Tuesday, November 4, 2025

സ്വപ്നം ഗുരുകുലം, പ്രയോഗം സ്വാശ്രയം



നയം വന്നാൽ നിറം മാറുമോ ? 
ഭാഗം 4




ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി നടപ്പാക്കേണ്ട പരിഷ്കരണത്തെ പുതിയ ദേശീയ വിദ്യാഭ്യാസ നയം വിശദീകരിക്കുന്നത് ഇങ്ങിനെയാണ്:  'ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടന സംബന്ധിച്ച് ഈ നയത്തിന്റെ ഏറ്റവും പ്രധാന ശിപാർശ, ബഹുവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന ബൃഹദ് സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മകളിലേക്കും മാറുകയെന്നതാണ്. ഇന്ത്യയിലെയും ലോകത്തിലെയും ആയിരക്കണക്കിന് വിദ്യാർഥികൾ പല വിഷയങ്ങൾ പഠിച്ചിരുന്ന പ്രാചീന ഇന്ത്യൻ സർവകലാശാലകളായ തക്ഷശില, നളന്ദ, വല്ലഭി, വിക്രമശില എന്നിവ വലിയ സർവകലാശാലകളുടെ വിജയകരമായ പ്രവർത്തനം കാഴ്ചവച്ചവയാണ്. സമഗ്രവും നൂതനവുമായ വ്യക്തികളെ സൃഷ്ടിക്കുന്നതിന് ഈ മഹത്തായ ഇന്ത്യൻ പാരമ്പര്യം ഇന്ത്യയ്ക്ക് അടിയന്തിരമായി തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഈ മാതൃകകൾ മറ്റ് രാജ്യങ്ങളിൽ വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനം ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്' (പേജ് 34).

നളന്ദയും തക്ഷശിലയുമാണ് വരുംകാലത്തെ ഇന്ത്യൻ മാതൃകയെന്ന് ഒന്നിലധികം സ്ഥലങ്ങളിൽ നയം ആവർത്തിച്ചു പറയുന്നു. 'മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ' എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവക്കുന്നത്. പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്ന സ്പെഷലൈസ്ഡ് സർവകലാശാലകളാണ് കേരളത്തിലടക്കം ഇപ്പോൾ രാജ്യത്ത് വ്യാപകമായി പ്രവർത്തിക്കുന്നത്. ഈ സമീപനത്തിൽ നിന്ന് മാറി, എല്ലാ വിഷയങ്ങളും ഒരിടത്ത് പഠിപ്പിക്കുന്ന സർവകലാശാല എന്ന ആശയത്തിലേക്കുള്ള മാറ്റത്തിനാണ് നളന്ദയും തക്ഷശിലയുമെല്ലാം മാതൃകാ പദ്ധതികളായി കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. നയം അർഥശങ്കക്കിടമില്ലാതെ തുടരുന്നു:  'ബാണഭട്ടന്റെ കാദംബരി പോലുള്ള പ്രാചീന ഇന്ത്യൻ സാഹിത്യകൃതികൾ 64 കലകളുടെയോ കലാരൂപങ്ങളുടെയോ അറിവാണ് നല്ല വിദ്യാഭ്യാസമായി വിവരിച്ചത്. ഈ 64 കലകളിൽ ഗാനം, ചിത്രകല എന്നിങ്ങനെയുള്ള വിഷയങ്ങൾ മാത്രമല്ല, രസതന്ത്രം, ഗണിതം തുടങ്ങിയ ശാസ്ത്രീയ മേഖലകൾ, മരപ്പണി, വസ്ത്രനിർമ്മാണം തുടങ്ങിയ തൊഴിൽ മേഖലകൾ, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ മേഖലകൾ, ആശയവിനിമയം, ചർച്ച, വാദപ്രതിവാദം തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾ എന്നിവയും ഉൾപ്പെടുന്നു.'

