Monday, December 2, 2024

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ



കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ ജനരോഷവുമായിരുന്നു പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ  മണ്ഡലത്തിലെയും സംസ്ഥാനത്തെയും പൊതു രാഷ്ട്രീയ കാലാവസ്ഥ. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തുടർച്ചയായി രണ്ടാം സ്ഥാനത്ത് എത്തുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. ദേശീയ തലത്തിൽ തന്നെ ബി ജെ പിയുടെ നേരെതിരാളിയായ കോൺഗ്രസാണ് പാലക്കാട് അവരെ നിരന്തരം പരാജയപ്പെടുത്തുന്നത്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം മൂന്നാം സ്ഥാനത്തെത്തുന്നത് സി പി എമ്മും. ബി.ജെ.പിയോട് പ്രഖ്യാപിത എതിർപ് വച്ചുപുലർത്തുന്ന പാർട്ടിയാണ് സി പി എം. വയനാട് സഹായ നിഷേധം, കേരളത്തിലെ ഭരണ കക്ഷിയെന്ന നിലയിൽ സി പി എമ്മിന്, ബി.ജെ.പിയോട് അധിക എതിർപ്പും ശത്രുതയും സവിശേഷമായും ഉണ്ടാകേണ്ടതാണ്. അതുകൊണ്ടുതന്നെ കോൺഗ്രസും സി പി എമ്മും നയിക്കുന്ന രണ്ട് പ്രബല മുന്നണികളും ബി ജെപിക്കെതിരെ വിട്ടവീഴ്ചയില്ലാത്ത പോരാട്ടമുഖം തുറന്ന്, പാലക്കാട്ടെ അവരുടെ അവസാന സാധ്യതയും ഇല്ലാതാക്കുമെന്നാണ് സാമാന്യ 'കേരള ബോധ'മുള്ള മലയാളികളെല്ലാം പ്രതീക്ഷിച്ചത്. 

പക്ഷെ സംഭവിച്ചത് മറിച്ചാണ്. സംസ്ഥാന സർക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം ചർച്ചയാക്കപ്പെടാതിരിക്കാനെങ്കിലും സി പി എം, കേന്ദ്ര സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളിൽ കേന്ദ്രീകരിക്കുമെന്ന പ്രതീക്ഷ പോലും അസ്ഥാനത്തായി. കേന്ദ്ര സർക്കാറിന്റെ കേരള വിരോധം മുഖ്യ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ച പാലക്കാട്ട്, അതൊരു വിഷയമേയല്ലാതായി മാറി. ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രചാരണം കേന്ദ്രീകരിക്കപ്പെട്ടില്ല. കേരള സർക്കാറിനെയും കേന്ദ്ര സർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണ തന്ത്രമാണ് കോൺഗ്രസ് ആദ്യഘട്ടത്തിൽ ആവിഷ്കരിച്ചതെങ്കിലും അതിലുറച്ചുനിൽക്കാൻ അവർക്കും കഴിഞ്ഞില്ല. കാരണം ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയം നിശ്ചയിക്കുന്ന തരത്തിൽ തന്ത്രങ്ങൾ ആവിഷ്കരിച്ചത് സി പി എമ്മായിരുന്നുവെന്നതുതന്നെ. എന്നാൽ സി പി എം നീക്കങ്ങൾ, ബി ജെ പിയേക്കാൾ കോൺഗ്രസിനെ ലക്ഷ്യമിട്ടതായി മാറുകയും ചെയ്തു. തൊട്ടെതിരാളിയായ, വിജയസാധ്യതയുള്ള ബി ജെ പിയെ പ്രതിരോധത്തിൽ നിർത്തുന്നതിന് പകരം സി പി എമ്മിനെ പ്രതിരോധിക്കേണ്ട സ്ഥിതിയിലേക്ക് കോൺഗ്രസിന്റെ പ്രവർത്തനം മാറിമറിഞ്ഞു. 

