Saturday, July 22, 2017

കച്ചവടം പൊടിപാറട്ടെ, സര്‍ക്കാര്‍ ഒപ്പമുണ്ട്

ഏതാണ്ട് രണ്ട് പതിറ്റാണ്ടായ കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ആണ്ടുതോറും ആവര്‍ത്തിക്കുന്ന രാഷ്ട്രീയ വിവാദമായിരുന്നു ഓരോ അധ്യയനവര്‍ഷത്തെയും ഫീസ് നിര്‍ണയവും പ്രവേശന കരാറുകളും. പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു സ്വാശ്രയ സങ്കല്‍പം വ്യാപകമാക്കുന്നതിന് കേരളത്തില്‍ ഉന്നയിക്കപ്പെട്ട ന്യായം. പിന്നീട് മെഡിക്കല്‍ എഞ്ചിനീയറിങ് മേഖലകളില്‍ മുഖ്യമായി കേന്ദ്രീകരിച്ച സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍, ഈ ആശയം ഏറെക്കുറെ നിലനില്‍ക്കുകയും ചെയ്തു. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന എ കെ ആന്റണിയുടെ സിദ്ധാന്തം, അതിന്റെ ഏറ്റവും വലിയ ശത്രുക്കളായിരുന്ന ഇടതുപക്ഷം പോലും പില്‍ക്കാലത്ത് വാക്കിലും പ്രയോഗത്തിലും അംഗീകരിച്ചു. പല സന്ദര്‍ഭങ്ങളിലും പലതരം വ്യവസ്ഥകളാല്‍ ഈ തത്വം അട്ടിമറിക്കപ്പെട്ടിട്ടുണ്ട് എങ്കിലും പരിമിതമായ തോതിലെങ്കിലും അത് നിലനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍നിന്നും സമുദായങ്ങളില്‍നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി, ഉന്നത വിദ്യാഭ്യാസം ആര്‍ജിക്കുകയും ചെയ്തു. സീറ്റ് ബാഹുല്യം, അതിന്‌റെ ആവശ്യക്കാരേക്കാള്‍ കൂടുതലായി മാറിയതോടെ, എഞ്ചിനീയറിങ് പഠന ശാഖയിലെ കിടമത്സരം കുറഞ്ഞു. ഒപ്പം, അതിലെ വിവാദങ്ങള്‍ക്കും ഏറെക്കുറെ അറുതിയായി. എന്നാല്‍ മെഡിക്കല്‍ ശാഖയില്‍ അതായിരുന്നില്ല അവസ്ഥ. കഴിഞ്ഞകൊല്ലവും പതിവുപോലെ വിവാദങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. തീരുമാനങ്ങള്‍ തിരുത്തപ്പെട്ടു.

പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുട്ടികള്‍ക്കും വന്‍തുക മുടക്കാനില്ലാത്ത മിടുക്കര്‍ക്കും പഠനാവസരം ഉറപ്പാക്കുക എന്നതിലൂന്നിയായിരുന്നു എല്ലാ കാലത്തും കേരളത്തില്‍ സ്വാശ്രയ വിവാദം ഉയര്‍ന്നിരുന്നത്. കക്ഷി വ്യത്യാസമില്ലാതെ ഏത് പാര്‍ട്ടിയുടെ ഭരണകാലത്തും മറുപക്ഷം ഈ ആശയം ഉയര്‍ത്തിപ്പിടിച്ചു. യു ഡി എഫ് ഭരണകാലത്ത്, വിദ്യാര്‍ഥി സമരങ്ങള്‍ അതിന്റെ ഏറ്റവും പ്രക്ഷുബ്ധമായ അവസ്ഥയിലെത്തി. രക്തരൂഷിതമായ ഇടതുപക്ഷ സമരങ്ങളെത്രയോ കേരളത്തിന്റെ തെരുവുകളില്‍ ആളിക്കത്തി. ഗ്രനേഡുകളും ജല പീരങ്കികളും പൊട്ടിത്തെറിച്ചു. പരിക്കേറ്റവരാല്‍ ആശുപത്രികളും പോരാളികളാല്‍ ജയിലുകളും ഒരുപോലെ നിറഞ്ഞു. ഭരണം മാറിയാല്‍ നിശ്ശബ്ദരായിരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓരോവര്‍ഷവും ഈ സമരങ്ങള്‍ക്ക് ഇരുവിഭാഗവും ഇറങ്ങുന്നത്. സാധാരണക്കാരന്റെ പഠനാവസരം എന്ന സാമൂഹിക സ്വപ്‌നം പരിമിതമായെങ്കിലും നിലനിര്‍ത്തുന്നതില്‍ ഈ പ്രക്ഷോഭങ്ങല്‍ വഹിച്ച പങ്കും ചെറുതല്ല.

എന്നാല്‍ ഇത്തവണ ഇതല്ല അവസ്ഥ. സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിച്ച് കഴിഞ്ഞിട്ടും ഒരിടത്തുനിന്നും കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. എവിടെയും ബഹളമയമായ സമരങ്ങളുണ്ടായിട്ടില്ല. ചോരച്ചാലുകള്‍ നീന്തിക്കയറിയ ഒരു മുഖ്യമന്ത്രിയുടെ അസാധാരണമായ കാര്യശേഷിയാല്‍, ഇതുവരെ കേരളത്തില്‍ നിലനിന്നിരുന്ന സ്വാശ്രയത്തിലെ അസമത്വങ്ങളും അന്യായങ്ങളും പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു എന്ന് തോന്നിക്കുമാര്‍ ശക്തമാണ് ഇപ്പോഴത്തെ നിശ്ശബ്ദത. എന്നാല്‍, കാര്യങ്ങള്‍ അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് എത്തിയിരിക്കുന്നത്എന്നതാണ് യാഥാര്‍ഥ്യം. ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫീസ് വര്‍ധനക്കാണ് ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കുറഞ്ഞ ഫീസ് തന്നെ ഇല്ലതാക്കിയ അസാധാരണമായ വര്‍ധന. വലിയ സമ്മര്‍ദ ശക്തിയായി മാറിക്കഴിഞ്ഞ സ്വാശ്രയ കോളജ് ഉടമകളെ നിയന്ത്രിക്കാന്‍ ചരിത്രത്തിലിതുവരെ കിട്ടിയിട്ടില്ലാത്ത തരത്തില്‍ നിയമ പിന്‍ബലമുള്ള ആയുധവും അവസരവും കൈവന്ന സമയത്താണ് കേരള സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത് എന്നതാണ് ഏറെ വിചിത്രം. അതും ഒരു ഇടതുപക്ഷ സര്‍ക്കാര്‍. അതാകട്ടെ, പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍.

