Thursday, September 27, 2018

എസ് രാധാകൃഷ്ണന്റെ സ്വപ്നവും ഹരി ഗൌതമിന്റെ പദ്ധതിയും



ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ പിരിച്ചുവിടുക എന്ന സുപ്രധാന തീരുമാനവുമായാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. യു ജി സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ആധാരമാക്കിയാണ് നടപടി. ആറുപതിറ്റാണ്ടായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് ഇതുവഴി ഇല്ലാതാക്കുന്നത്. ഓരോ ഭരണ നടപടികളും കുടിലമായ രാഷ്ട്രീയ അജണ്ടകളാല്‍ നിര്‍ണയിക്കപ്പെട്ടതാണെന്ന് ഇതിനകം തെളിയിച്ച ഒരു സര്‍ക്കാറാണ് അധികാരത്തിലിരിക്കുന്നത് എന്നത്, യുജിസി പരിഷ്കരണ പദ്ധതിയെയും സംശയാസ്പദമാക്കുന്നുണ്ട്. അതിലുപരി പകരം നിര്‍ദേശിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍, ഒട്ടും സ്വതന്ത്രമല്ലാത്ത, പൂര്‍ണമായി ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമയായി മാറുമെന്ന ആശങ്കയും ശക്തമാണ്.

എസ് രാധാകൃഷ്ണന്റെ സ്വപ്നം

വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർവകലാശാല കമീഷനാണ് രാജ്യത്തുടനീളം പ്രവര്‍ത്തനപരിധിയുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ എന്ന ആശയം മുന്നോട്ടുവച്ചത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്തായിരിക്കണമെന്ന് വിശദമായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലൂടെ എസ് രാധാകൃഷ്ണന്‍ രാജ്യത്തിന് കൈമാറിയ ആശയങ്ങളാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്കും നയരൂപീകരണത്തിനും അടിത്തറപാകിയത്. സാമൂഹികവും സാംസ്കാരികവുമായ വികാസം പ്രാപിച്ച പുതിയ ഇന്ത്യയാണ് ഉന്നതവിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കേണ്ടതെന്ന വീക്ഷണം കമ്മീഷന്‍ പങ്കുവച്ചു. അക്കാദമികമായ സാഹസികത, ജനാധിപത്യത്തെയും സാഹോദര്യത്തെയും ശാക്തീകരിക്കുക, സാമൂഹിക നീതിയും ഗ്രാമീണ വികസനവും, ദേശീയവും അന്തര്‍ദേശീയവുമായ സഹവര്‍ത്തിത്വം, സമത്വവും സ്വാതന്ത്ര്യവും തുടങ്ങിയവ ആര്‍ജിക്കാനുതകുന്നതാകണം വിദ്യാഭ്യാസമെന്നാണ് കമ്മീഷന്റെ സങ്കല്‍പം. വിദ്യാഭ്യാസ ലോകത്തും ഈ മൂല്യങ്ങളുണ്ടാകണം. ലോകത്തെ മുന്നില്‍നിന്ന് നയിക്കാന്‍ ഒരു രാജ്യത്തെയും അവിടത്തെ ജനതയയെും  പ്രാപ്തമാക്കാനുതകുന്ന വിദ്യാഭ്യാസ സങ്കല്‍പം അവതരിപ്പിച്ചുകൊണ്ടാണ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ എന്ന ആശയം കമ്മീഷന്‍ മുന്നോട്ടുവച്ചത്.