അഞ്ച് പ്രധാന വിവാദങ്ങളാണ് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടത്. അഞ്ചും സി പി എം സഷ്ടിച്ചെടുത്ത വിഷയങ്ങളായിരുന്നു. അഞ്ചും കോൺഗ്രസിനെതിരെയുമായിരുന്നു. ആദ്യത്തേത് സ്ഥാനാർഥിത്വം പരിഗണിക്കാത്തതിൽ ഇടഞ്ഞ കോൺഗ്രസ് നേതാവിനെ സ്വന്തം സ്ഥാനാർഥിയാക്കിയ തീരുമാനമാണ്. കേൺഗ്രസിലെ ആഭ്യന്തര തർക്കം തെരുവുചർച്ചക്ക് സിപിഎം വിധേയമാക്കിയപ്പോൾ ബിജെപി കാഴ്ചക്കാരായിനിന്ന് കൈയ്യടിച്ചു. അതിന്റെ അലയൊലി കെട്ടടങ്ങിയപ്പോൾ കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ ഒരു കത്ത് പുറത്തുവിട്ട് നിലവിലെ സ്ഥാനാർഥിയെ ഡി സി സിക്ക് താത്പര്യമില്ലെന്ന ആഖ്യാനം കൊണ്ടുവന്നു. അതിന് പിന്നാലെയാണ് കോൺഗ്രസ് കള്ളപ്പണം കൊണ്ടുവരുന്നുവെന്നാരോപിച്ച് അവർ താമസിച്ചിരുന്ന ഹോട്ടലിൽ അർധരാത്രി പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയത്. റെയ്ഡ് തിരിച്ചടിച്ചപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയ സ്ഥാനാർഥി കൊണ്ടുപോയ നീലപ്പെട്ടി കള്ളപ്പണക്കടത്താണെന്ന പുതിയ കഥവന്നു. ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് കൂടുമാറിയതോടെ സന്ദീപിന്റെ മുൻകാല വർഗീയ പ്രസ്താവനകൾ വച്ച് മുസ്ലിം വീടുകൾ മാത്രം ലക്ഷ്യമിട്ട് പത്രപരസ്യമിറക്കി; അതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  അവസാന മണിക്കൂറുകളിൽ. സന്ദീപ് വാര്യരെ സ്വന്തം പാർട്ടിയിലേക്ക് എത്തിക്കാൻ അവസാന നിമിഷം വരെ പ്രവർത്തിച്ച ശേഷമാണ് സി പി എം ഈ വർഗീയ സ്വഭാവമുള്ള പത്രപരസ്യം പ്രസിദ്ധീകരിച്ചത്. ഇങ്ങിനെ പ്രചാരണത്തിന്റെ തുടക്കം മുതൽ അവസാന മണിക്കൂറുകൾ വരെ ഈ വിഷയങ്ങളിൽ കോൺഗ്രസ് കുരുങ്ങിക്കിടന്നപ്പോൾ, ബി ജെ പിക്ക് അനായാസം അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ കഴിഞ്ഞു. എതിരാളികളെ പ്രതിരോധിക്കേണ്ടതില്ലാത്തവിധം ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിൽ സി പി എം സൃഷ്ടിച്ച വിവാദങ്ങൾ വലിയ പങ്കുവഹിച്ചു. ബി.ജെ.പിക്കുള്ളിലെ ചേരിപ്പോരും തമ്മിലടിയും അവർക്കുള്ളിൽ രഹസ്യമായാണെങ്കിലും അസാധാരണമാംവിധം കത്തിപ്പടരുന്നതിനിടെയാണ് ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ച രണ്ടുപാർട്ടികളുടെ പോര് അവർക്ക് രക്ഷാ വഴികളൊരുക്കിയത്. 

 കോൺഗ്രസിനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് അവരെ നേരിടൽ പ്രധാന അജണ്ടയാക്കി സി പി എം പ്രചാരണ പദ്ധതി ആവിഷികരിച്ചപ്പോൾ ഫലത്തിൽ അത് ബി ജെ പിയോടുള്ള മൃദുസമീപനമായി മാറി.  സിപിഎമ്മിന്റെ അതിശക്തമായ കോൺഗ്രസ് വിരുദ്ധ കാമ്പയിൻ, ഒരു ഘട്ടത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയേക്കുമെന്ന പ്രതീതി പോലും സൃഷ്ടിച്ചു. ഫലം വന്നപ്പൾ പക്ഷെ സി പിഎം മൂന്നാം സ്ഥാനത്തുതന്നെയായി. പ്രചാരണ കാലത്തെ ആക്രമണത്തിൽനിന്ന് ബി.ജെ.പിയെ ഒഴിവാക്കുകയും കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുകയും ചെയ്തത്  സി പി എമ്മിന് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാലക്കാട്ട് ഒന്നാമത്തെ പാർട്ടി കൺഗ്രസും രണ്ടാമത്തേത് ബി ജെ പിയുമാണെന്ന യാഥാർഥ്യം മറച്ചുവച്ചാണ് സി പി എം അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രയോഗിച്ചത്. ബി ജെ പി വിരുദ്ധ പ്രചാരണം ശക്തമാക്കി അവരുടെ വോട്ടിൽ കടന്നുകയറി അതിൽ വിള്ളലുണ്ടാക്കി അവരെ മറികടന്ന് രണ്ടാം സ്ഥാനത്തോ പറ്റിയാൽ ഒന്നാം സ്ഥാനത്തോ എത്തുക എന്നതായിരുന്നു സി പി എം സ്വീകരിക്കേണ്ടിയിരുന്ന തന്ത്രം. ഇത് ബി ജെ പിക്ക് കുറച്ചുകൂടി കനത്ത പരാജയം ഉറപ്പാക്കുകയും ചെയ്യുമായിരുന്നു.  അതിനുപകരം, കോൺഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് അവരുടെ വോട്ടിൽ വിള്ളലുണ്ടാക്കിയും കോൺഗ്രസ് വോട്ടുബാങ്കിൽ ആശയക്കുഴപ്പമുണ്ടാക്കിയും യു ഡി എഫ് വോട്ട് സമാഹരിച്ച് രണ്ടാമതെത്തുക എന്ന തന്ത്രമാണ് സി പി എം നടപ്പാക്കിയത്.  കോൺഗ്രസ് ദുർബലമായാൽ അതിന്റെ പാലക്കാട്ടെ ഗുണഭോക്താവ് ബി ജെ പി ആയിരിക്കുമെന്ന് തിരിച്ചറിഞ്ഞ വോട്ടർമാർ ഇക്കാര്യത്തിൽ കാണിച്ച ജാഗ്രത കോൺഗ്രസിന് രക്ഷയായി. സി പി എം സൃഷ്ടിച്ച ആശയക്കുഴപ്പം ഫലംകണ്ടിരുന്നെങ്കിൽ ബിജെപി അവിടെ വിജയക്കൊടി പാറിക്കുമായിരുന്നു. ബി ജെ പി വോട്ടിൽ വിള്ളലുണ്ടാക്കാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നെങ്കിൽ വർഷങ്ങൾക്കുശേഷം രണ്ടാം സ്ഥാനത്തെങ്കിലും സി.പി.എമ്മിന് എത്താൻ കഴിയുമായിരുന്നു. ഫലത്തിൽ ബി.ജെ.പിയെ നോവിക്കാതിരിക്കാൻ കാട്ടിയ സൂക്ഷ്മത അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തന്നെ തിരിച്ചടിയായി. 

