേടിയെടുത്തു. നേരത്തെ ഒന്നാം ക്ലാസ് മുതല്‍ 12-ം ക്ലാസ് വരെ മുഴുവന്‍ ക്ലാസുകളിലേക്കുമുള്ള ചോദ്യവില്‍പനയുടെ അവകാശം അധ്യാപക സംഘടനകള്‍ക്കായിരുന്നു. എന്നാല്‍ എസ് എസ് എല്‍ സി പൊതുപരീക്ഷ ഒഴികെ മുഴുവന്‍ പരീക്ഷകള്‍ക്കും അധ്യാപകസംഘടനകള്‍ ചോദ്യം വിറ്റുകൊണ്ടിരുന്നു. 2008ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് ഇതില്‍ മാറ്റം വരുത്തിയത്. എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ചോദ്യം അച്ചടിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചോദ്യക്കച്ചവട രംഗത്തെ ഏറ്റവും വലിയ വ്യാപാരികളായ (സി പി എം അനുകൂല അധ്യാപക സംഘടനയായ) കെ എസ് ടി എയുടെ രഹസ്യ സമ്മര്‍ദത്തെ അതിജീവിച്ചാണ് അന്ന് എം എ ബേബി ഇത് നടപ്പാക്കിയത്. എന്നാല്‍ എട്ടാം ക്ലാസ് വരെയാണ് എസ് എസ് എ ചോദ്യ പദ്ധതി നടപ്പാക്കാനായത്. 9, 10 ക്ലാസുകളിലേക്ക് സര്‍ക്കാര്‍ ചിലവില്‍ തന്നെ ചോദ്യം അച്ചടിച്ച് നല്‍കാനും തീരുമാനിച്ചു. 11, 12, ക്ലാസുകള്‍ അപ്പോഴും അധ്യാപക സംഘടനകളുടെ പ്രിയപ്പെട്ട വിപണിയായി നിലനിന്നു. ഇപ്പോഴും അത് തുടരുന്നുമണ്ട്. ഇത്തവണ ഹയര്‍സെക്കന്‌ററി പരീക്ഷക്ക് ചോദ്യം ആവര്‍ത്തിച്ചതും മറ്റുമായി വലിയ വിവാദങ്ങളുണ്ടായി. അതിന് പിന്നിലെല്ലാം അധ്യാപക സംഘടനകളുടെ സാന്നിധ്യം കാണാം.

നാല് അധ്യാപക സംഘടനകളാണ് ഹയര്‍സെക്കന്ററിയില്‍ ചോദ്യക്കച്ചവട രംഗത്ത് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അതില്‍ വലിയ വ്യാപാരി കെ എസ് ടി എ തന്നെ. മൊത്തം വിപണിയുടെ പകുതിയെങ്കിലും കെ എസ് ടി എയുടെ അധീനതയിലാണ്. എ എച്ച് എസ് ടി എ, എച്ച് എസ് എസ് ടി എ, കെ എ എച്ച് എസ് ടി എ എന്നിവയാണ് മറ്റുപ്രധാനികള്‍. കേരള പ്രൈവറ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് എച്ച് എ), കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ പി പി എച്ച് എ) എന്നിവരും നേരത്തെ ഈ രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ ജി എസ് ടി യു, മുസ്ലിം ലീഗ് സംഘടനയായ കെ എസ് ടി യു എന്നിവര്‍ നാമമാത്രമായ കച്ചവടമേ നടത്തുന്നുള്ളൂ. അതും മിക്കപ്പോഴും യു ഡി എഫ് ഭരണകാലത്ത് മാത്രം. സി പി ഐ സംഘടനയായ എ കെ എസ് ടി യു അധ്യാപകരുടെ ഈ കച്ചവടത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നവരാണ്. കെ എസ് ടി യുവും ഒരുപരിധിവരെ ജി എസ് ടി യുവും അധ്യാപകരുടെ കച്ചവടത്തെ എതിര്‍ക്കുന്നുണ്ട്. മാര്‍ത്തോമ ടീച്ചേഴ്‌സ് അസോസിയേഷന്‍, കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷന്‍, എന്‍ എസ് എസ് തുടങ്ങിയ സാമദായിക-കോര്‍പറേറ്റ് മാനേജ്‌മെന്‌റുകളും പിന്നീട് ഇതിന്‌റെ സാധ്യകള്‍ തിരിച്ചറിഞ്ഞ് കച്ചവടത്തിനിറങ്ങി.

അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ അധ്യാപക സംഘടനകളും ക്വട്ടേഷന്‍ പിടിക്കാനായി രംഗത്തിറങ്ങും. പലതരം വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഓര്‍ഡര്‍ പിടിക്കുന്നത്. കമ്മീഷന്‍ വേറെയും. വഴങ്ങാത്തവര്‍ക്ക് നേരെ ആവശ്യമെങ്കില്‍ ഭീഷണിയുമുണ്ടാകും. ഭരണം ഇതിനൊക്കെ തണലായി മാറുകയും ചെയ്യും. കോടികളുടെ കച്ചവടമാണ് ചോദ്യ വിപണിയില്‍ നടക്കുന്നത്. ഒരു കുട്ടിയില്‍ നിന്ന് 20 രൂപ മുതല്‍ 60 രൂപവരെ പരീക്ഷാ ഫീസായി പല സ്‌കൂളുകളും വാങ്ങുന്നുണ്ട്. ഒരുകുട്ടിയില്‍നിന്ന് ശരാശരി 50 രൂപ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ ഹയര്‍സെക്കന്‌റിറിയില്‍ മാത്രം ഏതാണ്ട് 13 കോടിയുടെ ഇടപാടാണ് ഒരുവര്‍ഷം നടക്കുന്നത്. ഒമ്പത് ലക്ഷം വിദ്യാര്‍ഥികള്‍ മാത്രമുള്ള ഹയര്‍സെക്കന്ററിയിലാണ് കോടികളുടെ ഈ ഇടപാട്. എങ്കില്‍ നേരത്തെ 45 ലക്ഷം കുട്ടികളുള്ള 1 മുതല്‍ 10 വരെ ക്ലാസുകളില്‍ നട്‌നിരുന്ന കട്ടവടത്തിന്‌റെ വ്യാപ്തി എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിലെ പ്രധാന അധ്യാപക സംഘടനകള്‍ വലിയ സാമ്പത്തിക ശേഷിയുള്ള സംഘടനകളായി മാറിയത് ചോദ്യക്കച്ചവടത്തിലൂടെ മാത്രമാണ്. ഈ അധ്യയനവര്‍ഷം ആരംഭത്തില്‍ ഡി പി ഐ വിളിച്ചുചേര്‍ത്ത യോഗത്തില്‍, ചോദ്യക്കച്ചവടം അവസാനിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. അര്‍ധവാര്‍ഷിക പരീക്ഷ മുതല്‍ ചോദ്യ അച്ചടി സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കാമെന്ന് ഡിപിഐ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ അത് നടന്നില്ല. വിദ്യാഭ്യാസ വകുപ്പിനെയാകെ നിയന്ത്രിക്കുന്ന കെ എസ് ടി എ ഈ യോഗത്തില്‍ തന്ത്രപരമായി മൗനം പാലിച്ചു. പിന്നീട് പിന്‍വാതിലിലൂടെ സര്‍ക്കാര്‍ നീക്കത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ പ്ലസ് വണ്‍, പ്ലസ് ടു ബാച്ചുകളിലെ വിവിധ ചോദ്യപേപ്പറുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അതെല്ലാം കെ എസ് ടി എ വിറ്റ ചോദ്യങ്ങളുമായിരുന്നു. മോഡല്‍ പരീക്ഷക്ക് ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവെന്ന പരാതി അത്ര നിസ്സാരമല്ല. കെ എസ് ടി എയില്‍നിന്ന് ചോദ്യം വാങ്ങുന്നവര്‍ക്ക് വിജയം എളുപ്പമാകുന്നു എന്നുവരുന്നത് അവരുടെ കച്ചവടത്തിന്‌റെ വ്യാപ്തി കൂട്ടന്നതിനുള്ള ഉപാധി കൂടിയാണ്.

ചോദ്യം ചോരുന്നതെങ്ങിനെ?

