Sunday, June 24, 2018

രണ്ട് ദേശങ്ങളിലേക്ക് പിളര്‍ന്നുപോയ ഫുട്ബോള്‍ ദേഹങ്ങള്‍


എല്‍മേസ് ഝാഖ (വലത്ത്)
2016ലെ യൂറോകപ്പില്‍ നടന്ന സ്വിറ്റസര്‍ലന്റ്-അല്‍ബേനിയ മത്സരം കാണാന്‍ ഗാലറിയില്‍ ഒരു സ്ത്രീയുണ്ടായിരുന്നു. അല്‍ബേനിയയുടെയും സ്വിറ്റ്സര്‍ലന്റിന്റെയും പതാകകള്‍ സമാസമം പതിച്ച ഒടു ടീ ഷര്‍ട്ട് ധരിച്ച സ്ര്തീ. ഗാലറിയാകെ ഇരുചേരിയായി തിരിഞ്ഞ് ആര്‍ത്തലക്കുന്പോള്‍ ഒരു ഭാഗത്തേക്കും ചായാനാകാതെ, ഉള്ളിലൊരായിരം ആരവങ്ങളൊറ്റക്ക് ഏറ്റുവാങ്ങി നിശ്ശബ്ദയായിരിക്കേണ്ടിവന്ന ഒരു സ്ത്രീ. എല്‍മസ് ഝാഖ. അവര്‍ക്ക് ആ മത്സരത്തില്‍ ഒരു ടീമിനൊപ്പവും നില്‍ക്കാനാകുമായിരുന്നില്ല. അല്ല, അര്‍ക്ക് ആ മത്സരത്തില്‍ രണ്ട് ടീമിനൊപ്പവും നില്‍ക്കേണ്ടതുണ്ടായിരുന്നു. കാരണം അവര്‍, അല്‍ബേനിയന്‍ വംശജയായി സെര്‍ബിയയില്‍ ജനിച്ച് അഭയാര്‍ഥിയായി സ്വിറ്റ്സര്‍ലന്റിലെത്തിയ അമ്മയായിരുന്നു. അവരുടെ രണ്ട് മക്കള്‍ രണ്ട് ടീമിലായി അന്ന് പര്സപരം കളത്തിലുണ്ടായിരുന്നു. ഗ്രാനിറ്റ് ഝാഖയും ടവ്‍ലന്റ് ഝാഖയും. അവരപ്പോള്‍ രണ്ട് മക്കളെ രണ്ട് രാജ്യത്തിന് വേണ്ടി പകുത്ത് നല്‍കിയ അമ്മയായിരുന്നു. ഇനിയാമക്കള്‍ കളത്തിലുണ്ടായിരുന്നില്ലെങ്കിലും ആ അമ്മക്ക് ഒരുചേരിക്കൊപ്പം മാത്രം നില്‍ക്കാനാകുമായിരുന്നില്ല. കാരണം അവര്‍ തന്നെയും ആ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ പിളര്‍ന്നുപോയ വേരുകളാല്‍ വ്യവച്ഛേദിക്കപ്പെട്ട ശരീരമായിരുന്നു.