തങ്ങളുടെ എക്കാലത്തെയും മുഖ്യശത്രു ബി ജെ പിയാണെന്ന സി പി എമ്മിന്റെ അവകാശവാദത്തിലെ സത്യസന്ധത ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിവിശേഷംകൂടിയാണ് പാലക്കാട്ട് സിപിഎം സ്വയം സൃഷ്ടിച്ചത്.  ബി ജെ പിയെ പരാജയപ്പെടുത്തൽ തങ്ങളുടെ മാത്രം ബാധ്യതയല്ല എന്നവാദംപോലും പ്രചാരണകാലത്ത് സി പി എം കേന്ദ്രങ്ങളിൽനിന്നുണ്ടായി. വാളയാർ ചുരം കടന്നാൽ  ഒരേ മുന്നണിയായി ബി ജെ പിക്കെതിരെ പ്രവർത്തിക്കുന്നവരാണ് കോൺഗ്രസും സി പി എമ്മും.  ആ രാഷ്ട്രീയംപോലും മാറ്റിവച്ചാണ് കോൺഗ്രസിനെ തോൽപിക്കൽ പാലക്കാട്ട് സി പി എം മുഖ്യ അജണ്ടയാക്കി മാറ്റിയത്. 

പാലക്കാട്ടെ ഫലം കാലങ്ങളായി സി പി എം പറഞ്ഞുപരത്തുന്ന മറ്റൊരു അവകാശവാദംകൂടി മിഥ്യയാണെന്ന് തെളിയിക്കുന്നു.  ബി ജെ പിക്ക് വിജയ സാധ്യതയുള്ള പാലക്കാട് അവരുടെ  തോൽവി ഉറപ്പാക്കുന്നത് സി പി എം വോട്ട്, കോൺഗ്രസിന് മറിച്ചുനൽകിയിട്ടാണെന്ന വാദമാണത്.  ത്രികോണമത്സരം നടക്കുന്ന എല്ലായിടത്തും സമാനമായ 'ക്രോസ് വോട്ടിങ്' പ്രചാരണം നടക്കാറുണ്ട്. പാലക്കാട് ഇത്തവണ അത് അൽപം കടുത്തഭാഷയിലാണ് സിപിഎം നടത്തിയത്. 

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയത്തിന് കാരണമായത് സി പി എം മറിച്ചുനൽകിയ വോട്ടകളാണെന്നും എന്നാൽ ഇത്തവണ രാഹുൽ മാങ്കൂട്ടം സ്ഥാനാർഥിയായതിനാൽ ഇങ്ങിനെ ക്രോസ് വോട്ട് ചെയ്യില്ല എന്നുമായിരുന്നു അവരുടെ പ്രചാരണം. ബി ജെ പിയെ തോൽപിക്കാൻ വേണ്ടി സ്വയം മൂന്നാം  സ്ഥാനം വരിക്കുക എന്ന ത്യാഗം ഇയുണ്ടാകില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ ആത്മാർഥതയെ സ്വയം തകർക്കുന്ന പ്രസ്താവനയാണ് അത് എന്നതിരിക്കട്ടെ. ഫലം വന്നപ്പോൾ ഈ ഈ അവകാശവാദം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കപ്പെട്ടു. കാരണം 'വോട്ടുമറിച്ച'കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് സ്ഥിരമായി കിട്ടിയ വോട്ടും 'കോൺഗ്രസിന് മറിക്കാതിരുന്ന' ഈ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടും തമ്മിൽ കാര്യമായ വ്യത്യാസമില്ലായിരുന്നു എന്നതുതന്നെ. സി പി എമ്മിന്റെ വോട്ടിലുണ്ടായത് നാമമാത്ര വർധന.  മൂന്നാം സ്ഥാനത്തിനും ഇളക്കം തട്ടിയില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സി പി എം രണ്ടാം സ്ഥാനത്ത് എത്തിയത്. അന്ന് ലഭിച്ചതിനേക്കാൾ ഏഴായിരത്തോളം വോട്ട് കുറവാണ് ഇത്തവണ. ആകെ വോട്ടർമാരുടെ വൻ വർധനയുണ്ടായിട്ടും സ്വന്തം വോട്ടിൽ സിപിമ്മിന് ഉണ്ടായത് ചെറിയ വർധന മാത്രം.  