പത്താംതരത്തില്‍ ഇത്തവണയുണ്ടായ ചോദ്യച്ചോര്‍ച്ചയുടെ പ്രധാന കാരണവും ഇതുതന്നെയാണ്. ചോദ്യം തയാറാക്കാന്‍ ചുമതലപ്പെട്ട ബോര്‍ഡ് അംഗം സ്വാകാര്യ സ്ഥാപനത്തിനുകൂടി ചോദ്യം നല്‍കുകയോ സ്വാകാര്യ സ്ഥാപനത്തില്‍നിന്ന് ചോദ്യം വാങ്ങുകയോ ചെയ്തതാണ് ചോര്‍ച്ചക്ക് വഴിയൊരുക്കിയത്. മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മലബാര്‍ മെറിറ്റ് എന്ന സ്ഥാപനത്തിലെ ചോദ്യേപപ്പറിൽ വന്ന 13 ചോദ്യങ്ങള്‍ എസ്.എസ്.എൽ.സി കണക്ക് ചോദ്യപേപ്പറില്‍ ആവർത്തിച്ചു. ഇതേത്തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് കരുതാനാണ് ന്യായങ്ങളേറെയുണ്ട്. എസ്.എസ്.എൽ.സി ചോദ്യകർത്താക്കളുടെ പേരുവിവരം ചോർത്തിയെടുത്ത് ഇവരെക്കൊണ്ട് മാതൃക ചോദ്യങ്ങൾ തയാറാക്കി അച്ചടിച്ച് വിതരണം ചെയ്യുന്ന ഏജൻസികളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. എസ്.സി.ഇ.ആർ.ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, പരീക്ഷ ഭവൻ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ കച്ചവടം നടക്കുന്നത്. ഇവര്‍ തയാറാക്കുന്ന ചോദ്യങ്ങളും എസ്.എസ്.എൽ.സി ചോദ്യേങ്ങളും സമാനമാകുന്നതോടെ ഇത്തരം ആളുകളുടെ വിപണിവില കുത്തനെ ഉയരും. സ്വകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യവും മറ്റൊന്നല്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ലോബികൾ സ്വകാര്യ ട്യൂഷൻ സെൻററുകളിലും അൺഎയ്ഡഡ് സ്കൂളുകളിലും ചോദ്യേപപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നുമുണ്ട്. ലക്ഷങ്ങളുടെ ഇടപാടാണ് ഇതുവഴി നടക്കുന്നത്. ഇങ്ങിനെ ചോദ്യം തയാറാക്കാനും വില്‍ക്കാനും കഴിയുന്ന ശൃംഘലയുണ്ടാക്കാന്‍ ഏറ്റവുമെളുപ്പത്തില്‍ കഴിയുക ചോദ്യപേപ്പര്‍ കച്ചവടം നടത്തുന്ന അധ്യാപക സംഘടനകള്‍ക്ക് തന്നെയാണ്. മലപ്പുറത്തെ വിവാദമായ ട്യൂഷന്‍ സന്ററിന്റെ നടത്തിപ്പുകാരന്‍ കെ എസ് ടി എ പ്രാദേശിക ഭാരവാഹിയാണെന്ന ആരോപണം പ്രതിപക്ഷ നേതാവ് തന്നെ ഉന്നയിച്ചിരുന്നു. ചോദ്യച്ചോര്‍ച്ചയും ഈ സംഘടനാ ബന്ധവും ചേര്‍ത്ത് വായിക്കണം. ചോദ്യം തയാറാക്കിയ അധ്യാപകനും സ്വകാര്യ സ്ഥാപനവും തമ്മിലെ ബന്ധവും ഗൂഡാലോചനയും  അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്. പൊതുപരീക്ഷക്ക് വേണ്ടി തയാറാക്കുന്ന ചോദ്യങ്ങള്‍ സ്വാകാര്യ സ്ഥാപനങ്ങള്‍ക്കോ സ്കൂളുകള്‍ക്കോ മറിച്ചുവില്‍ക്കുന്നതിന് വന്‍തുകയാണ് ലഭിക്കുന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു. ചോദ്യം പൊതുപരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്ന് കരാറുണ്ടാക്കുകപോലും ചെയ്യുന്നുണ്ട് എന്നും അവര്‍ പറയുന്നു.


ഓരോ വിഷയത്തിന്റെയും പരീക്ഷാ ബോര്‍ഡ് രൂപീകരിക്കുന്നതിലും സംഘടനകളുടെ ഇടപെടല്‍ പ്രകടമാണ്. എസ്.എസ്.എൽ.സി പരീക്ഷക്ക് നാലു ചോദ്യകർത്താക്കൾ നൽകുന്ന ചോദ്യങ്ങൾ ബോർഡ് ചെയർമാൻ പരിശോധിക്കണമെന്ന വ്യവസ്ഥ പതിവായി ലംഘിക്കപ്പെടുന്നുണ്ട്. ചോദ്യങ്ങളിലെ ആവർത്തനത്തിനും തെറ്റുകൾക്കും പ്രധാന കാരണം ഇതാണ്. ഈ കൃത്യവിലോപത്തിന് ചെയര്‍മാന്‍മാര്‍ ഒരുപരിധിവരെ നിര്‍ബന്ധിതരാകുന്നുമുണ്ട്. അതിനുകാരണവും സംഘടനാ ബന്ധം തന്നെ. ഇത്തവണ വിവാദമായ കണക്ക് ബോര്‍ഡ് തന്നെ ഇതിന്റെ പ്രത്യക്ഷ തെളിവാണ്. കണക്ക് ചോദ്യപേപ്പര്‍ തയാറാക്കിയ ബോർഡിന്‍റെ ചെയർമാൻ വര്‍ഷങ്ങള്‍ക്ക് മുന്പ് സർവീസിൽനിന്ന് വിരമിച്ചയാളാണ്. കെ എസ് ടി എയുടെ മുഖപ്രസിദ്ധീകരണത്തിന് വേണ്ടി പ്രവൃത്തിക്കുന്നുവെന്നതാണ് ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയുമായുള്ള ബന്ധം.  