ഒന്പതുമാസത്തെ പഠനത്തിന് ശേഷം 1949 ആഗസ്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ ആക്ട് എന്ന പേരില്‍ 1956ല്‍ കൊണ്ടുവന്ന നിയമം വഴി യു ജി സി സ്ഥാപിതമാകുകയും ചെയ്തു. ഗ്രാന്റ് അനുവദിക്കുന്നതിന് പുറമെ പ്രവേശനം, നിയമനം, സേവന വ്യവസ്ഥകള്‍, യോഗ്യമായ സ്ഥാപനങ്ങളെ കണ്ടെത്തല്‍, അക്കാദമിക് മേഖലയെ ഉള്ളടക്കത്തിലും അടിസ്ഥാന സൌകര്യങ്ങളിലും ശാക്തീകരിക്കല്‍, ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സക്കാറുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് സ്വയംഭരണ സ്വഭാവമുള്ള യുജിസിയുടെ പ്രധാന ചുമതലകള്‍. ചെയര്‍മാനും വൈസ് ചെയര്‍മാനും അടക്കം 10 അംഗ സമിതിയാണ് യുജിസി എന്ന പേരില്‍ പ്രവര്‍ത്തിക്കുക. അംഗങ്ങളില്‍ രണ്ടുപേര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാം. എന്നാല്‍ 10 പേരില്‍ പകുതി അംഗങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ സര്‍വീസിന് പുറത്തുനിന്നായിരിക്കണമെന്നാണ് വ്യവസ്ഥ. ബജറ്റ് വിഹിതം വഴി ഫണ്ട് ഉറപ്പാക്കാന്‍ വ്യവസ്ഥ വച്ച നിയമം, അത് ചിലവിടുന്നതില്‍ സ്വതന്ത്രാധികാരം യുജിസിക്ക് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാതെ അക്കാദമിക് താത്പര്യം മുന്‍നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കമ്മീഷനെ പ്രാപ്തമാക്കുന്ന തരത്തിലാണ് അത് രൂപകല്‍പന ചെയ്തത്. അതിന്റെ പ്രതിഫലനം യുജിസിയുടെ പ്രവര്‍ത്തനത്തിലുടനീളം പ്രകടമാകുകയും ചെയ്തു.

ഈ തരത്തില്‍ സ്ഥാപിതമായ യുജിസി, പരിമിതികളും പരാധീനതകളുമുണ്ടങ്കിലും ദൌത്യനിര്‍വഹണത്തില്‍ അവര്‍ക്കാകുംവിധം മുന്നോട്ടുപോയി. രാജ്യത്ത് കോളജുകള്‍ വ്യാപകമായത് മുതല്‍ ഗവേഷണ മേഖല വൈവിവധ്യമാര്‍ന്ന തലങ്ങളിലേക്ക് പടര്‍ന്നത് വരെ യുജിസിയുടെ ഇടപെടലുകളുടെ ഫലമാണ്. ഒരു സമൂഹത്തെ അക്കാദമികമായും സാംസ്കാരികമായും ശാക്തീകരിക്കുന്ന തരത്തില്‍ മാനക വിഷയങ്ങളില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് യുജിസി നല്‍കിയ സംഭാവന ചില്ലറയല്ല. അരികുവത്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സാമൂഹിക ബഹിഷ്കരണത്തിന് വിധേയമായവരുടെയുമെല്ലാം ജീവിതപരിസരങ്ങളെ മാറ്റിപ്പണിയുന്നതിലും അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ആത്മവിശ്വസാസം നല്‍കുംവിധം അവരെ അക്കാദമികമായി വളര്‍ത്തുന്നതിലും ഇത്തരം വിഷയങ്ങളില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചു. അധീശ വിഭാഗങ്ങള്‍ നിയന്ത്രിച്ചിരുന്ന അക്കാദമിക മേഖലയെ വലിയതോതില്‍ ജനാധിപത്യവത്കരിക്കുന്നതിനും യുജിസിയുടെ ഇത്തരം ഇടപെടലുകള്‍ വഴിതുറന്നു.

യുജിസിക്ക് വേണ്ട തിരുത്ത്

വിദ്യാഭ്യാസ പദ്ധതികളൊരുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനും അതിന് പണം നല്‍കേണ്ട ചുമതല യുജിസിക്കും എന്ന തരത്തിലാണ് സര്‍ക്കാര്‍-യുജിസി ബന്ധം നിര്‍ണയിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിനുള്ള പണം വിതരണം ചെയ്യുന്നതില്‍, അക്കാദമിക താത്പര്യത്തിനപ്പുറം ഭരണകൂട ഇടപെടലുകള്‍ ഇല്ലാതാക്കുക എന്നതാണ് ഈ വിഭജനത്തിലൂടെ ലക്ഷ്യമിട്ടത്. അതൊരുപരിധി വരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ യുജിസിയുടെ പ്രവര്‍ത്തനം അത് വിഭാവനം ചെയ്തത്രയും വൃത്തിയിലായിരുന്നില്ല നടന്നുവന്നത്. യുജിസിക്ക് അതിന്റെ ദൌത്യം പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശം പല വിദ്യാഭ്യാസ വിചക്ഷണരും പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. യുജിസി അംഗങ്ങള്‍ക്ക് കാര്യമായ അധികാരമൊന്നുമില്ലാത്ത തരത്തിലാണ് അതിന്റെ ഘടന. യോഗങ്ങളില്‍ പങ്കെടുത്ത് അഭിപ്രായം പറയാം എന്നതിനപ്പുറം, അംഗങ്ങള്‍ക്ക് എക്സിക്യുട്ടിവ് അധികാരങ്ങളില്ല. ഒരു വ്യാജ സര്‍വകലാശാലയെ കണ്ടെത്തിയാല്‍ അതിനെതിരെ നടപടിയെടുക്കാനുള്ള അധികാരംപോലും പരിമിതമാണ്.