ഇത്തവണത്തെ വോട്ട് കണക്ക് പരിശോധിച്ചാൽ ഈ അവകാശവാദം എങ്ങിനെയാണ് ദുർബലമാകുന്നത് എന്ന് എളുപ്പത്തിൽ മനസ്സിലാകും. അവസാനത്തെ നാല് തെരഞ്ഞെടുപ്പുകളിലെ വോട്ടുകണക്ക് ഇങ്ങിനെയാണ്:

2016 നിയമസഭ

UDF - 57k (41.7%) 

BJP - 40k (29.08%)

LDF - 38k (28.07)


2021 നിയമസഭ

UDF - 54k (38.06.7%) 

BJP - 50k (35.34%)

LDF - 36k (25.64%)


2024 ലോക്സഭ 

UDF - 52k  

BJP - 43k  

LDF - 34k  


2024 നിയമസഭ ഉപതെരഞ്ഞെടുപ്പ്

UDF - 58k (42.27%) 

BJP - 39k (28.63)

LDF - 37k (27%)

25 മുതൽ 28 ശതമാനം വരെയാണ് വർഷങ്ങളായി എൽഡിഎഫിന്റെ വോട്ടുവിഹിതമെന്ന് മുകളിലെ കണക്കുകളിൽനിന്ന് വ്യക്തമാണ്. ബി ജെപിയുടെ വിഹിതം 28 മുതൽ 35 ശതമാനം വരെ എത്തിയിട്ടുണ്ട്. യു ഡി എഫിനാകട്ടെ 38 മുതൽ 42 ശതമാനംവരെ വോട്ടാണ് 2016 മുതൽ ലഭിക്കുന്നത്. അതായത്, ക്രോസ് വോട്ട് ചെയ്തു എന്ന് അവകാശപ്പെട്ട തെരഞ്ഞെടുപ്പുകളിലും ക്രോസ് വോട്ട് ചെയ്തില്ല എന്ന് അവകാശപ്പെട്ട ഇത്തവണത്തെ തെരഞ്ഞെടുപ്പിലും എൽ ഡി എഫ് വോട്ടിൽ ശരാശരി വോട്ടുവിഹിതത്തേക്കാൾ കൂടുതലോ കുറവോ സംഭവിക്കുന്നില്ല. വോട്ടെണ്ണം പരിശോധിച്ചാലും ഇതേ പ്രവണത കാണാനാകും. 34,000+ മുതൽ 38,000+ വരെയാണ് എൽ ഡിഎഫിന് ഇക്കാലയളവിൽ ലഭിച്ച വോട്ട്. കോൺഗ്രസിന് വോട്ടുമറിക്കൽ അനിവാര്യമല്ലാത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ കണക്കിന് മുകളിൽ എൽ ഡി എഫ് പോയിട്ടില്ല. പോളിറ്റ് ബ്യൂറോ അംഗം മത്സരിച്ച 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 34,000+ വോട്ടാണ് ലഭിച്ചത്. പാലക്കാട് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ കക്ഷി നില പരിശോധിച്ചാലും വോട്ട് വിഹിതത്തിൽ ഇതിന് ആനുപാതികമായ പ്രവണത കാണാനാകും.  


ബി ജെ പി പ്രതിസന്ധിയിലാകുമ്പോൾ മാന്ത്രികനെപ്പോലെ വരുന്ന ഒരു ആഖ്യാനമുണ്ട്. ഇതാ ആർ എസ് എസ് രംഗത്തിറങ്ങുന്നു, ഇനിയെല്ലാം ഭദ്രം, വിജയം സുനിശ്ചിതം എന്ന മട്ടിലൊരു പ്രചാരണം മാധ്യമങ്ങളിലൂടെയും മറ്റും അവതരിക്കും. കേരളത്തിൽ ബി ജെ പി സാന്നിധ്യം ശക്തമായ എല്ലാ മണ്ഡലങ്ങളിലും സമാനമായ പ്രചാരണം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ, നേമം, മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതേ പ്രചാരണം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ ഇത്തവണ ആഭ്യന്തര കലഹം പരസ്യ പ്രതികരണത്തോളം വളർന്നപ്പോഴും വന്നു അതേ കഥകൾ. സന്ദീപ് വാര്യർ സി പി എമ്മിലേക്ക് പോകുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയും ഇതാവർത്തിച്ചു. ഈ കഥക്ക് പിന്നാലെ സന്ദീപിന്റെ നീക്കങ്ങൾ നിലച്ചുവെന്ന മട്ടിലായപ്പോൾ ആർ എസ് എസ് ഇംപാക്ടായി അത് വിലയിരുത്തപ്പെട്ടു. പക്ഷെ എല്ലാ ഇടപെടലുകളെയും അസ്ഥാനത്താക്കി സന്ദീപ് കോൺഗ്രസിലെത്തി. തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രവർത്തകർ തന്നെ തിരിഞ്ഞുകുത്തി.  നേതൃത്വത്തോട് വിയോജിപ്പുള്ളവർ ഒരു ഒത്തുതീപർപിനും വഴങ്ങിയില്ല എന്ന് ഫലം വന്നപ്പോൾ വ്യക്തമായി. ആർ എസ് എസിന്റെ വരവിന് പാലക്കാട്ടെ സ്ഥിതിഗതികളിൽ ഒരു മാറ്റവും ഉണ്ടാക്കാനായില്ല എന്ന് വ്യക്തം. അങ്ങിനെ പാലക്കാട്ടെ ഫലം സി പി എം ക്രോസ് വോട്ട് അവകാശവാദം പോലെ, ആർ എസ് എസ് മാജിക്കെന്ന മിഥ്യകൂടി പൊളിച്ചുകളഞ്ഞു.

(ജനപക്ഷം ഓൺലൈൻ, ഡിസംബർ 2, 2024) 

Tuesday, October 22, 2024

സർക്കാർ സർവീസ്: പുതിയ കണക്കുകൾ പിന്നാക്കക്കാരെ തോൽപിക്കുമോ?