സാധാരണക്കാര്‍ക്കുള്ള ഫീസ്

സ്വാശ്രയ കോളജുകളിലെ സീറ്റും ഫീസും സംസ്ഥാന സര്‍ക്കാറും കോളജ് മാനേജ്‌മെന്റുകളും തമ്മില്‍ ഒപ്പുവക്കുന്ന ഒരു വാര്‍ഷിക കരാറിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരുന്നത്. തുടക്കത്തില്‍ കത്തോലിക്ക സഭാ മാനേജ്‌മെന്റിന്‌ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ സ്വകാര്യ കോളജുകളും പരിയാരം, കൊച്ചി സഹകരണ കോളജുകളും ഈ കരാറില്‍ ഒപ്പുവച്ചിരുന്നു. എല്ലാവരും 50:50 അനുപാതത്തില്‍ സീറ്റ് പങ്കുവക്കാനും സന്നദ്ധമായിരുന്നു. ഇതനുസരിച്ച് ആകെ സീറ്റിന്റെ പകുതി എണ്ണത്തില്‍ സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് പ്രകാരം പ്രവേശനം നല്‍കും. ഇതില്‍ ഫീസ് കുറവായിരിക്കും. ബാക്കി പകുതി സീറ്റ് മാനേജ്‌മെന്റ്, എന്‍ ആര്‍ ഐ സീറ്റുകളായി കണക്കാക്കും. ഇതില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നോ മാനേജ്‌മെന്‌റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നോ പ്രവേശനം നല്‍കും. ഇതില്‍ ഉയര്‍ന്ന ഫീസായിരിക്കും ഈടാക്കുക. ഉയര്‍ന്ന റാങ്ക് എന്നതിലുപരി പണം മുടക്കാന്‍ ശേഷിയുണ്ടാകുക എന്നതാണ് ഇതില്‍ പ്രവേശനം കിട്ടാനുള്ള ആദ്യ യോഗ്യത. തുടക്കത്തില്‍ കുറഞ്ഞഫീസുള്ള 50 ശതമാനത്തിലും സര്‍ക്കാര്‍ കോളജുകളിലേതിന് തുല്യമായ ഫീസായിരുന്നു ഈടാക്കിയിരുന്നത്. പിന്നീട് ഇതില്‍ തന്നെ പല തട്ടിലുള്ള ഫീസ് ഘടന നടപ്പാക്കി. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഇങ്ങിനെയായിരുന്നു: 100 എം ബി ബി എസ് സീറ്റുള്ള ഒരു മെഡിക്കല്‍ കോളജില്‍ 20 സീറ്റില്‍ ഫീസ് 25,000 രൂപ. 30 സീറ്റില്‍ ഫീസ് 2.5 ലക്ഷം രൂപ. (ഇവ സര്‍ക്കാര്‍ സീറ്റായി കണക്കക്കും.) 35 സീറ്റില്‍ 11 ലക്ഷം രൂപ (മാനേജ്‌മെന്റ് സീറ്റ്). 15 സീറ്റില്‍ 15 ലക്ഷം രൂപ (എന്‍ ആര്‍ ഐ ക്വാട്ട.)  പരിമിതകളുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് പ്രയോജനകരമായ ഫീസ് വ്യവസ്ഥയായിരുന്നു ഇത്.

കത്തോലിക്ക സഭയുടെ കീഴിലുള്ള കോളജുകള്‍ ഈ രീതിയില്‍ ഫീസ് കുറച്ചുകൊടുക്കുന്നതിന് എതിരായിരുന്നു. എല്ലാ സീറ്റിലും ഉയര്‍ന്ന ഫീസ് വേണമെന്നതായിരുന്നു അവരുടെ ആവശ്യം. ന്യൂനപക്ഷ പദവി നേടിയ കോളജുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശം നടത്താനും ഫീസ് നിശ്ചയിക്കാനും അധികാരമുണ്ട്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ക്രിസ്ത്യന്‍ കോളജുകള്‍ സര്‍ക്കാറുമായി കരാറിന് തയാറാകാതെ, സ്വന്തം നിലയില്‍ പ്രവേശനം നടത്തിക്കൊണ്ടിരുന്നത്. കരാറിന് തയാറാകണമെങ്കില്‍ മുഴുവന്‍ സീറ്റിലും ഉയര്‍ന്ന ഫീസ് വേണമെന്ന അവരുടെ ആവശ്യം എല്ലാ സര്‍ക്കാറുകളും നിരാകരിച്ചു. സര്‍ക്കാറുകളെയും ജനവികാരത്തെയും വെല്ലുവിളിച്ച്, കോടതിവിധിയുടെ ബലത്തില്‍  അവര്‍ അതുമായി മുന്നോട്ടുപോയി. എന്നാല്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവരുടെ ആവശ്യം അംഗീകരിച്ച്, ഉയര്‍ന്ന ഏകീകൃത ഫീസ് അനുവദിച്ച് കൊണ്ട് തന്നെ കരാറിന് സന്നദ്ധമായി. ഇതോടെ, കുറഞ്ഞ ഫീസ് അനുവദിച്ചിരുന്ന കൂടുതല്‍ കോളജുകള്‍ ഈ രീതിയിലേക്ക് മാറാനും തുടങ്ങി. 50:50 തത്വം പൂര്‍ണമായി പൊളിയുന്നതിന്റെ തുടക്കമായിരുന്നു അത്. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇക്കാര്യത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്‌റുകളുമായി വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ആ ചരിത്രമെല്ലാം മറന്ന്, പിണറായി വജയനും കെ കെ ശൈലജയും ചേര്‍ന്ന് ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ഇഷ്ടപ്പെട്ട ഫീസ് തന്നെ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം ഈ കോളജുകളിലെ ഫീസ് ഘടന ഇങ്ങിനെയായിരുന്നു- 85 സീറ്റില്‍ ഫീസ് 4.4 ലക്ഷം രൂപ. 15 സീറ്റില്‍ 12 ലക്ഷം രൂപ (എന്‍ ആര്‍ ഐ).