താരതമ്യേന സ്വതന്ത്രമാണെങ്കിലും അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകളില്‍നിന്ന് അത് പൂര്‍ണ വിമുക്തി നേടിയിരുന്നില്ല. എന്നല്ല, പലപ്പോഴും ആക്ഷേപാര്‍ഹമായ തരത്തിലുള്ള ഇടപടെലുകള്‍ സംഭവിച്ചിട്ടുമുണ്ട്. യുജിസി പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതത് കാലത്തെ മാനവ വിഭവ ശേഷി മന്ത്രാലയവും അതിനെ ഭരിച്ചവരും അവിടത്തെ ഉദ്യോഗസ്ഥരുമെല്ലാം പങ്ക്വഹിച്ചിട്ടമുണ്ട്. ഇത്തരം പ്രര്‍ത്തന വൈകല്യങ്ങളും പരിമിതികളും വിമര്‍ശനങ്ങളും മുന്‍നിര്‍ത്തിയാണ് യുജിസിയെ തന്നെ ഇല്ലാതാക്കുക എന്ന അജണ്ടയിലേക്ക് ഭരണകൂടം നീങ്ങിയത്. യുജിസി പ്രവര്‍ത്തനങ്ങളില്‍ കാലികമായ പരിഷ്കാരവും കാര്യക്ഷമമാക്കാനുള്ള നടപടികളും വേണമെന്ന വാദത്തെ ആരും എതിര്‍ക്കില്ല. 1956ല്‍ 20 സര്‍വകലാശാലകളുമായി തുടങ്ങിയ യുജിസി ഇന്ന് 900 സര്‍വകലാശാലകളുടെ മേല്‍ഘടകമായാണ് പ്രവര്‍ത്തിക്കുന്നത്. അന്നുണ്ടായിരുന്ന 500 കോളജുകളുടെ സ്ഥാനത്ത് ഇന്നുള്ളത് 40,000. കുട്ടികളുടെ എണ്ണമാകട്ടെ രണ്ട് ലക്ഷത്തില്‍നിന്ന് 3.5 കോടിയിലേക്ക് ഉയര്‍ന്നു. ഈ വളര്‍ച്ചക്കനുസരിച്ച വിപുലമായ സംവിധാനമാക്കി യുജിസിയെ മാറ്റേണ്ടതുമുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ആ സംവിധാനം തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടലുകള്‍ കുറക്കുകയും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക വഴി യുജിസിയെ ശാക്തീരിക്കുന്നതിന് പകരമാണ് പുതിയൊരു കമ്മീഷനെ പ്രതിഷ്ടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വതന്ത്രമാക്കിവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പാണ് ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. പുതുതായി നിര്‍ദേശിക്കപ്പെട്ട കമ്മീഷന്റെ ഘടന തന്നെ ഇതിന് അടിവരയിടുന്നതാണ്. 

സര്‍ക്കാര്‍ വക കമ്മീഷന്‍

ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (എച്ച് ഇ സി ഐ) എന്ന പേരിലാണ് യുജിസിയുടെ ബദല്‍ സ്ഥാപനത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഏറ്റവും പ്രധാന വ്യത്യാസം യുജിസിക്ക് ഉണ്ടായിരുന്ന പണം അനുവദിക്കാനുള്ള അധികാരം പുതിയ കമ്മീഷനില്‍നിന്ന് പിന്‍വലിച്ചു എന്നതാണ്. ഫണ്ട് നല്‍കുക എന്നത് പൂര്‍ണമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അധികാരമാക്കി മാറ്റി. എച്ച് ഇ സി ഐയുടെ പ്രവര്‍ത്തനം അക്കാദമിക കാര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വിദ്യാഭ്യാസ മേഖലയുടെ ഭരണം കാര്യക്ഷമമാക്കുക, സ്ഥാപനങ്ങളിലെ 'ഇന്‍സ്പെക്ഷന്‍ രാജ്' അവസാനിപ്പിക്കുക എന്നതുമെല്ലാം ഇതിന്റ ലക്ഷ്യമായി കേന്ദ്രം പറയുന്നു. സ്ഥാപനങ്ങള്‍ തുടങ്ങാനും പൂട്ടാനും സ്വയംഭരണമാക്കാനും അതിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുമെല്ലാമുള്ള അധികാരമാണ് എച്ച് ഇ സി ഐക്ക് നല്‍കുക.

