തുടർഭരണത്തേരോട്ടത്തിൽ പകച്ചുപോയ പ്രതിപക്ഷം അസാധാരണമായ ആത്മവിശ്വാസത്തോടെയാണ് അധികാരത്തിലേക്ക് തിരിച്ചുവന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ പ്രതിപക്ഷ പ്രവർത്തനം പൊതുജന വിശ്വാസമാർജിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ഇടതു സർക്കാറിന്റെ ഭരണത്തുടർച്ചക്ക് വഴിയൊരുക്കിയത്. സർക്കാറിന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും പുറത്തെത്തിക്കുന്നതിൽ വലിയ സംഭാവന ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷം നൽകിയിട്ടുണ്ട്. എന്നാൽ ഒരു വിസിൽ ബ്ലോവർ നിലവാരത്തിൽ അത് പരിമിതപ്പെട്ടു. ആരോപണങ്ങളെയും കണ്ടെത്തലുകളെയും രാഷ്ട്രീയ പ്രമേയമാക്കി വികസിപ്പിക്കാനോ അതിനെ ആന്തരികവത്കരിക്കാനുതകുംവിധം സാധാരണ മനുഷ്യരിലേക്ക് വിനിമയം ചെയ്യാനോ അക്കാലത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇങ്ങിനെ പൊതുജനങ്ങളുടെ വിശ്വാസ്യതയാർജിക്കുന്നതിൽ പരാജയപ്പെട്ട പ്രതിപക്ഷത്തെയാണ് വി ഡി സതീശൻ ഏറ്റെടുക്കുന്നത്.
പതനത്തിന്റെ ഈ പടുകുഴിയിൽ നിന്ന് കരകയറാൻ പ്രാഥമകിമായി വേണ്ടിയിരുന്നത് പ്രതിപക്ഷത്തെ മുഖവിലക്കെടുക്കുന്ന പൊതുസമൂഹത്തെ സജ്ജമാക്കലായിരുന്നു. അക്കാര്യത്തിൽ സതീശൻ വലിയ വിജയമായി. ഇടതുപക്ഷത്തിനെതിരെ എളുപ്പത്തിൽ വിലപ്പോകാത്ത ആരോപണമാണ് ആർ എസ് എസ് ബന്ധം. എന്നാൽ കഴിഞ്ഞ സർക്കാറിനെതിരെ കേരളീയ മതേതര സമൂഹം ഏറ്റവും ആശങ്കപ്പെട്ട വിഷയമാക്കി അതിനെ മാറ്റിയെടുക്കാൻ സതീശന് കഴിഞ്ഞു. യു ഡി എഫ് എന്നാൽ വികസനം പറയുന്നവരും എൽ ഡി എഫ് എന്നാൽ രാഷ്ട്രീയം പറയുന്നവരും ആണെന്നാണ് കേരളത്തിന്റെ പൊതു വിശ്വാസം. പിണറായി-സതീശൻ കാലത്ത് ആ ധാരണ അടിമുടി തകിടം മറിഞ്ഞു. വികസനത്തെക്കുറിച്ച് പറയുമെന്ന് പ്രതീക്ഷിച്ച സതീശന്റെ പ്രതിപക്ഷം, ഇടതുപക്ഷത്തിന്റെ വഴിതെറ്റുന്ന രാഷ്ട്രീയത്തിൽ ഊന്നിനിന്നു. രാഷ്ട്രീയം പറയുമെന്ന് പ്രതീക്ഷിച്ച പിണറായിയുടെ ഭരണ പക്ഷം വികസന കേരളത്തെക്കുറിച്ചും വികസന നായകനായ മുഖ്യമന്ത്രിയെക്കുറിച്ചും മാത്രം പറഞ്ഞു. വികസനമോഹികളാണ് മലയാളികളെങ്കിലും അത് തീർത്തും അരാഷ്ട്രീയമായ ഒന്നാണെന്ന വിശ്വാസത്തിലേക്ക് അവർ പൂർണമായി പരിവർത്തിക്കപ്പെട്ടിട്ടില്ല. അതിനാൽ മലയാളികളുടെ മുൻഗണനയിൽ പ്രതിപക്ഷം ഒന്നാമതായി.