സ്വാശ്രയ കോളജുകളിലെ ഫീസ് നിര്‍ണയത്തിന് കേരളത്തില്‍ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് രാജേന്ദ്ര ബാബുവാണ്. ഈ കമ്മിറ്റിക്കാണ് ഫീസ് നിര്‍ണയിക്കനുള്ള അധികാരം. കോളജുകളുടെ വരവ് ചിലവ് കണക്കുകള്‍ നോക്കി അനുയോജ്യമായ തുക ഫീസായി നിശ്ചയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 50:50 പാലിക്കാന്‍ സന്നദ്ധമാകുന്ന കോളജുകളില്‍, ഫീസ്  സര്‍ക്കാര്‍ നിശ്ചയിക്കുകയും അതടങ്ങുന്ന കരാര്‍ പിന്നീട് ഫീസ് നിര്‍ണയ കമ്മിറ്റി അംഗീകരിക്കുകയുമാണ് ചെയ്തിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഈ രീതി നിലവിലുണ്ട്. ക്രോസ് സബ്‌സിഡി പാടില്ലെന്ന് ഒരിക്കല്‍ വിധിച്ച സുപ്രിംകോടതി തന്നെ, പല കേസുകളിലും ഇത് അംഗീകരിച്ചിട്ടുമുണ്ട്.

നീറ്റാക്കിയ പ്രവേശനം


ഈ രീതിയില്‍ ഫീസും സീറ്റും പങ്കുവക്കുന്നതും ക്രിസ്ത്യന് കോളജുകളുടെ നിലപാടുകളുമായിരുന്നു എല്ലാ കൊല്ലവും സ്വാശ്രയ
മെഡിക്കല്‍ മേഖലയിലെ സമരങ്ങള്‍ക്ക് നിദാനമായിരുന്നത്. കുറഞ്ഞ ഫീസില്‍ പ്രവേശനം അനവദിക്കുന്നതിന്‌റെ മറവില്‍ സ്വാശ്രയ കോളജുകള്‍ ബാക്കി സീറ്റുകളില്‍ വന്‍തോതില്‍ പണം വാങ്ങി കച്ചവടം നടത്തുന്നുവെന്ന വിമര്‍ശവും ഈ വിവാദങ്ങളിലെ മുഖ്യ വിഷയമാണ്. വിദ്യാര്‍ഥി സംഘടനകളും മറ്റും നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന ആക്ഷേപവും പ്രവേശനത്തിലെ ഈ ക്രമക്കേടുകളും സാന്പത്തിക തട്ടിപ്പുകളുമാണ്. ചില കോളജുകളുടെ കാര്യത്തില്‍ ഇത് ശരിവക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുമുണ്ട്. സീറ്റ് വിട്ടുകിട്ടുന്നതിന്റെ പേരില്‍ ഇത്തരം പരാതികളോടും ആരോപണങ്ങളോടും സര്‍ക്കാറുകളും കണ്ണടക്കാറാണ് പതിവ്. ഈ തരത്തില്‍ ഒരുതരം പരസ്പര ധാരണയോടെ നടന്നിരുന്ന പ്രവേശന നടപടികള്‍ക്ക് സുപ്രീം കോടതി ഒരു സുപ്രധാന വിധിയിലൂടെ കടിഞ്ഞാണിട്ടു. രാജ്യത്തൊന്നാകെ ഒരൊറ്റ പ്രവേശന പരീക്ഷ മാത്രമേ പാടുള്ളുവെന്നും എല്ലാ കോളജുകളിലും എല്ലാ സീറ്റിലും പ്രവേശനം നടത്തേണ്ടത് ആ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സുപ്രിംകോടതി വിധിച്ചു. ഇതേതുടര്‍ന്ന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) എന്ന പേരില്‍ പൊതു പ്രവേശന പരീക്ഷ നിലവില്‍ വന്നു.

പ്രവേശനത്തിന് മറ്റൊരു മാനദണ്ഡവും പാടില്ല. മാനേജ്‌മെന്റ് സീറ്റായാലും എന്‍ ആര്‍ ഐ സീറ്റായാലും പ്രവേശനം ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രമേ പാടുള്ളൂ. അഥവ പ്രവേശനം സുതാര്യവും ഏകീകൃത മാനദണ്ഡപ്രകാരവുമായി മാറി. ഫീസ്, പ്രവേശനം എന്നീ പ്രധാന വിവാദ വിഷയങ്ങളിലെ പ്രവേശന പ്രശ്‌നം ഇതോടെ ഏറെക്കുറെ പൂര്‍ണമായി പരിഹരിക്കപ്പെട്ടു. സ്വാശ്രയ കോളജ് പ്രവേശനത്തില്‍ വിദ്യാര്‍ഥി സംഘടനകളും മറ്റും ഉന്നയിച്ചിരുന്ന തട്ടിപ്പിന്റെയും കച്ചവടത്തിന്റെയും പരാതികള്‍ക്കും ആശങ്കള്‍ക്കും ഇതോടെ ഇടമില്ലാതായി. ഇക്കൊല്ലം ഈ രീതിയില്‍ തന്നെയാണ് പ്രവേശനം നടക്കുന്നത്. അഥവ ചരിത്രത്തിലാദ്യമായി കേരളത്തില്‍ മുഴുവന്‍ സീറ്റുകളിലേക്കും പൂര്‍ണതോതില്‍ സുതാര്യമായി പ്രവേശനം നടക്കുന്ന വര്‍ഷമാണിത് എന്നര്‍ഥം. പ്രവേശനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് കൈവന്ന നിയമപരമായ ഈ അധികാരം ഉപയോഗപ്പെടത്തി ഫീസ് നിര്‍ണയം കൂടി സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ആക്കിയിരുന്നെങ്കില്‍ കേരളത്തിലെ സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുമായിരുന്നു. പാവപ്പെട്ടവരുടെ പഠനാവസരത്തിനും അവകാശത്തിനും വേണ്ടി ഏറ്റവുമേറെ ഒച്ചവച്ചിട്ടുള്ള ഇടതുപക്ഷം ഭരിക്കുന്ന സമയമായതിനാല്‍, ഇത് യാഥാര്‍ഥ്യമാകുമെന്ന് തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ സംഭവിച്ചത് മറിച്ചാണ്.