ചെയര്‍മാനും വൈസ് ചെയര്‍മാനും 12 അംഗങ്ങളും അടങ്ങിയതായിരിക്കും ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് ചെയര്‍മാനെ തെര‍ഞ്ഞെടുക്കുക. 12 അംഗങ്ങളില്‍ 3 പേര്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കും. നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍, കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍, രണ്ട് അക്രഡിറ്റഡ് സമിതികളുടെ അധ്യക്ഷന്‍മാര്‍, രണ്ട് വൈസ് ചാന്‍സിലര്‍മാര്‍, രണ്ട് കോളജ് പ്രൊഫസര്‍മാര്‍, ഒരു വ്യവസായ പ്രതിനിധി എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രാതിനിധ്യം. കേന്ദ്ര സര്‍ക്കാറിന് എല്ലാ തരത്തിലും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഘടനയാണ് ഈ സമിതിക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കാന്‍ യുജിസിയുടെ സ്വതന്ത്ര സ്വഭാവം തന്നെ പരിമിതമാണെന്നും അത് നവീകരിക്കണമെന്നുമുള്ള വിമര്‍ശം ശക്തമായി ഉയരുന്നതിനിടെയാണ് ഉള്ള സ്വതന്ത്ര സ്വഭാവംകൂടി ഇല്ലാതാക്കുന്ന പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്.

പണം ഇനി വിധേയര്‍ക്ക് മാത്രം?

പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാകുക ഉന്നത വിദ്യാഭ്യാസ മേഖലയിലെ ധന വിതരണത്തിലാണ്. ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയിരുന്ന ഫണ്ട് വിതരണം പൂര്‍ണമായി രാഷ്ട്രീയാധികാരത്തിന്‍ കീഴിലേക്ക് കൊണ്ടുവരികയാണ് കേന്ദ്രം. ഗവേഷണത്തിന് പണം അനുവദിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും അപേക്ഷകള്‍ പരിശോധിക്കാനുമുള്ള അധികാരമാണ് വിദ്യാഭ്യാസ കമ്മീഷനുള്ളത്. തീരുമാനാധികാരം സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫണ്ട് എന്നത് കേവലമായ ബജറ്റ് വിഹിതമല്ല. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനംകൂടിയാണ്. ദുര്‍ബലര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പരിഗണനയും മുന്‍ഗണനയും നല്‍കി ശാക്തീകരിക്കാനും അരികുവത്കരിക്കപ്പെട്ടവരെക്കൂടി ഉള്‍കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതി യാഥാര്‍ഥ്യമാക്കാനുമുള്ള സുപ്രധാന ഉപാധിയുമാണ് അത്. സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസമാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. പൊതുവിദ്യാഭ്യാസമെന്ന ക്ഷേമ രാഷ്ട്ര സങ്കല്‍പത്തിലെ അടിസ്ഥാന തത്വമാണത് യാഥാര്‍ഥ്യമാക്കുന്നത്. ഗ്രാന്റ് നല്‍കുക എന്ന ഈ പരമപ്രധാന ചുമതല പൂര്‍ണമായി ഒഴിവാക്കിയാണ് -പേരില്‍നിന്ന് വരെ- പുതിയ കമ്മീഷന്‍ വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന ധനസഹായത്തിന് സാമൂഹിക നീതി ഒരു മാനദണ്ഡമാകണമെന്നില്ല. അതത് കാലത്തെ സര്‍ക്കാറുകളുടെ സാന്പത്തിക നയങ്ങളാണ് അത് നിശ്ചയിക്കുക. ആഗോളീകരണാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ നയം, വിദ്യാഭ്യാസം സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്ന വീക്ഷണത്തിന് പകരം ലാഭാധിഷ്ടിത പരിപാടിയാണെന്ന നിലക്കാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ നയത്തോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെല്ലാം രാഷ്ട്രീയ അജണ്ടകള്‍ സമര്‍ഥമായി തിരുകിക്കയറ്റുന്ന ഭരണകൂടങ്ങളുടെ കൈകളിലേക്ക് ധനവിതരണാധികാരം എത്തുന്നതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ല. ഹിന്ദുത്വ രാഷ്ട്രീയം അധികാരം കൈയ്യാളുന്ന കാലത്ത് വിശേഷിച്ചും.

സര്‍വകാലാശാലകളുടെയും കോളജുകളുടെയും സ്വയംഭരണം ഇല്ലാതാകുന്ന തരത്തിലുള്ള അധികാരങ്ങളാണ് കമ്മീഷന് വകവച്ചുകൊടുക്കുന്നത്. നിവലവിലുള്ള എല്ലാ കോളജുകളും വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ അനുമതി വാങ്ങണമെന്നും  എല്ലാതരം സര്‍വകലാശാലകളും പുതിയ മാനദണ്ഡമനുസരിച്ച് മൂന്ന് വര്‍ഷത്തിനകം പുതിയ അംഗീകാരം നേടണമെന്നും വ്യവസ്ഥ ചെയ്യുന്നു. കമ്മീഷന്റെ പ്രധാന പ്രവര്‍ത്തന പദ്ധതിയായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പരിചയപ്പെടത്തുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും സ്വയംഭരണം പ്രോത്സാഹിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസാവസരം ഉറപ്പാക്കുക എന്ന ഭരണകൂട ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പിന്‍മാറാനുള്ള ഊടുവഴിയാണ് സ്വയംഭരണമെന്ന വിമര്‍ശം ശക്തമാണ്. പൊതുവിദ്യാഭ്യാസത്തെ പതിയെപ്പതിയെ സ്വാശ്രയവത്കരിച്ചുകൊണ്ടിരിക്കുന്ന സ്വയംഭരണ സങ്കല്‍പത്തിനെതിരെ പലയിടത്തും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. സ്വന്തമായി കോഴ്സ് രൂപകല്‍പന ചെയ്യാനും കരിക്കലും നിശ്ചയിക്കാനും അതിനിണങ്ങുന്ന ഫീസ് വാങ്ങാനും സ്വംയഭരണം അധികാരം നല്‍കുന്നു. പൊതുഫണ്ട് വിതരണത്തിലൂടെ, എല്ലാവര്‍ക്കും പ്രാപ്യമായ വിദ്യാഭ്യാസ സംവിധാനം ഉറപ്പാക്കുന്ന യുജിസിക്ക് പകരമാണ് സ്വയംഭരണ പ്രോത്സാഹന കമ്മീഷനെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

സര്‍വകലാശാലകള്‍, അവരുടെ അക്കാദമിക് കൌണ്‍സിലുകള്‍ വഴിയാണ് കരിക്കുലം തയാറാക്കുന്നതും പരീക്ഷകളും മറ്റും നടത്തുന്നതും. സര്‍വകലാശാലകള്‍ക്കുള്ള ഈ സ്വയംഭരണാധികാരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വന്തമായി ബിരുദങ്ങള്‍ നല്‍കുന്നതും. ഈ സ്വയംഭരണാധികാരമാണ് രാജ്യത്തെ സര്‍വകലാശാലകള്‍ക്ക്, അത് നിലനില്‍ക്കുന്ന പ്രദേശത്തിന്റെയും അതിന്റെ പ്രവര്‍ത്തന മണ്ഡലത്തിന്റെ സാമൂഹികാവസ്ഥകളുടെയും സവിശേഷതകള്‍ പരിഗണിച്ച് സ്വതന്ത്രമായ കരിക്കുലം വരെ തയാറാക്കാനുള്ള അവകാശം നല്‍കുന്നത്. രാജ്യത്തെ വൈവിധ്യപൂര്‍ണമായ സാംസ്കാരിക സവിശേഷതകള്‍ അക്കാദമിക തലത്തില്‍ പഠിപ്പിക്കപ്പെട്ടതും ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരളവോളം ജനാധിപത്യപരമാക്കിയതും ഈ സ്വയംഭരണാധികാരമാണ്. നിർദിഷ്ട ഉന്നത വിദ്യാഭ്യാസ കമീഷൻ നിയമമനുസരിച്ച്, ഏത് കോഴ്സിനും ഹയർ എജുക്കേഷൻ കൗൺസിലിന്റെ അംഗീകാരം വേണം. സർവകലാശാലകൾക്ക് സ്വന്തമായി ബിരുദങ്ങൾ നൽകുന്നതിലും നിയന്ത്രണം കൊണ്ടുവരാം. പ്രാദേശികമായ ആവശ്യങ്ങളും അനിവാര്യതയും പരിഗണിച്ചാകണം കോളജുകളും സര്‍വകലാശാലകളും ആരംഭിക്കേണ്ടതെന്ന തത്വം ഡോ. എസ് രാധാകൃഷ്ണന്‍ കമ്മീഷന്റെ സുപ്രധാന ശിപാര്‍ശയായിരുന്നു. അത്തരമൊരു പരിഗണന ഇനിയുണ്ടാകില്ലെന്ന സൂചനയാണ് പുതിയ കമ്മീഷന്‍.