ഇങ്ങിനെ എല്‍മേസിനെപ്പോലെ, പിഴുതെറിയപ്പെട്ട വംശവേരുകള്‍ പല ദേശങ്ങളിലേക്ക് പടര്‍ത്തിയവരുടെ വിജയചിഹ്നമായിരുന്നു ഇന്നലെ അവരുടെ രണ്ടാമത്തെ മകന്‍ ഗ്രാനിറ്റ്, ഉയര്‍ത്തിക്കാട്ടിയത്. കലീനിന്‍ഗ്രാഡിലെ കളിയില്‍ സെര്‍ബിയക്കെതിരെ ഗോള്‍ നേടിയപ്പോഴായിരുന്നു ഇരട്ടത്തലയുള്ള പരുന്തിനെപ്പോലെ കൈകകള്‍ പിരിച്ചുവച്ച് ഗ്രാനിറ്റ് ആഹ്ലാദം പങ്കുവച്ചത്. അല്‍ബേനിയന്‍ പതാകയിലെ ചിഹ്നത്തെ ഓര്‍മിപ്പിക്കുന്ന ആ അംഗവിക്ഷേപം, കളത്തില്‍ വിലക്കുള്ള രാഷ്ട്രീയാഖ്യാനമാണെങ്കിലും അയാള്‍ക്കത് ഒളിപ്പിച്ചുവക്കാനാവുമായിരുന്നില്ല. വംശീയതയേല്‍പിച്ച മുറിവുകള്‍ അത്രമേല്‍ ആഴത്തില്‍ അയാളുടെ ആത്മാവിനെ വേട്ടയാടിയിട്ടുണ്ട്. സെര്‍ബിയക്കെതിരായ മത്സരത്തില്‍ അയാളുടെ കാലുകളില്‍പോലും ആ മുറിവുകളുതിര്‍ത്ത വേദനയുടെ പ്രതികാരം ഒരുപ്രവാഹംപോലെ ഉണ്ടായിരുന്നു. ആ ആംഗ്യം പക്ഷെ സര്‍ബിയക്കാര്‍ക്ക് മാത്രമുള്ളതായിരുന്നില്ല, സ്വിറ്റ്സര്‍ലന്റുകാര്‍ക്കൂകൂടിയുള്ളതായിരുന്നു.
കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ പോരാടിയ ജനാധിപത്യവാദിയായിരുന്നു ഗ്രാനിറ്റിന്റെ പിതാവ് റജിബ് ഝാഖ. ജനാധിപത്യവും വോട്ടവകാശവും വേണമെന്ന് ആവശ്യപ്പെട്ടയാള്‍. അതിന്റെ പേരില്‍ ഇരുപത്തിരണ്ടാം വയസ്സില്‍ യുഗോസ്ല്യാവിയന്‍ ഭരണകൂടം തടവിലിട്ടയാള്‍. മധുവിധു മൂന്ന് മാസമെത്തും മുന്പ് വര്‍ഷങ്ങളുടെ തടവിന് വിധിക്കപ്പെട്ടയാള്‍. അവിടെ അതി ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായയാള്‍. ജയില്‍മോചിതനായപ്പോള്‍ പിന്നെ അയാള്‍ക്ക് മുന്നിലുള്ള വഴി പലായനം മാത്രമായിരുന്നു. പലരാജ്യങ്ങള്‍ താണ്ടി ഒടുവിലെത്തിയത് സ്വിറ്റ്സര്‍ലന്റില്‍. യാത്രാ ബസില്‍നിന്ന് ദിക്കറിയാതെ ഇറങ്ങിയയിടം. പിന്നെയതായി അവരുടെ ജീവിത സ്ഥലം. അതിജീവനത്തിന്റെ കഠിനവഴികള്‍ താണ്ടിയെത്തിയ അച്ഛന്റെ ജീവിതം തന്നെയായിരുന്നു ആ രണ്ട് മക്കളുടെയും ഊര്‍ജം. ലൈഫ് ബോഗര്‍ എന്ന പ്രസിദ്ധീകരണത്തോട് ഒരിക്കല്‍ ഗ്രാനിറ്റ് പറഞ്ഞു: 'ആ കഥകള്‍ ഞാന്‍ ആവര്‍ത്തിച്ച് കേള്‍ക്കുമായിരുന്നു. പക്ഷെ അച്ഛന്‍ പീഡനകഥകള്‍ മുഴുവന്‍ പറഞ്ഞില്ല. പലതും മറച്ചുവച്ചു. കഥകള്‍ പറയുന്നതിനിടയില്‍ പലപ്പോഴും നിശ്ശബ്ദനായി. പറഞ്ഞതു തന്നെ അസഹനീയമായിരുന്നു. ദുരിത കഥകളാല്‍ മക്കളെ വിഷാദഭരിതമാക്കേണ്ടെന്ന് അദ്ദേഹം കരുതിക്കാണും. ആ മനക്കരുത്താണ് എന്റെ വഴികാട്ടി. അതാണ് എന്റെ മാതൃക. അച്ഛന്റെയത്രതന്നെ ത്യാഗനിര്‍ഭരമാണ് അമ്മയുടെ ജീവിതവും'. വംശാവലിയുടെ ചരിത്രകഥകള്‍ കേട്ടുവളര്‍ന്ന മക്കള്‍. അതിലൊരാള്‍ പിന്നീട് വേരുകളിലേക്ക് തിരിച്ചുപോയി. 2013ല്‍ അല്‍ബേനിയന്‍ പൌരത്വം നേടി. അവിടത്തെ ദേശീയ ഫുട്ബോള്‍ ടീമില്‍ അംഗമായി.