സർക്കാർ ഉദ്യോഗത്തിലെ സാമുദായിക/ജാതി പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്തുവിടണമെന്നത് കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾ ദീർഘകാലമായി ഉന്നിയിക്കുന്ന സുപ്രധാന ആവശ്യമാണ്. ജാതി സെൻസസ് എന്ന ദേശീയ പ്രധാനമായ രാഷ്ട്രീയ മുദ്രാവാക്യവും അതിശക്തമായി കേരളത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ മുറവിളികൾ കേരളീയ സാമൂഹികാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതിനിടയിലൂടെ ഇ ഡബ്ല്യൂ എസ് എന്ന മുന്നാക്ക സംവരണം സംസ്ഥാനത്ത് നടപ്പാക്കപ്പെട്ടു. എന്നിട്ടും പിന്നാക്ക വിഭാഗങ്ങൾ അവരുടെ ഏറ്റവും അടിസ്ഥാനാവശ്യമായ ജാതി സെൻസസ്, സർക്കാർ ജോലിയിലെ പ്രാതിനിധ്യക്കണക്ക്, സംവരണ പുനക്രമീകരണം എന്നീ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. 

ഇതിനിടയിലാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുസ്ലിം ലീഗ് എം എൽ എ, പി ഉബൈദുല്ല പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യത്തെക്കുറിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിക്കുന്നത്. അതിന്റെ മറുപടി കേരളത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത അത്യപൂർവ കണക്കിന്റെ ഔദ്യോഗിക രേഖകയായി മാറി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ജയിച്ച കെ രാധാകൃഷ്ണൻ ഡൽഹിക്ക് പോകുന്നതിന് മുമ്പ് മന്ത്രിയെന്ന നിലയിൽ അവസാനമായി നൽകിയ മറുപടികളിലൊന്നിലാണ് ഈ ചരിത്ര പ്രാധാന്യമുള്ള വിവരങ്ങൾ പുറത്തുവിട്ടത്.  സർക്കാർ, അർധസർക്കാർ, എയിഡഡ്, സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളിലെ പിന്നാക്കവിഭാഗ പ്രാതിനിധ്യ കണക്ക് തയാറാക്കാൻ 2017 മുതൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന e-CDESK എന്ന വെബ്സൈറ്റിലെ വിവരങ്ങളാണ് എം എൽ എ ചോദിച്ചത്. 

സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ സംവിധാനം പ്രാതിനിധ്യ കണക്ക് പുറത്തുവിട്ടുവെന്ന അതിപ്രധാന ചുവടുവപ്പാണ്  ഇതിലൂടെ സംഭവിച്ചത്. ഇത് കേരള ചരിത്രത്തിലാദ്യമാണ്. നേരത്തെ ചില കമ്മീഷനുകൾ ചില കണക്കുകൾ നൽകിയിട്ടുണ്ടെങ്കിലും നിയമസഭയിലൂടെ കണക്ക് പുറത്തുവിടുന്നതിന്റെ പ്രാധാന്യവും ആധികാരികതയും മറ്റൊരു രേഖക്കുമില്ലെന്ന വസ്തുത ഈ നടപടിയെ അങ്ങേയറ്റം സവിശേഷമാക്കുന്നു. ഒരു കണക്കും ലഭ്യമല്ലാതിരുന്ന ഒരു വിഭാഗത്തിന് ചില കണക്കുകൾ ഔദ്യോഗികമായി ലഭ്യമാകാൻ തുടങ്ങുന്നുവെന്നത് അത്ര നിസ്സാരകാര്യവുമല്ല. e-CDESK എന്നൊരു  പോർട്ടൽ പ്രവർത്തിക്കുന്നുവെന്ന വിവരം പോലും ഭൂരിഭാഗം പിന്നാക്ക വിഭാഗക്കാർക്കും പുതിയ അറിവായിരുന്നുവെന്നത് ഈ മറുപടിയുടെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നു. ഈ പോർട്ടലും അതിലെ വിവരങ്ങളും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നിരിക്കെ ഇതിൽ സമാഹരിച്ച വിവരങ്ങൾ പുറംലോകത്തെത്തുന്നത് പിന്നാക്ക വിഭാഗങ്ങളുടെ അവകാശപ്പോരാട്ടത്തിന് ശക്തിപകരണ്ടതുമാണ്.   