അട്ടിമറിക്കാന്‍ പല വഴികള്‍

യുജിസിയുടെ പരിമിതമായ സ്വാതന്ത്യം ഇല്ലാതാക്കാനും അതിന്റെ പ്രവര്‍ത്തങ്ങളില്‍ ഇടപെടുന്നതിലൂടെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ അജണ്ടകള്‍ക്ക് കീഴിലാക്കാനുമുള്ള നടപടികല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ സ്വീകരിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2013ല്‍ കൊണ്ടുവന്ന RUSA വഴി ധനസഹായം നല്‍കുന്നതിലെ വ്യവസ്ഥകള്‍ പരിഷ്കരിച്ച്, സര്‍ക്കാര്‍ ഫണ്ട് പൊതുവിദ്യാലയങ്ങല്‍ക്ക് എന്ന തത്വത്തില്‍ കേന്ദ്രം വെള്ളം ചേര്‍ത്തിരുന്നു. സര്‍ക്കാര്‍ കോളജുകള്‍ക്കും എയിഡഡ് സ്ഥാപനങ്ങള്‍ക്കുമായിരുന്നു ഇതുവരെ യുജിസി ഗ്രാന്റിന് അര്‍ഹതയുണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തി, RUSA വഴി സ്വാശ്രയ,  സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫണ്ട് നല്‍കാനുള്ള ക്രമീകരണമാണ് കേന്ദ്രം വരുത്തിയത്.

ഇതിനേക്കാള്‍ പ്രതിലോമകരമാണ്, വിദ്യാഭ്യാസ മേഖലയില്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍. ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനത്തില്‍ പഠിക്കുന്ന കുട്ടികളില്‍, സര്‍ക്കാര്‍ നയത്തെ പിന്തുണക്കുന്നവര്‍ക്ക് കൂടുതല്‍ ക്രഡിറ്റ് കൊടുക്കാന്‍ വരെ നിര്‍ദേശമുണ്ടായി. മോദി സര്‍ക്കാറിന്റെ കാഷ്‍ലസ് ഇക്കോണമിയുടെ പ്രചാരകരെ ഇതിന് പരിഗണിക്കണമെന്ന് യുജിസി നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാല ഭരണസമിതി യോഗത്തിന്റെ  അജണ്ടകള്‍ രമണ്ടാഴ്ച മുന്പ് മാനവ വിഭവ ശേഷി മന്ത്രാലയത്തിനും യുജിസിക്കും അയക്കണമെന്നായിരുന്നു മറ്റൊരു ഉത്തരവ്. സര്‍വകലാശാലയുടെ സ്വയംഭരണം അട്ടിമറിക്കുന്നതും സ്വതന്ത്രാധികാരത്തില്‍ നിയന്ത്രണം വരുത്തുന്നതുമായ ഉത്തരവുകളും സമീപകാലത്ത് യുജിസിയില്‍നിന്ന് ഉണ്ടായി.  സര്‍വകലാശാലകളുടെ സേവന-വേതന സംബന്ധിയായ ഉത്തരവുകള്‍ക്ക് യുജിസിയുടെ അംഗീകാരം വേണമെന്നതായിരുന്നു അതിലൊന്ന്. നിയമന നോട്ടിഫിക്കേഷന്‍ ഇറക്കുംമുന്പ് സര്‍ക്കാര്‍ അനുമതി വാങ്ങണം,  പ്രിന്‍സിപ്പല്‍മാരുടെ പുനര്‍നിയമനത്തിന് യുജിസി പ്രതിനിധി അടങ്ങിയ വിദഗ്ധ സംഘത്തിന്റെ അനുമതി വേണം തുടങ്ങിയ ഉത്തരവുകളും ഇതിനിടെ വന്നു. സ്ത്രീപക്ഷ വിഷയങ്ങളിലെ ഗവേഷണത്തിന് ഫണ്ട് വെട്ടിക്കുറച്ചതും അധ്യാപക നിയമനത്തില്‍ സംവരണ തസ്തികകള്‍ കുറക്കുന്ന തരത്തില്‍ പുതിയ വ്യവസ്ഥ നിര്‍ദേശിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍, സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ഇടപെടാനും യുജിസിയുടെ സ്വതന്ത്ര സ്വഭാവം തകര്‍ക്കാനും നടത്തിയ ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപത്തില്‍ നടപ്പാക്കപ്പെടുന്നത്.