ഇയാള്‍ ചെയര്‍മാനായി എത്തുന്നത് സംഘടനാ ബന്ധത്തിെൻറ പേരിൽ മാത്രമാണ്. അതുകൊണ്ട് തന്നെ അംഗങ്ങളുടെമേല്‍ ആധികാരികതയോടെ ഇടപെടാനോ അംഗങ്ങളെ തിരുത്താനോ ഇവര്‍ക്ക് കഴിയാതെ പോകുന്നു. സംഘടനയിലെ മൂപ്പിളമതര്‍ക്കങ്ങള്‍ കാരണം, ചെയര്‍മാന്‍ ചോദ്യം തിരുത്തരുതെന്ന് അംഗം നിബന്ധനവച്ച സംഭവങ്ങള്‍ വരെ കേരളത്തിലുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിെൻറ ബോർഡ് ചെയർമാൻ ഹൈസ്കൂൾ തലത്തിൽ നാച്വറൽ സയൻസ് അധ്യാപകനായി പ്രവർത്തിച്ചിരുന്നയാളാണ്. 10 വർഷത്തിലധികമായി ഇദ്ദേഹംതന്നെയാണത്രെ  ഇംഗ്ലീഷ് ചോദ്യം തയാറാക്കുന്ന ബോർഡിെൻറ ചെയർമാൻ. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ അനുഭാവിയായിരുന്ന ഇയാളെ നിലനിര്‍ത്തുന്നത് ഇടതുമുന്നണിക്കും സ്വീകാര്യമായ പ്രബല സാമുദായിക സംഘടനയാണ്. ചോദ്യവില്‍പനക്കും ചോര്‍ച്ചക്കും കപ്പലിന് പുറത്ത് കള്ളനെത്തേടി പോകേണ്ടി വരില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ബാഹ്യ ഇടപെടലുകള്‍.

ഹയര്‍സെക്കന്ററിയില്‍ ചോദ്യപേപ്പര്‍ നിര്‍മാണ സംഘങ്ങളെ തെരഞ്ഞെടുക്കുന്നതിലെ രാഷ്ട്രീയം കുറച്ചുകൂടി പ്രകടമാണ്. എസ് സി ഇ ആര്‍ ടിക്കും ഹയര്‍സെക്കന്ററി ഡറക്ടറേറ്റിനുമാണ് ഇതിന്റെ ചുമതല. എന്നാല്‍ പരീക്ഷാ ടൈംടേബിള്‍ തയാറാക്കി അധ്യാപക സംഘനടകള്‍ക്ക് നല്‍കുക എന്നതിലൊതുങ്ങും അവരുടെ പ്രവര്‍ത്തനം. ആ സമയത്തിന് ചോദ്യപേപ്പര്‍ എത്തിച്ചുകൊടുക്കേണ്ട 'ബാധ്യത' അതോടെ അധ്യാപക സംഘടനകള്‍ ഏറ്റെടുക്കും. കച്ചവടം എന്ന ആരോപണം മറികടക്കാന്‍ ഓരോ സംഘടനയും അവരവരുടെ പേരില്‍ ഓരോ അക്കാദമിക് കൌണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ആ കൌണ്‍സിലുകളുടെ പേരിലാണ് അധ്യാപക സംഘടനകള്‍ ചോദ്യക്കച്ചവടം നടത്തുന്നത്. ഇങ്ങിനെ, എല്ലതരം അക്കാദമിക വേദികളിലും രാഷ്ട്രീയ-സംഘടനാവത്കരണം നടപ്പാക്കിയാണ് ചോദ്യപേപ്പര് നിര്‍മാണത്തിന്റെ ഗൌരവം അട്ടിമറിച്ചത്. കേരളത്തിലെ പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കാനും നിലനിര്‍ത്താനും ആദ്യം ചെയ്യേണ്ടത് അധ്യാപക സംഘടനകളുടെ ചോദ്യക്കച്ചവടം അവസാനിപ്പിക്കുക എന്നതാണ്. അത് സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുകയും അധ്യാപന മികവും അക്കാദമിക യോഗ്യതകളും മാത്രം പരിഗണിച്ച് ചോദ്യകര്‍ത്താക്കളെ നിശ്ചയിക്കുകയും വേണം. പരീക്ഷാ ബോര്‍ഡുകളെയും സംഘടനാ പക്ഷപാതിത്വത്തില്‍നിന്ന് മോചിപ്പിക്കണം. സങ്കുചിതമായ സംഘടനാ താത്പര്യങ്ങളുടെ പേരില്‍, അക്കാദമിക് മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്ന പ്രവണത വിദ്യാഭ്യാസ മേഖലയില്‍ അതിശക്തമാണ്. ഭരിക്കുന്ന മുന്നണിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെ പാര്‍ട്ടിയുടെയും അധ്യാപക സംഘടനകളാണ് എല്ലാകാലത്തും അക്കാദമിക കാര്യങ്ങള്‍ പോലും നിയന്ത്രിക്കുന്നത്. സംഘടനകളുടെ കിടമത്സരമാണ് പലപ്പോഴും തീരുമാനങ്ങളുടെ കാതലായി മാറുന്നതും. മലയാളികള്‍ അങ്ങേയറ്റം വൈകാരികമായി പരിഗണിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളെയും അതിനെ അങ്ങേയറ്റം മാനസിക സമ്മര്‍ദത്തോടെ നേരിടുന്ന വിദ്യാര്‍ഥികളുടെയും ജീവിതം വച്ചാണ് അധ്യാപക സംഘടനകളുടെ ഈ ചൂതാട്ടം.