മന്ത്രിയുടെ 'നിസ്സഹായത'

സ്വാശ്രയ മേഖലയില്‍ അല്‍പമെങ്കിലും സാമൂഹിക നീതി പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഫീസ് നിശ്ചയിച്ചത്. മാനേജുമെന്റുകള്‍ക്ക്  കോടികളുടെ അധിക വരുമാനം ഉറപ്പാക്കുന്ന തരത്തിലാണ് ഫീസ് കമ്മിറ്റി തീരുമാനം. സര്‍ക്കാറിന്റെ രണ്ട് ഉദ്യോഗസ്ഥരടക്കം സര്‍ക്കാര്‍ നയം നടപ്പക്കാന്‍ കഴിയുന്ന ഒരു കമ്മിറ്റി ഉണ്ടായിട്ടും ഫീസിന്റെ കാര്യത്തില്‍ ഒരു പരിഗണനയും സാധാരണക്കാര്‍ക്ക് ലഭിച്ചില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷം ഇതുവരെ പരസ്യമായി പറഞ്ഞിരുന്ന മുഴുവന്‍ നിലപാടുകളും അവര്‍ കാറ്റില്‍പറത്തി. മാനേജ്‌മെന്റുകളുടെ ലാഭം മാത്രമാണ് ഫീസ് നിര്‍ണയത്തിന് ലാക്കാക്കിയത്. മുന്‍വര്‍ഷത്തെ ഫീസുമായി താരതമ്യം ചെയ്താല്‍ ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധതയുടെ ആഴം വ്യക്തമാകും. എന്‍ ആര്‍ ഐ ഒഴികെയുള്ള എല്ലാ സീറ്റിലും അഞ്ചര ലക്ഷം രൂപയാണ് സമിതി ഒരുവര്‍ഷത്തേക്ക് ഇത്തവണ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഥവ 100 സീറ്റുള്ള ഒരു കോളജില്‍ 85 സീറ്റിലും ഫീസ് 5.5 ലക്ഷം രൂപ. അവശേഷിക്കുന്ന 15 സീറ്റ് എന്‍ ആര്‍ ഐ ക്വാട്ടയാണ്. അതില്‍ ഫീസ് 20 ലക്ഷവും. അഥവ ഒരു വിദ്യാര്‍ഥി എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കാന്‍ ഫീസിനത്തില്‍ മാത്രം 27.5 ലക്ഷം രൂപ മുടക്കണം. മറ്റ് ചിലവുകള്‍ വേറെയും.

മാനേജ്‌മെന്റുകളെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് കിട്ടിയ ലോട്ടറിയാണ് ഈ തീരുമാനം. പ്രവേശന നിയന്ത്രണം കൈവിട്ടുപോയതോടെ സമ്മര്‍ദ ശേഷി നഷ്ടപ്പെട്ട് ദുര്‍ബലരായി മാറിയ മാനേജ്‌മെന്റുകള്‍ ഏറെക്കുറെ ഇത്തവണ സര്‍ക്കാറിന് കീഴടങ്ങേണ്ടി വരുമെന്നായിരുന്നു കരുതിയിരുന്നത്. അതിനനുസരിച്ച ഫീസ് ഘടനക്ക് സന്നദ്ധമായാണ് അവര്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് ഒരുങ്ങിയിരുന്നതും. എന്നാല്‍ അവരെപ്പോലും ഞെട്ടിച്ചുകളഞ്ഞു സര്‍ക്കാറും ഫീസ് കമ്മിറ്റിയും. പുതിയ ഫീസ് അനുസരിച്ച് 100 സീറ്റുള്ള ഒരു മെഡിക്കല്‍ കോളജിന് ഫീസിനത്തില്‍ മാത്രം ഒരുവര്‍ഷം ലഭിക്കുന്നത് 7.67 കോടി രൂപ. കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പുവച്ച കോളജുകള്‍ക്ക് ആകെ കിട്ടിയിരുന്നത് 6.90 കോടി രൂപ. അഥവ ഇത്തവണ അധികം ലഭിക്കുന്നത് 77 ലക്ഷം രൂപ. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷം കിട്ടിയത് 5.54 കോടി രൂപ. ഇത്തവണ അത് 7.67 ലക്ഷം. അഥവ അധികം കിട്ടുന്നത് 2.13 കോടി രൂപ. പുതിയ ഫീസ് ഘടനയിലൂടെ പണം മുടക്കി പഠിക്കാന്‍ ശേഷിയുള്ളവര്‍ക്ക് വലിയ സാന്പത്തിക സഹായമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാനേജ്‌മെന്റ് സീറ്റില്‍ 11 ലക്ഷം മുടക്കിയ സ്ഥാനത്ത് ഇത്തവണ അത് 5.5 ലക്ഷമായി കുറഞ്ഞിരിക്കുന്നു. ഫലത്തില്‍ പുതിയ ഫീസ് ഘടന, പാവപ്പെട്ടവര്‍ക്ക് സബ്‌സിഡൈസ് ചെയ്യുന്നതിന് പകരം പണക്കാര്‍ക്ക് ഇളവ് ഉറപ്പാക്കുന്നതായി മാറി. 25,000 രൂപയുടെയും 2.5 ലക്ഷത്തിന്റെയും സീറ്റുകള്‍ ഇല്ലാതായി. പകരം വന്നത് 5.5 ലക്ഷത്തിന്റെ സീറ്റ്. അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള ഇടത് സര്‍ക്കാറിന്റെ കരുതല്‍ എത്രയെന്ന് ഇതില്‍ പ്രകടമാണ്.

കഴിഞ്ഞ വര്‍ഷം 15ല്‍ അധികം സ്വാശ്രയ കോളജുകളിലായി മുന്നൂറോളം കുട്ടികളാണ് 25,000 രൂപ മാത്രം ഫീസ് നല്‍കി എം ബി ബി എസ് പഠനം ആരംഭിച്ചത്. 450-ാളം കുട്ടികള്‍ പഠിക്കുന്നത് 2.5 ലക്ഷം രൂപ നല്‍കിയും. ഈ സീറ്റുകള്‍ ഇല്ലാതായതോടെ സാധാരണക്കാരായ ഇത്രയും കുട്ടികളുടെ പഠനാവസരമാണ് സര്‍ക്കാര്‍ നിര്‍ദയം തട്ടിയകറ്റിയത്. അതും ഇതിനേക്കാള്‍ കുറഞ്ഞ ഫീസില്‍ പഠനാവസരം ഒരുക്കാന്‍ അസുലഭാവസരം കൈവന്ന സന്ദര്‍ഭത്തില്‍. പ്രവേശ പരീക്ഷയിലും യോഗ്യതാ പരീക്ഷയിലും മികച്ച വിജയം നേടുന്ന നിരവധി വിദ്യാര്‍ഥികളുടെ ഉപരിപഠനം 5.5 ലക്ഷം ഫീസെന്ന കടന്പയില്‍ തട്ടി അവസാനിക്കും. പണമില്ലെങ്കില്‍ പഠിക്കാനാവില്ലെന്ന അവസ്ഥ.