കേരളത്തിന്റെ പൊതുമണ്ഡലത്തെ അഗാധമായി സ്വാധീനിക്കുകയും ആലോചനാവഴികളെ നിർണയിക്കുകയും ചെയ്തിരുന്ന ഇടതുപക്ഷത്തിന്റെ ആഖ്യാനങ്ങളെ സതീശൻ അനായാസം മറികടന്നു. എതിരാളികൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുകയും സ്വന്തം ചരിത്രത്തെത്തന്നെ തള്ളിപ്പറയുംവിധം രാഷ്ട്രീയ ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്തത് ഇടതുപക്ഷത്തിന്റെ വിശ്വാസ്യത കളഞ്ഞു. അതവരെ അതീവ ദുർബലമാക്കി. രാഷ്ട്രീയ വിമർശനമുന്നയിക്കുന്ന മുസ്ലിം സംഘനകൾക്കെതിരെ തുടങ്ങിയ യുദ്ധം വംശീയ സ്വഭാവത്തിലേക്ക് പരിണമിച്ചു. പോസ്റ്റ് സെക്യുലർ കാലത്തെ സാമൂഹിക വികാസങ്ങളെ യാഥാർഥ്യബോധത്തോടെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷത്തെ പുതിയ ഭാഷകൊണ്ടും കാലികമായ ആശയങ്ങൾകൊണ്ടും സതീശൻ അനായാസം നേരിട്ടു. സമൂഹത്തിലെ നാനാവിധ വിഭാഗങ്ങളെ അവരവരുടെ ഭാഷയിൽ അഭിമുഖീകരിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വാഹന രൂപമാറ്റത്തെക്കുറിച്ച സതീശന്റെ അഭിപ്രായപ്രകടനം പുതുതലമുറ വോട്ടർമാർക്കിടയിൽ കാട്ടുതീപോലെയാണ് പടർന്നത്. ഇങ്ങിനെ കേരളത്തെക്കുറിച്ച സ്വപ്നങ്ങളും ഭരണത്തെക്കുറിച്ച കാഴ്ചപ്പാടുകളും പങ്കുവച്ച പലവിധ ആശയവിനിമയങ്ങൾ പ്രതിപക്ഷത്തെ ബഹുദൂരം മുന്നിലാക്കി.
സമീപകാല കോൺഗ്രസ് നേതൃത്വങ്ങളെല്ലാം - കേരളത്തിലും ദേശീയ തലത്തിലും - വ്യക്തതയില്ലാത്ത രാഷ്ട്രീയ നയങ്ങളാൽ പ്രവർത്തകരെയും പൊതുസമൂഹത്തെയും നിരന്തരം ആശയക്കുഴപ്പത്തിലോ അനിശ്ചിതത്വത്തിലോ നിർത്തുന്നവരായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തിയിരുന്ന അനുപാത രഹിതമായ ബാലൻസിങ്, ഒരു പാർട്ടിയെ എങ്ങിനെ തകർക്കുമെന്ന് പഠിക്കാൻ ഉതകുന്ന പാഠപുസ്തകമാണ് കേരളത്തിലെ കോൺഗ്രസ്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം അതിൽ കാതലായ മാറ്റം വന്നു. ഉറച്ച നിലപാടുകളും വ്യക്തതയുള്ള നയങ്ങളും രാഷ്ട്ര നിർമാണം അടിസ്ഥാനമാക്കിയ സാമൂഹിക വീക്ഷണങ്ങളും തെളിമയോടെ പൊതുസമൂഹത്തിന് കൈമാറ്റം ചെയ്യുന്നതിൽ സതീശൻ വിജയംവരിച്ചു. സംഘടനാ ദൗർബല്യങ്ങളിലും നേതൃതർക്കങ്ങളിലും ആടിയുലയുന്ന ആൾകൂട്ടമായിരുന്നു എക്കാലത്തും കോൺഗ്രസ്. ഇതിൽ കൈവരിച്ച മാറ്റം സതീശന് വ്യക്തിപരമായ നഷ്ടമായി ഒടുവിൽ മാറിയെങ്കിലും പാർട്ടിക്ക് അത് പുതുജീവൻ നൽകി. പ്രവർത്തകർക്ക് വഴികാട്ടുന്ന, അനുഭാവികൾക്ക് വിശ്വസിക്കാവുന്ന, പൊതുജനത്തിന് ആശ്രയിക്കാവുന്ന നേതൃത്വത്തെയും കോൺഗ്രസിനെയുമായിരുന്നു കഴിഞ്ഞ അഞ്ചുവർഷം കണ്ടത്. ബി ജെ പി പറയുന്ന തീവ്ര വർഗീയതയുടെ ലാഭം കൊയ്യാമെന്ന അതിമോഹത്താൽ ഇടതുന്ദുത്വം പ്രയോഗിച്ച സിപിഎമ്മിനെ തെളിമയാർന്ന മതേതര നിലപാടുപറഞ്ഞും അവർ വേട്ടയാടിയ ന്യൂനപക്ഷത്തെ നിർഭയം ചേർത്തുപിടിച്ചുമാണ് കോൺഗ്രസ് ഇത്തവണ പ്രതിരോധിച്ചത്. അധികാര ദുഷിപ്പിന്റെ കെടുതികൾകൊണ്ട് നിത്യജീവിതം താറുമാറായ സാധാരണക്കാരെ അതിനെതിരെ വിധിയെഴുതാൻ പ്രാപ്തരാക്കുമാറ് ജനകീയ പ്രശ്നങ്ങളെ അഭിമുഖീരിക്കാനും ധൈര്യംകാട്ടി. ഇങ്ങിനെ ബഹുമുഖ പരിപാടികളിലൂടെ ആർജിച്ച ബഹുജന വിശ്വാസവും സാമൂഹിക മനോഭാവം രൂപപ്പെടുത്തുന്ന സൂക്ഷ്മവും വിശാലവുമായ ഘടകങ്ങളുടെ വിജയകരമായ സങ്കലനവുമാണ് യു ഡി എഫിനെ അധികാരത്തിലേക്ക് എത്തിച്ചത്.