സാമുദായിക പ്രീണനാരോപണത്തിന്റെയും കേരളത്തിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അമിതാധികാരമെന്ന വിദ്വേഷ പ്രചാരണത്തിന്‍റെയുമെല്ലാം മുനയൊടിക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ.  സർക്കാർ സർവീസ് എന്നത് വിഭവ വിതരണത്തിന്റെയും സാമൂഹികാധികാരത്തിന്റെയും കൂടി പ്രശ്നമാണ്. ഭരണതലത്തിലെ നയരൂപീകരണത്തിലും നടപ്പാക്കലിലുമെല്ലാം പിന്നാക്കവിഭാഗങ്ങൾക്ക് മതിയായ പങ്കാളിത്തവും പരിഗണനയുമുണ്ടാകാൻ ഉദ്യോഗസ്ഥ സംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ഇതില്ല എന്ന് മാത്രമല്ല, അമിത സ്വാധീനമെന്ന വ്യാജ പ്രചാരണത്തിലൂടെ അർഹമായ അവകാശംപോലും നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച്  മുസ്ലിം സമുദായത്തിന്റെ കാര്യത്തിൽ. ഈ ആക്ഷേപത്തെ സ്വാഭാവികമായി റദ്ദാക്കുന്നതാണ് പുതിയ കണക്കുകൾ. എന്നാൽ പ്രചാരണപരമായ ഇത്തരം നേട്ടങ്ങൾക്കപ്പുറം ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പിന്നാക്കക്കാരുടെ അവകാശപ്പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതുകൂടിയായി മാറിയേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഇപ്പോൾ ലഭ്യമായ കണക്കുകളിലെ സൂക്ഷ്മതക്കുറവ്, കൃത്യതയില്ലായ്മ, അസമഗ്രത എന്നിവയെല്ലാം ഈ രേഖകൾ പിന്നാക്കാക്കാർക്കെതിരായ വിവരങ്ങളായി രൂപാന്തരം പ്രാപിക്കാനുള്ള സാധ്യതയെ ബലപ്പെടുത്തന്നു. 

സർക്കാർ, അർധ സർക്കാർ, എയിഡഡ്, സ്വയംഭരണം, പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നീ വിഭാഗത്തിൽപെട്ട  316 സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണമാണ് ഇതുവരെ ശേഖരിച്ച് സർക്കാർ നിയമസഭയിലൂടെ പുറത്തുവിട്ടത്. അതുപ്രകാരം ആകെയുള്ളത് 5,45,423 ജീവനക്കാർ. ഇത് യഥാർഥ ചിത്രത്തിന്റെ അടുത്തെങ്ങുമെത്താത്ത കണക്കാണ്.  സർക്കാർ ശമ്പളം നേരിട്ട് വാങ്ങുന്ന ജീവനക്കാരുടെ എണ്ണം മാത്രം 5.15 ലക്ഷമുണ്ട്. കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 94 വകുപ്പുകളിലായാണ് ഇത്രയും ജീവനക്കാർ പ്രവർത്തിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട എട്ട് വകുപ്പുകളുടെ മാത്രം കണക്കെടുത്താൽ അത് 4.50 ലക്ഷം വരും. അപ്പോൾ  അർധ സർക്കാർ,  സ്വയംഭരണം, പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കൂടി ചേർത്താൽ ആകെ ജീവനക്കാരുടെ എണ്ണം എത്രയാകുമെന്ന് ഊഹിക്കാം. 2021-22ലെ കേരള സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രം 1,27,416 ജീവനക്കാരുണ്ട്. ആകെ 163 സ്ഥാപനങ്ങളും. ഇവിടെയാണ് ഏതെങ്കിലും തരത്തിൽ സർക്കാർ നിയന്ത്രണം കടന്നുവരാനിടയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഒരു അവിയൽ കണക്ക് കേരള സർക്കാർ പുറത്തുവിടുന്നത് ! അതിലാണ് ആകെ ജീവനക്കാർ 5.45 ലക്ഷം എന്നുപറയുന്നത് !! ആകെ ജീവനക്കാരുടെ എണ്ണത്തെ ഇത് അപൂർണവും അവ്യക്തവും  കൃത്യതയില്ലാത്തതുമാക്കിത്തീർക്കുന്നു. ഇനി ഉദ്ദരിക്കപ്പെടുത ഈ അപൂർണ കണക്കുകളായിരിക്കുമെന്നത് അപകടകരമായ സ്ഥിതി വിശേഷമാണ്. 

ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ പല സ്ഥാപനങ്ങളും വകുപ്പുകളും ഉൾപെട്ടിട്ടില്ല എന്നതാണ് മറ്റൊരു പ്രധാന പോരായ്മ. കേരളത്തിൽ ഏറ്റവും ഉയർന്ന ശമ്പള നിരക്കുള്ള പ്രാധാന സ്ഥാപനങ്ങളിലൊന്നാണ് കേരള ഇലക്ട്രിസിറ്റി ബോർഡ്. പക്ഷെ അവരുടെ കണക്ക് ഇപ്പോൾ പുറത്തുവന്ന രേഖയിൽ ഇല്ല.  30,000ൽ അധികം ജീവനക്കാർ  കെ എസ് ഇ ബിയിലുണ്ടെന്നാണ് കണക്കാക്കുന്നത്.  കെ എസ് ഇ ബി, വാട്ടർ അഥോറിറ്റി പോലുള്ള സ്ഥാപനങ്ങളാകട്ടെ ശമ്പള പരിഷ്കരണ കമ്മീഷന്റെ പരിധിക്ക് പുറത്തായതിനാൽ കമ്മീഷന്റെ കണക്ക് മാനദണ്ഡമാക്കിയെടുത്താലും എണ്ണം പിഴക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 6,000ൽ അധികം ജീവനക്കാരുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ പുറത്തുവന്ന കണക്കിൽ അവരുടെ  എണ്ണം വെറും 179 ആണ്. എല്ലാ ദേവസ്വം ബോർഡുകളും കണക്കിൽ ഉൾപെട്ടിട്ടുമില്ല. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ കണക്കില്ലായ്മ ആകെ എണ്ണത്തെ മാത്രമല്ല,  ജീവനക്കാർക്കിടയിലെ സാമഹികനീതിയുടെ അടിസ്ഥാന വിവരങ്ങളെയും തെറ്റിക്കും. പൊതുമണ്ഡലത്തിൽ നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഇത് പിന്നാക്ക വിഭാഗങ്ങളുടെ അവകാശവാദങ്ങളെ ദുർബലപ്പെടുത്തുകയും അനർഹമായ വിഹിതം കൈവശംവക്കുന്നവരെ അദൃശ്യരാക്കി നിർത്തുകയും ചെയ്യും. 