ദരിദ്ര ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായും സാന്പത്തികമായും മുന്നേറാന്‍ കഴിയുന്ന ഉന്നത സാമൂഹിക പദവിയുള്ള തൊഴില്‍ മേഖലയില്‍നിന്ന് വലിയൊരു വിഭാഗം ആട്ടിയകറ്റപ്പെടുകയാണ്. കാശുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന വരേണ്യ സങ്കല്‍പത്തിലേക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മറപറ്റിവന്ന സ്വാകാര്യ മേഖലയുടെ മാറ്റം ഇതോടെ പൂര്‍ണമാകും. പിണറായി വിജയനും ഇടതുസര്‍ക്കാറിനും അതിന് കാര്‍മികത്വം വഹിക്കേണ്ടി വന്നത്, സ്വാശ്രയത്തില്‍ ഇതുവരെ ഇടതുപക്ഷം തുടര്‍ന്നുവന്ന ഇരട്ടത്താപ്പിന്റെ സ്വാഭാവിക ഫലമായുണ്ടായ നിസ്സഹായാവസ്ഥ കൊണ്ടാണ്. ഫീസ് നിശ്ചയിച്ചത് കമ്മിറ്റിയാണെന്നും സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും ആരോഗ്യ മന്ത്രി കൈമലര്‍ത്തിയതും അതുകൊണ്ടാണ്. മുന്‍കാലങ്ങളില്‍ കമ്മിറ്റി ഈ രീതിയില്‍ ഏകീകൃത ഫീസ് നിശ്ചയിച്ചപ്പോഴെല്ലാം  കോളജ് ഉടമകളുമായുണ്ടാക്കുന്ന കരാറിലൂടെ അതിനെ മറികടക്കുകയാണ് അതത് കാലത്തെ സര്‍ക്കാറുകള്‍ ചെയ്തിരുന്നത്. ഇത്തവണ അത് സര്‍ക്കാര്‍ തന്നെ വേണ്ടെന്ന് വച്ചു.  കഴിഞ്ഞ വര്‍ഷം വരെ തുടര്‍ന്ന രീതിയില്‍ തന്നെ ഇക്കൊല്ലവും കരാര്‍ ഒപ്പുവക്കാന്‍ ക്രിസ്ത്യന്‍ ഇതര കോളജുകളിലെ ഒരുവിഭാഗം തയാറായിരുന്നു. എം ഇ എസ് അടക്കമുള്ള മാനേജ്‌മെന്റുകള്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അത് സര്‍ക്കാര്‍ പരിഗണിച്ചില്ല.

തൊട്ടതെല്ലം പിഴച്ച സര്‍ക്കാര്‍

മന്ത്രിയുടെ ഈ നിസ്സഹായത വെറുതെയുണ്ടായതല്ല. സ്വാശ്രയ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കറാണിത്. പക്ഷെ ആ ഓര്‍ഡിനന്‍സിന് വിരുദ്ധമായി സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കി. പത്തംഗ ഫീ-അഡ്മിഷന്‍ കമ്മിറ്റിക്ക് പകരം റിട്ട.ജസ്റ്റിസ് രാജേന്ദ്ര ബാബു ചെയര്‍മാനായി ആറംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. നിയമപരമായ സാധുതയില്ലാതെ രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച ഏകീകകൃത ഫീസിനെതിരെ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ തിരിച്ചടി കിട്ടുമെന്ന് ബോധ്യമായതോടെ, തെറ്റായിറക്കിയ ഉത്തരവ് സാധൂകരിക്കുംവിധം ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ ഈ വിവരം മന്ത്രിസഭാ യോഗത്തിന്‍റെ മിനിറ്റ്സില്‍നിന്ന് ഒഴിവാക്കി. ഇത് മാനേജ്മെന്‍റുകളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവും ഉന്നയിച്ചു. അതിനെ പ്രതിരോധിക്കാന്‍ കഴിയാതായ ആരോഗ്യ മന്ത്രി, ഉത്തരവിറക്കിയതില്‍ പിഴവ് പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു. ഏകൃകൃത ഫീസ് നിശ്ചയിക്കുക വഴി പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ഇതോടെ വീണ്ടും വെട്ടിലായി. പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയതോടെ സര്‍ക്കാറിന് ലഭിച്ച മേല്‍ക്കൈ, അബദ്ധമായിമാറിയ ഒരു ഉത്തരവിറക്കിയതിലൂടെ അവര്‍ സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടെ മാനേജ്മെന്‍റുകളുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങേണ്ട സ്ഥിതിവിശേഷമാണ് സൃഷ്ടിക്കപ്പെട്ടത്. മാനേജ്മെന്റുകളാകട്ടെ, ഈ അവസരം ഉപയോഗപ്പെടുത്തി സാന്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവക്കുകയും ചെയ്തു. സര്‍ക്കാര്‍ സീറ്റില്‍ കുറഞ്ഞ ഫീസ് അനുവദിക്കുന്നതിന് പകരം മാനേജ്മെന്‍റ് സീറ്റില്‍ നിലവിലെ ഫീസ് ഉയര്‍ത്തണമെന്നാണ് ഒരു വ്യവസ്ഥ.



അതിന് പുറമെ, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാട്ട എന്ന പേരില്‍ നിശ്ചിത സീറ്റ് മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ് ഈ ക്വാട്ട. നീറ്റ് നടപ്പാക്കിയതോടെ നിലവില്‍വന്ന നിയന്ത്രണം മറികടക്കാനുള്ള ഉപായമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാട്ട എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ മാനേജ്മെന്റും അവര്‍ക്കിഷ്ടമുള്ള ഫീസ് ഘടന അനുവദിക്കണമെന്ന ആവശ്യവുമായി സര്‍ക്കാറിനെ സമീപിച്ചുതുടങ്ങി. കിട്ടിയ അധികാരവും അവസരവും ഉപയോഗപ്പെടുത്താന്‍ മതിയായ ഗൃഹപാഠം ചെയ്യാതെ തീരുമനം പ്രഖ്യാപിച്ചതാണ്, മാനേജ്മെന്റുകള്‍ പറയുന്നേടത്ത് തുല്യം ചാര്‍ത്തേണ്ട അവസ്ഥയിലേക്ക് സര്‍ക്കാറിനെ എത്തിച്ചത്. രണ്ട് കോളജുകളുമായി കരാറിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തയാറായതോടെ, ക്രോസ് സബ്സിഡിക്കെതിരെ ഇതുവരെ പറഞ്ഞ ന്യായങ്ങള്‍ അവര്‍ തന്നെ കാറ്റില്‍ പറത്തുകയും ചെയ്തു. അവ്യക്തമായ നിലപാടുകളും അങ്ങേയറ്റത്തെ  ആശയക്കുഴപ്പം നിറഞ്ഞ നയങ്ങളുമാണ് സ്വാശ്രയത്തില്‍ സര്‍ക്കാറിനെ നയിക്കുന്നത് എന്ന് ഇതിലൂടെ അവര്‍ തന്നെ സമ്മതിക്കുകയാണ്.