ഈ വിജയം അതിന്റെ പൊലിമയോടെ ഭരണകാലത്തുടനീളം നിലനിർത്തുക എന്നത് യു ഡി എഫിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്ന് മാത്രമല്ല, ഭരണത്തുടർച്ച വേണമെന്ന അതിയായ ആഗ്രവുമായാണ് ഈ സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. അതിന് വോട്ടർമാർ നൽകിയ കൂറ്റൻ ഭൂരിപക്ഷം, ജനവിശ്വാസം അതിന്റെ പാരമത്യയിൽ നേടിയെടുക്കാനായതിന്റെ തെളിവാണ്. ഈ വിശ്വാസം ഭരണത്തിലുടനീളം നിലനിർത്തുകയെന്നത് സർക്കാറിനെ സംബന്ധിച്ച് അതിപ്രധാനമായിരിക്കും. മുന്പെന്നത്തേക്കാളുമുപരി, അതിശക്തമായ പൗരസമൂഹ വിചാരണക്ക് കേരള രാഷ്ട്രീയം വിധേയമാകുന്ന കാലമാണിത്. കക്ഷി രാഷ്ട്രീയ വ്യവാഹരങ്ങളിൽ അത്രമേൽ തത്പരരല്ലാത്ത പുതുതലമുറ വോട്ടർമാർപോലും മുഖ്യമന്ത്രി നിർണയം അനിശ്ചിതത്വത്തിലായ ദിവസങ്ങളിൽ രോഷാകുലരായി തെരുവിലും സോഷ്യൽ മീഡിയ ചുവരിലും പ്രത്യക്ഷപ്പെട്ടു. വി എസ് അച്യുതാനന്ദന് വേണ്ടി പാർട്ടി പ്രവർത്തകർ ഒരിക്കൽ തെരുവിലിറങ്ങിയതൊഴിച്ചാൽ കേരളത്തിൽ ഇത്തരം ജനകീയ പ്രക്ഷോഭം മുന്പുണ്ടായിട്ടില്ല. താരരാജാക്കൻമാരുടെ ആരാധക വൃന്ദം ചാടിയിറങ്ങുംപോലെയാണ് സാധാരണക്കാരൻ 'മുഖ്യമന്ത്രി അട്ടിമറി'ക്കെതിരെ മുഷ്ടിചുരുട്ടിയത്. അവരുടെ രോഷത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടിയും വന്നു. രാഷ്ട്രീയ വിവാദങ്ങളോടും പാർട്ടികളുടെ നടപടിക്രമങ്ങളോടും പൊതുസമൂഹം പ്രതികരിക്കുന്ന രീതികളിൽ വന്ന ഈ മാറ്റം, ഏതുനിമിഷവും സർക്കാർ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കപ്പെടാമെന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതവഗണിച്ച് ഇനി ഒരു പൊതു സംവിധാനത്തിനും മുന്നോട്ടുപോകുക സാധ്യമല്ല.
ഒരുരാജ്യം ഒരു സർക്കാർ എന്ന അപടകരമായ ഏകാധിപത്യ സ്വപ്നം ജനാധിപത്യ വഴികളിലൂടെ നടപ്പാക്കാമെന്ന് ആലോചിച്ചുറപ്പിച്ചിരിക്കുന്ന ഫാസിസ്റ്റ് സംഘമാണ് കേന്ദ്രം ഭരിക്കുന്നത്. ജനാധിപത്യത്തെ വൈവിധ്യപൂർണവും ശക്തിമത്തുമാക്കുന്ന ഫെഡറലിസമെന്ന തത്വത്തെ തകർത്തെറിയുന്ന പദ്ധതികളാണ് ഓരോ ചുവടിലും നടപ്പാക്കപ്പെടുന്നത്. സാന്പത്തിക സ്വാതന്ത്ര്യവും അക്കാദമിക് സ്വാതന്ത്ര്യവും തുടങ്ങി ആഭ്യന്തര ഭരണത്തിൽവരെ അത് കൈവച്ചുകഴിഞ്ഞു. ഈ പ്രവണതകളോട് സമരസപ്പെടാതെ ഭരിക്കുക എന്നത് കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്. ഇതിനെതിരായ പോരാട്ടമാണ് കടുത്ത വെല്ലുവിളികൾക്കിടയിലും ബംഗാളിലെ ബിജെപി വിരുദ്ധ സർക്കാറിനെ ദീർഘകാലം നിലനിർത്തിയത്. ശത്രുതാപരമായ സമീപനം സ്വീകരിച്ച കേന്ദ്രത്തോട് അണിയറയിൽ സന്ധിചെയ്തുവെന്ന തോന്നലുണ്ടാക്കിയ ഇടതുസമീപനങ്ങൾ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ വഹിച്ച പങ്ക് ചെറുതല്ല. ഇക്കാര്യത്തിൽ കണിശമായ അതിര് പാലിച്ചില്ലെങ്കിൽ തിരിച്ചടിക്ക് ഇതുമതിയാകും.