രവീന്ദ്രനാഥിനോട് ചോദിക്കാത്ത ചോദ്യങ്ങള്‍

സ്കൂള്‍ പൊതുപരീക്ഷകള്‍ മലയാളിക്ക് അതി വൈകാരികമായ പരീക്ഷണങ്ങളാണ്. കുട്ടികളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് ഈ പരീക്ഷകളിലാണെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട്. അവിടെയുണ്ടാകുന്ന ചെറു പ്രശ്നങ്ങള്‍ പോലും അവരെ ആഴത്തില്‍ ബാധിക്കുകയും ചെയ്യും. എറ്റവും ലഘുവായ ഭരണപരിഷ്കാരങ്ങള്‍ വരെ അവര്‍ സാകൂതം ശ്രദ്ധിക്കുകയും അതില്‍ ആകുലപ്പെടുകയും ചെയ്യും. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയുടെ അക്കാദമികമായ ശാക്തീകരണത്തിലേക്കോ അതിനുവേണ്ടിയുള്ള മുറവിളികളിലേക്കോ ഈ ആകുലതകള്‍ വികസിക്കാറില്ല. അതിന് കാരണം വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാധിപത്യവും സംഘടനാ മേധാവിത്വവും തന്നെയാണ് പോതുമനോഭാവത്തെ ഇക്കാര്യത്തില്‍ നിയന്ത്രിക്കുന്നത്. ഇരുമുന്നണികള്‍ക്കും രാഷ്ട്രീയ നേട്ടത്തിനുള്ള ഉപാധിയാക്കി വിദ്യാഭ്യാസത്തെയും അവിടെയുണ്ടാകുന്ന വിവാദങ്ങളെയും മാറ്റുകയാണ് അവര്‍ ചെയ്യുന്നത്. രാഷ്ട്രീയ സങ്കുചിതത്വം മുതല്‍ വംശീയ വിദ്വേഷം വരെ അതിന് അടിസ്ഥാനമാകാറുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ ഈ രാഷ്ട്രീയവത്കരണം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തന്നെ തകര്‍ക്കുന്നുണ്ട്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പി കെ അബ്ദുര്‍റബ്ബ് എന്ന മുസ്‍ലിം ലീഗ് നേതാവ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടന്ന വിവാദങ്ങളും അത് പൊതുസമൂഹത്തിലുണ്ടാക്കിയ അനുരണനങ്ങളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അക്കാദമികമായ വിവാദങ്ങളേക്കാള്‍ ആ അഞ്ചുകൊല്ലവും കേരളത്തില്‍ നിറ‍്ഞുനിന്നത്, അബ്ദുര്‍റബ്ബിന്റെ ജന്മദേശം, മതം, ആചാരം, വിശ്വാസം തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയ  വിവാദങ്ങളായിരുന്നു. അക്കാദമികമായ ചര്‍ച്ചകള്‍ക്കോ വിമര്‍ശങ്ങള്‍ക്കോ അവസരമില്ലാതിരുന്നത് കൊണ്ടായിരുന്നില്ല കേരളത്തിന്റെ പൊതുവിമര്‍ശം ഈ രീതിയില്‍ അബ്‍ദുര്‍റബ്ബ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റി നിന്നത്. മന്ത്രിയായ ഉടന്‍ ഔദ്യോഗിക വസതിയുടെ പേരുമാറ്റി എന്നതായിരുന്നു ആദ്യ വിവാദം. ഗംഗ എന്ന പേര് ഗ്രേസ് എന്നാക്കിയെന്നതായിരുന്നു വിമര്‍ശത്തിന്റെ കാതല്‍. ഒരു വിദ്യാഭ്യാസ മന്ത്രി ഭരണം തുടങ്ങുന്പോള്‍ (നിയമപരമായി ഒരുതെറ്റുമില്ലാത്ത) വീട്ടുപേര് മാറ്റമാണോ ഏറ്റവുമാദ്യം ഉന്നയിക്കപ്പെടേണ്ടത് എന്ന് ചോദിക്കാന്‍ പോലും കഴിയാത്ത വിധമായിരുന്നു ആ വിവാദത്തിന് ലഭിച്ച സ്വീകാര്യത. ഗംഗ എന്ന പേരിലെ ഹിന്ദു അംശവും അത് മാറ്റിയ അബ്ദുര്‍റബ്ബിന്റെ മുസ്ലിം സ്വത്വവുമായിരുന്നു ആ വിവാദത്തിന് പിന്നിലെ യഥാര്‍ഥ കാരണം. മലപ്പുറം ജില്ലയിലെ ഒരു സ്കൂള്‍ മാനേജ്മെന്റ് പച്ച