പിറവിയിലേ പിഴച്ച ഫീസ് നിര്‍ണയ കമ്മിറ്റി, അവരുടെ നടപടികളിലും ഗുരുതരമായ വീഴ്ച വരുത്തി. ഫീസ് നിര്‍ണയത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ഓര്‍ഡിനന്‍സില്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനം നിലനില്‍ക്കുന്ന സ്ഥലം, അതിന്റ വില, കെട്ടിടം, കെട്ടിടത്തിന്റെ വില, മെഡിക്കല്‍ കോഴ്സുകളുടെ സ്വഭാവം, അടിസ്ഥാന സൌകര്യങ്ങള്‍, കോളജ് നടത്തിപ്പിനുള്ള ചിലവ്, ന്യായമായ ലാഭം തുടങ്ങിയവ കമ്മിറ്റിക്ക് പരിഗണിക്കാം. കോളജിന്റെ വരവ്-ചിലവ് കണക്കുകള്‍ വിശദമായി പരിശോധനക്ക് വിധേയമാക്കണം. ഇതിനാവശ്യമായ രേഖകള്‍ ഹാജരാക്കാനോ ഇല്ലെങ്കില്‍ പിടിച്ചെടുക്കാനോ ഉള്ള അധികാരം കമ്മിറ്റിക്കുണ്ട്. ഒരുവര്‍ഷത്തെ വരവും ചിലവും ഓഡിറ്റ് ചെയ്ത് വേണം തീരുമാനമെടുക്കാന്‍. എന്നാല്‍ ഇത്തവണ കമ്മിറ്റി ഫീസ് നിശ്ചയിച്ചത് മതിതായ രേഖകള്‍ പരിശോധിക്കാതെയാണെന്ന് അവരുടെ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. മുന്‍വര്‍ഷങ്ങളിലെ കരാറുകളും ആ കാലത്തെ ചിലവും പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് 5.5 ലക്ഷം രൂപ നിശ്ചയിച്ചത് എന്നാണ് ഉത്തരവില്‍ പറയുന്നത്. 85 കുട്ടികളെ പഠിപ്പിക്കാനുള്ള ശരാശരി തുക മാത്രമാണ് കമ്മിറ്റി കണക്കാക്കിയത്. അതുതന്നെ താല്‍കാലികമായാണെന്നും കൂടുതല്‍ രേഖകള്‍ കിട്ടുന്ന മുറക്ക് ഫീസ് മാറ്റി നിശ്ചയിക്കുമെന്നുമുള്ള മുന്‍കൂര്‍ജാമ്യത്തോടെയും. രേഖകള്‍ ഹാജരാക്കാത്ത കോളജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും കണക്കുകള്‍ ഹാജരാക്കുംവരെ ഫീസ് നിശ്ചയിക്കാതിരിക്കുകയും ചെയ്ത കര്‍ശന നടപടികള്‍ മുന്‍ വര്‍ഷങ്ങളില്‍ ഫീസ് നിര്‍ണയ കമ്മിറ്റികളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അത്തരമൊരു നീക്കത്തിന് പോലും ശ്രമിക്കാതെ ഏകപക്ഷീയമായി വന്‍തുക ഫീസായി അനുവദിക്കുകയാണ് ഇത്തവണ കമ്മിറ്റി ചെയ്തത്.

സഭക്ക് സന്തോഷം

പകുതി സീറ്റില്‍ കുറഞ്ഞ ഫീസ്, പകുതി സീറ്റില്‍ ഉയര്‍ന്ന ഫീസ് എന്ന തരത്തില്‍ ക്രമീകരിച്ചിരുന്ന (ക്രോസ് സബ്‌സിഡി) ഫീസ് ഘടനയാണ് ഇത്തവണ ഒറ്റയടിക്ക് പിന്‍വലിക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സമ്മര്‍ദ വിഭാഗമായ കാത്തലിക് സഭയുടെ താത്പര്യമാണ് ഫലത്തില്‍ ഇവിടെ നടപ്പായിരിക്കുന്നത്. അവര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഏകീകൃത ഫീസ് എന്ന ആശയത്തിലേക്ക് കേരളത്തിലെ മുഴുവന്‍ സ്വാശ്രയ കോളജുകളെയും എത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ താരതമ്യേന മെച്ചപ്പെട്ട കോളജുകളാണ് കത്തോലിക്ക സഭക്ക് കീഴിലുള്ളത്. എന്നാല്‍ ഉയര്‍ന്ന റാങ്ക് നേടുന്ന കേരളത്തിലെ ഏറ്റവും മിടുക്കരായ കുട്ടികള്‍ കുറഞ്ഞ ഫീസ് ഘടന നിലനില്‍ക്കുന്ന മറ്റ് കോളജുകളിലാണ് പ്രവേശം നേടുന്നത്. അത് അവസാനിപ്പിക്കാനും മിടുക്കരായ കുട്ടികളെ സ്വന്തം കോളജുകളിലെത്തിക്കാനും ഇതിലൂടെ ക്രിസ്ത്യന്‍ കോളജുകള്‍ക്ക് കഴിയും.

ഉയര്‍ന്ന ഫീസിന് പകരം കോളജുകള്‍ സ്കോളര്‍ഷിപ് ഏര്‍പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവക്കുന്നു. കഴിഞ്ഞ തവണ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. ഫലത്തില്‍ ഇതും ക്രോസ് സബ്സിഡിയാണ് എന്ന കാര്യം സര്‍ക്കാര്‍ സൌകര്യപൂര്‍വം മറക്കുകയാണ്. ഏത് കോളജിലായാലും ഈ സ്കോളര്‍ഷിപ് കിട്ടുമോ എന്ന് അറിയണമെങ്കില്‍ പോലും 5.5 ലക്ഷം രൂപ ഫീസ് ആദ്യമേ കോളജുകള്‍ക്ക് നല്‍കണം. സ്കോളര്‍ഷിപ് കിട്ടിയില്ലെങ്കില്‍ പഠനം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചാല്‍ അതും നടക്കില്ല. ലിക്വിഡിറ്റി ഡാമേജസ് എന്ന പേരില്‍ വന്‍ തുകയാണ് കോളജുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരിക. 5 വര്‍ഷത്തെ മുഴുവന്‍ ഫീസും ഇതിന്റെ പേരില്‍ ഈടാക്കുന്ന കോളജുകളുണ്ട്. വര്‍ഷങ്ങളായി കേരളത്തിലെ സ്വാശ്രയ മേലയില്‍ ഇത് നിലനില്‍ക്കുന്നുമുണ്ട്.