ഇതിനിടെയാണ് സർക്കാർ നേരിടുന്ന സാന്പത്തിക പ്രതിസന്ധി. ഖജനാവ് കാലിയാണെന്ന വാദമുയർത്തി തെരഞ്ഞെടുപ്പ് നേരിട്ടവരാണ് പ്രതിപക്ഷം. ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാൻ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിക്കുകയും ചെയ്തു. മുന്പ് സമാന നടപടിയുണ്ടായത് മുൻ സർക്കാർ ഭരിച്ചുമുടിച്ച ട്രഷറിയെക്കുറിച്ച് എ കെ ആന്റണി സർക്കാർ ധവളപത്രം പ്രസിദ്ധീകരിച്ചപ്പോഴാണ്. അതിന് പിന്നാലെ ഏർപെടുത്തിയ കടുത്ത നിയന്ത്രണം ആന്റണി സർക്കാറിന്റെ നിലനിൽപിനെത്തന്നെ സാരമായി ബാധിച്ചു. ധവളപത്രത്തെ ഒരു നയ-തന്ത്ര രൂപീകരണ ആയുധമാക്കുന്നതിന് പകരം എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനമാക്കി മാറ്റിയെന്നതാണ് അന്നുസംഭവിച്ച അപകടം. സാന്പത്തിക കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പിൽ ഇത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.
മുൻ സർക്കാർ അടിസ്ഥാന വികസനത്തിന് ഉപയോഗിച്ച കിഫ്ബിയുടെ കടവും കടമെടുപ്പ് രീതികളും സംബന്ധിച്ച മൗലികമായ അഭിപ്രായ ഭിന്നത യുഡിഎഫിനുണ്ട്, പ്രത്യേകിച്ച് സതീശന്. കിഫ്ബി വഴി സൃഷ്ടിച്ച ഇൻഫ്ര വികസനത്തെയും അതിന്റെ ധൂർത്തലച്ച പ്രചാരണ പദ്ധതികളെയും വെറും സൈദ്ധാന്തികതകൾ കൊണ്ട് നേരിട്ടാൽ അത് ജനത്തിന് ബോധ്യമാകണമെന്നില്ല. ഇത്തരം സൗകര്യ വികസന പരിപാടികൾ തുടരുന്നത് യുദ്ധ പശ്ചാത്തലത്തിൽ നേരിടുന്ന ആഗോള സാന്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രാദേശിക പരിപാടിയായിക്കൂടി നിലനിർത്തേണ്ടതുമുണ്ട്. സതീശന്റെ നയത്തിനും ജനങ്ങളുടെ അനുഭവത്തിനുമിടയിൽ യാഥാർഥ്യബോധത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ അടിതെറ്റും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ യു ഡി എഫ് ഗ്യാരണ്ടികളെല്ലാം സംസ്ഥാനത്തിന് വലിയ സാന്പത്തിക ബാധ്യത വരുത്തിവക്കുന്നവയാണ് എന്നത് ഇതിനോട് ചേർത്തുവായിക്കണം.
ആഭ്യന്തര വകുപ്പാണ് യു ഡി എഫ് വിജയത്തിലേക്ക് മുതൽകൂട്ടിയ മറ്റൊരു പ്രധാനഘടകം. പിണറായിയെ കണ്ണടച്ച് ന്യായീകരിച്ചിരുന്ന ഇടത് സൈബർ പോരാളികൾ വരെ സർക്കാറിന് എതിരായത് ആഭ്യന്തര ഭരണത്തിലെ വീഴ്ചകളുടെ പേരിലാണ്. വിദ്വേഷ പ്രചാരകരെ കയറൂരിവിട്ടും സർക്കാർ അവരോടൊപ്പമാണെന്ന സന്ദേശം ഇടക്കിടെ നൽകിയും കേരളത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ സി പി എം നടത്തിയ ശ്രമങ്ങൾക്ക് വേദിയായത് ആഭ്യന്തര വകുപ്പാണ്. മുഖ്യമന്ത്രിക്കുള്ള നയ വ്യക്തതയും ആശയ ദൃഢതയും വകുപ്പ് ഭരിക്കുന്ന മന്ത്രിക്കുണ്ടായില്ലെങ്കിൽ ഒന്നാം പിണറായിക്കാലത്തെ പ്രതിപക്ഷത്തിന്റെ നിലവാരത്തിലേക്ക് ഭരണം കൂപ്പുകുത്തും.