ജീവനക്കാരുടെ  അപൂർണമായ,  ജാതി -മതം തിരിച്ച ഒരു മൊത്തക്കണക്കാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഇതിൽ താത്കാലിക, കരാർ ജീവനക്കാർ മുതൽ താഴെത്തട്ടിലെ തസ്തികകളിൽ ജോലി ചെയ്യുന്നവർ വരെയുണ്ട്. ആകെ ജീവനക്കാരുടെ പദവി തിരിച്ച കണക്കുകൾ ലഭ്യമാക്കുക എന്നത് സാമൂഹിക നീതി നിർണയിക്കുന്നതിലും പിന്നാക്കക്കാരുടെ ആവശ്യങ്ങൾക്ക് വ്യക്തത കൈവരിക്കുന്നതിലും സുപ്രധാനമാണ്. ചില മുന്നാക്ക സവിഭാഗങ്ങളുടെ പേരിൽ അറിയപ്പെടുന്ന പിന്നാക്ക ജാതി വിഭാഗങ്ങൾ കേരളത്തിലുണ്ട്. ഉദാഹരണത്തിന് വിളക്കിത്തല നായർ. ഇവരുടെയൊക്കെ കണക്ക് ആരുടെ അക്കൗണ്ടിലാണ് ചേർത്തിരിക്കുന്നത് എന്ന് ഈ രേഖകളിൽ നിന്ന് വ്യക്തമല്ല. പദവി പ്രകാരമുള്ള കണക്കുപോലെ തന്നെ പ്രധാനമാണ് 

വകുപ്പുതിരിച്ച കണക്കുകളും. എല്ലാ വകുപ്പിലെയും ആകെ ജീവനക്കാരുടെ എണ്ണം പറയുന്നുണ്ടെങ്കിലും അതിന്റെ മതം -ജാതി തിരിച്ച വകുപ്പടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഭരണനിർവഹണ മേഖലകളിലെ പ്രാതിനിധ്യത്തിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുക. സർക്കാർ മേഖലയിലെ പ്രാതിനിധ്യത്തിൽ ഏതെങ്കിലും തരത്തിൽ അസന്തുലിതത്വമുണ്ടെങ്കിൽ അത് തിരിച്ചറിയാനും ഈ കണക്ക് അനിവാര്യമാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ജോലി ചെയ്യുന്നില്ല എന്നൊരു വിവരം പതിറ്റാണ്ടുകൾക്ക് മുമ്പ് പുറത്തുവന്നത് സൃഷ്ടിച്ച വിവാദം ഇതിന്റെ പ്രാധാന്യത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ഇത്തരം സൂക്ഷ്മ വിവരങ്ങളെല്ലാം മറച്ചുവക്കുന്നതാണ് നിയമസഭയിലൂടെ പുറത്തുവന്ന കേരളത്തിലെ കണക്കുകൾ.

സമഗ്രവും വ്യക്തതയുമുള്ള കണക്കുകൾ തയാറാക്കാൻ നിലവിയെ സംവിധാനം വഴി അനായാസം കഴിയുമെന്നിരിക്കെയാണ് അലസമായി തയാറാക്കിയതെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പോകുന്നതരം കണക്കുകൾ സർക്കാർ പുറത്തുവിടുന്നത്. അധികാരമൊഴിയും മുമ്പ് ഈ കണക്ക് പുറത്തുവിടാൻ തീരുമാനിച്ച മന്ത്രിയെത്തന്നെ പ്രതിസ്ഥാനത്താക്കുന്ന   തരത്തിലാണ് ഇപ്പോൾ ലഭ്യമായ കണക്കുകൾ.  ഈ കണക്കുകളെ ആസ്പദമാക്കി ഇതിനകം പുറത്തുവന്ന വിശകലനങ്ങളിൽ ഇതിന്റെ സൂചനകളുണ്ട്. കേരളത്തിൽ പിന്നാക്കക്കാർ സർക്കാർ സർവീസ് അടക്കി വാഴുന്നു, കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങൾ ചേർന്ന് സർക്കാർ ജോലി കൈയ്യടക്കിയിരിക്കുന്നു തുടങ്ങിയ വ്യാഖ്യാനങ്ങൾ ഇതിനകം രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. കൃത്യവും സമഗ്രവുമായ കണക്കുകളുടെ അഭാവമാണ് പിന്നാക്കവിരുദ്ധമായ ഇത്തരം ആഖ്യാനങ്ങൾക്ക് വഴിവക്കുന്നത്. അതൊഴിവാക്കാൻ വേണ്ട വിവരങ്ങൾ പുറത്തുവിടുകയെന്നത് സംസ്ഥാന സർക്കാർ പിന്നാക്ക വിഭാഗങ്ങളോട് കാണിക്കേണ്ട സാമാന്യ നീതിയാണ്. 