ക്രിസ്ത്യന്‍ കോളജുകളുമായി നിലവില്‍ ഒരു കരാര്‍ നിലനില്‍ക്കെയാണ് അതിനേക്കാള്‍ ഉയര്‍ന്ന ഫീസ് അനുവദിച്ച് കൊടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ അവസാന വര്‍ഷം ക്രിസ്ത്യന്‍ മാനേജ്മെന്‍റ് പ്രയോഗിച്ച തന്ത്രമായിരുന്നു ഒന്നിലേറെ വര്‍ഷത്തേക്ക് കരാര്‍ ഉണ്ടാക്കുക എന്നത്. അതനുസരിച്ച് അവര്‍ ഒരൊറ്റ ഫീസ് ഘടനയില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. മാറിവരുന്ന ഇടത് സര്‍ക്കാര്‍ സ്വാശ്രയ മേഖലയില്‍ എന്തെങ്കിലും പരിഷ്കാരം നടപ്പാക്കിയേക്കുമെന്ന ഭയമാണ് ഇത്തരമൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചത്. ഇതിന് ഉമ്മന്‍ചാണ്ടി വഴങ്ങുകയും ചെയ്തു. ഇടത് സര്‍ക്കാറിന്റെ ആദ്യ വര്‍ഷം ഫീസ് കുറക്കാന്‍ ഒരു ശ്രമം ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയിരുന്നു. തങ്ങള്‍ക്ക് നിലവില്‍ ഒരു കരാറുണ്ടെന്നും അതില്‍നിന്ന് ഇനി മാറാനാകില്ലെന്നും വാദിച്ചാണ് ഈ നീക്കത്തെ കത്തോലിക്ക സഭാ കോളജുകള്‍ മറികടന്നത്. അതേ കരാര്‍ ഈ വര്‍ഷത്തേക്കും ബാധകമാണ്. എന്നാല്‍ ഫീസ് വര്‍ധന നടപ്പാക്കിയപ്പോള്‍ പഴയ കരാര്‍ പാലിക്കണമെന്ന് പറയാന്‍പോലും ഇടത് സര്‍ക്കാറിന് കഴിഞ്ഞില്ല.

പുറന്തള്ളലിന്റെ ആയുധം

ഫീസ് നിര്‍ണയ കാര്യത്തില്‍ സര്‍ക്കാറും കമ്മിറ്റിയും കാട്ടിയ ഈ പക്ഷപാതിത്വം നിസ്സാരമായ കാര്യമല്ല. സാധാരണക്കാരായ കുട്ടികളെ പ്രൊഫഷണല്‍ കോളജുകളില്‍നിന്ന് ആട്ടിയകറ്റുന്ന പ്രധാന കാരണം ഫീസാണെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായതാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനം എല്ലാതരം വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമായിരിക്കണം (accessible) എന്ന സാമൂഹിക നീതിയുടെ അടിസ്ഥാന സങ്കല്‍പത്തെ നിരാകരിക്കുന്നതാണ് ഈ ഫീസ് ഘടന. യോഗ്യതയില്‍ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ മുന്‍പന്തിയിലുള്ളവര്‍ക്ക് മറ്റ് പരിഗണനകളൊന്നുമില്ലാതെ അവരാഗ്രഹിക്കുന്നിടത്ത് തുടര്‍ പഠനം നടത്താന്‍ കഴിയുന്നതുമാകണം വിദ്യാഭ്യാസ രംഗം. എന്നാല്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് അത്രമേല്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമല്ല. വലിയ പണം മുടക്കി, പരിശീലനം നേടുന്നവര്‍ എപ്പോഴും മുന്നിലെത്തുന്ന പ്രവേശന പരീക്ഷയാണ് അവരെ തടയുന്ന ആദ്യ കടന്പ. പ്രവേശന പരീക്ഷയെക്കുറിച്ച് നടന്ന പഠനങ്ങളെല്ലാം പറയുന്നത്, പരിശീലന കേന്ദ്രങ്ങളില്‍ പണംമുടക്കുന്നവര്‍ മാത്രമാണ് അതില്‍ മുന്‍പന്തിയിലെത്തുന്നത് എന്നാണ്. ഇത് കടന്നെത്തുന്നവരാണ് ഫീസിന് മുന്നില്‍ വീണുപോകുന്നത്.

ഏറ്റവും താഴ്ന്ന സാന്പത്തിക വിഭാഗത്തില്‍ പെട്ട വെറും 4.9 ശതമാനം ആളുകള്‍ മാത്രമാണ് മക്കളെ സ്വാശ്രയ കോളജില്‍ അയക്കാന്‍ താത്പര്യപ്പെടുകയെങ്കിലും ചെയ്യുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ കേരള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതേ സമയം സാന്പത്തിക ശേഷിയുള്ളവരിലെ 72 ശതമാനം ആളുകളും മക്കളെ പ്രഫഷണല്‍ വിദ്യാഭ്യാസം ചെയ്യിക്കാനാഗ്രഹിക്കുന്നവരാണ്.  അതില്‍ തന്നെ 36 ശതമാനം മക്കളെ സ്വാശ്രയ കോളജില്‍ അയക്കാന്‍ തീരുമാനിച്ചവരുമാണ്. ഉയര്‍ന്ന സാന്പത്തിക ശേഷിയുള്ളവരാകട്ടെ ആകെയുള്ളത് 9 ശതമാനം മാത്രം. കേരളത്തില്‍ എം.ബി.ബി.എസ്സിന് പഠിക്കുന്നവരില്‍ ബി.പി.എല്‍ വിഭാഗം 7 ശതമാനം മാത്രമാണ്. മധ്യവര്‍ഗം 8 ശതമാനവും. കേരള ജനസംഖ്യയില്‍ വെറും 9 ശതമാനം വരുന്ന ഉന്നത സാന്പത്തിക വിഭാഗത്തിലുള്ളവരാണ്  എം.ബി.ബി.എസ്സിന്റെ 87 ശതമാനം സീറ്റുകളിലും എത്തുന്നതെന്നും സിഡിഎസും മറ്റും നേരത്തെ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫീസ് ഘടന നലിവിലിരുന്ന സമയത്താണ് ഈ പഠനങ്ങള്‍ നടന്നത്. ഓരോവര്‍ഷവും ഉയര്‍ന്നുകൊണ്ടോയിരിക്കുന്ന ഫീസ്, സാധാരണക്കാരായ കൂടുതല്‍ കൂടുതല്‍ കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്. ഈ പുറന്തള്ളല്‍ (exclusion) പ്രവണത അതിരൂക്ഷമാക്കി മാറ്റുന്നതാണ് ഇത്തവണത്തെ ഫീസ് ഘടന.