ഝാഖ സഹോദരന്‍മാര്‍ യൂറോ കപ്പിനിടെ

അഭയാര്‍ഥിയായി എത്തിയവര്‍ക്ക് സ്വിറ്റ്സര്‍ലന്റും സ്വര്‍ഗമായിരുന്നില്ല. വംശീയ വിദ്വേഷം അവിടെയും അവരെ വേട്ടയാടി. കളിക്കളത്തില്‍ അടിക്കടി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടി വന്നിട്ടുണ്ട് ഗ്രാനിറ്റിന്. കളിയിലെ ഫൌളല്ല, അതിന്റെ കാരണമെന്ന് കരുതുന്നവര്‍ അയാള്‍ മാത്രമല്ല. വെള്ളക്കാരെ അധിക്ഷേപിച്ചെന്ന കേസ് വരെ ഗ്രാനിറ്റിനെതിരെയുണ്ട്. വംശീയക്കേസില്‍ ഒരഭയാര്‍ഥിയുടെ നിഷേധത്തിന് നിയമം എത്രവിലകല്‍പിക്കുമെന്ന് അധികമാലോചിക്കേണ്ടതില്ല. ഗ്രാനിറ്റിനെ ദേശീയ ടീമില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സ്വിറ്റ്സര്‍ലന്റിലുണ്ട്. ഗ്രാനിറ്റ് സ്വിസ്സിന് വേണ്ടിയല്ല, അല്‍ബേനിയക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് അധിക്ഷേപിച്ച സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടി പോലുള്ളവ. രണ്ടാംതരക്കാരെന്നാണ് അവിടെ അവരുടെ വിളിപ്പേര്. അതുകൊണ്ടാണ് ഗ്രാനിറ്റിന്റെ ആ ആഹ്ലാദ പ്രകടനവും വെടിയുണ്ടപോലെ സെര്‍ബിയന്‍ പോസ്റ്റില്‍ പാഞ്ഞുകയറിയ ആ ഗോളും സ്വിറ്റസ്ര്‍ലന്റിലെ വംശീയവാദികള്‍ക്കുനേരെക്കൂടി പറന്നുയരുന്ന ഇരട്ടത്തലയന്‍ വേട്ടപ്പരുന്തായി മാറുന്നത്. അതുകൊണ്ടുകൂടിയാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി ഇദി റമ സ്വന്തം ഫേസ്ബുക്ക് പേജില്‍ ആ ചിത്രം പങ്കുവക്കുന്നത്.
ഗ്രാനിറ്റ് മാത്രമല്ല. അങ്ങിനെ പലരുണ്ട്. പല രാജ്യങ്ങളിലുണ്ട്. ഗ്രാനിറ്റിനൊപ്പം അതേ കളത്തിലിറങ്ങി, അതേ ടീമിനെതിരെ ഗോളടിച്ച ശേഷം അതേ അംഗവിക്ഷേപത്താല്‍ വംശീയാധിക്ഷേപകര്‍ക്ക് നേരെ കൈയ്യുയര്‍ത്തിയ ഷഖീരിയെപ്പോലെ പലര്‍.
ഇന്നുമൊടുങ്ങാത്ത പലായനങ്ങളുടെ പരന്പരയില്‍ കണ്ണിചേരേണ്ടി വരുന്ന മറ്റനേകായിരങ്ങള്‍ക്ക് വേണ്ടി ഗോളടിക്കുന്നവര്‍. പലദേശങ്ങളിലേക്ക് വേരുകള്‍ പിളര്‍ന്നുപോയി മേല്‍വിലാസം ഇല്ലാതായിത്തീര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു, ഈ ഫുട്ബോള്‍.
(24-06-2018. 
ചിത്രങ്ങള്‍ മെയില്‍ ഓണ്‍ലൈനില്‍നിന്ന്)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...