നളന്ദ, വിക്രമശില, വല്ലഭി തുടങ്ങിയവ ലോക പൈതൃകത്തിന് നൽകിയ സന്പന്നമായ പാരന്പര്യങ്ങൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യണമെന്നും അവ മെച്ചപ്പെടുത്തി പുതിയ കാലത്ത് ഉപയോഗിക്കണമെന്നും നയം നിർദേശിക്കുന്നു. ഈ സങ്കൽപത്തിനനുസൃതമായി, അധ്യാപകരെ കേന്ദ്രീകരിച്ച് രൂപകൽപന ചെയ്യുന്ന വിദ്യാഭ്യാസ സന്പ്രദായമായിരിക്കും ഇനി രാജ്യത്ത് നടപ്പാക്കപ്പെടുക. വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെയെല്ലാം കേന്ദ്രബിന്ദു ഇനി അധ്യാപകരായിരിക്കുമെന്നും നയം വ്യക്തമാക്കുന്നു. അധ്യാപകരായി അക്കാദമിക് യോഗ്യതക്കപ്പുറം, വിഷയത്തിൽ വൈദഗ്ധ്യമുള്ളവരെ നിയമിക്കാൻ കഴിയും. 

കലാകാരന്മാരെയും എഴുത്തുകാരെയും കരകൗശല വിദഗ്ധരെയും പ്രാദേശിക വിജ്ഞാനീയങ്ങളിൽ അറിവുള്ളവരെയും ഗോത്ര-പാരന്പര്യ വിദഗ്ധരെയുമൊക്കെ അധ്യാപകരായി നിയമിക്കാം. ഇതിലൂടെ പരന്പരാഗത ഇന്ത്യൻ ജ്ഞാനലോകത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ  ഉൾകൊള്ളിക്കാനാകുമെന്നും വിദ്യാഭ്യാസ നയരേഖയിലൂട കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

പൗരാണിക പരീക്ഷണങ്ങൾ അപ്പാടെ പകർത്തി, പുതിയൊരു ഗുരുകുല സന്പ്രദായമാണ് നയം സ്വപ്നം കാണുന്നത് എങ്കിലും അതിന്റെ പ്രയോഗവത്കരണത്തിന് വേണ്ടി മുന്നോട്ടുവക്കുന്ന നിർദേശങ്ങൾ പക്ഷെ അത്രമേൽ വിദ്യാർഥി സൗഹൃദമല്ല. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകൂടം പിൻവാങ്ങിയേക്കുമെന്ന ആശങ്ക ശക്തമാക്കുന്നതാണ് പല നിർദേശങ്ങളും. ഇതുവരെ രാജ്യത്ത് നടന്ന പരീക്ഷണങ്ങളാൽ തന്നെ, സാധാരണക്കാരായ വിദ്യാർഥികൾക്ക് അപ്രാപ്യമാണെന്ന് ബോധ്യപ്പെട്ട സ്വാശ്രയ-സ്വയംഭരണ പദ്ധതികളാണ് നയത്തിന്റെ കാതൽ. സ്വകാര്യ സംരംഭങ്ങളും സർക്കാർ സംവിധാനങ്ങളും ഒരുപോലെയാകും പരിഗണിക്കപ്പെടുക. എങ്കിൽ മാത്രമേ വിദ്യാഭ്യാസ മേഖലയിൽ സാന്പത്തിക സുസ്ഥിരതയും നല്ല ഭരണവും കൈവരിക്കാനാകൂവെന്നാണ് നയം പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വയം ഫീസ് നിർണയിക്കാം. അതിന് വേണ്ടി ഉയർന്ന ഫീസ് പരിധി നിശ്ചയിക്കും. എങ്കിലും സ്ഥാപനത്തിന്റെ ചിലവ് കണ്ടെത്താനുതകുന്ന തരത്തിൽ ഫീസ് നിശ്ചയിക്കാം. കേരളത്തിൽ മെഡിക്കൽ, എഞ്ചിനീയറിങ് മേഖലയിൽ പരീക്ഷിച്ച 50-50 മാതൃകയിലെ ഫീസ് ഘടനയിലൂടെ കുറച്ച് കുട്ടികൾക്ക് ഇളവുകളും സൗജന്യങ്ങളും നൽകണമെന്നും നയത്തിൽ ആവശ്യപ്പെടുന്നു. 15 കൊല്ലത്തിനകം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം ഭരണ സ്ഥാപനങ്ങളായി മാറണം. അതത് സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഗവർണേഴ്സിനായിരിക്കും നടത്തിപ്പിന്റെ പൂർണ സ്വതന്ത്ര അധികാരം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പബ്ലിക് ഫണ്ടിങ് ലഭിക്കണമെങ്കിൽ 'സ്ഥാപന വികസന പദ്ധതികൾ' ഉണ്ടാകണം. ഇതിന്റെ ആസൂത്രണവും നടത്തിപ്പും നിർവഹിക്കേണ്ട  ഉത്തരവാദിത്തവും അതത് സ്ഥാപനങ്ങൾക്ക് തന്നെയാണ്. അധ്യാപകരും കുട്ടികളു മാനേജ്മെന്‍റും ചേർന്ന് വികസനം നടപ്പാക്കണമെന്നും ഈ വികസനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പബ്ലിക് ഫണ്ട് ലഭിക്കുകയെന്നുമാണ് വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ. 