അയല്‍ക്കാരെ കണ്ടുപഠിക്കാം

സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്ന സാഹചര്യം മറികടക്കാനുള്ള രാഷ്ട്രീയമായ തീരുമാനംപോലും ഇടത് സര്‍ക്കാറില്‍നിന്നുണ്ടായില്ല. എന്നല്ല, സാങ്കേതികതകളില്‍ ഊന്നി കമ്മിറ്റിയുടെ കമ്മച്ചക്കണക്കിനെ പിന്തുണക്കുകയും ചെയ്തു. കേരളത്തിലെ മുന്‍കാല രീതികളെ അപ്പാടെ മാറ്റിമറിച്ച നടപടിക്ക് സര്‍ക്കാര്‍ പറയുന്ന ന്യായം, നീറ്റ് നടപ്പാക്കിയതിനാല്‍ മറ്റൊന്നും ചെയ്യാനില്ല എന്നതാണ്. കോടതി തള്ളിക്കളയുമെന്ന് സര്‍ക്കാര്‍ പറയുന്ന ക്രോസ് സബ്സിഡി പല സംസ്ഥാനങ്ങളും നീറ്റിന് ശേഷവും നടപ്പാക്കിയിട്ടുണ്ട്. ഇടതുപക്ഷം സ്വാശ്രയ ലോബിയെന്ന് പരിഹാസപൂര്‍വം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക തന്നെ പിണറായിക്ക് മുന്നിലുള്ള മികച്ച ഉദാഹരണമാണ്. 40 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ ഇവിടെ 77,000 രൂപയാണ് പുതിയ വാര്‍ഷിക ഫീസ്. 40 ശതമാനം മാനേജ്മെന്റ് സീറ്റില്‍ 6.53 ലക്ഷവും. ദന്തല്‍ കോഴ്സില്‍ 49,000 രൂപ മാത്രമാണ് സര്‍ക്കാര്‍ സീറ്റിലെ ഫീസ്. മാനേജ്മെന്റ് സീറ്റില്‍ 4.29 ലക്ഷവും. തമിഴ്നാട്ടിലും ക്രോസ് സബ്സിഡിയാണ് നിയമം. ഇത്തവണ സര്‍ക്കാര്‍ സീറ്റില്‍ ഫീസ് 24,000 രൂപ മുതല്‍ 4 ലക്ഷം വരെ. മാനേജ്മെന്റ് സീറ്റില്‍ 12.5 ലക്ഷവും. കേരളത്തില്‍ ഇപ്പോള്‍ കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന ദന്തല്‍ ഫീസ് 85 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയാണ്. എന്‍ ആര്‍ ഐ സീറ്റില്‍ 6 ലക്ഷവും. 14 ശതമാനം സീറ്റില്‍ 23,000 രൂപയും 26 ശതമാനം സീറ്റില്‍ 44,000 രൂപയും ഉണ്ടായിരുന്ന സ്ഥാനത്താണ് 2.5 ലക്ഷത്തിന്റെ ഏകീകൃത ഫീസ്. കുറഞ്ഞ ഫീസാകട്ടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മാത്രമായി നീക്കിവച്ചതുമായിരുന്നു. ഇനി ഇവരൊന്നും ഈ കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിക്കേണ്ടതില്ല.

മാനേജ്മെന്റുമായി കരാറിന് നേരത്തെ സര്‍ക്കാര്‍ ശ്രമിച്ചില്ല.
ദരിദ്രരോ സാധാരണക്കാരോ ഇടത്തരക്കാരോ ആയ കുട്ടികള്‍ക്ക് പഠനാവസരം ഉറപ്പാക്കാന്‍ കഴിയുന്ന ഫീസ് ഘടന വേണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയുമില്ല. അതുകൊണ്ട് കോളജുകളുടെ ലാഭം ഉറപ്പാക്കാനുതകുന്ന തരത്തിലുള്ള ഫീസ് അവര്‍ നിശ്ചയിച്ചു. അതാണ് ഫീസെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതും പിഴച്ചുവെന്ന് സര്‍ക്കാറിന് ബോധ്യമായത്, മാനേജ്മെന്റുകള്‍ തന്നെ കുറ‍ഞ്ഞ ഫീസെന്ന നിര്‍ദേശം മുന്നോട്ടുവച്ചപ്പോഴാണ്. അതുകൊണ്ടാണല്ലോ രണ്ട് കോളജുകളുമായി സര്‍ക്കാര്‍ എളുപ്പത്തില്‍ ധാരണയിലെത്തിയത്.

എ കെ ആന്റണി മുന്നോട്ടുവച്ച, അല്‍പമെങ്കിലും സാമൂഹിക നീതി സങ്കല്‍പം ഉള്ളടങ്ങിയ 50:50 എന്ന ആശയം പൊളിച്ചെടക്കുന്നതിന്റെ തുടക്കമായിരുന്നു ക്രിസ്ത്യന്‍ കോളജുകളുമായുള്ള ഉമ്മന്‍ചാണ്ടിയുടെ കരാര്‍. എന്നാല്‍ ഉമ്മന്‍ചാണ്ടി പോലും ഭാഗികമായി മാത്രം നടപ്പാക്കിയ ഏകീകൃത ഫീസെന്ന ഈ വിദ്യാര്‍ഥി വിരുദ്ധ പദ്ധതിയെ, അതിന്റെ പൂര്‍ണാര്‍ഥത്തില്‍ കേരളത്തിന് മേല്‍ അടിച്ചേല്‍പിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. ഇതിനി തിരുത്തണമെങ്കില്‍ മാനേജ്മെന്റുകള്‍ കനിയണം. അല്ലെങ്കില്‍ അവരുടെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. സാമുദായിക പിന്‍ബലമുള്ള സ്വാശ്രയ മെഡിക്കല്‍ കോളജ് ഉടമകളെ പിണക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താത്പര്യമില്ല. സ്വാശ്രയ കോളജ് നടത്തിപ്പുകാരായ സിപിഎമ്മിനാകട്ടെ ഭരണകക്ഷി എന്ന അധിക ഭാരവുമുണ്ട്. എല്ലാം കൊണ്ടും സ്വാശ്രയ ലോബിക്ക് സഹായകരമായ സാഹചര്യങ്ങള്‍. രാഷ്ട്രീയപാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും സര്‍ക്കാറിന്റെയും ഈ നിസ്സഹായതക്കും നിശ്ശബ്ദദക്കും മുകളിലാണ് സ്വാശ്രയ ലോബിയുടെ വിജയച്ചിരി മുഴങ്ങുന്നത്.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017- ജൂലൈ 24, ചിത്രങ്ങള്‍- ഗൂഗിള്‍)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...