ഭരണ കേന്ദ്രത്തിലെ ഡീപ് സ്റ്റേറ്റും ഉദ്യോഗസ്ഥ നെക്സസും ബുദ്ധിപൂർവം മറികടക്കുക എന്നതും ഭരണ മികവിന് അതിപ്രധാനമാണ്. സെക്രട്ടേറിയറ്റ് മുതൽ ഏതാണ്ടെല്ലാ സർക്കാർ ആപ്പീസുകളും ജാതിപുതച്ച ആലയങ്ങളും തത്പര സംഘങ്ങളുടെ വ്യവഹാര ഭൂമിയുമാണ്. ഭരണ ചക്രം നിയന്ത്രിക്കുന്ന അധീശ ജാതികളുടെ താത്പര്യങ്ങളെ തിരിച്ചറിഞ്ഞ് സാധാരണക്കാർക്കൊപ്പം നിൽക്കുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഇപ്പോൾ തന്നെ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ, ഒരു അയൽ സംസ്ഥാനത്തിന്റെ പേരിലറിയപ്പെടുന്ന സംഘം വലിയ സ്വാധീനത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശൃംഘല മുഖ്യമന്ത്രി ഓഫീസ് മുതൽ മർമപ്രധാന പോയിന്റുകളിലെല്ലാം ചാരക്കാമറ കണക്കേ സജീവമാണ്. ഇത്തരമാളുകളെ മറികടക്കാതെ ഭരണത്തെ സുതാര്യവും ജനകീയവുമാക്കുക അസാധ്യമാണ്. ഭരണപരിചയമില്ലാത്ത, നിയമസഭാ പരിചയംപോലുമില്ലാത്ത മന്ത്രിമാർക്ക് ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയണം. വർഗീയ ധ്രുവീകരണം അപകടകരമായ നിലയിൽ വളരുന്ന സംസ്ഥാനമാണിപ്പോൾ കേരളം. ഭരണ തലത്തിലുണ്ടാകുന്ന ഏതുചുവടുവപ്പും വർഗീയച്ചുവയോടെ വിലയിരുത്തപ്പെടും. സ്വതന്ത്രമായി ഭരിക്കാനാകാത്ത വിധം ഇത് സർക്കാറിനെയും മുഖ്യ ഘടകക്ഷിയായ മുസ്ലിം ലീഗിനെ വിശേിച്ചും പ്രതിരോധത്തിലാക്കുകയും ചെയ്യും. സിപിഎം നയിക്കുന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും ഇതേ വർഗീയത തന്നെയായിരിക്കുമെന്നാണ് അവരുടെ സമീപകാല പ്രവർത്തനങ്ങളിൽനിന്ന് മനസ്സിലാക്കാനാകുക. ഇത്തരം വർഗീയ സമ്മർദങ്ങൾക്ക് അണുവിട വഴങ്ങില്ലെന്ന ഉറച്ച തീരുമാനമില്ലെങ്കിൽ സർക്കാറിന് മുന്നോട്ടുപോകാനേ കഴിയില്ല. വർഗീയ സർമ്മർദങ്ങൾ സൃഷ്ടിക്കുന്നവരെ മൃദുസമീപനവും ഒത്തുതീർപുകളും കൊണ്ട് മറികടക്കാമെന്ന് കരുതരുത്.
എന്നാൽ ഭരണ സംവിധാനങ്ങളിലെ ഇത്തരം ഊരാക്കുടുക്കളേക്കാൾ സർക്കാറിന് വെല്ലുവിളിയാകുക കോൺഗ്രസിനകത്തെ അധികാര വടംവലികളാണ്. ഗ്രൂപ്പ് തിരിഞ്ഞ് ബലാബലം തെളിയിക്കുക എന്നതായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിലെ കോൺഗ്രസിന്റെ പാരന്പര്യം. അതിനറുതി വരുത്തിയത് സതീശനാണ്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് അഞ്ചുകൊല്ലം കൊണ്ട് സതീശൻ രൂപപ്പെടുത്തിയത്. അതുപക്ഷെ തെരഞ്ഞെടുപ്പോടടുത്തപ്പോൾ തകിടം മറിഞ്ഞു. മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട നേതാക്കൾ അവരവരുടെ സ്വന്തക്കാർക്ക് വേണ്ടി പോരടിച്ചു. അർഹതയേക്കാളുപരി അധികാരച്ചേരിയിൽ പരിഗണിക്കപ്പെട്ടവർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സീറ്റുതന്നവരുടെ മാത്രം അനുയായികളായി മാറി. അവരെ ജനം തിരുത്തി. കണ്ണഞ്ചിപ്പിക്കുന്ന വിജയം സമ്മാനിച്ച പൊതുജനത്തെ വിഡ്ഢികളാക്കി ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ശ്രമിച്ചതിനെയാണ് നാട്ടുകാരിടപെട്ട് തടഞ്ഞത്. എന്നിട്ടും ഇതവസാനിച്ചിട്ടില്ലെന്ന് മന്ത്രിസഭാ രൂപീകരണത്തർക്കത്തിൽ നിന്ന് വ്യക്തമായി. ദേശീയ പ്രശസ്തരായ രണ്ട് പ്രമുഖ നേതാക്കളുടെ ചേരിതിരഞ്ഞ സമ്മർദത്തിന്റെയും പിടിവലിയുടെയും അനന്തരഫലം തീർത്തും അസന്തുലിതമായ ഒരു മന്ത്രിസഭയായി ഇഥ് മാറി എന്നതാണ്. യുഡിഎഫിനെ വൻ വിജയമ നൽകിയ കോഴിക്കോടുപോലെ പ്രധാന ജില്ലകൾക്കുപോലും പ്രാതിനിധ്യമില്ലാത്ത, കോൺഗ്രസിനെ കണ്ണടച്ച് പിന്തുണച്ച ചില പിന്നാക്ക വിഭാഗങ്ങൾക്ക് ഒട്ടുമേ പങ്കാളിത്തമില്ലാത്ത ഒരു മന്ത്രിസഭയിലേക്ക് നയിച്ചത് അവരുടെ ഗ്രൂപ്പ് പോരാണ്. അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പേതെന്നറിയാനാകാത്ത മന്ത്രിമാരെ സൃഷ്ടിച്ചതും ഇതേ പിടിവലിയാണ്. ഇതായിരുന്നില്ല ജനം പ്രതീക്ഷിച്ചത് എന്ന് ആദ്യ മണിക്കൂറിൽ തന്നെ തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ ജനം തന്നെ തിരുത്തും.