ബോര്‍ഡ് ക്ലാസില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനും ആക്രമിക്കപ്പെട്ടത് അബ്ദുര്‍റബ്ബായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പച്ച ബ്ലൌസ് ധരിക്കണമെന്ന് എറണാംകുളം ജില്ലയിലെ ഒരുദ്യോഗസ്ഥ അയച്ച സര്‍ക്കുലറായിരുന്നു മറ്റൊരു വിവാദം. ചേര‍്‍ത്തലയില്‍ ഒരു സ്കൂളിന് അവിടത്തെ പി ടി എ പച്ച പെയിന്റടിച്ചതിനും മലപ്പുറത്തെ ഒരു സ്കൂളില്‍ പച്ചക്കോട്ട് ധരിക്കാന്‍ ആവശ്യപ്പെട്ടതിനും അബ്ദുര്‍റബ്ബ് മറുപടി പറയേണ്ടിവന്നു. (ആ കോട്ടിന്റെ നിറം പച്ചപോലും ആയിരുന്നില്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടു.) പച്ച എന്നത് മുസ്‍ലിം ലീഗിന്റെ കൊടി എന്നതിനൊപ്പം കേരളത്തിലെ മുസ്‍ലിം സമുദായത്തോട് ചേര്‍ത്തുപറയുന്ന ഒരു നിറമാണ് എന്നതാണ് ഈ വിവാദത്തിന് ചൂടുപകര്‍ന്നത്. പൊതുചടങ്ങില്‍ താന്‍ നിലവിളക്ക് കത്തിക്കില്ലെന്ന് പറഞ്ഞതിന് അഭ്‍ദുര്‍റബ്ബ് കേട്ട പഴികള്‍ക്ക് കണക്കില്ല. നിലവിളക്ക് മതേതതരത്വത്തിന്റെ ചിഹ്നമാണെന്നും അത് കത്തിക്കാതിരിക്കുന്നവര്‍ മത ഭീകരരാണെന്നും സ്ഥാപിക്കുന്നതായിരുന്നു ആ വിവാദത്തില്‍ കേരളീയ പോതിസമൂവും ഇടത് സാംസ്കാരിക ലോകവും സ്വീകരിച്ച പൊതുനിലപാട്.



വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധപ്പെട്ട വിവാദങ്ങളിലും വംശീയ ആക്രമണങ്ങളും വര്‍ഗീയ പ്രചാരണങ്ങളും ശക്തമായിരുന്നു. ഏരിയ ഇന്‍റന്‍സീവ് പദ്ധതി പ്രകാരം പ്രവര്‍ത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള തീരുമാനം വര്‍ഗീയ പ്രീണനമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് സി പി എം തന്നെയായിരുന്നു, അതും നിയമസഭയില്‍. ന്യൂനപ ക്ഷകേന്ദ്രീകൃത ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം തുടങ്ങിയതാണ് എ.ഐ.പി സ്കൂളുകള്‍. അതുകൊണ്ട് തന്നെ അതില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം പോലും മറച്ചുവച്ചായിരുന്നു വര്‍ഗീയ പ്രചാരണം. സംസ്ഥാനത്ത് ആറ് ജില്ലകളിലായി 32 സ്കൂളുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട അഞ്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് നേരത്തേതന്നെ എയ്ഡഡ് പദവി നല്‍കിയിരുന്നു. അവശേഷിക്കുന്ന സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ അഞ്ചുവര്‍ഷം അബ്ദുര്‍റബ്ബിന് മറുപടി പറയേണ്ടിവന്നു. ഭാഷാധ്യാപകര്‍ക്ക് പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കാമെന്ന ഉത്തരവും ഈ രീതിയിലാണ് കേരളത്തില്‍ ചര്‍ച്ചയായത്. ഹിന്ദി, മലയാളം, ഉറുദു, അറബിക്, സംസ്കൃതം അധ്യാപകര്‍ക്കെല്ലാം ഇതിന്റെ ഗുണം ലഭിക്കുമായിരുന്നുവെങ്കിലും തീരുമാനം ചര്‍ച്ച ചെയ്യപ്പെട്ടത് 'അറബി അധ്യാപകര്‍ക്കുള്ള അനര്‍ഹമായ സൌജന്യം' എന്ന നിലയിലായിരുന്നു. പാഠപുസ്തക വിതരണത്തില്‍ ഒരിക്കലുണ്ടായ വീഴ്ചയും എസ് എസ് എല്‍ സി പരീക്ഷാ വിവാദവും അതിന്റെ പ്രാധാന്യത്തിലുപരി, അബ്ദുര്‍റബ്ബിന്റെ കഴിവുകേട് എന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. അബ്ദുര്‍റബ്ബ് എന്നാല്‍ ജന്മസിദ്ധമായി തന്നെ കഴിവില്ലാത്ത ഒരാളാണെന്നും ഒട്ടും കഴിവുണ്ടാകാനിടയില്ലാത്ത ഒരുസമുദായത്തില്‍നിന്ന് വരുന്നയാളാണെന്നുമുള്ള ധാരണയുടെ പുറത്തുനിന്നുകൊണ്ടായിരുന്നു ആ ചര്‍ച്ചകളത്രയും നടന്നത്. അധ്യാപക പാക്കേജ് പോലെ വിപ്ലവകരമായ ഒരു പദ്ധതി നടപ്പാക്കുകയും കാര്യക്ഷമമായ പുസ്തക വിതരണത്തിന്റെ പേരില്‍ കുട്ടികളെ കാത്തിരിക്കുന്ന പുസ്തകങ്ങള്‍ എന്ന് മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്ത ഒരു മന്ത്രിയാണ് ഇമ്മട്ടില്‍ ആക്രമിക്കപ്പെട്ടത് എന്നതുകൂടിയോര്‍ക്കണം.

വിദ്യാഭ്യാസ മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ഒരാളാണ് അബ്‍ദുര്‍റബ്ബ് എന്നതായിരുന്നു ആദ്യം തന്നെ ഉന്നയിക്കപ്പെട്ട വിമര്‍ശം. ഇത്രമേല്‍ വിദ്യാഭ്യാസമില്ലാത്ത ഒരാളെ ഈ വകുപ്പ് ഏല്‍പിക്കാമോ എന്ന ചര്‍ച്ചക്ക് കേരളത്തിലെ 'സാംസ്കാരിക പ്രവര്‍ത്തകര്‍' തന്നെയാണ് നേതൃത്വം കൊടുത്തത്. അലീഗഡ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ നേടിയ ബിരുദാനന്തര ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് പൊതുസമൂഹത്തിന് മുന്നില്‍ അബ്ദുര്‍റബ്ബിന് ഹാജരാക്കേണ്ടി വന്നു, ഈ ആക്ഷേപം അവസാനിപ്പിക്കാന്‍. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ മന്ത്രി സി രവീന്ദ്രനാഥിനോട് കേരളീയ സമൂഹം കാണിക്കുന്ന സൌമനസ്യം ശ്രദ്ധിച്ചാലറിയാം, അബ്ദുര്‍റബ്ബിനെതിരായ വിമര്‍ശങ്ങളുടെ വംശീയ സ്വഭാവവും മുസ്‍ലിം വിരുദ്ധതയും രാഷ്ട്രീയ സങ്കുചിതത്വവും മനസ്സിലാക്കാന്‍. നിയമപരമായ പേരിനൊപ്പം 'പ്രൊഫസര്‍' എന്ന് ചേര്‍ക്കാന്‍ യോഗ്യതയില്ലാത്ത ഒരു കോളജ് അധ്യാപകനാണ് സി രവീന്ദ്രനാഥ്. തന്നെപ്പോലുള്ള അധ്യാപര്‍ 'പ്രൊഫസര്‍' എന്ന് ചേര്‍ക്കാന്‍ പാടില്ലെന്ന് അദ്ദേഹം തന്നെ നിയമസഭയില്‍ മറുപടിയും കൊടുത്തിട്ടുണ്ട്. ആ മറുപടിയില്‍ പോലും സ്വന്തം പേരില്‍ 'പ്രൊഫസര്‍' എന്ന് ഉപയോഗിച്ചിരുന്നു. വ്യാജ വിശേഷണം ചേര്‍ത്തുവെന്ന പറയാവുന്ന തരത്തിലുള്ള വീഴ്ചയാണിതെങ്കിലും പോതുമലയാളിക്കിടയില്‍ ഇതൊരു വിഷയമേ ആയിട്ടില്ല. എന്നല്ല, സര്‍ക്കാര്‍ രേഖയില്‍ പോലും വ്യാജ വിശേഷണം ഉപയോഗിക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പുമില്ല. വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് ഇതാണോ ചര്‍ച്ച ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍ അല്ല എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ അബ്ദുര്‍റബ്ബിന്റെ ഉയര്‍ന്ന യോഗ്യത ബോധപൂര്‍വമോ അല്ലാതെയോ മറച്ചുവച്ച ശേഷം അതിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിച്ച് നടന്നവരാണ് ഈ വ്യാജ വിശേഷണത്തോട് ഇത്രമേല്‍ സൌമനസ്യം കാണിക്കുന്നത് എന്നതാണ് വൈരുദ്ധ്യം.



വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളോടും ഈ രീതിയില്‍ തന്നെയാണ് കേരളീയ പൊതുസമൂഹം പ്രതികരിക്കുന്നത്. 10 മാസം പിന്നിട്ട സര്‍ക്കാറിനെ ഏറ്റവുമേറെ പ്രതിസന്ധിയിലാക്കിയ വകുപ്പുകളിലൊന്ന് വിദ്യാഭ്യാസം തന്നെയാണ്. സ്വാശ്രയ എന്‍ജിനീയറിങ് ഫീസ് കരാര്‍, അങ്ങേയറ്റം താളംതെറ്റിയ പാഠ പുസ്തക വിതരണം, കുട്ടികളില്ലാത്ത സ്കൂളുകള്‍ ഏറ്റെടുക്കുന്നതില്‍ നടത്തിയ പ്രഖ്യാപനം, ലോ കോളജ് സമരത്തിലെ വിദ്യാര്‍ഥി വിരുദ്ധവും മാനേജ്മെന്റ് അനുകൂലവുമായ നിലപാടുകള്‍ തുടങ്ങി ഏറ്റവുമൊടുവില്‍ ചോദ്യച്ചോര്‍ച്ച വരെ നിരവധി വിവാദങ്ങളാണ് ഇക്കാലയളിവിനിടയില്‍ ഉണ്ടായത്. എന്നാല്‍ ഒന്നില്‍ പോലും രവീന്ദ്രനാഥിന്റെ കഴിവുകേട് എന്ന വിഷയം ഉന്നയിക്കപ്പെട്ടിട്ടേയില്ല. ഉദ്യോഗസ്ഥ വീഴ്ച, അധ്യാപകരുടെ പരാജയം തുടങ്ങിയ കാരണങ്ങളാണ് എവിടെയും കേള്‍ക്കുന്നത്. എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ടി വന്ന സംഭവം കേരള എസ് എസ് എല്‍ സിയില്‍ അത്യപൂര്‍വമാണ്. കെ എസ് ടി എ തയാറാക്കി മോഡല്‍ പരീക്ഷക്ക് നല്‍കിയ അതേ ചോദ്യങ്ങള്‍ പൊതുപരീക്ഷക്ക് ആവര്‍ത്തിച്ചതും അത്യപൂര്‍വമാണ്. ചോദ്യച്ചോര്‍ച്ചയില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പങ്കാളിത്തം ഗൌരവപൂര്‍വം ഉന്നയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും രവീന്ദ്നാഥിന് പരിക്കേല്‍ക്കാതെ നില്‍ക്കാന്‍ കഴിയുന്നു എന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തെ നയിക്കുന്ന സാംസ്കാരിക ബോധമെന്തെന്നും അതിന്റെ രാഷ്ട്രീയമന്തെന്നും വ്യക്തമാക്കുന്നതാണ്. ഇത്രമേല്‍ സങ്കുചിതവും വംശീയവുമായ സാഹചര്യമാണ് അധ്യാപക സംഘടനകളുടെ ആധിപത്യം നിലനിര്‍ത്തുന്നതിന് സഹാകരമാകുന്നത്. അക്കാദമികമായ ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതും. രവീന്ദ്രനാഥിന്റെ കാലത്തെ ചോര്‍ന്ന ചോദ്യങ്ങളോട് കേരളം കാട്ടിയ സഹിഷ്ണുതയും തന്റേതല്ലാത്ത കാരണങ്ങള്‍ക്കുപോലും അബ്ദുര്‍റബ്ബിന് നല്‍കേണ്ടിവന്ന ഉത്തരങ്ങളും സവിശേഷമാകുന്നത് അതുകൊണ്ടാണ്. ചോദ്യം ചോരുന്ന വഴികള്‍ അടച്ചാല്‍ മാത്രം പരിഹരിക്കാവുന്നതല്ല, കേരളത്തിലെ വിദ്യാഭ്യാസ പ്രശ്നങ്ങളെന്ന് ചുരുക്കം.

(മാധ്യമം ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 17, 2017)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...