ഹരിഗൌതമിന്റെ സങ്കല്‍പം

ഡോ. ഹരി ഗൌതം, യു ജി സി ചെയര്‍മാനായിരിക്കെ 2001 ല്‍ പൂനെ സര്‍വകലാശാലയില്‍ ഒരിക്കല്‍ സവര്‍ക്കര്‍ സ്മാരക പ്രഭാഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്ന വെല്ലുവിളികിള്‍ എന്നതായിരുന്നു വിഷയം. ആ പ്രസംഗത്തില്‍ അദ്ദേഹം മുന്നോട്ടുവച്ച വിദ്യാഭ്യാസ വീക്ഷണത്തിന്റെ ചുരുക്കം ഇതാണ്: 'ആസൂത്രണമില്ലാതെ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നതും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നതും കണിശമായി തടയണം. അര്‍ഹതയുള്ളവ മാത്രം അതിജീവിക്കുക എന്നതായിരിക്കണം അടിസ്ഥാന തത്വം. നിലവിലെ സ്ഥാപനങ്ങളെ നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കണം. ആവശ്യമില്ലെന്ന് തോന്നുന്നവയെല്ലാം അടച്ചുപൂട്ടണം. സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഗൌരവപൂര്‍വം പരിഗണിക്കണം. സ്വാശ്രയ സര്‍വകലാശാലകളും മികവിന്റെ (സ്വകാര്യ) കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണം. രാഷ്ട്രീയം പഠിപ്പിക്കുന്നതിനും ഭരണം പഠിപ്പിക്കുന്നതിനുമൊക്കെ പ്രത്യേക അധ്യാപകര്‍ വേണം. അനധ്യാപകരായ അധ്യാപകരും സര്‍വകലാശാലകളില്‍ വേണം. സംസ്കൃതം രാജ്യത്തിന്റെ അടിസ്ഥാന ഭാഷയാകണം. പൌരാണിക രേഖകളിലെ നിഗൂഢത അത്ഭുതകരമാണ്. അതില്‍ ഗണിതമുണ്ട്, തത്വചിന്തയുണ്ട്, വൈദ്യശാസ്ത്രവും ശില്‍പശാസ്ത്രവും സാന്പത്തിക ശാസ്ത്രവും സാമഹിക ശാസ്ത്രവും നിയമവുമെല്ലാമുണ്ട്. ഇന്ത്യയുടെ ആത്മീയ പാരന്പര്യവും പൌരാണിക ശാസ്ത്രവും ആയി ബന്ധമില്ലാതെ വികസിച്ചതിനാല്‍ ഇവിടത്തെ ശാസ്ത്ര ജ്ഞാനം പാശ്ചാത്യവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രമെല്ലാം കെട്ടുകഥകള്‍പോലെയായി മാറി. സംസ്കൃതത്തിലെ ശാസ്ത്രത്തിന്റെ ഈ അക്ഷയ ഖനി തുറക്കണം. പുരാണങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന വിവരശേഖരം പുറത്തെത്തിക്കാനുള്ള ഗവേഷണമാണ് ഇവിടെ നടക്കേണ്ടത്. നമ്മള്‍ ആരെയും പിന്തുടരേണ്ടവരല്ല, നയിക്കേണ്ടവരാണ്.'