ഇതേ തല്ലും തർക്കവും അഞ്ചുകൊല്ലം തുടരാനാണ് ഭാവമെങ്കിൽ സർക്കാറിന് അധിക കാലം ആയുസ്സുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫണ്ട് തന്നതിന്റെ കണക്കു പറഞ്ഞുപോലും എം എൽ എമാരുടെ പിന്തുണ വാങ്ങിയെടുത്തുവെന്നാണ് കോൺഗ്രസിലെ അണിയറചർച്ച. ഗ്രൂപ്പ് കളിയുടെ പാരമ്യത്തിൽ ഘടകകക്ഷികളെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന സതീശന്റെ മുദ്രാവാക്യം നേതാക്കൾക്ക് അത്രത്തോളം ഇഷ്ടമായില്ലെങ്കിലും പ്രവർത്തകർ അത് ഏറ്റെടുത്തിരുന്നു. അത് മനസ്സിലാക്കുന്നതിൽ ഗ്രൂപ്പ് മാനേജർമാർ പരാജയപ്പെട്ടു. ഗ്രൂപ്പ് കളി പുനരാരംഭിച്ചുവെന്ന പ്രതീതി പ്രവർത്തകരെയും രോഷാകുലരാക്കി. കോൺഗ്രസിലെ ഏറെ ജനപ്രിയനായ നേതാവിന് വരെ അതിന്റെ ആഘാതമേറ്റു.
എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഇതിനെല്ലാം അപ്പുറത്താണ് എന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ ഓരോ നേതാക്കൾക്കും ലഭിച്ച കൈയ്യടിയുടെ ആവേശമളന്നാൽ ബോധ്യപ്പെടും. ആദ്യ മന്ത്രിസഭാ യോഗ ശേഷം നടത്തിയ വാർത്താ സമ്മളനത്തിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സതീശൻ നൽകിയ മറുപടി പരസ്പര പോരിന്റെ അന്തർധാര പ്രവർത്തനക്ഷമമായിരിക്കുമെന്ന സംശയം ജനിപ്പിക്കുന്നതാണെങ്കിലും അത് അത് പ്രവർത്തകരുടെ സൂക്ഷ്മ നിരീക്ഷണത്തിന് ഭരണത്തെ വിട്ടുകൊടുക്കുന്നുവെന്ന സന്ദേശം കൂടി ഉൾകൊള്ളുന്നതാണ്. മന്ത്രിമാർ ചേരിതിരിഞ്ഞാലും അതിനുമേലേ മുഖ്യമന്ത്രിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ സാധാരണ കോൺഗ്രസുകാർക്കുള്ളത്.