ഫലത്തിൽ പ്രത്യക്ഷ ഘടനാ മാറ്റം മാത്രമല്ല, ഉള്ളടക്കത്തിലും സമീപനത്തിലും പ്രയോഗത്തിലുമെല്ലാം സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നാണ് പുതിയ നയം. അത് നടപ്പാക്കുന്നവരുടെ വീക്ഷണങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടത്ര ഇടം ഉറപ്പാക്കാൻ കഴിയുംവിധം അയഞ്ഞതും അതേസമയം സുദൃഢവുമായ ഘടനയിലാണ് നയം രൂപകൽപന ചെയ്തിരിക്കുന്നത്.  പുതിയ നയം ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ ഗുണപരമായി നവീകരിച്ചാൽ പോലും, രാജ്യത്തിന്റെ അടിസ്ഥാനപരമായ നയ സമീപനങ്ങളില്‍ ഗൗരവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. 

അക്കാദമിക സ്വാതന്ത്ര്യത്തിന് പകരം നടപ്പാക്കുന്ന അധികാര കേന്ദ്രീകരണം, സംവരണത്തിലെ ദുരൂഹമായ മൗനം, വാണിജ്യവത്കരണം ശക്തമാക്കിയേക്കാവുന്ന ഉദാര നയങ്ങള്‍, പലവഴികളലൂടെ നടത്തപ്പെടുന്ന പുറന്തള്ളലുകൾ, വൈവിധ്യങ്ങളെ ഉൾകൊള്ളാനാകാത്ത വിധമുള്ള ആശയങ്ങൾ തുടങ്ങി രാഷ്ട്രീയ അജണ്ടകളുടെ സ്വാധീനം വരെ ഭാവി ഇന്ത്യയുടെ സമതുലിതമായ വളർച്ചക്ക് വിഘാതാകുകതന്നെ ചെയ്യും.  

(മീഡിയവൺ ഷെൽഫ്, 2025, നവംബർ 1)

ലിങ്ക്: 

https://www.mediaoneonline.com/mediaone-shelf/analysis/dream-of-gurukulam-practice-of-self-reliance-nep-investigation-series-4-304943


No comments:

Post a Comment

നയം സംസ്കൃത മയം; അറബി, ഉറുദു പഠനം ഇല്ലാതാകും

കേരളം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സംഘപരിവാർ അജണ്ടകൾ ഒളിച്ച് കടത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പൂർണമായി തുറ...