കുട്ടികളുടെ എണ്ണം കുറച്ചും സ്വകാര്യ വിദ്യാഭ്യാസ വ്യവസായികള്‍ക്ക് വാതില്‍തുറന്നുകൊടുത്തും ഗവേഷണം പുരാണത്തിലും സംസ്കൃതത്തിലും കേന്ദ്രീകരിച്ചും ഇന്ത്യന്‍ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കണെമന്ന് പ്രഖ്യാപിക്കുന്ന ഇതേ ഹരിഗൌതമിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. 2014 മെയില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം മാസമെടുത്ത തീരുമാനമായിരുന്നു ഈ കമ്മിറ്റിയുടെ രൂപീകരണം. ഈ കമ്മിറ്റിയാണ്, യുജിസിയെ പൊളിച്ച് സര്‍ക്കാര്‍ നിയന്ത്രിത ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ വേണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യുജിസിയെ പൊളിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപവത്കരിക്കുന്നത്. എല്ലാവരെയും ഉള്‍കൊള്ളുന്ന ഉന്നത വിദ്യാഭ്യാസമെന്നതായിരുന്നു ഡോ. എസ് രാധാകൃഷ്ണന്റെ സ്വപ്നം. അവിടെനിന്നാണ് കുട്ടികളുടെ എണ്ണം കൂടാതെ നോക്കണമെന്ന് വാദിക്കുന്ന ഹരിഗൌതമിന്റെ പദ്ധതിയിലേക്ക് ഇന്ത്യന്‍ വിദ്യാഭ്യാസ നയം പരിവര്‍ത്തിപ്പിക്കപ്പെടുന്നത്. അക്കാദമികമായ സാഹസികത എന്ന രാധാകൃഷ്ണന്റെ സ്വപ്നത്തില്‍നിന്ന്, പുരാണങ്ങളിലെ ഗവേഷണം എന്ന ആത്യന്തിക ഗൂഡ പദ്ധതിയിലേക്കാണ് മോദികാല വിദഗ്ധര്‍ ഇന്ത്യയെ നയിക്കുന്നത്. സാഹോദര്യവും ജനാധിപത്യവും ശാക്തീകരിക്കപ്പെടണമെന്ന സങ്കല്‍പത്തിന് പകരം ഹരിഗൌതം സംസാരിക്കുന്നത്, സംസ്കൃതത്തിലെ അക്ഷയഖനികള്‍ ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ്. ഇതേസങ്കല്‍പങ്ങള്‍ തന്നെയാകും പ്രയോഗത്തില്‍വരിക എന്ന സൂചനയാണ്, ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് രേഖയുടെ വരികള്‍ക്കിടയില്‍ തെളിയുന്നത്.
ഈ പരിഷ്കാരം കൊണ്ട് എന്താണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യംവക്കുന്നത് എന്നറിയാന്‍ രണ്ടുകാലഘട്ടങ്ങളില്‍, നയ രൂപീകരണത്തെ നയിച്ച  ഈ രണ്ടുപേരുടെ സങ്കല്‍പങ്ങളിലെ വലിപ്പചെറുപ്പം മാത്രം മനസ്സിലാക്കിയാല്‍ മതി. യുജിസിയുടെ അധികാരങ്ങള്‍ ഗ്രാന്റ്, അക്കാദമികം എന്നിങ്ങനെ രണ്ടായി വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത് എന്നും രണ്ടുസമിതികളും സ്വയംഭരണ അധികാരമുള്ളതായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുടെ ഈ വിശദീകരണം മാത്രമാണ ഇതുവരെയുള്ള ഏക ആശ്വാസം. എന്നാല്‍ സംഘ്പരിവാറിന്റെ പ്രവര്‍ത്തന രീതികള്‍ കണ്ടറിഞ്ഞവര്‍ക്ക് ഇത് അത്രത്തോളം മുഖവിലക്കെടുക്കാനാകില്ല.
ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ ഗുണപരമായ എന്തുഫലം സൃഷ്ടിച്ചാലും അതുണ്ടാക്കുന്ന പ്രത്യാഘാതം ദീര്‍ഘകാല ഇന്ത്യക്ക് ദുരന്തമായി മാറുമെന്ന് കരുതാനേ ഇപ്പോള്‍ ന്യായമുള്ളു.

(ജനപക്ഷം, 2018 ആഗസറ്റ് ലക്കം)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...