പുതിയ പ്രതിപക്ഷമാകട്ടെ ഇത്തരം കാലികമായ മാറ്റങ്ങളിലേക്ക് വഴിമറുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു സൂചനയും ഇതുവരെ നൽകിയിട്ടില്ല. തെരഞ്ഞെടുപ്പാനന്തര ചർച്ചകളിലും ദിശാമാറ്റത്തിന്റെ മുന്നറിയിപ്പുകളില്ല. പുതിയ തലമുറയോട് സംവദിക്കാൻ ശേഷിയുള്ള നേതൃനിരയെ സഭയിൽ അണിനിരത്താൻ പോലും അവർ ശ്രമിക്കുന്നില്ല. അറുപതുകാരനായ മുഖ്യമന്ത്രിയെ നേരിടാൻ 80 പിന്നിട്ടയാളെയാണോ പ്രതിപക്ഷ നേതാവാക്കുന്നത് എന്ന ചോദ്യം പാർട്ടി അണികൾക്കിടയിൽ ശക്തമാണ്. എങ്കിലും അത് കോൺഗ്രസ് നേരിട്ടപോലെ, പരസ്യമായ പൊതുവായ ഒരു പൗരസമൂഹ ചോദ്യമായി സിപിഎമ്മിന് നേരെ ഉയരില്ല. കേരളത്തിൽ ഇപ്പോൾ പ്രകടമായ പൗരവിചാരണ കോൺഗ്രസിലും യുഡിഎഫിലും പരിമിതപ്പെടാനേ സാധ്യതയുള്ളൂ. കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യം അയഞ്ഞതും സോഷ്യൽ ഓഡിറ്റിന് പാകത്തിൽ തുറന്നുവച്ചതുമാണ് എന്നതാണ് അതിന്റെ കാരണം. സിപിഎമ്മിലെ കാര്യങ്ങൾ സ്റ്റാലിനിസത്തിന്റെ ഇരുന്പുമറക്കുള്ളിൽ തന്നെയായിരിക്കും ഇനിയും തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പിൽ തോറ്റന്പിയ ശേഷം പാർട്ടി നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനം 'പ്രവർത്തകർക്ക് നിർഭയം അഭിപ്രായം പറയാൻ ഇനി അവസരം നൽകും' എന്നതാണ്. ഇതുവരെ അവിടെ അനുവദിക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അളവ് എത്രയെന്ന് അത് ബോധ്യപ്പെടുത്തുന്നു. ഇത്തരമൊരു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ വിമർശനത്തിന് പകരം ആക്രമണോത്സുകമായ എതിർപായിരിക്കും കൂടുതൽ നേരിടേണ്ടിവരിക. അത് മറികടക്കാൻ സതീശനെപ്പോലൊരാൾക്ക് എളുപ്പമായിരിക്കും. എന്നാൽ അതുവച്ച് കേരളത്തിലെ പൊതുസമൂഹത്തെ മറികടക്കാനാവില്ല എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതും സർക്കാറിന് പ്രധാനമായിരിക്കും.
ചുരുക്കത്തിൽ വിജയം നിലനിർത്താനും ഭരണം തുടരാനും ലക്ഷ്യമിടുന്നുണ്ടെങ്കിൽ സൂക്ഷ്മ ശ്രദ്ധയും രാഷ്ട്രീയ ജാഗ്രതയും അതിപ്രധാനമാണ്. വിശ്വാസ്യതാ നഷ്ടത്താൽ തുടർഭരണത്തിന് വഴങ്ങേണ്ടിവന്ന പ്രതിപക്ഷത്തെ ആ പതനത്തിൽ നിന്ന് കൈപിടിച്ചുകയറ്റി, ജനവിശ്വാസം തിരിച്ചുപിടിച്ച് അധികാരത്തിലേക്ക് എത്തിച്ചതാണ് കഴിഞ്ഞ അഞ്ചുവർഷത്തെ വി ഡി സതീശന്റെ സംഭാവന. ആ വിശ്വാസം നിലനിർത്താനായാൽ ഭരണവും നിലനിൽക്കും. പ്രതിപക്ഷത്തിരിക്കുന്പോൾ അത് എളുപ്പത്തിൽ സാധ്യമാകും. എന്നാൽ അധികാരത്തിലിരിക്കുന്പോഴും ഈ വിശ്വാസ്യത നിലനിർത്തുക ശ്രമകരമായ ദൗത്യമാണ്. ഭരണ വിജയത്തിന് പക്ഷെ ഇതല്ലാതെ കുറുക്കുവഴികളില്ല. പ്രളയംപോലെ പെയ്തിറങ്ങിയ ഫ്ലക്സ് ബോർഡുകൾ കൊണ്ട് ജനമനം മാറ്റാനാകില്ലെന്നുകൂടി ബോധ്യപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്.
കോവിഡ് കാലത്തെ രക്ഷക വേഷത്തിൽനിന്ന് മാറി, അമിതാധികാര ഭാവമണിഞ്ഞപ്പോൾ അകന്നുപോയ ജനമാണ് ഭരണമാറ്റത്തിന് തിരികൊളുത്തിയത്. അത് ഭരണത്തെയും ഭരണാധികാരികളെയും നിരന്തരം വിലയിരുത്തുന്ന പൗരസംവിധാനമായി കേരളത്തിൽ വികസിക്കുകയാണ്. അവരുടെ പരസ്യ ഓഡിറ്റിങ്ങിന് ഇപ്പോൾ വിധേയമാകുക കോൺഗ്രസും യുഡിഎഫും സർക്കാറുമായിരിക്കും. അത് ചെയ്യുന്നവരിൽ പുതുതലമുറ വിശേഷിച്ചുമുണ്ട്. അവരുടെ മാർക്ക് കളയാതെ നോക്കിയാൽ ഈ ഭരണവും തുടരും. ഫെഡറലിസത്തിന് വേണ്ടിയും രാജ്യത്തിന്റെ അഖണ്ഡതക്കും വേണ്ടിയുമുള്ള പോരാട്ടം വർത്തമാന ഇന്ത്യയിലെ മൂർച്ചയേറിയ ആയുധമാണ്. അടുത്ത അഞ്ചുവർഷത്തിനിടെ അത് അപ്രതീക്ഷിതമായ വഴികളിലൂടെയായിരിക്കും സഞ്ചരിക്കുക. ഈ പോരാട്ടത്തിൽ ആർക്കൊപ്പം നിൽക്കുന്നുവെന്നത് ഭാവി വിജയത്തിന്റെ അടിസ്ഥാനമായിരിക്കും. ഭരണത്തേക്കാൾ വലുതാണ് രാജ്യമെന്ന സമീപനം ഒരു വിജയോപാധിയായിത്തീരുന്ന കാലമാണ് മുന്നിലുള്ളത്.