ഉദ്യോഗ പ്രാതിനിധ്യത്തിന്റെ തെറ്റായതോ അപൂർണമായതോ ആയ കണക്കുകൾ ഭാവിയിൽ പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശത്തെത്തന്നെ അട്ടിമറിക്കുന്ന രേഖയായി മാറുമെന്ന അത്യന്തം അപകടകമായ ഒരു സ്ഥിതിവിശേഷംകൂടി ഈ രേഖക്ക് പിന്നിൽ മറഞ്ഞിരിക്കുന്നുണ്ട്. സംവരണത്തിന്റെ പ്രധാന അടിത്തറയായി കണക്കാക്കുന്നത് മതിയായ പ്രാതിനിധ്യമാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമല്ല. വിപുലമായ ജാതി സെൻസസിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ബിഹാർ സർക്കാർ അവിടത്തെ സംവരണ സമവാക്യം പൊളിച്ചെഴുതിയത്.  സംസ്ഥാനത്തെ  സംവരണ വിഹിതം 75 ശതമാനം വരുന്ന തരത്തിൽ സർക്കാർ വർധിപ്പിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി സവരണ വിരുദ്ധർ പട്ന ഹൈക്കോടതിയെ സമീപിച്ചു. കോടതി ബിഹാറിന്റെ തീരുമാനം റദ്ദാക്കി. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമല്ല,  പിന്നാക്കക്കാരുടെ മതിയായ പ്രാതിനിധ്യമാണ് സംവരണത്തിന്റെ ഭരണഘടനാപരമായ താത്പര്യമെന്ന സംവരണ വിരുദ്ധരുടെ വാദം അംഗീകരിച്ചാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പിന്നാക്ക സംവരണത്തോട് ഇത്രമേൽ കണിശത പുലർത്തുന്ന ഭരണ നിയമ നിർവഹണ സംവിധാനമുള്ള രാജ്യത്ത് തെറ്റായ കണക്കുകൾ ഔദ്യോഗിക രേഖയായി വരുന്നതും അത് പിന്നാക്ക വിരുദ്ധ ആഖ്യാനങ്ങൾക്ക് അടിത്തറയൊരുക്കുന്നതും സൃഷ്ടിക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്. 

സംവരണവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ കേസുകളിലും സംവരണത്തിനും സംവരണ വിഹിത വർധനക്കും എതിരായി കോടതികൾ പൊതുവായി പറയുന്ന ഒരു ന്യായം, സംവരണം ആവശ്യപ്പെടുന്നവരുടെ പിന്നാക്കാവസ്ഥ വിദഗ്ധ സമിതി പഠനം നടത്തി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്. ഇപ്പോൾ പുറത്തുവന്ന രേഖ ഈ 'കുറവും' പരിഹരിക്കും. കാരണം അത്  സർക്കാറിന്റെ ഔദ്യോഗിക രേഖയാണ്. മതിയായ പ്രാതിനിധ്യമുണ്ട് എന്ന വാദം സാധൂകരിക്കാൻ ഈ കണക്ക് ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അപൂർണവും അവ്യക്തവും പിന്നാക്ക വിരുദ്ധ നയരൂപീകരണത്തിന് ആധാരമാക്കാൻ സാധിക്കുന്നതുമായ ഈ രേഖ,  സംവരണവുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളിൽ ഇനി വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം. അങ്ങിനെയത് പിന്നാക്കക്കാരുടെ അവകാശപ്പോരാട്ടത്തെ തുരങ്കം വക്കാനുള്ള സുപ്രധാന ഉപകരണമായി മാറുകയും ചെയ്യും. 

പിന്നാക്ക ക്ഷേമത്തിന് വേണ്ടി സ്ഥാപിതമായ സംവിധാനം പിന്നാക്ക വിരുദ്ധ നയരൂപീകരണത്തിന്റെ ആയുധമായി മാറാതിരിക്കാനുള്ള മുൻ കരുതൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. കൃത്യവും പൂർണവുമായ ഉദ്യോഗസ്ഥ പ്രാതിനിധ്യ കണക്ക് പുറത്തുവിടുക എന്നതാണ് അതിനുള്ള ഏകമാർഗം. ഇത് സർക്കാർ ഭാഗത്തുനിന്ന് സ്വാഭാവികമായി സംഭവിക്കില്ല എന്നതുറപ്പാണ്. പൂർണവും വ്യക്തവുമായ കണക്കുകൾ പുറത്തുവിടുക എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് അതിന് പ്രാഥമികമായി ചെയ്യേണ്ടത്. ഇപ്പോൾ വന്ന കണക്ക് പുറത്തുവിട്ടതോടെ തങ്ങളുടെ ഉത്തരവാദിത്തം തീർന്നുവെന്ന മട്ടിലേക്ക് സക്കാർ-ഉദ്യോഗസ്ഥ സമീപനം മാറുമെന്നത് ഉറപ്പാണ്.  അല്ലെങ്കിൽ കുറച്ചുകൂടി സമയമെടുത്താലും കുറ്റമറ്റ ഒരു കണക്ക് പുറത്തുവിടാൻ കേരളത്തിലെ ഉദ്യോഗ സംവിധാനത്തിന് കഴിയുമായിരുന്നു. അതിനവർ സന്നദ്ധമല്ല എന്ന സന്ദേശമാണ് ഈ നിയമസഭാ രേഖ പിന്നാക്കക്കാർക്ക് നൽകുന്നത്.  അതിനെയവർ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. 

(ജനപക്ഷം, ആഗസ്റ്റ് 2024)

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...