സർക്കാറിന്റെ സാന്പത്തിക മാനേജ്മെന്റും ആഭ്യന്തര ഭരണവുമായിരിക്കും 2031ലെ സർക്കാറിനെ നിശ്ചയിക്കുക.
അത് കേവലമായ ഭരണ നടപടികളിൽ ഒതുങ്ങേണ്ടതല്ല.
റോഡുപണിയാനും പാലം കെട്ടാനും കെട്ടിടമുണ്ടാക്കാനും ആര് ഭരിച്ചാലും സാധിക്കും. അതിന് വേണ്ട സ്വാഭാവിക ഘടന കേരള ഭരണ സംവിധാനത്തിനുണ്ട്. എന്നാൽ ദിശാബോധത്തോടെ സംസ്ഥാനത്തെ നയിക്കാനും ഭാവി കേരളത്തെ രൂപപ്പെടുത്താനുമുള്ള ശ്രമങ്ങളായിരിക്കും ഈ സർക്കാറിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുക. രാഷ്ട്രീയ വീക്ഷണങ്ങളുള്ള പ്രവർത്തകരിൽനിന്ന് ഫാൻസ് സംഘങ്ങളെന്ന നിലയിലേക്ക് പാർട്ടി പ്രവർത്തകർ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതുപയോഗപ്പെടുത്തി, രാഷ്ട്രീയ ഉള്ളടക്കമുള്ള പ്രവർത്തകരെ പിണറായി ഫാൻസ് അസോസിയേഷനാക്കി മാറ്റിയതിന്റെ ദുരന്തമാണ് സിപിഎം ഇപ്പോൾ നേരിടുന്നത്. ഇതിന് പകരം, പ്രവർത്തകർക്കും സാധാരണ മനുഷ്യർക്കും രാഷ്ട്രീയ ഉള്ളടക്കമുള്ള വഴികൾ തുറന്നുകൊടുക്കാനായാൽ അത് യുഡിഎഫിന്റെ തലവര മാറ്റും; സതീശന്റെയും.
മുഖ്യമന്ത്രിക്കസേര സ്വപ്നംകണ്ട് സ്വയം മത്സരം സൃഷ്ടിച്ച്, ആ മത്സരത്തിൽ സ്വയം തോറ്റുപോയ സ്വന്തം നേതാവായിരിക്കും വി ഡി സതീശന്റെ പ്രധാന പ്രതിപക്ഷം. ആ തോൽവിയിലേക്ക് ആ ദേശീയ നേതാവിനെയും സംഘത്തെയും എത്തിച്ചത് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനുള്ള ശേഷി ആർജിക്കാനാകാതെ പോയതാണ്. അധികാരമോഹികളായ മധ്യനിര നേതാക്കളെല്ലാം കൂടുതൽ ശക്തിയുള്ള ഭാഗത്ത് നിലയുറപ്പിച്ചപ്പോൾ സാധാരണക്കാരായ പ്രവർത്തകരും പൊതുജനവുമാണ് പാർട്ടിക്കുള്ളിലെ മത്സരത്തിൽ വി ഡി സതീശനെ ജേതാവാക്കിയത്. കോൺഗ്രസിനകത്തെ ബാലബലത്തിലും ഭരണ നിയന്ത്രണത്തിന്റെ പിൻസീറ്റുകളിലും ഇത് കാതലായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ സതീശനൊപ്പം കൂടുതൽ പ്രവർത്തകരും കുറച്ച് നേതാക്കളുമാണുള്ളത്. മറുഭാഗത്ത് കൂടുതൽ നേതാക്കളും കുറച്ച് പ്രവർത്തകരും. അതിനാൽ പാർട്ടിക്കുള്ളിലെ പ്രതിപക്ഷത്തോട് എതിരിട്ട് സമയവും അധ്വാനവും കളയാതിരുന്നാൽ ഇപ്പോൾ കൂടെപ്പോന്ന പ്രവർത്തകർക്കൊപ്പം ഇനി പാർട്ടിയും കൂടെപ്പോരും. അടുത്ത ഭരണത്തിന് അതുമതിയാകും.
(മാധ്യമം ആഴ്ചപ്പതിപ്പ്, 2026 മെയ്, 25)
No comments:
Post a Comment